വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവാഹജീവിതം സന്തോഷപ്രദമാക്കുക

വിവാഹജീവിതം സന്തോഷപ്രദമാക്കുക

വിവാഹജീവിതം സന്തോഷപ്രദമാക്കുക

“ജ്ഞാനംകൊണ്ടു ഭവനം പണിയുന്നു; വിവേകംകൊണ്ടു അതു സ്ഥിരമായിവരുന്നു.” —സദൃ. 24:3.

1. ആദ്യമനുഷ്യനോടുള്ള ബന്ധത്തിൽ ദൈവത്തിന്റെ ജ്ഞാനം പ്രകടമായത്‌ എങ്ങനെ?

നമുക്കു പ്രയോജനകരമായത്‌ എന്താണെന്ന്‌ ജ്ഞാനിയായ സ്വർഗീയ പിതാവിന്‌ അറിയാം. ഉദാഹരണത്തിന്‌, തന്റെ ഉദ്ദേശ്യനിവൃത്തിയോടുള്ള ബന്ധത്തിൽ, ഏദെൻതോട്ടത്തിൽ “മനുഷ്യൻ ഏകനായിരിക്കുന്നതു നന്നല്ല” എന്നു ദൈവം കണ്ടു. ആ ഉദ്ദേശ്യത്തിന്റെ കാതലായ ഒരു സംഗതി, വിവാഹിതർ മക്കളെ ഉത്‌പാദിപ്പിച്ച്‌ ‘ഭൂമിയെ നിറയ്‌ക്കണം’ എന്നതായിരുന്നു.—ഉല്‌പ. 1:28; 2:18.

2. മാനവരാശിയുടെ പ്രയോജനത്തിനായി യഹോവ എന്തു ക്രമീകരണം ചെയ്‌തു?

2 “ഞാൻ അവന്നു തക്കതായൊരു തുണ ഉണ്ടാക്കിക്കൊടുക്കും,” യഹോവ പറഞ്ഞു. തുടർന്ന്‌ ദൈവം ആദ്യമനുഷ്യനെ ഗാഢനിദ്രയിലാക്കിയിട്ട്‌ പൂർണതയുള്ള അവന്റെ ശരീരത്തിൽനിന്ന്‌ ഒരു വാരിയെല്ല്‌ എടുത്ത്‌ അതിനെ ഒരു സ്‌ത്രീയാക്കി. പൂർണയായ ഈ സ്‌ത്രീയെ, അതായത്‌ ഹവ്വായെ, യഹോവ ആദാമിന്റെ അടുത്തു കൊണ്ടുവന്നപ്പോൾ അവൻ പറഞ്ഞു: “ഇതു ഇപ്പോൾ എന്റെ അസ്ഥിയിൽനിന്നു അസ്ഥിയും എന്റെ മാംസത്തിൽനിന്നു മാംസവും ആകുന്നു. ഇവളെ നരനിൽനിന്നു എടുത്തിരിക്കയാൽ ഇവൾക്കു നാരി എന്നു പേരാകും.” അതേ, ആദാമിനു ചേർന്ന ഒരു തുണതന്നെ. ഇരുവർക്കും തങ്ങളുടേതായ വ്യക്തിത്വസവിശേഷതകൾ ഉണ്ടായിരുന്നെങ്കിലും, പൂർണരും ദൈവത്തിന്റെ സാദൃശ്യത്തിൽ സൃഷ്ടിക്കപ്പെട്ടവരുമായിരുന്നു അവർ. ദൈവം അങ്ങനെ ആദ്യവിവാഹം നടത്തി. പരസ്‌പര സഹായത്തിന്റെ ഉറവായിരിക്കുമായിരുന്ന ആ ക്രമീകരണത്തെ ആദാമും ഹവ്വായും മനസ്സോടെ സ്വീകരിച്ചു.—ഉല്‌പ. 1:27; 2:21-23.

3. വിവാഹം എന്ന ദാനത്തെ അനേകരും വീക്ഷിക്കുന്നതെങ്ങനെ, എന്തു ചോദ്യങ്ങൾ ഉദിക്കുന്നു?

3 ദുഃഖകരമെന്നു പറയട്ടെ, മത്സരിക്കാനുള്ള പ്രവണത ഇന്ന്‌ എവിടെയും പ്രബലമാണ്‌. അതുമൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങൾക്ക്‌ ദൈവമല്ല ഉത്തരവാദി. പഴഞ്ചൻ ഏർപ്പാടെന്നോ നിരാശയുടെയും സംഘർഷങ്ങളുടെയും വിളനിലമെന്നോ ഒക്കെ പറഞ്ഞുകൊണ്ട്‌ അനേകരും വിവാഹം എന്ന ദൈവദാനത്തെ പുച്ഛിച്ചുതള്ളുന്നു. ഇനിയും, വിവാഹിതരാകുന്നവരിൽ അനേകരും വിവാഹമോചനത്തിൽ അഭയംതേടുന്നു. സ്‌നേഹവും പരിലാളനയും എന്തെന്നറിയാതെ വളരുന്ന കുഞ്ഞുങ്ങൾ വൈവാഹികതർക്കങ്ങളിൽ വിലപേശാനുള്ള ഉപാധികളായി മാറിയേക്കാം. കുടുംബത്തിന്റെ സമാധാനവും ഐക്യവും ഓർത്തെങ്കിലും വഴങ്ങിക്കൊടുക്കാൻ മിക്ക മാതാപിതാക്കളും തയ്യാറല്ല. (2 തിമൊ. 3:3) അങ്ങനെയെങ്കിൽ ഈ ദുർഘട നാളുകളിൽ, ദാമ്പത്യത്തിൽ സന്തോഷം നിലനിറുത്താൻ എങ്ങനെ കഴിയും? വഴക്കമുള്ളവരായിരിക്കുന്നത്‌, ദാമ്പത്യത്തിനു തുരങ്കംവെച്ചേക്കാവുന്ന എന്തിനെയും വിജയകരമായി നേരിടാൻ സഹായിക്കുന്നതെങ്ങനെ? ഇന്ന്‌ സന്തുഷ്ടദാമ്പത്യം ആസ്വദിക്കുന്നവരിൽനിന്നു നമുക്ക്‌ എന്തു പഠിക്കാനാകും?

യഹോവയുടെ മാർഗനിർദേശത്തിനു കീഴ്‌പെടുക

4. (എ) വിവാഹം സംബന്ധിച്ച്‌ പൗലൊസ്‌ എന്തു നിർദേശം നൽകി? (ബി) അനുസരണമുള്ള ക്രിസ്‌ത്യാനികൾ പൗലൊസിന്റെ നിർദേശം പിൻപറ്റുന്നത്‌ എങ്ങനെ?

4 വിധവമാർ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ “കർത്താവിൽ വിശ്വസിക്കുന്നവനുമായി മാത്രമേ ആകാവൂ” എന്ന്‌ അപ്പൊസ്‌തലനായ പൗലൊസ്‌ ദിവ്യനിശ്വസ്‌തതയിൽ പറയുകയുണ്ടായി. (1 കൊരി. 7:39) യഹൂദപശ്ചാത്തലമുള്ള ക്രിസ്‌ത്യാനികൾക്ക്‌ ഇതൊരു പുതിയ ആശയമല്ലായിരുന്നു. ചുറ്റുമുള്ള വിജാതീയരുമായി “വിവാഹസംബന്ധം” പാടില്ലെന്ന്‌ ദൈവം ഇസ്രായേല്യരോട്‌ വ്യക്തമായ ഭാഷയിൽ കൽപ്പിച്ചിരുന്നു. ഇതു കാറ്റിൽപ്പറത്തിയാലുള്ള അപകടം എത്ര വലുതായിരിക്കുമെന്നു കാണിക്കാൻ യഹോവ ഒരു വിശദീകരണവും നൽകി: “അന്യദൈവങ്ങളെ സേവിപ്പാൻ തക്കവണ്ണം അവർ [വിജാതീയർ] നിന്റെ പുത്രന്മാരെ എന്നോടു അകറ്റിക്കളയും; യഹോവയുടെ കോപം നിങ്ങൾക്കു വിരോധമായി ജ്വലിച്ചു നിങ്ങളെ വേഗത്തിൽ നശിപ്പിക്കും.” (ആവ. 7:3, 4) ഇതിനോടുള്ള ബന്ധത്തിൽ ഇന്ന്‌ തന്റെ ദാസന്മാർ എന്തു നിലപാടു സ്വീകരിക്കാനാണ്‌ യഹോവ പ്രതീക്ഷിക്കുന്നത്‌? ദൈവത്തിന്റെ ഒരു ആരാധകൻ വിവാഹ ഇണയായി തിരഞ്ഞെടുക്കുന്നത്‌ ‘കർത്താവിൽ വിശ്വസിക്കുന്ന’ ഒരു വ്യക്തിയെ അതായത്‌ സമർപ്പിച്ചു സ്‌നാനമേറ്റ ഒരു വ്യക്തിയെ ആയിരിക്കണം എന്നതു വ്യക്തം. ഇക്കാര്യത്തിൽ ദൈവത്തിന്റെ നിർദേശത്തിനു കീഴ്‌പെട്ടിരിക്കുന്നതാണു ജ്ഞാനപൂർവകമായ ഗതി.

5. വിവാഹപ്രതിജ്ഞയെ യഹോവയും ദമ്പതികളും വീക്ഷിക്കുന്നത്‌ എങ്ങനെ?

5 വിവാഹപ്രതിജ്ഞ ദൈവദൃഷ്ടിയിൽ പവിത്രമാണ്‌. ആദ്യവിവാഹത്തെ പരാമർശിച്ചുകൊണ്ട്‌ ദൈവപുത്രനായ യേശുതന്നെ പറഞ്ഞു: “ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുത്‌.” (മത്താ. 19:6) പ്രതിജ്ഞകളുടെ ഗൗരവം സംബന്ധിച്ച്‌ സങ്കീർത്തനക്കാരൻ നമ്മോടു പറയുന്നു: “ദൈവത്തിന്നു സ്‌തോത്രയാഗം അർപ്പിക്ക; അത്യുന്നതന്നു നിന്റെ നേർച്ചകളെ കഴിക്ക.” (സങ്കീ. 50:14) വിവാഹം വലിയ സന്തോഷത്തിലേക്കുള്ള വാതിൽ തുറന്നുതരുന്നു എന്നതു ശരിതന്നെ. എന്നാൽ വിവാഹദിനത്തിൽ എടുക്കുന്ന പ്രതിജ്ഞ ഗൗരവമേറിയതും ഉത്തരവാദിത്വങ്ങൾ കൈവരുത്തുന്നതുമാണ്‌.

6. യിഫ്‌താഹിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാനാകും?

6 ബി.സി. 12-ാം നൂറ്റാണ്ടിൽ ഇസ്രായേലിന്റെ ന്യായാധിപനായിരുന്ന യിഫ്‌താഹിന്റെ കാര്യമെടുക്കുക. അദ്ദേഹം യഹോവയ്‌ക്ക്‌ ഇങ്ങനെ വാക്കുകൊടുത്തിരുന്നു: “നീ അമ്മോന്യരെ എന്റെ കയ്യിൽ ഏല്‌പിക്കുമെങ്കിൽ ഞാൻ അമ്മോന്യരെ ജയിച്ചു സമാധാനത്തോടെ മടങ്ങിവരുമ്പോൾ എന്റെ വീട്ടുവാതില്‌ക്കൽനിന്നു എന്നെ എതിരേറ്റുവരുന്നതു യഹോവെക്കുള്ളതാകും; അതു ഞാൻ ഹോമയാഗമായി അർപ്പിക്കും.” മിസ്‌പയിലുള്ള വീട്ടിലേക്കു മടങ്ങിവന്നപ്പോൾ എതിരേൽക്കാൻ ഓടിയെത്തിയത്‌ തന്റെ ഏകമകളാണെന്നു കണ്ട്‌ യിഫ്‌താഹ്‌ വാക്കുമാറ്റാൻ ശ്രമിച്ചോ? ഇല്ല. അദ്ദേഹം പറഞ്ഞു: “യഹോവയോടു ഞാൻ പറഞ്ഞുപോയി; എനിക്കു പിന്മാറിക്കൂടാ.” (ന്യായാ. 11:30, 31, 35) തന്റെ കുടുംബം നിലനിറുത്താൻ ഒരു അവകാശി ഇല്ലാതാകുമായിരുന്നെങ്കിലും യിഫ്‌താഹ്‌ വാക്കുപാലിച്ചു. യിഫ്‌താഹിന്റേത്‌ ഒരു വിവാഹപ്രതിജ്ഞ അല്ലായിരുന്നെങ്കിലും, അതിൽനിന്നു ക്രിസ്‌തീയ ഭാര്യാഭർത്താക്കന്മാർക്കു നല്ലൊരു പാഠം ഉൾക്കൊള്ളാൻ കഴിയും.

ദാമ്പത്യവിജയത്തിന്റെ രഹസ്യം

7. നവദമ്പതികൾ എന്തു പൊരുത്തപ്പെടുത്തലുകൾ വരുത്തണം?

7 വിവാഹത്തിനു മുമ്പുള്ള ദിനങ്ങളെക്കുറിച്ച്‌ മധുരതരമായ ഓർമകൾ മനസ്സിൽ താലോലിക്കുന്നവരാണു പല ദമ്പതികളും. തങ്ങളുടെ പ്രതിശ്രുത ഇണയെ അടുത്തറിയാനായി ഒരുമിച്ചു സമയം ചെലവഴിച്ച ആ കാലം എത്ര മനോഹരമായിരുന്നു! ഒരുമിച്ചായിരുന്ന ഓരോ നിമിഷവും അവർ കൂടുതൽ അടുക്കുകയായിരുന്നു. മാതാപിതാക്കൾ ആലോചിച്ചു നടത്തിയ വിവാഹമാണെങ്കിലും അല്ലെങ്കിലും അവർ ദമ്പതികളായിത്തീർന്നപ്പോൾ പൊരുത്തപ്പെടുത്തലുകൾ അനിവാര്യമായിത്തീർന്നു. ഒരു ഭർത്താവ്‌ പറയുന്നു: “ഇനിയിപ്പോൾ തനിച്ചല്ല, ഞങ്ങൾ രണ്ടുപേരുണ്ട്‌. ആ വസ്‌തുതയുമായി പൊരുത്തപ്പെടുന്നത്‌ തുടക്കത്തിൽ ഒരു പ്രശ്‌നമായിരുന്നു. കുടുംബബന്ധങ്ങളും പഴയ സൗഹൃദങ്ങളും അതാതിന്റെ സ്ഥാനത്തു നിറുത്താൻ കുറച്ചുകാലത്തേക്ക്‌ ഞങ്ങൾക്കു ബുദ്ധിമുട്ടു തോന്നി.” ദാമ്പത്യത്തിലേക്കു കാലെടുത്തുവെച്ചിട്ട്‌ 30 വർഷം പിന്നിട്ട മറ്റൊരു ഭർത്താവിന്റെ വാക്കുകൾ: ‘പ്രശ്‌നങ്ങൾ കൂടാതെ മുന്നോട്ടു പോകുന്നതിന്‌, “ഞാൻ” എന്നതിനു പകരം “ഞങ്ങൾ” എന്ന്‌ കൂടെക്കൂടെ സ്വയം ഓർമിപ്പിക്കേണ്ടിവന്നു എനിക്ക്‌.’ ഒരു ക്ഷണം സ്വീകരിക്കുകയോ ഒരു പ്രതിബദ്ധത ഏറ്റെടുക്കുകയോ ചെയ്യുന്നതിനു മുമ്പ്‌ അദ്ദേഹം ഭാര്യയുമായി ആലോചിച്ച്‌ പരസ്‌പര ധാരണയിലെത്തുന്നു. അത്തരം സാഹചര്യങ്ങളിൽ വഴക്കമുള്ളവരായിരിക്കുന്നതു സഹായകമാണ്‌.—സദൃ. 13:10.

8, 9. (എ) ആശയവിനിമയം പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌? (ബി) വഴക്കമുള്ളവരായിരിക്കുന്നത്‌ ഏതെല്ലാം മേഖലകളിൽ പ്രയോജനം ചെയ്യും, എന്തുകൊണ്ട്‌?

8 ചിലപ്പോഴെങ്കിലും വിവാഹം രണ്ടു സംസ്‌കാരങ്ങളുടെ ഒത്തുചേരലാണ്‌. അത്തരം ദാമ്പത്യത്തിൽ ആശയവിനിമയത്തിന്റെ പ്രാധാന്യം എത്ര പറഞ്ഞാലും അധികമാവില്ല. ആശയവിനിമയ രീതിക്കു വ്യത്യാസമുണ്ടായെന്നിരിക്കാം. ബന്ധുക്കളോടുള്ള ഇണയുടെ സംസാരരീതി ശ്രദ്ധിച്ചാൽ ആ വ്യക്തിയെ മെച്ചമായി മനസ്സിലാക്കാനാകും. മിക്കപ്പോഴും, എന്തു പറയുന്നു എന്നതിനെക്കാൾ അത്‌ എങ്ങനെ പറയുന്നു എന്നതാണ്‌ ഒരു വ്യക്തിയുടെ ഉള്ളിലിരുപ്പ്‌ വെളിവാക്കുന്നത്‌. പറയാതെപോയ കാര്യങ്ങളിൽനിന്നുപോലും ആ വ്യക്തിയെക്കുറിച്ചു പഠിക്കാനായേക്കും. (സദൃ. 16:24; കൊലൊ. 4:6) ഈ വിധത്തിൽ വിവേകം കാണിക്കുന്നത്‌ സന്തോഷത്തിന്‌ അനിവാര്യമാണ്‌.സദൃശവാക്യങ്ങൾ 24:3 വായിക്കുക.

9 ഹോബികളുടെയും വിനോദത്തിന്റെയും കാര്യം വരുമ്പോൾ വഴക്കമുള്ളവരായിരിക്കുന്നത്‌ ഏറെ പ്രധാനമാണെന്ന്‌ പലരും മനസ്സിലാക്കിയിരിക്കുന്നു. വിവാഹത്തിനു മുമ്പ്‌ നിങ്ങൾ സ്‌പോർട്‌സിനോ മറ്റു വിനോദങ്ങൾക്കോവേണ്ടി സമയം ചെലവഴിച്ചിരുന്നിരിക്കാം. ഇപ്പോൾ ചില പൊരുത്തപ്പെടുത്തലുകൾ വരുത്തേണ്ടതുണ്ടോ? (1 തിമൊ. 4:8) ബന്ധുക്കളോടൊപ്പം ചെലവഴിക്കുന്ന സമയത്തിന്റെ കാര്യത്തിലും മേൽപ്പറഞ്ഞ ചോദ്യം പ്രസക്തമാണ്‌. ഒരുമിച്ച്‌ ആത്മീയ കാര്യങ്ങളിലും മറ്റുപ്രവർത്തനങ്ങളിലും ഏർപ്പെടുന്നതിന്‌ ദമ്പതികൾക്കു സമയം വേണമെന്നത്‌ എടുത്തുപറയേണ്ടതില്ലല്ലോ.—മത്താ. 6:33.

10. വഴക്കമുള്ളവരായിരിക്കുന്നത്‌ വിവാഹിതരായ മക്കളും മാതാപിതാക്കളും തമ്മിൽ നല്ലൊരു ബന്ധമുണ്ടായിരിക്കാൻ സഹായിക്കുന്നതെങ്ങനെ?

10 വിവാഹത്തോടെ ഒരു പുരുഷൻ അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞു ഭാര്യയോടു പറ്റിച്ചേരുന്നു, സ്‌ത്രീയുടെ കാര്യത്തിലും അതുതന്നെ സത്യമാണ്‌. (ഉല്‌പത്തി 2:24 വായിക്കുക.) അപ്പോഴും, മാതാപിതാക്കളെ ബഹുമാനിക്കണമെന്ന ദിവ്യകൽപ്പനയ്‌ക്കു മാറ്റമൊന്നുമില്ല. അതുകൊണ്ടുതന്നെ വിവാഹത്തിനുശേഷവും മാതാപിതാക്കൾക്കും ഇണയുടെ ബന്ധുക്കൾക്കുമായി ദമ്പതികൾ ഒരൽപ്പസമയം മാറ്റിവെച്ചേക്കാം. ദാമ്പത്യത്തിലേക്കു പ്രവേശിച്ചിട്ട്‌ 25 വർഷമായ ഒരു ഭർത്താവ്‌ പറയുന്നു: “ഇണയുടെ ഇഷ്ടങ്ങൾ, സ്വന്തം മാതാപിതാക്കളുടെ താത്‌പര്യങ്ങൾ, ഇണയുടെ കുടുംബാംഗങ്ങളുടെ ആഗ്രഹങ്ങൾ എന്നിവയെല്ലാം സമനിലയിൽ കൊണ്ടുപോകുക എന്നത്‌ പലപ്പോഴും ഒരു വെല്ലുവിളിയാണ്‌. അത്തരം സാഹചര്യങ്ങളിൽ എന്തു തീരുമാനമെടുക്കണമെന്നു നിർണയിക്കുന്നതിൽ ഉല്‌പത്തി 2:24 സഹായകമാണെന്നു ഞാൻ മനസ്സിലാക്കി. കുടുംബാംഗങ്ങളോടു കടപ്പാടും ഉത്തരവാദിത്വങ്ങളുമൊക്കെ ഉണ്ടെങ്കിലും ഇണയാണ്‌ ഒന്നാം സ്ഥാനത്തു വരുന്നതെന്ന്‌ എന്നെ പഠിപ്പിച്ചത്‌ ഈ തിരുവെഴുത്താണ്‌.” അതുകൊണ്ട്‌, വിവാഹത്തിനുശേഷം തങ്ങളുടെ മക്കൾ മറ്റൊരു കുടുംബമാണെന്നും ആ കുടുംബത്തിന്റെ ചുമതല ഭർത്താവിനാണെന്നും വഴക്കമുള്ള ക്രിസ്‌തീയ മാതാപിതാക്കൾ അംഗീകരിക്കും.

11, 12. ദമ്പതികളെ സംബന്ധിച്ചിടത്തോളം കുടുംബാധ്യയനവും പ്രാർഥനയും പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

11 ക്രമമായ കുടുംബാധ്യയനമാണ്‌ അനിവാര്യമായിരിക്കുന്ന ഒരു സംഗതി. അതിനെ ശരിവെക്കുന്നതാണ്‌ പല ക്രിസ്‌തീയ കുടുംബങ്ങളുടെയും അനുഭവം. അധ്യയനം തുടങ്ങി അതു തുടർന്നുകൊണ്ടുപോകുന്നത്‌ അത്ര എളുപ്പമല്ലായിരിക്കാം. ഒരു കുടുംബനാഥൻ തുറന്നുപറയുന്നു: “ഭൂതകാലത്തിലേക്കു തിരിച്ചുപോകാൻ കഴിഞ്ഞാൽ, ഞാൻ ചെയ്യുന്ന ഒന്നുണ്ട്‌: ദാമ്പത്യത്തിന്റെ തുടക്കംമുതൽതന്നെ ക്രമമായൊരു അധ്യയനം ഉണ്ടെന്ന്‌ ഉറപ്പുവരുത്തുക.” അദ്ദേഹം തുടരുന്നു: “ഒരുമിച്ചിരുന്നു പഠിക്കുന്നതിലൂടെ ലഭിക്കുന്ന രസകരമായ ചില ആത്മീയ സത്യങ്ങൾ എന്റെ ഭാര്യയിൽ ഉളവാക്കുന്ന സന്തോഷം കാണാനാകുന്നത്‌ എന്തൊരു അനുഭൂതിയാണെന്നോ!”

12 ഒരുമിച്ചുള്ള പ്രാർഥനയാണ്‌ പ്രധാനപ്പെട്ട മറ്റൊരു ഘടകം. (റോമ. 12:13) ഭാര്യയും ഭർത്താവും ഐക്യത്തോടെ യഹോവയെ ആരാധിക്കുമ്പോൾ ദൈവവുമായുള്ള ബന്ധം, അവരുടെ വിവാഹബന്ധത്തെ കരുത്തുറ്റതാക്കും. (യാക്കോ. 4:8) ഒരു ക്രിസ്‌തീയ ഭർത്താവിന്റെ വാക്കുകൾ ശ്രദ്ധിക്കുക: “തെറ്റുപറ്റിയാലുടൻ ക്ഷമചോദിക്കുകയും ഒരുമിച്ചുള്ള പ്രാർഥനയിൽ അത്‌ ഉൾപ്പെടുത്തുകയും ചെയ്യുന്നത്‌ ആത്മാർഥമായ പശ്ചാത്താപം ഉണ്ടെന്നുള്ളതിന്റെ തെളിവാണ്‌, കൊച്ചുകൊച്ചു തെറ്റുകളുടെ കാര്യത്തിൽപ്പോലും.—എഫെ. 6:18.

ദാമ്പത്യബന്ധത്തിൽ വഴക്കമുള്ളവരായിരിക്കുക

13. ദമ്പതികൾക്കിടയിലെ ശാരീരിക ബന്ധം സംബന്ധിച്ച്‌ പൗലൊസ്‌ എന്തു ബുദ്ധിയുപദേശം നൽകി?

13 ലൈംഗിക ഭ്രാന്തുപിടിച്ച ഈ ലോകത്തിൽ സർവസാധാരണമായിരിക്കുന്നതും വിവാഹബന്ധത്തിന്റെ അന്തസ്സ്‌ കളഞ്ഞുകുളിക്കുന്നതുമായ നടപടികൾ ക്രിസ്‌തീയ ദമ്പതികൾ ഒഴിവാക്കേണ്ടതുണ്ട്‌. ഇതു സംബന്ധിച്ച്‌ പൗലൊസ്‌ ഈ ബുദ്ധിയുപദേശം നൽകി: “ഭർത്താവു ഭാര്യക്കും ഭാര്യ ഭർത്താവിന്നും കടംപെട്ടിരിക്കുന്നതു ചെയ്യട്ടെ. ഭാര്യയുടെ ശരീരത്തിന്മേൽ അവൾക്കല്ല ഭർത്താവിന്നത്രേ അധികാരമുള്ളതു; അങ്ങനെ ഭർത്താവിന്റെ ശരീരത്തിന്മേൽ അവന്നല്ല ഭാര്യക്കത്രേ അധികാരം.” തുടർന്ന്‌ വ്യക്തമായി ഇങ്ങനെ നിർദേശിക്കുന്നു: “ഒരു സമയത്തേക്കു പരസ്‌പരസമ്മതത്തോടെ അല്ലാതെ തമ്മിൽ വേറുപെട്ടിരിക്കരുത്‌.” കാരണം? ‘പ്രാർത്ഥനെക്കു അവസരമുണ്ടാകേണ്ടതിനും . . . നിങ്ങളുടെ അജിതേന്ദ്രിയത്വം നിമിത്തം സാത്താൻ നിങ്ങളെ പരീക്ഷിക്കാതിരിക്കേണ്ടതിനുംതന്നെ.’ (1 കൊരി. 7:3-5) പ്രാർഥനയെക്കുറിച്ചുള്ള പൗലൊസിന്റെ പരാമർശം, ക്രിസ്‌ത്യാനികളുടെ ജീവിതത്തിൽ ഒന്നാം സ്ഥാനം ഏതിനാണ്‌ എന്നതിലേക്കു വിരൽചൂണ്ടി. അതേസമയം, ദമ്പതികൾ തങ്ങളുടെ ഇണയുടെ വൈകാരികവും ശാരീരികവുമായ ആവശ്യങ്ങൾ സംബന്ധിച്ചു ചിന്തയുള്ളവരായിരിക്കണം എന്നും അവൻ വ്യക്തമാക്കി.

14. ശാരീരിക ബന്ധത്തിന്റെ കാര്യത്തിൽ തിരുവെഴുത്തു തത്ത്വങ്ങൾ ബാധകമാക്കാനാകുന്നത്‌ എങ്ങനെ?

14 ഭാര്യാഭർത്താക്കന്മാർ തുറന്ന്‌ ഇടപഴകണം. തിരിച്ചറിയേണ്ട മറ്റൊരു വസ്‌തുതയാണ്‌, ശാരീരിക ബന്ധത്തിന്റെ കാര്യത്തിലുള്ള പരിഗണനയില്ലായ്‌മ പ്രശ്‌നങ്ങളിൽ കലാശിക്കുമെന്നത്‌. (ഫിലിപ്പിയർ 2:3, 4 വായിക്കുക; മത്തായി 7:12 താരതമ്യം ചെയ്യുക.) ദമ്പതികൾ വ്യത്യസ്‌ത മതവിശ്വാസങ്ങൾ വെച്ചുപുലർത്തുന്ന ചില കുടുംബങ്ങളിൽ അങ്ങനെ സംഭവിച്ചിട്ടുണ്ട്‌. എന്നാൽ വിയോജിപ്പുകൾ ഉള്ളപ്പോൾപ്പോലും ക്രിസ്‌ത്യാനിയായ ഇണയുടെ ഭാഗത്തെ നല്ല പെരുമാറ്റവും ദയയും സഹകരണവും സാഹചര്യം മെച്ചപ്പെടുത്തിയേക്കാം. (1 പത്രൊസ്‌ 3:1, 2 വായിക്കുക.) യഹോവയോടും ഇണയോടുമുള്ള സ്‌നേഹവും ഒപ്പം വഴങ്ങിക്കൊടുക്കാനുള്ള മനോഭാവവുംകൂടെയാകുമ്പോൾ വിവാഹജീവിതത്തിന്റെ ഈ വശം മെച്ചപ്പെടും.

15. സന്തുഷ്ട ദാമ്പത്യത്തിൽ ആദരവും ബഹുമാനവും കാണിക്കുന്നത്‌ എത്ര പ്രധാനമാണ്‌?

15 ദയയുള്ള ഒരു ഭർത്താവ്‌ മറ്റു വശങ്ങളിലും ഭാര്യയോട്‌ ആദരവോടെ ഇടപെടും. ഉദാഹരണത്തിന്‌, ചെറിയ കാര്യങ്ങളിൽപ്പോലും അദ്ദേഹം അവളുടെ വികാരങ്ങൾ കണക്കിലെടുക്കും. “ഇക്കാര്യത്തിൽ എനിക്ക്‌ ഇനിയും ഒരുപാട്‌ പഠിക്കാനുണ്ട്‌,” ദാമ്പത്യത്തിൽ 47 വർഷം പിന്നിട്ട ഒരാൾ പറയുന്നു. ക്രിസ്‌തീയ ഭാര്യമാരെ സംബന്ധിച്ചോ? ഭർത്താവിനെ ബഹുമാനിക്കാനാണ്‌ ബൈബിൾ അവരെ ഉദ്‌ബോധിപ്പിക്കുന്നത്‌. (എഫെ. 5:32) മറ്റുള്ളവരുടെ മുമ്പിൽ ഭർത്താവിന്റെ തെറ്റുകൾ കൊട്ടിഘോഷിച്ചുകൊണ്ട്‌ അദ്ദേഹത്തെക്കുറിച്ചു മോശമായി സംസാരിക്കുന്ന ഒരു ഭാര്യ ഭർത്താവിനെ ബഹുമാനിക്കുകയാണെന്നു പറയാനാവില്ല. “സ്‌ത്രീകളിൽ ജ്ഞാനമുള്ളവൾ തന്റെ വീടു പണിയുന്നു; ഭോഷത്വമുള്ളവളോ അതു സ്വന്തകൈകളാൽ പൊളിച്ചുകളയുന്നു” എന്ന്‌ സദൃശവാക്യങ്ങൾ 14:1 പ്രസ്‌താവിക്കുന്നു.

പിശാചിനു കീഴടങ്ങരുത്‌

16. ദമ്പതികൾക്ക്‌ എഫെസ്യർ 4:26, 27 എങ്ങനെ പ്രാവർത്തികമാക്കാം?

16 “കോപിച്ചാൽ പാപം ചെയ്യാതിരിപ്പിൻ. സൂര്യൻ അസ്‌തമിക്കുവോളം നിങ്ങൾ കോപം വെച്ചുകൊണ്ടിരിക്കരുതു. പിശാചിന്നു ഇടം കൊടുക്കരുത്‌.” (എഫെ. 4:26, 27) ഈ വാക്കുകൾ അനുസരിക്കുന്നപക്ഷം, ദാമ്പത്യത്തിലെ അസ്വാരസ്യങ്ങൾ പരിഹരിക്കാനോ ഒഴിവാക്കാനോ സാധിക്കും. “ഒരു പ്രശ്‌നമുണ്ടായിട്ട്‌ അതു പറഞ്ഞുതീർക്കാതിരുന്ന ഒരു സന്ദർഭംപോലും എന്റെ ഓർമയിലില്ല. ചില പ്രശ്‌നങ്ങൾ പരിഹരിക്കാനായി ഞങ്ങൾ മണിക്കൂറുകൾ ചെലവഴിച്ചിട്ടുണ്ട്‌,” ഒരു സഹോദരി പറയുന്നു. വിവാഹജീവിതത്തിലേക്കു കാലെടുത്തുവെച്ചപ്പോൾത്തന്നെ അവർ ഒരു കാര്യം തീരുമാനിച്ചുറച്ചിരുന്നു: ഒരു പ്രശ്‌നമുണ്ടായാൽ അത്‌ അന്നുതന്നെ പരിഹരിക്കുമെന്ന്‌. “പ്രശ്‌നം എന്തുതന്നെയായാലും മറക്കാനും പൊറുക്കാനും ഓരോ ദിവസത്തിനും പുതിയ തുടക്കംകുറിക്കാനും ഞങ്ങൾ നിശ്ചയിച്ചിരുന്നു,” സഹോദരി തുടരുന്നു. അങ്ങനെ ‘പിശാചിന്‌ ഇടംകൊടുക്കാതിരിക്കാൻ’ അവർ ശ്രദ്ധിച്ചു.

17. തമ്മിൽ പൊരുത്തമില്ലെന്നു ദമ്പതികൾക്കു തോന്നുന്നപക്ഷം എന്തു സഹായകമായേക്കാം?

17 എന്നാൽ മുന്നുംപിന്നും നോക്കാതെ വിവാഹത്തിലേക്കു പ്രവേശിച്ച ഒരു വ്യക്തിയാണു നിങ്ങളെങ്കിലോ? നിങ്ങളുടെ ജീവിതം മറ്റുള്ളവരുടേതുപോലെ പ്രണയാർദ്രമല്ലെന്ന യാഥാർഥ്യം നിങ്ങൾ തിരിച്ചറിഞ്ഞുതുടങ്ങുന്നു. അപ്പോഴും വിവാഹത്തെ സംബന്ധിച്ച സ്രഷ്ടാവിന്റെ വീക്ഷണം മനസ്സിൽപ്പിടിക്കുന്നതു സഹായകമായിരിക്കും. “വിവാഹം എല്ലാവർക്കും മാന്യവും കിടക്ക നിർമ്മലവും ആയിരിക്കട്ടെ; എന്നാൽ ദുർന്നടപ്പുകാരെയും വ്യഭിചാരികളെയും ദൈവം വിധിക്കും” എന്ന്‌ നിശ്വസ്‌തതയിൽ പൗലൊസ്‌ ക്രിസ്‌ത്യാനികളെ ഉദ്‌ബോധിപ്പിക്കുകയുണ്ടായി. (എബ്രാ. 13:4) “മുപ്പിരിച്ചരടു വേഗത്തിൽ അറ്റുപോകയില്ല” എന്ന വാക്കുകളും മറന്നുപോകരുത്‌. (സഭാ. 4:12) ഭാര്യാഭർത്താക്കന്മാർ യഹോവയുടെ നാമവിശുദ്ധീകരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ അവർ പരസ്‌പരവും ദൈവവുമായും അടുക്കും. ദാമ്പത്യം ഒരു വിജയമാക്കുന്നതിന്‌ രണ്ടുപേരും നല്ല ശ്രമംചെയ്യണം. ദാമ്പത്യത്തിന്റെ കാരണഭൂതനായ യഹോവയ്‌ക്ക്‌ അതു മഹത്ത്വം കരേറ്റും.—1 പത്രൊ. 3:11.

18. വിവാഹജീവിതത്തോടുള്ള ബന്ധത്തിൽ നിങ്ങൾക്ക്‌ എന്ത്‌ ഉറപ്പുണ്ടായിരിക്കാനാകും?

18 ക്രിസ്‌ത്യാനികൾക്ക്‌ ദാമ്പത്യത്തിൽ തീർച്ചയായും സന്തോഷം കണ്ടെത്താനാകും. അതിനു നല്ല ശ്രമംവേണം, ക്രിസ്‌തീയ ഗുണങ്ങളും. അതിലൊന്നാണ്‌ വഴക്കമുള്ളവരായിരിക്കുക എന്നത്‌. ഇന്ന്‌ ഗോളമെമ്പാടുമുള്ള യഹോവയുടെ സാക്ഷികളുടെ സഭകളിൽ, ഇതു സാധ്യമാണെന്ന്‌ ജീവിതംകൊണ്ട്‌ തെളിയിച്ചിട്ടുള്ള അനേകം ദമ്പതികളുണ്ട്‌.

നിങ്ങളുടെ ഉത്തരമെന്ത്‌?

• സന്തുഷ്ടദാമ്പത്യം സാധ്യമാണെന്നു പറയുന്നത്‌ എന്തുകൊണ്ട്‌?

• സന്തുഷ്ടദാമ്പത്യത്തിന്റെ രഹസ്യമെന്ത്‌?

• ദമ്പതികൾ ഏതു ഗുണങ്ങൾ വളർത്തിയെടുക്കണം?

[അധ്യയന ചോദ്യങ്ങൾ]

[9-ാം പേജിലെ ചിത്രം]

ഒരു ക്ഷണം സ്വീകരിക്കുകയോ മറ്റോ ചെയ്യുന്നതിനു മുമ്പായി ഇണയുടെ അഭിപ്രായം ആരായുന്നതു നല്ലതാണ്‌

[10-ാം പേജിലെ ചിത്രം]

‘പിശാചിന്‌ ഇടംകൊടുക്കാതെ,’ അഭിപ്രായവ്യത്യാസങ്ങൾ അന്നന്നു പരിഹരിക്കുക