വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അവർ ജീവിതം ധന്യമാക്കി നിങ്ങൾക്കും അതിനു കഴിയുമോ?

അവർ ജീവിതം ധന്യമാക്കി നിങ്ങൾക്കും അതിനു കഴിയുമോ?

അവർ ജീവിതം ധന്യമാക്കി നിങ്ങൾക്കും അതിനു കഴിയുമോ?

കാനഡയിലുള്ള നമ്മുടെ ഒരു സഹോദരനാണ്‌ മാർക്ക്‌. ബഹിരാകാശ ഏജൻസികൾക്കായി സങ്കീർണമായ റോബോട്ടുകൾ നിർമിക്കുന്ന ഒരു സ്ഥാപനത്തിൽ പാർട്ട്‌-ടൈം ജോലി ചെയ്‌തിരുന്ന അദ്ദേഹം ഒരു സാധാരണ പയനിയറുമായിരുന്നു. അങ്ങനെയിരിക്കെയാണ്‌ ഒരു ജോലിക്കയറ്റത്തെക്കുറിച്ചു സൂപ്പർവൈസർ പറയുന്നത്‌—കനത്ത ശമ്പളമുള്ള ഒരു മുഴുസമയ ജോലി. മാർക്ക്‌ എന്താണ്‌ ചെയ്‌തത്‌?

ഫിലിപ്പീൻസുകാരിയായ എമി, സെക്കൻഡറി വിദ്യാഭ്യാസക്കാലത്തുതന്നെ ഒരു സാധാരണ പയനിയറായിത്തീർന്നിരുന്നു. പഠനം പൂർത്തിയായപ്പോൾ ഉയർന്ന ശമ്പളമുള്ള ഒരു ജോലി അവളെ തേടിയെത്തി. എന്നാൽ സമയത്തിലേറെയും അത്‌ അപഹരിക്കുമായിരുന്നു. എന്തായിരുന്നു എമിയുടെ തീരുമാനം?

മാർക്കും എമിയും എടുത്ത തീരുമാനങ്ങൾ രണ്ടും രണ്ടായിരുന്നു. ആ തീരുമാനങ്ങളുടെ അനന്തരഫലങ്ങൾ പുരാതന കൊരിന്തിലെ ക്രിസ്‌ത്യാനികൾക്കു ലഭിച്ച ബുദ്ധിയുപദേശത്തിലെ ജ്ഞാനം വെളിവാക്കുന്നതാണ്‌. അപ്പൊസ്‌തലനായ പൗലൊസ്‌ അവർക്ക്‌ എഴുതി: ‘ലോകത്തെ അനുഭവിക്കുന്നവർ അതിനെ മുഴുവനായി അനുഭവിക്കാത്തവരെപ്പോലെ ഇരിക്കട്ടെ.’—1 കൊരി. 7:29-31, NW.

ലോകത്തെ അനുഭവിക്കുക, പക്ഷേ മുഴുവനായല്ല

മാർക്കിനും എമിക്കും പിന്നീട്‌ എന്തു സംഭവിച്ചുവെന്നു നോക്കുന്നതിനുമുമ്പ്‌, കൊരിന്ത്യർക്കെഴുതിയ ലേഖനത്തിൽ പൗലൊസ്‌ ഉപയോഗിച്ചിരിക്കുന്ന ‘ലോകം’ (ഗ്രീക്കിൽ, കോസ്‌മോസ്‌) എന്ന പദത്തിന്റെ അർഥമെന്തെന്നു നോക്കാം. ആ വാക്യത്തിൽ, നാം ജീവിക്കുന്ന ഈ ലോക വ്യവസ്ഥിതിയെ, അതായത്‌ മനുഷ്യസമൂഹത്തെ മൊത്തത്തിൽ പരാമർശിക്കാനാണ്‌ കോസ്‌മോസ്‌ ഉപയോഗിച്ചിരിക്കുന്നത്‌. ഭക്ഷണം, പാർപ്പിടം, വസ്‌ത്രം എന്നിങ്ങനെ അനുദിന ജീവിതത്തിന്റെ ഭാഗമായ കാര്യങ്ങളെല്ലാം അതിൽ ഉൾപ്പെടുന്നു. അനുദിന ആവശ്യങ്ങൾ നിറവേറ്റുന്നതിനു നമ്മിൽ മിക്കവർക്കും ഒരു ജോലി കൂടിയേതീരൂ. നമുക്കും നമ്മുടെ കുടുംബാംഗങ്ങൾക്കുംവേണ്ടി കരുതുക എന്ന തിരുവെഴുത്ത്‌ ഉത്തരവാദിത്വം നിറവേറ്റുന്നതിന്‌ ഈ ലോകത്തെ ഉപയോഗപ്പെടുത്തുകയല്ലാതെ തരമില്ല. (1 തിമൊ. 5:8) എന്നിരുന്നാലും, ഈ ‘ലോകം ഒഴിഞ്ഞുപോകുന്നു’ എന്നു നാം മനസ്സിൽപ്പിടിക്കുന്നു. (1 യോഹ. 2:17) അതുകൊണ്ട്‌ ആവശ്യത്തിനുമാത്രമേ നാം ലോകത്തെ അനുഭവിക്കുന്നുള്ളു, അതിനെ ‘മുഴുവനായി’ അനുഭവിക്കുന്നില്ല.—1 കൊരി. 7:31.

ആ ഉപദേശത്തിനു ചെവികൊടുത്തുകൊണ്ട്‌ അനേകം സഹോദരീസഹോദരന്മാർ തങ്ങളുടെ ജീവിത സാഹചര്യങ്ങൾ വിലയിരുത്തി ജോലിസമയം വെട്ടിക്കുറച്ച്‌ ജീവിതം ലളിതമാക്കിയിരിക്കുന്നു. കുടുംബത്തോടൊപ്പവും യഹോവയുടെ സേവനത്തിലും കൂടുതൽ സമയം ചെലവഴിക്കാനാകുന്നതിനാൽ ജീവിതം അർഥപൂർണമായതായി അവർ തിരിച്ചറിയുന്നു. തന്നെയുമല്ല, ഈ ലോകത്തിലുള്ള ആശ്രയത്വം കുറയ്‌ക്കാനും യഹോവയിലുള്ള ആശ്രയത്വം കൂട്ടാനും ലളിതജീവിതം അവരെ സഹായിച്ചിരിക്കുന്നു. രാജ്യതാത്‌പര്യങ്ങൾ ഉന്നമിപ്പിക്കുന്നതിനായി ജീവിതം ലളിതമാക്കാൻ നിങ്ങൾക്കും സാധിക്കുമോ?—മത്താ. 6:19-24, 33.

“യഹോവയോടു മുമ്പെന്നത്തെക്കാളും അടുപ്പം തോന്നുന്നു”

ലോകത്തെ മുഴുവനായി അനുഭവിക്കരുത്‌ എന്ന തിരുവെഴുത്തു ബുദ്ധിയുപദേശത്തിനു മാർക്ക്‌ ചെവികൊടുത്തു. അദ്ദേഹം ആ ജോലിക്കയറ്റം തിരസ്‌കരിച്ചു. ഏതാനും ദിവസങ്ങൾക്കുശേഷം, പുതിയ ജോലി സ്വീകരിക്കാൻ മാർക്കിനെക്കൊണ്ടു സമ്മതിപ്പിക്കുന്നതിന്‌ സൂപ്പർവൈസർ കൂടുതൽ ശമ്പളം വാഗ്‌ദാനം ചെയ്‌തു. മാർക്ക്‌ പറയുന്നു, “അതൊരു പരിശോധനയായിരുന്നു, പക്ഷേ ഞാൻ വീണ്ടുമതു നിരസിച്ചു.” കാരണം അദ്ദേഹം വിശദീകരിക്കുന്നു: “യഹോവയുടെ സേവനത്തിൽ കഴിയുന്നത്ര സമയം ചെലവഴിക്കാൻ ഞാനും ഭാര്യ പൗളയും ആഗ്രഹിച്ചിരുന്നു. അതുകൊണ്ട്‌ ജീവിതം ലളിതമാക്കാൻ ഞങ്ങൾ തീരുമാനിച്ചു. ഈ ലക്ഷ്യത്തിലെത്താനുള്ള ജ്ഞാനത്തിനായി ഞങ്ങൾ യഹോവയോടു പ്രാർഥിക്കുകയും കൂടുതൽ പ്രവർത്തിച്ചുകൊണ്ട്‌ സേവനം വിപുലപ്പെടുത്തുന്നതിന്‌ ഒരു തീയതി നിശ്ചയിക്കുകയും ചെയ്‌തു.”

പൗള പറയുന്നു: “ആഴ്‌ചയിൽ മൂന്നുദിവസം ഒരു ആശുപത്രിയിൽ സെക്രട്ടറിയായി ജോലിചെയ്‌തിരുന്ന എനിക്ക്‌ നല്ല ശമ്പളമുണ്ടായിരുന്നു. ഞാനൊരു സാധാരണ പയനിയറുമായിരുന്നു. എന്നിരുന്നാലും, രാജ്യഘോഷകരുടെ ആവശ്യം കൂടുതലുള്ളിടത്ത്‌ സേവിക്കണമെന്ന്‌ മാർക്കിനെപ്പോലെ ഞാനും ആഗ്രഹിച്ചു. അങ്ങനെ ഞാൻ ജോലി രാജിവെക്കാൻ തീരുമാനിച്ചു. രാജിക്കത്ത്‌ നൽകിയപ്പോഴാണ്‌, അപ്പോൾ ഒഴിവുണ്ടായ എക്‌സിക്യുട്ടീവ്‌ സെക്രട്ടറി പദത്തിന്‌ എനിക്ക്‌ യോഗ്യതയുണ്ടെന്നു സൂപ്പർവൈസർ പറയുന്നത്‌. ഏറ്റവും ഉയർന്ന ശമ്പളം ലഭിക്കുന്ന സെക്രട്ടറി തസ്‌തികയായിരുന്നു അത്‌. പക്ഷേ ഞാൻ എന്റെ തീരുമാനത്തിൽ ഉറച്ചുനിന്നു. ആ തസ്‌തികയിലേക്ക്‌ അപേക്ഷിക്കാത്തതിന്റെ കാരണം വ്യക്തമാക്കിയപ്പോൾ സൂപ്പർവൈസർ എന്റെ വിശ്വാസത്തെപ്രതി എന്നെ അഭിനന്ദിച്ചു.”

താമസിയാതെ മാർക്കിനും പൗളയ്‌ക്കും കാനഡയിലെ ഒരൊറ്റപ്പെട്ട പ്രദേശത്തുള്ള കൊച്ചു സഭയിൽ പ്രത്യേക പയനിയർമാരായി നിയമനം ലഭിച്ചു. ആ മാറ്റത്തിന്റെ ഫലമെന്തായിരുന്നു? മാർക്കിന്റെ വാക്കുകൾ ശ്രദ്ധിക്കുക: “സാമ്പത്തിക സുരക്ഷിതത്വം നൽകിയ ഒരു ജോലിയിൽ ആയുസ്സിന്റെ പകുതിയോളം ചെലവഴിച്ച എനിക്ക്‌ ജോലി വിട്ടപ്പോൾ ഒരൽപ്പം ഭയം ഇല്ലാതിരുന്നില്ല. പക്ഷേ യഹോവ ഞങ്ങളുടെ ശുശ്രൂഷയെ അനുഗ്രഹിച്ചു. ദൈവത്തെ സേവിക്കാൻ മറ്റുള്ളവരെ സഹായിക്കുന്നതിൽനിന്നു ലഭിക്കുന്ന അളവറ്റ സന്തോഷം ഞങ്ങൾ അനുഭവിച്ചറിയുന്നു. മുഴുസമയ ശുശ്രൂഷ ഞങ്ങളുടെ ദാമ്പത്യത്തെയും ധന്യമാക്കി. ആത്മീയവിഷയങ്ങളാണ്‌ ഞങ്ങളുടെ സംഭാഷണങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്‌. ഞങ്ങൾക്ക്‌ യഹോവയോടു മുമ്പെന്നത്തെക്കാളും അടുപ്പം തോന്നുന്നു.” (പ്രവൃ. 20:35) ഇനി പൗള പറയുന്നത്‌ ശ്രദ്ധിക്കാം: “ജോലിയും ജീവിച്ചു പരിചയിച്ച വീടിന്റെ സൗകര്യങ്ങളുമൊക്കെ വിട്ടുപോകേണ്ടിവരുമ്പോൾ യഹോവയിൽ സമ്പൂർണ ആശ്രയംവെച്ചേ മതിയാകൂ. ഞങ്ങൾ അങ്ങനെതന്നെ ചെയ്‌തു, യഹോവ ഞങ്ങളെ അനുഗ്രഹിച്ചു. പുതിയ സഭയിലെ പ്രിയ സഹോദരങ്ങൾ ഞങ്ങളെ സ്‌നേഹിക്കുകയും വേണ്ടപ്പെട്ടവരായി കരുതുകയും ചെയ്യുന്നു. മുമ്പ്‌ ജോലിയിൽ ചെലവഴിച്ചിരുന്ന ഊർജം ആളുകളെ ആത്മീയമായി സഹായിക്കാൻ ഞാൻ ഇപ്പോൾ ചെലവിടുന്നു. ഈ നിയമനം എനിക്ക്‌ എന്തെന്നില്ലാത്ത സന്തോഷം തരുന്നു.”

‘ഒന്നിനും കുറവില്ല, പക്ഷേ സന്തോഷമില്ല’

എമിയുടെ തീരുമാനം പക്ഷേ, മറ്റൊന്നായിരുന്നു. അവൾ ആ ജോലി സ്വീകരിച്ചു. എമി പറയുന്നു: “ആദ്യവർഷം ഞാൻ ശുശ്രൂഷയിൽ സജീവമായിരുന്നെങ്കിലും രാജ്യതാത്‌പര്യങ്ങളിൽനിന്ന്‌ എന്റെ ശ്രദ്ധ ഉദ്യോഗക്കയറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങളിലേക്കു മെല്ലെ വഴുതിമാറാൻ തുടങ്ങി. കരിയർ മെച്ചപ്പെടുത്തുന്നതിന്‌ മോഹിപ്പിക്കുന്ന പല വാഗ്‌ദാനങ്ങളും എനിക്കു ലഭിച്ചു. സ്ഥാനങ്ങൾ ഒന്നൊന്നായി കൈപ്പിടിയിലാക്കുന്നതിനു ഞാൻ എന്റെ ഊർജം മുഴുവൻ ചെലവിട്ടു. ജോലി സംബന്ധമായ ഉത്തരവാദിത്വങ്ങൾ വർധിക്കുന്തോറും ശുശ്രൂഷയിൽ ഞാൻ ചെലവഴിച്ച സമയത്തിന്റെ അളവും കുറഞ്ഞുവന്നു. ഒടുവിൽ ഞാൻ പ്രസംഗവേല പാടേ നിറുത്തിക്കളഞ്ഞു.”

അക്കാലത്തെക്കുറിച്ച്‌ എമി പറയുന്നു: “കൈനിറയെ പണം, ഞാൻ ഒരുപാടു യാത്രകൾ നടത്തി, ജോലിയോടൊപ്പം കൈവന്ന നിലയുംവിലയുമൊക്കെ ഉണ്ടായിരുന്നു. എങ്കിലും ഞാൻ സന്തോഷവതിയായിരുന്നില്ല. സമ്പത്തിനു നടുവിലും ഒട്ടേറെ പ്രശ്‌നങ്ങളാൽ ഞാൻ വലഞ്ഞു. എവിടെയാണ്‌ താളപ്പിഴയെന്നു ഞാൻ ചിന്തിച്ചു. ഈ ലോകം വെച്ചുനീട്ടിയതിന്റെ പിന്നാലെ പോയ ഞാൻ, ‘വിശ്വാസം വിട്ടുഴലുന്നതിന്റെ’ വക്കോളമെത്തിയെന്ന്‌ ഒടുവിൽ തിരിച്ചറിഞ്ഞു. അതേ, ഞാൻ ‘ബഹുദുഃഖങ്ങൾക്ക്‌’ അധീനയായിത്തീർന്നിരുന്നു. ദൈവവചനം പറയുന്നത്‌ എത്ര സത്യമാണ്‌!—1 തിമൊ. 6:10.

എമി എന്തു ചെയ്‌തു? അവൾ പറയുന്നു: “ആത്മീയ ആരോഗ്യം വീണ്ടെടുക്കാനുള്ള സഹായത്തിനായി ഞാൻ മൂപ്പന്മാരെ സമീപിച്ചു, യോഗങ്ങൾക്കു ഹാജരായിത്തുടങ്ങി. ഒരു ഗീതം പാടുന്നതിനിടെ ഞാൻ പൊട്ടിക്കരഞ്ഞു. അഞ്ചു വർഷം ഒരു പയനിയറായി സേവിച്ച കാലത്തെക്കുറിച്ചു ഞാൻ ഓർത്തുപോയി. അന്ന്‌ ഞാൻ സമ്പന്നയായിരുന്നില്ല, പക്ഷേ സന്തോഷവതിയായിരുന്നു. പണത്തിനു പിന്നാലെ പരക്കംപാഞ്ഞ്‌ സമയം പാഴാക്കാതെ രാജ്യതാത്‌പര്യങ്ങൾ ഒന്നാമതുവെക്കേണ്ടതുണ്ടെന്നു ഞാൻ തിരിച്ചറിഞ്ഞു. ഉദ്യോഗത്തിൽ മുമ്പത്തേതിലും താഴ്‌ന്ന ഒരു സ്ഥാനം ഞാൻ സ്വീകരിച്ചു. ശമ്പളം ആദ്യത്തേതിന്റെ പകുതിയേയുണ്ടായിരുന്നുള്ളൂ. ഞാൻ വീണ്ടും പ്രസംഗവേലയിൽ പങ്കെടുക്കാൻ തുടങ്ങി. പയനിയർ സേവനത്തിന്റെ സന്തോഷം മുമ്പ്‌ ഏതാനും വർഷം ഞാൻ അനുഭവിച്ചിട്ടുണ്ട്‌. ഈ ലോകത്തിനുവേണ്ടി എന്റെ ഊർജമേറെയും ചെലവഴിച്ച കാലത്തൊന്നും അനുഭവിച്ചറിയാത്ത ചാരിതാർഥ്യം ഇപ്പോൾ എനിക്കുണ്ട്‌.”

സാഹചര്യങ്ങൾ ഒട്ടൊന്നു ക്രമീകരിച്ച്‌ നിങ്ങൾക്കു ജീവിതം ലളിതമാക്കാനാകുമോ? അങ്ങനെ ലഭിക്കുന്ന സമയം രാജ്യതാത്‌പര്യങ്ങൾക്കായി ചെലവിടുന്നെങ്കിൽ നിങ്ങളുടെയും ജീവിതം ധന്യമാകും.—സദൃ. 10:22.

[19-ാം പേജിലെ ആകർഷക വാക്യം]

സാഹചര്യങ്ങൾ ഒട്ടൊന്നു ക്രമീകരിച്ച്‌ നിങ്ങൾക്കു ജീവിതം ലളിതമാക്കാനാകുമോ?

[19-ാം പേജിലെ ചതുരം/ചിത്രം]

“എനിക്കത്‌ എപ്പഴേ ഇഷ്ടമായി!”

ഐക്യനാടുകളിലെ ഒരു മൂപ്പനാണ്‌ ഡേവിഡ്‌. മുഴുസമയ ശുശ്രൂഷയിൽ ഭാര്യയോടും മക്കളോടുമൊപ്പം ചേരാൻ അദ്ദേഹം ആഗ്രഹിച്ചു. ജോലിചെയ്‌തുകൊണ്ടിരുന്ന കമ്പനിയിൽത്തന്നെ ഒരു പാർട്ട്‌-ടൈം ജോലി ക്രമീകരിച്ച്‌ അദ്ദേഹം സാധാരണ പയനിയറായി. അദ്ദേഹത്തിന്റെ ജീവിതം അർഥസമ്പൂർണമായോ? ഏതാനും മാസങ്ങൾക്കുശേഷം ഡേവിഡ്‌ തന്റെ സുഹൃത്തിന്‌ എഴുതി: “സ്വന്തം കുടുംബത്തോടൊപ്പം യഹോവയെ സേവിക്കുന്നതിൽ മുഴുകുന്നതിനെക്കാൾ സംതൃപ്‌തിദായകമായ മറ്റൊന്നുമില്ല. പയനിയറിങ്ങുമായി പൊരുത്തപ്പെടാൻ കുറച്ചു സമയമെടുക്കുമെന്നാണു ഞാൻ കരുതിയത്‌, പക്ഷേ എനിക്കത്‌ എപ്പഴേ ഇഷ്ടമായി! അത്‌ എത്ര നവോന്മേഷപ്രദമാണെന്നോ!”

[18-ാം പേജിലെ ചിത്രം]

മാർക്കും പൗളയും ശുശ്രൂഷയിൽ