ക്രിസ്‌ത്യാനികളെ ഗോതമ്പുപോലെ പാറ്റുമ്പോൾ
ക്രിസ്‌ത്യാനികളെ ഗോതമ്പുപോലെ പാറ്റുമ്പോൾ
മരണത്തിനു തൊട്ടുമുമ്പ് യേശു ശിഷ്യന്മാർക്ക് ഈ മുന്നറിയിപ്പു കൊടുത്തു: “സാത്താൻ നിങ്ങളെ കോതമ്പുപോലെ പാറ്റേണ്ടതിന്നു കല്‌പന ചോദിച്ചു.” (ലൂക്കൊ. 22:31) അതിലൂടെ അവൻ എന്താണ് അർഥമാക്കിയത്?
ഒരുപാട് സമയവും ശ്രമവും വേണ്ട ജോലിയായിരുന്നു യേശുവിന്റെ നാളിൽ ഗോതമ്പു കൊയ്‌ത്ത്. കൊയ്‌ത്തുകാർ ആദ്യം കറ്റകൾ കൊയ്‌തുകൂട്ടും. തുടർന്ന് അവ ഒരു പരുക്കൻ പ്രതലത്തിൽ അടിക്കുകയോ കാളയും മറ്റും വലിക്കുന്ന മെതിവണ്ടികൾ അവയ്‌ക്കു മുകളിലൂടെ ഓടിക്കുകയോ ചെയ്‌തുകൊണ്ട് കറ്റയിൽനിന്നു ധാന്യവും ധാന്യമണികളിൽനിന്ന് ഉമിയും വേർപെടുത്തുന്നു. അടുത്തതായി, ഈ മിശ്രിതം കോരി മുകളിലേക്ക് എറിയും. അപ്പോൾ ധാന്യമണികൾ കളത്തിൽ വീഴുകയും പതിരും ഉമിയുമെല്ലാം കാറ്റ് അടിച്ചുകൊണ്ടു പോകുകയും ചെയ്യും. ഒടുവിൽ ശ്രദ്ധാപൂർവം പാറ്റി ധാന്യത്തിൽനിന്നു കല്ലും മറ്റും നീക്കംചെയ്യും.
യേശുവിന്റെ ആദ്യകാല ശിഷ്യന്മാരെ സാത്താൻ നിരന്തരം വേട്ടയാടിയിരുന്നു, ഇന്നും സ്ഥിതി വ്യത്യസ്‌തമല്ല. യേശുവിന്റെ വാക്കുകൾ എത്ര സത്യം! (എഫെ. 6:11) ജീവിതത്തിൽ നാം നേരിടുന്ന എല്ലാ പ്രശ്‌നങ്ങൾക്കും പിന്നിൽ സാത്താനല്ലെന്നതു ശരിതന്നെ. (സഭാ. 9:11) എങ്കിലും ഏതുവിധേനയും നമ്മുടെ നിർമലത തകർക്കാൻ അവൻ കിണഞ്ഞുശ്രമിക്കുകയാണ്. ഉദാഹരണത്തിന്, ഭൗതികാസക്ത ജീവിതശൈലി പിന്തുടരാനോ ചോദ്യംചെയ്യത്തക്ക വിനോദം തിരഞ്ഞെടുക്കാനോ ലൈംഗിക അധാർമികതയിൽ ഉൾപ്പെടാനോ അവൻ നമ്മെ പ്രലോഭിപ്പിച്ചേക്കാം. വിദ്യാഭ്യാസത്തോടും തൊഴിലിനോടും ബന്ധപ്പെട്ട് ഈ ലോകം വെച്ചുനീട്ടുന്ന സകലതും സ്വന്തമാക്കാൻ സഹപാഠികൾ, സഹപ്രവർത്തകർ, അവിശ്വാസികളായ ബന്ധുക്കൾ എന്നിവരിലൂടെ അവൻ സമ്മർദംചെലുത്തിയേക്കാം. അതുംപോരാഞ്ഞ്, ദൈവത്തോടുള്ള നമ്മുടെ നിർമലത തകർക്കാൻ അവൻ നേരിട്ടുള്ള പീഡനവും ഉപയോഗിച്ചേക്കാം. നമ്മെ ‘പാറ്റിക്കളയാൻ’ അവന്റെ പക്കൽ ഇനിയും എത്രയോ തന്ത്രങ്ങൾ!
പ്രബലനായ ഈ ശത്രുവിനെ നമുക്ക് എങ്ങനെ ചെറുത്തുനിൽക്കാം? സ്വന്തം ശക്തിയാൽ അതു സാധ്യമല്ല, കാരണം സാത്താൻ നമ്മെക്കാൾ ശക്തനാണ്. എന്നിരുന്നാലും യഹോവയുടെ ശക്തിക്കുമുന്നിൽ അവന്റെ ശക്തി ഏതുമില്ലെന്നു നമുക്കറിയാം. യഹോവയിൽ പൂർണ വിശ്വാസമർപ്പിക്കുകയും സഹിച്ചുനിൽക്കാനുള്ള ശക്തിക്കും ജ്ഞാനത്തിനുമായി ആത്മാർഥമായി പ്രാർഥിക്കുകയും അവന്റെ മാർഗനിർദേശത്തിൽ പൂർണമായി ആശ്രയിക്കുകയും ചെയ്യുന്നെങ്കിൽ സാത്താന്റെ ആക്രമണങ്ങൾ ചെറുക്കാൻ അവൻ നമ്മെ ശക്തീകരിക്കും.—സങ്കീ. 25:4, 5.
പരിശോധനകൾ ഉണ്ടാകുമ്പോൾ, “നന്മതിന്മകളെ തിരിച്ചറി”യാനുള്ള പ്രാപ്‌തിയുണ്ടായിരുന്നാൽ മാത്രമേ സാത്താന്റെ തന്ത്രങ്ങളിൽ നാം വീണുപോകാതിരിക്കുകയുള്ളൂ. (എബ്രാ. 5:13, 14) ആ പ്രാപ്‌തി വളർത്തിയെടുക്കാൻ യഹോവ നമ്മെ സഹായിക്കും. തെറ്റും ശരിയും തിരിച്ചറിഞ്ഞാൽ എന്തു വിലകൊടുത്തും ശരിയോടു പറ്റിനിൽക്കണം. യഹോവയുടെ മാർഗനിർദേശങ്ങളിൽ പൂർണമായി ആശ്രയിച്ച് മുന്നോട്ടുനീങ്ങുന്നെങ്കിൽ ശരിയായതു ചെയ്യാനുള്ള നമ്മുടെ ദൃഢനിശ്ചയത്തെ അവൻ പിന്തുണയ്‌ക്കുമെന്നതിൽ തെല്ലും സംശയമില്ല.—എഫെ. 6:10.
നമ്മെ ഗോതമ്പുപോലെ പാറ്റാൻ സാത്താൻ ശ്രമിച്ചേക്കാം. പക്ഷേ, യഹോവയുടെ ശക്തിയാൽ വിശ്വാസത്തിൽ സ്ഥിരമുള്ളവരായി സാത്താനോട് എതിർത്തുനിൽക്കാൻ നമുക്കാകും. (1 പത്രൊ. 5:9) അതേ, “പിശാചിനോടു എതിർത്തുനില്‌പിൻ; എന്നാൽ അവൻ നിങ്ങളെ വിട്ടു ഓടിപ്പോകും” എന്ന് യഹോവയുടെ വചനം ഉറപ്പുനൽകുന്നു.—യാക്കോ. 4:7.