വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

എനിക്കെന്റെ വാക്കു പാലിക്കണം

എനിക്കെന്റെ വാക്കു പാലിക്കണം

എനിക്കെന്റെ വാക്കു പാലിക്കണം

വാക്കുപാലിക്കണമെന്നു ഞാൻ പറഞ്ഞത്‌ എന്തിനെക്കുറിച്ചായിരിക്കുമെന്നു ചിന്തിക്കുകയാകും നിങ്ങളിപ്പോൾ. പറയാം.

സ്‌പാനീഷുകാരിയായ ഒരു അമ്മയാണ്‌ ഞാൻ. സമാധാനവും സന്തോഷവും എന്തെന്നറിയാതെയാണ്‌ ഞാൻ വളർന്നത്‌. നാലുവയസ്സുകാരനായ എന്റെ അനുജൻ ഒരു അപകടത്തിൽ മരിച്ചത്‌ കുടുംബത്തെ കണ്ണീരിലാഴ്‌ത്തി. പിതാവിന്റെ ദുശ്ശീലങ്ങൾ അമ്മയുടെ സ്വസ്ഥത കെടുത്തി. പക്ഷേ, ഇതൊന്നും എന്റെയും ചേട്ടന്റെയും മനസ്സിൽ സദാചാരമൂല്യങ്ങൾ ഉൾനടുന്നതിൽനിന്ന്‌ അമ്മയെ തടഞ്ഞില്ല.

വർഷങ്ങൾ പിന്നിട്ടപ്പോൾ ചേട്ടൻ വിവാഹിതനായി, ഞാനും. അധികംകഴിയുംമുമ്പേ, എന്റെ അമ്മ കാൻസർ ബാധിച്ചു മരിച്ചു. എന്നാൽ വിലപ്പെട്ട ഒന്ന്‌ ഞങ്ങൾക്കു കൈമാറിയിട്ടാണ്‌ അമ്മ പോയത്‌.

ഒരു പരിചയക്കാരി പുനരുത്ഥാനം സംബന്ധിച്ച തിരുവെഴുത്തുസത്യത്തെപ്പറ്റി അമ്മയോടു സംസാരിച്ചിരുന്നു, ബൈബിൾ പഠിക്കാമെന്ന്‌ അമ്മ സമ്മതിക്കുകയും ചെയ്‌തു. അവസാന ദിനങ്ങളിൽ അമ്മയുടെ ജീവിതത്തിന്‌ അർഥവും സന്തോഷവും പകർന്നത്‌ ആ സന്ദേശമാണ്‌.

ബൈബിൾ സന്ദേശം അമ്മയുടെ ജീവിതത്തിൽ ചെലുത്തിയ പ്രഭാവം മനസ്സിലാക്കിയ ഞങ്ങളും ബൈബിൾ പഠിക്കാൻ തുടങ്ങി. ഞാൻ യഹോവയുടെ സാക്ഷികളിൽ ഒരാളായി സ്‌നാനമേറ്റ്‌ ഒരു മാസം കഴിഞ്ഞപ്പോൾ എനിക്ക്‌ രണ്ടാമതൊരു കുഞ്ഞ്‌ ജനിച്ചു. ആ സുന്ദരിക്കുട്ടിക്ക്‌ ഞങ്ങൾ ലൂസിയ എന്നു പേരിട്ടു.

സ്‌നാനമേറ്റ ദിവസം എന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു. അങ്ങനെ പറയാൻ കാരണമുണ്ട്‌: എന്റെ വിശ്വാസം മകനും മകൾക്കും പകർന്നുകൊടുക്കാനായത്‌ അതുകൊണ്ടാണ്‌; മാത്രമല്ല, അനന്തതയിലെന്നും യഹോവയെ സേവിച്ചുകൊള്ളാമെന്നു സമ്മതിച്ച സ്ഥിതിക്ക്‌, ഇനിയങ്ങോട്ട്‌ എന്റെ ജീവിതം യഹോവയ്‌ക്കുള്ളതായി മാറുകയായിരുന്നു.

എന്നാൽ അവസാനം പറഞ്ഞ സന്തോഷം അധികം നീണ്ടുനിന്നില്ല. നാലാംവയസ്സുമുതൽ ലൂസിയയ്‌ക്ക്‌ കലശലായ വയറുവേദന ഉണ്ടാകുമായിരുന്നു. നിരവധി പരിശോധനകൾക്കൊടുവിൽ, അവളുടെ കരളിനോടുചേർന്ന്‌ ഓറഞ്ചിന്റെ വലുപ്പത്തിൽ ഒരു മുഴയുണ്ടെന്ന കാര്യം ഡോക്ടർ എന്നോടു പറഞ്ഞു. ന്യൂറോബ്ലാസ്റ്റോമ എന്ന മാരകമായ ഒരു കാൻസറായിരുന്നു അവൾക്ക്‌. കാൻസറിനെതിരെയുള്ള ഏഴുവർഷം നീണ്ടുനിന്ന പോരാട്ടം അവിടെ തുടങ്ങി, ഒപ്പം ആശുപത്രിവാസവും.

എരിഞ്ഞുതീരുമ്പോഴും . . .

കണ്ണീരിൽ കുതിർന്ന ഈ വർഷമത്രയും ലൂസിയയുടെ സ്‌നേഹസ്‌പർശവും ചക്കരയുമ്മകളുമാണ്‌ എനിക്കു കരുത്തേകിയത്‌. പരിഭവങ്ങളില്ലാതെ രോഗവുമായി പൊരുത്തപ്പെട്ടു ജീവിക്കാൻ അവൾ ശ്രമിച്ചു. അത്‌ ആശുപത്രി ജീവനക്കാരെ അത്ഭുതപ്പെടുത്തി. നഴ്‌സുമാരെ സഹായിക്കാൻ വലിയ ഇഷ്ടമായിരുന്നു അവൾക്കെന്നും. അടുത്ത വാർഡുകളിലെ കുട്ടികൾക്ക്‌ തൈരും ജ്യൂസും മറ്റും കൊണ്ടുക്കൊടുക്കാൻ അവളും കൂടുമായിരുന്നു. നഴ്‌സുമാർ ലൂസിയയ്‌ക്ക്‌ ഒരു വെള്ളക്കോട്ടും “നഴ്‌സിന്റെ സഹായി” എന്നൊരു ബാഡ്‌ജും നൽകി.

“ലൂസിയ എന്റെ ഹൃദയത്തെ സ്‌പർശിച്ചു. എന്തൊരു പ്രസരിപ്പായിരുന്നു ആ കുട്ടിക്ക്‌; പെയിന്റിങ്‌ എന്നുവെച്ചാൽ ജീവനായിരുന്നു. മുതിർന്നവരെപ്പോലെയായിരുന്നു സംസാരവും പെരുമാറ്റവുമെല്ലാം,” ഒരു ജീവനക്കാരിയുടെ വാക്കുകൾ.

ദൈവവചനം, അതാണ്‌ അവൾക്ക്‌ കരുത്തും പ്രശാന്തതയും പകർന്നത്‌. (എബ്രാ. 4:12) പുതിയലോകത്തിൽ “മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും . . . ഉണ്ടാകയില്ല” എന്ന തിരുവെഴുത്തിൽ അത്ര വിശ്വാസമായിരുന്നു ലൂസിയയ്‌ക്ക്‌. (വെളി. 21:4, 5) മറ്റുള്ളവരെ മനസ്സുകൊണ്ടു സ്‌നേഹിച്ചിരുന്ന അവൾ ബൈബിൾ സന്ദേശം പങ്കുവെക്കാനുള്ള ഒരവസരവും പാഴാക്കിയിരുന്നില്ല. പുനരുത്ഥാനപ്രത്യാശ—ജീവിതം എരിഞ്ഞുതീരുമ്പോഴും പ്രസന്നത കൈവിടാതിരിക്കാൻ അവളെ സഹായിച്ചത്‌ അതാണ്‌. (യെശ. 25:8) മരണം അവളെ കൂട്ടിക്കൊണ്ടുപോകുന്ന ദിവസംവരെ അത്‌ അവളുടെ മുഖത്തുണ്ടായിരുന്നു.

അന്നാണ്‌ ഞാൻ അവൾക്ക്‌ ആ വാക്കുകൊടുത്തത്‌. കണ്ണു തുറക്കാൻ പാടുപെടുകയായിരുന്നു അവൾ. ഞാനും അവളുടെ പപ്പയും ഓരോ കയ്യിൽ പിടിച്ചിട്ടുണ്ടായിരുന്നു. “വിഷമിക്കേണ്ട, മമ്മി ഇവിടെത്തന്നെയുണ്ട്‌. സാവധാനം ശ്വസിക്കാൻ നോക്കൂ. ഉണരുമ്പോൾ എല്ലാം ശരിയാകും. പിന്നെ മോൾക്ക്‌ വേദനിക്കില്ല. മമ്മിയുണ്ടാകും കൂടെ,” ഞാനവളുടെ കാതിൽ മന്ത്രിച്ചു.

എനിക്കെന്റെ വാക്കു പാലിക്കണം. ശരിയാണ്‌, ഈ കാത്തിരിപ്പ്‌ എളുപ്പമല്ല. പക്ഷേ ഒന്നെനിക്കറിയാം: യഹോവയിൽ ആശ്രയിക്കുകയും അവനോടു വിശ്വസ്‌തത പാലിക്കുകയും ചെയ്‌താൽ എന്റെ കുഞ്ഞ്‌ പുനരുത്ഥാനത്തിൽ വരുമ്പോൾ അവളെ സ്വീകരിക്കാൻ ഞാൻ അവിടെയുണ്ടാകും.

ലൂസിയ തന്നിട്ടുപോയത്‌

ലൂസിയയുടെ മനക്കരുത്തും സഹോദരങ്ങൾ കാണിച്ച സ്‌നേഹവും സാക്ഷിയല്ലാതിരുന്ന എന്റെ ഭർത്താവിനെ വളരെയേറെ സ്വാധീനിച്ചു. തന്റെ ജീവിതമൊന്നു ചിട്ടപ്പെടുത്താൻ പോകുകയാണെന്ന്‌ ലൂസിയ മരിച്ച ദിവസം അദ്ദേഹം എന്നോടു പറഞ്ഞു. ഏതാനും ആഴ്‌ച കഴിഞ്ഞപ്പോൾ അദ്ദേഹം, തനിക്കു ബൈബിൾ പഠിക്കണമെന്ന്‌ ഒരു മൂപ്പനോട്‌ ആവശ്യപ്പെട്ടു. താമസിയാതെ അദ്ദേഹം എല്ലാ യോഗങ്ങൾക്കും സംബന്ധിച്ചുതുടങ്ങി. ഒടുവിൽ, യഹോവയുടെ സഹായത്താൽ പുകവലി ഉപേക്ഷിക്കാൻ അദ്ദേഹത്തിനായി.

ലൂസിയയുടെ വേർപാട്‌ വരുത്തിവെച്ച വേദനയിൽനിന്ന്‌ ഇന്നും ഞാൻ പൂർണമായും മുക്തയായിട്ടില്ല. എങ്കിലും അവൾ തന്നിട്ടുപോയതിനെപ്രതി എനിക്ക്‌ യഹോവയോട്‌ അങ്ങേയറ്റം നന്ദിയുണ്ട്‌. പുനരുത്ഥാന പ്രത്യാശയെക്കുറിച്ചു പറഞ്ഞുകൊണ്ട്‌ ഞങ്ങൾ പരസ്‌പരം ആശ്വസിപ്പിക്കും, ലൂസിയയെ വീണ്ടും കാണുന്നത്‌ ഞങ്ങൾ ഭാവനയിൽ കാണാറുണ്ട്‌. അവളുടെ തിളങ്ങുന്ന കണ്ണുകൾ, പുഞ്ചിരി തൂകുന്ന മുഖം, നുണക്കുഴിക്കവിളുകൾ അങ്ങനെ എല്ലാമെല്ലാം ഞങ്ങളുടെ മനസ്സിൽ തെളിയും.

എന്റെ മോൾക്കു സംഭവിച്ച ദുരന്തം ആ പ്രദേശത്തുള്ള ഒരു സ്‌ത്രീയെയും വളരെയേറെ സ്വാധീനിച്ചു. ഒരു ദിവസം രാവിലെ അവർ ഞങ്ങളുടെ വീട്ടിലേക്കു വന്നു. നല്ല മഴയുള്ള ഒരു ശനിയാഴ്‌ചയായിരുന്നു അത്‌. അവരുടെ മകനും ലൂസിയയും ഒരു സ്‌കൂളിലാണു പഠിച്ചിരുന്നത്‌. ആ സ്‌ത്രീയുടെ മറ്റൊരു മകൻ ഇതേ രോഗം ബാധിച്ച്‌ മരണമടഞ്ഞിരുന്നു, 11-ാം വയസ്സിൽ. ലൂസിയയ്‌ക്കു സംഭവിച്ചതറിഞ്ഞ്‌ ഞങ്ങളുടെ വീട്‌ തേടിപ്പിടിച്ച്‌ എത്തിയതാണവർ, ഞാൻ എങ്ങനെയാണ്‌ ആ സാഹചര്യവുമായി പൊരുത്തപ്പെടുന്നത്‌ എന്നറിയാൻ. ഇങ്ങനെയുള്ള അമ്മമാരെ ആശ്വസിപ്പിക്കുന്നതിനായി ഒരു സംഘടന രൂപീകരിക്കാമെന്ന്‌ അവർ ഒരു നിർദേശവും വെച്ചു.

ഏതൊരു മനുഷ്യനും നൽകാൻ കഴിയുന്നതിനെക്കാൾ ഉത്‌കൃഷ്ടമായ ഒരു ബൈബിൾവാഗ്‌ദാനമാണ്‌ എനിക്ക്‌ കരുത്തേകിയതെന്നു ഞാൻ അവരോടു പറഞ്ഞു. യോഹന്നാൻ 5:28, 29-ലെ യേശുവിന്റെ വാക്കുകൾ വായിച്ചുകേൾപ്പിച്ചപ്പോൾ അവരുടെ കണ്ണുകളിൽ പ്രത്യാശയുടെ തിളക്കം ഞാൻ കണ്ടു. ബൈബിൾ പഠിക്കാൻ തുടങ്ങിയ അവർ “സകലബുദ്ധിയേയും കവിയുന്ന ദൈവസമാധാനം” അനുഭവിച്ചറിഞ്ഞു. (ഫിലി. 4:7) പറുദീസയിൽ ഞങ്ങളുടെ കുരുന്നുകളെ സ്വീകരിക്കുന്ന രംഗം അധ്യയനത്തിനിടെ പലപ്പോഴും ഞങ്ങൾ മനസ്സിൽ കാണാറുണ്ട്‌.

ഏതാനും വർഷങ്ങളേ ജീവിച്ചുള്ളുവെങ്കിലും മഹത്തായ ഒന്ന്‌ ഞങ്ങൾക്കു തന്നിട്ടാണു ലൂസിയ പോയത്‌. അവളുടെ വിശ്വാസം, കുടുംബം ഒത്തൊരുമിച്ച്‌ യഹോവയെ ആരാധിക്കാൻ ഇടയാക്കിയെന്നു മാത്രമല്ല, വിശ്വാസത്തിൽ ഉറച്ചുനിൽക്കാനുള്ള എന്റെ തീരുമാനത്തെ ഒന്നുകൂടെ ബലിഷ്‌ഠമാക്കുകയും ചെയ്‌തു. പ്രിയപ്പെട്ടവരുടെ വേർപാടിൽ മനംനൊന്തു കഴിയുന്ന എല്ലാവർക്കും പ്രതീക്ഷയോടെ കാത്തിരിക്കാൻ കഴിയുന്ന ഒന്നുണ്ട്‌: പുനരുത്ഥാനത്തിൽ അവരെ സ്വാഗതംചെയ്യാൻ പുതിയ ഭൂമിയിൽ ഉണ്ടായിരിക്കുക.

[20-ാം പേജിലെ ചിത്രം]

ലൂസിയ വരച്ച പറുദീസ