വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഇസ്രായേല്യരുടെ തെറ്റുകളിൽനിന്നു പഠിക്കുക

ഇസ്രായേല്യരുടെ തെറ്റുകളിൽനിന്നു പഠിക്കുക

ഇസ്രായേല്യരുടെ തെറ്റുകളിൽനിന്നു പഠിക്കുക

വാഗ്‌ദത്തദേശത്തേക്കു പ്രവേശിക്കാൻ പോകുന്ന തങ്ങളിൽനിന്ന്‌ യഹോവ എന്താണു പ്രതീക്ഷിക്കുന്നതെന്ന്‌ ഇസ്രായേല്യർക്ക്‌ അറിയാമായിരുന്നു. മോശെയിലൂടെ അവൻ ഇങ്ങനെ കൽപ്പിച്ചിരുന്നു: “ദേശത്തിലെ സകലനിവാസികളെയും നിങ്ങളുടെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞു അവരുടെ വിഗ്രഹങ്ങളെയും ബിംബങ്ങളെയും എല്ലാം തകർത്തു അവരുടെ സകലപൂജാഗിരികളെയും നശിപ്പിച്ചുകളയേണം.”—സംഖ്യാ. 33:52.

വാഗ്‌ദത്തദേശത്തെ നിവാസികളുമായി ഇസ്രായേല്യർ ഉടമ്പടിചെയ്യുകയോ അവരെ വിവാഹംകഴിക്കുകയോ അരുതായിരുന്നു. (ആവ. 7:2, 3) അവർക്ക്‌ ഈ മുന്നറിയിപ്പു നൽകിയിരുന്നു: “നീ ചെല്ലുന്ന ദേശത്തിലെ നിവാസികളോടു നീ ഒരു ഉടമ്പടി ചെയ്യാതിരിപ്പാൻ കരുതിക്കൊൾക; അല്ലാഞ്ഞാൽ അതു നിന്റെ മദ്ധ്യേ ഒരു കണിയായിരിക്കും.” (പുറ. 34:12) എന്നിട്ടും അവർ ദൈവത്തോട്‌ അനുസരണക്കേടു കാണിക്കുകയും കെണിയിലാകുകയും ചെയ്‌തു. എങ്ങനെ? അവരുടെ അനുഭവം നമുക്ക്‌ എന്തു മുന്നറിയിപ്പു നൽകുന്നു?—1 കൊരി. 10:11.

സഹവാസം വിഗ്രഹാരാധനയ്‌ക്കു വഴിവെക്കുന്നു

വാഗ്‌ദത്തദേശത്തു വസിച്ചിരുന്നവരെ ക്ഷണത്തിൽ കീഴ്‌പെടുത്തിക്കൊണ്ടാണ്‌ ഇസ്രായേല്യർ ആ ദേശം കൈവശമാക്കിയത്‌. എന്നാൽ ദൈവത്തിന്റെ കൽപ്പനകൾ പൂർണമായി അനുസരിക്കുന്നതിൽ പരാജയപ്പെട്ട അവർ ശത്രുക്കളെ തങ്ങളുടെ ഇടയിൽനിന്നു നീക്കിക്കളഞ്ഞില്ല. (ന്യായാ. 1:1–2:10) ദേശത്തു പാർത്തിരുന്ന ‘ഏഴു മഹാജാതികൾക്കിടയിൽ’ വാസം തുടങ്ങുകയും അവരുമായി സ്ഥിരം സമ്പർക്കത്തിലാകുകയും ചെയ്‌ത ഇസ്രായേല്യർ ആ ദേശവാസികളുമായി സൗഹൃദത്തിലായി. (ആവ. 7:1) ഇസ്രായേല്യരെ അതെങ്ങനെ സ്വാധീനിച്ചു? ബൈബിൾ പറയുന്നു: “അവരുടെ പുത്രിമാരെ തങ്ങൾക്കു ഭാര്യമാരായിട്ടു എടുക്കയും തങ്ങളുടെ പുത്രിമാരെ അവരുടെ പുത്രന്മാർക്കു കൊടുക്കയും അവരുടെ ദേവന്മാരെ സേവിക്കയും ചെയ്‌തു. ഇങ്ങനെ യിസ്രായേൽമക്കൾ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്‌തു തങ്ങളുടെ ദൈവമായ യഹോവയെ മറന്നു ബാൽവിഗ്രഹങ്ങളെയും അശേരപ്രതിഷ്‌ഠകളെയും സേവിച്ചു.” (ന്യായാ. 3:5-7) ദേശവാസികളുമായുള്ള സഹവാസം മിശ്രവിവാഹത്തിലും വിഗ്രഹാരാധനയിലും കലാശിച്ചു. വിവാഹബന്ധങ്ങൾ സ്ഥാപിച്ചതോടെ ആ പുറജാതീയരെ ദേശത്തുനിന്നു പുറത്താക്കാനുള്ള സാധ്യതയ്‌ക്കു മങ്ങലേറ്റു. ജനം വ്യാജദൈവങ്ങളിലേക്കു തിരിഞ്ഞു, സത്യാരാധന ദുഷിപ്പിക്കപ്പെട്ടു.

ഇസ്രായേല്യരുടെ സ്‌നേഹിതരായിത്തീർന്ന ദേശവാസികൾ, അവർ ശത്രുക്കളായിരുന്നപ്പോഴത്തേതിലും അപകടകാരികളാണിപ്പോൾ. ആത്മീയ അപകടത്തിനു വഴിവെച്ച മറ്റൊരു ഘടകം പരിചിന്തിക്കുക.

കൃഷി ബാലാരാധനയിലേക്കു നയിക്കുന്നു

കൂടാരവാസികളായിരുന്ന ഇസ്രായേല്യർ വാഗ്‌ദത്തദേശത്തു പ്രവേശിച്ചതോടെ സ്ഥിരതാമസം തുടങ്ങി, പലരും കൃഷിയിലേക്കു തിരിഞ്ഞു. കനാന്യരുടെ കൃഷിസമ്പ്രദായങ്ങളായിരിക്കാം അവർ പിൻപറ്റിയത്‌. എന്നാൽ കാര്യങ്ങൾ കൃഷിയിൽ ഒതുങ്ങിനിന്നില്ല. കൃഷിയുമായി ബന്ധപ്പെട്ട വിശ്വാസങ്ങൾ സ്വീകരിക്കാനും ആ സഹവാസം ഇടയാക്കി.

ഭൂമിയെ ഫലഭൂയിഷ്‌ഠമാക്കുന്നവരെന്നു കരുതപ്പെട്ട അനേകം ബാൽ ദൈവങ്ങളെ കനാന്യർ ആരാധിച്ചിരുന്നു. കാലാന്തരത്തിൽ ഇസ്രായേല്യരും അത്‌ അനുകരിച്ചു. കൃഷിയിറക്കുകയും വിളവെടുക്കുകയും ചെയ്യവേ, സമൃദ്ധിയുടെ കാരണക്കാരെന്ന നിലയിൽ കനാന്യ ദൈവങ്ങളെ അവർ ആദരിക്കാൻ തുടങ്ങി. യഹോവയുടെ ആരാധകരെന്നു ഭാവിച്ചെങ്കിലും പല ഇസ്രായേല്യരും കടുത്ത വിശ്വാസത്യാഗത്തിലേക്കു കൂപ്പുകുത്തി.

നമുക്കുള്ള ശക്തമായ മുന്നറിയിപ്പ്‌

വാഗ്‌ദത്തദേശത്തെ ആളുകളുമായി സമ്പർക്കത്തിലായപ്പോൾ അധമമായ ബാലാരാധനയിൽ ഏർപ്പെടണമെന്ന ഉദ്ദേശ്യമൊന്നും പ്രത്യക്ഷത്തിൽ ഇസ്രായേല്യർക്കുണ്ടായിരുന്നില്ല. എന്നാൽ അതാണു സംഭവിച്ചത്‌. സുഹൃത്തുക്കളെങ്കിലും ക്രിസ്‌തീയ വിശ്വാസങ്ങളും മൂല്യങ്ങളും തത്ത്വങ്ങളും ആദരിക്കാത്തവരുമായി സഹവസിക്കുന്നപക്ഷം നമ്മുടെ കാര്യത്തിലും അങ്ങനെതന്നെ സംഭവിക്കുമെന്നു പ്രതീക്ഷിക്കാവുന്നതല്ലേ? ജോലിസ്ഥലത്തോ സ്‌കൂളിലോ വീട്ടിലോപോലും അവിശ്വാസികളുമായി നാം കുറെയൊക്കെ സഹവസിക്കേണ്ടത്‌ ആവശ്യമായിരുന്നേക്കാം. എന്നാൽ മനപ്പൂർവം അത്തരം സഹവാസങ്ങൾ തേടുന്നെങ്കിൽ അത്‌ അപകടം ക്ഷണിച്ചുവരുത്തുമെന്ന്‌ ഇസ്രായേല്യരുടെ അനുഭവം നമ്മെ ഓർമിപ്പിക്കുന്നു. “അധമമായ സംസർഗ്ഗം സദാചാരങ്ങളെ ദുഷിപ്പിക്കും” എന്നത്‌ അനിഷേധ്യമായ സത്യമാണ്‌.—1 കൊരി. 15:33, പി.ഒ.സി. ബൈബിൾ.

ഇസ്രായേല്യർ നേരിട്ടതിനു സമാനമായ പല വെല്ലുവിളികളും നാമിന്നു നേരിടുന്നു. ഈ ആധുനിക ലോകത്തും വിഗ്രഹങ്ങൾക്കു പഞ്ഞമില്ല. പണം, രാഷ്‌ട്രീയം, മതാചാര്യന്മാർ, സിനിമാ-സ്‌പോർട്‌സ്‌ താരങ്ങൾ, എന്തിന്‌ കുടുംബാംഗങ്ങൾപോലും അതിൽപ്പെടുന്നു. നമ്മുടെ മുഴുശ്രദ്ധയും കവരാൻപോന്നതാണ്‌ ഇവയെല്ലാം. യഹോവയെ സ്‌നേഹിക്കാത്തവരുമായുള്ള ഉറ്റ സൗഹൃദം ആത്മീയ നാശത്തിൽ കലാശിച്ചേക്കാം.

ബാലാരാധനയുടെ അവിഭാജ്യ സവിശേഷതയായിരുന്ന ലൈംഗിക അധാർമികതയാണ്‌ ഇസ്രായേല്യരെ വശീകരിച്ചതും കെണിയിലാക്കിയതും. ഇന്നും സമാനമായ കെണികൾ ദൈവജനത്തിൽപ്പെട്ടവരെ കുരുക്കിലാക്കിയേക്കാം. ഉദാഹരണത്തിന്‌, സ്വന്തം വീട്ടിലിരുന്ന്‌ കമ്പ്യൂട്ടർ-കീബോർഡിൽ ഒന്നു വിരലോടിക്കുകയേ വേണ്ടു, ജാഗ്രതയില്ലാത്തവനും ജിജ്ഞാസുവുമായ ഒരു വ്യക്തിയുടെ നല്ല മനസ്സാക്ഷി കൈമോശംവരാൻ. ഇന്റർനെറ്റ്‌ അശ്ലീലം ഒരു ക്രിസ്‌ത്യാനിയെ വശീകരിക്കുന്നെങ്കിൽ അത്‌ എത്ര ഖേദകരമായിരിക്കും!

‘അവന്റെ സാക്ഷ്യങ്ങളെ പ്രമാണിക്കുന്നവർ ഭാഗ്യവാന്മാർ’

സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ യഹോവയെ അനുസരിക്കണോ വേണ്ടയോ എന്നതു വ്യക്തിപരമായ ഒരു തീരുമാനമാണ്‌. (ആവ. 30:19, 20) അതുകൊണ്ട്‌ നാം നമ്മോടുതന്നെ ഇങ്ങനെ ചോദിക്കണം: ‘വിനോദവേളകളിൽ ആരുമായാണു ഞാൻ സഹവസിക്കുന്നത്‌? ആഴമായ ദൈവഭയവും ഉയർന്ന ധാർമികതയും ഉള്ളവരാണോ അവർ? അവർ യഹോവയുടെ ആരാധകരാണോ? അവരുമായുള്ള സഹവാസം മെച്ചപ്പെട്ട ക്രിസ്‌ത്യാനിയാകാൻ എന്നെ സഹായിക്കുമോ?’

“യഹോവയുടെ ന്യായപ്രമാണം അനുസരിച്ചു നടപ്പിൽ നിഷ്‌കളങ്കരായവർ ഭാഗ്യവാന്മാർ. അവന്റെ സാക്ഷ്യങ്ങളെ പ്രമാണിച്ചു പൂർണ്ണഹൃദയത്തോടെ അവനെ അന്വേഷിക്കുന്നവർ ഭാഗ്യവാന്മാർ” എന്നു സങ്കീർത്തനക്കാരൻ എഴുതി. (സങ്കീ. 119:1, 2) നിശ്ചയമായും “യഹോവയെ ഭയപ്പെട്ടു, അവന്റെ വഴികളിൽ നടക്കുന്ന ഏവനും ഭാഗ്യവാൻ” ആകുന്നു. (സങ്കീ. 128:1) ഇസ്രായേല്യരുടെ തെറ്റുകളിൽനിന്നു പഠിച്ചുകൊണ്ടും യഹോവയെ പൂർണമായി അനുസരിച്ചുകൊണ്ടും ജ്ഞാനപൂർവം നമുക്കു സുഹൃത്തുക്കളെ തിരഞ്ഞെടുക്കാം.—സദൃ. 13:20.

[26-ാം പേജിലെ ചിത്രം]

യഹോവയെ സ്‌നേഹിക്കാത്തവരുമായുള്ള സഹവാസം നമ്മെ വിഗ്രഹാരാധനയിലേക്കു നയിച്ചേക്കാം