എല്ലായ്‌പോഴും ദൈവത്തിന്റെ മാർഗനിർദേശം ആരായുക
എല്ലായ്‌പോഴും ദൈവത്തിന്റെ മാർഗനിർദേശം ആരായുക
“ഈ ദൈവം എന്നും എന്നേക്കും നമ്മുടെ ദൈവമാകുന്നു; അവൻ നമ്മെ ജീവപര്യന്തം വഴിനടത്തും.”—സങ്കീ. 48:14.
1, 2. സ്വന്തം ബുദ്ധിയിൽ ആശ്രയിക്കാതെ യഹോവയുടെ മാർഗനിർദേശം പിൻപറ്റേണ്ടത് എന്തുകൊണ്ട്, ഏതൊക്കെ ചോദ്യങ്ങൾ ഉയർന്നുവരുന്നു?
വ്യർഥമോ ഹാനികരമോ ആയ കാര്യങ്ങളെ നാം ചിലപ്പോൾ മൂല്യവത്തും അഭികാമ്യവുമായി വീക്ഷിച്ചേക്കാം. (സദൃ. 12:11) ക്രിസ്‌ത്യാനികൾക്ക് ഒട്ടുംചേരാത്ത ഒരു കാര്യം ചെയ്യാൻ നാം അതിയായി ആഗ്രഹിക്കുമ്പോൾ, അതു ചെയ്യുന്നതിൽ കുഴപ്പമൊന്നും ഇല്ലെന്നു കാണിക്കാൻ നമ്മുടെ ഹൃദയം പല ന്യായീകരണങ്ങളും കണ്ടെത്തിയേക്കാം. (യിരെ. 17:5, 9) അതുകൊണ്ട് “നിന്റെ പ്രകാശവും സത്യവും അയച്ചുതരേണമേ; അവ എന്നെ നടത്തുമാറാകട്ടെ” എന്നു യഹോവയോടു പ്രാർഥിച്ചപ്പോൾ സങ്കീർത്തനക്കാരൻ വിവേകം പ്രകടമാക്കുകയായിരുന്നു. (സങ്കീ. 43:3) അവൻ യഹോവയിൽ ആശ്രയിച്ചു, തന്റെ പരിമിതമായ ബുദ്ധിയിലല്ല. യഹോവയെക്കാളും മെച്ചമായി ആർക്ക് അവനെ വഴിനടത്താനാകുമായിരുന്നു? സങ്കീർത്തനക്കാരനെപ്പോലെ നമുക്കും വഴിനടത്തിപ്പിനായി യഹോവയിലേക്കു നോക്കാം, അതു നന്മ മാത്രമേ കൈവരുത്തൂ.
2 മറ്റെന്തിലും ഉപരി യഹോവയുടെ മാർഗനിർദേശത്തിൽ നാം ആശ്രയിക്കേണ്ടത് എന്തുകൊണ്ട്? എപ്പോഴെല്ലാം നാം ആ മാർഗനിർദേശങ്ങൾ തേടണം? അതിൽനിന്നു പ്രയോജനം നേടണമെങ്കിൽ നാം ഏതൊക്കെ മനോഭാവങ്ങൾ വളർത്തിയെടുക്കണം? ഇന്ന് യഹോവ നമ്മെ വഴിനയിക്കുന്നത് എങ്ങനെയാണ്? ഈ സുപ്രധാന ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്താനായിരിക്കും നാം ഈ ലേഖനത്തിലൂടെ ശ്രമിക്കുന്നത്.
ദിവ്യമാർഗനിർദേശത്തിൽ ആശ്രയിക്കേണ്ടത് എന്തുകൊണ്ട്?
3-5. യഹോവയുടെ വഴിനടത്തിപ്പിൽ നാം പൂർണമായി ആശ്രയിക്കേണ്ടത് എന്തുകൊണ്ട്?
3 യഹോവ നമ്മുടെ സ്വർഗീയ പിതാവാണ്. (1 കൊരി. ) നമ്മുടെ ഹൃദയവിചാരങ്ങൾ ഉൾപ്പെടെ നമ്മെക്കുറിച്ചു സകലവും അവനറിയാം. ( 8:61 ശമൂ. 16:7; സദൃ. 21:2) ദാവീദ് രാജാവ് യഹോവയോടു പറഞ്ഞു: “ഞാൻ ഇരിക്കുന്നതും എഴുന്നേല്‌ക്കുന്നതും നീ അറിയുന്നു. എന്റെ നിരൂപണം നീ ദൂരത്തുനിന്നു ഗ്രഹിക്കുന്നു. യഹോവേ, നീ മുഴുവനും അറിയാതെ ഒരു വാക്കും എന്റെ നാവിന്മേൽ ഇല്ല.” (സങ്കീ. 139:2, 4) യഹോവയ്‌ക്കു നമ്മെ അത്രമേൽ അറിയാവുന്ന സ്ഥിതിക്ക് നമുക്ക് ഏറ്റവും നല്ലത് എന്തെന്നും അവനറിയില്ലേ? യഹോവ സർവജ്ഞാനിയുമാണ്. അവൻ എല്ലാം കാണുന്നു, ഏതൊരു മനുഷ്യനും കാണാൻ കഴിയുന്നതിനുമപ്പുറം അവനു കാണാൻ കഴിയുന്നു. കാര്യങ്ങൾ എങ്ങനെ പര്യവസാനിക്കുമെന്ന് ആരംഭത്തിൽത്തന്നെ അവനറിയാം. (യെശ. 46:9-11; റോമ. 11:33) അവൻ ‘ഏകജ്ഞാനിയായ ദൈവമാണ്.’—റോമ. 16:26.
4 തന്നെയുമല്ല, യഹോവ നമ്മെ സ്‌നേഹിക്കുകയും നമുക്ക് ഏറ്റവും നല്ലതു വന്നുകാണാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. (യോഹ. 3:16; 1 യോഹ. 4:8) സ്‌നേഹസമൃദ്ധനും ഉദാരമനസ്‌കനുമാണ് അവൻ. ശിഷ്യനായ യാക്കോബ് എഴുതി: “എല്ലാ നല്ല ദാനവും തികഞ്ഞ വരം ഒക്കെയും ഉയരത്തിൽനിന്നു വെളിച്ചങ്ങളുടെ പിതാവിങ്കൽനിന്നു ഇറങ്ങിവരുന്നു.” (യാക്കോ. 1:17) ദൈവത്തിന്റെ മാർഗനിർദേശങ്ങൾക്കു കീഴ്‌പെടുന്നവർ ഉദാരമതിയായ അവനിൽനിന്നു ധാരാളം അനുഗ്രഹങ്ങൾ പ്രാപിക്കുന്നു.
5 യഹോവ സർവശക്തനുമാണ്. സങ്കീർത്തനക്കാരൻ ഇങ്ങനെ പറഞ്ഞു: “അത്യുന്നതന്റെ മറവിൽ വസിക്കയും സർവ്വശക്തന്റെ നിഴലിൻ കീഴിൽ പാർക്കയും ചെയ്യുന്നവൻ യഹോവയെക്കുറിച്ചു: അവൻ എന്റെ സങ്കേതവും കോട്ടയും ഞാൻ ആശ്രയിക്കുന്ന എന്റെ ദൈവവും എന്നു പറയുന്നു.” (സങ്കീ. 91:1, 2) യഹോവയുടെ വഴിനടത്തിപ്പിനു കീഴ്‌പെടുമ്പോൾ നമ്മെ ഒരിക്കലും കൈവിടുകയില്ലാത്ത യഹോവയെ നാം നമ്മുടെ സങ്കേതമാക്കുകയാണ്. എതിർപ്പുകൾ നേരിടേണ്ടിവരുമ്പോൾപ്പോലും അവന്റെ പിന്തുണ നമുക്കുണ്ടായിരിക്കും. അവൻ നമ്മെ നിരാശപ്പെടുത്തില്ല. (സങ്കീ. 71:4, 5; സദൃശവാക്യങ്ങൾ 3:19-26 വായിക്കുക.) നമുക്ക് ഏറ്റവും നല്ലത് എന്തെന്ന് യഹോവയ്‌ക്കറിയാം, അതു നൽകാനുള്ള ആഗ്രഹവും പ്രാപ്‌തിയും അവനുണ്ട്. അവന്റെ മാർഗനിർദേശം നിരസിക്കുന്നത് എത്ര ഭോഷത്തമായിരിക്കും! എന്നാൽ എപ്പോഴാണ് നമുക്കത് ആവശ്യമായി വരുന്നത്?
നമുക്കു മാർഗദർശനം ആവശ്യമായി വരുന്നത് എപ്പോഴാണ്?
6, 7. യഹോവയുടെ മാർഗദർശനം നമുക്ക് എപ്പോഴെല്ലാം ആവശ്യമാണ്?
6 ജീവിതത്തിലുടനീളം നമുക്കു ദൈവത്തിന്റെ മാർഗദർശനം ആവശ്യമാണ് എന്നതാണു വാസ്‌തവം. സങ്കീർത്തനക്കാരൻ പറഞ്ഞു: “ഈ ദൈവം എന്നും എന്നേക്കും നമ്മുടെ ദൈവമാകുന്നു; അവൻ നമ്മെ ജീവപര്യന്തം വഴിനടത്തും.” (സങ്കീ. 48:14) സങ്കീർത്തനക്കാരനെപ്പോലെ ക്രിസ്‌ത്യാനികളും യഹോവയിൽനിന്നു മാർഗനിർദേശം തേടുന്നത് ഒരിക്കലും നിറുത്തിക്കളയുന്നില്ല.
7 അടിയന്തിര സഹായം വേണ്ടിവരുന്ന സാഹചര്യങ്ങൾ നമ്മുടെ ജീവിതത്തിൽ ഉയർന്നുവന്നേക്കാം. നിനച്ചിരിക്കാതെ നാം “കഷ്ടത്തിൽ” ആയെന്നുവരാം, അപ്രതീക്ഷിതമായ ജോലിനഷ്ടമോ ഗുരുതരമായ രോഗമോ പീഡനമോ ഒക്കെ ആകാം കാരണം. (സങ്കീ. 69:16, 17) അത്തരം സാഹചര്യങ്ങളിൽ യഹോവയിലേക്കു തിരിയുന്നത് ആശ്വാസദായകമാണ്. സഹിച്ചുനിൽക്കാൻ വേണ്ട ശക്തി അവൻ നൽകുകയും നല്ല തീരുമാനങ്ങളെടുക്കാൻ സഹായിക്കുകയും ചെയ്യും. ആ ഉത്തമബോധ്യം നമുക്ക് എപ്പോഴും ഉണ്ടായിരിക്കട്ടെ. (സങ്കീർത്തനം 102:16 വായിക്കുക.) എന്നാൽ മറ്റു സന്ദർഭങ്ങളിലും നമുക്ക് അവന്റെ സഹായം ആവശ്യമാണ്. ഉദാഹരണത്തിന്, അയൽക്കാരോടു ഫലകരമായി സാക്ഷീകരിക്കാൻ നമുക്കു യഹോവയുടെ മാർഗനിർദേശം കൂടിയേതീരൂ. ഇനിയും, യഹോവയുടെ വഴിനടത്തിപ്പിനു കീഴ്‌പെടുന്നെങ്കിൽ മാത്രമേ നമുക്കു ബുദ്ധിപൂർവം തീരുമാനങ്ങൾ എടുക്കാനാകൂ. വിനോദം, വസ്‌ത്രധാരണവും ചമയവും, സഹവാസം, തൊഴിൽ, വിദ്യാഭ്യാസം എന്നിങ്ങനെ എന്തിനെക്കുറിച്ചായാലും ഇതു സത്യമാണ്. വാസ്‌തവത്തിൽ, യഹോവയുടെ മാർഗനിർദേശം ആവശ്യമില്ലാത്ത മണ്ഡലങ്ങൾ ഒന്നുംതന്നെ നമ്മുടെ ജീവിതത്തിൽ ഇല്ല.
ദിവ്യമാർഗനിർദേശം തേടാതിരിക്കുന്നതിന്റെ അപകടങ്ങൾ
8. ഹവ്വായുടെ പ്രവൃത്തി യഥാർഥത്തിൽ എന്ത് അർഥമാക്കി?
8 ഒരുകാര്യം നാം ഓർക്കണം, യഹോവയുടെ മാർഗനിർദേശം നാം സ്വമനസ്സാലെ പിൻപറ്റേണ്ടതുണ്ട്. നമുക്കു താത്‌പര്യമില്ലെങ്കിൽ അവൻ ഒരിക്കലും നമ്മെ നിർബന്ധിക്കില്ല. യഹോവയുടെ മാർഗനിർദേശം അനുസരിക്കാൻ വിസമ്മതിച്ച ആദ്യവ്യക്തി ഹവ്വാ ആയിരുന്നു. ഒരു തെറ്റായ തീരുമാനത്തിന് എത്ര ഗുരുതരമായിരിക്കാൻ കഴിയുമെന്ന് അവളുടെ ദൃഷ്ടാന്തം തെളിയിക്കുന്നു. അവളുടെ പ്രവൃത്തി യഥാർഥത്തിൽ എന്ത് അർഥമാക്കിയെന്നും ചിന്തിക്കുക. ‘നന്മതിന്മകളെ അറിഞ്ഞ് ദൈവത്തെപ്പോലെ’ ആകണമെന്ന ആഗ്രഹമാണ് ആ നിഷിദ്ധഫലം ഭക്ഷിക്കാൻ ഹവ്വായെ പ്രേരിപ്പിച്ചത്. (ഉല്‌പ. 3:5) യഹോവയുടെ നിർദേശങ്ങൾ തള്ളിക്കളഞ്ഞ് നന്മയേത് തിന്മയേത് എന്ന് അവൾ സ്വയം തീരുമാനിച്ചു, ഫലത്തിൽ അവൾ തന്നെത്തന്നെ ദൈവത്തിന്റെ സ്ഥാനത്തു പ്രതിഷ്‌ഠിച്ചു. കാര്യങ്ങൾ സ്വയം തീരുമാനിക്കാൻ ആഗ്രഹിച്ച അവൾ അങ്ങനെ യഹോവയുടെ പരമാധികാരത്തിനുനേരെ പുറംതിരിഞ്ഞുനിന്നു. അവളുടെ ഭർത്താവ് ആദാമും അതേ മത്സരഗതി പിന്തുടർന്നു.—റോമ. 5:12.
9. യഹോവയുടെ മാർഗദർശനം തിരസ്‌കരിക്കുമ്പോൾ ഫലത്തിൽ നാം എന്താണു ചെയ്യുന്നത്, അത് ബുദ്ധിശൂന്യം ആയിരിക്കുന്നത് എന്തുകൊണ്ട്?
9 നാം ഇന്നു യഹോവയുടെ മാർഗദർശനത്തിനു കീഴ്‌പെടുന്നില്ലെങ്കിൽ, ഹവ്വായെപ്പോലെ നാമും അവന്റെ പരമാധികാരത്തിനെതിരെ മത്സരിക്കുകയായിരിക്കും ചെയ്യുന്നത്. അശ്ലീലം കാണുന്നതു ശീലമാക്കിയിരിക്കുന്ന ഒരാളുടെ ദൃഷ്ടാന്തം ചിന്തിക്കാം. ക്രിസ്‌തീയ സഭയോടൊത്തു സഹവസിക്കുന്നുണ്ടെങ്കിൽ ഇക്കാര്യത്തിൽ യഹോവയുടെ നിലവാരങ്ങൾ എന്താണെന്ന് അദ്ദേഹത്തിനറിയാം. ‘യാതൊരു അശുദ്ധിയുടെയും പേർ പറയുകപോലും അരുത്’ എന്നു ബൈബിൾ പറയുമ്പോൾ അശ്ലീലം കണ്ട് ആസ്വദിക്കുന്നത് എത്ര ഗുരുതരമാണ്. (എഫെ. 5:3) യഹോവയുടെ മാർഗദർശനം തിരസ്‌കരിക്കുകവഴി അദ്ദേഹം യഹോവയുടെ പരമാധികാരത്തെയാണു തിരസ്‌കരിക്കുന്നത്, ഫലത്തിൽ യഹോവയുടെ ശിരഃസ്ഥാനത്തെയും. (1 കൊരി. 11:3) “മനുഷ്യന്നു തന്റെ വഴിയും നടക്കുന്നവന്നു തന്റെ കാലടികളെ നേരെ ആക്കുന്നതും സ്വാധീനമല്ല” എന്നതിനാൽ അത് അങ്ങേയറ്റം ബുദ്ധിശൂന്യമാണ്.—യിരെ. 10:23.
10. ഇച്ഛാസ്വാതന്ത്ര്യം ഉത്തരവാദിത്വത്തോടെ ഉപയോഗിക്കേണ്ടത് എന്തുകൊണ്ട്?
10 എന്നാൽ ചിലർ യിരെമ്യാവിനോടു വിയോജിച്ചേക്കാം. യഹോവതന്നെയല്ലേ നമുക്ക് ഇച്ഛാസ്വാതന്ത്ര്യം തന്നത്, പിന്നെ അത് ഉപയോഗിക്കുന്നതിനെ അവൻ എന്തിനു വിമർശിക്കണം എന്നാണ് അവരുടെ പക്ഷം. എന്നാൽ ഉത്തരവാദിത്വത്തോടെ ഉപയോഗിക്കേണ്ട ഒരു സമ്മാനമാണ് ഇച്ഛാസ്വാതന്ത്ര്യം എന്നു നാം മറന്നുകൂടാ. ചെയ്യുന്നതും പറയുന്നതുമായ കാര്യങ്ങൾക്ക് നാം ദൈവത്തോടു കണക്കുബോധിപ്പിക്കേണ്ടതുണ്ട്. (റോമ. 14:10) യേശു പറഞ്ഞു: “ഹൃദയം നിറഞ്ഞു കവിയുന്നതിൽനിന്നല്ലോ വായ് സംസാരിക്കുന്നത്.” അവൻ ഇതുകൂടി പറഞ്ഞു: “ദുശ്ചിന്ത, കുലപാതകം, വ്യഭിചാരം, പരസംഗം, മോഷണം, കള്ളസ്സാക്ഷ്യം, ദൂഷണം എന്നിവ ഹൃദയത്തിൽ നിന്നു പുറപ്പെട്ടുവരുന്നു.” (മത്താ. 12:34; 15:19) അതേ, നമ്മുടെ വാക്കുകളും പ്രവൃത്തികളും നമ്മുടെ ഹൃദയത്തിൽ എന്താണുള്ളത് എന്ന് വെളിപ്പെടുത്തുന്നു. നാം യഥാർഥത്തിൽ ആരാണെന്ന് അവ കാണിക്കും. അതുകൊണ്ടാണ് വിവേകിയായ ഒരു ക്രിസ്‌ത്യാനി എല്ലാ കാര്യങ്ങളിലും യഹോവയുടെ മാർഗനിർദേശം ആരായുന്നത്. അങ്ങനെയാകുമ്പോൾ ആ വ്യക്തിയെ യഹോവ ‘ഹൃദയപരമാർത്ഥിയായി’ കണ്ടെത്തുകയും അവനു ‘നന്മ ചെയ്യുകയും’ ചെയ്യും.—സങ്കീ. 125:4.
11. ഇസ്രായേലിന്റെ ചരിത്രത്തിൽനിന്നു നമുക്ക് എന്തു പഠിക്കാം?
11 ഇസ്രായേലിന്റെ ചരിത്രം ഒന്നു പരിശോധിക്കാം. യഹോവയുടെ കൽപ്പനകൾ അനുസരിച്ച് നല്ല തീരുമാനങ്ങൾ എടുത്തപ്പോൾ അവൻ ആ ജനതയെ സംരക്ഷിച്ചു. (യോശു. 24:15, 21, 31) എന്നിരുന്നാലും പലപ്പോഴും അവർ അവരുടെ ഇച്ഛാസ്വാതന്ത്ര്യം ദുരുപയോഗം ചെയ്‌തു. യിരെമ്യാവിന്റെ നാളിൽ യഹോവ അവരോടു പറഞ്ഞു: “എന്നാൽ അവർ അനുസരിക്കയോ ശ്രദ്ധിക്കയോ ചെയ്യാതെ തങ്ങളുടെ ദുഷ്ടഹൃദയത്തിന്റെ ആലോചനയിലും ദുശ്ശാഠ്യത്തിലും നടന്നു മുമ്പോട്ടല്ല പുറകോട്ടു തന്നേ പൊയ്‌ക്കളഞ്ഞു.” (യിരെ. 7:24-26) എത്ര നിർഭാഗ്യകരം! ദുശ്ശാഠ്യമോ ഭൗതികാസക്തിയോ നിമിത്തം യഹോവയുടെ മാർഗനിർദേശങ്ങൾ നിരസിച്ച് നാം സ്വന്തം ആലോചനപ്രകാരം നടന്ന് ‘മുമ്പോട്ടല്ല പുറകോട്ടു’ പോകാൻ ഇടവരാതിരിക്കട്ടെ!
ദിവ്യവഴിനടത്തിപ്പിനു കീഴ്‌പെടുന്നതിന് എന്ത് ആവശ്യമാണ്?
12, 13. (എ) യഹോവയുടെ മാർഗനിർദേശത്തിനു കീഴ്‌പെടാൻ ഏതു ഗുണം ആവശ്യമാണ്? (ബി) വിശ്വാസം അനിവാര്യമായിരിക്കുന്നത് എന്തുകൊണ്ട്?
12 യഹോവയോടുള്ള സ്‌നേഹം അവന്റെ മാർഗനിർദേശം അനുസരിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു. (1 യോഹ. 5:3) “കാഴ്‌ചയാൽ അല്ല വിശ്വാസത്താലത്രേ ഞങ്ങൾ നടക്കുന്നത്” എന്നു പറഞ്ഞപ്പോൾ പൗലൊസ് മറ്റൊരു കാര്യത്തിലേക്കു ശ്രദ്ധക്ഷണിക്കുകയായിരുന്നു, വിശ്വാസത്തിലേക്ക്. (2 കൊരി. 5:6, 7) വിശ്വാസം പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? യഹോവ നമ്മെ “നീതിപാതകളിൽ നടത്തുന്നു,” എന്നാൽ ആ പാതകൾ ഈ ലോകത്തിന്റെ സമ്പത്തിലേക്കോ പദവികളിലേക്കോ നമ്മെ നയിക്കുന്നില്ല. (സങ്കീ. 23:3) അക്കാരണത്താൽ, യഹോവയെ സേവിക്കുന്നതിൽനിന്നു ലഭിക്കുന്ന അതുല്യമായ ആത്മീയ അനുഗ്രഹങ്ങളിലായിരിക്കണം നമ്മുടെ കണ്ണ്. (2 കൊരിന്ത്യർ 4:17, 18 വായിക്കുക.) അടിസ്ഥാന ഭൗതികവസ്‌തുക്കൾകൊണ്ട് തൃപ്‌തിപ്പെടാൻ വിശ്വാസം നമ്മെ സഹായിക്കുന്നു.—1 തിമൊ. 6:8.
13 സത്യാരാധനയിൽ ആത്മത്യാഗവും ഉൾപ്പെടുന്നുണ്ടെന്ന് യേശു സൂചിപ്പിച്ചു, അതിനും വിശ്വാസം ആവശ്യമാണ്. (ലൂക്കൊ. 9:23, 24) ചില വിശ്വസ്‌ത ആരാധകർ വലിയ ത്യാഗങ്ങൾ ചെയ്‌തിരിക്കുന്നു. ദാരിദ്ര്യം, അടിച്ചമർത്തൽ, മുൻവിധി, കഠിനമായ പീഡനങ്ങൾ എന്നിവയൊക്കെ അവർക്കു സഹിക്കേണ്ടിവന്നിട്ടുണ്ട്. (2 കൊരി. 11:23-27; വെളി. 3:8-10) ശക്തമായ വിശ്വാസമായിരുന്നു ഇതെല്ലാം സന്തോഷത്തോടെ സഹിച്ചുനിൽക്കാൻ അവരെ പ്രാപ്‌തരാക്കിയത്. (യാക്കോ. 1:2, 3) യഹോവയുടെ മാർഗനിർദേശമാണ് എല്ലായ്‌പോഴും അത്യുത്തമം എന്ന ഉറച്ച ബോധ്യമുണ്ടായിരിക്കാൻ ശക്തമായ വിശ്വാസം നമ്മെ സഹായിക്കുന്നു. അവന്റെ മാർഗനിർദേശം എല്ലായ്‌പോഴും നമ്മുടെ നിത്യപ്രയോജനത്തിലേ കലാശിക്കൂ. വിശ്വസ്‌തതയോടെ സഹിച്ചുനിൽക്കുന്നവർക്കു ലഭിക്കുന്ന അനുഗ്രഹങ്ങളോടുള്ള താരതമ്യത്തിൽ ഇപ്പോഴുള്ള താത്‌കാലിക കഷ്ടപ്പാടുകൾ ഒന്നുമല്ലെന്ന് നിസ്സംശയം പറയാം.—എബ്രാ. 11:6.
14. ഹാഗാറിനു താഴ്‌മ ആവശ്യമായിരുന്നത് എന്തുകൊണ്ട്?
14 യഹോവയുടെ വഴിനടത്തിപ്പിനു ചേർച്ചയിൽ നടക്കാൻ താഴ്‌മയും ആവശ്യമാണ്. ഹാഗാറിന്റെ ദൃഷ്ടാന്തം അതാണു കാണിക്കുന്നത്. തനിക്കു കുട്ടികൾ ഉണ്ടാകില്ലെന്നു തോന്നിയപ്പോൾ സാറാ തന്റെ ദാസിയായ ഹാഗാറിനെ അബ്രാഹാമിനു ഭാര്യയായി കൊടുത്തു. അബ്രാഹാമിന്റെ കുഞ്ഞിനെ ഗർഭംധരിച്ച ഹാഗാർ അഹങ്കാരിയായിത്തീർന്നു, അവളുടെ കണ്ണിൽ സാറാ നിന്ദ്യയുമായി. എന്നാൽ, സാറാ അവളോടു ക്രൂരമായി പെരുമാറിത്തുടങ്ങിയപ്പോൾ അവൾ സാറായെ വിട്ടോടിപ്പോയി. വഴിയിൽവെച്ച് യഹോവയുടെ ദൂതൻ ഹാഗാറിനോട്, “നിന്റെ യജമാനത്തിയുടെ അടുക്കൽ മടങ്ങിച്ചെന്നു അവൾക്കു കീഴടങ്ങിയിരിക്ക” എന്നു പറഞ്ഞു. (ഉല്‌പ. 16:2, 6, 8, 9) ഒരുപക്ഷേ മറ്റേതെങ്കിലും നിർദേശമാവാം അവൾ താത്‌പര്യപ്പെട്ടിരുന്നത്. ദൂതന്റെ നിർദേശപ്രകാരം പ്രവർത്തിക്കുന്നതിന് അവൾ അഹങ്കാരം വെടിയേണ്ടിയിരുന്നു. ഹാഗാർ താഴ്‌മയോടെ ദൂതനെ അനുസരിച്ചു, അവളുടെ പുത്രൻ യിശ്‌മായേൽ അവന്റെ പിതാവിന്റെ സുരക്ഷിതത്വത്തിൽ പിറക്കുകയും ചെയ്‌തു.
15. യഹോവയുടെ മാർഗനിർദേശം അനുസരിക്കുന്നതിനു നമുക്കു താഴ്‌മ ആവശ്യമായിരിക്കുന്ന ചില സാഹചര്യങ്ങൾ ഏതൊക്കെയാണ്?
15 യഹോവയുടെ മാർഗനിർദേശം അനുസരിക്കുന്നതിന് നമുക്കും താഴ്‌മ ആവശ്യമാണ്. ചിലരെ സംബന്ധിച്ചിടത്തോളം തങ്ങൾക്ക് ഇഷ്ടമായ ഒരു വിനോദം യഹോവയ്‌ക്ക് അനിഷ്ടമാണെന്നു സമ്മതിക്കുന്നതിനായിരിക്കും താഴ്‌മ വേണ്ടത്. മറ്റൊരാളെ പ്രകോപിപ്പിച്ചതിനോ വിഷമിപ്പിച്ചതിനോ മറ്റോ ഒരു ക്രിസ്‌ത്യാനി ക്ഷമ ചോദിക്കേണ്ടതുണ്ടായിരിക്കാം, സദൃശവാക്യങ്ങൾ 29:23-ലെ വാക്കുകൾ ആശ്വാസദായകമാണ്.
അല്ലെങ്കിൽ ചെയ്‌തുപോയ ഒരു തെറ്റ് അംഗീകരിക്കേണ്ടതുണ്ടായിരിക്കാം, ഇതിനെല്ലാം താഴ്‌മ കൂടിയേതീരൂ. ഇനി, ഒരാൾ ഗുരുതരമായ ഒരു പാപം ചെയ്‌താലോ? അതു മൂപ്പന്മാരോട് ഏറ്റുപറയണമെങ്കിലും താഴ്‌മ വേണം. ചിലപ്പോൾ അദ്ദേഹത്തെ സഭയിൽനിന്നു പുറത്താക്കിയെന്നുവരാം. സഭയിൽ പുനഃസ്ഥിതീകരിക്കപ്പെടുന്നതിന് അദ്ദേഹം താഴ്‌മയോടെ അനുതാപം പ്രകടമാക്കുകയും തെറ്റായ ഗതി ഉപേക്ഷിക്കുകയും വേണം. ഇതുപോലുള്ള സാഹചര്യങ്ങളിൽ, “മനുഷ്യന്റെ ഗർവ്വം അവനെ താഴ്‌ത്തിക്കളയും; മനോവിനയമുള്ളവനോ മാനം പ്രാപിക്കും” എന്നയഹോവ നമ്മെ വഴിനയിക്കുന്നത് എങ്ങനെ?
16, 17. ദിവ്യമാർഗനിർദേശത്തിന്റെ ഉറവായ ബൈബിളിൽനിന്നു നമുക്ക് എങ്ങനെ പരമാവധി പ്രയോജനം നേടാനാകും?
16 ദിവ്യമാർഗനിർദേശത്തിന്റെ ഏറ്റവും ഉന്നതമായ ഉറവ് ദൈവനിശ്വസ്‌ത വചനമായ ബൈബിളാണ്. (2 തിമൊഥെയൊസ് 3:16, 17 വായിക്കുക.) അതിൽനിന്നു പരമാവധി പ്രയോജനം നേടാൻ നമുക്ക് എങ്ങനെ കഴിയും? ‘ബുദ്ധിമുട്ടേറിയ ഒരു സാഹചര്യം സംജാതമാകട്ടെ, അപ്പോൾ തിരുവെഴുത്തുകളിൽനിന്നു മാർഗനിർദേശം തേടാം’ എന്നു കരുതി കാത്തിരിക്കരുത്, പകരം ദിവസേന ബൈബിൾ വായിക്കുന്നത് ഒരു ശീലമാക്കുക. (സങ്കീ. 1:1-3) അങ്ങനെ നിശ്വസ്‌ത മൊഴികൾ നമുക്കു പരിചിതമാകും, ദൈവത്തിന്റെ ചിന്തകൾ നമ്മുടേതാകും, അപ്രതീക്ഷിത പ്രശ്‌നങ്ങളെ നേരിടാൻപോലും നാം സജ്ജരായിരിക്കും.
17 കൂടാതെ, വായിക്കുന്ന തിരുവെഴുത്തുകളെക്കുറിച്ചു ധ്യാനിക്കുന്നതും അക്കാര്യങ്ങൾ മനസ്സിൽപിടിച്ചുകൊണ്ടു പ്രാർഥിക്കുന്നതും അത്യന്താപേക്ഷിതമാണ്. ചില പ്രത്യേക സാഹചര്യങ്ങളിൽ അവ എങ്ങനെ ബാധകമാകുമെന്നും ചിന്തിക്കുക. (1 തിമൊ. 4:15) ഗുരുതരമായ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുമ്പോൾ, ആവശ്യമായ മാർഗനിർദേശം കണ്ടെത്താനുള്ള സഹായത്തിനായി യഹോവയോടു പ്രാർഥിക്കുക. ബൈബിളിലോ ബൈബിളധിഷ്‌ഠിത പ്രസിദ്ധീകരണങ്ങളിലോ നാം കണ്ടിട്ടുള്ള തിരുവെഴുത്തു തത്ത്വങ്ങൾ ഓർമയിലേക്കു കൊണ്ടുവരാൻ യഹോവയുടെ ആത്മാവ് നമ്മെ സഹായിക്കും.—സങ്കീർത്തനം 25:4, 5 വായിക്കുക.
18. നമ്മുടെ മാർഗദർശനത്തിനായി ക്രിസ്‌തീയ സഹോദരവർഗത്തെ യഹോവ ഉപയോഗിക്കുന്നത് എങ്ങനെ?
18 യഹോവയുടെ മാർഗനിർദേശം ലഭിക്കുന്നതിനുള്ള മറ്റൊരു വിലപ്പെട്ട സ്രോതസ്സാണ് നമ്മുടെ ക്രിസ്‌തീയ സഹോദരവർഗം. ആ സഹോദരവർഗത്തിന്റെ മുഖ്യഭാഗം ഭരണസംഘം പ്രതിനിധാനം ചെയ്യുന്ന വിശ്വസ്‌തനും വിവേകിയുമായ അടിമയാണ്. അടിമവർഗം പ്രസിദ്ധീകരണങ്ങളിലൂടെയും യോഗങ്ങളിലൂടെയും സമ്മേളനങ്ങളിലൂടെയും ആത്മീയ ആഹാരം ക്രമമായി വിതരണം ചെയ്യുന്നു. (മത്താ. 24:45-47; പ്രവൃത്തികൾ 15:6, 22-31 താരതമ്യം ചെയ്യുക.) ഇതുകൂടാതെ, വ്യക്തിപരമായ സഹായവും തിരുവെഴുത്തു ബുദ്ധിയുപദേശവും പ്രദാനംചെയ്യാൻ യോഗ്യതയുള്ള മൂപ്പന്മാർ ഉൾപ്പെടെ പക്വമതികളായ സഹോദരങ്ങളുമുണ്ട് നമ്മുടെ ഇടയിൽ. (യെശ. 32:1) ഇനി, ക്രിസ്‌തീയ കുടുംബങ്ങളിലെ ചെറുപ്പക്കാർക്കാണെങ്കിൽ മാർഗനിർദേശത്തിനായി അവരുടെ മാതാപിതാക്കളിലേക്കു നോക്കാൻ സാധിക്കും. മക്കൾക്കു മാർഗനിർദേശം നൽകാൻ ദൈവം അവരെ അധികാരപ്പെടുത്തിയിരിക്കുന്നു.—എഫെ. 6:1-3.
19. എല്ലായ്‌പോഴും യഹോവയുടെ മാർഗനിർദേശം ആരായുന്നതുകൊണ്ട് നമുക്ക് എന്തെല്ലാം പ്രയോജനങ്ങളുണ്ട്?
19 വ്യത്യസ്‌ത വിധങ്ങളിൽ യഹോവ നമുക്കു മാർഗനിർദേശം തരുന്നു. അതൊക്കെയും പൂർണമായി പ്രയോജനപ്പെടുത്തുന്നത് നമുക്കു നന്മ മാത്രമേ കൈവരുത്തുകയുള്ളൂ. ഇസ്രായേല്യർ വിശ്വസ്‌തരായിരുന്ന കാലത്തെക്കുറിച്ച് ദാവീദ് രാജാവ് പറഞ്ഞു: “ഞങ്ങളുടെ പിതാക്കന്മാർ നിങ്കൽ ആശ്രയിച്ചു; അവർ ആശ്രയിക്കയും നീ അവരെ വിടുവിക്കയും ചെയ്‌തു. അവർ നിന്നോടു നിലവിളിച്ചു രക്ഷപ്രാപിച്ചു; അവർ നിങ്കൽ ആശ്രയിച്ചു, ലജ്ജിച്ചുപോയതുമില്ല.” (സങ്കീ. 22:3-5) ഉത്തമബോധ്യത്തോടെ യഹോവയുടെ വഴിനടത്തിപ്പിനു കീഴ്‌പെടുന്നെങ്കിൽ നാമൊരിക്കലും ‘ലജ്ജിച്ചുപോകില്ല.’ നമ്മുടെ പ്രത്യാശയെപ്രതി ഒരിക്കലും നിരാശരുമാകില്ല. സ്വന്തം ജ്ഞാനത്തിൽ ആശ്രയിക്കാതെ നമ്മുടെ ‘വഴി യഹോവയെ ഭരമേൽപ്പിച്ചാൽ’ ഇപ്പോൾപ്പോലും വലിയ അനുഗ്രഹങ്ങൾ ആസ്വദിക്കാനാകും. (സങ്കീ. 37:5) വിശ്വസ്‌തതയോടെ ആ വഴിയിൽ തുടർന്നാൽ ആ അനുഗ്രഹങ്ങൾ നിത്യതയിലേക്കും നീളും. ദാവീദ് രാജാവ് എഴുതി: “യഹോവ ന്യായപ്രിയനാകുന്നു; തന്റെ വിശുദ്ധന്മാരെ ഉപേക്ഷിക്കുന്നതുമില്ല; അവർ എന്നേക്കും പരിപാലിക്കപ്പെടുന്നു; . . . നീതിമാന്മാർ ഭൂമിയെ അവകാശമാക്കി എന്നേക്കും അതിൽ വസിക്കും.”—സങ്കീ. 37:28, 29.
നിങ്ങൾക്കു വിശദീകരിക്കാമോ?
• നാം യഹോവയുടെ മാർഗനിർദേശം അനുസരിക്കുന്നത് എന്തുകൊണ്ട്?
• യഹോവയുടെ മാർഗനിർദേശം തള്ളിക്കളയുമ്പോൾ ഫലത്തിൽ നാം എന്താണു ചെയ്യുന്നത്?
• ഒരു ക്രിസ്‌ത്യാനിക്കു താഴ്‌മ ആവശ്യമായിരിക്കുന്ന ചില സാഹചര്യങ്ങൾ ഏവ?
• യഹോവ ഇന്നു നമ്മെ വഴിനയിക്കുന്നത് എങ്ങനെ?
[അധ്യയന ചോദ്യങ്ങൾ]
[8-ാം പേജിലെ ചിത്രങ്ങൾ]
ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും നിങ്ങൾ യഹോവയുടെ മാർഗനിർദേശം ആരായാറുണ്ടോ?
[9-ാം പേജിലെ ചിത്രം]
ഹവ്വാ യഹോവയുടെ പരമാധികാരത്തിനുനേരെ പുറംതിരിഞ്ഞു
[10-ാം പേജിലെ ചിത്രം]
ദൈവദൂതന്റെ നിർദേശം അനുസരിക്കാൻ ഹാഗാറിന് ഏതു ഗുണം ആവശ്യമായിരുന്നു?