വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘കർത്താവിൽ ലഭിച്ച ശുശ്രൂഷ നിവർത്തിക്കുക’

‘കർത്താവിൽ ലഭിച്ച ശുശ്രൂഷ നിവർത്തിക്കുക’

‘കർത്താവിൽ ലഭിച്ച ശുശ്രൂഷ നിവർത്തിക്കുക’

“കർത്താവിൽ ലഭിച്ച ശുശ്രൂഷ നിവർത്തിപ്പാൻ നോക്കേണം.”—കൊലൊ. 4:17.

1, 2. ക്രിസ്‌ത്യാനികൾക്ക്‌ മാനവരാശിയോട്‌ എന്ത്‌ ഉത്തരവാദിത്വമുണ്ട്‌?

സഹമനുഷ്യരോടുള്ള ബന്ധത്തിൽ നമുക്ക്‌ ഗൗരവമേറിയ ഒരു ഉത്തരവാദിത്വമുണ്ട്‌. ഇപ്പോൾ അവരെടുക്കുന്ന തീരുമാനങ്ങളാണ്‌ അവർ ‘മഹാകഷ്ടത്തെ’ അതിജീവിക്കുമോ ഇല്ലയോ എന്നു നിശ്ചയിക്കുന്നത്‌. (വെളി. 7:14) സദൃശവാക്യങ്ങളുടെ നിശ്വസ്‌ത എഴുത്തുകാരൻ പറയുന്നു: “മരണത്തിന്നു കൊണ്ടുപോകുന്നവരെ വിടുവിക്ക; [കൊലയ്‌ക്കായി] വിറെച്ചു ചെല്ലുന്നവരെ രക്ഷിപ്പാൻ നോക്കുക.” എത്ര ശക്തമായ വാക്കുകൾ! തങ്ങളുടെ മുമ്പാകെയുള്ള തിരഞ്ഞെടുപ്പുകളെക്കുറിച്ച്‌ ആളുകളെ അറിയിക്കുന്നതിൽ വീഴ്‌ചവരുത്തിയാൽ അവരുടെ മരണത്തിന്‌ നാം ഉത്തരവാദികളായിത്തീരും. അതാണു സദൃശവാക്യങ്ങൾ തുടർന്നു പറയുന്നത്‌: “ഞങ്ങൾ അറിഞ്ഞില്ലല്ലോ എന്നു നീ പറഞ്ഞാൽ ഹൃദയങ്ങളെ തൂക്കിനോക്കുന്നവൻ ഗ്രഹിക്കയില്ലയോ? നിന്റെ പ്രാണനെ കാക്കുന്നവൻ അറികയില്ലയോ? അവൻ മനുഷ്യന്നു പ്രവൃത്തിക്കു തക്കവണ്ണം പകരം കൊടുക്കയില്ലയോ?” മാനവരാശിയുടെ മുമ്പാകെയുള്ള അപകടത്തെക്കുറിച്ച്‌ തങ്ങൾക്കറിയില്ല എന്നു പറയാൻ യഹോവയുടെ ദാസന്മാർക്കാവില്ലെന്നു വ്യക്തം.—സദൃ. 24:11, 12.

2 യഹോവ ജീവനു വലിയ വിലകൽപ്പിക്കുന്നു. എന്തു ശ്രമംചെയ്‌തും കഴിയുന്നിടത്തോളം ജീവൻ രക്ഷിക്കാൻ അവൻ തന്റെ ദാസന്മാരോട്‌ അഭ്യർഥിക്കുകയാണ്‌. ഓരോ ശുശ്രൂഷകനും ദൈവവചനത്തിലെ ജീവരക്ഷാകരമായ സന്ദേശം മറ്റുള്ളവരെ അറിയിക്കേണ്ടതുണ്ട്‌. മുന്നിൽക്കാണുന്ന ഒരു ദുരന്തത്തെക്കുറിച്ച്‌ അറിയിപ്പു നൽകുന്ന ഒരു കാവൽക്കാരന്റേതിനു സമാനമാണ്‌ നമ്മുടെ ദൗത്യം. നാശത്തിലേക്കു പൊയ്‌ക്കൊണ്ടിരിക്കുന്നവരുടെ ജീവന്റെ ഉത്തരവാദിത്വം നമ്മുടെമേൽ വരാൻ നാം ആഗ്രഹിക്കുന്നില്ല. (യെഹെ. 33:1-7) അങ്ങനെ നോക്കുമ്പോൾ, ‘വചനം പ്രസംഗിക്കുന്നതിൽ’ നാം തുടരേണ്ടത്‌ എത്ര പ്രധാനമാണ്‌!2 തിമൊഥെയൊസ്‌ 4:1, 2, 5 വായിക്കുക.

3. ഈ ലേഖനത്തിലും തുടർന്നുവരുന്ന രണ്ടു ലേഖനങ്ങളിലും നാം എന്തു പരിചിന്തിക്കും?

3 ജീവരക്ഷാകരമായ ശുശ്രൂഷയിൽ നിങ്ങൾ നേരിടുന്ന പ്രതിബന്ധങ്ങൾ മറികടക്കാനും കൂടുതൽപേരെ സഹായിക്കാനും എങ്ങനെ സാധിക്കുമെന്ന്‌ ഈ ലേഖനത്തിൽ നിങ്ങൾ പഠിക്കും. ജീവത്‌പ്രധാനമായ സത്യങ്ങൾ മറ്റുള്ളവരെ പഠിപ്പിക്കുന്നതിൽ വൈദഗ്‌ധ്യം നേടാൻ നിങ്ങളെ സഹായിക്കുന്നതാണ്‌ അടുത്ത ലേഖനം. ലോകമെങ്ങുമുള്ള രാജ്യഘോഷകരുടെ, പ്രോത്സാഹനം തുളുമ്പുന്ന ചില അനുഭവങ്ങളാണു മൂന്നാമത്തെ ലേഖനത്തിൽ. എന്നാൽ ഈ വിഷയങ്ങളിലേക്കു വരുന്നതിനുമുമ്പ്‌ നാം ജീവിക്കുന്ന കാലഘട്ടം നിർണായകമായിരിക്കുന്നത്‌ എന്തുകൊണ്ടാണ്‌ എന്നതിനെക്കുറിച്ച്‌ അൽപ്പമൊന്നു ചിന്തിക്കുന്നതു നന്നായിരിക്കും.

അനേകർക്കും പ്രത്യാശയില്ലാത്തതിന്റെ കാരണം

4, 5. മനുഷ്യവർഗത്തിന്റെ അവസ്ഥയെക്കുറിച്ച്‌ എന്തു പറയാനാകും, അനേകരും ഇതിനോടു പ്രതികരിക്കുന്നതെങ്ങനെ?

4 “ലോകാവസാന”നാളുകളിലാണു നാം ജീവിക്കുന്നത്‌; അന്ത്യം തൊട്ടടുത്താണ്‌. ലോകസംഭവങ്ങൾ അതാണു നമ്മോടു പറയുന്നത്‌. “അന്ത്യകാല”ത്തിന്റെ അടയാളമായി യേശുവും ശിഷ്യന്മാരും അക്കമിട്ടുനിരത്തിയ സംഭവങ്ങളിലൂടെയും സാഹചര്യങ്ങളിലൂടെയും കടന്നുപൊയ്‌ക്കൊണ്ടിരിക്കുകയാണ്‌ മാനവകുടുംബം. യുദ്ധവും ഭക്ഷ്യക്ഷാമവും ഭൂകമ്പവും മറ്റു ദുരന്തങ്ങളും സവിശേഷതയായുള്ള ‘ഈറ്റുനോവു’കൊണ്ട്‌ പുളയുകയാണ്‌ അവർ. എങ്ങോട്ടു തിരിഞ്ഞാലും അരാജകത്വവും സ്വാർഥതയും ദൈവനിന്ദാകരമായ മനോഭാവങ്ങളും മാത്രം. ബൈബിൾ നിലവാരങ്ങൾക്കു ചേർച്ചയിൽ ജീവിക്കാൻ ശ്രമിക്കുന്നവർക്കുപോലും “ദുർഘടസമയങ്ങ”ളാണിത്‌.—മത്താ. 24:3, 6-8, 12; 2 തിമൊ. 3:1-5.

5 എന്നാൽ മനുഷ്യവർഗത്തിലെ ബഹുഭൂരിപക്ഷവും ലോകസംഭവങ്ങളുടെ പ്രസക്തി സംബന്ധിച്ച്‌ അജ്ഞരാണ്‌. അതുകൊണ്ടുതന്നെ തങ്ങളുടെയും കുടുംബത്തിന്റെയും സുരക്ഷയെപ്രതി ഉത്‌കണ്‌ഠാകുലരാണു പലരും. പ്രിയപ്പെട്ടവരുടെ വേർപാടും വ്യക്തിപരമായ മറ്റു ദുരന്തങ്ങളും ഏൽപ്പിച്ച ആഘാതത്തിൽ മനംനീറിക്കഴിയുന്നവരുടെ എണ്ണവും കുറവല്ല. ഇതിന്റെയൊക്കെ കാരണവും പരിഹാരവും അറിയാതെ പ്രത്യാശ നഷ്ടപ്പെട്ട അവസ്ഥയിലാണ്‌ ഈ മനുഷ്യർ.—എഫെ. 2:12.

6. അണികളെ സഹായിക്കാൻ ‘മഹതിയാം ബാബിലോന്‌’ കഴിയാത്തത്‌ എന്തുകൊണ്ട്‌?

6 വ്യാജമതലോകസാമ്രാജ്യമായ “മഹതിയാം ബാബിലോൻ” മനുഷ്യർക്ക്‌ ആശ്വാസമേകുന്ന യാതൊന്നും ചെയ്‌തിട്ടില്ല. പകരം അവളുടെ “വേശ്യാവൃത്തിയുടെ മദ്യ”ലഹരിയിൽ ലക്കുകെട്ട്‌ അവർ ആത്മീയ ആശയക്കുഴപ്പത്തിൽ ഉഴലുകയാണ്‌. മാത്രമല്ല, ഒരു വേശ്യയെപ്പോലെ “ഭൂമിയിലെ രാജാക്ക”ന്മാരെ വശീകരിച്ച്‌ അവൾ തന്റെ അധീനതയിലാക്കിയിരിക്കുന്നു; വ്യാജപഠിപ്പിക്കലുകളും ക്ഷുദ്രപ്രയോഗങ്ങളുംകൊണ്ട്‌ അവൾ മനുഷ്യരെ രാഷ്‌ട്രീയക്കാരുടെ താളത്തിനൊത്തു തുള്ളുന്ന പാവകളാക്കി മാറ്റിയിരിക്കുകയാണ്‌. അങ്ങനെ ശക്തിയും സ്വാധീനവും ആർജിച്ച വ്യാജമതം മതപരമായ സത്യങ്ങളെ അപ്പാടെ തള്ളിക്കളഞ്ഞിരിക്കുന്നു.—വെളി. 17:1, 2, 5; 18:23.

7. ബഹുഭൂരിപക്ഷത്തിന്റെയും ഭാവിയെന്ത്‌, ചിലരെ എങ്ങനെ സഹായിക്കാം?

7 നാശത്തിലേക്കു പോകുന്ന വീതിയുള്ള പാതയിലൂടെയാണ്‌ ബഹുഭൂരിപക്ഷവും സഞ്ചരിക്കുന്നതെന്ന്‌ യേശു പറയുകയുണ്ടായി. (മത്താ. 7:13, 14) ചിലർ മനഃപൂർവം ആ പാത തിരഞ്ഞെടുത്തിരിക്കുകയാണ്‌; എന്നാൽ മറ്റനേകർ യഹോവ അവരിൽനിന്നു പ്രതീക്ഷിക്കുന്നത്‌ എന്താണെന്നതു സംബന്ധിച്ച അജ്ഞത നിമിത്തം ആ പാതയിൽ എത്തിപ്പെട്ടതാണ്‌. ജീവിതത്തിൽ മാറ്റംവരുത്തേണ്ടതിന്റെ കാരണങ്ങൾ തിരുവെഴുത്തുകളിൽനിന്നു കാണിച്ചുകൊടുത്താൽ ചിലർ മാറ്റംവരുത്തിയെന്നിരിക്കും. പക്ഷേ മഹാബാബിലോണിന്റെ ഭാഗമായിരുന്നുകൊണ്ട്‌ ബൈബിൾ നിലവാരങ്ങൾക്കുനേരെ തുടർന്നും മുഖം തിരിക്കുന്നവർ ‘മഹാകഷ്ടത്തെ’ അതിജീവിക്കില്ല, നിശ്ചയം.—വെളി. 7:14.

അവിരാമം പ്രസംഗിക്കുക

8, 9. ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികൾ എതിർപ്പിനോടു പ്രതികരിച്ചതെങ്ങനെ, എന്തുകൊണ്ട്‌?

8 തന്റെ ശിഷ്യന്മാർ രാജ്യസുവാർത്ത പ്രസംഗിക്കുകയും ശിഷ്യരെ ഉളവാക്കുകയും ചെയ്യുമെന്ന്‌ യേശു പറയുകയുണ്ടായി. (മത്താ. 28:19, 20) അതുകൊണ്ടുതന്നെ, തങ്ങളുടെ വിശ്വാസത്തിന്റെ ഒരു അടിസ്ഥാന വ്യവസ്ഥയും ദൈവത്തോടുള്ള വിശ്വസ്‌തതയുമായിട്ടാണ്‌ സത്യക്രിസ്‌ത്യാനികൾ പ്രസംഗവേലയെ കാണുന്നത്‌. യേശുവിന്റെ ആദിമ അനുഗാമികൾ എതിർപ്പിന്മധ്യേയും അടിപതറാതെ ഉറച്ചുനിന്നത്‌ അക്കാരണത്താലാണ്‌. ‘വചനം പൂർണ്ണധൈര്യത്തോടുകൂടെ പ്രസ്‌താവി’ക്കുന്നതിൽ തുടരാൻ സഹായിക്കേണമേയെന്നു പ്രാർഥിച്ചുകൊണ്ട്‌ അവർ ശക്തിക്കായി യഹോവയിൽ ആശ്രയിച്ചു. പരിശുദ്ധാത്മാവിനെ ധാരാളമായി നൽകിക്കൊണ്ട്‌ അവൻ ഉത്തരമരുളി, അങ്ങനെ അവർ ധൈര്യപൂർവം വചനം പ്രസംഗിച്ചു.—പ്രവൃ. 4:18, 29-31.

9 എതിർപ്പ്‌ അക്രമത്തിന്റെ രൂപം കൈവരിച്ചപ്പോൾ യേശുവിന്റെ അനുഗാമികൾ പതറിപ്പോയോ? ഒരിക്കലുമില്ല. അപ്പൊസ്‌തലന്മാരുടെ പ്രസംഗത്തിൽ രോഷംപൂണ്ട്‌ മതനേതാക്കന്മാർ അവരെ അറസ്റ്റുചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചാട്ടകൊണ്ട്‌ അടിക്കുകയുമൊക്കെ ചെയ്‌തു. എന്നിട്ടും അവർ “വിടാതെ ഉപദേശിക്കയും യേശുവിനെ ക്രിസ്‌തു എന്നു സുവിശേഷിക്കയും ചെയ്‌തുകൊണ്ടിരുന്നു.” തങ്ങൾ “മനുഷ്യരെക്കാൾ ദൈവത്തെ അനുസരിക്കേണ്ടതാകുന്നു” എന്ന വസ്‌തുത അവർക്കു പകൽപോലെ വ്യക്തമായിരുന്നു.—പ്രവൃ. 5:28, 29, 40-42.

10. ക്രിസ്‌ത്യാനികൾ ഇന്ന്‌ അഭിമുഖീകരിക്കുന്ന ചില വെല്ലുവിളികളേവ, എങ്കിലും അവരുടെ നല്ല പെരുമാറ്റം എന്തു ഫലം ഉളവാക്കിയേക്കാം?

10 ഇന്നത്തെ മിക്ക ദൈവദാസർക്കും പ്രസംഗപ്രവർത്തനം നിമിത്തം ഉപദ്രവമോ ജയിൽശിക്ഷയോ അനുഭവിക്കേണ്ടിവന്നിട്ടില്ല എന്നതു ശരിതന്നെ. പക്ഷേ സത്യക്രിസ്‌ത്യാനികളായ എല്ലാവരും ഏതെങ്കിലും തരത്തിലുള്ള പരീക്ഷണങ്ങളോ പരിശോധനകളോ അഭിമുഖീകരിക്കുന്നുണ്ട്‌. ഉദാഹരണത്തിന്‌, പൊതുജനം അംഗീകരിക്കാത്ത അല്ലെങ്കിൽ നിങ്ങളെ മറ്റുള്ളവരിൽനിന്നു വ്യത്യസ്‌തനാക്കുന്ന ഒരു കാര്യം ചെയ്യാൻ ബൈബിൾപരിശീലിത മനസ്സാക്ഷി നിങ്ങളോടു പറഞ്ഞേക്കാം. നിങ്ങൾ ബൈബിൾ തത്ത്വങ്ങളുടെ അടിസ്ഥാനത്തിൽ തീരുമാനങ്ങളെടുക്കുന്നതു കാണുന്ന സഹപ്രവർത്തകരോ സഹപാഠികളോ അയൽക്കാരോ നിങ്ങളെ ഒരു ‘വിചിത്രജീവി’യായി വീക്ഷിച്ചെന്നും വരാം. എന്നാൽ അതൊന്നും നിങ്ങളെ പിന്തിരിപ്പിക്കരുത്‌. ലോകം ആത്മീയ അന്ധകാരത്തിലാണ്‌, ക്രിസ്‌ത്യാനികൾ പക്ഷേ “ജ്യോതിസ്സുകളെപ്പോലെ പ്രകാശി”ക്കണം. (ഫിലി. 2:15) സന്മനസ്സുള്ള ചിലരെങ്കിലും നിങ്ങളുടെ നന്മയെപ്രതി ദൈവത്തെ മഹത്ത്വപ്പെടുത്തുകയില്ലെന്ന്‌ ആരുകണ്ടു?—മത്തായി 5:16 വായിക്കുക.

11. (എ) പ്രസംഗപ്രവർത്തനത്തോടു ചിലർ എങ്ങനെ പ്രതികരിച്ചേക്കാം? (ബി) അപ്പൊസ്‌തലനായ പൗലൊസിന്‌ ഏതുതരം പീഡനമാണു നേരിട്ടത്‌, അവൻ എങ്ങനെ പ്രതികരിച്ചു?

11 രാജ്യസന്ദേശം പ്രസംഗിക്കുന്നതിനു നല്ല ധൈര്യം ആവശ്യമാണ്‌. ചിലയാളുകൾ, ഒരുപക്ഷേ ബന്ധുക്കൾപോലും, നിങ്ങളെ പരിഹസിക്കുകയോ മറ്റേതെങ്കിലും വിധത്തിൽ നിരുത്സാഹപ്പെടുത്തുകയോ ചെയ്‌തേക്കാം. (മത്താ. 10:36) വിശ്വസ്‌തതയോടെ ശുശ്രൂഷ നിർവഹിച്ചതിന്‌ അപ്പൊസ്‌തലനായ പൗലൊസിന്‌ അടികൊള്ളേണ്ടിവന്നിട്ടുണ്ട്‌, അതും ഒന്നിലധികം തവണ. ആ എതിർപ്പിനോട്‌ അവൻ പ്രതികരിച്ചത്‌ എങ്ങനെയെന്നു ശ്രദ്ധിക്കുക: “ഞങ്ങൾ ഫിലിപ്പിയിൽവെച്ചു കഷ്ടവും അപമാനവും അനുഭവിച്ചിട്ടും വലിയ പോരാട്ടത്തോടെ ദൈവത്തിന്റെ സുവിശേഷം നിങ്ങളോടു പ്രസംഗിപ്പാൻ ഞങ്ങളുടെ ദൈവത്തിൽ ധൈര്യപ്പെട്ടിരുന്നു.” (1 തെസ്സ. 2:2) ചിലർ പൗലൊസിനെ വലിച്ചിഴച്ച്‌ അധികാരികളുടെ അടുത്തുകൊണ്ടുപോയി അടിപ്പിച്ച്‌ തടവിലാക്കി; അത്രയൊക്കെ അനുഭവിച്ചശേഷവും സുവാർത്താപ്രസംഗം തുടരാൻ നിസ്സാരധൈര്യം പോരായിരുന്നു. (പ്രവൃ. 16:19-24) പതറാതെ പിടിച്ചുനിൽക്കാനുള്ള ധൈര്യം പൗലൊസിന്‌ എവിടെനിന്നു കിട്ടി? ദൈവം ഏൽപ്പിച്ച ദൗത്യം നിറവേറ്റാനുള്ള അദമ്യമായ ആഗ്രഹമാണ്‌ അവനു കരുത്തേകിയത്‌.—1 കൊരി. 9:16.

12, 13. ചിലർ ഏതു വെല്ലുവിളികൾ അഭിമുഖീകരിക്കുന്നു, അതു മറികടക്കാൻ അവർ എന്തു ചെയ്‌തിരിക്കുന്നു?

12 ഒരു പ്രദേശത്ത്‌ മിക്ക വീടുകളിലും ആളില്ലാതെ വരുകയോ ആളുകൾ രാജ്യസന്ദേശം ശ്രദ്ധിക്കാൻ മനസ്സു കാണിക്കാതിരിക്കുകയോ ചെയ്യുമ്പോൾ ശുശ്രൂഷയിൽ തീക്ഷ്‌ണത നിലനിറുത്തുകയെന്നത്‌ എളുപ്പമായിരിക്കില്ല. അത്തരം സാഹചര്യങ്ങളിൽ എന്തു ചെയ്യാനാകും? അനൗപചാരികമായ ചുറ്റുപാടുകളിൽ ആളുകളോടു സംസാരിക്കുന്നതിന്‌ കൂടുതൽ ധൈര്യം സംഭരിക്കേണ്ടതുണ്ടായിരിക്കാം. ഇനിയും, പ്രസംഗവേലയിൽ ഏർപ്പെടുന്നതിനുള്ള സമയത്തിൽ ഭേദഗതികൾ വരുത്തുകയോ കൂടുതൽ ആളുകളെ കണ്ടുമുട്ടാനിടയുള്ള സ്ഥലങ്ങളിൽ പ്രസംഗിക്കാൻ ശ്രമിക്കുകയോ ഒക്കെ ചെയ്യേണ്ടിവന്നേക്കാം.—യോഹന്നാൻ 4:7-15 താരതമ്യം ചെയ്യുക; പ്രവൃ. 16:13; 17:17.

13 അനേകരുടെയും മുമ്പാകെയുള്ള മറ്റൊരു വെല്ലുവിളിയാണ്‌ പ്രായാധിക്യവും മോശമായ ആരോഗ്യവും; അത്‌ അവരുടെ പ്രസംഗപ്രവർത്തനം പരിമിതപ്പെടുത്തിയേക്കാം. നിങ്ങളുടെ സാഹചര്യം അതാണെങ്കിൽ നിരാശപ്പെടേണ്ടതില്ല. നിങ്ങളുടെ പരിമിതികൾ യഹോവയ്‌ക്കു നന്നായറിയാം, കഴിവനുസരിച്ച്‌ നിങ്ങൾ ചെയ്യുമ്പോൾ അവൻ അതിൽ സംപ്രീതനാണ്‌. (2 കൊരിന്ത്യർ 8:12 വായിക്കുക.) അനാരോഗ്യം, ആളുകളുടെ താത്‌പര്യമില്ലായ്‌മ, എതിർപ്പ്‌ എന്നിങ്ങനെ നിങ്ങൾ നേരിടുന്ന പ്രശ്‌നം എന്തായിരുന്നാലും, സുവാർത്ത പ്രസംഗിക്കുന്നതിൽ കഴിവിന്റെ പരമാവധി പങ്കുപറ്റുക.—സദൃ. 3:27; മർക്കൊസ്‌ 12:41-44 താരതമ്യം ചെയ്യുക.

‘ശുശ്രൂഷ നിവർത്തിക്കുക’

14. സഹക്രിസ്‌ത്യാനികൾക്കുവേണ്ടി അപ്പൊസ്‌തലനായ പൗലൊസ്‌ എന്തു മാതൃക വെച്ചു, അവൻ എന്ത്‌ ഉപദേശമാണു നൽകിയത്‌?

14 ശുശ്രൂഷ വളരെ ഗൗരവമായെടുത്ത ഒരു വ്യക്തിയാണ്‌ അപ്പൊസ്‌തലനായ പൗലൊസ്‌; അതുതന്നെ ചെയ്യാൻ അവൻ സഹവിശ്വാസികളെ പ്രോത്സാഹിപ്പിച്ചു. (പ്രവൃ. 20:20, 21; 1 കൊരി. 11:1) പൗലൊസ്‌ പ്രത്യേകം പ്രോത്സാഹിപ്പിച്ച ഒരു ക്രിസ്‌ത്യാനിയാണ്‌ ഒന്നാം നൂറ്റാണ്ടിലെ അർഹിപ്പൊസ്‌. കൊലൊസ്സ്യർക്കുള്ള ലേഖനത്തിൽ പൗലൊസ്‌ എഴുതി: “അർഹിപ്പൊസിനോടു കർത്താവിൽ ലഭിച്ച ശുശ്രൂഷ നിവർത്തിപ്പാൻ നോക്കേണം എന്നു പറവിൻ.” (കൊലൊ. 4:17) അർഹിപ്പൊസ്‌ ആരായിരുന്നെന്നോ ഏതു സാഹചര്യത്തിലായിരുന്നെന്നോ നമുക്കറിയില്ല; പക്ഷേ, പ്രസംഗിക്കാനുള്ള ദൗത്യം ഏറ്റെടുത്തിരുന്ന വ്യക്തിയായിരുന്നുവെന്ന്‌ തെളിവുകൾ സൂചിപ്പിക്കുന്നു. ഒരു സമർപ്പിത ക്രിസ്‌ത്യാനിയാണെങ്കിൽ നിങ്ങളും പ്രസംഗിക്കാനുള്ള ദൗത്യം ഏറ്റെടുത്തിട്ടുണ്ട്‌ എന്നതിനു സംശയമില്ല. എന്നാൽ ശുശ്രൂഷ നിവർത്തിക്കുന്നതിൽ തുടരാൻ നിങ്ങൾ ശ്രമിക്കുന്നുണ്ടോ?

15. ക്രിസ്‌തീയ സമർപ്പണത്തിൽ എന്താണ്‌ ഉൾപ്പെട്ടിരിക്കുന്നത്‌, ഏതു ചോദ്യങ്ങൾ ഉദിക്കുന്നു?

15 സ്‌നാനമേൽക്കുന്നതിനുമുമ്പുതന്നെ, ജീവിതം പ്രാർഥനയിൽ യഹോവയ്‌ക്കു സമർപ്പിച്ചവരാണല്ലോ നാം. ദൈവഹിതം ചെയ്യാൻ നാം ദൃഢചിത്തരായിരുന്നു എന്നതാണ്‌ അതിന്റെ അർഥം. അതുകൊണ്ട്‌ നാം നമ്മോടുതന്നെ ഇങ്ങനെ ചോദിക്കേണ്ടതുണ്ട്‌: ‘ദൈവേഷ്ടം ചെയ്യുകയെന്നതാണോ ശരിക്കും എന്റെ ജീവിതത്തിലെ പരമപ്രധാന സംഗതി?’ കുടുംബത്തിനുവേണ്ടി കരുതുന്നതുൾപ്പെടെ യഹോവ നമ്മിൽനിന്നു പ്രതീക്ഷിക്കുന്ന ധാരാളം ഉത്തരവാദിത്വങ്ങൾ നമുക്കു നിറവേറ്റേണ്ടതുണ്ടായിരിക്കാം. (1 തിമൊ. 5:8) എന്നാൽ ബാക്കി സമയവും ഊർജവും നാം എന്തിനുവേണ്ടിയാണു ചെലവഴിക്കുന്നത്‌? ജീവിതത്തിൽ ഒന്നാം സ്ഥാനം എന്തിനാണ്‌?2 കൊരിന്ത്യർ 5:14, 15 വായിക്കുക.

16, 17. യുവക്രിസ്‌ത്യാനികൾക്കും താരതമ്യേന അധികം ഉത്തരവാദിത്വങ്ങൾ ഇല്ലാത്തവർക്കും ഏതു സാധ്യതകളെക്കുറിച്ചു ചിന്തിക്കാനാകും?

16 സർവകലാശാലാബിരുദം നേടുന്നതിനെക്കുറിച്ചു ചിന്തിച്ചുകൊണ്ടിരിക്കുന്ന ഒരു സമർപ്പിത ക്രിസ്‌ത്യാനിയാണോ നിങ്ങൾ? ഇതുവരെയും ഭാരിച്ച കുടുംബ ഉത്തരവാദിത്വങ്ങൾ നിങ്ങളുടെ ചുമലിൽ ആയിട്ടില്ലായിരിക്കാം. അങ്ങനെയെങ്കിൽ എന്താണു നിങ്ങളുടെ ഭാവിപരിപാടി? യഹോവയുടെ ഇഷ്ടം ചെയ്‌തുകൊള്ളാമെന്ന വാക്കുപാലിക്കാൻ സഹായകമായ എന്തു തിരഞ്ഞെടുപ്പുകളാണുള്ളത്‌? ബിരുദം നേടുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു പകരം പയനിയറിങ്‌ ചെയ്യാനാകുംവിധം കാര്യാദികൾ പൊരുത്തപ്പെടുത്താൻ നിങ്ങൾക്കാകുമോ? അങ്ങനെ ചെയ്‌ത അനേകർ വലിയ സന്തോഷവും ചാരിതാർഥ്യവും ആസ്വദിച്ചിരിക്കുന്നു.—സങ്കീ. 110:3; സഭാ. 12:1.

17 ഒരുപക്ഷേ പ്രായപൂർത്തിയായ ഒരു വ്യക്തിയായിരിക്കാം നിങ്ങൾ. മുഴുസമയജോലിയാണു നിങ്ങളുടേത്‌. സ്വന്തം കാര്യം നോക്കണം എന്നതൊഴിച്ചാൽ നിങ്ങൾക്ക്‌ ഒരുപാട്‌ ഉത്തരവാദിത്വങ്ങൾ ഇല്ലതാനും. സമയം അനുവദിക്കുന്നതുപോലെ നിങ്ങൾ സഭാപ്രവർത്തനങ്ങളിൽ ഏർപ്പെടുകയും അത്‌ ആസ്വദിക്കുകയും ചെയ്യുന്നുണ്ട്‌ എന്നതു ശരിതന്നെ. എന്നാൽ ആ സന്തോഷം വർധിപ്പിക്കാനായി എന്തെങ്കിലും ചെയ്യാനാകുമോ? ശുശ്രൂഷയിൽ അൽപ്പംകൂടെ പ്രവർത്തിക്കുന്നതിനെക്കുറിച്ചു നിങ്ങൾ ചിന്തിച്ചുനോക്കിയിട്ടുണ്ടോ? (സങ്കീ. 34:8; സദൃ. 10:22) ചില പ്രദേശങ്ങളിൽ എല്ലാവരും സുവാർത്ത അറിയണമെങ്കിൽ ഇനിയും ധാരാളം പ്രവർത്തിക്കേണ്ടതുണ്ട്‌. കൂടുതൽ രാജ്യഘോഷകരെ ആവശ്യമുള്ള ഒരു സ്ഥലത്തു സേവിക്കാനായി ജീവിതത്തിൽ ചില പൊരുത്തപ്പെടുത്തലുകൾ വരുത്താൻ നിങ്ങൾക്കാകുമോ?1 തിമൊഥെയൊസ്‌ 6:6-8 വായിക്കുക.

18. ഒരു യുവദമ്പതികൾ എന്തു പൊരുത്തപ്പെടുത്തലുകൾ വരുത്തി, എന്തു ഫലമുണ്ടായി?

18 ഐക്യനാടുകളിൽനിന്നുള്ള കെവിന്റെയും എലനയുടെയും കാര്യമെടുക്കുക. * അവിടത്തെ മിക്ക നവദമ്പതികൾക്കും തോന്നാറുള്ളതുപോലെ സ്വന്തമെന്നു പറയാൻ ഒരു വീടു വേണമെന്ന്‌ അവർക്കും തോന്നി. രണ്ടുപേരും മുഴുസമയം ജോലിചെയ്‌തു, ജീവിതം സുഖകരമായിത്തീർന്നു. പക്ഷേ, ജോലിയും വീട്ടിലെ ഉത്തരവാദിത്വങ്ങളും നിമിത്തം വയൽസേവനത്തിനു സമയമില്ലെന്നായി. തങ്ങളുടെ മുഴുവൻ സമയവും ഊർജവും ഭൗതികകാര്യങ്ങൾക്കുവേണ്ടി ഉഴിഞ്ഞുവെച്ചിരിക്കുകയാണെന്ന്‌ അവർ തിരിച്ചറിഞ്ഞു. എന്നാൽ ആഡംബരങ്ങളൊന്നുമില്ലാത്ത ലളിതജീവിതം നയിച്ചുകൊണ്ട്‌ പയനിയറിങ്‌ ചെയ്‌തുകൊണ്ടിരുന്ന ഒരു ദമ്പതികളെ അടുത്തു നിരീക്ഷിച്ചതിനുശേഷം അവർ ജീവിതത്തിലെ മുൻഗണനകൾ മാറ്റിപ്രതിഷ്‌ഠിക്കാൻ തീരുമാനിച്ചു. പ്രാർഥനയിൽ യഹോവയുടെ നിർദേശം ആരാഞ്ഞശേഷം വീടുവിറ്റ്‌ ഒരു അപ്പാർട്ടുമെന്റിലേക്കു മാറി. ജോലിസമയം വെട്ടിക്കുറച്ചുകൊണ്ട്‌ എലന പയനിയറിങ്‌ തുടങ്ങി. ശുശ്രൂഷയിൽ ഭാര്യ ആസ്വദിക്കുന്ന സന്തോഷം കണ്ട്‌ കെവിനും മുഴുസമയജോലി വിട്ട്‌ പയനിയറിങ്‌ ആരംഭിച്ചു. അൽപ്പംകഴിഞ്ഞ്‌ ഇരുവരും, രാജ്യഘോഷകരുടെ ആവശ്യം ഏറെയുണ്ടായിരുന്ന ഒരു തെക്കേ അമേരിക്കൻ രാജ്യത്തേക്കു മാറി. കെവിൻ പറയുന്നതു ശ്രദ്ധിക്കുക: “ഒരു സന്തുഷ്ട ദാമ്പത്യമാണു ഞങ്ങളുടേത്‌, അന്നും ഇന്നും; എന്നാൽ ആത്മീയലക്ഷ്യങ്ങൾവെച്ചു പ്രവർത്തിച്ചപ്പോൾ സന്തോഷം അതിന്റെ ഉന്നതിയിലെത്തി.”മത്തായി 6:19-22 വായിക്കുക.

19, 20. ഇന്നു ഭൂമുഖത്തു നടക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വേല സുവാർത്താപ്രസംഗമാണെന്നു പറയുന്നത്‌ എന്തുകൊണ്ട്‌?

19 ഇന്നു ഭൂമുഖത്തു നടക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വേലയാണ്‌ സുവാർത്താപ്രസംഗം. (വെളി. 14:6, 7) യഹോവയുടെ നാമത്തിന്റെ വിശുദ്ധീകരണത്തിൽ അതിനൊരു പങ്കുണ്ട്‌. (മത്താ. 6:9) ഓരോ വർഷവും അനേകായിരങ്ങളാണു ബൈബിൾസത്യം സ്വീകരിക്കുന്നത്‌. അത്‌ അവരുടെ ജീവിതം മെച്ചപ്പെടുത്തുന്നുവെന്നു മാത്രമല്ല അവരെ രക്ഷയുടെ പാതയിലൂടെ കൈപിടിച്ചുനടത്തുകയും ചെയ്യുന്നു. എന്നാൽ “പ്രസംഗിക്കുന്നവൻ ഇല്ലാതെ [അവർ] എങ്ങനെ കേൾക്കും?” പൗലൊസ്‌ ചോദിച്ചു. (റോമ. 10:14, 15) തികച്ചും അസാധ്യംതന്നെ! ശുശ്രൂഷ നിവർത്തിക്കാൻ കഴിവിന്റെ പരമാവധി ചെയ്യാൻ നിങ്ങൾ ദൃഢനിശ്ചയം ചെയ്യില്ലേ?

20 ഈ നിർണായക നാളുകളുടെ പ്രാധാന്യത്തെയും തങ്ങൾ എടുക്കുന്ന തീരുമാനങ്ങളുടെ പരിണതഫലങ്ങളെയും കുറിച്ചു മനസ്സിലാക്കാൻ ആളുകളെ സഹായിക്കാനാകുന്ന മറ്റൊരു വിധം നിങ്ങളുടെ പഠിപ്പിക്കൽ പ്രാപ്‌തി മെച്ചപ്പെടുത്തുക എന്നതാണ്‌. ഇതെങ്ങനെ ചെയ്യാനാകുമെന്നു പ്രതിപാദിക്കുന്നതാണ്‌ അടുത്ത ലേഖനം.

[അടിക്കുറിപ്പ്‌]

^ ഖ. 18 പേരുകൾക്കു മാറ്റം വരുത്തിയിരിക്കുന്നു.

നിങ്ങൾ എങ്ങനെ ഉത്തരം പറയും?

• ക്രിസ്‌ത്യാനികൾക്ക്‌ സഹമനുഷ്യരോട്‌ എന്തു കടപ്പാടുണ്ട്‌?

• പ്രസംഗവേലയിലെ പ്രതിബന്ധങ്ങൾ മറികടക്കാൻ നാം എന്തു ചെയ്യണം?

• ഏറ്റെടുത്തിരിക്കുന്ന ശുശ്രൂഷ നിറവേറ്റാൻ നമുക്ക്‌ എന്തു ചെയ്യാനാകും?

[അധ്യയന ചോദ്യങ്ങൾ]

[5-ാം പേജിലെ ചിത്രം]

എതിർപ്പിന്മധ്യേ സുവാർത്ത പ്രസംഗിക്കുന്നതിനു നല്ല ധൈര്യം ആവശ്യമാണ്‌

[7-ാം പേജിലെ ചിത്രം]

ആളില്ലാവീടുകൾ ധാരാളമുള്ള പ്രദേശമാണു നിങ്ങളുടേതെങ്കിൽ എന്തു ചെയ്യാനാകും?