വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘പ്രബോധനപാടവം’ വളർത്തിയെടുക്കുക

‘പ്രബോധനപാടവം’ വളർത്തിയെടുക്കുക

‘പ്രബോധനപാടവം’ വളർത്തിയെടുക്കുക

“വചനം പ്രസംഗിക്കുക, . . . സകല ദീർഘക്ഷമയോടും പ്രബോധനപാടവത്തോടുംകൂടെ ശാസിക്കുകയും തിരുത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.”—2 തിമൊ. 4:2, NW.

1. യേശു തന്റെ ശിഷ്യന്മാർക്കു നൽകിയ കൽപ്പന എന്ത്‌, അവൻ എന്തു മാതൃകവെച്ചു?

ഭൂമിയിലെ ശുശ്രൂഷക്കാലത്തു യേശു അത്ഭുതകരമായി രോഗങ്ങൾ സൗഖ്യമാക്കിയെങ്കിലും, അവൻ മുഖ്യമായും അറിയപ്പെട്ടത്‌ രോഗശാന്തിക്കാരനെന്നോ അത്ഭുതങ്ങൾ പ്രവർത്തിക്കുന്നവനെന്നോ അല്ല, പകരം ഗുരുവെന്നാണ്‌. (മർക്കൊ. 12:19; 13:1) ദൈവരാജ്യ സുവാർത്ത ഘോഷിക്കുന്നതിനാണ്‌ അവൻ മുൻഗണന നൽകിയത്‌. ഇന്ന്‌ അവന്റെ അനുഗാമികൾക്കും അതുതന്നെയാണു മുഖ്യം. അതേ, യേശു കൽപ്പിച്ചതൊക്കെയും അനുസരിക്കാൻ ഉപദേശിച്ചുകൊണ്ട്‌ ആളുകളെ ശിഷ്യരാക്കാനുള്ള നിയോഗം ക്രിസ്‌ത്യാനികൾക്കുണ്ട്‌.—മത്താ. 28:19, 20.

2. പ്രസംഗനിയോഗം നിറവേറ്റാൻ നാം എന്തു ചെയ്യണം?

2 ശിഷ്യരാക്കാനുള്ള നിയമനം നിറവേറ്റുന്നതിനു നമ്മുടെ പഠിപ്പിക്കൽപാടവം മെച്ചപ്പെടുത്താൻ നാം നിരന്തരം ശ്രമിക്കേണ്ടതുണ്ട്‌. ഈ വസ്‌തുതയുടെ പ്രാധാന്യത്തിന്‌ ഊന്നൽനൽകിക്കൊണ്ട്‌ അപ്പൊസ്‌തലനായ പൗലൊസ്‌ സുവാർത്താ പ്രസംഗത്തിൽ തന്റെ പങ്കാളിയായ തിമൊഥെയൊസിന്‌ എഴുതി: “നിന്നെത്തന്നേയും ഉപദേശത്തെയും സൂക്ഷിച്ചുകൊൾക; ഇതിൽ ഉറെച്ചുനില്‌ക്ക; അങ്ങനെ ചെയ്‌താൽ നീ നിന്നെയും നിന്റെ പ്രസംഗം കേൾക്കുന്നവരെയും രക്ഷിക്കും.” (1 തിമൊ. 4:16) ‘ഉപദേശം’ അഥവാ പ്രബോധനം എന്നു പരാമർശിച്ചപ്പോൾ കേവലം വിവരം പകർന്നു കൊടുക്കുന്നതല്ല പൗലൊസിന്റെ മനസ്സിലുണ്ടായിരുന്നത്‌. സമർഥരായ ക്രിസ്‌തീയ ശുശ്രൂഷകർ, ആളുകളുടെ ഹൃദയത്തിൽ ബൈബിൾസത്യങ്ങൾ ആഴ്‌ന്നിറങ്ങാൻ സഹായിക്കുകയും ജീവിതത്തിൽ മാറ്റങ്ങൾ വരുത്താൻ പ്രചോദിപ്പിക്കുകയും ചെയ്യുന്നു. ഇതൊരു വൈദഗ്‌ധ്യമാണ്‌. അങ്ങനെയെങ്കിൽ, ദൈവരാജ്യത്തെക്കുറിച്ചു മറ്റുള്ളവരെ പഠിപ്പിക്കാൻ ആവശ്യമായ ‘പ്രബോധനപാടവം’ നമുക്കെങ്ങനെ വളർത്തിയെടുക്കാം?—2 തിമൊ. 4:2.

‘പ്രബോധനപാടവം’ വളർത്തിയെടുക്കുക

3, 4. (എ) ‘പ്രബോധനപാടവം’ എങ്ങനെ വളർത്തിയെടുക്കാം? (ബി) വിദഗ്‌ധരായ അധ്യാപകരാകാൻ ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ നമ്മെ എങ്ങനെ സഹായിക്കുന്നു?

3 പഠനം, പ്രയോഗം, നിരീക്ഷണം എന്നിവയിലൂടെ പ്രബോധനപാടവം ആർജിക്കാനാകും. വിദഗ്‌ധ അധ്യാപകരായിത്തീരാൻ നാം ഈ മൂന്നു ഘടകങ്ങൾക്കും ശ്രദ്ധകൊടുക്കേണ്ടതുണ്ട്‌. പ്രാർഥനാപൂർവം പഠിച്ചാൽ മാത്രമേ ഒരു വിഷയത്തെക്കുറിച്ചു നമുക്കു ശരിയായ ഗ്രാഹ്യം നേടാനാകൂ. (സങ്കീർത്തനം 119:27, 34 വായിക്കുക.) സമർഥരായ ശുശ്രൂഷകർ പഠിപ്പിക്കുന്നത്‌ എങ്ങനെയെന്നു നിരീക്ഷിക്കുന്നത്‌ അവരുടെ രീതികൾ മനസ്സിലാക്കാനും പകർത്താനും നമ്മെ സഹായിക്കും. പഠിക്കുന്ന കാര്യങ്ങൾ പ്രവൃത്തിപഥത്തിലാക്കാൻ നാം നിരന്തരം ശ്രമിക്കുന്നെങ്കിൽ നമ്മുടെ പ്രാപ്‌തികൾ മെച്ചപ്പെടും.—ലൂക്കൊ. 6:40; 1 തിമൊ. 4:13-15.

4 യഹോവയാണു നമ്മുടെ മഹാപ്രബോധകൻ. പ്രസംഗനിയോഗം നിർവഹിക്കേണ്ടത്‌ എങ്ങനെയെന്ന്‌ അവൻ തന്റെ സംഘടനയുടെ ദൃശ്യഭാഗം മുഖാന്തരം ഭൂമിയിലെ ദാസരെ പഠിപ്പിക്കുന്നു. (യെശ. 30:20, 21) ഈ ഉദ്ദേശ്യത്തിൽ എല്ലാ സഭകളിലും വാരംതോറും ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ നടത്തപ്പെടുന്നു. പേർചാർത്തിയിരിക്കുന്ന ഏവർക്കും കഴിവുറ്റ രാജ്യഘോഷകരാകാനുള്ള പരിശീലനം അവിടെനിന്നു ലഭിക്കുന്നു. ഈ സ്‌കൂളിലെ മുഖ്യ പാഠപുസ്‌തകം ബൈബിളാണ്‌. എന്തു പഠിപ്പിക്കണമെന്നു യഹോവയുടെ നിശ്വസ്‌തവചനം നമുക്കു പറഞ്ഞുതരുന്നു. കൂടാതെ ഏറ്റവും അനുയോജ്യവും ഫലപ്രദവുമായ പഠിപ്പിക്കൽരീതികളും അതു കാണിച്ചുതരുന്നു. നമ്മുടെ പഠിപ്പിക്കൽ ദൈവവചനത്തിൽ അധിഷ്‌ഠിതമാക്കുകയും ചോദ്യങ്ങൾ ഫലപ്രദമായി ഉപയോഗിക്കുകയും ലാളിത്യത്തോടെ പഠിപ്പിക്കുകയും മറ്റുള്ളവരിൽ ആത്മാർഥ താത്‌പര്യം കാണിക്കുകയും ചെയ്‌താൽ മികച്ച അധ്യാപകരായിത്തീരാമെന്ന്‌ ശുശ്രൂഷാസ്‌കൂൾ നമ്മെ സദാ ഓർമിപ്പിക്കുന്നു. ഇവയോരോന്നായി നമുക്കു പരിശോധിക്കാം. തുടർന്ന്‌ വിദ്യാർഥികളുടെ ഹൃദയത്തിൽ സത്യം എത്തിക്കാൻ സാധിക്കുന്നത്‌ എങ്ങനെയെന്നും നോക്കാം.

നിങ്ങളുടെ പഠിപ്പിക്കൽ ദൈവവചനത്തിൽ അധിഷ്‌ഠിതമായിരിക്കട്ടെ

5. നാം പഠിപ്പിക്കുന്നത്‌ എന്തിൽ അധിഷ്‌ഠിതമായിരിക്കണം, എന്തുകൊണ്ട്‌?

5 തിരുവെഴുത്തുകൾ അടിസ്ഥാനമാക്കിയാണ്‌ ശ്രേഷ്‌ഠ അധ്യാപകനായ യേശുക്രിസ്‌തു പഠിപ്പിച്ചത്‌. (മത്താ. 21:13; യോഹ. 6:45; 8:17) അവൻ സംസാരിച്ചത്‌ തന്നെ അയച്ചവന്റെ നാമത്തിലാണ്‌ അല്ലാതെ സ്വന്തനാമത്തിലല്ല. (യോഹ. 7:16-18) ആ മാതൃകയാണ്‌ നാം അനുകരിക്കേണ്ടത്‌. അതുകൊണ്ട്‌ വീടുതോറുമുള്ള ശുശ്രൂഷയിലും ഭവനബൈബിളധ്യയനങ്ങളിലും നാം പറയുന്നതെന്തും ദൈവവചനത്തിൽ അധിഷ്‌ഠിതമായിരിക്കണം. (2 തിമൊ. 3:16, 17) നമ്മുടെ ന്യായവാദങ്ങൾ എത്ര ബുദ്ധിപൂർവകമായിരുന്നാലും അവ നിശ്വസ്‌ത തിരുവെഴുത്തുകളുടെ ശക്തിക്കും ഫലപ്രദത്വത്തിനും തുല്യമാകില്ല. ബൈബിൾ ആധികാരികമാണ്‌. ഒരാശയം ഗ്രഹിക്കാൻ വിദ്യാർഥിയെ സഹായിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗം ബന്ധപ്പെട്ട തിരുവെഴുത്തുകൾ സ്വയം വായിച്ചുനോക്കാൻ പ്രോത്സാഹിപ്പിക്കുന്നതാണ്‌.—എബ്രായർ 4:12 വായിക്കുക.

6. വിദ്യാർഥി പഠനഭാഗത്തിന്റെ ആശയം ഗ്രഹിക്കുന്നുവെന്ന്‌ എങ്ങനെ ഉറപ്പുവരുത്താം?

6 ഇപ്പറഞ്ഞതിന്റെ അർഥം നാം ബൈബിളധ്യയനത്തിനുവേണ്ടി തയ്യാറാകേണ്ടതില്ല എന്നാണോ? ഒരിക്കലുമല്ല! അധ്യയനസമയത്തു പരാമർശിത തിരുവെഴുത്തുകളിൽ ഏതൊക്കെ നാംതന്നെ വായിക്കും അല്ലെങ്കിൽ വിദ്യാർഥിയെക്കൊണ്ടു വായിപ്പിക്കും എന്നൊക്കെ മുന്നമേ ആലോചിച്ചുറയ്‌ക്കണം. സാധാരണഗതിയിൽ, നമ്മുടെ വിശ്വാസങ്ങൾക്ക്‌ അടിസ്ഥാനമായിരിക്കുന്ന തിരുവെഴുത്തുകൾ വായിക്കുന്നത്‌ നല്ലതാണ്‌. കൂടാതെ വായിക്കുന്ന ഓരോ തിരുവെഴുത്തിന്റെയും അർഥം ഗ്രഹിക്കാൻ വിദ്യാർഥിയെ സഹായിക്കുകയും വേണം.—1 കൊരി. 14:8, 9.

ചോദ്യങ്ങൾ ഫലപ്രദമായി ഉപയോഗിക്കുക

7. ചോദ്യങ്ങൾ ചോദിക്കുന്നത്‌ ഒരു നല്ല അധ്യാപനരീതി ആയിരിക്കുന്നത്‌ എന്തുകൊണ്ട്‌?

7 ചോദ്യങ്ങളുടെ വിദഗ്‌ധ ഉപയോഗം വിദ്യാർഥിയുടെ ചിന്തയെ ഉണർത്തും. കൂടാതെ, അദ്ദേഹത്തിന്റെ ഹൃദയത്തിൽ സത്യം നടാൻ നമ്മെ സഹായിക്കുകയും ചെയ്യും. അതുകൊണ്ട്‌ നാം വിദ്യാർഥിക്ക്‌ തിരുവെഴുത്തുകൾ വിശദീകരിച്ചു കൊടുക്കുന്നതിനു പകരം അവ വിശദീകരിക്കാൻ വിദ്യാർഥിയോട്‌ ആവശ്യപ്പെടുക. ശരിയായ ഗ്രാഹ്യം ലഭിക്കാൻ ചിലപ്പോൾ കൂടുതൽ ചോദ്യങ്ങൾ വേണ്ടിവന്നേക്കാം. ഇവ്വിധം ചോദ്യങ്ങൾ ചോദിക്കുകവഴി ഒരു നിഗമനത്തിനു പിമ്പിലുള്ള കാരണങ്ങൾ മനസ്സിലാക്കാൻ മാത്രമല്ല, ആ നിഗമനം സ്വന്തം ബോധ്യമാക്കിമാറ്റാനും ആ വിദ്യാർഥിയെ നാം സഹായിക്കുകയാണ്‌.—മത്താ. 17:24-26; ലൂക്കൊ. 10:36, 37.

8. വിദ്യാർഥിയുടെ ഹൃദയത്തിലുള്ളതു നമുക്കെങ്ങനെ മനസ്സിലാക്കാം?

8 ചോദ്യോത്തര പഠനരീതിയാണ്‌ നമ്മുടെ പ്രസിദ്ധീകരണങ്ങളിൽ അവലംബിച്ചിരിക്കുന്നത്‌. അച്ചടിച്ചിരിക്കുന്ന ചോദ്യങ്ങൾക്ക്‌ ഖണ്ഡികയിൽനിന്ന്‌ ഉത്തരം പറയാൻ മിക്ക വിദ്യാർഥികൾക്കും എളുപ്പം സാധിച്ചെന്നുവരും. എന്നിരുന്നാലും, വിദ്യാർഥി ശരിയുത്തരം നൽകി എന്നതുകൊണ്ടുമാത്രം തൃപ്‌തിപ്പെടരുത്‌. ഉദാഹരണത്തിന്‌ പരസംഗത്തെക്കുറിച്ചു ബൈബിൾ പറയുന്നത്‌ എന്താണെന്ന്‌ ശരിയായി വിശദീകരിക്കാൻ വിദ്യാർഥിക്കു കഴിഞ്ഞേക്കും. (1 കൊരി. 6:18) പക്ഷേ, ഇക്കാര്യത്തിൽ അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമെന്താണെന്ന്‌ അറിയാൻ വീക്ഷണചോദ്യങ്ങൾ നയത്തോടെ ചോദിക്കുന്നതു നമ്മെ സഹായിക്കും. ഒരുപക്ഷേ ഇങ്ങനെ ചോദിക്കാം: “വിവാഹബാഹ്യ ലൈംഗികബന്ധത്തെ ബൈബിൾ കുറ്റംവിധിക്കുന്നതിന്റെ കാരണമെന്താണ്‌? ദൈവം ഏർപ്പെടുത്തിയിരിക്കുന്ന ഈ വിലക്കിനെ നിങ്ങൾ എങ്ങനെ വീക്ഷിക്കുന്നു? ദൈവത്തിന്റെ ധാർമികനിലവാരങ്ങൾ അനുസരിക്കുന്നതുകൊണ്ട്‌ എന്തെങ്കിലും പ്രയോജനമുണ്ടെന്നു നിങ്ങൾ കരുതുന്നുവോ?” ഇത്തരം ചോദ്യങ്ങൾ വിദ്യാർഥിയുടെ ഹൃദയത്തിലുള്ളത്‌ എന്താണെന്നറിയാൻ സഹായിക്കും.—മത്തായി 16:13-17 വായിക്കുക.

ലാളിത്യത്തോടെ പഠിപ്പിക്കുക

9. തിരുവെഴുത്തു വിവരങ്ങൾ പറഞ്ഞുകൊടുക്കുമ്പോൾ നാം മനസ്സിൽപ്പിടിക്കേണ്ടത്‌ എന്ത്‌?

9 ദൈവവചനത്തിലുള്ള മിക്ക സത്യങ്ങളും താരതമ്യേന ലളിതമാണ്‌. നമ്മുടെ മിക്ക ബൈബിൾവിദ്യാർഥികളും പക്ഷേ, വ്യാജമതോപദേശങ്ങൾ നിമിത്തം ആശയക്കുഴപ്പത്തിലായവരാണ്‌. അധ്യാപകരെന്നനിലയിൽ നമ്മുടെ ലക്ഷ്യം ബൈബിൾ എളുപ്പം ഗ്രഹിക്കാൻ വിദ്യാർഥികളെ സഹായിക്കുക എന്നതാണ്‌. സമർഥരായ അധ്യാപകർ വിവരങ്ങൾ ലളിതമായും വ്യക്തമായും കൃത്യമായും പറഞ്ഞുകൊടുക്കുന്നു. ഈ തത്ത്വം പിൻപറ്റുകയാണെങ്കിൽ നാം സത്യത്തെ അനാവശ്യമായി സങ്കീർണമാക്കില്ല. അത്യാവശ്യമില്ലാത്ത വിശദാംശങ്ങൾ ഒഴിവാക്കുകയും ചെയ്യും. വായിക്കുന്ന തിരുവെഴുത്തിന്റെ എല്ലാ വശങ്ങളെക്കുറിച്ചും വിശദീകരിക്കേണ്ടതില്ല. ചർച്ചചെയ്യുന്ന ആശയം വ്യക്തമാക്കാൻ ആവശ്യമായതു മാത്രം പറയുക. കാലക്രമേണ വിദ്യാർഥിയുടെ ഗ്രാഹ്യം വർധിക്കുമ്പോൾ ആഴമേറിയ തിരുവെഴുത്തു സത്യങ്ങൾ അദ്ദേഹത്തിനു മനസ്സിലാകും.—എബ്രാ. 5:13, 14.

10. എന്തടിസ്ഥാനത്തിലാണ്‌ ഓരോ പ്രാവശ്യവും എത്രത്തോളം പഠിക്കണമെന്നു തീരുമാനിക്കേണ്ടത്‌?

10 ഓരോ പ്രാവശ്യവും എത്രത്തോളം പഠിക്കണമെന്നതു വിവേകപൂർവം തീരുമാനിക്കുക. വിദ്യാർഥിയുടെയും അധ്യാപകന്റെയും സാഹചര്യങ്ങളും പ്രാപ്‌തികളും വ്യത്യസ്‌തമായിരിക്കും. ഉറപ്പുള്ള വിശ്വാസം കെട്ടിപ്പടുക്കാൻ വിദ്യാർഥിയെ സഹായിക്കുക എന്നതാണ്‌ അധ്യാപകരെന്ന നിലയിൽ നമ്മുടെ ലക്ഷ്യം, അതു നാം മറക്കരുത്‌. അതുകൊണ്ട്‌ ദൈവവചനത്തിൽ അടങ്ങിയിരിക്കുന്ന സത്യങ്ങൾ വായിച്ചു മനസ്സിലാക്കാനും അംഗീകരിക്കാനും വിദ്യാർഥിക്കു സാവകാശം കൊടുക്കണം. അദ്ദേഹത്തിനു ഗ്രഹിക്കാനാകുന്നതിലുമധികം വിവരങ്ങൾ നാം ചർച്ചചെയ്യരുത്‌. അതേസമയം അധ്യയനം ഇഴഞ്ഞുനീങ്ങുകയുമരുത്‌. വിദ്യാർഥിക്ക്‌ ആശയം മനസ്സിലായിക്കഴിഞ്ഞാൽ ഉടനെ അടുത്തതിലേക്കു കടക്കുക.—കൊലൊ. 2:6, 7.

11. അപ്പൊസ്‌തലനായ പൗലൊസിന്റെ അധ്യാപനരീതിയിൽനിന്നു നമുക്കെന്തു പഠിക്കാം?

11 പുതിയവരെ രാജ്യസന്ദേശം അറിയിച്ചപ്പോൾ അപ്പൊസ്‌തലനായ പൗലൊസ്‌ ലളിതമായ ഭാഷയാണ്‌ ഉപയോഗിച്ചത്‌. നല്ല പഠിപ്പുണ്ടായിരുന്നിട്ടും, പണ്ഡിതഭാഷ അവൻ ഒഴിവാക്കി. (1 കൊരിന്ത്യർ 2:1, 2 വായിക്കുക.) തിരുവെഴുത്തുസത്യങ്ങളുടെ ലാളിത്യം ആത്മാർഥഹൃദയരായ ആളുകളെ ആകർഷിക്കുകയും തൃപ്‌തിപ്പെടുത്തുകയും ചെയ്യുന്നു. തിരുവെഴുത്തുകൾ മനസ്സിലാക്കുന്നതിന്‌ ഉന്നതവിദ്യാഭ്യാസത്തിന്റെയൊന്നും ആവശ്യമില്ല.—മത്താ. 11:25; പ്രവൃ. 4:13; 1 കൊരി. 1:26, 27.

പഠിക്കുന്ന കാര്യങ്ങൾ വിലമതിക്കാൻ വിദ്യാർഥിയെ സഹായിക്കുക

12, 13. പഠിക്കുന്ന കാര്യങ്ങൾ ബാധകമാക്കാൻ വിദ്യാർഥിയെ പ്രചോദിപ്പിക്കേണ്ടത്‌ എന്താണ്‌? ഉദാഹരിക്കുക.

12 നാം പഠിപ്പിക്കുന്നത്‌ വിദ്യാർഥിയുടെ ഹൃദയത്തെ സ്‌പർശിച്ചാൽ മാത്രമേ അതു ഫലംചെയ്യുകയുള്ളൂ. പരിചിന്തിക്കുന്ന വിഷയങ്ങൾ, തനിക്ക്‌ എങ്ങനെ ബാധകമാകുമെന്നും വ്യക്തിപരമായി എന്തു പ്രയോജനം ചെയ്യുമെന്നും തിരുവെഴുത്തുപദേശം അനുസരിക്കുകവഴി തന്റെ ജീവിതം എങ്ങനെ മെച്ചപ്പെടുമെന്നും വിദ്യാർഥി മനസ്സിലാക്കേണ്ടതുണ്ട്‌.—യെശ. 48:17, 18.

13 ഉദാഹരണത്തിന്‌ എബ്രായർ 10:24, 25 പരിചിന്തിക്കുകയാണെന്നു കരുതുക. തിരുവെഴുത്തുകളിൽനിന്നു ലഭിക്കുന്ന പ്രോത്സാഹനത്തിനും സ്‌നേഹനിർഭരമായ സഹവാസത്തിനുമായി സഹവിശ്വാസികളോടൊപ്പം കൂടിവരാൻ ക്രിസ്‌ത്യാനികളെ പ്രോത്സാഹിപ്പിക്കുന്ന തിരുവെഴുത്താണത്‌. ഇതുവരെയും വിദ്യാർഥി സഭായോഗങ്ങൾക്കു വന്നുതുടങ്ങിയിട്ടില്ലെങ്കിൽ, അവ നടത്തുന്നത്‌ എങ്ങനെയെന്നും എന്തൊക്കെയാണു ചർച്ചചെയ്യുന്നതെന്നും ചുരുക്കമായി വിവരിക്കാവുന്നതാണ്‌. സഭായോഗങ്ങൾ ആരാധനയുടെ ഭാഗമാണെന്നും അവ വ്യക്തിപരമായി പ്രയോജനം ചെയ്യുന്നതാണെന്നും പറഞ്ഞുകൊടുക്കണം. തുടർന്ന്‌ വിദ്യാർഥിയെ യോഗങ്ങൾക്കു ക്ഷണിക്കുക. തിരുവെഴുത്തു കൽപ്പനകൾക്കു ചേർച്ചയിൽ പ്രവർത്തിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിക്കേണ്ടത്‌ യഹോവയെ അനുസരിക്കാനുള്ള ആഗ്രഹമായിരിക്കണം, അല്ലാതെ അധ്യാപകനെ തൃപ്‌തിപ്പെടുത്തണമെന്നുള്ള ചിന്തയായിരിക്കരുത്‌.—ഗലാ. 6:4, 5.

14, 15. (എ) യഹോവയെക്കുറിച്ച്‌ വിദ്യാർഥികൾക്ക്‌ എന്തൊക്കെ പഠിക്കാനാകും? (ബി) യഹോവയുടെ വ്യക്തിത്വത്തെക്കുറിച്ചുള്ള അറിവ്‌ വിദ്യാർഥികൾക്ക്‌ എങ്ങനെ പ്രയോജനംചെയ്യും?

14 ബൈബിൾ പഠിച്ച്‌ അതിലെ തത്ത്വങ്ങൾ ബാധകമാക്കുമ്പോൾ വിദ്യാർഥികൾക്കു ലഭിക്കുന്ന ഏറ്റവും വലിയ പ്രയോജനം ഒരു വ്യക്തിയെന്ന നിലയിൽ യഹോവയെ അറിയാനും സ്‌നേഹിക്കാനും കഴിയുമെന്നതാണ്‌. (യെശ. 42:8) സ്‌നേഹനിധിയായ പിതാവും പ്രപഞ്ചത്തിന്റെ സ്രഷ്ടാവും ഉടയവനുമാണവൻ, മാത്രമല്ല തന്നെ സ്‌നേഹിക്കുകയും സേവിക്കുകയും ചെയ്യുന്നവർക്ക്‌ അവൻ തന്റെ വ്യക്തിത്വവും ശക്തിയും വെളിപ്പെടുത്തിക്കൊടുക്കുകയും ചെയ്യുന്നു. (പുറപ്പാടു 34:6, 7 വായിക്കുക.) ഈജിപ്‌തിന്റെ അടിമത്തത്തിൽനിന്നു മോശെ ഇസ്രായേല്യരെ വിടുവിക്കുന്നതിനു തൊട്ടുമുമ്പ്‌, “ഞാൻ ആരായിത്തീരണമോ അതായിത്തീരും” എന്നു പറഞ്ഞുകൊണ്ട്‌ യഹോവ സ്വയം തിരിച്ചറിയിച്ചു. (പുറ. 3:13-15, NW) തിരഞ്ഞെടുക്കപ്പെട്ട ജനത്തോടുള്ള ബന്ധത്തിൽ തന്റെ ഉദ്ദേശ്യങ്ങൾ നിറവേറ്റുന്നതിന്‌ ആരായിത്തീരണമോ അതായിത്തീരും എന്നാണവൻ അർഥമാക്കിയത്‌. അങ്ങനെ ഇസ്രായേല്യർ യഹോവയെ രക്ഷകനായും യോദ്ധാവായും ദാതാവായും വാഗ്‌ദാനപാലകനായുംമറ്റും അടുത്തറിഞ്ഞു.—പുറ. 15:2, 3; 16:2-5; യോശു. 23:14.

15 മോശെയുടെ ജീവിതത്തിൽ ഇടപെട്ടതുപോലെ, അത്രയും അത്ഭുതകരമായ വിധത്തിൽ നമ്മുടെ വിദ്യാർഥികളുടെ ജീവിതത്തിൽ യഹോവ ഇടപെട്ടെന്നുവരില്ല. എന്നിരുന്നാലും, വിദ്യാർഥികൾ വിശ്വാസത്തിൽ വളരുകയും പഠിക്കുന്ന കാര്യങ്ങളോടുള്ള മതിപ്പു വർധിപ്പിക്കുകയും അതു ബാധകമാക്കിത്തുടങ്ങുകയും ചെയ്യുമ്പോൾ, ധൈര്യത്തിനും ജ്ഞാനത്തിനും മാർഗനിർദേശത്തിനുമായി യഹോവയിൽ ആശ്രയിക്കേണ്ടതുണ്ടെന്ന്‌ അവർ തിരിച്ചറിയുകതന്നെചെയ്യും. അങ്ങനെ ചെയ്യവേ, ജ്ഞാനിയും ആശ്രയയോഗ്യനുമായ ഉപദേശകൻ, സംരക്ഷകൻ, ഉദാരമതിയായ ദാതാവ്‌ എന്നീ നിലകളിലെല്ലാം അവരും യഹോവയെ കണ്ടുതുടങ്ങും.—സങ്കീ. 55:22; 63:7; സദൃ. 3:5, 6.

സ്‌നേഹാർദ്രമായ താത്‌പര്യം കാണിക്കുക

16. ഫലപ്രദമായ അധ്യാപനത്തിന്‌ സ്വതസിദ്ധമായ പ്രാപ്‌തികളല്ല ഏറ്റവും മുഖ്യം എന്നു പറയാവുന്നത്‌ എന്തുകൊണ്ട്‌?

16 പഠിപ്പിക്കാൻ വേണ്ടത്ര കഴിവൊന്നുമില്ലെന്നു വിചാരിച്ച്‌ നിങ്ങൾ നിരാശപ്പെടേണ്ടതില്ല. ഇന്നു ലോകവ്യാപകമായി നിർവഹിക്കപ്പെടുന്ന വിദ്യാഭ്യാസ പരിപാടിക്കു മേൽനോട്ടം വഹിക്കുന്നത്‌ യഹോവയും യേശുക്രിസ്‌തുവുമാണ്‌. (പ്രവൃ. 1:7, 8; വെളി. 14:6) നിത്യജീവനുവേണ്ട ഹൃദയനിലയുള്ളവരിൽ നമ്മുടെ വാക്കുകൾ ക്രിയാത്മക സ്വാധീനം ചെലുത്തുംവിധം നമ്മുടെ ശ്രമങ്ങളെ അവർ അനുഗ്രഹിക്കും. (യോഹ. 6:44) സ്വതസ്സിദ്ധമായ പ്രാപ്‌തികളുടെ അഭാവം നികത്താൻപോന്നതാണ്‌ വിദ്യാർഥികളോടുള്ള നമ്മുടെ ആത്മാർഥസ്‌നേഹം. തന്റെ വിദ്യാർഥികളെ സ്‌നേഹിക്കേണ്ടതിന്റെ പ്രാധാന്യം അപ്പൊസ്‌തലനായ പൗലൊസ്‌ ശരിക്കും മനസ്സിലാക്കിയിരുന്നു.—1 തെസ്സലൊനീക്യർ 2:7, 8 വായിക്കുക.

17. ബൈബിൾവിദ്യാർഥികളോടു നമുക്കെങ്ങനെ ആത്മാർഥ താത്‌പര്യം കാണിക്കാനാകും?

17 അതുപോലെ, ഓരോ ബൈബിൾവിദ്യാർഥിയെയും അടുത്തറിയാൻ ശ്രമിച്ചുകൊണ്ട്‌ നമുക്ക്‌ അവരിൽ ആത്മാർഥ താത്‌പര്യം കാണിക്കാനാകും. വിദ്യാർഥിയുമായി തിരുവെഴുത്തുതത്ത്വങ്ങൾ ചർച്ചചെയ്യുമ്പോൾ അവരുടെ സാഹചര്യങ്ങൾ മനസ്സിലാക്കാൻ നമുക്കായേക്കും. ബൈബിളിൽനിന്നു പഠിച്ച ചില കാര്യങ്ങൾ അവർ ഇപ്പോൾത്തന്നെ ബാധകമാക്കുന്നുണ്ടാകാം. എന്നാൽ ഇനിയും മാറ്റംവരുത്തേണ്ട മണ്ഡലങ്ങളും കണ്ടേക്കാം. അധ്യയനവേളയിൽ പരിചിന്തിക്കുന്ന വിഷയങ്ങൾ വ്യക്തിപരമായി എങ്ങനെ ബാധകമാക്കാമെന്ന്‌ കാണിച്ചുകൊടുക്കുകവഴി, ക്രിസ്‌തുവിന്റെ യഥാർഥ ശിഷ്യരാകാൻ നാമവരെ സ്‌നേഹപൂർവം സഹായിക്കുകയാണ്‌.

18. വിദ്യാർഥിക്കൊപ്പമിരുന്ന്‌, വിദ്യാർഥിയുടെ പേരുപറഞ്ഞു പ്രാർഥിക്കേണ്ടത്‌ എന്തുകൊണ്ട്‌?

18 സർവോപരി, വിദ്യാർഥിക്കൊപ്പമിരുന്നു വിദ്യാർഥിയുടെ പേരുപറഞ്ഞു നമുക്കു പ്രാർഥിക്കാനാകും. സ്രഷ്ടാവിനെ അടുത്തറിയാനും അവനോട്‌ അടുത്തുചെല്ലാനും ദിവ്യമാർഗനിർദേശത്തിൽനിന്നു പ്രയോജനം നേടാനും വിദ്യാർഥിയെ സഹായിക്കുക എന്നതാണു നമ്മുടെ ലക്ഷ്യമെന്ന്‌ പ്രാർഥനയിൽനിന്ന്‌ അദ്ദേഹത്തിനു വ്യക്തമാകണം. (സങ്കീർത്തനം 25:4, 5 വായിക്കുക.) പഠിക്കുന്നതു ബാധകമാക്കാനുള്ള വിദ്യാർഥിയുടെ ശ്രമങ്ങളെ അനുഗ്രഹിക്കണമേയെന്നു യഹോവയോടു പ്രാർഥിക്കുമ്പോൾ, വചനത്തിനു ചേർച്ചയിൽ പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം മനസ്സിലാക്കും. (യാക്കോ. 1:22) നമ്മുടെ ഹൃദയംഗമമായ പ്രാർഥനകൾ കേൾക്കുമ്പോൾ പ്രാർഥിക്കേണ്ടത്‌ എങ്ങനെയെന്നും വിദ്യാർഥി പഠിക്കും. യഹോവയുമായി വ്യക്തിപരമായ ബന്ധം വളർത്തിയെടുക്കാൻ ബൈബിൾവിദ്യാർഥികളെ സഹായിക്കുന്നത്‌ എത്ര ആനന്ദദായകമാണ്‌!

19. അടുത്ത ലേഖനത്തിൽ നാം എന്ത്‌ ചർച്ചചെയ്യും?

19 ലോകവ്യാപകമായി 65 ലക്ഷത്തിലധികം സാക്ഷികൾ, യേശു കൽപ്പിച്ചതൊക്കെയും അനുസരിക്കാൻ ‘പ്രബോധനപാടവത്തോടെ’ ആത്മാർഥഹൃദയരെ സഹായിക്കുന്നു എന്നറിയുന്നതു തികച്ചും പ്രോത്സാഹജനകമാണ്‌. നമ്മുടെ പ്രസംഗപ്രവർത്തനത്തിന്റെ ഫലമെന്താണ്‌? ഈ ചോദ്യത്തിനുള്ള ഉത്തരം അടുത്ത ലേഖനത്തിൽ ചർച്ചചെയ്യുന്നതാണ്‌.

നിങ്ങൾ ഓർമിക്കുന്നുവോ?

• ക്രിസ്‌ത്യാനികൾ ‘പ്രബോധനപാടവം’ വളർത്തിയെടുക്കേണ്ടത്‌ എന്തുകൊണ്ട്‌?

• അധ്യാപനത്തിന്റെ ഫലപ്രദത്വം മെച്ചപ്പെടുത്താൻ എന്തു ചെയ്യണം?

• സ്വതസ്സിദ്ധമായ പ്രാപ്‌തികളുടെ അഭാവം നികത്താൻ എന്തിനു കഴിയും?

[അധ്യയന ചോദ്യങ്ങൾ]

[9-ാം പേജിലെ ചിത്രം]

ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂളിൽ നിങ്ങൾ പേർചാർത്തിയിട്ടുണ്ടോ?

[10-ാം പേജിലെ ചിത്രം]

സ്വന്തം ബൈബിളിൽനിന്നു വായിക്കാൻ വിദ്യാർഥിയെ പ്രോത്സാഹിപ്പിക്കുന്നതു പ്രധാനമാണ്‌

[12-ാം പേജിലെ ചിത്രം]

വിദ്യാർഥിക്കൊപ്പമിരുന്ന്‌, വിദ്യാർഥിയുടെ പേരുപറഞ്ഞു പ്രാർഥിക്കുക