വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആളുകളെ യഹോവ കാണുന്നതുപോലെ കാണുക

ആളുകളെ യഹോവ കാണുന്നതുപോലെ കാണുക

ആളുകളെ യഹോവ കാണുന്നതുപോലെ കാണുക

‘ശരീരത്തിൽ ഭിന്നത വരാതെ അവയവങ്ങൾ അന്യോന്യം ഒരുപോലെ കരുതേണ്ടതാണ്‌.’—1 കൊരി. 12:25.

1. ആത്മീയ പറുദീസയിലേക്ക്‌ ആദ്യമായി കടന്നുവന്നപ്പോൾ നിങ്ങളുടെ അനുഭവം എന്തായിരുന്നു?

ആദ്യമായി യഹോവയുടെ ജനത്തോടൊത്തു സഹവസിക്കാൻ തുടങ്ങിയപ്പോൾ അവർ കാണിച്ച സ്‌നേഹവും പരിഗണനയുമെല്ലാം നമ്മുടെ ഹൃദയത്തെ സ്‌പർശിച്ചു എന്നതിൽ സംശയമില്ല. പകയും വിദ്വേഷവുമൊക്കെ നിറഞ്ഞ സാത്താന്റെ ലോകത്തിൽനിന്നു തികച്ചും വ്യത്യസ്‌തമായ അന്തരീക്ഷത്തിലേക്കാണു നാം കടന്നുവന്നത്‌! അതേ, സമാധാനവും ഐക്യവും കളിയാടുന്ന ആത്മീയ പറുദീസയിലേക്ക്‌.—യെശ. 48:17, 18; 60:18; 65:25.

2. (എ) മറ്റുള്ളവരെക്കുറിച്ചുള്ള നമ്മുടെ വീക്ഷണത്തെ എന്തു സ്വാധീനിച്ചേക്കാം? (ബി) നാം എന്തു ചെയ്യേണ്ടതുണ്ട്‌?

2 എന്നാൽ അപൂർണരായതിനാൽ, സമയം കടന്നുപോകവേ സഹോദരങ്ങളെക്കുറിച്ചുള്ള നമ്മുടെ വീക്ഷണം വികലമായിത്തീർന്നേക്കാം. നല്ല ആത്മീയ ഗുണങ്ങൾ കാണുന്നതിനുപകരം അവരുടെ കുറ്റങ്ങളും കുറവുകളും ഊതിവീർപ്പിക്കാൻ നാം ചായ്‌വ്‌ കാണിച്ചേക്കാം. ചുരുക്കിപ്പറഞ്ഞാൽ യഹോവ എങ്ങനെ കാണുന്നുവോ അതുപോലെ അവരെ കാണാൻ നാം മറന്നുപോകുന്നു. നമുക്ക്‌ ഇങ്ങനെ സംഭവിക്കുന്നെങ്കിൽ നമ്മുടെ കാഴ്‌ചപ്പാടുകൾ ശോധനചെയ്‌ത്‌ അത്‌ യഹോവയുടെ വീക്ഷണങ്ങൾക്കു ചേർച്ചയിൽ കൊണ്ടുവരാൻ ഇനി താമസിക്കരുത്‌.—പുറ. 33:13.

നമ്മുടെ സഹോദരങ്ങളെ യഹോവ എങ്ങനെ വീക്ഷിക്കുന്നു?

3. ക്രിസ്‌തീയസഭയെ ബൈബിൾ എന്തിനോടാണു ഉപമിക്കുന്നത്‌?

3 അപ്പൊസ്‌തലനായ പൗലൊസ്‌ അഭിഷിക്ത ക്രിസ്‌ത്യാനികളുടെ സഭയെ മനുഷ്യശരീരത്തോടു ഉപമിക്കുന്നതായി 1 കൊരിന്ത്യർ 12:2-26-ൽ നാം കാണുന്നു. ഓരോ അവയവവും വ്യത്യസ്‌തമായിരിക്കുന്നതുപോലെ, സഭാംഗങ്ങൾ അവരുടെ സ്വഭാവവിശേഷതകളിലും പ്രാപ്‌തികളിലും വളരെയേറെ വ്യത്യാസമുള്ളവരാണ്‌. എന്നാൽ ഈ വൈവിധ്യം യഹോവയ്‌ക്കു സ്വീകാര്യമാണ്‌. അവൻ ഓരോ വ്യക്തിയെയും സ്‌നേഹിക്കുകയും വിലമതിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ്‌ സഭാംഗങ്ങൾ ‘അന്യോന്യം ഒരുപോലെ കരുതേണ്ടതുണ്ടെന്ന്‌’ പൗലൊസ്‌ ഉപദേശിക്കുന്നത്‌. എന്നാൽ, നമ്മുടെ വ്യക്തിത്വം മറ്റുള്ളവരുടേതിൽനിന്നു വ്യത്യസ്‌തമായതിനാൽ അത്‌ ബുദ്ധിമുട്ടുള്ള കാര്യമായിരിക്കാം.

4. സഹോദരങ്ങളെക്കുറിച്ചുള്ള നമ്മുടെ വീക്ഷണത്തിൽ മാറ്റം ആവശ്യമായിരുന്നേക്കാവുന്നത്‌ എന്തുകൊണ്ട്‌?

4 സഹോദരങ്ങളുടെ കുറ്റവും കുറവും മാത്രമായിരിക്കാം നമ്മുടെ കണ്ണിൽപ്പെടുന്നത്‌. അത്‌ ഒരു വലിയ ചിത്രത്തിന്റെ ചെറിയൊരു ഭാഗം മാത്രം കാണുന്നതുപോലെയാണ്‌. എന്നാൽ യഹോവ കാണുന്നതോ? ആ മുഴു ചിത്രവും! നമ്മെ അലോസരപ്പെടുത്തുന്ന കാര്യങ്ങളായിരിക്കും എപ്പോഴും നമ്മുടെ ശ്രദ്ധയിൽപ്പെടുന്നത്‌. എന്നാൽ ഒരു വ്യക്തിയുടെ നല്ല ഗുണങ്ങളൊന്നും അവഗണിക്കാതെ അദ്ദേഹത്തിന്റെ മുഴു വ്യക്തിത്വവും യഹോവ കണക്കിലെടുക്കുന്നു. യഹോവയെ അനുകരിക്കാൻ നാം എത്രത്തോളം ശ്രമിക്കുന്നുവോ, അത്രത്തോളം സഭയിൽ സ്‌നേഹവും ഐക്യവും ഉന്നമിപ്പിക്കാൻ നമുക്കാകും.—എഫെ. 4:1-3; 5:1, 2.

5. മറ്റുള്ളവരെ കുറ്റംവിധിക്കുന്നത്‌ അനുചിതമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

5 മറ്റുള്ളവരിൽ കുറ്റം കണ്ടെത്താനുള്ള പ്രവണത അപൂർണ മനുഷ്യർക്കുണ്ടെന്നു യേശുവിനു നന്നായി അറിയാമായിരുന്നു. അതുകൊണ്ടാണ്‌ അവൻ പറഞ്ഞത്‌: “നിങ്ങൾ വിധിക്കപ്പെടാതിരിക്കേണ്ടതിന്നു വിധിക്കരുത്‌.” (മത്താ. 7:1) എന്നാൽ മൂലഭാഷയിലെ എഴുത്തുകൾ പരിശോധിച്ചാൽ “വിധിക്കുന്നതു നിറുത്തുവിൻ” എന്നാണ്‌ യേശു പറഞ്ഞതെന്ന്‌ മനസ്സിലാകും. തന്റെ ശ്രോതാക്കളിൽ പലരും മറ്റുള്ളവരെ കുറ്റംവിധിക്കുന്ന സ്വഭാവക്കാരായിരുന്നുവെന്ന്‌ യേശുവിന്‌ അറിയാമായിരുന്നു. അത്തരമൊരു സ്വഭാവം നമ്മിലും വളർന്നുവന്നിട്ടുണ്ടോ? ഉണ്ടെങ്കിൽ, അതു മാറ്റാൻ നാം കഠിനശ്രമം ചെയ്യേണ്ടതാണ്‌. അല്ലെങ്കിൽ നാം ‘വിധിക്കപ്പെട്ടേക്കാം.’ യഹോവ നിയമിച്ചിരിക്കുന്നവരെ കുറ്റംവിധിക്കാനോ അവർ സംഘടനയുടെ ഭാഗമായിരിക്കരുതെന്ന്‌ പറയാനോ നാം ആരാണ്‌? ഒരു സഹോദരനു ചില കുറവുകളൊക്കെ ഉണ്ടായിരുന്നേക്കാം, പക്ഷേ യഹോവ അദ്ദേഹത്തെ ഉപയോഗിക്കുന്നിടത്തോളംകാലം നാം അദ്ദേഹത്തെ നിരാകരിക്കുന്നത്‌ ഉചിതമായിരിക്കുമോ? (യോഹ. 6:44) യഹോവയാണ്‌ തന്റെ ജനത്തെ നയിക്കുന്നതെന്നും മാറ്റങ്ങൾ ആവശ്യമെങ്കിൽ അവൻ തക്കസമയത്ത്‌ അതു ചെയ്യുമെന്നുമുള്ള ഉറച്ച വിശ്വാസം നമുക്കുണ്ടോ?—റോമർ 14:1-4 വായിക്കുക.

6. യഹോവ തന്റെ ദാസന്മാരെ വീക്ഷിക്കുന്നത്‌ എങ്ങനെ?

6 ഓരോ ക്രിസ്‌ത്യാനിയും പുതിയ ലോകത്തിൽ പൂർണത കൈവരിക്കുമ്പോൾ എങ്ങനെയുള്ളവർ ആയിരിക്കുമെന്ന്‌ യഹോവയ്‌ക്കു കാണാനാകും. അവർ ഇതിനോടകം എത്രത്തോളം ആത്മീയ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും അവനറിയാം. അതുകൊണ്ടുതന്നെ അവരുടെ ഓരോ പിഴവും അവൻ നോക്കിയിരിക്കുന്നില്ല. സങ്കീർത്തനം 103:12-ൽ നാം ഇങ്ങനെ വായിക്കുന്നു: “ഉദയം അസ്‌തമയത്തോടു അകന്നിരിക്കുന്നതു പോലെ അവൻ നമ്മുടെ ലംഘനങ്ങളെ നമ്മോടു അകറ്റിയിരിക്കുന്നു.” അതിനു നാമോരോരുത്തരും അവനോട്‌ എത്ര നന്ദിയുള്ളവരായിരിക്കണം!—സങ്കീ. 130:3.

7. യഹോവ ദാവീദിനെ വീക്ഷിച്ച വിധത്തിൽനിന്നു നമുക്ക്‌ എന്തു പഠിക്കാനാകും?

7 ഒരു വ്യക്തിയുടെ നല്ല ഗുണങ്ങൾ ശ്രദ്ധിക്കാനുള്ള യഹോവയുടെ പ്രാപ്‌തി അതുല്യമാണ്‌, അതിന്റെ ധാരാളം തെളിവുകൾ തിരുവെഴുത്തുകളിൽ നമുക്കു കാണാനാകും. “എന്റെ കല്‌പനകളെ പ്രമാണിക്കയും എനിക്കു പ്രസാദമുള്ളതു മാത്രം ചെയ്‌വാൻ പൂർണ്ണമനസ്സോടുകൂടെ എന്നെ അനുസരിക്കയും ചെയ്‌ത എന്റെ ദാസനായ ദാവീദ്‌” എന്നാണ്‌ ദൈവം ദാവീദിനെ വിശേഷിപ്പിച്ചത്‌. (1 രാജാ. 14:8) ദാവീദ്‌ തെറ്റുകൾ ചെയ്‌തു എന്നത്‌ ശരിതന്നെ, എന്നിട്ടും യഹോവ അവനിലെ നന്മ കാണാതിരുന്നില്ല. ദാവീദിന്റെ ഹൃദയം നേരുള്ളതാണെന്ന്‌ യഹോവയ്‌ക്ക്‌ അറിയാമായിരുന്നു.—1 ദിന. 29:17.

യഹോവയുടെ വീക്ഷണകോണിൽനിന്നു നമ്മുടെ സഹോദരങ്ങളെ കാണുക

8, 9. (എ) ഏതു വിധത്തിൽ നമുക്കു യഹോവയെ അനുകരിക്കാനാകും? (ബി) ഇത്‌ എങ്ങനെ ഉദാഹരിക്കാം, നമുക്ക്‌ എന്തു പാഠമുണ്ട്‌?

8 യഹോവയ്‌ക്ക്‌ ഹൃദയങ്ങളെ ശോധന ചെയ്യാനാകും, എന്നാൽ നമുക്കാകില്ല. ആളുകളെ കുറ്റംവിധിക്കാതിരിക്കുന്നതിന്‌ ഈ കാരണംതന്നെ ധാരാളമാണ്‌. മറ്റൊരാളുടെ ആന്തരം നമുക്കു പൂർണമായി മനസ്സിലാക്കാനാകില്ല. ഒരുനാൾ ഇല്ലാതാകുന്ന മാനുഷ അപൂർണതകളിൽ ശ്രദ്ധയൂന്നാതിരുന്നുകൊണ്ടു നമുക്ക്‌ യഹോവയെ അനുകരിക്കാം. ഇക്കാര്യത്തിൽ അവനെപ്പോലെ ആകാൻ എന്തുകൊണ്ടു ശ്രമിച്ചുകൂടാ? അങ്ങനെയെങ്കിൽ നമ്മുടെ സഹോദരീസഹോദരന്മാരുമായി നല്ലൊരു ബന്ധം ആസ്വദിക്കാൻ നമുക്കാകും.—എഫെ. 4:23, 24.

9 തകർന്ന ജനാലകളും ചോരുന്ന മേൽക്കൂരയുമൊക്കെയായി പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന ഒരു വീടിനെക്കുറിച്ചു ചിന്തിക്കുക. ഈ വീട്‌ ഇടിച്ചുപൊളിച്ചുകളയാനേ കൊള്ളൂ എന്ന്‌ മിക്ക ആളുകളും അഭിപ്രായപ്പെട്ടേക്കാം. എന്നാൽ തികച്ചും വ്യത്യസ്‌ത വീക്ഷണമുള്ള ഒരാൾ മറ്റൊരു വിധത്തിലായിരിക്കും അതിനെ നോക്കിക്കാണുന്നത്‌. പുറമേ കാണുന്ന കേടുപാടുകൾ ഒഴിച്ചാൽ വീട്‌ നല്ല കെട്ടുറപ്പുള്ളതാണെന്നും അത്‌ പുനരുദ്ധരിക്കാനാകുമെന്നും അദ്ദേഹം മനസ്സിലാക്കുന്നു. അദ്ദേഹം ആ വീടു വാങ്ങി പുറമേയുള്ള കേടുപാടുകളൊക്കെ തീർത്ത്‌ അതു ഭംഗിയാക്കിയെടുക്കുന്നു. ‘എത്ര ഭംഗിയുള്ള വീട്‌’ എന്നാണ്‌ ഇപ്പോൾ ആളുകൾ അതിനെക്കുറിച്ചു പറയുന്നത്‌. ആ വീടു വാങ്ങി കേടുപാടു തീർത്തെടുത്ത ആ മനുഷ്യനെപ്പോലെയാകാൻ നമുക്കാകുമോ? സഹോദരങ്ങളുടെ തെറ്റുകുറ്റങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കാതെ അവരുടെ നല്ല ഗുണങ്ങൾ തിരിച്ചറിയാനും കൂടുതലായ ആത്മീയപുരോഗതി വരുത്താൻ അവർക്കുള്ള പ്രാപ്‌തികളെ വിലമതിക്കാനും നമുക്കു സാധിക്കുന്നുണ്ടോ? സാധിച്ചാൽ നമ്മുടെ സഹോദരങ്ങളുടെ ആത്മീയഗുണങ്ങളെപ്രതി നാമവരെ സ്‌നേഹിക്കും, യഹോവ ചെയ്യുന്നതുപോലെ.—എബ്രായർ 6:10 വായിക്കുക.

10. ഫിലിപ്പിയർ 2:3, 4-ൽ കാണുന്ന ഉപദേശം നമ്മെ എന്തിനു സഹായിക്കും?

10 സഭയിൽ എല്ലാവരുമായി നല്ല ബന്ധം പുലർത്തുന്നതിന്‌ സഹായകമായ ചില ഉപദേശങ്ങൾ അപ്പൊസ്‌തലനായ പൗലൊസ്‌ നൽകി. അവൻ ക്രിസ്‌ത്യാനികളെ ഉദ്‌ബോധിപ്പിച്ചു: “ശാഠ്യത്താലോ ദുരഭിമാനത്താലോ ഒന്നും ചെയ്യാതെ താഴ്‌മയോടെ ഓരോരുത്തൻ മറ്റുള്ളവനെ തന്നെക്കാൾ ശ്രേഷ്‌ഠൻ എന്നു എണ്ണിക്കൊൾവിൻ. ഓരോരുത്തൻ സ്വന്തഗുണമല്ല മറ്റുള്ളവന്റെ ഗുണവും കൂടെ നോക്കേണം.” (ഫിലി. 2:3, 4) മറ്റുള്ളവരെക്കുറിച്ചു ശരിയായ കാഴ്‌ചപ്പാട്‌ ഉണ്ടായിരിക്കുന്നതിനു താഴ്‌മ നമ്മെ സഹായിക്കും. അവരിൽ വ്യക്തിപരമായ താത്‌പര്യം എടുക്കുകയും അവരിലെ നന്മ കാണാൻ ശ്രമിക്കുകയും ചെയ്യുമ്പോൾ യഹോവ വീക്ഷിക്കുന്നതുപോലെ അവരെ വീക്ഷിക്കാൻ നമുക്കാകും.

11. ചില സഭകളിൽ എന്തു മാറ്റം കാണാനാകും?

11 സമീപകാലത്ത്‌ ആഗോളരംഗത്തെ സംഭവവികാസങ്ങൾ ആളുകൾ വൻതോതിൽ കുടിയേറിപ്പാർക്കുന്നതിന്‌ ഇടയാക്കിയിരിക്കുന്നു. ഇന്നു പല നഗരങ്ങളിലും വ്യത്യസ്‌ത രാജ്യക്കാരായ ആളുകളെ കാണാനാകും. നമ്മുടെ നാട്ടിൽ പുതുതായി വന്നുതാമസിക്കുന്ന ചിലർ ബൈബിൾസത്യത്തിൽ താത്‌പര്യം കാണിക്കുകയും യഹോവയെ ആരാധിക്കുന്നതിൽ നമ്മോടൊപ്പം ചേരുകയും ചെയ്‌തിട്ടുണ്ട്‌. ഇവർ “സകല ജാതികളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലുംനിന്ന്‌” ഉള്ളവരാണ്‌. (വെളി. 7:9) അതേ, വിവിധ ദേശക്കാരും ഭാഷക്കാരുമൊക്കെ അടങ്ങുന്നതാണ്‌ ഇന്നു നമ്മുടെ പല സഭകളും.

12. മറ്റുള്ളവരെക്കുറിച്ചുള്ള നമ്മുടെ വീക്ഷണം എന്തായിരിക്കണം, ഇതു ചിലപ്പോൾ വെല്ലുവിളി ആയേക്കാവുന്നത്‌ എന്തുകൊണ്ട്‌?

12 അതുകൊണ്ട്‌ നമ്മുടെ സഭയിൽ, അന്യോന്യം ശരിയായ വീക്ഷണം വെച്ചുപുലർത്തുന്നതിനു നാം വിശേഷാൽ ശ്രമിക്കേണ്ടതുണ്ട്‌. “നിർവ്യാജമായ സഹോദരപ്രീതി” കാണിക്കാനും “ഹൃദയപൂർവ്വം അന്യോന്യം ഉറ്റു സ്‌നേഹി”ക്കാനുമുള്ള പത്രൊസ്‌ അപ്പൊസ്‌തലന്റെ ഉപദേശം നാം ചെവിക്കൊള്ളേണ്ടത്‌ ഇത്തരുണത്തിൽ പ്രധാനമാണ്‌. (1 പത്രൊ. 1:22) വ്യത്യസ്‌ത രാജ്യക്കാരും ഭാഷക്കാരുമൊക്കെ സഹവസിക്കുന്ന ഒരു സഭയിൽ യഥാർഥ സ്‌നേഹവും പ്രീതിയും കാണിക്കുന്നത്‌ ഒരു വെല്ലുവിളി ആയിരുന്നേക്കാം. നമ്മുടെ സഹാരാധകരുടെ സംസ്‌കാരവും വിദ്യാഭ്യാസ-സാമ്പത്തിക-വംശീയ പശ്ചാത്തലങ്ങളും നമ്മുടേതിൽനിന്നും വളരെയേറെ വ്യത്യസ്‌തമായിരിക്കും. ചിലർ എന്തുകൊണ്ടാണ്‌ ഒരു പ്രത്യേക വിധത്തിൽ ചിന്തിക്കുകയും പ്രതികരിക്കുകയും ചെയ്യുന്നതെന്നു മനസ്സിലാക്കാൻ നമുക്കു ബുദ്ധിമുട്ടുണ്ടോ? അവർക്കു നമ്മെക്കുറിച്ചു തോന്നുന്നതും അങ്ങനെതന്നെ ആയിരിക്കാം. എന്നിരുന്നാലും “സഹോദരവർഗ്ഗത്തെ സ്‌നേഹിപ്പിൻ” എന്ന ബുദ്ധിയുപദേശം നമുക്കേവർക്കും വേണ്ടിയുള്ളതാണ്‌.—1 പത്രൊ. 2:17.

13. നമ്മുടെ ചിന്താഗതിയിൽ എന്തൊക്കെ മാറ്റങ്ങൾ വരുത്തേണ്ടതുണ്ടായിരിക്കാം?

13 എല്ലാ പശ്ചാത്തലങ്ങളിൽനിന്നുള്ള സഹോദരങ്ങളെയും സ്‌നേഹിക്കുന്നതിന്‌ നമ്മുടെ ചിന്താഗതിയിൽ ചില മാറ്റങ്ങൾ വരുത്തേണ്ടതുണ്ടായിരിക്കാം. (2 കൊരിന്ത്യർ 6:12, 13 വായിക്കുക.) “എനിക്കു മുൻവിധിയൊന്നുമില്ല” എന്നു പറഞ്ഞിട്ട്‌ ചില വംശങ്ങൾക്കോ കൂട്ടങ്ങൾക്കോ പൊതുവായുണ്ടെന്നു നാം കരുതുന്ന ഏതെങ്കിലും മോശം പ്രവണതയെക്കുറിച്ചു പരാമർശിക്കുന്ന രീതി നമുക്കുണ്ടോ? ഉണ്ടെങ്കിൽ അതു കാണിക്കുന്നത്‌ നമ്മുടെ ഉള്ളിന്റെയുള്ളിൽ ഇപ്പോഴും മുൻവിധി ഉണ്ടെന്നാണ്‌, അതു പിഴുതെറിയേണ്ടതുണ്ട്‌. നമുക്ക്‌ ഇങ്ങനെ ചോദിക്കാനാകും, ‘എന്റേതിൽനിന്നു വ്യത്യസ്‌തമായ സംസ്‌കാരമുള്ള ആളുകളെ അടുത്തറിയാൻ ഞാൻ എപ്പോഴും ശ്രമിക്കാറുണ്ടോ?’ നമ്മുടെ ആഗോള സഹോദരവർഗത്തെ മെച്ചമായി സ്‌നേഹിക്കാനും വിലമതിക്കാനും ഇത്തരം ആത്മപരിശോധന നമ്മെ സഹായിക്കും.

14, 15. (എ) തങ്ങളുടെ മനോഭാവത്തിൽ മാറ്റം വരുത്തിയ ചിലരുടെ ഉദാഹരണങ്ങൾ പറയുക. (ബി) നമുക്ക്‌ അവരെ എങ്ങനെ അനുകരിക്കാം?

14 ചിന്താഗതിയിൽ മാറ്റംവരുത്തിയ ചിലരുടെ നല്ല ദൃഷ്ടാന്തങ്ങൾ ബൈബിളിൽ കാണാം. അവരിൽ ഒരാളായിരുന്നു പത്രൊസ്‌ അപ്പൊസ്‌തലൻ. ഒരു യഹൂദനായതിനാൽ ജാതികളുടെ വീട്ടിൽ പോകുന്നത്‌ അവൻ ഒഴിവാക്കിയിട്ടുണ്ടാകണം. അങ്ങനെയിരിക്കെ വിജാതീയനായ കൊർന്നേല്യൊസിനെ വീട്ടിൽ ചെന്നു കാണാൻ ആവശ്യപ്പെട്ടപ്പോൾ അവന്‌ എന്തു തോന്നിയിരിക്കണം? എല്ലാ ജനതകളിൽനിന്നുള്ളവരും ക്രിസ്‌തീയ സഭയുടെ ഭാഗമാകണമെന്നുള്ളത്‌ ദൈവേഷ്ടമാണെന്നു മനസ്സിലാക്കിയ പത്രൊസ്‌ മാറ്റങ്ങൾ വരുത്തി. (പ്രവൃ. 10:9-35) പിൽക്കാലത്ത്‌ അപ്പൊസ്‌തലനായ പൗലൊസ്‌ ആയിത്തീർന്ന ശൗലിനും മുൻവിധിയിൽ അധിഷ്‌ഠിതമായ കാഴ്‌ചപ്പാട്‌ മാറ്റേണ്ടതുണ്ടായിരുന്നു. “ദൈവത്തിന്റെ സഭയെ കഠിനമായി പീഡിപ്പിക്കുകയും അതിനെ ഉന്മൂലനം ചെയ്യാൻ പരിശ്രമിക്കുകയും ചെയ്‌തിരുന്ന” അളവോളം താൻ ക്രിസ്‌ത്യാനികളെ വെറുത്തിരുന്നുവെന്നു പിന്നീട്‌ അവൻതന്നെ സമ്മതിക്കുകയുണ്ടായി. എന്നാൽ കർത്താവായ യേശു, പൗലൊസിനെ തിരുത്തിയപ്പോൾ അവൻ കാതലായ മാറ്റങ്ങൾ വരുത്തുകയും താൻ മുമ്പു പീഡിപ്പിച്ചവരിൽനിന്നുപോലും നിർദേശങ്ങൾ സ്വീകരിക്കുകയും ചെയ്‌തു.—ഗലാ. 1:13-20.

15 യഹോവയുടെ ആത്മാവിന്റെ സഹായത്താൽ നമ്മുടെ മനോഭാവത്തിൽ മാറ്റംവരുത്താനാകും എന്നതിനു സംശയമില്ല. മുൻവിധിയുടെ ഒരു കണികയെങ്കിലും നമ്മിൽ അവശേഷിക്കുന്നുണ്ടെങ്കിൽ അതു പിഴുതെറിഞ്ഞ്‌ ‘ആത്മാവിന്റെ ഐക്യത സമാധാനബന്ധത്തിൽ കാപ്പാൻ നമുക്കു ശ്രമിക്കാം.’ (എഫെ. 4:3-6) “സമ്പൂർണ്ണതയുടെ ബന്ധമായ സ്‌നേഹം ധരിപ്പിൻ” എന്ന്‌ ബൈബിൾ നമ്മെയെല്ലാം ഉദ്‌ബോധിപ്പിക്കുന്നു.—കൊലൊ. 3:14.

ശുശ്രൂഷയിൽ യഹോവയെ അനുകരിക്കുവിൻ

16. ആളുകളെ സംബന്ധിച്ച ദൈവോദ്ദേശ്യം എന്താണ്‌?

16 “ദൈവത്തിന്റെ പക്കൽ മുഖപക്ഷം ഇല്ല” എന്ന്‌ പൗലൊസ്‌ എഴുതി. (റോമ. 2:11) തന്നെ ആരാധിക്കുന്നവരുടെ കൂട്ടത്തിൽ സകല ജനതകളിലുംനിന്നുള്ളവർ ഉണ്ടാകണമെന്നുള്ളത്‌ യഹോവയുടെ ഉദ്ദേശ്യമാണ്‌. (1 തിമൊഥെയൊസ്‌ 2:3, 4 വായിക്കുക.) ആ ഉദ്ദേശ്യം നിവർത്തിക്കുന്നതിനായി, ‘സകലജാതിയിലും ഗോത്രത്തിലും ഭാഷയിലും വംശത്തിലും’ പെട്ടവരോടു “നിത്യസുവിശേഷം” അറിയിപ്പാനുള്ള ക്രമീകരണം അവൻ ചെയ്‌തു. (വെളി. 14:6) യേശു ഈ ലോകത്തെ വയലിനോട്‌ ഉപമിച്ചു. (മത്താ. 13:38) ഈ താരതമ്യത്തിനു നിങ്ങളിലും നിങ്ങളുടെ അടുത്ത കുടുംബാംഗങ്ങളിലും എന്തു സ്വാധീനമുണ്ട്‌?

17. എല്ലാത്തരം ആളുകളെയും എങ്ങനെ സഹായിക്കാനാകും?

17 സുവിശേഷം പ്രസംഗിക്കുന്നതിനായി ഭൂമിയുടെ വിദൂരഭാഗങ്ങളിലേക്കു പോകാൻ എല്ലാവർക്കും സാധിച്ചെന്നുവരില്ല. എന്നിരുന്നാലും, നമ്മുടെ പ്രദേശത്തു പാർക്കുന്ന പല ദേശക്കാരായ ആളുകളെ സുവാർത്ത അറിയിക്കാൻ നമുക്കാകും. എല്ലാത്തരം ആളുകൾക്കും സാക്ഷ്യം നൽകാനുള്ള അവസരങ്ങൾ നാം പ്രയോജനപ്പെടുത്തുന്നുണ്ടോ? ഇതുവരെയും ഒരു സാക്ഷ്യം ലഭിച്ചിട്ടില്ലാത്തവരെ സുവാർത്ത അറിയിക്കാൻ ഒരു ശ്രമം നടത്തിക്കൂടേ?—റോമ. 15:20, 21.

18. ആളുകളിലുള്ള താത്‌പര്യം യേശു എങ്ങനെ പ്രകടമാക്കി?

18 എല്ലാവർക്കും സഹായം ലഭിക്കേണ്ടതുണ്ടെന്നു യേശുവിനു നന്നായി അറിയാമായിരുന്നു. അവൻ തന്റെ പ്രസംഗപ്രവർത്തനം ഒരു പ്രദേശത്തു മാത്രമായി ഒതുക്കിയില്ല. അവൻ “പട്ടണംതോറും ഗ്രാമംതോറും സഞ്ചരിച്ചു” എന്ന്‌ ഒരു ബൈബിൾ വിവരണം പറയുന്നു. ‘പുരുഷാരത്തെ കണ്ട്‌ മനസ്സലിഞ്ഞ’ അവൻ അവർക്കു സഹായം ആവശ്യമുണ്ടെന്നു സൂചിപ്പിക്കുകയുണ്ടായി.—മത്താ. 9:35-38.

19, 20. എല്ലാത്തരം ആളുകളോടും യഹോവയും യേശുക്രിസ്‌തുവും കാണിച്ച കരുതൽ നമുക്ക്‌ എങ്ങനെ കാണിക്കാം?

19 അതേ മനോഭാവം പ്രകടമാക്കാൻ നമുക്കു സാധിക്കുന്ന ചില മാർഗങ്ങളേവ? തങ്ങളുടെ പ്രദേശത്ത്‌ കൂടെക്കൂടെ പ്രവർത്തിച്ചിട്ടില്ലാത്ത സ്ഥലങ്ങളിൽ സാക്ഷീകരിക്കുക എന്നത്‌ ചിലർ ലക്ഷ്യമാക്കിയിരിക്കുന്നു. ഇതിൽ ബിസിനസ്സ്‌ സെന്ററുകൾ, പാർക്കുകൾ, ബസ്റ്റാൻഡ്‌, റെയിൽവേ സ്റ്റേഷൻ, പ്രവേശനം എളുപ്പമല്ലാത്ത ഫ്‌ളാറ്റുകൾ എന്നിവയൊക്കെ ഉൾപ്പെട്ടേക്കാം. തങ്ങളുടെ പ്രദേശത്തു താമസിക്കുന്ന മറ്റു ഭാഷക്കാരോടോ, മുമ്പ്‌ കാര്യമായ സാക്ഷ്യം ലഭിച്ചിട്ടില്ലാത്ത കൂട്ടങ്ങളോടോ പ്രസംഗിക്കുന്നതിനായി ചിലർ ഒരു പുതിയ ഭാഷ പഠിക്കാൻ ശ്രമിക്കുന്നു. ആളുകളെ അവരുടെ മാതൃഭാഷയിൽ അഭിവാദനം ചെയ്യാൻ പഠിക്കുന്നതുപോലും അവരുടെ ക്ഷേമത്തിലുള്ള നമ്മുടെ താത്‌പര്യം കാണിച്ചേക്കാം. ഇനി അഥവാ ഒരു പുതിയ ഭാഷ പഠിക്കാൻ നമുക്കാകില്ലെങ്കിൽ അതു പഠിക്കാൻ ശ്രമിക്കുന്നവരെ പ്രോത്സാഹിപ്പിക്കാനാകുമോ? മറ്റു രാജ്യങ്ങളിൽ നിന്നുള്ളവരോടു സുവാർത്ത പ്രസംഗിക്കാൻ ശ്രമം ചെയ്യുന്നവരെ നിരുത്സാഹപ്പെടുത്താനോ അവരുടെ പ്രവർത്തനത്തെ ചോദ്യം ചെയ്യാനോ നാം ആഗ്രഹിക്കുന്നില്ല. ദൈവദൃഷ്ടിയിൽ എല്ലാവരുടെയും ജീവൻ വിലപ്പെട്ടതാണ്‌, നമുക്കും അതേ വീക്ഷണമാണ്‌ ഉണ്ടായിരിക്കേണ്ടത്‌.—കൊലൊ. 3:10, 11.

20 ദൈവത്തിന്റെ അതേ വീക്ഷണം നമുക്കുണ്ടെങ്കിൽ ആളുകളുടെ പശ്ചാത്തലങ്ങളും ജീവിതസാഹചര്യങ്ങളും ഗണ്യമാക്കാതെ നാം എല്ലാവരോടും സുവാർത്ത പ്രസംഗിക്കും. ചിലർ ഭവനരഹിതരായിരിക്കാം, ചിലർ വൃത്തിയും വെടിപ്പും ഉള്ളവരായിരിക്കില്ല, ഇനി മറ്റുചിലർ അധാർമികജീവിതം നയിക്കുന്നവരായിരിക്കും. ചില വ്യക്തികൾ നമ്മോടു പരുഷമായി പെരുമാറിയെന്നുവെച്ച്‌ അവരുടെ ദേശക്കാരെ മുഴുവൻ ഒരേ കണ്ണുകൊണ്ടു കാണരുത്‌. ചിലർ പൗലൊസിനോടു ക്രൂരമായി പെരുമാറിയെങ്കിലും, അവിടെയുള്ള മറ്റുള്ളവരോടു സുവാർത്ത പ്രസംഗിക്കുന്നതിൽനിന്ന്‌ അത്‌ അവനെ തടഞ്ഞില്ല. (പ്രവൃ. 14:5-7, 19-22) ചിലരെങ്കിലും അനുകൂലമായി പ്രതികരിക്കുമെന്ന പ്രത്യാശ അവനുണ്ടായിരുന്നു.

21. യഹോവയുടെ വീക്ഷണം ഉണ്ടായിരിക്കുന്നതുകൊണ്ടുള്ള പ്രയോജനങ്ങളെന്ത്‌?

21 നമ്മുടെ പ്രാദേശിക സഹോദരങ്ങളോടും അന്താരാഷ്‌ട്ര സഹോദരവർഗത്തോടും മറ്റ്‌ ആളുകളോടും നമുക്കു ശരിയായ വീക്ഷണം, യഹോവയുടെ വീക്ഷണം, ഉണ്ടായിരിക്കണം. യഹോവയുടെ വീക്ഷണം ഉണ്ടായിരിക്കാൻ നാം എത്രത്തോളം ശ്രമിക്കുന്നുവോ അത്രത്തോളം സമാധാനവും ഐക്യവും ഉന്നമിപ്പിക്കാൻ നമുക്കാകും. അപ്പോൾ യഹോവയെ അറിയാൻ മറ്റുള്ളവരെ സഹായിക്കുന്നതിനു നാം കൂടുതൽ പ്രാപ്‌തരായിരിക്കും. യഹോവ പക്ഷംപിടിക്കുന്നില്ല, എല്ലാവരെയും സ്‌നേഹിക്കുന്നു, കാരണം “അവരെല്ലാവരും തൃക്കൈയുടെ പ്രവൃത്തിയല്ലോ.”—ഇയ്യോ. 34:19.

നിങ്ങൾക്ക്‌ ഉത്തരം പറയാമോ?

• സഹോദരങ്ങളെക്കുറിച്ചുള്ള ഏതു വീക്ഷണം ഒഴിവാക്കാൻ നാം ശ്രമിക്കണം?

• സഹോദരങ്ങളെ വീക്ഷിക്കുന്നതിൽ യഹോവയെ എങ്ങനെ അനുകരിക്കാനാകും?

• അന്താരാഷ്‌ട്ര സഹോദരവർഗത്തെക്കുറിച്ചുള്ള നമ്മുടെ വീക്ഷണം എന്തായിരിക്കണം?

• ശുശ്രൂഷയിലായിരിക്കുമ്പോൾ, ആളുകളോടുള്ള യഹോവയുടെ വീക്ഷണം നമുക്ക്‌ എങ്ങനെ അനുകരിക്കാം?

[അധ്യയന ചോദ്യങ്ങൾ]

[26-ാം പേജിലെ ചിത്രം]

മറ്റു സംസ്‌കാരങ്ങളിലുള്ള ആളുകളെ നിങ്ങൾക്കെങ്ങനെ അടുത്തറിയാനാകും?

[28-ാം പേജിലെ ചിത്രങ്ങൾ]

ഏതൊക്കെ വിധങ്ങളിൽ കൂടുതൽ ആളുകളെ സുവാർത്ത അറിയിക്കാനാകും?