സുവാർത്തയുമായി ആൻഡീസിന്റെ ഉയരങ്ങളിൽ
സുവാർത്തയുമായി ആൻഡീസിന്റെ ഉയരങ്ങളിൽ
ഞങ്ങൾ 18 പേരുണ്ടായിരുന്നു അവിടെ. തണുത്തു വിറച്ചങ്ങനെ കിടക്കവേ തിമിർത്തുപെയ്യുന്ന മഴ തകരംകൊണ്ടുള്ള മേൽക്കൂരയിൽ പതിക്കുന്ന ശബ്ദം കാതുകളിൽ വന്നടിക്കുന്നുണ്ടായിരുന്നു. ‘ഇവിടെ അന്തിയുറങ്ങുന്ന ആദ്യത്തെ മനുഷ്യജീവികൾ ഞങ്ങളായിരിക്കുമോ?’ കുടിലിന്റെ ദയനീയസ്ഥിതി കണ്ടപ്പോൾ അങ്ങനെ ചിന്തിച്ചുപോയി.
അതിരിക്കട്ടെ, ഞങ്ങൾ ഇവിടെ എത്തിപ്പെട്ടത് എങ്ങനെയെന്നു പറഞ്ഞില്ലല്ലോ. “ഭൂമിയുടെ അറ്റത്തോളവും” സുവാർത്ത അറിയിക്കണമെന്ന യേശുവിന്റെ കൽപ്പന അനുസരിക്കാനുള്ള ആഗ്രഹം; ചുരുക്കിപ്പറഞ്ഞാൽ, അതാണ് ഞങ്ങളെ ഇവിടെയെത്തിച്ചത്. (പ്രവൃ. 1:8; മത്താ. 24:14) ബൊളീവിയൻ ആൻഡീസ് പർവതനിരകളിലെ ഒറ്റപ്പെട്ട പ്രദേശത്ത് സാക്ഷീകരിക്കുന്നതിനായി പോകുകയായിരുന്നു ഞങ്ങൾ.
അവിടെ എത്തിപ്പെടുന്നു
അവിടെ എത്തിപ്പെടുക അത്ര എളുപ്പമല്ലായിരുന്നു. അവിടേക്കു പോകുന്ന വാഹനങ്ങൾക്ക് സമയനിഷ്‌ഠയൊന്നുമില്ലായിരുന്നു. അവസാനം ബസ് വന്നു—ഒരു കുട്ടിബസ്. അതുകൊണ്ട് ചിലർക്കു സീറ്റുകിട്ടിയില്ല. എന്തായാലും, ഒടുവിൽ ഞങ്ങൾ സ്ഥലത്തെത്തി.
ആൻഡീസ് പർവതനിരയുടെ നെറുകയിൽ സ്ഥിതിചെയ്യുന്ന ഗ്രാമങ്ങളായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ബസ്സിറങ്ങിയ ഞങ്ങൾ ലഗേജുമായി കുത്തനെയുള്ള മലമ്പാതകളിലൂടെ മുന്നോട്ടുപോയി.
ഗ്രാമങ്ങൾ കാഴ്‌ചയ്‌ക്കു ചെറുതായിരുന്നെങ്കിലും വീടുകൾ തമ്മിൽ ഒരുപാട്
അകലമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഓരോ ഗ്രാമവും പ്രവർത്തിച്ചുതീർക്കാൻ മണിക്കൂറുകൾ വേണ്ടിവന്നു. ഒരുപാടു ദൂരം നടന്ന് വീടുകളൊക്കെ തീർന്നെന്നു കരുതിയിരിക്കുമ്പോഴായിരിക്കും അങ്ങകലെ മറ്റൊരു വീടു കാണുന്നത്. കൃഷിയിടങ്ങളിലെ തലങ്ങും വിലങ്ങും കിടക്കുന്ന നടപ്പാതകളിൽ പലപ്പോഴും ഞങ്ങൾക്കു വഴിതെറ്റി.“നിങ്ങളെന്താ ഇതുവരെ വരാതിരുന്നത്?”
അത്ര ദൂരം നടന്ന് അവിടെയെത്താൻ ഞങ്ങൾ കാണിച്ച മനസ്സ് ഒരു സ്‌ത്രീയെ വല്ലാതെ സ്‌പർശിച്ചു. അതുകൊണ്ട് ഉച്ചഭക്ഷണം അവരുടെ വീട്ടിൽ പാകംചെയ്യാൻ അവർ ഞങ്ങളെ അനുവദിച്ചു, ആവശ്യത്തിനു വിറകും തന്നു. മരിച്ചവരുടെ അവസ്ഥ സംബന്ധിച്ച ബൈബിൾസത്യം മനസ്സിലാക്കിയ ഒരു മനുഷ്യൻ “നിങ്ങളെന്താ ഇതുവരെ വരാതിരുന്നത്?” എന്നു ഞങ്ങളോടു ചോദിച്ചു. ഞങ്ങൾ ഗ്രാമംവിട്ടപ്പോൾ ചില ചോദ്യങ്ങൾ ചോദിച്ചുകൊണ്ട് അദ്ദേഹവും കൂടെക്കൂടി. അത്ര താത്‌പര്യമായിരുന്നു അദ്ദേഹത്തിന്. സാക്ഷികളെക്കുറിച്ച് കേട്ടിട്ടുപോലുമില്ലായിരുന്ന ഒരാൾക്ക് നമ്മുടെ പ്രസിദ്ധീകരണങ്ങൾ ഏറെ ഇഷ്ടപ്പെട്ടു. നന്ദി പറഞ്ഞശേഷം അദ്ദേഹം ഞങ്ങൾക്ക് രാത്രിതങ്ങാനായി ഒരു ഷെഡ്ഡിന്റെ താക്കോലും തന്നു.
ഒരിക്കൽ, അറിയാതെ ഉറുമ്പിൻകൂട്ടിലാണ് ഞങ്ങൾ കൂടാരമടിച്ചത്. ഇരുട്ടത്തു പറ്റിയതാണ്. പിന്നത്തെക്കാര്യം ഊഹിക്കാവുന്നതല്ലേയുള്ളൂ. കൂടാരം മാറ്റിയടിക്കാൻ പറ്റിയ അവസ്ഥയിലല്ലായിരുന്നു ഞങ്ങൾ; അത്രയ്‌ക്കു ക്ഷീണമായിരുന്നു. എന്തായാലും ദൈവാധീനമെന്നു പറയട്ടെ, കുറച്ചുകഴിഞ്ഞപ്പോൾ ഉറുമ്പുകളുടെ കലിയൊന്നടങ്ങി.
നിലത്തു കിടന്നതുകൊണ്ട് തുടക്കത്തിൽ നടുവിനും മറ്റും വേദന തോന്നിയെങ്കിലും പിന്നെപ്പിന്നെ അതുമായി പൊരുത്തപ്പെട്ടു. എന്നാൽ പ്രഭാതം ഞങ്ങൾക്ക് മറ്റൊരു അനുഭവമായിരുന്നു. മനുഷ്യസ്‌പർശമേൽക്കാത്ത സുന്ദരമായ
താഴ്‌വാരങ്ങളും അതിന്റെ വശങ്ങളിലൂടെ പഞ്ഞിക്കെട്ടു കണക്കെ തെന്നിനീങ്ങുന്ന മേഘങ്ങളും അങ്ങകലെ മഞ്ഞിൻതൊപ്പിയണിഞ്ഞു നിൽക്കുന്ന മാമലകളും കണ്ടപ്പോൾ ഞങ്ങളുടെ വേദനയും നൊമ്പരവുമെല്ലാം പമ്പകടന്നു. അരുവിയുടെ പൊട്ടിച്ചിരിയും പക്ഷികളുടെ കളകളാരവവും മാത്രമാണ് ആ പ്രശാന്തതയ്‌ക്കു ഭംഗംവരുത്തിയത്.പുഴയിലൊന്നു മുങ്ങി, ഒന്നിച്ചിരുന്ന് ഒരു തിരുവെഴുത്ത് പരിചിന്തിച്ച്, പ്രാതലും കഴിച്ച് ഞങ്ങൾ മറ്റൊരു വിദൂരഗ്രാമത്തിലേക്ക് പതിയെ യാത്രയായി. എന്തായാലും കുന്നുകയറി ഇത്രടംവരെ എത്തിയതു വെറുതെയായില്ല. ഞങ്ങൾ കണ്ട പ്രായമുള്ള ഒരു സ്‌ത്രീ, യഹോവ എന്ന ദൈവനാമം ബൈബിളിൽ കണ്ടപ്പോൾ വികാരാധീനയായി കരഞ്ഞുപോയി. ഇപ്പോൾ ദൈവത്തിന്റെ പേരുവിളിച്ചു പ്രാർഥിക്കാൻ അവർക്കു കഴിയുന്നുണ്ട്.
തന്റെ പ്രാർഥന ദൈവം കേട്ടെന്നു പറഞ്ഞ ഒരു വൃദ്ധൻ ഒരു ഗാനം ആലപിച്ചു. ഞങ്ങളെ മാലാഖമാർ അയച്ചതാണെന്നായിരുന്നു അതിന്റെ സാരം. രോഗം ബാധിച്ച് വീട്ടിൽനിന്നു പുറത്തിറങ്ങാൻപോലും പറ്റാതെ കഴിയുന്ന ഒരാൾക്ക്, അങ്ങകലെ ലാപാസിൽനിന്നു വന്നതാണ് ഞങ്ങൾ എന്നറിഞ്ഞപ്പോൾ വലിയ ആശ്ചര്യമായി. ആ ഗ്രാമത്തിലെ ആരുംതന്നെ അദ്ദേഹത്തെ ചെന്നുകാണാൻ മനസ്സുകാണിച്ചിട്ടില്ലത്രേ. മറ്റു മതങ്ങൾ പള്ളിമണിയടിച്ച് നാട്ടുകാരെ കൂട്ടുമ്പോൾ യഹോവയുടെ സാക്ഷികൾ വീട്ടിൽച്ചെന്ന് ആളുകളെ കാണുന്നു എന്നത് മറ്റൊരു വ്യക്തിയിൽ മതിപ്പുളവാക്കി.
ഒറ്റവീട്ടിലും വൈദ്യുതിയില്ല. അതുകൊണ്ട് ഇരുട്ടുമ്പോൾ ഉറങ്ങുക; പുലരുമ്പോൾ ഉണരുക, അതായിരുന്നു പതിവ്. ആളുകളെ വീട്ടിൽ കാണണമെങ്കിൽ രാവിലെ ആറുമണിക്കു പോകാതെ നിവൃത്തിയില്ലായിരുന്നു. കാരണം, അൽപ്പംകൂടെ കഴിഞ്ഞാൽ മിക്കവരും കൃഷിയിടത്തിലേക്കു പുറപ്പെടും. പിന്നെപ്പിന്നെ, ജോലി തുടങ്ങിക്കഴിഞ്ഞ ചിലർ അതു നിറുത്തിവെച്ച് ദൈവവചനം ശ്രദ്ധിക്കാൻ മനസ്സു കാണിച്ചുതുടങ്ങി, അങ്ങനെ ഉഴുതുകൊണ്ടിരിക്കുന്ന കാളയ്‌ക്കും അൽപ്പം വിശ്രമം ലഭിച്ചിരുന്നു. വീടുകളിൽ കണ്ടുമുട്ടിയ പലരും ഇരിക്കാനായി ആട്ടിൻതോൽ വിരിച്ചിട്ടുതരുകയും കുടുംബാംഗങ്ങളെയെല്ലാം വിളിച്ചുകൂട്ടി ഞങ്ങൾ പറയുന്നതു ശ്രദ്ധിക്കുകയും ചെയ്യുമായിരുന്നു. പ്രസിദ്ധീകരണങ്ങൾക്കു പ്രതിഫലമെന്നോണം വലിയ സഞ്ചികൾ നിറയെ ചോളം തരുമായിരുന്നു ചില കൃഷിക്കാർ.
“നിങ്ങളെന്നെ മറന്നില്ലല്ലോ”
ബൈബിളിനെക്കുറിച്ചു കൂടുതൽ മനസ്സിലാക്കാൻ ഒരൊറ്റ സന്ദർശനം പോരല്ലോ. അതുകൊണ്ടുതന്നെ മടങ്ങിച്ചെല്ലണമെന്ന് പലരും ഞങ്ങളോട് ആവശ്യപ്പെട്ടു. അങ്ങനെ, ബൊളീവിയയിലെ ഈ ഭാഗത്തേക്ക് പല യാത്രകൾ നടത്തേണ്ടിവന്നു ഞങ്ങൾക്ക്.
പിന്നീടൊരിക്കൽ ഞങ്ങൾ ചെന്നപ്പോൾ ഒരു മുത്തശ്ശി സന്തോഷത്തോടെ പറഞ്ഞു: “നിങ്ങൾ മക്കളെപ്പോലെയാണ് എനിക്ക്. എന്തായാലും നിങ്ങളെന്നെ മറന്നില്ലല്ലോ.” ഞങ്ങളുടെ പ്രവർത്തനത്തിനു നന്ദിപറഞ്ഞ മറ്റൊരാൾ പിറ്റേത്തവണ ചെല്ലുമ്പോൾ അദ്ദേഹത്തിന്റെ വീട്ടിൽ താമസിച്ചിട്ടേ മടങ്ങാവൂ എന്നു ഞങ്ങളോടു പറഞ്ഞു. മുമ്പൊരിക്കൽ ഞങ്ങൾ സാക്ഷീകരിച്ച ഒരു സ്‌ത്രീ മറ്റൊരു നഗരത്തിലേക്കു മാറിത്താമസിക്കുകയുണ്ടായി. അവർ ഇപ്പോൾ ഒരു രാജ്യഘോഷകയാണെന്നു കേട്ടപ്പോൾ ഞങ്ങൾക്കെത്ര ചാരിതാർഥ്യം തോന്നിയെന്നോ! അതായിരിക്കണം ഞങ്ങളുടെ ശ്രമങ്ങൾക്കുള്ള ഏറ്റവും വലിയ പ്രതിഫലം.
ഞങ്ങളുടെ ആദ്യയാത്രയുടെ അവസാനദിവസം ആയപ്പോഴേക്കും പാചകത്തിനുള്ള മണ്ണെണ്ണ മാത്രമല്ല ആഹാരസാധനങ്ങളും മിക്കവാറും തീർന്നുപോയിരുന്നു. വിറകുപെറുക്കി, ഉണ്ടായിരുന്ന ആഹാരസാധനങ്ങൾ പാകം ചെയ്‌തുകഴിച്ചിട്ട് കാൽനടയായി ഞങ്ങൾ പുറപ്പെട്ടു. അവിടെനിന്നു കിലോമീറ്ററുകൾ ദൂരെയുള്ള ബസ്റ്റോപ്പിൽ എത്തിയപ്പോഴേക്കും ഇരുട്ടുവീണിരുന്നു.
വീട്ടിലേക്ക്
ദുരിതംപിടിച്ചതായിരുന്നു മടക്കയാത്രയും. കാരണം, ഇടയ്‌ക്കുവെച്ച് ബസ് കേടായി. അങ്ങനെയിരിക്കെ, ‘ചാളയടുക്കിയതുപോലെ’ ആളുമായിവന്ന ഒരു ട്രക്കിൽ ഞങ്ങൾ കയറിപ്പറ്റി. ഞങ്ങളുടെ യാത്രയുടെ ഉദ്ദേശ്യത്തെക്കുറിച്ച് അറിയാനാഗ്രഹിച്ച സഹയാത്രികരോടു സാക്ഷീകരിക്കാനുള്ള അവസരം ഞങ്ങൾ പാഴാക്കിയില്ല. നാണംകുണുങ്ങികളാണെങ്കിലും പൊതുവേ സൗഹൃദമനസ്‌കരാണ് അവർ.
ഒമ്പതു മണിക്കൂർ നീണ്ട ആ യാത്രയ്‌ക്കൊടുവിൽ നനഞ്ഞുകുളിച്ച്, തണുത്തുവിറച്ച് ഞങ്ങൾ വീട്ടിലെത്തി. പക്ഷേ യാത്ര വെറുതെയായില്ല. കാരണം, നഗരത്തിൽ താമസിച്ചിരുന്ന ഒരു സ്‌ത്രീക്ക് അധ്യയനം ക്രമീകരിക്കാൻ ഞങ്ങൾക്കു സാധിച്ചു.
ഒറ്റപ്പെട്ട ഇത്തരം സ്ഥലങ്ങളിൽ സുവാർത്ത അറിയിക്കാനായത് വലിയൊരു പദവിതന്നെയാണ്. നാലു വലിയ ഗ്രാമങ്ങളിലും നിരവധി ചെറുഗ്രാമങ്ങളിലും ഞങ്ങൾ പ്രവർത്തിച്ചു. യെശയ്യാപ്രവചനത്തിലെ ഈ വാക്കുകൾ ഓർത്തുപോയി ഞങ്ങൾ: “സമാധാനത്തെ ഘോഷിച്ചു നന്മയെ സുവിശേഷിക്കയും രക്ഷയെ പ്രസിദ്ധമാക്കുകയും സീയോനോടു: നിന്റെ ദൈവം വാഴുന്നു എന്നു പറകയും ചെയ്യുന്ന സുവാർത്താദൂതന്റെ കാൽ പർവ്വതങ്ങളിന്മേൽ എത്ര മനോഹരം!”—യെശ. 52:7; റോമ. 10:15.
[17-ാം പേജിലെ ചിത്രം]
സുവാർത്ത പ്രസംഗിക്കാൻ തയ്യാറെടുത്ത് . . .