വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യേശുക്രിസ്‌തു—ഏറ്റവും മഹാനായ മിഷനറി

യേശുക്രിസ്‌തു—ഏറ്റവും മഹാനായ മിഷനറി

യേശുക്രിസ്‌തു—ഏറ്റവും മഹാനായ മിഷനറി

“ഞാൻ അവന്റെ അടുക്കൽനിന്നു വന്നതുകൊണ്ടും അവൻ എന്നെ അയച്ചതുകൊണ്ടും ഞാൻ അവനെ അറിയുന്നു.”—യോഹ. 7:29.

1, 2. ആരെയാണു മിഷനറി എന്നു വിളിക്കാനാകുക, ഏറ്റവും മഹാനായ മിഷനറി ആരാണ്‌?

“മിഷനറി” എന്നു കേൾക്കുമ്പോൾ, ക്രൈസ്‌തവലോകത്തിന്റെ മിഷനറിമാരെക്കുറിച്ചാണു ചിലർ ചിന്തിക്കുക. നിയമിത രാജ്യങ്ങളിലെ രാഷ്‌ട്രീയ-സാമ്പത്തിക കാര്യങ്ങളിൽ തലയിടുന്നവരാണ്‌ അവരിൽ പലരും. എന്നാൽ യഹോവയുടെ സാക്ഷിയായ നിങ്ങളുടെ മനസ്സിലേക്കു വരുന്നത്‌, വിവിധ ദേശങ്ങളിൽ സുവാർത്ത പ്രസംഗിക്കാൻ ഭരണസംഘം അയയ്‌ക്കുന്ന മിഷനറിമാരായിരിക്കും. (മത്താ. 24:14) യഹോവയോട്‌ അടുത്തുചെല്ലാനും അവനുമായി ഒരു വിശിഷ്ടബന്ധം ആസ്വദിക്കാനും ആളുകളെ സഹായിക്കുക എന്ന മഹദ്‌ദൗത്യം നിർവഹിക്കുന്നതിനായി ഈ മിഷനറിമാർ തങ്ങളുടെ സമയവും ഊർജവും നിസ്സ്വാർഥം ചെലവഴിക്കുന്നു.—യാക്കോ. 4:8.

2 “മിഷനറി,” “മിഷനറിമാർ” എന്നീ പദങ്ങൾ വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരത്തിന്റെ മുഖ്യപാഠത്തിൽ കാണുന്നില്ല. എന്നിരുന്നാലും എഫെസ്യർ 4:11-ൽ “സുവിശേഷകന്മാർ” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുപദം “മിഷനറിമാർ” എന്നും വിവർത്തനം ചെയ്യാമെന്ന്‌ റഫറൻസ്‌ ബൈബിളിലെ അടിക്കുറിപ്പ്‌ പറയുന്നു. “മിഷനറി” എന്ന പദത്തിന്റെ അർഥം “നിയോഗിച്ച്‌ അയയ്‌ക്കപ്പെടുന്ന ആൾ” എന്നാണ്‌. യഹോവയാണ്‌ ഏറ്റവും മഹാനായ സുവിശേഷകൻ, എന്നാൽ അവനെ ഏറ്റവും മഹാനായ മിഷനറി എന്നു വിളിക്കാനാവില്ല. അത്യുന്നതനാകയാൽ അവനെ ആർക്കും നിയോഗിച്ച്‌ അയയ്‌ക്കാനാവില്ല എന്നതാണു കാരണം. യേശുക്രിസ്‌തു ഇപ്രകാരം പറയുകയുണ്ടായി: “ഞാൻ അവന്റെ അടുക്കൽനിന്നു വന്നതുകൊണ്ടും അവൻ എന്നെ അയച്ചതുകൊണ്ടും ഞാൻ അവനെ അറിയുന്നു.” (യോഹ. 7:29) മനുഷ്യവർഗത്തോടുള്ള മഹാസ്‌നേഹത്താൽ പ്രേരിതനായി യഹോവ തന്റെ ഏകജാത പുത്രനെ ഭൂമിയിലേക്കയച്ചു. (യോഹ. 3:16) ഏറ്റവും മഹാനായ, ഏറ്റവും ശ്രേഷ്‌ഠനായ മിഷനറിയെന്ന്‌ യേശുവിനെ വിളിക്കാനാകും, അതിനൊരു കാരണം “സത്യത്തിന്നു സാക്ഷിനില്‌ക്കേണ്ടതിന്ന്‌” അവനെ ഭൂമിയിലേക്ക്‌ അയച്ചു എന്നതാണ്‌. (യോഹ. 18:37) ദൈവരാജ്യ സുവാർത്ത പ്രസംഗിക്കുന്നതിൽ അവൻ സമ്പൂർണവിജയം കൈവരിച്ചു. അവന്റെ ശുശ്രൂഷയിൽനിന്നു നമുക്കും പ്രയോജനങ്ങൾ നേടാൻ കഴിയും. മിഷനറിമാരാണെങ്കിലും അല്ലെങ്കിലും ശുശ്രൂഷയിൽ അവന്റെ പഠിപ്പിക്കൽ രീതികൾ നമുക്കു പകർത്താനാകും.

3. ഏതൊക്കെ ചോദ്യങ്ങളാണു നാം പരിചിന്തിക്കാൻ പോകുന്നത്‌?

3 യേശുവിനെ ഒരു സുവാർത്താഘോഷകൻ എന്നു പരാമർശിക്കുമ്പോൾ പിൻവരുന്ന ചോദ്യങ്ങൾ പ്രസക്തമാണ്‌: ഭൂമിയിലെ ശുശ്രൂഷക്കാലത്ത്‌ അവൻ ഏതൊക്കെ അനുഭവങ്ങളിലൂടെ കടന്നുപോയി? അവന്റെ പഠിപ്പിക്കൽ ഫലപ്രദമായിരുന്നത്‌ എന്തുകൊണ്ട്‌? അവന്റെ ശുശ്രൂഷ വിജയമാക്കിത്തീർത്തത്‌ എന്താണ്‌?

സന്നദ്ധ മനോഭാവം—പുതിയ ചുറ്റുപാടുകളിലും

4-6. സ്വർഗത്തിൽനിന്നു ഭൂമിയിൽ വന്ന യേശുവിന്‌ അഭിമുഖീകരിക്കേണ്ടിവന്ന ചില സാഹചര്യങ്ങൾ ഏതൊക്കെയാണ്‌?

4 രാജ്യഘോഷകരുടെ ആവശ്യം ഏറെയുള്ളിടത്തേക്കു മാറിത്താമസിക്കുന്ന ക്രിസ്‌ത്യാനികൾക്കും മിഷനറിമാർക്കും അവർ ജീവിച്ചുവന്നതിനെക്കാളും താഴ്‌ന്ന ജീവിതനിലവാരവുമായി പൊരുത്തപ്പെടേണ്ടി വന്നേക്കാം. യേശുവിന്റെ കാര്യമെടുത്താലോ? സ്വർഗത്തിൽനിന്നു തികച്ചും വിഭിന്നമായ സാഹചര്യങ്ങളാണു ഭൂമിയിൽ അവനെ കാത്തിരുന്നത്‌. സ്വർഗത്തിൽ അവൻ, തന്റെ പിതാവിനോടും ശുദ്ധമായ ആന്തരത്തോടെ യഹോവയെ സേവിക്കുന്ന ദൂതസൃഷ്ടികളോടും ഒപ്പമാണു വസിച്ചിരുന്നത്‌. (ഇയ്യോ. 38:6) എന്നാൽ, ഭൂമിയിൽ അവന്‌ ഇടപെടേണ്ടിവന്നത്‌ ദുഷിച്ച ലോകത്തിലെ പാപികളായ മനുഷ്യരുമായിട്ടായിരുന്നു. (മർക്കൊ. 7:20-23) തന്റെ ഏറ്റവും അടുത്ത ശിഷ്യന്മാർക്കിടയിലെ മത്സരംപോലും അവനു കൈകാര്യം ചെയ്യേണ്ടിവന്നു. (ലൂക്കൊ. 20:46; 22:24) ഭൂമിയിലായിരിക്കെ താൻ നേരിട്ടതൊക്കെയും ഏറ്റവും ഉത്തമമായ വിധത്തിൽ കൈകാര്യം ചെയ്യാൻ അവനു സാധിച്ചു.

5 യേശു അത്ഭുതകരമായി മനുഷ്യരുടെ ഭാഷ സംസാരിച്ചു തുടങ്ങിയില്ല; പിന്നെയോ ഏതൊരു ശിശുവിനെയുംപോലെ അവൻ അത്‌ പഠിച്ചെടുത്തതാണ്‌. സ്വർഗത്തിൽ ദൂതന്മാർക്കു നിർദേശങ്ങൾ നൽകുന്നതിൽനിന്ന്‌ എത്രയോ വിഭിന്നമായ ഒരു അനുഭവമായിരുന്നു അത്‌! ഭൂമിയിലായിരിക്കെ അവൻ “മനുഷ്യരുടെ . . . ഭാഷ” ഉപയോഗിച്ചു, ഇതു ‘ദൂതന്മാരുടെ ഭാഷകളിൽനിന്ന്‌’ തികച്ചും വ്യത്യസ്‌തവുമായിരുന്നു. (1 കൊരി. 13:1) എന്നിരുന്നാലും “ലാവണ്യവാക്കുകൾ” ഉപയോഗിക്കുന്ന കാര്യത്തിൽ യേശുവിനോളം വൈദഗ്‌ധ്യം മറ്റൊരു മനുഷ്യനും ഉണ്ടായിട്ടില്ല.—ലൂക്കൊ. 4:22.

6 മറ്റ്‌ ഏതൊക്കെ വിധങ്ങളിലാണ്‌ യേശുവിന്റെ ഭൂമിയിലെ ജീവിതം സ്വർഗത്തിലേതിൽനിന്നു വ്യത്യസ്‌തമായിരുന്നത്‌? പാരമ്പര്യസിദ്ധമായ പാപം അവനിൽ ഇല്ലായിരുന്നു എന്നതൊഴിച്ചാൽ അവനും ഒരു മനുഷ്യനായിരുന്നു, പിൽക്കാലത്ത്‌ തന്റെ ‘സഹോദരന്മാർ’ അഥവാ അഭിഷിക്ത അനുഗാമികൾ ആയിത്തീരുമായിരുന്നവരെപ്പോലുള്ള ഒരു മനുഷ്യൻ. (എബ്രായർ 2:17, 18 വായിക്കുക.) പ്രധാനദൂതനായ മീഖായേൽ എന്നനിലയിൽ സ്വർഗത്തിൽ ദൂതന്മാരുടെമേൽ അവന്‌ അധികാരം ഉണ്ടായിരുന്നു, എന്നിട്ടും ഭൂമിയിലെ തന്റെ അവസാന രാത്രിയിൽ, ദൂതസഹായത്തിനായി അവൻ സ്വർഗീയ പിതാവിനോട്‌ അപേക്ഷിച്ചില്ല. (മത്താ. 26:53; യൂദാ 9) യേശു അത്ഭുതങ്ങൾ പ്രവർത്തിച്ചു എന്നതു ശരിതന്നെ, എങ്കിലും ഭൂമിയിലായിരിക്കെ അവൻ ചെയ്‌ത കാര്യങ്ങൾ സ്വർഗത്തിൽ അവനു ചെയ്യാൻ കഴിയുമായിരുന്നതിനോടുള്ള താരതമ്യത്തിൽ ഒന്നുമല്ലായിരുന്നു.

7. ന്യായപ്രമാണത്തോടുള്ള യഹൂദന്മാരുടെ മനോഭാവം എന്തായിരുന്നു?

7 മനുഷ്യപൂർവ അസ്‌തിത്വത്തിലായിരിക്കെ ദൈവത്തിന്റെ “വചനം” അഥവാ വക്താവ്‌ എന്നനിലയിൽ യേശു ആയിരുന്നിരിക്കണം ഇസ്രായേല്യരെ മരുഭൂമിയിലൂടെ നയിച്ചത്‌. (യോഹ. 1:1; പുറ. 23:20-23) അവർക്ക്‌ ദൈവദൂതന്മാരിലൂടെ ന്യായപ്രമാണം ലഭിച്ചു, എങ്കിലും അവർ അത്‌ പാലിച്ചില്ല. (പ്രവൃ. 7:53; എബ്രാ. 2:2, 3) ഒന്നാം നൂറ്റാണ്ടിലെ യഹൂദ മതനേതാക്കന്മാർ ശബത്ത്‌ നിയമം ഉൾപ്പെടെയുള്ള ന്യായപ്രമാണത്തിന്റെ അന്തഃസത്ത മനസ്സിലാക്കുന്നതിൽ പരാജയപ്പെട്ടു. (മർക്കൊസ്‌ 3:4-6 വായിക്കുക.) ശാസ്‌ത്രിമാരും പരീശന്മാരും ‘ന്യായം, കരുണ, വിശ്വസ്‌തത ഇങ്ങനെ ന്യായപ്രമാണത്തിൽ ഘനമേറിയവ ത്യജിച്ചുകളഞ്ഞു.’ (മത്താ. 23:23) ഇങ്ങനെയൊക്കെയാണെങ്കിലും പ്രതീക്ഷയ്‌ക്കു വകയില്ലെന്നു പറഞ്ഞ്‌ യേശു ആ ജനത്തെ തള്ളിക്കളഞ്ഞില്ല, പകരം അവരെ സത്യം അറിയിക്കാൻ അവൻ സദാ സന്നദ്ധനായിരുന്നു.

8. യേശുവിനു നമ്മെ സഹായിക്കാനാകുന്നത്‌ എന്തുകൊണ്ട്‌?

8 യേശുവിനു സന്നദ്ധ മനോഭാവം വേണ്ടുവോളം ഉണ്ടായിരുന്നു. അവൻ ആളുകളെ അങ്ങേയറ്റം സ്‌നേഹിച്ചു, അവരെ സഹായിക്കാനുള്ള ഉത്‌കടമായ ആഗ്രഹവും അവനുണ്ടായിരുന്നു. സുവാർത്ത ഘോഷിക്കുന്നതിലെ തീക്ഷ്‌ണത അവന്‌ ഒരിക്കലും നഷ്ടമായില്ല. ഭൂമിയിലായിരിക്കെ യഹോവയോടുള്ള വിശ്വസ്‌തത കാത്തതിനാൽ അവൻ, “തന്നെ അനുസരിക്കുന്ന ഏവർക്കും നിത്യരക്ഷയുടെ കാരണഭൂതനായിത്തീർന്നു.” കൂടാതെ, “താൻ തന്നേ പരീക്ഷിതനായി കഷ്ടമനുഭവിച്ചിരിക്കയാൽ [നമ്മെപ്പോലെ] പരീക്ഷിക്കപ്പെടുന്നവർക്കു സഹായിപ്പാൻ കഴിവുള്ളവൻ ആകുന്നു.”—എബ്രാ. 2:18; 5:8, 9.

നല്ല പരിശീലനം സിദ്ധിച്ച അധ്യാപകൻ

9, 10. ഭൂമിയിലേക്കു വരുന്നതിനുമുമ്പ്‌ യേശുവിന്‌ എന്തു പരിശീലനം ലഭിച്ചു?

9 നല്ല പരിശീലനം നൽകിയശേഷമാണ്‌ ഭരണസംഘം ഇന്ന്‌ മിഷനറിമാരായി ക്രിസ്‌ത്യാനികളെ അയയ്‌ക്കുന്നത്‌. യേശുക്രിസ്‌തുവിനു പരിശീലനം ലഭിച്ചോ? ലഭിച്ചു, എന്നാൽ മിശിഹായായി അഭിഷിക്തനാകുന്നതിനുമുമ്പ്‌ അവൻ റബ്ബിമാരുടെ സ്‌കൂളുകളിൽ നിന്നൊന്നും പരിശീലനം നേടിയില്ല; ഏതെങ്കിലും പ്രമുഖ മതപണ്ഡിതന്റെ ശിഷ്യത്വം സ്വീകരിച്ചതുമില്ല. (യോഹ. 7:15; പ്രവൃത്തികൾ 22:3 താരതമ്യം ചെയ്യുക.) പിന്നെ എങ്ങനെയാണ്‌ പഠിപ്പിക്കാൻ യേശു ഇത്രയും യോഗ്യത നേടിയത്‌?

10 തന്റെ അമ്മ മറിയയിൽനിന്നും വളർത്തച്ഛൻ യോസേഫിൽനിന്നും യേശു പലതും പഠിച്ചിട്ടുണ്ടാകും. എന്നിരുന്നാലും ശുശ്രൂഷയ്‌ക്ക്‌ ആവശ്യമായ മുഖ്യപരിശീലനം അവൻ നേടിയത്‌ ഏറ്റവും ഉന്നതമായ ഉറവിൽനിന്നാണ്‌. ഇതു സംബന്ധിച്ച്‌ യേശു പറഞ്ഞു: “ഞാൻ സ്വയമായി സംസാരിച്ചിട്ടില്ല; എന്നെ അയച്ച പിതാവു തന്നേ ഞാൻ ഇന്നതു പറയേണം എന്നും ഇന്നതു സംസാരിക്കേണം എന്നും കല്‌പന തന്നിരിക്കുന്നു.” (യോഹ. 12:49) എന്തു പഠിപ്പിക്കണം എന്നതു സംബന്ധിച്ച്‌ വ്യക്തമായ നിർദേശങ്ങൾ യേശുവിനു ലഭിച്ചിരുന്നു എന്നതു ശ്രദ്ധേയമാണ്‌. ഭൂമിയിലേക്കു വരുന്നതിനുമുമ്പ്‌ തന്റെ പിതാവിൽനിന്നു പഠിക്കാൻ യേശു വളരെയേറെ സമയം ചെലവഴിച്ചിരുന്നു എന്നതിൽ സംശയമില്ല. ഇതിലും മെച്ചമായ ഒരു പരിശീലനം അവന്‌ എവിടെനിന്നു ലഭിക്കുമായിരുന്നു?

11. മനുഷ്യരാശിയോടുള്ള യഹോവയുടെ മനോഭാവം യേശു എത്രത്തോളം പ്രതിഫലിപ്പിച്ചു?

11 സൃഷ്ടിക്കപ്പെട്ടതുമുതൽ യേശുവിന്‌ പിതാവുമായി വളരെ അടുത്ത ബന്ധം ഉണ്ടായിരുന്നു. ഭൂമിയിലേക്കു വരുന്നതിനുമുമ്പ്‌, യഹോവ മനുഷ്യരുമായി ഇടപെടുന്നത്‌ അവൻ നിരീക്ഷിച്ചിരുന്നു. അതിൽനിന്ന്‌ ദൈവത്തിന്‌ അവരോടുള്ള മനോഭാവം എന്താണെന്ന്‌ അവൻ മനസ്സിലാക്കി. ദൈവത്തിന്‌ മനുഷ്യരോടുള്ള അതേ സ്‌നേഹം പുത്രനും പ്രതിഫലിപ്പിച്ചു, അതുകൊണ്ടാണ്‌ ജ്ഞാനത്തിന്റെ ആൾരൂപമായ അവന്‌ ഇങ്ങനെ പറയാൻ കഴിഞ്ഞത്‌: “എന്റെ പ്രമോദം മനുഷ്യപുത്രന്മാരോടുകൂടെ ആയിരുന്നു.”—സദൃ. 8:22, 31.

12, 13. (എ) ഇസ്രായേല്യരോടുള്ള യഹോവയുടെ ഇടപെടലുകൾ നിരീക്ഷിച്ചതിൽനിന്ന്‌ യേശു എന്തു പഠിച്ചു? (ബി) തനിക്കു ലഭിച്ച പരിശീലനം യേശു പ്രയോഗത്തിൽ കൊണ്ടുവന്നത്‌ എങ്ങനെ?

12 തന്റെ പിതാവ്‌ പ്രതികൂല സാഹചര്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്‌തു എന്നു നിരീക്ഷിക്കുന്നതും യേശുവിന്റെ പരിശീലനത്തിന്റെ ഭാഗമായിരുന്നു. ഉദാഹരണത്തിന്‌, വഴിപിഴച്ച ഇസ്രായേല്യരോടുള്ള യഹോവയുടെ ഇടപെടലുകളെക്കുറിച്ചു ചിന്തിക്കുക. നെഹെമ്യാവു 9:28 പറയുന്നു: “അവർക്കു സ്വസ്ഥത ഉണ്ടായപ്പോൾ അവർ വീണ്ടും നിനക്കു അനിഷ്ടമായതു ചെയ്‌തു; അതുകൊണ്ടു നീ അവരെ അവരുടെ ശത്രുക്കളുടെ കയ്യിൽ ഏല്‌പിക്കയും അവർ അവരുടെമേൽ കർത്തവ്യം നടത്തുകയും ചെയ്‌തു; അവർ തിരിഞ്ഞു നിന്നോടു നിലവിളിച്ചപ്പോൾ നീ സ്വർഗ്ഗത്തിൽനിന്നു കേട്ടു അവരെ നിന്റെ കരുണപ്രകാരം പലപ്രാവശ്യവും വിടുവിച്ചു.” യഹോവയോടൊപ്പം പ്രവർത്തിക്കുകയും അവനെ നിരീക്ഷിക്കുകയുംവഴി, മനുഷ്യരോടു സമാനമായ അനുകമ്പ കാണിക്കാൻ യേശുവും പഠിച്ചു.—യോഹ. 5:19.

13 ഈ പരിശീലനത്തിന്റെ ഫലമായി യേശുവിനു തന്റെ ശിഷ്യന്മാരോട്‌ അനുകമ്പയോടെ ഇടപെടാൻ കഴിഞ്ഞു. യേശുവിന്റെ മരണത്തിന്റെ തലേരാത്രിയിൽ അവൻ വളരെ സ്‌നേഹിച്ച “ശിഷ്യന്മാർ എല്ലാവരും അവനെ വിട്ടു ഓടിപ്പോയി.” (മത്താ. 26:56; യോഹ. 13:1) അപ്പൊസ്‌തലനായ പത്രൊസ്‌ യേശുവിനെ മൂന്നുതവണ തള്ളിപ്പറയുകപോലും ചെയ്‌തു! എന്നിരുന്നാലും അപ്പൊസ്‌തലന്മാർക്ക്‌ തന്റെ അടുക്കലേക്കു മടങ്ങിവരാൻ യേശു വഴിതുറന്നിട്ടു. അവൻ പത്രൊസിനോടു പറഞ്ഞു: “ഞാനോ നിന്റെ വിശ്വാസം പൊയ്‌പോകാതിരിപ്പാൻ നിനക്കു വേണ്ടി അപേക്ഷിച്ചു; എന്നാൽ നീ ഒരുസമയം തിരിഞ്ഞു വന്നശേഷം നിന്റെ സഹോദരന്മാരെ ഉറപ്പിച്ചുകൊൾക.” (ലൂക്കൊ. 22:32) ആത്മീയ ഇസ്രായേലിനെ “അപ്പൊസ്‌തലന്മാരും പ്രവാചകന്മാരും” എന്ന അടിസ്ഥാനത്തിന്മേൽ പണിതിരിക്കുന്നു. ദൈവത്തിന്റെ ബലമേറിയ കൈക്കീഴിലും അവന്റെ പ്രിയപുത്രന്റെ നേതൃത്വത്തിലും അഭിഷിക്ത ക്രിസ്‌ത്യാനികളും അവരുടെ വിശ്വസ്‌ത സഹകാരികളായ ‘വേറെ ആടുകളും’ ചേർന്ന്‌ ഒരു രാജ്യഘോഷക സംഘടനയായി ഇന്നും വളർന്നു പന്തലിച്ചുകൊണ്ടിരിക്കുന്നു.—എഫെ. 2:20; യോഹ. 10:16.

യേശു പഠിപ്പിച്ചത്‌ എങ്ങനെ?

14, 15. യേശുവിന്റെ പഠിപ്പിക്കൽ അന്നത്തെ മതനേതാക്കന്മാരുടേതിൽനിന്നു വ്യത്യസ്‌തമായിരുന്നത്‌ എങ്ങനെ?

14 തനിക്കു ലഭിച്ച പരിശീലനം യേശു തന്റെ അനുഗാമികളെ പഠിപ്പിക്കുന്നതിൽ എങ്ങനെയാണ്‌ ഉപയോഗിച്ചത്‌? യേശുവിന്റെയും യഹൂദ മതനേതാക്കന്മാരുടെയും പഠിപ്പിക്കലുകൾ താരതമ്യം ചെയ്‌താൽ യേശുവിന്റെ പഠിപ്പിക്കലിന്റെ ശ്രേഷ്‌ഠത നമുക്കു മനസ്സിലാകും. ശാസ്‌ത്രിമാരും പരീശന്മാരും അവരുടെ “സമ്പ്രദായത്താൽ . . . ദൈവവചനത്തെ ദുർബ്ബലമാക്കി.” യേശുവാകട്ടെ ‘സ്വയമായിട്ട്‌’ ഒന്നും സംസാരിച്ചില്ല; അവൻ എല്ലായ്‌പോഴും ദൈവവചനമാണു പഠിപ്പിച്ചത്‌. (മത്താ. 15:6; യോഹ. 14:10) അതുതന്നെയാണു നാമും ചെയ്യേണ്ടത്‌.

15 മറ്റൊരു സംഗതിയും യേശുവിനെ മതനേതാക്കന്മാരിൽനിന്നു തികച്ചും വ്യത്യസ്‌തനാക്കി. ശാസ്‌ത്രിമാരെയും പരീശന്മാരെയുംകുറിച്ച്‌ അവൻ പറഞ്ഞു: “ആകയാൽ അവർ നിങ്ങളോടു പറയുന്നതു ഒക്കെയും പ്രമാണിച്ചു ചെയ്‌വിൻ; അവരുടെ പ്രവൃത്തികൾപോലെ ചെയ്യരുതുതാനും. അവർ പറയുന്നതല്ലാതെ ചെയ്യുന്നില്ലല്ലോ.” (മത്താ. 23:3) യേശു പഠിപ്പിച്ചതുപോലെതന്നെ പ്രവർത്തിച്ചു. ഇതു സത്യമാണെന്നു തെളിയിക്കുന്ന ഒരു ഉദാഹരണം പരിശോധിക്കാം.

16. മത്തായി 6:19-21 വാക്കുകൾക്കു ചേർച്ചയിൽ യേശു ജീവിച്ചുവെന്നു പറയാനാകുന്നത്‌ എന്തുകൊണ്ട്‌?

16 “സ്വർഗ്ഗത്തിൽ നിക്ഷേപം സ്വരൂപിച്ചുകൊൾവിൻ” എന്ന്‌ യേശു ശിഷ്യന്മാരെ പ്രോത്സാഹിപ്പിച്ചു. (മത്തായി 6:19-21 വായിക്കുക.) ആ ഉപദേശത്തിനു ചേർച്ചയിലായിരുന്നോ യേശുവിന്റെതന്നെ ജീവിതം? തീർച്ചയായും. തന്നെക്കുറിച്ച്‌ സത്യസന്ധമായി അവനു പറയാൻ കഴിഞ്ഞു: “കുറുനരികൾക്കു കുഴിയും ആകാശത്തിലെ പറവജാതിക്കു കൂടും ഉണ്ടു; മനുഷ്യപുത്രന്നോ തല ചായിപ്പാൻ സ്ഥലമില്ല.” (ലൂക്കൊ. 9:58) ലളിതജീവിതമായിരുന്നു യേശുവിന്റേത്‌. ദൈവരാജ്യ സുവാർത്ത പ്രസംഗിക്കുന്നതിലായിരുന്നു അവന്റെ മുഖ്യശ്രദ്ധ. ഭൂമിയിൽ നിക്ഷേപം സ്വരൂപിക്കുന്നതിൽനിന്ന്‌ ഉളവാകുന്ന ഉത്‌കണ്‌ഠകൾ എങ്ങനെ ഒഴിവാക്കാം എന്ന്‌ അവൻ സ്വജീവിതംകൊണ്ടു കാണിച്ചു. “പുഴുവും തുരുമ്പും കെടുക്കാതെയും കള്ളന്മാർ തുരന്നു മോഷ്ടിക്കാതെയുമിരിക്കുന്ന” സ്വർഗത്തിൽ നിക്ഷേപം സ്വരൂപിക്കുന്നത്‌ എത്രയോ മെച്ചമാണെന്ന്‌ യേശു ചൂണ്ടിക്കാണിച്ചു. സ്വർഗത്തിൽ നിക്ഷേപം സ്വരൂപിക്കാനുള്ള യേശുവിന്റെ ആഹ്വാനത്തിനു നിങ്ങൾ ചെവികൊടുത്തിട്ടുണ്ടോ?

യേശുവിനെ പ്രിയങ്കരനാക്കിയ ഗുണങ്ങൾ

17. ഏതൊക്കെ ഗുണങ്ങളാണ്‌ യേശുവിനെ ശ്രദ്ധേയനായ സുവിശേഷകനാക്കിയത്‌?

17 ഏതൊക്കെ ഗുണങ്ങളാണ്‌ യേശുവിനെ ശ്രദ്ധേയനായ സുവിശേഷകനാക്കിയത്‌? ആളുകളോടുള്ള മനോഭാവമായിരുന്നു ഒരു സംഗതി. താഴ്‌മ, സ്‌നേഹം, അനുകമ്പ എന്നിങ്ങനെ യഹോവയുടെ ശ്രേഷ്‌ഠഗുണങ്ങൾ യേശുവിന്റെ ജീവിതത്തിലും പ്രതിഫലിച്ചു. ഈ ഗുണങ്ങൾ അനേകരെ യേശുവിലേക്ക്‌ ആകർഷിച്ചത്‌ എങ്ങനെയെന്നു നോക്കാം.

18. യേശു താഴ്‌മയുള്ളവനായിരുന്നുവെന്നു പറയാനാകുന്നത്‌ എന്തുകൊണ്ട്‌?

18 ഭൂമിയിലേക്കു പോകാനുള്ള നിയോഗം സ്വീകരിച്ച യേശു “ദാസരൂപം എടുത്തു മനുഷ്യസാദൃശ്യത്തിലായി തന്നെത്താൻ ഒഴിച്ചു വേഷത്തിൽ മനുഷ്യനായി.” (ഫിലി. 2:7, 8) അതിലൂടെ അവന്റെ താഴ്‌മയാണു വെളിവായത്‌. അവൻ ആളുകളെ പുച്ഛത്തോടെ വീക്ഷിച്ചില്ല. ‘ഞാൻ വന്നത്‌ സ്വർഗത്തിൽനിന്നാണ്‌, അതുകൊണ്ട്‌ പറയുന്നതങ്ങ്‌ കേട്ടാൽമതി’ എന്ന മനോഭാവമൊന്നും അവനുണ്ടായിരുന്നില്ല. സ്വയം-പ്രഖ്യാപിത വ്യാജ മിശിഹാമാരെപ്പോലെ ആയിരുന്നില്ല യേശു. യഥാർഥ മിശിഹാ ആയിരുന്നിട്ടുപോലും അവൻ അതു കൊട്ടിഘോഷിച്ചു നടന്നില്ല. താൻ ആരാണെന്നോ, എന്തു ചെയ്‌തുവെന്നോ പ്രസിദ്ധമാക്കരുതെന്ന്‌ അവൻ ചിലപ്പോഴൊക്കെ ആളുകളോടു പറഞ്ഞു. (മത്താ. 12:15-21) തന്റെ പ്രവൃത്തികൾ നിരീക്ഷിക്കുന്നതിന്റെ അടിസ്ഥാനത്തിലായിരിക്കണം ആളുകൾ തന്നെ അനുഗമിക്കാനുള്ള തീരുമാനം എടുക്കേണ്ടതെന്ന അഭിപ്രായക്കാരനായിരുന്നു യേശു. സ്വർഗത്തിൽ തന്നോടൊപ്പമുണ്ടായിരുന്ന പൂർണരായ ദൂതന്മാരെപ്പോലെ ആയിരിക്കണം തന്റെ ശിഷ്യന്മാർ എന്ന്‌ യേശു പ്രതീക്ഷിച്ചില്ല. ഇത്‌ അവർക്ക്‌ എത്ര ആശ്വാസമേകിയിരിക്കണം?

19, 20. ആളുകളെ സഹായിക്കാൻ യേശുവിനെ പ്രേരിപ്പിച്ചത്‌ എന്താണ്‌?

19 തന്റെ സ്വർഗീയ പിതാവിന്റെ പ്രമുഖ ഗുണങ്ങളിൽ ഒന്നായ സ്‌നേഹം യേശു തികവോടെ പ്രതിഫലിപ്പിച്ചു. (1 യോഹ. 4:8) സ്‌നേഹത്താൽ പ്രേരിതനായി അവൻ ആളുകളെ പഠിപ്പിച്ചു. ഒരു യുവഭരണാധികാരിയോട്‌ യേശുവിനു തോന്നിയ വികാരം എന്തായിരുന്നുവെന്നു ചിന്തിക്കുക. (മർക്കൊസ്‌ 10:17-22 വായിക്കുക.) അവനോടു സ്‌നേഹം തോന്നിയ യേശുവിന്‌ അവനെ സഹായിക്കണമെന്നുണ്ടായിരുന്നു. എന്നാൽ തന്റെ സമ്പത്തെല്ലാം ഉപേക്ഷിച്ച്‌ യേശുവിന്റെ അനുഗാമിയാകാൻ അവൻ തയ്യാറായില്ല.

20 യേശുവിനെ പ്രിയങ്കരനാക്കിയ മറ്റൊരു ഗുണമായിരുന്നു അനുകമ്പ. അപൂർണരായ എല്ലാ മനുഷ്യരെയുംപോലെ, യേശുവിന്റെ അടുക്കൽ വന്നവരും പ്രശ്‌നങ്ങളാൽ ഭാരപ്പെട്ടവരായിരുന്നു. അതറിയാമായിരുന്ന യേശു അവരെ അനുകമ്പയോടും മനസ്സലിവോടുംകൂടെ പഠിപ്പിച്ചു. ഒരിക്കൽ യേശുവും അവന്റെ അപ്പൊസ്‌തലന്മാരും ആഹാരം കഴിക്കാൻകൂടി സമയമില്ലാത്തവണ്ണം തിരക്കിലായിരുന്നു. എന്നാൽ ആ സമയത്ത്‌ ഒരു പുരുഷാരത്തെ കണ്ട യേശുവിന്റെ പ്രതികരണം എന്തായിരുന്നു? “അവർ ഇടയൻ ഇല്ലാത്ത ആടുകളെപ്പോലെ ആകകൊണ്ടു അവരിൽ മനസ്സലിഞ്ഞു പലതും ഉപദേശിച്ചുതുടങ്ങി.” (മർക്കൊ. 6:34) ആളുകളുടെ ദയനീയസ്ഥിതി കണ്ട അവൻ അവരെ പഠിപ്പിക്കാനും അത്ഭുതങ്ങൾ പ്രവർത്തിക്കാനും തന്റെ സമയവും ഊർജവുമെല്ലാം ചെലവഴിച്ചു. അവന്റെ നല്ല ഗുണങ്ങളിലും പഠിപ്പിക്കലിലും ആകൃഷ്ടരായ ചിലർ അവന്റെ ശിഷ്യരായി.

21. അടുത്ത ലേഖനത്തിൽ നാം എന്തു പഠിക്കും?

21 ഭൂമിയിലെ യേശുവിന്റെ ശുശ്രൂഷയെക്കുറിച്ച്‌ ഇനിയുമേറെ കാര്യങ്ങൾ പഠിക്കാനുണ്ട്‌, അതേക്കുറിച്ചാണ്‌ അടുത്ത ലേഖനം. മറ്റേതെല്ലാം വിധങ്ങളിൽ ഏറ്റവും മഹാനായ മിഷനറിയെ നമുക്ക്‌ അനുകരിക്കാനാകും?

നിങ്ങളുടെ ഉത്തരം എന്താണ്‌?

• ഭൂമിയിലേക്കു വരുന്നതിനുമുമ്പ്‌ യേശുവിന്‌ എന്തു പരിശീലനം ലഭിച്ചു?

• യേശുവിന്റെ പഠിപ്പിക്കൽ അന്നത്തെ മതനേതാക്കന്മാരുടേതിനെക്കാൾ ശ്രേഷ്‌ഠമായിരുന്നത്‌ ഏതു വിധത്തിൽ?

• യേശുവിനെ പ്രിയങ്കരനാക്കിയ ഗുണങ്ങൾ ഏതൊക്കെയാണ്‌?

[അധ്യയന ചോദ്യങ്ങൾ]

[15-ാം പേജിലെ ചിത്രം]

യേശു പുരുഷാരത്തെ പഠിപ്പിച്ചത്‌ എങ്ങനെ?