വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

രാജ്യം ഭരമേൽക്കാൻ യോഗ്യർ

രാജ്യം ഭരമേൽക്കാൻ യോഗ്യർ

രാജ്യം ഭരമേൽക്കാൻ യോഗ്യർ

‘അത്‌ ദൈവരാജ്യത്തിനു നിങ്ങളെ യോഗ്യന്മാരായി എണ്ണും എന്നിങ്ങനെ ദൈവത്തിന്റെ നീതിയുള്ള വിധിക്ക്‌ അടയാളം ആകുന്നു.’—2 തെസ്സ. 1:5.

1, 2. ന്യായവിധിയോടുള്ള ബന്ധത്തിൽ ദൈവം എന്തു നിശ്ചയിച്ചിരിക്കുന്നു, ആരാണ്‌ അതു നിർവഹിക്കുന്നത്‌?

പൗലൊസ്‌ അപ്പൊസ്‌തലൻ എ.ഡി. 50-നോടടുത്ത്‌ അഥേനയിലായിരുന്ന സന്ദർഭം. അവിടത്തെ വ്യാപകമായ വിഗ്രഹാരാധനയിൽ അസ്വസ്ഥനായ അവൻ സമർഥമായ ഒരു സാക്ഷ്യം നൽകി. തന്റെ വിജാതീയ ശ്രോതാക്കളുടെ ശ്രദ്ധകവർന്ന ഒരു പ്രഖ്യാപനത്തോടെ അവനത്‌ ഉപസംഹരിച്ചു: “ഇപ്പോൾ എല്ലായിടത്തും എല്ലാവരും മാനസാന്തരപ്പെടേണമെന്നു [ദൈവം] മനുഷ്യരോടു കല്‌പിക്കുന്നു. താൻ നിയമിച്ച പുരുഷൻമുഖാന്തരം ലോകത്തെ നീതിയിൽ ന്യായം വിധിപ്പാൻ അവൻ ഒരു ദിവസത്തെ നിശ്ചയിച്ചു; അവനെ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേല്‌പിച്ചതിനാൽ എല്ലാവർക്കും അതിന്റെ ഉറപ്പു നല്‌കിയുമിരിക്കുന്നു.”—പ്രവൃ. 17:30, 31.

2 ചിന്തിച്ചുനോക്കൂ, മനുഷ്യവർഗത്തെ ന്യായംവിധിക്കാൻ ദൈവം ഒരു ദിവസം നിശ്ചയിച്ചിരിക്കുന്നു! ന്യായവിധി നിർവഹിക്കുന്നവൻ ആരായിരിക്കുമെന്ന്‌ പൗലൊസ്‌ അപ്പോൾ വെളിപ്പെടുത്തിയില്ലെങ്കിലും പുനരുത്ഥാനം പ്രാപിച്ച യേശുക്രിസ്‌തുവാണ്‌ അവനെന്നു നമുക്കറിയാം. അവന്റെ ന്യായവിധി ജീവനെയോ മരണത്തെയോ അർഥമാക്കും.

3. യഹോവ അബ്രാഹാമുമായി ഉടമ്പടിയിലേർപ്പെട്ടത്‌ എന്തുകൊണ്ട്‌, അതിന്റെ നിവൃത്തിയിൽ ആർക്ക്‌ ഒരു നിർണായക പങ്കുണ്ട്‌?

3 ആയിരം വർഷംകൊണ്ടാണ്‌ ന്യായവിധി പൂർത്തിയാകുന്നത്‌. ദൈവരാജ്യത്തിന്റെ രാജാവെന്ന നിലയിൽ യേശു യഹോവയുടെ നാമത്തിൽ അതിനു നേതൃത്വംവഹിക്കും. എന്നാൽ അവൻ ഒറ്റയ്‌ക്കല്ല. അവനോടൊപ്പം ഭരിക്കാനും ന്യായംവിധിക്കാനും ചില മനുഷ്യരെയും യഹോവ തിരഞ്ഞെടുക്കുന്നു. (ലൂക്കൊസ്‌ 22:29, 30 താരതമ്യം ചെയ്യുക.) ഏകദേശം 4,000 വർഷംമുമ്പ്‌, തന്റെ വിശ്വസ്‌ത ദാസനായ അബ്രാഹാമുമായി ഒരു ഉടമ്പടിയിലേർപ്പെട്ടപ്പോൾ യഹോവ ആ ന്യായവിധിനാളിന്‌ അടിസ്ഥാനമിട്ടു. (ഉല്‌പത്തി 22:17, 18 വായിക്കുക.) ബി.സി. 1943-ൽ ആ ഉടമ്പടി നിലവിൽവന്നു. അതു മനുഷ്യവർഗത്തിന്‌ എന്തർഥമാക്കുമെന്ന്‌ അബ്രാഹാമിനു പൂർണമായി ഗ്രഹിക്കാനായില്ല. എന്നാൽ ആ ഉടമ്പടിയെ അടിസ്ഥാനമാക്കി, മനുഷ്യവർഗത്തെ ന്യായംവിധിക്കാനുള്ള ദൈവോദ്ദേശ്യത്തിന്റെ നിവൃത്തിയിൽ അബ്രാഹാമിന്റെ സന്തതി ഒരു നിർണായക പങ്കുവഹിക്കുന്നുവെന്ന്‌ ഇന്നു നമുക്കറിയാം.

4, 5. (എ) അബ്രാഹാമിന്റെ സന്തതിയുടെ മുഖ്യഭാഗം ആരാണ്‌, രാജ്യത്തെക്കുറിച്ച്‌ അവനെന്തു പറഞ്ഞു? (ബി) രാജ്യത്തിന്റെ ഭരണാധികാരികളാകാനുള്ള പ്രത്യാശ തുറന്നുകൊടുത്തത്‌ എപ്പോൾ?

4 എ.ഡി. 29-ൽ പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യപ്പെട്ട്‌ വാഗ്‌ദത്ത മിശിഹാ അഥവാ ക്രിസ്‌തു ആയിത്തീർന്ന യേശുവാണ്‌ അബ്രാഹാമിന്റെ സന്തതിയുടെ മുഖ്യഭാഗം. (ഗലാ. 3:16) യഹൂദ ജനതയോട്‌ രാജ്യസുവാർത്ത പ്രസംഗിച്ചുകൊണ്ട്‌ യേശു അടുത്ത മൂന്നര വർഷം ചെലവഴിക്കുമായിരുന്നു. യോഹന്നാൻ സ്‌നാപകൻ തടവിലായതിനുശേഷം, മറ്റുള്ളവർക്കും ആ രാജ്യത്തിന്റെ ഭരണാധികാരികളാകാൻ അവസരം ലഭിക്കുമെന്നു സൂചിപ്പിച്ചുകൊണ്ട്‌ യേശു പറഞ്ഞു: “യോഹന്നാൻ സ്‌നാപകന്റെ നാളുകൾമുതൽ ഇന്നേവരെ സ്വർഗ്ഗരാജ്യത്തെ ബലാല്‌ക്കാരം ചെയ്യുന്നു; ബലാല്‌ക്കാരികൾ അതിനെ പിടിച്ചടക്കുന്നു.”—മത്താ. 11:12.

5 സ്വർഗരാജ്യം പിടിച്ചടക്കുന്നവരെക്കുറിച്ചു പറയുന്നതിനു തൊട്ടുമുമ്പ്‌ ശ്രദ്ധേയമായി യേശു ഇങ്ങനെ പറഞ്ഞു: “സ്‌ത്രീകളിൽനിന്നു ജനിച്ചവരിൽ യോഹന്നാൻസ്‌നാപകനെക്കാൾ വലിയവൻ ആരും എഴുന്നേറ്റിട്ടില്ല; സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും ചെറിയവനോ അവനിലും വലിയവൻ എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.” (മത്താ. 11:11) എന്താണ്‌ അതിന്റെ അർഥം? എ.ഡി. 33-ലെ പെന്തെക്കൊസ്‌തിൽ പരിശുദ്ധാത്മാവ്‌ ചൊരിയപ്പെടുന്നതുവരെ, രാജ്യത്തിന്റെ ഭരണാധികാരികളാകാനുള്ള പ്രത്യാശ മനുഷ്യർക്കു പൂർണമായി തുറന്നുകൊടുത്തിരുന്നില്ല. ആ സമയമായപ്പോഴേക്കും സ്‌നാപക യോഹന്നാൻ കൊല്ലപ്പെട്ടിരുന്നു.—പ്രവൃ. 2:1-4.

നീതിമാന്മാരായി പ്രഖ്യാപിക്കപ്പെടുന്നു

6, 7. (എ) അബ്രാഹാമിന്റെ സന്തതി “ആകാശത്തിലെ നക്ഷത്രങ്ങൾപോലെ” ആകും എന്നു പറഞ്ഞതിന്റെ അർഥമെന്ത്‌? (ബി) അബ്രാഹാം എങ്ങനെ അനുഗ്രഹിക്കപ്പെട്ടു, അവന്റെ സന്തതിക്ക്‌ എന്തനുഗ്രഹം ലഭിക്കുന്നു?

6 അബ്രാഹാമിന്റെ സന്തതിയെ “ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും” കടൽക്കരയിലെ മണൽപോലെയും വർധിപ്പിക്കുമെന്ന്‌ ദൈവം പറഞ്ഞു. (ഉല്‌പ. 13:16; 22:17) ആ സന്തതിയിൽ എത്രപേർ ഉണ്ടായിരിക്കുമെന്ന്‌ അബ്രാഹാമിന്റെ കാലത്തെ ആളുകൾക്ക്‌ അറിയാൻ കഴിയുമായിരുന്നില്ലെന്നു സാരം. എന്നാൽ ആ ആത്മീയ സന്തതിയിലെ അംഗങ്ങളുടെ കൃത്യ എണ്ണം കാലാന്തരത്തിൽ വെളിപ്പെടുത്തപ്പെട്ടു. യേശുവിനെ കൂടാതെ അതിൽ 1,44,000 പേർ ഉണ്ടാകുമായിരുന്നു.—വെളി. 7:4; 14:1.

7 അബ്രാഹാമിന്റെ വിശ്വാസത്തെക്കുറിച്ച്‌ ദൈവവചനം പറയുന്നു: “[അബ്രാഹാം] യഹോവയിൽ വിശ്വസിച്ചു; അതു അവൻ അവന്നു നീതിയായി കണക്കിട്ടു.” (ഉല്‌പ. 15:5, 6) തീർച്ചയായും ഒരു മനുഷ്യനും പൂർണമായ അർഥത്തിൽ നീതിമാനല്ല. (യാക്കോ. 3:2) എന്നിരുന്നാലും അബ്രാഹാമിന്റെ ശ്രദ്ധേയമായ വിശ്വാസം നിമിത്തം ഒരു നീതിമാനോടെന്നപോലെ യഹോവ അവനോട്‌ ഇടപെട്ടു, തന്റെ സ്‌നേഹിതൻ എന്നുപോലും അവനെ വിളിച്ചു. (യെശ. 41:8) യേശുവിനോടൊപ്പം അബ്രാഹാമിന്റെ ആത്മീയ സന്തതിയുടെ ഭാഗമായിത്തീരുന്നവരും നീതിമാന്മാരായി പ്രഖ്യാപിക്കപ്പെടുന്നു. തന്നിമിത്തം അവർ അബ്രാഹാമിനെക്കാൾ അനുഗ്രഹിക്കപ്പെടുന്നു.

8. അബ്രാഹാമിന്റെ സന്തതി ആസ്വദിക്കുന്ന അനുഗ്രഹങ്ങൾ എന്തെല്ലാം?

8 യേശുവിന്റെ മറുവിലയാഗത്തിൽ വിശ്വാസമർപ്പിക്കുന്നതിനാൽ അഭിഷിക്ത ക്രിസ്‌ത്യാനികൾ നീതിമാന്മാരായി പ്രഖ്യാപിക്കപ്പെടുന്നു. (റോമ. 3:24, 28) യഹോവയുടെ വീക്ഷണത്തിൽ പാപമോചനം പ്രാപിച്ച അവർ ദൈവത്തിന്റെ ആത്മപുത്രന്മാരും യേശുക്രിസ്‌തുവിന്റെ സഹോദരന്മാരുമാകേണ്ടതിന്‌ പരിശുദ്ധാത്മാവിനാൽ അഭിഷേകംചെയ്യപ്പെടാൻ യോഗ്യത നേടുന്നു. (യോഹ. 1:12, 13) ഒരു പുതിയ ഉടമ്പടിയിലേക്കു പ്രവേശിക്കുന്ന അവർ ‘ദൈവത്തിന്റെ ഇസ്രായേൽ’ എന്ന ഒരു പുതുജനതയ്‌ക്കു രൂപംകൊടുക്കുന്നു. (ഗലാ. 6:16; ലൂക്കൊ. 22:20) ദൈവം തങ്ങൾക്കായി ഇത്ര മഹത്തായ പദവികൾ കരുതിവെച്ചിരിക്കുന്നതിനാൽ അഭിഷിക്ത ക്രിസ്‌ത്യാനികൾ ഭൂമിയിലെ ശാശ്വതജീവിതം കാംക്ഷിക്കുന്നില്ല. ന്യായവിധിനാളിൽ യേശുവിനോടൊപ്പം സ്വർഗത്തിൽനിന്നു ഭരിക്കാനാകുന്നതിന്റെ അവർണനീയമായ സന്തോഷത്തെപ്രതി ഭൂമിയിൽ ജീവിക്കാനുള്ള ആഗ്രഹം അവർ ബലികഴിക്കുന്നു.—റോമർ 8:17 വായിക്കുക.

9, 10. (എ) ക്രിസ്‌ത്യാനികൾ ആദ്യമായി പരിശുദ്ധാത്മാവിനാൽ അഭിഷേകംചെയ്യപ്പെട്ടത്‌ എപ്പോൾ, അവർ എന്ത്‌ നേരിടുമായിരുന്നു? (ബി) എന്തു സഹായം ലഭ്യമായിരുന്നു?

9 ന്യായവിധിനാളിൽ യേശുവിനോടൊപ്പം ഭരിക്കുന്നവരുടെ കൂട്ടത്തിലാകാനുള്ള അവസരം എ.ഡി. 33-ലെ പെന്തെക്കൊസ്‌തിൽ ഒരു സംഘം വിശ്വസ്‌ത മനുഷ്യർക്കു നൽകപ്പെട്ടു. യേശുവിന്റെ 120-ഓളം ശിഷ്യന്മാർ പരിശുദ്ധാത്മാവിനാൽ സ്‌നാനമേൽക്കുകയും അങ്ങനെ ആദ്യത്തെ അഭിഷിക്ത ക്രിസ്‌ത്യാനികളാകുകയും ചെയ്‌തു. അവരുടെ കാര്യത്തിൽ അതൊരു തുടക്കം മാത്രമായിരുന്നു. അന്നുമുതൽ, സാത്താൻ കൊണ്ടുവരുമായിരുന്ന സകല പരിശോധനകളിന്മധ്യേയും അവർ യഹോവയോടുള്ള വിശ്വസ്‌തത തെളിയിക്കേണ്ടിയിരുന്നു. സ്വർഗീയജീവന്റെ കിരീടം പ്രാപിക്കാൻ മരണപര്യന്തം അവർ വിശ്വസ്‌തരായിരിക്കണമായിരുന്നു.—വെളി. 2:10.

10 ആ ലക്ഷ്യത്തിൽ, അഭിഷിക്ത ക്രിസ്‌ത്യാനികൾക്ക്‌ ആവശ്യമായ ഉദ്‌ബോധനവും പ്രോത്സാഹനവും തന്റെ വചനത്തിലൂടെയും ക്രിസ്‌തീയ സഭയിലൂടെയും യഹോവ പ്രദാനംചെയ്‌തു. ഉദാഹരണത്തിന്‌, “തന്റെ രാജ്യത്തിന്നും മഹത്വത്തിന്നും നിങ്ങളെ വിളിക്കുന്ന ദൈവത്തിന്നു യോഗ്യമായി നടപ്പാൻ തക്കവണ്ണം ഞങ്ങൾ നിങ്ങളിൽ ഓരോരുത്തനെ അപ്പൻ മക്കളെ എന്നപോലെ പ്രബോധിപ്പിച്ചും ഉത്സാഹിപ്പിച്ചും സാക്ഷ്യം പറഞ്ഞും പോന്നു എന്നു നിങ്ങൾക്കു അറിയാമല്ലോ” എന്ന്‌ തെസ്സലൊനീക്യയിലെ അഭിഷിക്ത ക്രിസ്‌ത്യാനികൾക്ക്‌ പൗലൊസ്‌ അപ്പൊസ്‌തലൻ എഴുതി.—1 തെസ്സ. 2:11, 12.

11. ‘ദൈവത്തിന്റെ ഇസ്രായേലിന്‌’ യഹോവ എന്തു ലഭ്യമാക്കി?

11 അഭിഷിക്ത ക്രിസ്‌തീയ സഭയിലെ ആദ്യ അംഗങ്ങൾ തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്നുള്ള പതിറ്റാണ്ടുകളിൽ, യേശുവിന്റെ ഭൗമികശുശ്രൂഷയും ഒന്നാം നൂറ്റാണ്ടിലെ അഭിഷിക്ത ക്രിസ്‌ത്യാനികളുമായുള്ള അവന്റെ ഇടപെടലുകളും അവർക്കുള്ള അവന്റെ ബുദ്ധിയുപദേശങ്ങളും സ്ഥിരമായി രേഖപ്പെടുത്തിവെക്കാൻ യഹോവ ആഗ്രഹിച്ചു. അതുകൊണ്ട്‌ നിലവിലുണ്ടായിരുന്ന നിശ്വസ്‌ത എബ്രായ തിരുവെഴുത്തുകളോടൊപ്പം അവൻ ക്രിസ്‌തീയ ഗ്രീക്ക്‌ തിരുവെഴുത്തുകൾ കൂട്ടിച്ചേർത്തു. ദൈവവുമായി ഒരു പ്രത്യേകബന്ധം ആസ്വദിച്ചിരുന്ന കാലത്ത്‌ ഇസ്രായേൽ ജനതയ്‌ക്കായി എഴുതപ്പെട്ടതായിരുന്നു എബ്രായ തിരുവെഴുത്തുകൾ. എന്നാൽ ക്രിസ്‌തുവിന്റെ സഹോദരന്മാരും ദൈവത്തിന്റെ ആത്മപുത്രന്മാരുമായി അഭിഷേകംചെയ്യപ്പെട്ട ‘ദൈവത്തിന്റെ ഇസ്രായേലിനു’വേണ്ടിയായിരുന്നു മുഖ്യമായും ക്രിസ്‌തീയ ഗ്രീക്കു തിരുവെഴുത്തുകൾ എഴുതപ്പെട്ടത്‌. എബ്രായ തിരുവെഴുത്തുകൾ പഠിക്കുന്നതുകൊണ്ട്‌ ഇസ്രായേല്യേതരർക്കു യാതൊരു പ്രയോജനവും ഉണ്ടായിരുന്നില്ലെന്ന്‌ അതർഥമാക്കിയില്ല. സമാനമായി, ക്രിസ്‌തീയ ഗ്രീക്കു തിരുവെഴുത്തുകളിലെ ബുദ്ധിയുപദേശങ്ങൾ മനസ്സിലാക്കുകയും അതിനു ചേർച്ചയിൽ ജീവിക്കുകയും ചെയ്യുന്നതിലൂടെ, പരിശുദ്ധാത്മാവിനാൽ അഭിഷേകംചെയ്യപ്പെടാത്ത ക്രിസ്‌ത്യാനികളും അളവറ്റ പ്രയോജനങ്ങൾ ആസ്വദിക്കുന്നു.—2 തിമൊഥെയൊസ്‌ 3:15-17 വായിക്കുക.

12. അഭിഷിക്ത ക്രിസ്‌ത്യാനികളെ പൗലൊസ്‌ എന്ത്‌ ഓർമിപ്പിച്ചു?

12 സ്വർഗീയ അവകാശം പ്രാപിക്കാൻ പ്രാപ്‌തരാകേണ്ടതിന്‌ ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികൾ നീതിമാന്മാരായി പ്രഖ്യാപിക്കപ്പെടുകയും പരിശുദ്ധാത്മാവിനാൽ അഭിഷേകംചെയ്യപ്പെടുകയും ചെയ്‌തു. എന്നാൽ അഭിഷിക്തരായ സഹക്രിസ്‌ത്യാനികളുടെമേൽ ഭരണംനടത്താനുള്ള അവകാശമായിരുന്നില്ല അത്‌. അക്കാര്യം വിസ്‌മരിച്ച ചിലർ സഭയിൽ പ്രമുഖരാകാൻ ശ്രമിച്ചു. തത്‌ഫലമായി പൗലൊസ്‌ ഇങ്ങനെ പറയാൻ നിർബന്ധിതനായി: “ഇത്ര ക്ഷണത്തിൽ നിങ്ങൾ സമ്പന്നന്മാരായി; ഞങ്ങളെ കൂടാതെ വാഴുന്നവരായി; അയ്യോ, നിങ്ങളോടുകൂടെ ഞങ്ങളും വാഴേണ്ടതിന്നു നിങ്ങൾ വാണു എങ്കിൽ കൊള്ളായിരുന്നു.” (1 കൊരി. 4:8) അതുകൊണ്ട്‌ “നിങ്ങളുടെ വിശ്വാസത്തിന്മേൽ ഞങ്ങൾ കർത്തൃത്വം ഉള്ളവർ എന്നല്ല, നിങ്ങളുടെ സന്തോഷത്തിന്നു ഞങ്ങൾ സഹായികൾ അത്രേ” എന്നു തന്റെ നാളിലെ അഭിഷിക്തരെ അവൻ ഓർമിപ്പിച്ചു.—2 കൊരി. 1:24.

നിയമിത സംഖ്യ പൂർത്തിയാകുന്നു

13. എ.ഡി. 33-നുശേഷം അഭിഷിക്തരുടെ കൂട്ടിച്ചേർപ്പ്‌ എങ്ങനെ തുടർന്നു?

13 ഒന്നാം നൂറ്റാണ്ടിൽ അഭിഷിക്ത ക്രിസ്‌ത്യാനികളിലെ മുഴുവൻ അംഗങ്ങളും തിരഞ്ഞെടുക്കപ്പെട്ടില്ല. അപ്പൊസ്‌തലന്മാരുടെ കാലത്തുടനീളം തുടർന്ന ആ തിരഞ്ഞെടുപ്പ്‌ പിന്നീടുള്ള നൂറ്റാണ്ടുകളിൽ മന്ദഗതിയിലാകുകയും നമ്മുടെ കാലംവരെ തുടരുകയും ചെയ്‌തിരിക്കുന്നു. (മത്താ. 28:20) 1914-ൽ യേശുവിന്റെ ഭരണമാരംഭിച്ചതോടെ കാര്യങ്ങൾ ശീഘ്രഗതിയിലായി.

14, 15. അഭിഷിക്തരുടെ കൂട്ടിച്ചേർപ്പിനോടുള്ള ബന്ധത്തിൽ നമ്മുടെ കാലത്ത്‌ എന്തു സംഭവിച്ചിരിക്കുന്നു?

14 ആദ്യമായി, ദിവ്യഭരണത്തോടുള്ള മത്സരത്തിന്റെ എല്ലാ കണികയും നീക്കംചെയ്‌തുകൊണ്ട്‌ യേശു സ്വർഗം ശുദ്ധീകരിച്ചു. (വെളിപ്പാടു 12:10, 12 വായിക്കുക.) തുടർന്ന്‌ അവൻ രാജ്യഗവൺമെന്റിലെ അംഗങ്ങളുടെ എണ്ണം പൂർത്തിയാക്കാൻ അവരുടെ ശേഷിപ്പിനെ കൂട്ടിച്ചേർക്കാൻ തുടങ്ങി. 1930-കളുടെ മധ്യത്തോടെ അതേറെക്കുറെ പൂർത്തിയായി. അക്കാലത്ത്‌ പ്രസംഗവേലയോട്‌ അനുകൂലമായി പ്രതികരിച്ച അനേകർക്കും സ്വർഗത്തിൽ പോകാൻ ആഗ്രഹമില്ലായിരുന്നു. തങ്ങൾ ദൈവപുത്രന്മാരാണെന്ന്‌ ആത്മാവ്‌ അവരോടു സാക്ഷ്യംപറഞ്ഞിരുന്നില്ല. (റോമർ 8:16 താരതമ്യം ചെയ്യുക.) പിന്നെയോ, പറുദീസാഭൂമിയിൽ നിത്യം ജീവിക്കാൻ പ്രത്യാശിക്കുന്ന ‘വേറെ ആടുകളാണ്‌’ തങ്ങളെന്ന്‌ അവർ തിരിച്ചറിഞ്ഞു. (യോഹ. 10:16) അങ്ങനെ 1935-നുശേഷം, പ്രസംഗവേലയുടെ മുഖ്യലക്ഷ്യം ‘മഹാപുരുഷാരത്തെ’ കൂട്ടിച്ചേർക്കുക എന്നതായിരുന്നു, ‘മഹാകഷ്ടത്തെ’ അതിജീവിക്കുന്നവരായി യോഹന്നാൻ അപ്പൊസ്‌തലൻ ദർശനത്തിൽ കണ്ടവരാണവർ.—വെളി. 7:9, 10, 14.

15 എന്നിരുന്നാലും 1930-കൾമുതലുള്ള വർഷങ്ങളിലും ചിലർ അഭിഷിക്ത ക്രിസ്‌ത്യാനികളായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. എന്തുകൊണ്ട്‌? മുമ്പു തിരഞ്ഞെടുക്കപ്പെട്ടിരുന്നെങ്കിലും അവിശ്വസ്‌തരായിത്തീർന്ന വ്യക്തികൾക്കു പകരമായിരിക്കാം അവർ വന്നത്‌. (വെളിപ്പാടു 3:16 താരതമ്യം ചെയ്യുക.) തനിക്കു വ്യക്തിപരമായി അറിയാവുന്ന ചിലർപോലും സത്യത്തിൽനിന്നു വീണുപോയതായി പൗലൊസ്‌ പറഞ്ഞു. (ഫിലി. 3:17-19) അങ്ങനെയുള്ളവർക്കു പകരം ആരെയായിരിക്കും യഹോവ സ്വീകരിക്കുക? തീർച്ചയായും അവനാണ്‌ അതു തീരുമാനിക്കുന്നത്‌. എന്നാൽ പുതുവിശ്വാസികൾക്കു പകരം, സ്‌മാരകാചരണം ഏർപ്പെടുത്തിയപ്പോൾ യേശു അഭിസംബോധനചെയ്‌ത ശിഷ്യന്മാരെപ്പോലെ ഒരളവുവരെ വിശ്വസ്‌തത തെളിയിച്ച വ്യക്തികളെയായിരിക്കും അവൻ തിരഞ്ഞെടുക്കുന്നത്‌ എന്നതു ന്യായയുക്തമാണ്‌. *ലൂക്കൊ. 22:28.

16. അഭിഷിക്തരോടുള്ള ബന്ധത്തിൽ നാം നന്ദിയുള്ളവരായിരിക്കുന്നത്‌ എന്തുകൊണ്ട്‌, ഏതു കാര്യത്തിൽ നമുക്ക്‌ ഉറപ്പുണ്ടായിരിക്കാം?

16 എന്നിരുന്നാലും, 1930-കൾമുതൽ സ്വർഗീയവിളി ലഭിച്ച സകലരും അവിശ്വസ്‌തരായവർക്കു പകരമാണെന്നു കരുതാനാവില്ല. ‘മഹാബാബിലോൺ’ നശിപ്പിക്കപ്പെടുന്നതുവരെ ഈ വ്യവസ്ഥിതിയുടെ അന്ത്യകാലത്തുടനീളം അഭിഷിക്ത ക്രിസ്‌ത്യാനികൾ നമ്മോടൊപ്പമുണ്ടായിരിക്കുമെന്ന്‌ യഹോവ ഉറപ്പുവരുത്തുന്നു. * (വെളി. 17:5) അവൻ നിശ്ചയിച്ചിരിക്കുന്ന സമയത്തുതന്നെ മുഴു അഭിഷിക്ത ക്രിസ്‌ത്യാനികളും തിരഞ്ഞെടുക്കപ്പെട്ടിരിക്കുമെന്നും അവരെല്ലാം രാജ്യഭരണം ഏറ്റെടുക്കുമെന്നും നമുക്കുറപ്പുണ്ടായിരിക്കാം. അനുദിനം വർധിച്ചുകൊണ്ടിരിക്കുന്ന മഹാപുരുഷാരം ഒരു കൂട്ടമെന്ന നിലയിൽ തങ്ങളുടെ വിശ്വസ്‌തത തെളിയിക്കുന്നതിൽ തുടരുമെന്ന പ്രാവചനിക വചനവും നമുക്കു വിശ്വസിക്കാനാകും. പെട്ടെന്നുതന്നെ ആ മഹാപുരുഷാരം, സാത്താന്റെ ലോകത്തിന്മേൽ വരാനിരിക്കുന്ന “മഹാകഷ്ടത്തിൽനിന്നു” പുറത്തുവരികയും അത്യാഹ്ലാദത്തോടെ ദൈവത്തിന്റെ പുതിയ ലോകത്തിലേക്കു പ്രവേശിക്കുകയും ചെയ്യും.

സ്വർഗീയ ഗവൺമെന്റ്‌ സമ്പൂർണതയിലേക്ക്‌!

17. വിശ്വസ്‌തരായി മരിച്ച അഭിഷിക്ത ക്രിസ്‌ത്യാനികൾക്ക്‌ 1 തെസ്സലൊനീക്യർ 4:15-17, വെളിപ്പാടു 6:9-11 എന്നീ തിരുവെഴുത്തുകളനുസരിച്ച്‌ എന്തു സംഭവിച്ചിരിക്കുന്നു?

17 എ.ഡി. 33 മുതൽ ആയിരക്കണക്കിന്‌ അഭിഷിക്ത ക്രിസ്‌ത്യാനികൾ ശക്തമായ വിശ്വാസം പ്രകടമാക്കുകയും മരണത്തോളം വിശ്വസ്‌തതയോടെ സഹിച്ചുനിൽക്കുകയും ചെയ്‌തിരിക്കുന്നു. രാജ്യം ഭരമേൽക്കാൻ യോഗ്യരായി എണ്ണപ്പെട്ട അവർ, വ്യക്തമായും ക്രിസ്‌തുവിന്റെ സാന്നിധ്യകാലത്തിന്റെ തുടക്കംമുതൽ തങ്ങളുടെ സ്വർഗീയ പ്രതിഫലം നേടിയിരിക്കുന്നു.—1 തെസ്സലൊനീക്യർ 4:15-17; വെളിപ്പാടു 6:9-11 വായിക്കുക.

18. (എ) ഇന്ന്‌ ഭൂമിയിലുള്ള അഭിഷിക്തർക്ക്‌ എന്തുറപ്പുണ്ട്‌? (ബി) വേറെ ആടുകളിൽപ്പെട്ടവർ തങ്ങളുടെ അഭിഷിക്ത സഹോദരങ്ങളെ എങ്ങനെ വീക്ഷിക്കുന്നു?

18 വിശ്വസ്‌തരായി തുടരുന്നപക്ഷം പെട്ടെന്നുതന്നെ തങ്ങൾക്കും സ്വർഗീയ പ്രതിഫലം ലഭിക്കുമെന്ന്‌ ഭൂമിയിൽ ശേഷിച്ചിരിക്കുന്ന അഭിഷിക്തർക്ക്‌ ഉറച്ച ബോധ്യമുണ്ട്‌. തങ്ങളുടെ അഭിഷിക്ത സഹോദരങ്ങളുടെ വിശ്വാസം നിരീക്ഷിക്കുന്ന ലക്ഷക്കണക്കിനു വേറെ ആടുകൾ, തെസ്സലൊനീക്യയിലെ ക്രിസ്‌ത്യാനികളോടുള്ള പൗലൊസിന്റെ പിൻവരുന്ന വാക്കുകൾ ഏറ്റുപറയുന്നു: “നിങ്ങൾ സഹിക്കുന്ന സകല ഉപദ്രവങ്ങളിലും കഷ്ടങ്ങളിലുമുള്ള നിങ്ങളുടെ സഹിഷ്‌ണുതയും വിശ്വാസവും നിമിത്തം ഞങ്ങൾ ദൈവത്തിന്റെ സഭകളിൽ നിങ്ങളെച്ചൊല്ലി പ്രശംസിക്കുന്നു. അതു നിങ്ങൾ കഷ്ടപ്പെടുവാൻ ഹേതുവായിരിക്കുന്ന ദൈവരാജ്യത്തിന്നു നിങ്ങളെ യോഗ്യന്മാരായി എണ്ണും എന്നിങ്ങനെ ദൈവത്തിന്റെ നീതിയുള്ള വിധിക്കു അടയാളം ആകുന്നു.” (2 തെസ്സ. 1:3-5) ഭൂമിയിൽ ശേഷിച്ചിരിക്കുന്ന അഭിഷിക്തരിലെ അവസാന വ്യക്തി മരിക്കുന്ന നിമിഷത്തിൽ ദൈവത്തിന്റെ സ്വർഗീയ ഗവൺമെന്റ്‌ സമ്പൂർണമായിത്തീരും. സ്വർഗത്തിലും ഭൂമിയിലും അതുളവാക്കുന്ന സന്തോഷം ഒന്നോർത്തുനോക്കൂ!

[അടിക്കുറിപ്പുകൾ]

^ ഖ. 15 1992 ജൂൺ 1 ലക്കം വീക്ഷാഗോപുരത്തിന്റെ 20-ാം പേജിലെ 17-ാം ഖണ്ഡിക കാണുക.

^ ഖ. 16 2007 മേയ്‌ 1 ലക്കം വീക്ഷാഗോപുരത്തിലെ “വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ” കാണുക.

നിങ്ങൾക്കു വിശദീകരിക്കാമോ?

• ന്യായവിധിനാളുമായി ബന്ധപ്പെട്ട്‌ ദൈവം അബ്രാഹാമിന്‌ എന്തു വെളിപ്പെടുത്തി?

• അബ്രാഹാം നീതിമാനായി പ്രഖ്യാപിക്കപ്പെട്ടത്‌ എന്തുകൊണ്ട്‌?

• നീതിമാന്മാരായി പ്രഖ്യാപിക്കപ്പെടുന്നത്‌ അബ്രാഹാമിന്റെ സന്തതിയിൽപ്പെട്ടവർക്ക്‌ എന്തർഥമാക്കുന്നു?

• എല്ലാ ക്രിസ്‌ത്യാനികൾക്കും എന്തുറപ്പുണ്ട്‌?

[അധ്യയന ചോദ്യങ്ങൾ]

[20-ാം പേജിലെ ചിത്രം]

രാജ്യം ഭരമേൽക്കുന്നതിനു യോഗ്യതപ്രാപിക്കാൻ യേശു തന്റെ അനുഗാമികളെ പ്രോത്സാഹിപ്പിച്ചു

[21-ാം പേജിലെ ചിത്രം]

എ.ഡി. 33-ലെ പെന്തെക്കൊസ്‌തിൽ യഹോവ അബ്രാഹാമിന്റെ സന്തതിയുടെ ദ്വിതീയഭാഗത്തെ തിരഞ്ഞെടുക്കാൻ തുടങ്ങി

[23-ാം പേജിലെ ചിത്രങ്ങൾ]

അന്ത്യനാളുകളിലുടനീളം അഭിഷിക്ത ക്രിസ്‌ത്യാനികൾ തങ്ങളോടൊപ്പമുള്ളതിൽ വേറെ ആടുകൾ നന്ദിയുള്ളവരാണ്‌