വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ജീവജലത്തിന്റെ ഉറവുകളിലേക്കു നയിക്കപ്പെടാൻ യോഗ്യർ

ജീവജലത്തിന്റെ ഉറവുകളിലേക്കു നയിക്കപ്പെടാൻ യോഗ്യർ

ജീവജലത്തിന്റെ ഉറവുകളിലേക്കു നയിക്കപ്പെടാൻ യോഗ്യർ

‘കുഞ്ഞാട്‌ അവരെ മേയ്‌ച്ച്‌ ജീവജലത്തിന്റെ ഉറവുകളിലേക്കു നടത്തും.’—വെളി. 7:17.

1. ദൈവവചനം അഭിഷിക്ത ക്രിസ്‌ത്യാനികളെ എങ്ങനെ വിശേഷിപ്പിക്കുന്നു, യേശു അവർക്ക്‌ എന്തു ചുമതല നൽകി?

ഭൂമിയിൽ ക്രിസ്‌തുവിനുള്ള സ്വത്തുക്കൾ പരിപാലിക്കുന്ന അഭിഷിക്ത ക്രിസ്‌ത്യാനികളെ വിശ്വസ്‌തനും വിവേകിയുമായ അടിമ എന്നാണു ദൈവവചനം വിശേഷിപ്പിക്കുന്നത്‌. 1918-ൽ ക്രിസ്‌തു ആ അടിമയെ നിരീക്ഷിക്കാനെത്തിയപ്പോൾ അവർ ഭൂമിയിൽ സവിശ്വസ്‌തം തന്റെ വീട്ടുകാർക്ക്‌ ‘തത്സമയത്തെ [ആത്മീയ] ഭക്ഷണം’ കൊടുക്കുന്നതായി അവൻ കണ്ടു. അതുകൊണ്ട്‌ യജമാനനായ യേശു സന്തോഷപൂർവം അവരെ “തനിക്കുള്ള സകലത്തി”ന്റെയും ചുമതലയേൽപ്പിച്ചു. (മത്തായി 24:45-47 വായിക്കുക.) ഈ വിധത്തിൽ, തങ്ങളുടെ സ്വർഗീയാവകാശം പ്രാപിക്കുന്നതിനുമുമ്പ്‌ അഭിഷിക്തർ ഭൂമിയിലുള്ള തങ്ങളുടെ സഹാരാധകരെ സേവിക്കുന്നു.

2. യേശുവിന്റെ സ്വത്തുക്കളിൽ എന്ത്‌ ഉൾപ്പെടുന്നു?

2 ഒരു വ്യക്തിക്ക്‌ തന്റെ സ്വത്തുക്കൾ തനിക്കിഷ്ടമുള്ളതുപോലെ വിനിയോഗിക്കാൻ അവകാശമുണ്ട്‌. യഹോവ രാജാവായി അവരോധിച്ചിരിക്കുന്ന യേശുക്രിസ്‌തുവിന്റെ സ്വത്തുക്കളിൽ, ദൈവരാജ്യവുമായി ബന്ധപ്പെട്ട്‌ അവന്‌ ഭൂമിയിലുള്ള സകലവും ഉൾപ്പെടുന്നു. അപ്പൊസ്‌തലനായ യോഹന്നാൻ ദർശനത്തിൽ കണ്ട “മഹാപുരുഷാരം” അതിന്റെ ഭാഗമാണ്‌. അവൻ അവരെ ഇങ്ങനെ വർണിക്കുന്നു: “സകല ജാതികളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലുംനിന്നു ഉള്ളതായി ആർക്കും എണ്ണിക്കൂടാത്ത ഒരു മഹാപുരുഷാരം വെള്ളനിലയങ്കി ധരിച്ചു കയ്യിൽ കുരുത്തോലയുമായി സിംഹാസനത്തിന്നും കുഞ്ഞാടിന്നും മുമ്പാകെ നില്‌ക്കുന്നതു ഞാൻ കണ്ടു.”—വെളി. 7:9.

3, 4. മഹാപുരുഷാരത്തിന്‌ മഹത്തായ എന്തെല്ലാം പദവികളുണ്ട്‌?

3 “വേറെ ആടുകൾ” എന്ന്‌ യേശു വിശേഷിപ്പിച്ചവരുടെ ഭാഗമാണ്‌ ഈ മഹാപുരുഷാരം. (യോഹ. 10:16) പറുദീസാഭൂമിയിൽ എന്നേക്കും ജീവിക്കാൻ പ്രത്യാശിക്കുന്ന ഇവർക്ക്‌, യേശു തങ്ങളെ “ജീവജലത്തിന്റെ ഉറവുകളിലേക്കു നടത്തു”മെന്നും ‘ദൈവം തങ്ങളുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടച്ചുകളയുമെന്നും’ പൂർണബോധ്യമുണ്ട്‌. ആ പ്രത്യാശയുടെ അടിസ്ഥാനത്തിൽ അവർ “കുഞ്ഞാടിന്റെ രക്തത്തിൽ തങ്ങളുടെ അങ്കി അലക്കി വെളുപ്പിച്ചിരിക്കുന്നു.” (വെളി. 7:14, 17) യേശുവിന്റെ യാഗത്തിൽ വിശ്വാസം അർപ്പിക്കുന്നതിനാലാണ്‌ ദൈവം അവരെ ‘അലക്കിവെളുപ്പിച്ച അങ്കി’ ധരിച്ചിരിക്കുന്നവരായി വീക്ഷിക്കുന്നത്‌. ദൈവത്തിന്റെ സ്‌നേഹിതരായ അവർ അബ്രാഹാമിനെപ്പോലെ നീതിമാന്മാരായി എണ്ണപ്പെടുന്നു.

4 തന്നിമിത്തം, ഈ വ്യവസ്ഥിതി നശിപ്പിക്കപ്പെടുമ്പോഴുണ്ടാകുന്ന മഹാകഷ്ടത്തെയും, തുടർന്നുള്ള അർമഗെദോൻ യുദ്ധത്തെയും ഒരു കൂട്ടമെന്നനിലയിൽ അതിജീവിക്കാമെന്ന പ്രത്യാശ, എണ്ണത്തിൽ വർധിച്ചുവരുന്ന ഈ മഹാപുരുഷാരത്തിനുണ്ട്‌. (യാക്കോ. 2:23-26; വെളി. 7:15) യഹോവയോട്‌ അടുത്തുചെല്ലാനുള്ള പദവിയും അവർക്കുണ്ട്‌. (യാക്കോ. 4:8) ഒരു സ്വതന്ത്രഗണമെന്നനിലയിൽ പ്രവർത്തിക്കുന്നതിനുപകരം തങ്ങളുടെ സ്വർഗീയ രാജാവിന്റെയും ഭൂമിയിലെ അവന്റെ അഭിഷിക്ത സഹോദരന്മാരുടെയും നേതൃത്വത്തിന്‌ അവർ കീഴ്‌പെടുന്നു.

5. മഹാപുരുഷാരത്തിൽപ്പെട്ടവർ ക്രിസ്‌തുവിന്റെ അഭിഷിക്ത സഹോദരന്മാരെ പിന്തുണയ്‌ക്കുന്നതെങ്ങനെ?

5 അഭിഷിക്ത ക്രിസ്‌ത്യാനികൾക്ക്‌ സാത്താന്റെ ലോകത്തുനിന്നു കടുത്ത എതിർപ്പുകൾ ഉണ്ടായിട്ടുണ്ട്‌, ഇനിയുമുണ്ടാകും. എങ്കിലും തങ്ങളുടെ സഹകാരികളായ മഹാപുരുഷാരത്തിന്റെ പിന്തുണ അവർക്കുണ്ട്‌. അഭിഷിക്തരുടെ എണ്ണം ഇപ്പോൾ നന്നേ കുറവാണെങ്കിലും വർഷംതോറും ലക്ഷങ്ങൾ മഹാപുരുഷാരത്തിലേക്കു കൂട്ടിച്ചേർക്കപ്പെടുന്നു. ലോകമെങ്ങുമുള്ള ഒരു ലക്ഷത്തോളം സഭകൾക്കു നേരിട്ടു മേൽനോട്ടം വഹിക്കാൻ അഭിഷിക്തർക്കാവില്ല. അതുകൊണ്ട്‌ വേറെ ആടുകൾ അവരെ സഹായിക്കുന്നു. ഉദാഹരണത്തിന്‌, മഹാപുരുഷാരത്തിൽപ്പെട്ട യോഗ്യതയുള്ള പുരുഷന്മാർ സഭാമൂപ്പന്മാരായി സേവിച്ചുകൊണ്ട്‌ വിശ്വസ്‌തനും വിവേകിയുമായ അടിമയുടെ മേൽവിചാരണയിലുള്ള ലക്ഷക്കണക്കിനു ക്രിസ്‌ത്യാനികളെ ആത്മീയമായി പരിപാലിക്കുന്നു.

6. അഭിഷിക്ത ക്രിസ്‌ത്യാനികൾക്ക്‌ വേറെ ആടുകൾ നൽകുന്ന പിന്തുണയെപ്പറ്റി മുൻകൂട്ടി പറയപ്പെട്ടത്‌ എങ്ങനെ?

6 അഭിഷിക്ത ക്രിസ്‌ത്യാനികൾക്ക്‌ വേറെ ആടുകളിൽപ്പെട്ട അവരുടെ സഹകാരികൾ മനസ്സോടെ നൽകുന്ന പിന്തുണയെപ്പറ്റി യെശയ്യാ പ്രവാചകൻ ഇങ്ങനെ പറഞ്ഞു: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: മിസ്രയീമിന്റെ അദ്ധ്വാനഫലവും [“കൂലി വാങ്ങാതെ പണിയുന്ന ഈജിപ്‌തുകാരും,” NW] കൂശിന്റെ വ്യാപാരലാഭവും ദീർഘകായന്മാരായ സെബായരും നിന്റെ അടുക്കൽ കടന്നുവന്നു നിനക്കു കൈവശമാകും; അവർ നിന്റെ പിന്നാലെ നടക്കും.” (യെശ. 45:14) ഭൗമികപ്രത്യാശയുള്ള ക്രിസ്‌ത്യാനികൾ അഭിഷിക്ത അടിമവർഗത്തിന്റെയും അതിന്റെ ഭരണസംഘത്തിന്റെയും നേതൃത്വം പിൻപറ്റിക്കൊണ്ട്‌ ആലങ്കാരിക അർഥത്തിൽ അവരുടെ പിന്നാലെ നടക്കുന്നു. “കൂലി വാങ്ങാതെ പണിയുന്ന” അവർ, ക്രിസ്‌തു ഭൂമിയിലെ തന്റെ അഭിഷിക്താനുഗാമികളെ ഭരമേൽപ്പിച്ച ആഗോള പ്രസംഗവേലയെ പിന്തുണയ്‌ക്കാൻ സന്മനസ്സോടെയും പൂർണഹൃദയത്തോടെയും തങ്ങളുടെ ഊർജവും ആസ്‌തികളും ചെലവഴിക്കുന്നു.—പ്രവൃ. 1:8; വെളി. 12:17.

7. മഹാപുരുഷാരം ഏതുദ്ദേശ്യത്തിൽ പരിശീലിപ്പിക്കപ്പെടുന്നു?

7 തങ്ങളുടെ അഭിഷിക്ത സഹോദരന്മാരെ ഈ വിധത്തിൽ പിന്തുണയ്‌ക്കുന്നതിലൂടെ മഹാപുരുഷാരത്തിലെ അംഗങ്ങൾ, അർമഗെദോനെത്തുടർന്നു സ്ഥാപിക്കപ്പെടുന്ന മനുഷ്യസമുദായത്തിന്റെ അടിസ്ഥാനമായി വർത്തിക്കാൻ പരിശീലിപ്പിക്കപ്പെടുകയാണ്‌. ഈ അടിസ്ഥാനം ഉറപ്പും ബലവും ഉള്ളതായിരിക്കണം. യജമാനന്റെ നിർദേശങ്ങൾ പിൻപറ്റാൻ അതിന്റെ അംഗങ്ങൾ സന്നദ്ധരുമായിരിക്കണം. രാജാവായ ക്രിസ്‌തുയേശുവിൽനിന്ന്‌ ഭാവിയിൽ ഉത്തരവാദിത്വങ്ങൾ സ്വീകരിക്കാൻ തങ്ങൾ യോഗ്യരാണെന്നു തെളിയിക്കാനുള്ള അവസരം ഇന്ന്‌ ഓരോ ക്രിസ്‌ത്യാനിക്കും നൽകപ്പെടുന്നു. ഇപ്പോൾ വിശ്വാസവും വിശ്വസ്‌തതയും പ്രകടമാക്കുന്നതിലൂടെ, പുതിയ ലോകത്തിന്റെ രാജാവു നൽകാനിരിക്കുന്ന നിർദേശങ്ങൾ മനസ്സാ പിൻപറ്റുമെന്നു തെളിയിക്കുകയാണ്‌ അവർ.

മഹാപുരുഷാരം വിശ്വാസം തെളിയിക്കുന്നു

8, 9. മഹാപുരുഷാരത്തിൽപ്പെട്ടവർ തങ്ങളുടെ വിശ്വാസം തെളിയിക്കുന്നതെങ്ങനെ?

8 അഭിഷിക്ത ക്രിസ്‌ത്യാനികളുടെ സഹകാരികൾ പലവിധങ്ങളിൽ തങ്ങളുടെ വിശ്വാസം തെളിയിക്കുന്നു. ഒന്നാമതായി, ദൈവരാജ്യസുവാർത്ത ഘോഷിക്കുന്നതിൽ അവർ അഭിഷിക്തരെ സഹായിക്കുന്നു. (മത്താ. 24:14; 28:19, 20) രണ്ടാമതായി, ഭരണസംഘത്തിന്റെ നിർദേശങ്ങൾക്ക്‌ അവർ മനസ്സാ കീഴ്‌പെടുന്നു.—എബ്രാ. 13:17; സെഖര്യാവു 8:23 വായിക്കുക.

9 മൂന്നാമതായി, യഹോവയുടെ നീതിയുള്ള തത്ത്വങ്ങൾക്കു ചേർച്ചയിൽ ജീവിച്ചുകൊണ്ട്‌ അവർ തങ്ങളുടെ അഭിഷിക്ത സഹോദരന്മാരെ പിന്തുണയ്‌ക്കുന്നു. “സ്‌നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്‌തത, സൌമ്യത, ഇന്ദ്രിയജയം” എന്നീ ഗുണങ്ങൾ നട്ടുവളർത്താൻ അവർ യത്‌നിക്കുന്നു. (ഗലാ. 5:22, 23) ‘ജഡത്തിന്റെ പ്രവൃത്തികൾ’ സർവസാധാരണമായിരിക്കുന്ന ഇക്കാലത്ത്‌ മേൽപ്പറഞ്ഞ ഗുണങ്ങൾ പ്രകടമാക്കുന്നവരെ ആളുകൾ വിചിത്രമനുഷ്യരായി വീക്ഷിച്ചേക്കാം. എങ്കിലും “ദുർന്നടപ്പു, അശുദ്ധി, ദുഷ്‌കാമം, വിഗ്രഹാരാധന, ആഭിചാരം, പക, പിണക്കം, ജാരശങ്ക, ക്രോധം, ശാഠ്യം, ദ്വന്ദ്വപക്ഷം, ഭിന്നത, അസൂയ, മദ്യപാനം, വെറിക്കൂത്തു മുതലായവ” ഒഴിവാക്കാൻ മഹാപുരുഷാരത്തിൽപ്പെട്ടവർ നിശ്ചയിച്ചുറച്ചിരിക്കുന്നു.—ഗലാ. 5:19-21.

10. മഹാപുരുഷാരത്തിൽപ്പെട്ടവർ എന്തു ദൃഢനിശ്ചയം ചെയ്‌തിരിക്കുന്നു?

10 ആത്മീയഫലം പുറപ്പെടുവിക്കുന്നതും ജഡത്തിന്റെ പ്രവൃത്തികൾ ഒഴിവാക്കുന്നതും സാത്താന്യലോകത്തിന്റെ സമ്മർദങ്ങളെ ചെറുക്കുന്നതും അപൂർണരായ നമുക്കു ബുദ്ധിമുട്ടായിരുന്നേക്കാം. എന്നിരുന്നാലും വ്യക്തിപരമായ ബലഹീനതകളോ ശാരീരിക പരിമിതികളോ ക്രിസ്‌തീയജീവിതത്തിലെ താത്‌കാലിക പരാജയങ്ങളോ നിമിത്തമുണ്ടാകുന്ന നിരുത്സാഹം, നമ്മുടെ വിശ്വാസത്തെ ദുർബലമാക്കാനോ യഹോവയോടുള്ള സ്‌നേഹം ചോർത്തിക്കളയാനോ ഇടയാക്കാതിരിക്കാൻ നാം ദൃഢചിത്തരാണ്‌. വാഗ്‌ദാനം ചെയ്യപ്പെട്ടതുപോലെ മഹാകഷ്ടത്തിന്റെ നാളുകളിൽ യഹോവ മഹാപുരുഷാരത്തെ കാത്തുസൂക്ഷിക്കുമെന്നു നമുക്കറിയാം.

11. ക്രിസ്‌ത്യാനികളുടെ വിശ്വാസം ദുർബലമാക്കാൻ സാത്താൻ എന്തെല്ലാം തന്ത്രങ്ങൾ ഉപയോഗിച്ചിരിക്കുന്നു?

11 കൂടാതെ നമ്മുടെ യഥാർഥശത്രു പിശാചാണെന്നും അവൻ എളുപ്പത്തിൽ തോറ്റുപിന്മാറുന്നവനല്ലെന്നും അറിയുന്നതിനാൽ നാം നിതാന്തജാഗ്രതയുള്ളവരുമാണ്‌. (1 പത്രൊസ്‌ 5:8 വായിക്കുക.) നാം പിൻപറ്റുന്ന ഉപദേശങ്ങൾ വ്യാജമാണെന്ന്‌ വിശ്വാസത്യാഗികളെയും മറ്റുള്ളവരെയും ഉപയോഗിച്ച്‌ നമ്മെ വിശ്വസിപ്പിക്കാൻ അവൻ ശ്രമിച്ചിട്ടുണ്ട്‌. എന്നാൽ പലപ്പോഴും ആ ശ്രമങ്ങൾ പാളിപ്പോയിരിക്കുന്നു. സമാനമായി, പീഡനം ചിലപ്പോഴൊക്കെ നമ്മുടെ വേലയെ മന്ദീഭവിപ്പിച്ചിട്ടുണ്ടെങ്കിലും ഒട്ടുമിക്കപ്പോഴും അത്‌ പീഡനത്തിനിരയായവരുടെ വിശ്വാസത്തെ ബലപ്പെടുത്തുകയാണു ചെയ്‌തിരിക്കുന്നത്‌. അതുകൊണ്ട്‌, നമ്മുടെ വിശ്വാസം ദുർബലമാക്കാൻ ഏറെ സാധ്യതയുള്ളതായി അവൻ കരുതുന്ന ഒരായുധം പലപ്പോഴും അവൻ ഉപയോഗിക്കുന്നു—നമുക്കുണ്ടാകുന്ന നിരുത്സാഹത്തെ മുതലെടുക്കാൻ അവൻ ശ്രമിക്കുന്നു. “നിങ്ങളുടെ ഉള്ളിൽ ക്ഷീണിച്ചു മടുക്കാതിരിപ്പാൻ പാപികളാൽ തനിക്കു നേരിട്ട ഇങ്ങനെയുള്ള വിരോധം സഹിച്ചവനെ ധ്യാനിച്ചുകൊൾവിൻ” എന്നെഴുതിയപ്പോൾ ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികൾക്ക്‌ ഈ അപകടത്തിനെതിരെ പൗലൊസ്‌ മുന്നറിയിപ്പു നൽകുകയായിരുന്നു.—എബ്രാ. 12:3.

12. നിരുത്സാഹിതരെ തിരുവെഴുത്തുകൾ ബലപ്പെടുത്തുന്നത്‌ എങ്ങനെ?

12 മനസ്സുമടുത്ത്‌, ദൈവസേവനം വിട്ടുകളഞ്ഞാലോയെന്ന്‌ എപ്പോഴെങ്കിലും നിങ്ങൾ ചിന്തിച്ചുപോയിട്ടുണ്ടോ? ജീവിതം ഒരു പരാജയമാണെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ? അത്തരം ചിന്തകളെ മുതലെടുത്തുകൊണ്ട്‌ യഹോവയെ സേവിക്കുന്നതിൽനിന്നു നിങ്ങളെ തടയാൻ സാത്താനെ അനുവദിക്കരുത്‌. സഗൗരവം ബൈബിൾ പഠിക്കുന്നതും ആത്മാർഥമായി പ്രാർഥിക്കുന്നതും ക്രമമായി യോഗങ്ങളിൽ സംബന്ധിക്കുന്നതും സഹവിശ്വാസികളുമായി സഹവസിക്കുന്നതും നിങ്ങളെ ബലപ്പെടുത്തും, ‘ഉള്ളിൽ ക്ഷീണിച്ചുമടുത്തുപോകാതിരിക്കാൻ’ അവ നിങ്ങളെ സഹായിക്കും. ശക്തി പുതുക്കാൻ തന്റെ ദാസരെ സഹായിക്കുമെന്ന്‌ യഹോവ വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്‌, അവൻ അതു പാലിക്കുകതന്നെ ചെയ്യും. (യെശയ്യാവു 40:30, 31 വായിക്കുക.) അതുകൊണ്ട്‌ രാജ്യവേലയിൽ ശ്രദ്ധപതിപ്പിക്കുക. സമയം കവർന്നുകളയുന്ന അനാവശ്യകാര്യങ്ങൾ ഒഴിവാക്കിക്കൊണ്ട്‌ മറ്റുള്ളവരെ സഹായിക്കുന്നതിൽ വ്യാപൃതരാകുക. നിരുത്സാഹത്തെ തരണം ചെയ്യാൻവേണ്ട കരുത്ത്‌ അപ്പോൾ നിങ്ങൾക്കു ലഭിക്കും.—ഗലാ. 6:1, 2.

മഹാകഷ്ടത്തിലൂടെ പുതിയ ലോകത്തിലേക്ക്‌

13. അർമഗെദോനെ അതിജീവിക്കുന്നവർക്ക്‌ എന്തു നിയമനം ലഭിക്കും?

13 അർമഗെദോനുശേഷം പുനരുത്ഥാനം പ്രാപിച്ചുവരുന്ന നീതികെട്ടവരായ അസംഖ്യം ആളുകളെ യഹോവയുടെ വഴികൾ പഠിപ്പിക്കേണ്ടതുണ്ട്‌. (പ്രവൃ. 24:15) യേശുവിന്റെ മറുവിലയാഗത്തെക്കുറിച്ചു മാത്രമല്ല ആ യാഗത്തിൽ വിശ്വാസമർപ്പിച്ചുകൊണ്ട്‌ എങ്ങനെ പ്രയോജനം നേടാമെന്നും അവർ പഠിക്കണം. മുമ്പ്‌ പിൻപറ്റിപ്പോന്ന വ്യാജമതോപദേശങ്ങളും ജീവിതരീതിയും അവർ ഉപേക്ഷിക്കേണ്ടിയിരിക്കുന്നു. സത്യക്രിസ്‌ത്യാനികളെ തിരിച്ചറിയിക്കുന്ന പുതിയ വ്യക്തിത്വം ധരിക്കാനും അവർ അഭ്യസിക്കണം. (എഫെ. 4:22-24; കൊലൊ. 3:9, 10) അർമഗെദോനെ അതിജീവിക്കുന്ന വേറെ ആടുകൾക്ക്‌ അന്നു ധാരാളം വേല ചെയ്യാനുണ്ടാകും. ഇന്നത്തെ ദുഷ്ടലോകത്തിന്റെ സമ്മർദങ്ങളിൽനിന്നും പ്രലോഭനങ്ങളിൽനിന്നും വിമുക്തരായി ആ വിധത്തിൽ യഹോവയെ സേവിക്കുന്നതിന്റെ സന്തോഷം എത്ര വലുതായിരിക്കും!

14, 15. മഹാകഷ്ടത്തെ അതിജീവിക്കുന്നവരും പുനരുത്ഥാനത്തിൽവരുന്ന നീതിമാന്മാരും പരസ്‌പരം എന്തു വിവരങ്ങൾ കൈമാറും?

14 യേശുവിന്റെ ഭൗമിക ശുശ്രൂഷയ്‌ക്കുമുമ്പ്‌ മരിച്ചുപോയ വിശ്വസ്‌ത ദൈവദാസർക്കും അന്ന്‌ ഏറെ കാര്യങ്ങൾ പഠിക്കാനുണ്ടാകും. ആകാംക്ഷയോടെ കാത്തിരുന്നിട്ടും തങ്ങൾക്കു കാണാൻ കഴിയാതെപോയ ആ വാഗ്‌ദത്തമിശിഹാ ആരായിരുന്നുവെന്ന്‌ അവർ തിരിച്ചറിയും. യഹോവയിൽനിന്നു പഠിക്കാൻ മനസ്സുള്ളവരാണു തങ്ങളെന്ന്‌ പൂർവകാലത്തുതന്നെ തെളിയിച്ചവരാണ്‌ അവർ. അവരെയെല്ലാം സഹായിക്കുന്നതിന്റെ—ഉദാഹരണത്തിന്‌ ദാനീയേലിന്‌ അവൻ എഴുതിയ പ്രവചനങ്ങളുടെ അർഥം വിശദീകരിച്ചുകൊടുക്കുന്നതിന്റെ—സന്തോഷം നിങ്ങൾക്കു സങ്കൽപ്പിക്കാനാകുമോ?—ദാനീ. 12:8, 9.

15 പുനരുത്ഥാനം പ്രാപിക്കുന്നവർക്കു പലകാര്യങ്ങളും നമ്മിൽനിന്നു പഠിക്കാനുള്ളതുപോലെ, അവരോടു ചോദിച്ചുമനസ്സിലാക്കാൻ നമുക്കും ധാരാളം കാര്യങ്ങളുണ്ടായിരിക്കും. ബൈബിളിൽ പരാമർശിച്ചിട്ടുള്ളതും എന്നാൽ വിശദാംശങ്ങൾ ഇല്ലാത്തതുമായ സംഭവങ്ങളുടെ പൂർണചിത്രം മനസ്സിലാക്കാൻ അവർക്കു നമ്മെ സഹായിക്കാനാകും. യേശുവിനെക്കുറിച്ചുള്ള വ്യക്തിപരമായ വിവരങ്ങൾ അവന്റെ ബന്ധുവായ സ്‌നാപകയോഹന്നാൻ നമുക്കു വിശദീകരിച്ചുതരുന്നതിനെപ്പറ്റി ചിന്തിച്ചുനോക്കൂ! ആ വിശ്വസ്‌തസാക്ഷികളിൽനിന്നു പഠിക്കാൻ കഴിയുന്ന വിവരങ്ങൾ ദൈവവചനത്തോടുള്ള നമ്മുടെ മതിപ്പ്‌ പതിന്മടങ്ങു വർധിപ്പിക്കും. അന്ത്യകാലത്ത്‌ മരണമടയുന്ന മഹാപുരുഷാരത്തിൽപ്പെട്ടവർ ഉൾപ്പെടെ, മരണത്തിൽ നിദ്രകൊള്ളുന്ന വിശ്വസ്‌തരായ ദൈവദാസർക്ക്‌ “ഏറ്റവും നല്ലൊരു ഉയിർത്തെഴുന്നേൽപ്പ്‌” ലഭിക്കും. സാത്താന്റെ അധീനതയിലുള്ള ലോകത്തിൽ യഹോവയെ സേവിക്കാൻ തുടങ്ങിയ അവർക്ക്‌ പുതിയ ലോകത്തിലെ തികച്ചും അനുകൂലമായ സാഹചര്യങ്ങളിൽ ആ സേവനം തുടരാനാകുന്നത്‌ എന്തൊരു സന്തോഷമായിരിക്കും!—എബ്രാ. 11:35; 1 യോഹ. 5:19.

16. ന്യായവിധിനാളിൽ എന്തു സംഭവിക്കുമെന്ന്‌ പ്രവചനം ചൂണ്ടിക്കാട്ടുന്നു?

16 ന്യായവിധിനാളിന്റെ ഒരു ഘട്ടത്തിൽ പുതിയ ചുരുളുകൾ തുറക്കപ്പെടും. അന്നു ജീവിച്ചിരിക്കുന്നവർ നിത്യജീവനു യോഗ്യരാണോ എന്നു നിശ്ചയിക്കുന്നത്‌ ആ ചുരുളുകളുടെയും ബൈബിളിന്റെയും അടിസ്ഥാനത്തിലായിരിക്കും. (വെളിപ്പാടു 20:12, 13 വായിക്കുക.) ന്യായവിധിനാൾ അവസാനിക്കാറാകുമ്പോഴേക്കും അഖിലാണ്ഡ പരമാധികാരം സംബന്ധിച്ച വിവാദവിഷയത്തിൽ തന്റെ നിലപാടു വ്യക്തമാക്കാൻ ഓരോ വ്യക്തിക്കും ആവശ്യത്തിനു സമയം ലഭിച്ചിരിക്കും. അയാൾ ദൈവരാജ്യ ക്രമീകരണങ്ങൾക്കു കീഴ്‌പെട്ടുകൊണ്ട്‌ “ജീവജലത്തിന്റെ ഉറവുകളിലേക്ക്‌” തന്നെ നയിക്കാൻ ‘കുഞ്ഞാടിനെ’ അനുവദിക്കുമോ? അതോ ദൈവരാജ്യത്തിനു കീഴ്‌പെടാൻ വിസമ്മതിച്ചുകൊണ്ട്‌ അയാൾ ദൈവത്തോട്‌ എതിർക്കുമോ? (വെളി. 7:17; യെശ. 65:20) അവകാശമായി ലഭിച്ച പാപത്തിന്റെയോ ദുഷിച്ച സാഹചര്യങ്ങളുടെയോ സമ്മർദങ്ങളില്ലാതെ, വ്യക്തിപരമായ ഒരു തീരുമാനമെടുക്കാൻ ഭൂമിയിലുള്ള സകലർക്കും അവസരം ലഭിച്ചിരിക്കും. യഹോവയുടെ അന്തിമ ന്യായവിധിയുടെ യുക്തത ചോദ്യംചെയ്യാൻ ആർക്കും ഇടമുണ്ടായിരിക്കില്ല. ദുഷ്ടന്മാർ മാത്രമേ നിത്യനാശത്തിലേക്കു പോകുകയുള്ളൂ.—വെളി. 20:14, 15.

17, 18. അഭിഷിക്ത ക്രിസ്‌ത്യാനികളും വേറെ ആടുകളും സന്തോഷകരമായ ഏതു പ്രത്യാശയോടെ ന്യായവിധിനാളിനായി കാത്തിരിക്കുന്നു?

17 രാജ്യഭരണം ഏറ്റെടുക്കാൻ യോഗ്യരായി എണ്ണപ്പെട്ട ഇന്നത്തെ അഭിഷിക്ത ക്രിസ്‌ത്യാനികൾ ന്യായവിധിനാളിലെ ഭരണത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു. എത്ര വലിയ പദവി! ഒന്നാം നൂറ്റാണ്ടിലെ സഹോദരന്മാർക്ക്‌ പത്രൊസ്‌ നൽകിയ പിൻവരുന്ന ബുദ്ധിയുപദേശം പിൻപറ്റാൻ ആ പ്രത്യാശ അവരെ പ്രചോദിപ്പിക്കുന്നു: “നിങ്ങളുടെ വിളിയും തിരഞ്ഞെടുപ്പും ഉറപ്പാക്കുവാൻ അധികം ശ്രമിപ്പിൻ. ഇങ്ങനെ ചെയ്‌താൽ നിങ്ങൾ ഒരുനാളും ഇടറിപ്പോകാതെ നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്‌തുവിന്റെ നിത്യരാജ്യത്തിലേക്കുള്ള പ്രവേശനം ധാരാളമായി പ്രാപിക്കും.”—2 പത്രൊ. 1:10, 11.

18 വേറെ ആടുകൾ തങ്ങളുടെ അഭിഷിക്ത സഹോദരന്മാരുടെ സന്തോഷത്തിൽ പങ്കുചേരുന്നു. അഭിഷിക്തരെ പിന്തുണയ്‌ക്കാൻ അവർ പ്രതിജ്ഞാബദ്ധരാണ്‌. ദൈവത്തിന്റെ സ്‌നേഹിതരെന്നനിലയിൽ അവന്റെ സേവനത്തിൽ പരമാവധി ഏർപ്പെടാൻ അവർ ഉത്സാഹിക്കുന്നു. ജീവജലത്തിന്റെ ഉറവുകളിലേക്ക്‌ യേശു തങ്ങളെ കൈപിടിച്ചുനടത്തുന്ന ആ ന്യായവിധിനാളിൽ പൂർണഹൃദയത്തോടും അത്യാനന്ദത്തോടും കൂടെ അവർ ദൈവത്തിന്റെ ക്രമീകരണങ്ങളെ പിന്തുണയ്‌ക്കും. അങ്ങനെ ഒടുവിൽ അവർ സർവനിത്യതയിലും ഭൂമിയിൽ യഹോവയെ സേവിക്കാൻ യോഗ്യരായി എണ്ണപ്പെടും!—റോമ. 8:20, 21; വെളി. 21:1-7.

നിങ്ങൾ ഓർമിക്കുന്നുവോ?

• യേശുവിന്റെ സ്വത്തുക്കളിൽ എന്ത്‌ ഉൾപ്പെടുന്നു?

• മഹാപുരുഷാരത്തിൽപ്പെട്ടവർ അഭിഷിക്ത സഹോദരന്മാരെ പിന്തുണയ്‌ക്കുന്നതെങ്ങനെ?

• മഹാപുരുഷാരത്തിൽപ്പെട്ടവർക്ക്‌ എന്തു പദവികളും പ്രത്യാശയും ഉണ്ട്‌?

• നിങ്ങൾ ന്യായവിധിനാളിനെ വീക്ഷിക്കുന്നത്‌ എങ്ങനെ?

[അധ്യയന ചോദ്യങ്ങൾ]

[25-ാം പേജിലെ ചിത്രം]

മഹാപുരുഷാരത്തിൽപ്പെട്ടവർ കുഞ്ഞാടിന്റെ രക്തത്തിൽ തങ്ങളുടെ അങ്കി അലക്കി വെളുപ്പിച്ചിരിക്കുന്നു

[27-ാം പേജിലെ ചിത്രം]

പുനരുത്ഥാനം പ്രാപിച്ചുവരുന്ന വിശ്വസ്‌തരിൽനിന്ന്‌ എന്തു മനസ്സിലാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നു?