വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയെ എപ്പോഴും നിങ്ങളുടെ മുമ്പാകെ വെക്കുക

യഹോവയെ എപ്പോഴും നിങ്ങളുടെ മുമ്പാകെ വെക്കുക

യഹോവയെ എപ്പോഴും നിങ്ങളുടെ മുമ്പാകെ വെക്കുക

“ഞാൻ യഹോവയെ എപ്പോഴും എന്റെ മുമ്പിൽ വെച്ചിരിക്കുന്നു.”—സങ്കീ. 16:8.

1. ബൈബിൾവിവരണങ്ങൾ നമ്മെ എങ്ങനെ സ്വാധീനിക്കുന്നു?

യഹോവയുടെ വചനത്തിൽ മനുഷ്യവർഗവുമായുള്ള അവന്റെ ഇടപെടലുകളുടെ മനോഹരമായ രേഖയടങ്ങിയിരിക്കുന്നു. ദൈവോദ്ദേശ്യത്തിന്റെ പൂർത്തീകരണത്തിൽ പങ്കുവഹിച്ച നിരവധി ആളുകളെ അതു പരാമർശിക്കുന്നു. കേവലം വായിച്ചു രസിക്കാനുള്ള കഥകളായിട്ടല്ല, പിന്നെയോ ദൈവത്തോടു കൂടുതൽ അടുത്തുചെല്ലാനുള്ള സഹായമെന്ന നിലയിലാണ്‌ അവരുടെ വാക്കുകളും പ്രവൃത്തികളും അതിൽ രേഖപ്പെടുത്തിയിരിക്കുന്നത്‌.—യാക്കോ. 4:8.

2, 3. സങ്കീർത്തനം 16:8-ന്റെ അർഥമെന്ത്‌?

2 അബ്രാഹാം, സാറാ, മോശെ, രൂത്ത്‌, ദാവീദ്‌, എസ്ഥേർ, പൗലൊസ്‌ തുടങ്ങിയ സുപരിചിതരായ ബൈബിൾകഥാപാത്രങ്ങളുടെ അനുഭവങ്ങളിൽനിന്ന്‌ നമുക്കെല്ലാം ധാരാളം കാര്യങ്ങൾ പഠിക്കാനാകും. എന്നിരുന്നാലും അത്ര ശ്രദ്ധിക്കപ്പെടാത്ത വ്യക്തികളെക്കുറിച്ചുള്ള വിവരണങ്ങളും നമുക്കു പ്രയോജനംചെയ്യും. ബൈബിൾവിവരണങ്ങളെക്കുറിച്ചുള്ള ധ്യാനം സങ്കീർത്തനക്കാരന്റെ പിൻവരുന്ന വാക്കുകൾക്കു ചേർച്ചയിൽ പ്രവർത്തിക്കാൻ നമ്മെ സഹായിക്കും: “ഞാൻ യഹോവയെ എപ്പോഴും എന്റെ മുമ്പിൽ വെച്ചിരിക്കുന്നു; അവൻ എന്റെ വലത്തുഭാഗത്തുള്ളതുകൊണ്ടു ഞാൻ കുലുങ്ങിപ്പോകയില്ല.” (സങ്കീ. 16:8) എന്താണ്‌ ഈ വാക്കുകളുടെ അർഥം?

3 വലംകയ്യിൽ വാളും ഇടംകയ്യിൽ പരിചയുമായി പോരാടുന്ന ഒരു പടയാളിയെ സങ്കൽപ്പിക്കുക. വലതുഭാഗത്തുനിന്നുള്ള ആക്രമണത്തിൽനിന്ന്‌ പരിച അദ്ദേഹത്തെ സംരക്ഷിക്കുന്നില്ല. എന്നാൽ അദ്ദേഹത്തിന്റെ വലതുഭാഗത്തോടു ചേർന്നുനിന്നു പോരാടുന്ന ഒരു സുഹൃത്തുണ്ടെങ്കിൽ പേടിക്കേണ്ടതില്ല. യഹോവയെ മനസ്സിൽ അടുപ്പിച്ചുനിറുത്തിക്കൊണ്ട്‌ അവന്റെ ഇഷ്ടം ചെയ്‌താൽ അവൻ നമ്മെ സംരക്ഷിക്കും. നമ്മുടെ വിശ്വാസം ശക്തിപ്പെടുത്താനും അങ്ങനെ ‘യഹോവയെ എപ്പോഴും നമ്മുടെ മുമ്പാകെ വെക്കാനും’ ബൈബിൾവിവരണങ്ങളുടെ പരിചിന്തനം നമ്മെ സഹായിക്കുന്നത്‌ എങ്ങനെയെന്നു നോക്കാം.

യഹോവ പ്രാർഥനകൾക്ക്‌ ഉത്തരമരുളുന്നു

4. ദൈവം പ്രാർഥനകൾക്ക്‌ ഉത്തരമരുളുന്നു എന്നതിന്‌ ഒരു തിരുവെഴുത്തു ദൃഷ്ടാന്തം പറയുക.

4 യഹോവയെ നമുക്കു മുമ്പാകെ വെക്കുന്നപക്ഷം അവൻ നമ്മുടെ പ്രാർഥനകൾക്ക്‌ ഉത്തരമരുളും. (സങ്കീ. 65:2; 66:19) അബ്രാഹാമിന്റെ ഭവനത്തിലെ ഏറ്റവും പ്രായംചെന്ന ദാസന്റെ—സാധ്യതയനുസരിച്ച്‌ എലീയേസെറിന്റെ—അനുഭവം അതു തെളിയിക്കുന്നു. യിസ്‌ഹാക്കിനുവേണ്ടി ദൈവഭയമുള്ള ഒരു വധുവിനെ കണ്ടെത്താൻ അബ്രാഹാം അവനെ മെസൊപ്പൊത്താമ്യയിലേക്ക്‌ അയച്ചപ്പോൾ മാർഗനിർദേശത്തിനായി ആ ദാസൻ ദൈവത്തോടു പ്രാർഥിച്ചു. തന്റെ ഒട്ടകങ്ങൾക്കു വെള്ളം കൊടുക്കാൻ മനസ്സുകാണിച്ച റിബെക്കാ, യഹോവയിൽനിന്നുള്ള ഉത്തരമാണെന്ന്‌ എലീയേസെർ തിരിച്ചറിഞ്ഞു. ആത്മാർഥമായ പ്രാർഥനയുടെ ഫലമായി യിസ്‌ഹാക്കിനുവേണ്ടി സ്‌നേഹമയിയായ ഒരു സഹധർമിണിയെ കണ്ടെത്താൻ അവനു കഴിഞ്ഞു. (ഉല്‌പ. 24:12-14, 67) അത്‌ ഒരു പ്രത്യേക നിയമനമായിരുന്നു എന്നതു ശരിതന്നെ. എന്നാൽ നമ്മുടെ പ്രാർഥനയും യഹോവ കേൾക്കുമെന്ന കാര്യത്തിൽ നമുക്ക്‌ അതേ ബോധ്യം ഉണ്ടായിരിക്കേണ്ടതല്ലേ?

5. നിശ്ശബ്ദവും ഹ്രസ്വവുമായ പ്രാർഥനപോലും ദൈവം കേൾക്കുമെന്നു പറയാനാകുന്നത്‌ എന്തുകൊണ്ട്‌?

5 ചില സാഹചര്യങ്ങളിൽ ദൈവസഹായത്തിനായി നാം അടിയന്തിരമായി പ്രാർഥിക്കേണ്ടിവന്നേക്കാം. ഒരിക്കൽ, തന്റെ പാനപാത്രവാഹകനായ നെഹെമ്യാവ്‌ വിഷാദിച്ചിരിക്കുന്നത്‌ പേർഷ്യൻ രാജാവായ അർത്ഥഹ്‌ശഷ്ടാവ്‌ ശ്രദ്ധിച്ചു. “നിന്റെ അപേക്ഷ എന്ത്‌,” രാജാവ്‌ ചോദിച്ചു. ‘ഉടനെ നെഹെമ്യാവ്‌ സ്വർഗത്തിലെ ദൈവത്തോടു പ്രാർഥിച്ചു.’ നിശ്ശബ്ദവും ഹ്രസ്വവുമായിരുന്നു ആ പ്രാർഥന. എങ്കിലും ദൈവം അതു കേട്ടു, യെരൂശലേമിന്റെ മതിലുകൾ പുനർനിർമിക്കാൻ ആവശ്യമായ സഹായം രാജാവ്‌ അവനു ചെയ്‌തുകൊടുത്തു. (നെഹെമ്യാവു 2:1-8 വായിക്കുക.) അതേ, നിശ്ശബ്ദവും ഹ്രസ്വവുമായ പ്രാർഥനപോലും ദൈവം കേൾക്കും.

6, 7. (എ) പ്രാർഥനയുടെ കാര്യത്തിൽ എപ്പഫ്രാസ്‌ എന്തു മാതൃകവെച്ചു? (ബി) മറ്റുള്ളവർക്കായി പ്രാർഥിക്കേണ്ടത്‌ എന്തുകൊണ്ട്‌?

6 ദൈവം പ്രാർഥന കേൾക്കുന്നുവെന്നതിന്‌ പലപ്പോഴും ഉടനടി തെളിവു ലഭിക്കുന്നില്ലെങ്കിലും “ഒരുവന്നു വേണ്ടി ഒരുവൻ പ്രാർത്ഥിപ്പിൻ” എന്ന്‌ ബൈബിൾ നമ്മെ ഉദ്‌ബോധിപ്പിക്കുന്നു. (യാക്കോ. 5:16) സഹവിശ്വാസികൾക്കുവേണ്ടി ആത്മാർഥമായി പ്രാർഥിച്ചിരുന്ന വിശ്വസ്‌ത ശിഷ്യനായ എപ്പഫ്രാസിന്റെ കാര്യമെടുക്കുക. റോമിലായിരിക്കെ പൗലൊസ്‌ ഇങ്ങനെ എഴുതി: “നിങ്ങളിൽ ഒരുത്തനായി ക്രിസ്‌തുയേശുവിന്റെ ദാസനായ എപ്പഫ്രാസ്‌ നിങ്ങളെ വന്ദനം ചെയ്യുന്നു; നിങ്ങൾ തികഞ്ഞവരും ദൈവഹിതം സംബന്ധിച്ചൊക്കെയും പൂർണ്ണനിശ്ചയമുള്ളവരുമായി നില്‌ക്കേണ്ടതിന്നു അവൻ പ്രാർത്ഥനയിൽ നിങ്ങൾക്കു വേണ്ടി എപ്പോഴും പോരാടുന്നു. നിങ്ങൾക്കും ലവുദിക്യക്കാർക്കും ഹിയരപൊലിക്കാർക്കും വേണ്ടി അവൻ വളരെ പ്രയാസപ്പെടുന്നു എന്നുള്ളതിന്നു ഞാൻ സാക്ഷി.”—കൊലൊ. 4:12, 13.

7 ഏഷ്യാമൈനറിലായിരുന്നു കൊലൊസ്സ്യ, ലവൊദിക്യ, ഹിയരപൊലി എന്നീ നഗരങ്ങൾ. ലവൊദിക്യയിലെ ക്രിസ്‌ത്യാനികൾക്കു ഭൗതികത്വവും കൊലൊസ്സ്യയിലുള്ളവർക്കു തത്ത്വശാസ്‌ത്രവും ഭീഷണിയായിരുന്നെങ്കിൽ, സിബലി ദേവതയുടെ ആരാധകരായിരുന്നു ഹിയരപൊലിയിലെ ക്രിസ്‌ത്യാനികളുടെ പ്രശ്‌നം. (കൊലൊ. 2:8) കൊലൊസ്സ്യക്കാരനായ എപ്പഫ്രാസ്‌ ആ നഗരത്തിലെ വിശ്വാസികൾക്കായി ‘പ്രാർഥനയിൽ എപ്പോഴും പോരാടിയതിൽ’ അതിശയമില്ല! അവന്റെ പ്രാർഥനകൾക്ക്‌ ഉത്തരംകിട്ടിയത്‌ എങ്ങനെയെന്നു ബൈബിൾ വെളിപ്പെടുത്തുന്നില്ല; എങ്കിലും സഹവിശ്വാസികൾക്കായി പ്രാർഥിക്കുന്നതിൽനിന്ന്‌ അവൻ ഒരിക്കലും പിന്മാറിയില്ല. ‘പരകാര്യത്തിൽ ഇടപെടുന്നവരല്ലെങ്കിലും’ നാമും അങ്ങനെതന്നെ ചെയ്യണം. ഒരു കുടുംബാംഗമോ സുഹൃത്തോ വിശ്വാസത്തിന്റെ കഠിനമായ പരിശോധന നേരിടുകയാണെന്ന്‌ നമുക്ക്‌ അറിയാമായിരിക്കാം. (1 പത്രൊ. 4:15) അങ്ങനെയുള്ളവർക്കുവേണ്ടി പ്രാർഥിക്കുന്നത്‌ എത്ര ഉചിതമാണ്‌! മറ്റുള്ളവരുടെ പ്രാർഥനകൾ പൗലൊസിനു ഗുണംചെയ്‌തു. നമ്മുടെ പ്രാർഥനകളും മറ്റുള്ളവർക്കു വലിയ സഹായമായിരിക്കും.—2 കൊരി 1:10, 11.

8. (എ) എഫെസൊസിൽനിന്നെത്തിയ മൂപ്പന്മാർ പ്രാർഥനയുടെ പ്രാധാന്യം വിലമതിച്ചിരുന്നുവെന്ന്‌ നമുക്കെങ്ങനെ അറിയാം? (ബി) പ്രാർഥന സംബന്ധിച്ച്‌ നമുക്ക്‌ എന്തു മനോഭാവം ഉണ്ടായിരിക്കണം?

8 പ്രാർഥനാ മനോഭാവമുള്ളവരാണു നാമെന്ന്‌ മറ്റുള്ളവർക്കു കാണാൻ കഴിയുന്നുണ്ടോ? എഫെസൊസിൽനിന്നെത്തിയ മൂപ്പന്മാരോടൊപ്പം പൗലൊസ്‌ “മുട്ടുകുത്തി . . . പ്രാർത്ഥിച്ചു.” തുടർന്ന്‌ “എല്ലാവരും വളരെ കരഞ്ഞു. ഇനിമേൽ അവന്റെ മുഖം കാണുകയില്ല എന്നു പറഞ്ഞ വാക്കിനാൽ അവർ ഏറ്റവും ദുഃഖിച്ചു പൌലൊസിന്റെ കഴുത്തിൽ കെട്ടിപ്പിടിച്ചു അവനെ ചുംബിച്ചു.” (പ്രവൃ. 20:36-38) ആ മൂപ്പന്മാരുടെയെല്ലാം പേരുകൾ നമുക്കറിയില്ലെങ്കിലും അവരെല്ലാം പ്രാർഥനയുടെ പ്രാധാന്യം വിലമതിച്ചിരുന്നുവെന്നു വ്യക്തം. ദൈവത്തോടു പ്രാർഥിക്കാനുള്ള പദവിയെ നാം അമൂല്യമായി കരുതുകതന്നെ വേണം. നമ്മുടെ സ്വർഗീയ പിതാവ്‌ പ്രാർഥന കേൾക്കുമെന്ന വിശ്വാസത്തോടെ ‘വിശുദ്ധകൈകളെ ഉയർത്താനും’ നാം മനസ്സുള്ളവരായിരിക്കണം.—1 തിമൊ. 2:8.

ദൈവത്തെ പൂർണമായി അനുസരിക്കുക

9, 10. (എ) സെലോഫഹാദിന്റെ പുത്രിമാർ എന്തു മാതൃകവെച്ചു? (ബി) അവരുടെ അനുസരണം അവിവാഹിതരായ ക്രിസ്‌ത്യാനികളെ എങ്ങനെ സ്വാധീനിക്കണം?

9 യഹോവയെ എപ്പോഴും മനസ്സിൽ അടുപ്പിച്ചുനിറുത്തുന്നത്‌ അവനെ അനുസരിക്കാനും അതിന്റെ അനുഗ്രഹങ്ങൾ കൊയ്യാനും നമ്മെ സഹായിക്കും. (ആവ. 28:13; 1 ശമൂ. 15:22) അതുകൊണ്ട്‌ അനുസരിക്കാനുള്ള മനസ്സൊരുക്കം പ്രധാനമാണ്‌. മോശെയുടെ നാളിലെ സെലോഫഹാദിന്റെ അഞ്ചു പെൺമക്കളുടെ മനോഭാവം പരിചിന്തിക്കുക. ഇസ്രായേല്യർക്കിടയിൽ പുത്രന്മാരായിരുന്നു പിതൃസ്വത്തിന്‌ അവകാശികൾ. എന്നാൽ സെലോഫഹാദിനു പുത്രന്മാരുണ്ടായിരുന്നില്ല. അവന്റെ മരണശേഷം സ്വത്തു മുഴുവനും പെൺമക്കൾക്കു കൊടുക്കാൻ യഹോവ നിർദേശിച്ചു. എന്നാൽ ഒരു വ്യവസ്ഥയുണ്ടായിരുന്നു. തങ്ങളുടെ കുടുംബസ്വത്ത്‌ അന്യഗോത്രക്കാരിലേക്കു പോകാതിരിക്കേണ്ടതിന്‌ അവർ മനശ്ശെഗോത്രത്തിൽനിന്നുതന്നെ വിവാഹംകഴിക്കേണ്ടിയിരുന്നു.—സംഖ്യാ. 27:1-8; 36:6-8.

10 ദൈവത്തെ അനുസരിച്ചാൽ എല്ലാം ശുഭമായിത്തീരുമെന്ന്‌ സെലോഫഹാദിന്റെ പുത്രിമാർക്കു ബോധ്യമുണ്ടായിരുന്നു. ബൈബിൾ ഇങ്ങനെ പറയുന്നു: “യഹോവ മോശെയോടു കല്‌പിച്ചതുപോലെ സെലോഫഹാദിന്റെ പുത്രിമാർ ചെയ്‌തു. . . . മഹ്ല, തിർസാ, ഹൊഗ്ലാ, മിൽക്കാ, നോവാ എന്നിവർ തങ്ങളുടെ അപ്പന്റെ സഹോദരന്മാരുടെ പുത്രന്മാർക്കു ഭാര്യമാരായി. യോസേഫിന്റെ മകനായ മനശ്ശെയുടെ പുത്രന്മാരുടെ കുടുംബങ്ങളിൽ അവർ ഭാര്യമാരാകയും അവരുടെ അവകാശം അവരുടെ പിതൃകുടുംബത്തിന്റെ ഗോത്രത്തിൽതന്നേ ഇരിക്കയും ചെയ്‌തു.” (സംഖ്യാ. 36:10-12) അതേ, യഹോവ കൽപ്പിച്ചതുപോലെതന്നെ അവർ പ്രവർത്തിച്ചു. (യോശു. 17:3, 4) ‘കർത്താവിൽ വിശ്വസിക്കുന്നവരെ’ മാത്രമേ വിവാഹംകഴിക്കാവൂ എന്ന ദൈവകൽപ്പന അനുസരിക്കുന്നപക്ഷം തങ്ങളുടെ ജീവിതം ധന്യമായിത്തീരുമെന്ന്‌ അവിവാഹിതരും ആത്മീയ പക്വതയുള്ളവരുമായ ക്രിസ്‌ത്യാനികൾക്ക്‌ ഉറപ്പുണ്ട്‌.—1 കൊരി. 7:39.

11, 12. കാലേബ്‌ ദൈവത്തിൽ അടിയുറച്ച വിശ്വാസം പ്രകടമാക്കിയതെങ്ങനെ?

11 ഇസ്രായേല്യനായ കാലേബിനെപ്പോലെ നാം യഹോവയെ പൂർണമായി അനുസരിക്കേണ്ടതുണ്ട്‌. (ആവ. 1:36) ബി.സി. 16-ാം നൂറ്റാണ്ടിൽ ഇസ്രായേല്യർ ഈജിപ്‌തിൽനിന്നു വിടുവിക്കപ്പെട്ടശേഷം കനാൻദേശം ഒറ്റുനോക്കാൻ മോശെ 12 പേരെ അയച്ചു. എന്നാൽ അവരിൽ യോശുവയും കാലേബും മാത്രമേ ദൈവത്തിൽ പൂർണമായി ആശ്രയിച്ചു മുന്നോട്ടുനീങ്ങാൻ ജനത്തെ ധൈര്യപ്പെടുത്തിയുള്ളൂ. (സംഖ്യാ. 14:6-9) വ്യക്തമായും, അവിശ്വസ്‌തരായ 10 ഒറ്റുകാരും മരുഭൂമിയിലൂടെയുള്ള ഇസ്രായേലിന്റെ 40 വർഷത്തെ പ്രയാണത്തിനിടയിൽ മരണമടഞ്ഞെങ്കിലും യഹോവയോടു പറ്റിനിന്ന യോശുവയും കാലേബും അപ്പോഴും ജീവിച്ചിരുന്നു. യോശുവയുടെ നേതൃത്വത്തിൽ ഇസ്രായേല്യർ വാഗ്‌ദത്തദേശത്തു പ്രവേശിക്കുകയും ചെയ്‌തു.—സംഖ്യാ. 14:31-34.

12 മരുഭൂമിയിലെ വെല്ലുവിളികളെല്ലാം അതിജീവിച്ച അനുഭവസമ്പന്നനായ കാലേബിന്‌ യോശുവയോട്‌ ഇങ്ങനെ പറയാൻ കഴിഞ്ഞു: “ഞാനോ എന്റെ ദൈവമായ യഹോവയോടു പൂർണ്ണമായി പറ്റിനിന്നു.” (യോശുവ 14:6-9 വായിക്കുക.) ദൈവം തനിക്കു വാഗ്‌ദാനംചെയ്‌ത ഭൂപ്രദേശങ്ങൾ ഇപ്പോൾ ശത്രുക്കളുടെ ശക്തികേന്ദ്രമാണെങ്കിലും ആ പ്രദേശങ്ങൾതന്നെ തനിക്ക്‌ അവകാശമായി നൽകണമെന്ന്‌ 85 വയസ്സുള്ള കാലേബ്‌ ആവശ്യപ്പെട്ടു.—യോശു. 14:10-15.

13. പരിശോധനകളിന്മധ്യേ ദൈവത്തിന്റെ സഹായം ലഭിക്കണമെങ്കിൽ നാം എന്തുചെയ്യണം?

13 വിശ്വസ്‌തനും അനുസരണമുള്ളവനുമായിരുന്ന കാലേബിന്റെ കാര്യത്തിലെന്നപോലെ “യഹോവയോടു പൂർണ്ണമായി” പറ്റിനിൽക്കുന്നപക്ഷം ഏതൊരു പ്രതിസന്ധിയിലും അവൻ നമ്മെയും പിന്തുണയ്‌ക്കും. എന്നാൽ കാലേബിനെപ്പോലെ ആയുഷ്‌കാലം മുഴുവനും അങ്ങനെ ചെയ്യുക അത്ര എളുപ്പമല്ല. ശലോമോൻ തുടക്കത്തിൽ ദൈവഭയമുള്ളവനായിരുന്നെങ്കിലും, വയോധികനായപ്പോൾ ഭാര്യമാർ അവന്റെ ഹൃദയത്തെ അന്യദേവന്മാരിലേക്കു വശീകരിച്ചു. അവൻ ‘തന്റെ അപ്പനായ ദാവീദിനെപ്പോലെ യഹോവയെ പൂർണമായി അനുസരിച്ചില്ല.’ (1 രാജാ. 11:4-6) എന്തെല്ലാം പരിശോധനകൾ നേരിട്ടാലും ദൈവത്തെ പൂർണമായി അനുസരിച്ചുകൊണ്ട്‌ നമുക്കവനെ എല്ലായ്‌പോഴും നമ്മുടെ മുമ്പാകെ വെക്കാം.

എല്ലായ്‌പോഴും യഹോവയിൽ ആശ്രയിക്കുക

14, 15. ദൈവത്തിൽ ആശ്രയിക്കേണ്ടതിന്റെ ആവശ്യത്തെക്കുറിച്ച്‌ നൊവൊമിയുടെ അനുഭവം നിങ്ങളെ എന്തു പഠിപ്പിച്ചു?

14 ഭാവി ഇരുളടഞ്ഞതാണെന്നു ചിന്തിച്ചുകൊണ്ട്‌ വിഷാദത്തിന്റെ പിടിയിലമരുന്നപക്ഷം വിശേഷാൽ നാം ദൈവത്തിൽ ആശ്രയിക്കണം. വൃദ്ധയായ നൊവൊമിയെ ഓർക്കുക. അവളുടെ ഭർത്താവും രണ്ടു പുത്രന്മാരും മരിച്ചുപോയിരുന്നു. മോവാബിൽനിന്നു യെഹൂദയിൽ മടങ്ങിയെത്തിയ അവൾ ഇങ്ങനെ വിലപിച്ചു: “[ആനന്ദം എന്നർഥമുള്ള] നൊവൊമി എന്നല്ല [കയ്‌പ്‌ എന്നർഥംവരുന്ന] മാറാ എന്നു എന്നെ വിളിപ്പിൻ; സർവ്വശക്തൻ എന്നോടു ഏറ്റവും കൈപ്പായുള്ളതു പ്രവർത്തിച്ചിരിക്കുന്നു. നിറഞ്ഞവളായി ഞാൻ പോയി, ഒഴിഞ്ഞവളായി യഹോവ എന്നെ മടക്കിവരുത്തിയിരിക്കുന്നു; യഹോവ എനിക്കു വിരോധമായി സാക്ഷീകരിക്കയും സർവ്വശക്തൻ എന്നെ ദുഃഖിപ്പിക്കയും ചെയ്‌തിരിക്കെ നിങ്ങൾ എന്നെ നൊവൊമി എന്നു വിളിക്കുന്നതു എന്ത്‌?”—രൂത്ത്‌ 1:20, 21.

15 അതിദുഃഖിതയായിരുന്നെങ്കിലും നൊവൊമി യഹോവയിൽ എപ്പോഴും ആശ്രയിച്ചിരുന്നുവെന്ന്‌, രൂത്തിന്റെ പുസ്‌തകം സശ്രദ്ധം വായിച്ചാൽ നമുക്കു മനസ്സിലാകും. എന്തൊരു മാറ്റമാണ്‌ പിന്നീടവളുടെ ജീവിതത്തിലുണ്ടായത്‌! മരുമകളും വിധവയുമായ രൂത്തിനെ ബോവസ്‌ വിവാഹംകഴിച്ചു. അവർക്കു പിറന്ന കുഞ്ഞിനെ നൊവൊമി ഓമനിച്ചുവളർത്തി. “അവളുടെ അയല്‌ക്കാരത്തികൾ: നൊവൊമിക്കു ഒരു മകൻ ജനിച്ചു എന്നു പറഞ്ഞു അവന്നു ഓബേദ്‌ എന്നു പേർ വിളിച്ചു; ദാവീദിന്റെ അപ്പനായ യിശ്ശായിയുടെ അപ്പൻ ഇവൻ തന്നേ,” വിവരണം പറയുന്നു. (രൂത്ത്‌ 4:14-17) പുനരുത്ഥാനം പ്രാപിച്ചുവരുന്ന നൊവൊമി രൂത്തിനെ കണ്ടുമുട്ടുകയും അവൾക്കു മിശിഹായുടെ പൂർവികയാകാൻ കഴിഞ്ഞെന്നു മനസ്സിലാക്കുകയും ചെയ്യും. (മത്താ. 1:5, 6, 16) നൊവൊമിയുടെ കാര്യത്തിലെന്നപോലെ പ്രതികൂല സാഹചര്യങ്ങൾ എങ്ങനെ മാറിമറിയുമെന്ന്‌ നമുക്കു പറയാനാവില്ല. അതുകൊണ്ട്‌ “പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്ത വിവേകത്തിൽ ഊന്നരുതു. നിന്റെ എല്ലാവഴികളിലും അവനെ നിനെച്ചുകൊൾക; അവൻ നിന്റെ പാതകളെ നേരെയാക്കും” എന്ന ഉദ്‌ബോധനത്തിനു ചേർച്ചയിൽ എന്നും നമുക്കു ദൈവത്തിൽ ആശ്രയിക്കാം.—സദൃ. 3:5, 6.

പരിശുദ്ധാത്മാവിന്റെ വഴിനടത്തിപ്പിൽ ആശ്രയിക്കുക

16. പുരാതന ഇസ്രായേലിലെ നിയമിത പുരുഷന്മാരെ ദൈവാത്മാവ്‌ സഹായിച്ചതെങ്ങനെ?

16 യഹോവയെ എപ്പോഴും നമ്മുടെ മുമ്പാകെ വെക്കുന്നപക്ഷം അവൻ തന്റെ ആത്മാവിനാൽ നമ്മെ നയിക്കും. (ഗലാ. 5:16-18) ‘ജനത്തിന്റെ ഭാരം വഹിക്കുന്നതിൽ’ മോശെയെ സഹായിക്കാൻ നിയമിക്കപ്പെട്ട പ്രായമേറിയ 70 പുരുഷന്മാർക്ക്‌ ദൈവാത്മാവിന്റെ സഹായമുണ്ടായിരുന്നു. എൽദാദിനെയും മേദാദിനെയും മാത്രമേ പേരെടുത്തു പറഞ്ഞിട്ടുള്ളുവെങ്കിലും തങ്ങളുടെ നിയമനം നിറവേറ്റാൻ പരിശുദ്ധാത്മാവ്‌ അവരെയെല്ലാം പ്രാപ്‌തരാക്കി. (സംഖ്യാ. 11:13-29) മുമ്പു തിരഞ്ഞെടുത്തിരുന്നവരെപ്പോലെ പ്രാപ്‌തരും ദൈവഭക്തരും വിശ്വാസയോഗ്യരും സത്യസന്ധരുമായിരുന്നു അവർ എന്നതിനു സംശയമില്ല. (പുറ. 18:21) ഇന്നുള്ള മൂപ്പന്മാരും അത്തരം ഗുണങ്ങളുള്ളവരാണ്‌.

17. സമാഗമന കൂടാരത്തിന്റെ നിർമാണത്തിൽ യഹോവയുടെ ആത്മാവ്‌ എന്തു പങ്കുവഹിച്ചു?

17 മരുഭൂമിയിൽവെച്ചു പണിതീർത്ത സമാഗമന കൂടാരത്തിന്റെ നിർമാണത്തിൽ യഹോവയുടെ ആത്മാവ്‌ നിർണായക പങ്കുവഹിച്ചു. മുഖ്യശിൽപ്പിയും നിർമാതാവുമായി ബെസലേലിനെ നിയമിച്ചപ്പോൾ “ദിവ്യാത്മാവിനാൽ ജ്ഞാനവും ബുദ്ധിയും അറിവും സകലവിധസാമർത്ഥ്യവുംകൊണ്ട്‌” അവനെ നിറയ്‌ക്കുമെന്ന്‌ യഹോവ വാഗ്‌ദാനംചെയ്‌തു. (പുറ. 31:3-5) മഹത്തായ ആ നിയമനം നിറവേറ്റുന്നതിൽ, ‘ജ്ഞാനികളായ’ പുരുഷന്മാർ ബെസലേലിനോടും സഹായിയായ ഒഹൊലിയാബിനോടുമൊപ്പം പ്രവർത്തിച്ചു. സന്മനസ്സുള്ളവരെല്ലാം യഹോവയുടെ ആത്മാവിനാൽ പ്രചോദിപ്പിക്കപ്പെട്ട്‌ ഉദാരമായി സംഭാവനകൾ നൽകി. (പുറ. 31:6; 35:5, 30-34) രാജ്യതാത്‌പര്യങ്ങളുടെ ഉന്നമനത്തിനായി കഴിയുന്നതെല്ലാം ചെയ്യാൻ ഇന്നത്തെ ദൈവദാസരെ പ്രേരിപ്പിക്കുന്നതും അതേ ആത്മാവാണ്‌. (മത്താ. 6:33) നമുക്കു ചില കഴിവുകളൊക്കെ ഉണ്ടായിരുന്നേക്കാമെങ്കിലും നാം ദൈവാത്മാവിനായി പ്രാർഥിക്കുകയും അതിന്റെ വഴിനടത്തിപ്പിനു കീഴ്‌പെടുകയും വേണം. എങ്കിൽമാത്രമേ യഹോവ ഏൽപ്പിച്ചിരിക്കുന്ന വേല നമുക്കിന്നു നിർവഹിക്കാനാകൂ.—ലൂക്കൊ. 11:13.

സൈന്യങ്ങളുടെ യഹോവയോടുള്ള ഭക്തിയിൽ നടക്കുക

18, 19. (എ) പരിശുദ്ധാത്മാവ്‌ നമ്മിൽ എന്തു ഗുണം ഉളവാക്കുന്നു? (ബി) ശിമ്യോന്റെയും ഹന്നായുടെയും ദൃഷ്ടാന്തത്തിൽനിന്ന്‌ നിങ്ങൾ എന്തു പഠിച്ചു?

18 യഹോവയെ എപ്പോഴും നമ്മുടെ മുമ്പാകെ വെക്കാൻ തക്കവണ്ണം പരിശുദ്ധാത്മാവ്‌ നമ്മിൽ ഭക്ത്യാദരവ്‌ ജനിപ്പിക്കുന്നു. “സൈന്യങ്ങളുടെ യഹോവയെ പരിശുദ്ധദൈവമായി ആദരിക്കണം” എന്ന്‌ പുരാതന ഇസ്രായേല്യരോടു കൽപ്പിച്ചിരുന്നു. (യെശ. 8:13, ബയിങ്‌ടൺ) ഒന്നാം നൂറ്റാണ്ടിൽ യെരൂശലേമിലുണ്ടായിരുന്ന ആദരണീയരായ രണ്ടു വ്യക്തികളായിരുന്നു ശിമ്യോനും ഹന്നായും. (ലൂക്കൊസ്‌ 2:25-38 വായിക്കുക.) മിശിഹായെക്കുറിച്ചുള്ള പ്രവചനങ്ങളിൽ വിശ്വാസമർപ്പിച്ചിരുന്ന ശിമ്യോൻ “യിസ്രായേലിന്റെ ആശ്വാസത്തിന്നായി” കാത്തിരിക്കുകയായിരുന്നു. ദൈവം അവന്റെമേൽ തന്റെ ആത്മാവിനെ ചൊരിയുകയും അവനു മിശിഹായെ കാണാനാകുമെന്ന്‌ ഉറപ്പുനൽകുകയും ചെയ്‌തു. കൈക്കുഞ്ഞായ യേശുവുമായി അമ്മ മറിയയും വളർത്തച്ഛൻ യോസേഫും ആലയത്തിൽ ചെന്നപ്പോൾ അതു നിവൃത്തിയേറി. നിശ്വസ്‌തതയിൽ ശിമ്യോൻ മിശിഹായെക്കുറിച്ചു പ്രാവചനിക വചനങ്ങൾ ഉച്ചരിക്കുകയും യേശുവിനെ സ്‌തംഭത്തിൽ തറയ്‌ക്കുമ്പോഴുള്ള മറിയയുടെ ദുഃഖം മുൻകൂട്ടിപ്പറയുകയും ചെയ്‌തു. “[യഹോവയുടെ] ക്രിസ്‌തുവിനെ” കൈകളിലേന്തിയപ്പോൾ ശിമ്യോനുണ്ടായ ഹൃദയാനന്ദം ഒന്നോർത്തുനോക്കൂ! ഭക്ത്യാദരവിന്റെ കാര്യത്തിൽ ഇന്നുള്ള ദൈവദാസർക്ക്‌ എത്ര നല്ല മാതൃക!

19 “ദൈവാലയം വിട്ടുപിരിയാതെ” ഭക്തിയോടെ ജീവിച്ച വിധവയായിരുന്നു 84 വയസ്സുള്ള ഹന്നാ. “ഉപവാസത്തോടും പ്രാർത്ഥനയോടുംകൂടെ” രാവും പകലും അവൾ യഹോവയെ ആരാധിച്ചുപോന്നു. യേശുവിനെ ആലയത്തിൽ കൊണ്ടുവന്നപ്പോൾ, ആ ഭാവിമിശിഹായെ കാണാനായതിൽ അവൾ എത്ര കൃതാർഥയായിരിക്കണം! “അവളും അടുത്തുനിന്നു ദൈവത്തെ സ്‌തുതിച്ചു, യെരൂശലേമിന്റെ വീണ്ടെടുപ്പിനെ കാത്തിരുന്ന എല്ലാവരോടും അവനെക്കുറിച്ചു പ്രസ്‌താവിച്ചു.” ആ സദ്വാർത്ത മറ്റുള്ളവരോടു പറയാതിരിക്കാൻ അവൾക്കായില്ല! ശിമ്യോനെയും ഹന്നായെയുംപോലെ, തന്റെ സാക്ഷികളെന്ന നിലയിൽ യഹോവയെ സേവിക്കുന്നതിന്‌ വാർധക്യം ഒരു പ്രശ്‌നമല്ലെന്നറിയുന്നതിൽ നമുക്കിടയിലുള്ള പ്രായമായ സഹോദരങ്ങൾ എത്ര സന്തോഷമുള്ളവരാണ്‌!

20. പ്രായഭേദമന്യേ നാമെല്ലാം എന്തുചെയ്യണം, എന്തുകൊണ്ട്‌?

20 പ്രായഭേദമന്യേ സദാ നാം യഹോവയെ നമുക്കു മുമ്പാകെ വെക്കണം. അപ്പോൾ, അവന്റെ രാജത്വത്തെയും അത്ഭുതപ്രവൃത്തികളെയും കുറിച്ചു മറ്റുള്ളവരോടു പറയാനുള്ള നമ്മുടെ എളിയ ശ്രമങ്ങളെ അവൻ അനുഗ്രഹിക്കും. (സങ്കീ. 71:17, 18; 145:10-13) എന്നിരുന്നാലും യഹോവയെ ബഹുമാനിക്കണമെങ്കിൽ നാം ദൈവികഗുണങ്ങൾ പ്രകടമാക്കണം. മറ്റു ബൈബിൾവിവരണങ്ങൾ പരിശോധിക്കുന്നതിലൂടെ, അത്തരം ഗുണങ്ങൾ സംബന്ധിച്ച്‌ നമുക്ക്‌ എന്തു പഠിക്കാനാകും?

ഉത്തരം പറയാമോ?

• യഹോവ പ്രാർഥന കേൾക്കുന്നുവെന്ന്‌ നമുക്കെങ്ങനെ അറിയാം?

• ദൈവത്തെ പൂർണമായി അനുസരിക്കേണ്ടത്‌ എന്തുകൊണ്ട്‌?

• നിരാശ വരിഞ്ഞുമുറുക്കുമ്പോഴും നാം സദാ യഹോവയിൽ ആശ്രയിക്കേണ്ടത്‌ എന്തുകൊണ്ട്‌?

• പരിശുദ്ധാത്മാവ്‌ ദൈവജനത്തെ എങ്ങനെ സഹായിക്കുന്നു?

[അധ്യയന ചോദ്യങ്ങൾ]

[4-ാം പേജിലെ ചിത്രം]

യഹോവയോടുള്ള നെഹെമ്യാവിന്റെ പ്രാർഥന നിഷ്‌ഫലമായില്ല

[5-ാം പേജിലെ ചിത്രം]

നൊവൊമിയുടെ ജീവിതകഥ ഓർക്കുന്നത്‌ യഹോവയിൽ ആശ്രയിക്കാൻ നമ്മെ സഹായിക്കും