വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മർക്കൊസിന്റെ സുവിശേഷത്തിൽനിന്നുള്ള വിശേഷാശയങ്ങൾ

മർക്കൊസിന്റെ സുവിശേഷത്തിൽനിന്നുള്ള വിശേഷാശയങ്ങൾ

യഹോവയുടെ വചനം ജീവനുള്ളത്‌

മർക്കൊസിന്റെ സുവിശേഷത്തിൽനിന്നുള്ള വിശേഷാശയങ്ങൾ

മർക്കൊസിന്റെ സുവിശേഷമാണ്‌ നാലു സുവിശേഷങ്ങളിൽവെച്ച്‌ ഏറ്റവും ചെറുത്‌. യേശുക്രിസ്‌തുവിന്റെ മരണത്തിനും പുനരുത്ഥാനത്തിനും ഏതാണ്ടു 30 വർഷത്തിനുശേഷം യോഹന്നാൻ മർക്കൊസ്‌ എഴുതിയതാണിത്‌. യേശുവിന്റെ മൂന്നര വർഷത്തെ ശുശ്രൂഷയിൽ ഉണ്ടായ ആവേശഭരിതമായ ഒട്ടനവധി സംഭവങ്ങൾ ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.

യഹൂദേതരരെ, പ്രത്യേകിച്ചും റോമാക്കാരെ മുന്നിൽക്കണ്ടുകൊണ്ട്‌ എഴുതിയതാണു മർക്കൊസിന്റെ സുവിശേഷം. അതിൽ യേശുവിനെ ഊർജസ്വലമായി പ്രസംഗപര്യടനം നടത്തുന്ന, അത്ഭുതങ്ങൾ പ്രവർത്തിക്കുന്ന ദൈവപുത്രനായി അവതരിപ്പിച്ചിരിക്കുന്നു. യേശു എന്തു പഠിപ്പിച്ചു എന്നതിനെക്കാൾ എന്തു പ്രവർത്തിച്ചു എന്നതിനാണ്‌ ഈ പുസ്‌തകം ഊന്നൽ നൽകുന്നത്‌. സുവാർത്തയുടെ തീക്ഷ്‌ണ പ്രചാരകരാകുന്നതിനും മിശിഹായിലുള്ള വിശ്വാസം ശക്തിപ്പെടുത്തുന്നതിനും മർക്കൊസിന്റെ സുവിശേഷം നമ്മെ സഹായിക്കും.—എബ്രാ. 4:12.

ഗലീലയിലെ ശ്രദ്ധേയമായ ശുശ്രൂഷ

(മർക്കൊ. 1:1–9:50)

സ്‌നാപക യോഹന്നാന്റെ പ്രവർത്തനത്തെക്കുറിച്ചും യേശു മരുഭൂമിയിൽ 40 ദിവസം കഴിഞ്ഞതിനെക്കുറിച്ചും കേവലം 14 വാക്യങ്ങൾകൊണ്ട്‌ പറഞ്ഞുതീർത്തിട്ട്‌ ഗലീലയിലെ യേശുവിന്റെ ശുശ്രൂഷയെക്കുറിച്ചുള്ള ആവേശകരമായ റിപ്പോർട്ട്‌ മർക്കൊസ്‌ ആരംഭിക്കുന്നു. “ഉടനെ” എന്ന പ്രയോഗം പലപ്രാവശ്യം ആവർത്തിക്കുന്നത്‌ വായനക്കാരിൽ അടിയന്തിരതാബോധം ഉളവാക്കുന്നു.—മർക്കൊ. 1:10, 12.

മൂന്നു വർഷത്തിനുള്ളിൽ യേശു ഗലീലയിൽ മൂന്നു പ്രസംഗപര്യടനങ്ങൾ നടത്തുന്നു. മിക്കവാറും കാലാനുക്രമത്തിലാണ്‌ മർക്കൊസ്‌ ഈ സുവിശേഷം എഴുതിയിരിക്കുന്നത്‌. യേശുവിന്റെ സുദീർഘമായ പല പ്രസംഗങ്ങളും അതുപോലെ ഗിരിപ്രഭാഷണവും അവൻ ഒഴിവാക്കി.

തിരുവെഴുത്തു ചോദ്യങ്ങൾക്കുള്ള ഉത്തരം:

1:14, 15“കാലം തികഞ്ഞു” എന്ന്‌ യേശു പറഞ്ഞത്‌ ഏതർഥത്തിലാണ്‌? തന്റെ ശുശ്രൂഷ ആരംഭിക്കാനുള്ള “കാലം തികഞ്ഞു” അഥവാ സമയം വന്നെത്തി എന്നാണ്‌ അവൻ അർഥമാക്കിയത്‌. ദൈവരാജ്യത്തിന്റെ നിയുക്തരാജാവായ അവൻ അവിടെ സന്നിഹിതൻ ആയിരുന്നതിനാലാണ്‌ “ദൈവരാജ്യം സമീപിച്ചിരിക്കുന്നു” എന്നു പറഞ്ഞത്‌. ആത്മാർഥരായ ആളുകൾക്ക്‌ അപ്പോൾമുതൽ അവന്റെ പ്രസംഗത്തോടു പ്രതികരിക്കാനും ദൈവാംഗീകാരം ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും കഴിയുമായിരുന്നു.

1:44; 3:12; 7:36—തന്റെ അത്ഭുതങ്ങൾ പ്രസിദ്ധമാകാൻ യേശു ആഗ്രഹിച്ചില്ല, എന്തുകൊണ്ട്‌? ഊതിപ്പെരുപ്പിച്ചതോ വളച്ചൊടിച്ചതോ ആയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ആളുകൾ ഒരു നിഗമനത്തിൽ എത്താനല്ല മറിച്ച്‌ താനാണ്‌ ക്രിസ്‌തു എന്നതിനുള്ള തെളിവുകൾ കണ്ടുമനസ്സിലാക്കാനും അവയുടെ അടിസ്ഥാനത്തിൽ അവർ വ്യക്തിപരമായ ഒരു തീരുമാനം എടുക്കാനുമാണു യേശു ആഗ്രഹിച്ചത്‌. (യെശ. 42:1-4; മത്താ. 8:4; 9:30; 12:15-21; 16:20; ലൂക്കൊ. 5:14) ഇതിനൊരപവാദം ഗെരസേന്യദേശത്തിലെ ഭൂതഗ്രസ്‌തനായ മനുഷ്യന്റേതാണ്‌. വീട്ടിൽ പോയി ബന്ധുക്കളെ വിവരമറിയിക്കാൻ യേശു അവനോടു പറഞ്ഞു. ഗെരസേന്യയിലെ ജനങ്ങൾ അവിടം വിട്ടുപോകാൻ യേശുവിനോട്‌ ആവശ്യപ്പെട്ടതിനാൽ അവന്‌ അവരുമായി കാര്യമായ ബന്ധമൊന്നും ഉണ്ടാക്കാനായില്ല. (ലൂക്കൊ. 8:37) യേശു സൗഖ്യമാക്കിയ മനുഷ്യന്റെ സാന്നിധ്യവും സാക്ഷ്യവും, പന്നിക്കൂട്ടത്തെ നഷ്ടപ്പെട്ടതിലുള്ള ആ ദേശക്കാരുടെ അമർഷവും പിറുപിറുപ്പുമൊക്കെ അടക്കാൻ ഉതകുമായിരുന്നു.—മർക്കൊ. 5:1-20; ലൂക്കൊ. 8:26-39.

2:28—യേശുവിനെ “ശബ്ബത്തിന്നും കർത്താവു” എന്നു വിളിച്ചത്‌ എന്തുകൊണ്ട്‌? ‘ന്യായപ്രമാണം വരുവാനുള്ള നന്മകളുടെ നിഴലാണെന്ന്‌’ അപ്പൊസ്‌തലനായ പൗലൊസ്‌ എഴുതി. (എബ്രാ. 10:1) ന്യായപ്രമാണം അനുസരിച്ച്‌, ആറു പ്രവൃത്തിദിവസങ്ങൾക്കുശേഷം ശബത്ത്‌ ആചരിക്കണമായിരുന്നു. യേശു പലരെയും സൗഖ്യമാക്കിയത്‌ ശബത്ത്‌ ദിവസങ്ങളിലായിരുന്നു. സാത്താന്റെ നിഷ്‌ഠൂരഭരണത്തിനു തിരശ്ശീല വീണശേഷം, ക്രിസ്‌തുവിന്റെ ആയിരംവർഷ വാഴ്‌ചക്കാലത്ത്‌ മനുഷ്യവർഗം ആസ്വദിക്കുന്ന സമാധാനത്തെയും മറ്റ്‌ അനുഗ്രഹങ്ങളെയും ഇത്‌ മുൻനിഴലാക്കി. അതുകൊണ്ട്‌ ആ രാജ്യത്തിന്റെ രാജാവ്‌ ‘ശബ്ബത്തിന്നും കർത്താവാണ്‌.—മത്താ. 12:8; ലൂക്കൊ. 6:5.

3:5; 7:34; 8:12—യേശുവിന്‌ അനുഭവപ്പെട്ട വികാരങ്ങളെക്കുറിച്ച്‌ മർക്കൊസ്‌ അറിയാൻ ഇടയായത്‌ എങ്ങനെ? യേശുവിന്റെ 12 അപ്പൊസ്‌തലന്മാരിൽ ഒരുവനോ അടുത്ത സഹചാരിയോ ആയിരുന്നില്ല മർക്കൊസ്‌. യേശുവിനെക്കുറിച്ചുള്ള വിവരങ്ങളിൽ അധികപങ്കും മർക്കൊസിനു ലഭിച്ചത്‌ അവൻ അടുത്തു സഹവസിച്ചിരുന്ന പത്രൊസ്‌ അപ്പൊസ്‌തലനിൽനിന്നാണെന്നു പൊതുവേ പറയപ്പെടുന്നു.—1 പത്രൊ. 5:13.

6:51, 52—ശിഷ്യന്മാർ ഗ്രഹിക്കാതെപോയ “അപ്പത്തിന്റെ സംഗതി” അഥവാ അപ്പം വർധിപ്പിച്ചതിന്റെ പൊരുൾ എന്താണ്‌? ഏതാനും മണിക്കൂറുകൾക്കുമുമ്പ്‌ അഞ്ചപ്പവും രണ്ടു മീനുംകൊണ്ട്‌ സ്‌ത്രീകളെയും കുട്ടികളെയും കൂടാതെ, അയ്യായിരം പുരുഷന്മാരെ യേശു പോഷിപ്പിച്ചതേ ഉണ്ടായിരുന്നുള്ളൂ. അത്ഭുതങ്ങൾ പ്രവർത്തിക്കാൻ യഹോവ യേശുവിനെ ശക്തിപ്പെടുത്തിയിരിക്കുന്നു എന്നതാണ്‌ ആ സംഭവത്തിൽനിന്നു ശിഷ്യന്മാർ ഗ്രഹിക്കേണ്ടിയിരുന്ന “അപ്പത്തിന്റെ സംഗതി.” (മർക്കൊ. 6:41-44) യേശുവിനു ലഭിച്ച ശക്തിയുടെ മാഹാത്മ്യം അവർ മനസ്സിലാക്കിയിരുന്നെങ്കിൽ, അവൻ അത്ഭുതകരമായി വെള്ളത്തിനുമീതെ നടന്നപ്പോൾ അവർ അത്ഭുതസ്‌തബ്ധരാകുമായിരുന്നില്ല.

8:22-26—എന്തുകൊണ്ടാണ്‌ യേശു അന്ധനായ മനുഷ്യനെ രണ്ടു പടിയായി സൗഖ്യമാക്കിയത്‌? ആ മനുഷ്യനോടുള്ള പരിഗണനമൂലമായിരിക്കണം അതായത്‌ ദീർഘകാലം അന്ധനായിരുന്ന ആ വ്യക്തിക്ക്‌ വെളിച്ചവുമായി പൊരുത്തപ്പെടുന്നതിനുള്ള സമയം ലഭിക്കുന്നതിനു വേണ്ടിയാകണം യേശു അങ്ങനെ ചെയ്‌തത്‌.

നമുക്കുള്ള പാഠങ്ങൾ:

2:18; 7:11; 12:18; 13:3. യഹൂദേതര വായനക്കാർക്കു പരിചിതമല്ലാത്ത പാരമ്പര്യങ്ങളെയും പ്രയോഗങ്ങളെയും വിശ്വാസങ്ങളെയും സ്ഥലങ്ങളെയുംകുറിച്ച്‌ പരാമർശിക്കുമ്പോൾ മർക്കൊസ്‌ അവയ്‌ക്ക്‌ ഒരൽപ്പം വിശദീകരണം നൽകുന്നു. പരീശന്മാർ “ഉപവസിക്ക പതിവായിരുന്നു” എന്നും കൊർബ്ബാൻ ദൈവത്തിനുള്ള “വഴിപാട്‌” ആണെന്നും “പുനരുത്ഥാനം ഇല്ല” എന്നു പറയുന്നവരാണ്‌ സദൂക്യർ എന്നും “ഒലിവ്‌മലയിൽ”നിന്നു നോക്കിയാൽ ആലയം ‘കാണാമെന്നും’ (NW) അവൻ വ്യക്തമാക്കുന്നു. യഹൂദന്മാർക്കുമാത്രമേ മിശിഹായുടെ വംശാവലിയിൽ താത്‌പര്യം ഉണ്ടാകൂ എന്നതിനാൽ അവൻ അത്‌ പാടേ ഒഴിവാക്കി. ക്രിസ്‌തീയ ശുശ്രൂഷയിൽ ഏർപ്പെടുമ്പോഴോ സഭായോഗങ്ങളിൽ പ്രസംഗം നടത്തുമ്പോഴോ നാം നമ്മുടെ ശ്രോതാക്കളുടെ പശ്ചാത്തലം കണക്കിലെടുക്കേണ്ടതുണ്ടെന്ന്‌ മർക്കൊസിന്റെ മാതൃക നമ്മെ പഠിപ്പിക്കുന്നു.

3:21. യേശുവിന്റെ ബന്ധുക്കൾ അവിശ്വാസികളായിരുന്നു. അതുകൊണ്ടുതന്നെ വിശ്വാസത്തിന്റെ പേരിൽ, അവിശ്വാസികളായ ബന്ധുക്കളിൽനിന്ന്‌ എതിർപ്പും പരിഹാസവും നേരിടേണ്ടിവരുന്നവരോട്‌ അവന്‌ സമാനുഭാവം ഉണ്ട്‌.

3:31-35. സ്‌നാനം ഏറ്റതോടെ യേശു ദൈവത്തിന്റെ ആത്മീയ പുത്രനായി, “മീതെയുള്ള യെരൂശലേം” അവന്റെ അമ്മയും. (ഗലാ. 4:26) അപ്പോൾമുതൽ, തന്റെ ജഡിക ബന്ധുക്കളോട്‌ ഉണ്ടായിരുന്നതിനെക്കാൾ സ്‌നേഹവും അടുപ്പവും അവന്‌ തന്റെ ശിഷ്യന്മാരോടു തോന്നിത്തുടങ്ങി. നമ്മുടെ ജീവിതത്തിൽ ആത്മീയ കാര്യങ്ങൾക്ക്‌ ഒന്നാം സ്ഥാനം നൽകണമെന്ന്‌ ഇതു നമ്മെ പഠിപ്പിക്കുന്നു.—മത്താ. 12:46-50; ലൂക്കൊ. 8:19-21.

8:32-34. നമ്മുടെ ആത്മത്യാഗപരമായ പ്രവർത്തനങ്ങളെ നിരുത്സാഹപ്പെടുത്താനുള്ള ഏതൊരു ശ്രമവും—അത്‌ സദുദ്ദേശ്യത്തോടെ ആണെങ്കിൽപ്പോലും—സത്വരം ചെറുക്കേണ്ടതുണ്ട്‌. ‘തന്നെത്താൻ ത്യജിക്കാൻ’ അതായത്‌ സ്വാർഥാഭിലാഷങ്ങളും താത്‌പര്യങ്ങളും തിരസ്‌കരിക്കാൻ യേശുവിന്റെ ഒരു അനുഗാമി സന്നദ്ധനായിരിക്കണം. ‘തന്റെ ക്രൂശ്‌ എടുക്കാൻ’—കഷ്ടവും നിന്ദയും പീഡനവുമൊക്കെ സഹിക്കാനോ വേണ്ടിവന്നാൽ മരിക്കാനോപോലും—ഒരു ക്രിസ്‌ത്യാനി ഒരുക്കമായിരിക്കണം. കൂടാതെ, യേശുവിന്റെ മാതൃകയ്‌ക്കു ചേർച്ചയിൽ ജീവിച്ചുകൊണ്ട്‌ അയാൾ അവനെ ‘അനുഗമിക്കുകയും’ വേണം. യേശുവിന്റെ ഒരു അനുഗാമി ആയിരിക്കണമെങ്കിൽ യേശുവിനുണ്ടായിരുന്നതുപോലുള്ള ആത്മത്യാഗ മനോഭാവം വളർത്തിയെടുത്ത്‌ നിലനിറുത്തേണ്ടതുണ്ട്‌.—മത്താ. 16:21-25; ലൂക്കൊ. 9:22, 23.

9:24. വിശ്വാസത്തെക്കുറിച്ചു മറ്റുള്ളവരോടു പറയാനോ കൂടുതൽ വിശ്വാസത്തിനുവേണ്ടി യാചിക്കാനോ നമുക്കു നാണക്കേടു തോന്നേണ്ടതില്ല.—ലൂക്കൊ. 17:5.

അവസാന മാസം

(മർക്കൊ. 10:1–16:8)

എ.ഡി. 32-ന്റെ അവസാനത്തോടെ യേശു “യോർദ്ദാന്നക്കരെ യെഹൂദ്യദേശത്തിന്റെ അതിരോളം ചെന്നു; പുരുഷാരം പിന്നെയും അവന്റെ അടുക്കൽ വന്നുകൂടി.” (മർക്കൊ. 10:1) അവിടെ പ്രസംഗിച്ചശേഷം അവൻ യെരൂശലേമിലേക്കു പോയി.

നീസാൻ 8-നു യേശു ബേഥാന്യയിൽ എത്തി. അവിടെ ശിമോന്റെ വീട്ടിൽ ഭക്ഷണത്തിനിരിക്കുമ്പോൾ ഒരു സ്‌ത്രീ വന്ന്‌ അവന്റെ തലയിൽ സുഗന്ധതൈലം ഒഴിച്ചു. വിജയശ്രീലാളിതനായി അവൻ യെരൂശലേമിലേക്കു പ്രവേശിച്ചതുമുതൽ അവന്റെ പുനരുത്ഥാനംവരെയുള്ള സംഭവങ്ങൾ കാലാനുക്രമത്തിൽ വിവരിച്ചിരിക്കുന്നു.

തിരുവെഴുത്തു ചോദ്യങ്ങൾക്കുള്ള ഉത്തരം:

10:17, 18—തന്നെ “നല്ല ഗുരോ” എന്നു വിളിച്ച മനുഷ്യനെ യേശു തിരുത്തിയത്‌ എന്തുകൊണ്ട്‌? തന്നെ പുകഴ്‌ത്തിക്കൊണ്ടുള്ള ആ സംബോധന നിരസിക്കുകവഴി, യേശു മഹത്ത്വം യഹോവയ്‌ക്കു കൊടുക്കുകയും എല്ലാ നല്ല കാര്യങ്ങളുടെയും ഉറവിടം സത്യദൈവമാണെന്നു സൂചിപ്പിക്കുകയും ചെയ്‌തു. തന്നെയുമല്ല, സകലത്തിന്റെയും സ്രഷ്ടാവായ യഹോവയാം ദൈവത്തിനുമാത്രമാണ്‌ നന്മയും തിന്മയും സംബന്ധിച്ചുള്ള നിലവാരങ്ങൾ വെക്കാൻ അവകാശമുള്ളത്‌ എന്ന അടിസ്ഥാന സത്യത്തിലേക്കും അവൻ ശ്രദ്ധ ക്ഷണിച്ചു.—മത്താ. 19:16, 17; ലൂക്കൊ. 18:18, 19.

14:25—“മുന്തിരിവള്ളിയുടെ അനുഭവം ദൈവരാജ്യത്തിൽ പുതുതായി അനുഭവിക്കുംനാൾവരെ ഞാൻ അതു ഇനി അനുഭവിക്കയില്ല” എന്ന്‌ വിശ്വസ്‌ത അപ്പൊസ്‌തലന്മാരോടു പറഞ്ഞപ്പോൾ യേശു എന്താണ്‌ അർഥമാക്കിയത്‌? സ്വർഗത്തിൽ അക്ഷരീയ വീഞ്ഞ്‌ ഉണ്ടെന്നല്ല യേശു പറഞ്ഞത്‌. ചിലപ്പോഴെല്ലാം വീഞ്ഞ്‌ സന്തോഷത്തെ പ്രതീകപ്പെടുത്തുന്നു. അതുകൊണ്ട്‌, പുനരുത്ഥാനം പ്രാപിച്ച തന്റെ അഭിഷിക്ത അനുഗാമികൾക്കൊപ്പം രാജ്യത്തിൽ ഒരുമിച്ചായിരിക്കുന്നതിലെ സന്തോഷത്തെ പരാമർശിക്കുകയായിരുന്നു അവൻ.—സങ്കീ. 104:15; മത്താ. 26:29.

14:51, 52—‘നഗ്നനായി ഓടിപ്പോയ’ ആ ചെറുപ്പക്കാരൻ ആരാണ്‌? മർക്കൊസ്‌ മാത്രമേ ഈ സംഭവത്തെക്കുറിച്ചു പരാമർശിക്കുന്നുള്ളൂ. അതുകൊണ്ട്‌ അവൻ തന്നെക്കുറിച്ചുതന്നെ ആയിരിക്കും സംസാരിച്ചതെന്നു ന്യായമായും നിഗമനം ചെയ്യാം.

15:34—“എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു” എന്ന്‌ യേശു ചോദിച്ചത്‌ അവന്റെ വിശ്വാസത്തിന്റെ കുറവിനെയാണോ സൂചിപ്പിക്കുന്നത്‌? അല്ല. അങ്ങനെ പറയാൻ യേശുവിനെ പ്രേരിപ്പിച്ചത്‌ എന്താണെന്ന്‌ ഉറപ്പിച്ചു പറയാൻ നമുക്കാവില്ല. തന്റെ വിശ്വസ്‌തത പൂർണമായി പരീക്ഷിക്കപ്പെടേണ്ടതിന്‌ തന്നിൽനിന്ന്‌ യഹോവ സംരക്ഷണം പിൻവലിച്ചിരിക്കുന്നുവെന്ന്‌ യേശു തിരിച്ചറിഞ്ഞു എന്നായിരിക്കാം ഈ വാക്കുകൾ സൂചിപ്പിക്കുന്നത്‌. മറ്റൊരു സാധ്യത, സങ്കീർത്തനം 22:1-ൽ അവനെക്കുറിച്ചു പറഞ്ഞിരിക്കുന്നതു നിവർത്തിക്കാൻ വേണ്ടിയാവണം യേശു അതു പറഞ്ഞത്‌.—മത്താ. 27:46.

നമുക്കുള്ള പാഠങ്ങൾ:

10:6-9. ഭാര്യാഭർത്താക്കന്മാർ ഒരിക്കലും വേർപിരിയരുത്‌, അതാണു ദൈവത്തിന്റെ ഉദ്ദേശ്യം. അതുകൊണ്ട്‌ തിടുക്കത്തിൽ വിവാഹമോചനത്തിനു ശ്രമിക്കുന്നതിനുപകരം, ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കിക്കൊണ്ട്‌ ദാമ്പത്യത്തിൽ ഉയർന്നുവന്നേക്കാവുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ ദമ്പതികൾ ശ്രമിക്കണം.—മത്താ. 19:4-6.

12:41-44. സത്യാരാധനയെ നാം നിസ്സ്വാർഥം പിന്തുണയ്‌ക്കണമെന്ന്‌ ദരിദ്രയായ വിധവയുടെ ദൃഷ്ടാന്തം നമ്മെ പഠിപ്പിക്കുന്നു.

[29-ാം പേജിലെ ചിത്രം]

സംഭവിച്ചതെല്ലാം തന്റെ ബന്ധുക്കളോടു പറയാൻ യേശു ഈ മനുഷ്യനോട്‌ ആവശ്യപ്പെട്ടത്‌ എന്തുകൊണ്ട്‌?