വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘നിത്യജീവനുവേണ്ട ഹൃദയനിലയുള്ളവർ’ പ്രതികരിക്കുന്നു

‘നിത്യജീവനുവേണ്ട ഹൃദയനിലയുള്ളവർ’ പ്രതികരിക്കുന്നു

‘നിത്യജീവനുവേണ്ട ഹൃദയനിലയുള്ളവർ’ പ്രതികരിക്കുന്നു

“നിത്യജീവനുവേണ്ട ഹൃദയനില ഉണ്ടായിരുന്നവരൊക്കെയും വിശ്വാസികളായി.” —പ്രവൃ. 13:48, NW.

1, 2. രാജ്യത്തിന്റെ സുവിശേഷം ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും എന്ന യേശുവിന്റെ പ്രവചനം ഒന്നാം നൂറ്റാണ്ടിൽ നിവൃത്തിയേറിയത്‌ എങ്ങനെ?

രാജ്യത്തിന്റെ സുവിശേഷം ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടുമെന്ന യേശുവിന്റെ പ്രവചനം ഒന്നാം നൂറ്റാണ്ടിൽ നിവൃത്തിയേറിയത്‌ എങ്ങനെയെന്ന്‌ പ്രവൃത്തികളുടെ പുസ്‌തകത്തിൽ കാണാനാകും. (മത്താ. 24:14) തീക്ഷ്‌ണരായ ആദിമ ക്രിസ്‌ത്യാനികൾ പിന്നീടുവന്ന രാജ്യഘോഷകർക്ക്‌ ഉത്തമ മാതൃകകളായിരുന്നു. ക്രിസ്‌തുശിഷ്യന്മാർ യെരൂശലേമിൽ നടത്തിയ തീക്ഷ്‌ണസാക്ഷീകരണത്തിന്റെ ഫലമായി ‘പുരോഹിതന്മാരുടെ വലിയോരു കൂട്ടം’ ഉൾപ്പെടെ ആയിരക്കണക്കിന്‌ ആളുകൾ ആദിമ ക്രിസ്‌തീയസഭയോടൊപ്പം ചേരുകയുണ്ടായി.—പ്രവൃ. 2:41; 4:4; 6:7.

2 ഒന്നാം നൂറ്റാണ്ടിലെ മിഷനറിമാരുടെ പ്രവർത്തനഫലമായും അനേകർ ക്രിസ്‌ത്യാനികളായിത്തീർന്നു. ശമര്യയിൽ ഫിലിപ്പൊസ്‌ നടത്തിയ പ്രസംഗത്തിനു പുരുഷാരങ്ങൾ അടുത്ത ശ്രദ്ധനൽകി. (പ്രവൃ. 8:5-8) പൗലൊസ്‌ വ്യത്യസ്‌ത സഹചാരികളോടൊപ്പം സൈപ്രസ്‌, ഏഷ്യാമൈനർ, മാസിഡോണിയ, ഗ്രീസ്‌, ഇറ്റലി എന്നിവിടങ്ങളിൽ ക്രിസ്‌തീയ സന്ദേശം പ്രസംഗിച്ചുകൊണ്ട്‌ വിപുലമായ യാത്രകൾ നടത്തുകയുണ്ടായി. അവൻ പ്രസംഗിച്ച നഗരങ്ങളിൽ യെഹൂദന്മാരുടെയും ഗ്രീക്കുകാരുടെയും വലിയോരു പുരുഷാരം വിശ്വാസികളായിത്തീർന്നു. (പ്രവൃ. 14:1; 16:5; 17:4) തീത്തൊസ്‌ ക്രേത്തയിൽ ശുശ്രൂഷ നിർവഹിച്ചു. (തീത്തൊ. 1:5) പത്രൊസ്‌ ബാബിലോണിലും. അവിടെവെച്ച്‌ അവൻ തന്റെ ആദ്യ ലേഖനം എഴുതിയ സമയമായപ്പോഴേക്കും (സാധ്യതയനുസരിച്ച്‌ എ.ഡി. 62-നും 64-നും ഇടയ്‌ക്ക്‌) പൊന്തൊസ്‌, ഗലാത്യ, കപ്പദോക്യ, ഏഷ്യ, ബിഥുന്യ എന്നിവിടങ്ങളിൽ ക്രിസ്‌ത്യാനികളുടെ പ്രവർത്തനം പ്രസിദ്ധമായിത്തീർന്നിരുന്നു. (1 പത്രൊ. 1:1; 5:13) ആ കാലങ്ങൾ എത്ര ആവേശോജ്ജ്വലമായിരുന്നു! ‘ലോകത്തെ തലകീഴ്‌മറിച്ച മനുഷ്യർ’ എന്നു ശത്രുക്കൾ ആരോപിക്കാൻ ഇടയാകുംവിധം അത്ര തീക്ഷ്‌ണതയുള്ളവരായിരുന്നു ആ രാജ്യഘോഷകർ.—പ്രവൃ. 17:6, പി.ഒ.സി. ബൈബിൾ; 28:22.

3. രാജ്യഘോഷകർ ഇന്ന്‌ എന്തു ഫലം കൊയ്യുന്നു, അതേക്കുറിച്ചു നിങ്ങൾക്കെന്തു തോന്നുന്നു?

3 ആധുനിക നാളുകളിലും ക്രിസ്‌തീയ സഭ ഗണ്യമായ വളർച്ച നേടിയിരിക്കുന്നു. യഹോവയുടെ സാക്ഷികളുടെ വാർഷിക റിപ്പോർട്ടിൽനിന്ന്‌ ഈ ലോകവ്യാപക വളർച്ചയെക്കുറിച്ചു മനസ്സിലാക്കുമ്പോൾ നിങ്ങൾ പ്രോത്സാഹിതരാകുന്നില്ലേ? സേവനവർഷം 2007-ൽ രാജ്യഘോഷകർ 60 ലക്ഷത്തിലധികം ബൈബിളധ്യയനങ്ങൾ നടത്തിയെന്നതു നിങ്ങളെ സന്തോഷിപ്പിക്കുന്നില്ലേ? കഴിഞ്ഞവർഷം യേശുവിന്റെ മരണത്തിന്റെ സ്‌മാരകാചരണത്തിൽ സാക്ഷികളല്ലാത്ത ഒരു കോടിയോളം പേർ സന്നിഹിതരായി. സുവാർത്തയിൽ ഇവർക്കുള്ള താത്‌പര്യമല്ലേ ഇതു കാണിക്കുന്നത്‌? അതേ, ഇനിയും വളരെയേറെ ചെയ്യാനുണ്ട്‌!

4. ആരാണ്‌ രാജ്യസന്ദേശത്തോടു പ്രതികരിക്കുന്നത്‌?

4 ഒന്നാം നൂറ്റാണ്ടിലെപ്പോലെ ഇന്നും ‘നിത്യജീവനുവേണ്ട ഹൃദയനില ഉള്ളവരൊക്കെയും’ രാജ്യസന്ദേശം കൈക്കൊള്ളുന്നു. (പ്രവൃ. 13:48) അത്തരം ആളുകളെ യഹോവ തന്റെ സംഘടനയിലേക്ക്‌ ആനയിക്കുന്നു. (ഹഗ്ഗായി 2:7 വായിക്കുക.) കൂട്ടിച്ചേർക്കൽ വേലയോടു പൂർണമായി സഹകരിക്കുന്നതിന്‌ ക്രിസ്‌തീയ ശുശ്രൂഷയിൽ നാം എന്തു മനോഭാവം നിലനിറുത്തണം?

മുഖപക്ഷമില്ലാതെ പ്രസംഗിക്കുക

5. യഹോവയുടെ അംഗീകാരമുള്ളത്‌ ആർക്കാണ്‌?

5 “ദൈവത്തിന്നു മുഖപക്ഷമില്ല എന്നും ഏതു ജാതിയിലും അവനെ ഭയപ്പെട്ടു നീതി പ്രവർത്തിക്കുന്നവനെ അവൻ അംഗീകരിക്കുന്നു” എന്നുമുള്ള വസ്‌തുത ആദിമ ക്രിസ്‌ത്യാനികൾ മനസ്സിലാക്കിയിരുന്നു. (പ്രവൃ. 10:34, 35) യഹോവയുമായി നല്ലൊരു ബന്ധം ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിയും യേശുവിന്റെ മറുവിലയാഗത്തിൽ വിശ്വാസമർപ്പിക്കണം. (യോഹ. 3:16, 36) “സകലമനുഷ്യരും രക്ഷപ്രാപിപ്പാനും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തുവാനും” യഹോവ ഇച്ഛിക്കുന്നു.—1 തിമൊ. 2:3, 4.

6. സുവാർത്താഘോഷകർ എന്ത്‌ ഒഴിവാക്കണം, എന്തുകൊണ്ട്‌?

6 സമൂഹത്തിലെ നിലയുംവിലയും, രൂപഭാവങ്ങൾ, മതം, വർഗം തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ ആളുകളെ മുൻവിധിയോടെ വീക്ഷിക്കുന്നത്‌ സുവാർത്താഘോഷകർക്കു ചേർന്നതല്ല. ഇതൊന്നു ചിന്തിക്കൂ: ആദ്യമായി നിങ്ങളോടു സുവാർത്ത പങ്കുവെച്ചയാൾ നിങ്ങളെ മുൻവിധിയോടെ വീക്ഷിക്കാഞ്ഞതിൽ നിങ്ങൾ നന്ദിയുള്ളവനല്ലേ? അങ്ങനെയെങ്കിൽ, ജീവരക്ഷാകരമായ സന്ദേശം ശ്രദ്ധിക്കാൻ സന്നദ്ധത കാണിച്ചേക്കാവുന്ന ഏതൊരാളോടും മുൻവിധികൂടാതെ നിങ്ങളും അതു പങ്കുവെക്കേണ്ടതല്ലേ?—മത്തായി 7:12 വായിക്കുക.

7. നാം മറ്റുള്ളവരെ വിധിക്കരുതാത്തത്‌ എന്തുകൊണ്ട്‌?

7 ന്യായപാലകനായി യഹോവ നിയമിച്ചിരിക്കുന്നത്‌ യേശുവിനെയാണ്‌. അതുകൊണ്ട്‌ ആരെയും വിധിക്കാനുള്ള അവകാശം നമുക്കില്ല. അതു ന്യായമാണുതാനും, കാരണം നാം വിധിക്കുന്നത്‌ ‘കണ്ണുകൊണ്ടു കാണുന്നതുപോലെയും ചെവികൊണ്ടു കേൾക്കുന്നതു പോലെയും’ ആയിരിക്കും. എന്നാൽ യേശു അങ്ങനെയല്ല, അവന്‌ ആളുകളുടെ വികാരങ്ങളും ഉള്ളിന്റെയുള്ളിലെ ചിന്തകളും വായിക്കാനാകും.—യെശ. 11:1-5; 2 തിമൊ. 4:1.

8, 9. (എ) ക്രിസ്‌ത്യാനി ആയിത്തീരുന്നതിനുമുമ്പ്‌ ശൗൽ ഏതുതരം വ്യക്തിയായിരുന്നു? (ബി) അപ്പൊസ്‌തലനായ പൗലൊസിന്റെ അനുഭവത്തിൽനിന്നു നമുക്കെന്തു പഠിക്കാം?

8 എല്ലാ പശ്ചാത്തലങ്ങളിലും നിന്നുള്ളവർ യഹോവയുടെ ദാസരായിത്തീർന്നിട്ടുണ്ട്‌. അപ്പൊസ്‌തലനായ പൗലൊസ്‌ എന്ന്‌ പിന്നീട്‌ അറിയപ്പെട്ട തർസൊസിലെ ശൗൽ ഇതിനൊരു നല്ല ഉദാഹരണമാണ്‌. പരീശനായ ശൗൽ ക്രിസ്‌ത്യാനികളുടെ ശത്രുവായിരുന്നു. ക്രിസ്‌ത്യാനികൾ യഹോവയുടെ സത്യാരാധകർ അല്ലെന്നുള്ള തെറ്റിദ്ധാരണ നിമിത്തമാണ്‌ അവൻ ക്രിസ്‌തീയ സഭയെ പീഡിപ്പിച്ചത്‌. (ഗലാ. 1:13) മാനുഷ കാഴ്‌ചപ്പാടിൽ ശൗൽ ഒരു ക്രിസ്‌ത്യാനി ആയിത്തീരാനുള്ള സാധ്യത നന്നേ കുറവായിരുന്നു. എന്നിരുന്നാലും അവന്റെ ഹൃദയത്തിൽ എന്തോ നന്മ ദർശിച്ച യേശു ഒരു പ്രത്യേക നിയമനത്തിനായി അവനെ തിരഞ്ഞെടുത്തു. അതിന്റെ ഫലമായി, ആദിമ ക്രിസ്‌തീയ സഭയിലെ ഏറ്റവും തീക്ഷ്‌ണതയും ഉത്സാഹവുമുള്ള വ്യക്തികളിൽ ഒരാളായി ശൗൽ.

9 അപ്പൊസ്‌തലനായ പൗലൊസിന്റെ അനുഭവത്തിൽനിന്നു നമുക്കെന്തു പഠിക്കാം? സുവാർത്തയെ വിദ്വേഷത്തോടെ വീക്ഷിക്കുന്ന വ്യക്തികളോ ഗ്രൂപ്പുകളോ നമ്മുടെ പ്രദേശത്ത്‌ ഉണ്ടായിരിക്കാം. ഇവരാരും ഒരിക്കലും സത്യം പഠിക്കില്ലെന്നു തോന്നിയേക്കാമെങ്കിലും, അവരോടു സംസാരിക്കുന്നതു നിറുത്തിക്കളയരുത്‌. രാജ്യസന്ദേശം കേൾക്കാൻപോലും തയ്യാറാകില്ലെന്നു നാം ചിന്തിക്കുന്ന വ്യക്തികൾ ചിലപ്പോൾ അനുകൂലമായി പ്രതികരിച്ചേക്കാം. നമ്മുടെ നിയമനം എല്ലാവരോടും അവിരാമം പ്രസംഗിക്കുക എന്നതാണ്‌.—പ്രവൃത്തികൾ 5:42 വായിക്കുക.

അനുഗ്രഹങ്ങൾ കാത്തിരിക്കുന്നു

10. കണ്ടാൽ പേടിതോന്നുന്നവരോട്‌ സുവാർത്ത പറയുന്നതിൽനിന്നു പിന്മാറിനിൽക്കരുതാത്തത്‌ എന്തുകൊണ്ട്‌? പ്രാദേശിക അനുഭവങ്ങൾ പറയുക.

10 രൂപഭാവങ്ങൾ വഞ്ചനാത്മകമാകാം. ഉദാഹരണത്തിന്‌ ഇഗ്നാസിയോയുടെ കാര്യമെടുക്കുക. * ഒരു തെക്കേ അമേരിക്കൻ രാജ്യത്ത്‌ ജയിൽശിക്ഷ അനുഭവിക്കവേ ഇഗ്നാസിയോ യഹോവയുടെ സാക്ഷികളോടൊത്തു ബൈബിൾ പഠിക്കാൻ തുടങ്ങി. അക്രമാസക്തനായിരുന്ന അയാൾ ആളുകൾക്കൊരു പേടിസ്വപ്‌നമായിരുന്നു. ഇതിനാൽ, സഹതടവുകാർക്കു സാധനങ്ങൾ ഉണ്ടാക്കി വിറ്റിരുന്ന ജയിലിലെ അന്തേവാസികൾ കിട്ടാക്കടം പിരിച്ചെടുക്കുന്നതിനായി ഇഗ്നാസിയോയെ ഉപയോഗിച്ചിരുന്നു. എന്നിരുന്നാലും ബൈബിൾപഠനത്തിൽ പുരോഗമിക്കുകയും പഠിച്ച കാര്യങ്ങൾ ബാധകമാക്കുകയും ചെയ്‌തുതുടങ്ങിയതോടെ, ഇഗ്നാസിയോ അക്രമവാസന ഉപേക്ഷിച്ച്‌ സൗമ്യനായിത്തീർന്നു. കിട്ടാക്കടം പിരിക്കാൻ ഇപ്പോൾ ആരും അദ്ദേഹത്തെ വിളിക്കുന്നില്ല, ബൈബിൾസത്യവും ദൈവാത്മാവും തന്റെ വ്യക്തിത്വത്തിൽ പരിവർത്തനം വരുത്തിയതിൽ ഇഗ്നാസിയോ തികച്ചും സന്തുഷ്ടനാണ്‌. മുൻവിധികൂടാതെ, തന്നെ ബൈബിൾ പഠിപ്പിക്കാൻ യത്‌നിച്ച രാജ്യഘോഷകരുടെ വിശാലമനഃസ്ഥിതിക്കും അദ്ദേഹം നന്ദിപറയുന്നു.

11. നാം ആളുകളെ വീണ്ടുംവീണ്ടും സന്ദർശിക്കേണ്ടതിന്റെ കാരണമെന്ത്‌?

11 മുമ്പു സുവാർത്ത കേട്ടിട്ടുള്ള ആളുകളെ നാം വീണ്ടുംവീണ്ടും സന്ദർശിക്കേണ്ടതുണ്ടോ? ഉണ്ട്‌. ഒരു കാരണം അവരുടെ സാഹചര്യങ്ങളിലും മനോഭാവങ്ങളിലും മാറ്റംവരാം എന്നുള്ളതാണ്‌, വാസ്‌തവത്തിൽ അങ്ങനെ സംഭവിച്ചിട്ടുമുണ്ട്‌. നമ്മുടെ കഴിഞ്ഞ സന്ദർശനത്തിനുശേഷം ചിലർക്കെങ്കിലും ഗുരുതരമായ രോഗം പിടിപെടുകയോ ജോലി പോകുകയോ പ്രിയപ്പെട്ടവരെ മരണത്തിൽ നഷ്ടപ്പെടുകയോ ചെയ്‌ത അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടാകാം. (സഭാപ്രസംഗി 9:11 വായിക്കുക.) തങ്ങൾക്കു ചുറ്റുമുള്ള ലോകത്തിൽ അരങ്ങേറുന്ന സംഭവങ്ങൾ ഭാവിയെക്കുറിച്ചു ഗൗരവമായി ചിന്തിക്കാൻ ആളുകളെ പ്രേരിപ്പിച്ചെന്നുവരാം. ഇത്തരം സംഭവവികാസങ്ങൾ ഹേതുവായി, മുമ്പ്‌ നിസ്സംഗത പുലർത്തുകയോ എതിർക്കുകയോപോലും ചെയ്‌തിരുന്ന ഒരു വ്യക്തി സുവാർത്തയോട്‌ അനുകൂലമായി പ്രതികരിച്ചേക്കാം. അതുകൊണ്ട്‌, സുവാർത്ത പറയാൻ ലഭിക്കുന്ന അനുയോജ്യമായ സന്ദർഭങ്ങളൊന്നും നാം പാഴാക്കരുത്‌.

12. നാം പ്രസംഗിക്കുന്നവരോടുള്ള നമ്മുടെ മനോഭാവം എന്തായിരിക്കണം, എന്തുകൊണ്ട്‌?

12 ആളുകളെ തരംതിരിക്കാനും വിധിക്കാനുമുള്ള ചായ്‌വ്‌ മനുഷ്യസഹജമാണ്‌. എന്നാൽ യഹോവ ഓരോ വ്യക്തിയെയുമാണു നോക്കുന്നത്‌. അവരുടെ നല്ല ഗുണങ്ങൾ അവൻ കണക്കിലെടുക്കുന്നു. (1 ശമൂവേൽ 16:7 വായിക്കുക.) ശുശ്രൂഷയിൽ നാമും അതുതന്നെ ചെയ്യണം. വയലിൽ കണ്ടുമുട്ടുന്ന ഏവരെയും കുറിച്ച്‌ ഒരു ക്രിയാത്മക വീക്ഷണമുണ്ടായിരിക്കുന്നത്‌ സത്‌ഫലങ്ങൾ കൈവരുത്തുമെന്ന്‌ അനേകം അനുഭവങ്ങൾ തെളിയിക്കുന്നു.

13, 14. (എ) സുവാർത്തയിൽ താത്‌പര്യം കാണിച്ച രൂത്തിനെ സാന്ദ്ര പിന്നീട്‌ സന്ദർശിക്കാഞ്ഞത്‌ എന്തുകൊണ്ട്‌? (ബി) ഈ അനുഭവം നമ്മെ എന്തു പഠിപ്പിക്കുന്നു?

13 സാന്ദ്ര ഒരു പയനിയറാണ്‌. ഒരു കരീബിയൻ ദ്വീപിൽ വീടുതോറുമുള്ള ശുശ്രൂഷയിൽ ഏർപ്പെട്ടിരിക്കേ കാർണിവൽ ആഘോഷങ്ങളിലെ നിറസാന്നിധ്യമായ രൂത്തിനെ കണ്ടുമുട്ടി. രണ്ടുപ്രാവശ്യം ദേശീയ ‘കാർണിവൽ ക്വീൻ’ കിരീടമണിഞ്ഞിരുന്നു രൂത്ത്‌. സുവാർത്തയിൽ ആത്മാർഥ താത്‌പര്യം കാണിച്ചതിനാൽ സാന്ദ്ര അവൾക്കൊരു ബൈബിളധ്യയനം വാഗ്‌ദാനം ചെയ്‌തു. പക്ഷേ, സാന്ദ്ര ഓർമിക്കുന്നു: “സ്വീകരണമുറിയിലേക്കു കടന്നുചെന്ന എന്നെ എതിരേറ്റത്‌ വർണശബളമായ കാർണിവൽ വേഷഭൂഷാദികൾ അണിഞ്ഞു നിൽക്കുന്ന രൂത്തിന്റെ വലിയൊരു ഫോട്ടോയും അവൾക്കു കിട്ടിയ ട്രോഫികളും ആയിരുന്നു. കാർണിവൽ ആഘോഷങ്ങളിലെ സജീവസാന്നിധ്യവും ഇത്ര പ്രശസ്‌തയുമായ ഒരാൾക്ക്‌ സത്യത്തോടു താത്‌പര്യം ഉണ്ടാകാനിടയില്ലെന്നു ഞാൻ നിഗമനം ചെയ്‌തു. അതുകൊണ്ട്‌ പിന്നീട്‌ ഞാനവളെ സന്ദർശിച്ചില്ല.”

14 കുറച്ചുനാളുകൾക്കുശേഷം ഒരു ദിവസം രൂത്ത്‌ രാജ്യഹാളിൽ ചെന്നു. യോഗം കഴിഞ്ഞ്‌ അവൾ സാന്ദ്രയോടു ചോദിച്ചു: “എന്താ എന്നെ പഠിപ്പിക്കാൻ വരാതിരുന്നത്‌? ക്ഷമചോദിച്ച സാന്ദ്ര അധ്യയനം പുനരാരംഭിക്കാനുള്ള ക്രമീകരണം ചെയ്‌തു. വളരെ വേഗം പുരോഗതി പ്രാപിച്ച രൂത്ത്‌ കാർണിവൽ ഫോട്ടോകളെല്ലാം എടുത്തുമാറ്റി, യോഗങ്ങളിലും പ്രസംഗപ്രവർത്തനത്തിലും സജീവമായി, ജീവിതം യഹോവയ്‌ക്കു സമർപ്പിക്കുകയും ചെയ്‌തു. സാന്ദ്രയുടെ ആദ്യനിഗമനം എത്ര തെറ്റായിരുന്നു!

15, 16. (എ) ഒരു പ്രസാധിക തന്റെ ബന്ധുവിനോടു സാക്ഷീകരിച്ചതിന്റെ ഫലമെന്ത്‌? (ബി) ഒരു ബന്ധുവിന്റെ പശ്ചാത്തലം അയാളോടു സാക്ഷീകരിക്കുന്നതിൽനിന്നു നമ്മെ തടയരുതാത്തത്‌ എന്തുകൊണ്ട്‌?

15 അവിശ്വാസികളായ കുടുംബാംഗങ്ങളോടു സാക്ഷീകരിച്ച പലർക്കും നല്ല അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്‌. അനുകൂലമായി പ്രതികരിക്കാനിടയില്ലെന്നു വിചാരിച്ച ബന്ധുക്കൾപോലും സത്യം സ്വീകരിച്ചതിന്റെ അനുഭവങ്ങൾ അവർക്കു പറയാനാകും. അമേരിക്കയിൽനിന്നുള്ള ജോയ്‌സിന്റെ കാര്യമെടുക്കുക. അവളുടെ സഹോദരീഭർത്താവ്‌ കൗമാരംമുതൽക്കേ പല പ്രാവശ്യം ജയിൽവാസം അനുഭവിച്ചിട്ടുണ്ട്‌. ജോയ്‌സ്‌ പറയുന്നു: “മയക്കുമരുന്നും മോഷണവും അനാശാസ്യപ്രവർത്തനങ്ങളുമെല്ലാം ജീവിതത്തിന്റെ ഭാഗമായിരുന്നതിനാൽ അദ്ദേഹത്തിന്റെ ജീവിതം പാഴാണെന്ന്‌ ആളുകൾ പറയുമായിരുന്നു. ഇങ്ങനെയൊക്കെ ആയിരുന്നിട്ടും നീണ്ട 37 വർഷം ഞാൻ അദ്ദേഹത്തോടു ബൈബിൾസത്യങ്ങളെക്കുറിച്ചു സംസാരിച്ചു.” ഒടുവിൽ, അവളുടെ ക്ഷമയോടെയുള്ള പ്രയത്‌നം ഫലംകണ്ടു. അദ്ദേഹം യഹോവയുടെ സാക്ഷികളോടൊത്തു ബൈബിൾ പഠിച്ച്‌ ജീവിതത്തിൽ സമൂലമായ മാറ്റങ്ങൾ വരുത്തി. അടുത്തകാലത്തു കാലിഫോർണിയയിൽവെച്ചു നടന്ന ഒരു ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനിൽ തന്റെ 50-ാം വയസ്സിൽ സ്‌നാനമേൽക്കുകയും ചെയ്‌തു. ജോയ്‌സ്‌ പറയുന്നു: “സന്തോഷംകൊണ്ടു ഞാൻ കരഞ്ഞുപോയി, മടുത്തുപിന്മാറാതിരുന്നത്‌ എത്ര നന്നായി!”

16 ചില ബന്ധുക്കളോട്‌ സാക്ഷീകരിക്കുന്നതിൽനിന്നു നമ്മെ തടയുന്നത്‌ അവരുടെ പശ്ചാത്തലമായിരിക്കും. എന്നാൽ തന്റെ ബന്ധുവിനോടു സംസാരിക്കുന്നതിന്‌ ജോയ്‌സിന്‌ അതൊന്നും തടസ്സമായില്ല. എന്തൊക്കെയായാലും, മറ്റൊരാളുടെ ഹൃദയത്തിലുള്ളത്‌ നമുക്കറിയില്ലല്ലോ. ഒരുപക്ഷേ ആ വ്യക്തി സത്യത്തിനുവേണ്ടി ആത്മാർഥമായി അന്വേഷിക്കുന്നുണ്ടായിരിക്കും. അതുകൊണ്ട്‌ അതു കണ്ടെത്താനുള്ള അവസരം അയാൾക്കു നിഷേധിക്കരുത്‌.—സദൃശവാക്യങ്ങൾ 3:27 വായിക്കുക.

ഫലപ്രദമായ ബൈബിൾ പഠനസഹായി

17, 18. (എ) ബൈബിൾ പഠിപ്പിക്കുന്നു പുസ്‌തകത്തെക്കുറിച്ച്‌ റിപ്പോർട്ടുകൾ എന്തു പറയുന്നു? (ബി) ഈ പുസ്‌തകം ഉപയോഗിച്ചപ്പോൾ നിങ്ങൾക്കുണ്ടായ നല്ല അനുഭവങ്ങൾ പറയുക.

17 ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന ബൈബിൾ പഠനസഹായി ആത്മാർഥഹൃദയർ ഇരുകയ്യുംനീട്ടി സ്വീകരിക്കുന്നുവെന്ന്‌ ലോകത്തിന്റെ പലഭാഗത്തുനിന്നുള്ള റിപ്പോർട്ടുകൾ കാണിക്കുന്നു. ഐക്യനാടുകളിലെ ഒരു പയനിയറായ പെനീ ഈ പ്രസിദ്ധീകരണം ഉപയോഗിച്ച്‌ നിരവധി ബൈബിളധ്യയനങ്ങൾ ആരംഭിച്ചു. അതിൽ രണ്ടുപേർ മതഭക്തരായ വയോധികരായിരുന്നു. ബൈബിൾ പഠിപ്പിക്കുന്നു പുസ്‌തകം അവതരിപ്പിക്കുന്ന തിരുവെഴുത്തുസത്യങ്ങളോട്‌ അവർ എങ്ങനെ പ്രതികരിക്കുമെന്നു പെനീക്ക്‌ യാതൊരു രൂപവുമില്ലായിരുന്നു. അവൾ എഴുതുന്നു: “വ്യക്തവും യുക്തിസഹവും വളച്ചുകെട്ടില്ലാത്തതുമായ രീതിയിൽ വിവരങ്ങൾ അവതരിപ്പിച്ചിരിക്കുന്നതിനാൽ ക്ഷോഭമോ തർക്കമോ ഒന്നുമില്ലാതെ പഠിക്കുന്ന കാര്യങ്ങൾ സത്യമാണെന്ന്‌ അവർ പെട്ടെന്നുതന്നെ അംഗീകരിച്ചു.”

18 ബ്രിട്ടനിലെ ഒരു പ്രസാധികയായ പാറ്റ്‌, ഏഷ്യയിൽനിന്നു കുടിയേറിയ ഒരു സ്‌ത്രീയുമായി ബൈബിളധ്യയനം ആരംഭിച്ചു. അവൾ മാതൃരാജ്യം വിടാൻ നിർബന്ധിതയായ സാഹചര്യം ഹൃദയഭേദകമാണ്‌. വിമതപട്ടാളക്കാർ ആ സ്‌ത്രീയുടെ ഭർത്താവിനെയും പുത്രന്മാരെയും തട്ടിക്കൊണ്ടുപോയി, പിന്നീടവൾ ഒരിക്കലുമവരെ കണ്ടിട്ടില്ല. അവളുടെ ജീവൻ അപകടത്തിലായി, വീട്‌ തീവെച്ചു നശിപ്പിച്ചു, കൂട്ടബലാത്സംഗത്തിന്‌ ഇരയാകുകയും ചെയ്‌തു. ആശയറ്റ അവൾ പലപ്രാവശ്യം ആത്മഹത്യയെക്കുറിച്ചു ചിന്തിച്ചു. എന്നിരുന്നാലും ബൈബിളധ്യയനം അവളുടെ ജീവിതത്തിൽ പ്രത്യാശയുടെ കിരണങ്ങൾ വിതറി. “ബൈബിൾ പഠിപ്പിക്കുന്നു പുസ്‌തകത്തിലെ ലളിതമായ വിശദീകരണങ്ങളും ദൃഷ്ടാന്തങ്ങളും അവളുടെമേൽ നല്ല സ്വാധീനം ചെലുത്തി,” പാറ്റ്‌ എഴുതുന്നു. വളരെവേഗം പുരോഗതി പ്രാപിച്ച അവൾ സ്‌നാനമേറ്റിട്ടില്ലാത്ത പ്രസാധികയാകാൻ യോഗ്യത പ്രാപിച്ചു, അടുത്ത സമ്മേളനത്തിൽ സ്‌നാനമേൽക്കാനുള്ള ആഗ്രഹവും പ്രകടിപ്പിച്ചിട്ടുണ്ട്‌. തിരുവെഴുത്തുകൾ വാഗ്‌ദാനം ചെയ്യുന്ന പ്രത്യാശയെക്കുറിച്ചു മനസ്സിലാക്കാനും വിലമതിക്കാനും ആത്മാർഥഹൃദയരെ സഹായിക്കുന്നത്‌ എത്ര പുളകപ്രദമാണ്‌!

“നന്മ ചെയ്‌കയിൽ നാം മടുത്തുപോകരുത്‌”

19. സുവാർത്താപ്രസംഗം അടിയന്തിരമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

19 പ്രസംഗിച്ചു ശിഷ്യരാക്കാനുള്ള നമ്മുടെ നിയമനം ഓരോ ദിവസം കടന്നുപോകുമ്പോഴും കൂടുതൽ അടിയന്തിരമാവുകയാണ്‌. വർഷംതോറും, ‘നിത്യജീവനുവേണ്ട ഹൃദയനിലയുള്ള’ ആയിരക്കണക്കിന്‌ ആളുകൾ സുവാർത്തയോട്‌ അനുകൂലമായി പ്രതികരിക്കുന്നു. അതേസമയം ആത്മീയ അന്ധകാരത്തിൽ തുടരുന്നവർ ‘കൊലക്കളത്തിലേക്കു വലിച്ചിഴയ്‌ക്കപ്പെടുകയാണ്‌,’ എന്തെന്നാൽ “യഹോവയുടെ മഹാദിവസം അടുത്തിരിക്കുന്നു.”—സദൃ. 24:11, പി.ഒ.സി; സെഫ. 1:14.

20. നാമോരോരുത്തരും എന്തു ചെയ്യാൻ ദൃഢചിത്തരായിരിക്കണം?

20 അത്തരം ആളുകളെ നമുക്കിനിയും സഹായിക്കാനാകും. പക്ഷേ അങ്ങനെ ചെയ്യുന്നതിന്‌ ‘ക്രിസ്‌തുവായ യേശുവിനെക്കുറിച്ചുള്ള സുവാർത്ത അവിരാമം പഠിപ്പിക്കുകയും ഘോഷിക്കുകയും ചെയ്‌തുകൊണ്ടിരുന്ന’ ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികളെ നാം അനുകരിക്കേണ്ടതുണ്ട്‌. (പ്രവൃ. 5:42, NW) പ്രതികൂല സാഹചര്യങ്ങളിൽ മടുത്തുപിന്മാറാതെയും ‘പ്രബോധനപാടവത്തിന്‌’ ശ്രദ്ധകൊടുത്തുകൊണ്ടും മുഖപക്ഷമില്ലാതെ പ്രസംഗിച്ചുകൊണ്ടും നമുക്കു അവരുടെ മാതൃക അനുകരിക്കാം. ‘നന്മ ചെയ്യുന്നതിൽ മടുത്തുപോകാതിരുന്നാൽ’ ദിവ്യാംഗീകാരത്തിന്റെ സമൃദ്ധമായ അനുഗ്രഹങ്ങൾ നമുക്കു കൊയ്യാനാകും.—2 തിമൊ. 4:2, NW; ഗലാത്യർ 6:9 വായിക്കുക.

[അടിക്കുറിപ്പ്‌]

^ ഖ. 10 ചില പേരുകൾക്കു മാറ്റം വരുത്തിയിരിക്കുന്നു.

നിങ്ങളുടെ ഉത്തരം എന്താണ്‌?

• ആരാണ്‌ രാജ്യസുവാർത്തയോടു പ്രതികരിക്കുന്നത്‌?

• നാം മറ്റുള്ളവരെ വിധിക്കാൻ പാടില്ലാത്തത്‌ എന്തുകൊണ്ട്‌?

• ബൈബിൾ പഠിപ്പിക്കുന്നു പുസ്‌തകം ഉപയോഗിച്ചതിന്റെ സത്‌ഫലങ്ങൾ വിവരിക്കുക.

[അധ്യയന ചോദ്യങ്ങൾ]

[13-ാം പേജിലെ ചിത്രങ്ങൾ]

ആത്മാർഥഹൃദയരായ ആയിരങ്ങൾ അനുകൂലമായി പ്രതികരിക്കുന്നു

[15-ാം പേജിലെ ചിത്രങ്ങൾ]

അപ്പൊസ്‌തലനായ പൗലൊസിന്റെ അനുഭവത്തിൽനിന്നു നമുക്ക്‌ എന്തു പഠിക്കാനാകും?

[16-ാം പേജിലെ ചിത്രങ്ങൾ]

സുവാർത്താഘോഷകർ ആളുകളെ മുൻവിധിയോടെ വീക്ഷിക്കുന്നില്ല