വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഏറ്റവും മഹാനായ മിഷനറിയെ അനുകരിക്കുക

ഏറ്റവും മഹാനായ മിഷനറിയെ അനുകരിക്കുക

ഏറ്റവും മഹാനായ മിഷനറിയെ അനുകരിക്കുക

“ഞാൻ ക്രിസ്‌തുവിന്റെ അനുകാരിയായിരിക്കുന്നതുപോലെ നിങ്ങളും എന്റെ അനുകാരികൾ ആകുവിൻ.”—1 കൊരി. 11:1.

1. യേശുക്രിസ്‌തുവിനെ അനുകരിക്കേണ്ടത്‌ എന്തുകൊണ്ട്‌?

ഏറ്റവും മഹാനായ മിഷനറിയെ അനുകരിച്ച വ്യക്തിയാണ്‌ അപ്പൊസ്‌തലനായ പൗലൊസ്‌. “ഞാൻ ക്രിസ്‌തുവിന്റെ അനുകാരിയായിരിക്കുന്നതുപോലെ നിങ്ങളും എന്റെ അനുകാരികൾ ആകുവിൻ” എന്നു പറഞ്ഞുകൊണ്ട്‌ പൗലൊസ്‌ സഹക്രിസ്‌ത്യാനികളെയും അതിനായി പ്രോത്സാഹിപ്പിച്ചു. (1 കൊരി. 11:1) അപ്പൊസ്‌തലന്മാരുടെ കാൽ കഴുകിക്കൊണ്ട്‌ അവരെ താഴ്‌മയുടെ പാഠം പഠിപ്പിച്ചശേഷം യേശു പറഞ്ഞു: “ഞാൻ നിങ്ങൾക്കു ചെയ്‌തതുപോലെ നിങ്ങളും ചെയ്യേണ്ടതിന്നു ഞാൻ നിങ്ങൾക്കു ദൃഷ്ടാന്തം തന്നിരിക്കുന്നു.” (യോഹ. 13:12-15) ഇന്ന്‌ ക്രിസ്‌ത്യാനികൾ എന്നനിലയിൽ വാക്കിലും പ്രവൃത്തിയിലുമെല്ലാം യേശുക്രിസ്‌തുവിനെ അനുകരിക്കാനുള്ള ഉത്തരവാദിത്വം നമുക്കുണ്ട്‌.—1 പത്രൊ. 2:21.

2. ഭരണസംഘം നിങ്ങളെ ഒരു മിഷനറിയായി നിയമിച്ചിട്ടില്ലെങ്കിലും നിങ്ങൾക്ക്‌ ഏതു മനോഭാവം വെച്ചുപുലർത്താനാകും?

2 സുവിശേഷകനായി അയയ്‌ക്കപ്പെടുന്ന, മറ്റുള്ളവരുടെ പക്കൽ സുവാർത്ത എത്തിക്കുന്ന വ്യക്തിയാണ്‌ മിഷനറി എന്ന്‌ കഴിഞ്ഞ ലേഖനത്തിൽ നാം കണ്ടല്ലോ. ഇതിനോടുള്ള ബന്ധത്തിൽ പൗലൊസ്‌ രസകരമായ ചില ചോദ്യങ്ങൾ അവതരിപ്പിക്കുകയുണ്ടായി. (റോമർ 10:11-15 വായിക്കുക.) “പ്രസംഗിക്കുന്നവൻ ഇല്ലാതെ എങ്ങനെ കേൾക്കും?” എന്ന്‌ അപ്പൊസ്‌തലൻ ചോദിച്ചുവെന്നതു ശ്രദ്ധിക്കുക. തുടർന്ന്‌ യെശയ്യാപ്രവചനത്തിൽനിന്ന്‌ ഉദ്ധരിച്ചുകൊണ്ട്‌ അവൻ പറയുന്നു: “നന്മ സുവിശേഷിക്കുന്നവരുടെ കാൽ എത്ര മനോഹരം.” (യെശ. 52:7) നിങ്ങൾ ഒരു മിഷനറിയാകുകയോ വിദേശനിയമനം സ്വീകരിക്കുകയോ ചെയ്‌തിട്ടില്ലായിരിക്കാം. എങ്കിലും, സുവാർത്തയുടെ തീക്ഷ്‌ണഘോഷകനായ യേശുവിനെ അനുകരിച്ചുകൊണ്ട്‌ സുവിശേഷിക്കൽ ആത്മാവ്‌ നിലനിറുത്താൻ നിങ്ങൾക്കാകും. കഴിഞ്ഞ വർഷം 236 ദേശങ്ങളിലായി 69,57,854 രാജ്യഘോഷകരാണ്‌ ‘സുവിശേഷകരുടെ പ്രവൃത്തി’ ചെയ്‌തത്‌.—2 തിമൊ. 4:5.

“ഞങ്ങൾ സകലവും വിട്ടു നിന്നെ അനുഗമിച്ചു”

3, 4. ഭൂമിയിലേക്കു വരാനായി യേശു എന്താണു ത്യജിച്ചത്‌, യേശുവിന്റെ അനുയായികളാകാൻ നാം എന്തു ചെയ്യണം?

3 ഭൂമിയിലെ തന്റെ ഭാഗധേയം നിവർത്തിക്കുന്നതിനായി യേശു സ്വർഗീയ ജീവിതവും മഹത്ത്വവും ഉപേക്ഷിച്ച്‌ ‘തന്നെത്താൻ ഒഴിച്ചു ദാസരൂപം എടുത്തു മനുഷ്യസാദൃശ്യത്തിലായി.’ (ഫിലി. 2:6, 7) യേശുവിനെ അനുകരിച്ചുകൊണ്ട്‌ നാം ചെയ്യുന്നതൊന്നും, ഭൂമിയിലേക്കു വരാൻ അവൻ ചെയ്‌ത ത്യാഗത്തിന്റെ മുന്നിൽ ഒന്നുമല്ല. എങ്കിൽപ്പോലും, സാത്താന്റെ ലോകത്തിൽ നാം വിട്ടുകളഞ്ഞ കാര്യങ്ങളിലേക്ക്‌ നഷ്ടബോധത്തോടെ നോക്കാതിരുന്നുകൊണ്ട്‌ യേശുവിന്റെ അനുയായികൾ എന്നനിലയിൽ ഉറച്ചുനിൽക്കാൻ നമുക്കാകും.—1 യോഹ. 5:19.

4 ഒരിക്കൽ പത്രൊസ്‌ അപ്പൊസ്‌തലൻ യേശുവിനോടു പറഞ്ഞു: “ഞങ്ങൾ സകലവും വിട്ടു നിന്നെ അനുഗമിച്ചുവല്ലോ.” (മത്താ. 19:27) തന്നെ അനുഗമിക്കാൻ യേശു പറഞ്ഞമാത്രയിൽ പത്രൊസും അന്ത്രെയൊസും യാക്കോബും യോഹന്നാനും വല ഉപേക്ഷിച്ച്‌ അവന്റെകൂടെ പോയി. മത്സ്യബന്ധനം തൊഴിലാക്കിയിരുന്ന അവർ അതുവിട്ട്‌ ക്രിസ്‌തീയ ശുശ്രൂഷ ഏറ്റെടുത്തു. പത്രൊസ്‌ ഇങ്ങനെ പറഞ്ഞതായി ലൂക്കൊസ്‌ രേഖപ്പെടുത്തുന്നു: “ഇതാ ഞങ്ങൾ സ്വന്തമായതു വിട്ടു നിന്നെ അനുഗമിച്ചിരിക്കുന്നു.” (ലൂക്കൊ. 18:28) യേശുവിനെ അനുഗമിക്കാൻ നമ്മിൽ മിക്കവർക്കും “സ്വന്തമായ” എല്ലാം ഉപേക്ഷിക്കേണ്ടിവന്നിട്ടില്ല. എന്നാൽ ക്രിസ്‌തുവിന്റെ അനുഗാമികളും യഹോവയുടെ വിശ്വസ്‌ത സേവകരും ആയിത്തീരാനായി ‘തന്നെത്താൻ ത്യജിക്കേണ്ടിവന്നു’ നമുക്ക്‌ ഓരോരുത്തർക്കും. (മത്താ. 16:24) അങ്ങനെ ചെയ്‌തത്‌ ധാരാളം അനുഗ്രഹങ്ങൾ കൈവരുത്തിയിരിക്കുന്നു. (മത്തായി 19:29 വായിക്കുക.) സുവിശേഷത്തോടുള്ള യേശുവിന്റെ മനോഭാവം അനുകരിക്കുന്നത്‌ നമുക്കു വലിയ സന്തോഷത്തിനുള്ള വകനൽകുന്നു. ദൈവത്തോടും യേശുവിനോടും അടുക്കാൻ മറ്റുള്ളവരെ സഹായിക്കുന്നതിൽ ചെറിയൊരു പങ്കെങ്കിലും വഹിച്ചിട്ടുണ്ടെങ്കിൽ അത്‌ വിശേഷാൽ സത്യമാണ്‌.

5. മറ്റൊരു രാജ്യത്തുവെച്ച്‌ ബൈബിൾസത്യം മനസ്സിലാക്കുന്ന ഒരാൾ എന്തു ചെയ്‌തേക്കാം എന്നു വ്യക്തമാക്കുന്ന ഒരു ഉദാഹരണം പറയുക.

5 സുരിനാമിൽ താമസിച്ചിരുന്ന ബ്രസീലുകാരനായിരുന്നു സ്വർണഖനിയിൽ ജോലി ചെയ്‌തിരുന്ന വാൽമീർ. അധാർമിക ജീവിതം നയിച്ചിരുന്ന വാൽമീർ മദ്യപാനിയുമായിരുന്നു. അങ്ങനെയിരിക്കെ അദ്ദേഹം യഹോവയുടെ സാക്ഷികളോടൊത്തു ബൈബിൾ പഠിക്കാൻ തുടങ്ങി; ആഴ്‌ചയിൽ ഒരിക്കലല്ല, എല്ലാദിവസവും. പെട്ടെന്നുതന്നെ അദ്ദേഹം ആവശ്യമായ മാറ്റങ്ങൾ വരുത്തി സ്‌നാനമേറ്റു. ബൈബിൾ നിലവാരങ്ങൾക്കു ചേർച്ചയിൽ ജീവിക്കുന്നതിന്‌ തൊഴിൽ തടസ്സമാണെന്നു മനസ്സിലാക്കിയ വാൽമീർ ആത്മീയ നിക്ഷേപങ്ങൾ കണ്ടെത്താൻ കുടുംബത്തെ സഹായിക്കുന്നതിനായി ലാഭകരമായ ആ തൊഴിലുപേക്ഷിച്ച്‌ ബ്രസീലിലേക്കു തിരിച്ചുപോയി. ഇന്നും, ബൈബിൾസത്യം മനസ്സിലാക്കുന്ന പലരും സമ്പന്നരാജ്യങ്ങളിലെ ജോലിവിട്ട്‌ ബന്ധുക്കളെയും മറ്റുള്ളവരെയും ആത്മീയമായി സഹായിക്കുന്നതിനായി മാതൃദേശത്തേക്കു തിരിച്ചുപോയിക്കൊണ്ടിരിക്കുകയാണ്‌. സുവിശേഷിക്കൽ ആത്മാവിന്റെ എത്ര നല്ല ഉദാഹരണം!

6. രാജ്യഘോഷകരുടെ ആവശ്യം അധികമുള്ളിടത്തേക്ക്‌ മാറിത്താമസിക്കാനാകുന്നില്ലെങ്കിൽ നമുക്ക്‌ എന്തു ചെയ്യാനാകും?

6 രാജ്യഘോഷകരുടെ ആവശ്യം അധികമുള്ള സ്ഥലങ്ങളിലേക്കു മാറിത്താമസിച്ചിട്ടുള്ള ധാരാളം സാക്ഷികളുണ്ട്‌. ചിലർ വിദേശങ്ങളിൽപ്പോലും സേവിക്കുന്നു. ഒരുപക്ഷേ നമുക്ക്‌ അതു സാധിച്ചെന്നുവരില്ല, എങ്കിൽപ്പോലും ശുശ്രൂഷയിൽ പരമാവധി ചെയ്‌തുകൊണ്ട്‌ യേശുവിനെ അനുകരിക്കാൻ നമുക്കും കഴിയും.

യഹോവ പരിശീലിപ്പിക്കുന്നു

7. രാജ്യഘോഷകർ എന്നനിലയിലുള്ള പ്രാപ്‌തികൾ വികസിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്കായി ഏതെല്ലാം സ്‌കൂളുകളാണുള്ളത്‌?

7 യേശു യഹോവയിൽനിന്നു പരിശീലനം നേടിയതുപോലെ, ഇന്ന്‌ യഹോവയുടെ പഠിപ്പിക്കൽ ക്രമീകരണത്തിൽനിന്നു നമുക്കും പ്രയോജനം നേടാനാകും. “എല്ലാവരും ദൈവത്താൽ ഉപദേശിക്കപ്പെട്ടവർ ആകും എന്നു പ്രവാചകപുസ്‌തകങ്ങളിൽ എഴുതിയിരിക്കുന്നു” എന്ന്‌ യേശുതന്നെ പറയുകയുണ്ടായി. (യോഹ. 6:45; യെശ. 54:13) ഇന്ന്‌ രാജ്യഘോഷകർ എന്നനിലയിൽ നമ്മെ പരിശീലിപ്പിക്കുന്നതിന്‌ പ്രത്യേകം സ്‌കൂളുകളുണ്ട്‌. ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂളിൽനിന്ന്‌ നമ്മളെല്ലാംതന്നെ പ്രയോജനം അനുഭവിച്ചിട്ടുണ്ട്‌ എന്നതിനു സംശയമില്ല. പയനിർമാർക്ക്‌, പയനിയർ സേവന സ്‌കൂളിൽ സംബന്ധിക്കാനുള്ള അവസരമുണ്ട്‌. പരിചയസമ്പന്നരായ നിരവധി പയനിയർമാർക്ക്‌ രണ്ടുതവണ അതിൽ സംബന്ധിക്കാൻ സാധിച്ചിരിക്കുന്നു. മൂപ്പന്മാർക്കും ശുശ്രൂഷാദാസന്മാർക്കും വേണ്ടിയുള്ളതാണ്‌ രാജ്യശുശ്രൂഷാസ്‌കൂൾ. പഠിപ്പിക്കൽപ്രാപ്‌തി മെച്ചപ്പെടുത്താനും സഭയിലെ ഉത്തരവാദിത്വങ്ങൾ നന്നായി നിർവഹിക്കാനും ഇത്‌ അവരെ സഹായിക്കുന്നു. അവിവാഹിതരായ നിരവധി മൂപ്പന്മാരും ശുശ്രൂഷാദാസന്മാരും ശുശ്രൂഷാപരിശീലന സ്‌കൂളിൽ സംബന്ധിച്ചിരിക്കുന്നു. പ്രസംഗവേലയിൽ മറ്റുള്ളവരെ സഹായിക്കുന്നതിന്‌ അവരെ സജ്ജരാക്കാൻ ഉദ്ദേശിച്ചുള്ളതാണ്‌ ഇത്‌. വിദേശങ്ങളിൽ മിഷനറിമാരായി സേവിക്കുന്ന നിരവധി സഹോദരീസഹോദരന്മാർ ഗിലെയാദ്‌ സ്‌കൂളിൽനിന്നു പരിശീലനം സിദ്ധിച്ചവരാണ്‌.

8. യഹോവ നൽകുന്ന പരിശീലനം നേടുന്നതിനായി ചില സഹോദരങ്ങൾ എന്തു ത്യാഗം ചെയ്‌തിരിക്കുന്നു?

8 ഈ സ്‌കൂളുകളിൽ സംബന്ധിക്കുന്നതിനായി യഹോവയുടെ സാക്ഷികളായ അനേകർ തങ്ങളുടെ കാര്യാദികളിൽ പൊരുത്തപ്പെടുത്തലുകൾ വരുത്തിയിട്ടുണ്ട്‌. കാനഡയിൽനിന്നുള്ള യൂഗൂ, ശുശ്രൂഷാ പരിശീലന സ്‌കൂളിൽ സംബന്ധിക്കുന്നതിനായി ജോലി രാജിവെച്ചു, അവധിയെടുക്കാൻ തൊഴിലുടമ അനുവദിച്ചില്ല എന്നതായിരുന്നു കാരണം. “എനിക്കതിൽ തെല്ലും ഖേദമില്ല. ലീവ്‌ തന്നിരുന്നെങ്കിൽ, ഒരു കടപ്പാടെന്ന നിലയിൽ ഞാൻ എക്കാലത്തും കമ്പനിയോടൊത്തുണ്ടാകുമെന്ന്‌ അവർ പ്രതീക്ഷിച്ചേനെ. ഇനിയിപ്പോൾ യഹോവ നൽകുന്ന ഏതു നിയമനവും സ്വീകരിക്കാൻ പറ്റിയ അവസ്ഥയിലാണ്‌ ഞാൻ,” യൂഗൂ പറയുന്നു. യഹോവ നൽകുന്ന പരിശീലനത്തിൽനിന്നു പ്രയോജനം നേടുന്നതിനായി, ഒരിക്കൽ തങ്ങൾ അമൂല്യമായി കരുതിയിരുന്ന സംഗതികൾപോലും പലരും ഉപേക്ഷിച്ചിരിക്കുന്നു.—ലൂക്കൊ. 5:28.

9. ആത്മാർഥമായ താത്‌പര്യത്തോടെ തിരുവെഴുത്തുസത്യങ്ങൾ പഠിപ്പിക്കുന്നത്‌ ഫലപ്രദമാണെന്നതിന്‌ ഒരു ഉദാഹരണം നൽകുക.

9 തിരുവെഴുത്തുപരമായ പഠിപ്പിക്കലും ആത്മാർഥ ശ്രമങ്ങളും വലിയ ഫലങ്ങൾ ഉളവാക്കും. (2 തിമൊ. 3:16, 17) ഗ്വാട്ടിമാലയിലെ സൗലോയുടെ കാര്യമെടുക്കുക. ജന്മനാതന്നെ അൽപ്പമൊരു മനോദൗർബല്യമുണ്ടായിരുന്നു അവന്‌. അക്ഷരം പഠിക്കാൻ നിർബന്ധിക്കരുതെന്നും അങ്ങനെ ചെയ്‌താൽ അത്‌ അവനെ കൂടുതൽ നിരാശപ്പെടുത്തുകയേ ഉള്ളുവെന്നും ഒരു അധ്യാപിക അവന്റെ അമ്മയോടു പറഞ്ഞു. അക്ഷരങ്ങൾ എന്തെന്നറിയാതെ സൗലോ സ്‌കൂളിന്റെ പടിയിറങ്ങി. എങ്കിലും ഒരു സാക്ഷി സൗലോയെ എഴുത്തും വായനയും പഠിപ്പിച്ചു. ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂളിൽ പ്രസംഗം നടത്താൻപോന്ന അളവോളം അവൻ പുരോഗമിച്ചു. വീടുതോറുമുള്ള വേലയിലായിരിക്കെ ഒരിക്കൽ സൗലോയുടെ അമ്മ അവന്റെ അധ്യാപികയെ കണ്ടുമുട്ടി. സൗലോ വായിക്കാൻ പഠിച്ചെന്നറിഞ്ഞ അധ്യാപിക, അവനെയുംകൂട്ടി വരാൻ അമ്മയോടു പറഞ്ഞു. പിറ്റേയാഴ്‌ച ചെന്നപ്പോൾ അധ്യാപിക ചോദിച്ചു: “സൗലോ, നീ എന്നെ എന്താണു പഠിപ്പിക്കാൻ പോകുന്നത്‌?” ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? പുസ്‌തകമെടുത്ത്‌ സൗലോ ഒരു ഖണ്ഡിക വായിക്കാൻ തുടങ്ങി. “ഇപ്പോഴിതാ നീ എന്നെ പഠിപ്പിക്കുന്നു, എനിക്കു വിശ്വസിക്കാനാകുന്നില്ല,” അധ്യാപിക പറഞ്ഞു. സന്തോഷാശ്രുക്കളോടെ അവർ സൗലോയെ കെട്ടിപ്പിടിച്ചു.

ഉള്ളിൽത്തട്ടുന്ന പഠിപ്പിക്കൽ

10. ബൈബിൾസത്യം പഠിപ്പിക്കാനുള്ള മികച്ച ഒരു പ്രസിദ്ധീകരണമേത്‌?

10 യഹോവ നേരിട്ടുപഠിപ്പിച്ച കാര്യങ്ങളെയും ദൈവത്തിന്റെ ലിഖിത വചനത്തിലെ പ്രബോധനങ്ങളെയും ആധാരമാക്കിയുള്ളതായിരുന്നു യേശുവിന്റെ പഠിപ്പിക്കൽ. (ലൂക്കൊ. 4:16-21; യോഹ. 8:28) യേശുവിന്റെ ഉപദേശങ്ങൾ പ്രാവർത്തികമാക്കുകയും തിരുവെഴുത്തുകളെ അടിസ്ഥാനമാക്കി പഠിപ്പിക്കുകയും ചെയ്യുമ്പോൾ നാം അവനെ അനുകരിക്കുകയാണു ചെയ്യുന്നത്‌. നമുക്ക്‌ യോജിപ്പിൽ ചിന്തിക്കാനും സംസാരിക്കാനും കഴിയുന്നത്‌ അതുകൊണ്ടാണ്‌. അതുതന്നെയാണ്‌ നമുക്കിടയിലെ ഇഴയടുപ്പം ശക്തമാക്കുന്നതും. (1 കൊരി. 1:10) യോജിപ്പോടെ പഠിപ്പിക്കാനും സുവിശേഷകർ എന്നനിലയിലുള്ള നമ്മുടെ ഉത്തരവാദിത്വം നിർവഹിക്കാനും സഹായകമായ ബൈബിളധിഷ്‌ഠിത പ്രസിദ്ധീകരണങ്ങൾ ലഭ്യമാക്കുന്ന വിശ്വസ്‌തനും വിവേകിയുമായ അടിമയോട്‌ അകമഴിഞ്ഞ നന്ദിയുള്ളവരല്ലേ നാം? (മത്താ. 24:45; 28:19, 20) അത്തരത്തിലൊരു പ്രസിദ്ധീകരണമാണ്‌ ബൈബിൾ പഠിപ്പിക്കുന്നു പുസ്‌തകം; ഇപ്പോഴത്‌ 179 ഭാഷകളിൽ ലഭ്യമാണ്‌.

11. ബൈബിൾ പഠിപ്പിക്കുന്നു പുസ്‌തകത്തിന്റെ സഹായത്താൽ എത്യോപ്യയിലെ ഒരു സഹോദരി എതിർപ്പ്‌ തരണംചെയ്‌തത്‌ എങ്ങനെ?

11 ബൈബിൾ പഠിപ്പിക്കുന്നു പുസ്‌തകം ഉപയോഗിച്ച്‌ തിരുവെഴുത്തുകൾ പഠിക്കുമ്പോൾ എതിരാളികളുടെപോലും മനോഭാവത്തിനു മാറ്റംവരുന്നു. എത്യോപ്യയിലെ ലൂല എന്നൊരു പയനിയർ സഹോദരി അധ്യയനം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന്‌ വിദ്യാർഥിയുടെ ബന്ധത്തിലുള്ള ഒരു സ്‌ത്രീ കടന്നുവന്നിട്ട്‌ ‘ഈ പഠിപ്പിക്കലൊന്നും ഇവിടെ വേണ്ട’ എന്ന്‌ ആക്രോശിച്ചു. ലൂലയാകട്ടെ ശാന്തത കൈവിടാതെ പുസ്‌തകത്തിന്റെ 15-ാം അധ്യായത്തിലെ, കള്ളനോട്ടിന്റെ ദൃഷ്ടാന്തം ഉപയോഗിച്ചുകൊണ്ട്‌ ആ സ്‌ത്രീയുമായി ന്യായവാദം ചെയ്‌തു. എന്തായാലും അതിനു ഫലമുണ്ടായി. അവരുടെ ദേഷ്യം തണുത്തെന്നു മാത്രമല്ല അധ്യയനം തുടരാൻ സമ്മതിക്കുകയും ചെയ്‌തു. പിറ്റേത്തവണ അധ്യയനത്തിനിരുന്ന അവർ ബൈബിൾ പഠിക്കാൻ താത്‌പര്യമുണ്ടെന്നു പറഞ്ഞു. എന്തിനധികം, ഫീസ്‌ തരാൻപോലും അവർ തയ്യാറായി! താമസിയാതെ അധ്യയനം ആരംഭിച്ചു; ആഴ്‌ചയിൽ ഒന്നല്ല, മൂന്നു തവണ. നല്ല പുരോഗതി വരുത്തുകയും ചെയ്‌തു അവർ.

12. കുട്ടികൾക്ക്‌ എങ്ങനെ മറ്റുള്ളവരെ ബൈബിൾ പഠിപ്പിക്കാനാകും എന്നു കാണിക്കുന്ന ഒരു ഉദാഹരണം നൽകുക.

12 ബൈബിൾ പഠിപ്പിക്കുന്നു പുസ്‌തകത്തിന്റെ സഹായത്തോടെ കുട്ടികൾക്കും മറ്റുള്ളവരെ ബൈബിൾ പഠിപ്പിക്കാനാകും. ഹവായിയിലുള്ള 11 വയസ്സുകാരൻ കീനൂവിന്റെ കാര്യമെടുക്കുക. സ്‌കൂളിൽവെച്ച്‌ അവൻ ഈ പുസ്‌തകം വായിച്ചുകൊണ്ടിരിക്കെ, “നീയെന്താ വിശേഷദിവസങ്ങളൊന്നും ആഘോഷിക്കാത്തത്‌?” എന്ന്‌ മറ്റൊരു കുട്ടി ചോദിച്ചു. അനുബന്ധത്തിലെ, “നാം വിശേഷദിവസങ്ങൾ ആഘോഷിക്കണമോ?” എന്ന ഭാഗത്തുനിന്ന്‌ കീനൂ അതിനുള്ള ഉത്തരം വായിച്ചുകേൾപ്പിച്ചു. തുടർന്ന്‌ ഉള്ളടക്കപ്പട്ടികയിലേക്കു മറിച്ചിട്ട്‌ ഇഷ്ടപ്പെട്ട വിഷയം ഏതാണെന്ന്‌ ആ കുട്ടിയോടു ചോദിച്ചു. അങ്ങനെ ഒരു ബൈബിളധ്യയനം തുടങ്ങി. ഇതുപോലെ കഴിഞ്ഞ സേവനവർഷം യഹോവയുടെ സാക്ഷികൾ മൊത്തം 65,61,426 ബൈബിളധ്യയനങ്ങളാണു നടത്തിയത്‌, ബൈബിൾ പഠിപ്പിക്കുന്നു പുസ്‌തകം ഉപയോഗിച്ചായിരുന്നു പലതും. അധ്യയനങ്ങൾക്കായി നിങ്ങൾ ഈ പുസ്‌തകം ഉപയോഗിക്കുന്നുണ്ടോ?

13. ബൈബിൾ പഠിക്കുന്നത്‌ ആളുകളുടെ ജീവിതത്തെ എത്ര ശക്തമായി സ്വാധീനിച്ചേക്കാം?

13 ബൈബിൾ പഠിപ്പിക്കുന്നു പുസ്‌തകത്തിന്റെ സഹായത്തോടെ തിരുവെഴുത്തുകൾ പഠിക്കുന്നത്‌ ദൈവേഷ്ടം ചെയ്യാൻ ആഗ്രഹിക്കുന്നവരിൽ വലിയ പ്രഭാവം ചെലുത്തും. നോർവേയിലുള്ള ഒരു പ്രത്യേകപയനിയർ ദമ്പതികൾ ഒരു സാംബിയൻ കുടുംബത്തെ ബൈബിൾ പഠിപ്പിക്കാൻ തുടങ്ങി. മൂന്നു പെൺകുട്ടികളായിരുന്നു അവർക്ക്‌. അങ്ങനെയിരിക്കെ ആ സ്‌ത്രീ വീണ്ടും ഗർഭംധരിച്ചു. പക്ഷേ നാലാമതൊരു കുട്ടി വേണ്ടെന്നു നിശ്ചയിച്ചിരുന്ന അവർ ഗർഭച്ഛിദ്രം നടത്താൻ തീരുമാനിച്ചു. എന്നാൽ ഡോക്ടറെ കാണുന്നതിന്‌ ഏതാനും ദിവസം മുമ്പാണ്‌ “ജീവൻ സംബന്ധിച്ച ദൈവികവീക്ഷണം” എന്ന അധ്യായം പഠിച്ചത്‌. ആ അധ്യായത്തിൽ ഒരു അജാതശിശുവിന്റെ പടം കാണിച്ചിട്ടുണ്ട്‌. അത്‌ ആ ദമ്പതികളെ വല്ലാതെ സ്‌പർശിച്ചു. ഫലമോ? അവർ തീരുമാനം മാറ്റി. നല്ല ആത്മീയ പുരോഗതി വരുത്തുകയും ചെയ്‌തു. അധ്യയനം നടത്തിയ സഹോദരന്റെ പേരാണ്‌ കുഞ്ഞിന്‌ ഇട്ടിരിക്കുന്നത്‌.

14. പഠിപ്പിക്കുന്നതിനു ചേർച്ചയിൽ ജീവിക്കുന്നതു നല്ല ഫലങ്ങൾ ഉളവാക്കുന്നു എന്നതിന്‌ ഒരു ഉദാഹരണം പറയുക.

14 പഠിപ്പിച്ച കാര്യങ്ങൾക്കു ചേർച്ചയിൽ ജീവിച്ച ഒരു വ്യക്തിയാണ്‌ യേശു. അവന്റെ പഠിപ്പിക്കലിന്റെ ഒരു മുഖ്യസവിശേഷതയായിരുന്നു അത്‌. ഇക്കാര്യത്തിൽ യേശുവിനെ അനുകരിക്കുന്നവരാണ്‌ യഹോവയുടെ സാക്ഷികൾ. അനേകരും അവരുടെ നല്ല പെരുമാറ്റത്തെ വിലമതിച്ചിട്ടുണ്ട്‌. ന്യൂസിലൻഡിലെ ഒരു ബിസിനസ്സുകാരന്റെ കാർ ആരോ കുത്തിത്തുറന്ന്‌ ബ്രീഫ്‌കേസ്‌ മോഷ്ടിച്ചു. പോലീസിൽ അറിയിച്ചപ്പോൾ അദ്ദേഹത്തിനു ലഭിച്ച മറുപടി ഇതായിരുന്നു: “യഹോവയുടെ സാക്ഷികളിൽപ്പെട്ട ആർക്കെങ്കിലും അതു കിട്ടിയാൽ തിരിച്ചുകിട്ടും; അല്ലെങ്കിൽ പ്രതീക്ഷിക്കേണ്ട.” എന്തായാലും അതാണു സംഭവിച്ചത്‌. പത്രം വിതരണം ചെയ്‌തുകൊണ്ടിരുന്ന നമ്മുടെ ഒരു സഹോദരിക്ക്‌ അതു കിട്ടി. വിവരമറിയിച്ചതിനെത്തുടർന്ന്‌ ഉടമസ്ഥൻ സഹോദരിയുടെ വീട്ടിൽ ചെന്നു. അതിലുണ്ടായിരുന്ന വിലപ്പെട്ട ഒരു രേഖ നഷ്ടപ്പെട്ടിട്ടില്ലെന്നു കണ്ടപ്പോൾ അദ്ദേഹത്തിനു വലിയ ആശ്വാസമായി. അപ്പോൾ സഹോദരി പറഞ്ഞു: “ഞാൻ ചെയ്യേണ്ടതേ ചെയ്‌തുള്ളൂ. കാരണം ഞാനൊരു യഹോവയുടെ സാക്ഷിയാണ്‌.” അതുതന്നെയാണല്ലോ അന്നു രാവിലെ കോൺസ്റ്റബിൾ പറഞ്ഞത്‌ എന്നോർത്തപ്പോൾ ബിസിനസ്സുകാരന്‌ അത്ഭുതം അടക്കാനായില്ല. അതേ, ബൈബിളിനു ചേർച്ചയിൽ ജീവിക്കുകയും യേശുവിനെ അനുകരിക്കുകയും ചെയ്യുന്നവരാണ്‌ സത്യക്രിസ്‌ത്യാനികൾ.—എബ്രാ. 13:18.

യേശുവിന്റെ മനോഭാവം അനുകരിക്കുക

15, 16. നമ്മുടെ സന്ദേശം ആകർഷകമാക്കാൻ എന്തു ചെയ്യാനാകും?

15 സഹമനുഷ്യരോടുള്ള യേശുവിന്റെ മനോഭാവം അവന്റെ സന്ദേശം ശ്രദ്ധിക്കാൻ അവരെ പ്രചോദിപ്പിച്ചു. ഉദാഹരണത്തിന്‌, യേശുവിന്റെ സ്‌നേഹവും താഴ്‌മയും എളിയ മനുഷ്യരെ അവനിലേക്ക്‌ അടുപ്പിച്ചു. തന്റെ അടുത്തുവന്നവരോട്‌ അവൻ കരുണ കാണിച്ചു; ദയാപുരസ്സരമായ വാക്കുകളാൽ അവരെ ആശ്വസിപ്പിച്ചു; അനേകരെ സുഖപ്പെടുത്തി. (മർക്കൊസ്‌ 2:1-5 വായിക്കുക.) അത്ഭുതങ്ങൾ ചെയ്യാൻ നമുക്കാവില്ല എന്നതു ശരിതന്നെ. പക്ഷേ, സ്‌നേഹവും താഴ്‌മയും കരുണയും കാണിക്കാനാകും; സത്യത്തിലേക്ക്‌ ആളുകളെ ആകർഷിക്കുന്ന ഗുണങ്ങളാണവ.

16 കരുണ വലിയ ഫലങ്ങൾ ഉളവാക്കും. റ്റാറീയാ എന്ന പ്രത്യേക പയനിയറുടെ അനുഭവം അതാണു കാണിക്കുന്നത്‌. ദക്ഷിണ പസിഫിക്കിലുള്ള കിരിബാറ്റിയുടെ ഭാഗമായ ഒരു ഒറ്റപ്പെട്ട ദ്വീപിൽ സാക്ഷീകരിക്കുന്നതിനിടെ സഹോദരി പ്രായമുള്ള ഒരു വ്യക്തിയെ കണ്ടുമുട്ടി. ബീർ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്‌. കേൾക്കാൻ താത്‌പര്യമില്ലെന്നു പറഞ്ഞെങ്കിലും, ഒരുവശം തളർന്നുപോയിരുന്ന അദ്ദേഹത്തെ കണ്ടപ്പോൾ റ്റാറീയായുടെ മനസ്സലിഞ്ഞു. “രോഗികൾക്കും വൃദ്ധർക്കുമായി ദൈവം എന്താണു കരുതിവെച്ചിരിക്കുന്നതെന്ന്‌ അറിയാമോ?” സഹോദരി ചോദിച്ചു. എന്നിട്ട്‌ യെശയ്യാപ്രവചനത്തിൽനിന്ന്‌ ഒരു ഭാഗം വായിച്ചു. (യെശയ്യാവു 35:5, 6 വായിക്കുക.) ആശ്ചര്യത്തോടെ അദ്ദേഹം പറഞ്ഞു: “ഞാൻ ബൈബിൾ വായിക്കാൻ തുടങ്ങിയിട്ട്‌ വർഷങ്ങളായി, ഞങ്ങളുടെ ഒരു മിഷനറി കാലങ്ങളായി ഇവിടെവന്നു പഠിപ്പിക്കുന്നുമുണ്ട്‌. എന്നിട്ടും ഇങ്ങനെയൊരു സംഗതി ബൈബിളിലുണ്ടെന്ന്‌ എനിക്ക്‌ അറിയില്ലായിരുന്നു.” ഒരു അധ്യയനം തുടങ്ങാൻ പിന്നെ താമസമുണ്ടായില്ല. നല്ല പുരോഗതി വരുത്തിയ അദ്ദേഹം സ്‌നാനമേറ്റു. ഇപ്പോൾ അവിടത്തെ ഒരു ഒറ്റപ്പെട്ട കൂട്ടത്തിനു നേതൃത്വമെടുക്കാനും സുവാർത്ത പ്രസംഗിക്കാനായി ദ്വീപിലുടനീളം സഞ്ചരിക്കാനും കഴിയുന്നുണ്ട്‌.

ക്രിസ്‌തുവിനെ അനുകരിക്കുന്നതിൽ തുടരുക

17, 18. (എ) തീക്ഷ്‌ണതയുള്ള സുവിശേഷകനായിരിക്കാൻ സാധിക്കുന്നത്‌ എങ്ങനെ? (ബി) ശുശ്രൂഷ ഗൗരവമായെടുക്കുന്നവർക്ക്‌ എന്ത്‌ അനുഗ്രഹം ലഭിക്കും?

17 യേശുവിന്റേതുപോലുള്ള നല്ല ഗുണങ്ങൾ നട്ടുവളർത്തുകയും പ്രകടമാക്കുകയും ചെയ്‌താൽ നമുക്കും ഫലപ്രദരായ സുവിശേഷകരാകാം, ശുശ്രൂഷയിലെ സന്തോഷകരമായ അനുഭവങ്ങൾ അതാണു നമ്മോടു പറയുന്നത്‌. ആ സ്ഥിതിക്ക്‌, തീക്ഷ്‌ണതയുള്ള ശുശ്രൂഷകരെന്ന നിലയിൽ നാം ക്രിസ്‌തുവിനെ അനുകരിക്കേണ്ടതല്ലേ!

18 ഒന്നാം നൂറ്റാണ്ടിൽ ചിലർ യേശുവിന്റെ ശിഷ്യത്വം സ്വീകരിച്ചപ്പോൾ, “ഞങ്ങൾക്കു എന്തു കിട്ടും” എന്ന്‌ പത്രൊസ്‌ ചോദിക്കുകയുണ്ടായി. യേശുവിന്റെ മറുപടിയോ? “എന്റെ നാമംനിമിത്തം വീടുകളെയോ സഹോദരന്മാരെയോ സഹോദരികളെയോ അപ്പനെയോ അമ്മയെയോ മക്കളെയോ നിലങ്ങളെയോ വിട്ടുകളഞ്ഞവന്നു എല്ലാം നൂറുമടങ്ങു ലഭിക്കും; അവൻ നിത്യജീവനെയും അവകാശമാക്കും.” (മത്താ. 19:27-29) ഏറ്റവും മഹാനായ മിഷനറിയെ, യേശുക്രിസ്‌തുവിനെ, അനുകരിക്കുന്നെങ്കിൽ നമ്മളും ഈ വാക്കുകളുടെ സത്യത അനുഭവിച്ചറിയും, നിശ്ചയം!

നിങ്ങളുടെ ഉത്തരമെന്ത്‌?

• സുവിശേഷകർ എന്നനിലയിൽ യഹോവ നമ്മെ പരിശീലിപ്പിക്കുന്നതെങ്ങനെ?

• ബൈബിൾ പഠിപ്പിക്കുന്നു പുസ്‌തകം ശുശ്രൂഷയിൽ ഫലപ്രദമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

• സഹമനുഷ്യരോടുള്ള മനോഭാവത്തിന്റെ കാര്യത്തിൽ നമുക്കെങ്ങനെ യേശുവിനെ അനുകരിക്കാം?

[അധ്യയന ചോദ്യങ്ങൾ]

[17-ാം പേജിലെ ചിത്രം]

തന്നെ അനുഗമിക്കാനുള്ള യേശുവിന്റെ ക്ഷണത്തോട്‌ പത്രൊസും അന്ത്രെയൊസും യാക്കോബും യോഹന്നാനും ഉടനടി പ്രതികരിച്ചു

[19-ാം പേജിലെ ചിത്രം]

“ബൈബിൾ പഠിപ്പിക്കുന്നു” പോലുള്ള പ്രസിദ്ധീകരണങ്ങൾ പഠിപ്പിക്കലിൽ ഐക്യം നിലനിറുത്താൻ നമ്മെ സഹായിക്കുന്നു