വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യയന പതിപ്പ്‌ വീക്ഷാഗോപുരം പുതുമയോടെ!

അധ്യയന പതിപ്പ്‌ വീക്ഷാഗോപുരം പുതുമയോടെ!

അധ്യയന പതിപ്പ്‌ വീക്ഷാഗോപുരം പുതുമയോടെ!

ഇപ്പോൾ നിങ്ങളുടെ കയ്യിലിരിക്കുന്നത്‌ വീക്ഷാഗോപുരത്തിന്റെ ആദ്യ അധ്യയന പതിപ്പാണ്‌. പുതിയ രൂപത്തിലിറങ്ങിയ ഈ മാസികയുടെ ഏതാനും സവിശേഷതകൾ ഞങ്ങൾ വിവരിക്കട്ടെ.

യഹോവയുടെ സാക്ഷികൾക്കും പുരോഗമിച്ചുകൊണ്ടിരിക്കുന്ന ബൈബിൾ വിദ്യാർഥികൾക്കും വേണ്ടിയാണ്‌ അധ്യയന പതിപ്പ്‌ പ്രസിദ്ധീകരിക്കുന്നത്‌. മാസത്തിലൊരിക്കൽ പുറത്തിറങ്ങുന്ന ഇതിൽ നാലോ അഞ്ചോ അധ്യയന ലേഖനങ്ങൾ ഉണ്ടാകും. പ്രതിവാര അധ്യയന ലേഖനങ്ങളുടെ പട്ടിക പുറംതാളിൽ കാണാവുന്നതാണ്‌. അധ്യയന പതിപ്പ്‌ വയൽശുശ്രൂഷയിൽ ഉപയോഗിക്കാത്തതിനാൽ സമർപ്പിക്കാനുള്ള പതിപ്പിൽനിന്നു വ്യത്യസ്‌തമായി ഇതിന്റെ കവർചിത്രങ്ങൾ ഓരോ തവണയും മാറുകയില്ല.

ഓരോ അധ്യയന ലേഖനത്തിന്റെയും അല്ലെങ്കിൽ ലേഖന പരമ്പരകളുടെയും ഹ്രസ്വമായ ഒരു സംഗ്രഹവും, ഒപ്പം മറ്റു ലേഖനങ്ങളുടെ ലിസ്റ്റും രണ്ടാം പേജിൽ കാണാവുന്നതാണ്‌. ലേഖനങ്ങൾ ഫലകരമായി തയ്യാറാകുന്നതിനും സഭായോഗത്തിൽ ചർച്ചചെയ്യുന്നതിനും ഈ സംഗ്രഹം വീക്ഷാഗോപുര അധ്യയന നിർവാഹകരെ സഹായിക്കും.

മുൻകാലത്തെ അപേക്ഷിച്ച്‌ അധ്യയന ലേഖനങ്ങളുടെ ദൈർഘ്യം അൽപ്പം കുറവായിരിക്കും. തത്‌ഫലമായി അധ്യയനസമയത്ത്‌ മുഖ്യതിരുവെഴുത്തുകൾ ചർച്ചചെയ്യാൻ കൂടുതൽ സമയം ലഭിക്കും. ഓരോ ലേഖനവും തയ്യാറാകുമ്പോൾ പരാമർശിച്ചിരിക്കുന്ന തിരുവെഴുത്തുകളെല്ലാം എടുത്തുനോക്കാൻ ഞങ്ങൾ നിങ്ങളെ ഹൃദ്യമായി പ്രോത്സാഹിപ്പിക്കുന്നു. “വായിക്കുക” എന്ന്‌ അടയാളപ്പെടുത്തിയിരിക്കുന്ന തിരുവെഴുത്തുകൾ അധ്യയനസമയത്ത്‌ വായിച്ചു ചർച്ചചെയ്യേണ്ടതാണ്‌. സമയം അനുവദിക്കുന്നതനുസരിച്ച്‌ മറ്റു തിരുവെഴുത്തുകളും വായിക്കാനാകും. ചില ലേഖനങ്ങളിൽ “താരതമ്യം ചെയ്യുക” എന്ന്‌ അടയാളപ്പെടുത്തിയ തിരുവെഴുത്തുകൾ കണ്ടേക്കാം. ഖണ്ഡികയിലെ മുഖ്യാശയങ്ങളെ നേരിട്ടു പിന്താങ്ങാത്ത അത്തരം തിരുവെഴുത്തുകൾ സാധാരണഗതിയിൽ യോഗസമയത്ത്‌ വായിക്കില്ല. എന്നിരുന്നാലും ‘താരതമ്യം ചെയ്യാനുള്ള’ തിരുവെഴുത്തുകളിൽ രസകരമായ കൂടുതൽ വിവരങ്ങൾ ഉണ്ടായിരിക്കാം, അല്ലെങ്കിൽ ചർച്ചചെയ്യുന്ന ആശയത്തെ അവ പരോക്ഷമായി പിന്താങ്ങിയേക്കാം. അതുകൊണ്ട്‌ വീക്ഷാഗോപുര അധ്യയനത്തിനായി തയ്യാറാകുമ്പോൾ അത്തരം തിരുവെഴുത്തുകളും എടുത്തുനോക്കാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. അഭിപ്രായങ്ങൾ പറയുമ്പോൾ നിങ്ങൾക്ക്‌ അവ പരാമർശിക്കാനായേക്കും.

വീക്ഷാഗോപുരത്തിൽ മേലാൽ വാർഷിക റിപ്പോർട്ട്‌ പ്രസിദ്ധീകരിക്കുന്നതല്ല. 2008 മുതൽ വാർഷികപുസ്‌തകത്തിലും നമ്മുടെ രാജ്യ ശുശ്രൂഷയുടെ അനുബന്ധമായും അതു പ്രത്യക്ഷപ്പെടും. മുകളിൽ പരാമർശിച്ചതുപോലെ അധ്യയന പതിപ്പിൽ മറ്റു ചില ലേഖനങ്ങളും ഉണ്ടായിരിക്കും. അവയിൽ പലതും സഭായോഗത്തിൽ ചർച്ചചെയ്യില്ലെങ്കിലും നിങ്ങൾ അവ ശ്രദ്ധാപൂർവം വായിക്കുമല്ലോ. അവയും, വിശ്വസ്‌തനും വിവേകിയുമായ അടിമയിൽനിന്നുള്ള ആത്മീയ ആഹാരമാണ്‌.—മത്താ. 24:45-47.

വീക്ഷാഗോപുരത്തിന്റെ അധ്യയന പതിപ്പും സമർപ്പണത്തിനുള്ള പതിപ്പും രണ്ട്‌ വ്യത്യസ്‌ത മാസികകളല്ലെന്ന കാര്യം മനസ്സിൽപ്പിടിക്കുമല്ലോ. അവ രണ്ടും വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു എന്ന ഒരേ മാസികതന്നെയാണ്‌. ഇരുപതിപ്പുകളുടെയും 2-ാം പേജിൽ വീക്ഷാഗോപുരത്തിന്റെ ഉദ്ദേശ്യം ഒരേ വാക്കുകളിൽ വ്യക്തമാക്കിയിരിക്കുന്നു. ബയൻഡു ചെയ്‌ത വാർഷിക വാല്യത്തിൽ ഇരുപതിപ്പുകളും അടങ്ങിയിരിക്കും. അധ്യയന പതിപ്പിൽ പ്രത്യക്ഷപ്പെടുന്ന “നിങ്ങൾ ഓർമിക്കുന്നുവോ?” എന്ന ലേഖനത്തിൽ ഇവ രണ്ടിൽനിന്നുമുള്ള വിവരങ്ങളുണ്ടാകും.

1879 മുതൽ, യുദ്ധത്തിന്റെയും സാമ്പത്തിക പ്രതിസന്ധിയുടെയും പീഡനത്തിന്റെയും നാളുകളിൽപ്പോലും, ദൈവരാജ്യത്തെക്കുറിച്ചുള്ള സത്യം വീക്ഷാഗോപുരം സവിശ്വസ്‌തം ഘോഷിച്ചുകൊണ്ടിരിക്കുന്നു. യഹോവയുടെ അനുഗ്രഹത്താൽ തുടർന്നും അങ്ങനെ ചെയ്യാൻ ഈ മാസികയ്‌ക്കു കഴിയട്ടെ എന്നു നമുക്കു പ്രാർഥിക്കാം. പ്രിയ വായനക്കാരേ, വീക്ഷാഗോപുരത്തിന്റെ ഈ പുതിയ അധ്യയന പതിപ്പ്‌ നന്നായി ഉപയോഗിക്കവേ യഹോവ നിങ്ങളുടെമേൽ അനുഗ്രഹം ചൊരിയട്ടെ എന്നു ഞങ്ങൾ പ്രാർഥിക്കുന്നു.