വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ജീവിതം അർഥപൂർണമാക്കുന്നതെന്ത്‌?

ജീവിതം അർഥപൂർണമാക്കുന്നതെന്ത്‌?

ജീവിതം അർഥപൂർണമാക്കുന്നതെന്ത്‌?

“ദൈവത്തെ ഭയപ്പെട്ടു അവന്റെ കല്‌പനകളെ പ്രമാണിച്ചുകൊൾക.”—സഭാ. 12:13.

1, 2. സഭാപ്രസംഗിയുടെ പുസ്‌തകം പരിചിന്തിക്കുകവഴി നമുക്കെന്തു പ്രയോജനം ലഭിക്കും?

സർവൈശ്വര്യങ്ങളുമുള്ള, ഒന്നിനും കുറവില്ലാത്ത ഒരാളെ മനസ്സിൽ കാണുക. വിഖ്യാതനായ ഭരണാധികാരിയും സമ്പന്നനുമാണ്‌ അദ്ദേഹം. ജ്ഞാനത്തിന്റെ കാര്യത്തിൽ അദ്ദേഹത്തോടു കിടപിടിക്കാൻ ആരുമില്ല. ഇതൊക്കെയാണെങ്കിലും, ‘ജീവിതം അർഥപൂർണമാക്കുന്നതെന്ത്‌?’ എന്ന്‌ ചിന്തിച്ചുപോകുകയാണ്‌ അദ്ദേഹം.

2 ഏതാണ്ട്‌ 3,000 വർഷങ്ങൾക്കുമുമ്പ്‌ അത്തരമൊരു മനുഷ്യൻ ജീവിച്ചിരുന്നു—ശലോമോൻ. സഭാപ്രസംഗിയുടെ പുസ്‌തകത്തിൽ, സന്തോഷത്തിനും സംതൃപ്‌തിക്കും വേണ്ടിയുള്ള തന്റെ അന്വേഷണത്തെക്കുറിച്ച്‌ അദ്ദേഹം വിവരിക്കുന്നുണ്ട്‌. (സഭാ. 1:13) ശലോമോന്റെ അനുഭവങ്ങളിൽനിന്ന്‌ നമുക്കു ധാരാളം പഠിക്കാനാകും. ജീവിതത്തിന്‌ അർഥം പകരുന്ന ലക്ഷ്യങ്ങൾ വെക്കാൻ ഈ പുസ്‌തകത്തിലെ ജ്ഞാനമൊഴികൾ നമ്മെ സഹായിക്കും.

“കാറ്റിനെ പിടിക്കാൻ ശ്രമിക്കുമ്പോലെ”

3. ജീവിതം സംബന്ധിച്ച ഏതു യാഥാർഥ്യം നാമെല്ലാം അഭിമുഖീകരിക്കുന്നു?

3 സൗന്ദര്യം വഴിഞ്ഞൊഴുകുന്ന സൃഷ്ടികൾകൊണ്ട്‌ ദൈവം ഈ ഭൂമിയെ നിറച്ചിരിക്കുകയാണെന്ന്‌ ശലോമോൻ വ്യക്തമാക്കുന്നു. എന്നെന്നും മനസ്സിന്‌ ആഹ്ലാദവും ആനന്ദവും പകരാൻപോന്നത്ര വൈവിധ്യമാർന്നതാണ്‌ ദൈവത്തിന്റെ സൃഷ്ടിക്രിയകൾ. എന്നാൽ ദൈവത്തിന്റെ കരവേലകളെക്കുറിച്ച്‌ പഠിച്ചുതുടങ്ങാൻപോലും നമുക്കാവില്ല; ജീവിതം അത്രയ്‌ക്കു ഹ്രസ്വമാണ്‌. (സഭാ. 3:11; 8:17) ജീവിതം ക്ഷണികമാണെന്ന്‌ ബൈബിൾ പറയുന്നു. (ഇയ്യോ. 14:1, 2; സഭാ. 6:12) ജീവിച്ചിരിക്കുന്ന ഓരോ നിമിഷവും ജ്ഞാനപൂർവം വിനിയോഗിക്കാൻ ഈ വസ്‌തുത നമ്മെ പ്രചോദിപ്പിക്കേണ്ടതല്ലേ? പക്ഷേ തെറ്റായ ഒരു ഗതി തിരഞ്ഞെടുക്കാൻ സാത്താന്റെ ലോകം നമ്മെ പ്രേരിപ്പിക്കും എന്നതുകൊണ്ട്‌ ഇതത്ര എളുപ്പമല്ല.

4. (എ) “മായ” എന്ന പദം എന്തിനെ കുറിക്കുന്നു? (ബി) ഏതെല്ലാം ജീവിതലക്ഷ്യങ്ങളെക്കുറിച്ചു നാം പരിചിന്തിക്കും?

4 ജീവിതം പാഴാക്കിക്കളയുന്നതിലെ അപകടം എടുത്തുകാണിക്കാൻ ശലോമോൻ “മായ” എന്ന വാക്ക്‌ സഭാപ്രസംഗിയിൽ 30-ലധികം തവണ ഉപയോഗിക്കുന്നുണ്ട്‌. “മായ” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഹീബ്രൂപദത്തിന്‌ വ്യർഥം, നിഷ്‌ഫലം, അർഥശൂന്യം, കഴമ്പില്ലാത്ത എന്നീ അർഥങ്ങളാണുള്ളത്‌. (സഭാ. 1:2, 3) ചിലയിടത്ത്‌ “മായ” എന്നതിനു പകരം ശലോമോൻ ‘വൃഥാപ്രയത്‌നം’ എന്ന്‌ ഉപയോഗിച്ചിരിക്കുന്നതായി കാണാം. പരിശുദ്ധ ബൈബിൾ: ഈസി-റ്റു-റീഡ്‌ വേർഷൻ പോലുള്ള ചില ഭാഷാന്തരങ്ങൾ ഈ ഭാഗം “കാറ്റിനെ പിടിക്കാൻ ശ്രമിക്കുമ്പോലെ” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നു. (സഭാ. 1:14; 2:11) കാറ്റിനെ പിടിക്കാനുള്ള ശ്രമം വിഡ്‌ഢിത്തമാണെന്നു പറയേണ്ടതില്ലല്ലോ. കാരണം, കാറ്റിനെ പിടിക്കാനാവില്ല. ബുദ്ധിശൂന്യമായ ലക്ഷ്യങ്ങൾ എത്തിപ്പിടിക്കാൻ ശ്രമിക്കുന്നതും നിരാശയിലേ കലാശിക്കൂ. അത്തരം ലക്ഷ്യങ്ങളുടെ പിന്നാലെ പോയി പാഴാക്കാനുള്ളതല്ല ഹ്രസ്വമായ നമ്മുടെ ജീവിതം. ആളുകൾ സാധാരണ പിൻപറ്റുന്ന ചില ലക്ഷ്യങ്ങളെക്കുറിച്ചുള്ള ശലോമോന്റെ വാക്കുകൾ അവലോകനം ചെയ്യുന്നത്‌ അങ്ങനെയൊരു അബദ്ധം കാണിക്കാതിരിക്കാൻ നമ്മെ സഹായിക്കും. ഉല്ലാസത്തിനും വസ്‌തുവകകൾക്കുംവേണ്ടിയുള്ള പരക്കംപാച്ചലിനെക്കുറിച്ച്‌ നമുക്ക്‌ ആദ്യം ചിന്തിക്കാം. അതിനുശേഷം, ദൈവത്തിനു പ്രസാദകരമായ വേലയെക്കുറിച്ച്‌ നാം ശ്രദ്ധിക്കുന്നതായിരിക്കും.

ഉല്ലാസം സന്തുഷ്ടിയേകുമോ?

5. ശലോമോൻ എവിടെയാണ്‌ ഉല്ലാസം കണ്ടെത്താൻ ശ്രമിച്ചത്‌?

5 ഇന്നത്തെ അനേകരെയുംപോലെ, ഉല്ലാസത്തിനു പിന്നാലെ പോയിക്കൊണ്ട്‌ സംതൃപ്‌തി കണ്ടെത്താൻ ശലോമോനും ശ്രമിച്ചു. അദ്ദേഹം പറയുന്നു: “എന്റെ ഹൃദയത്തിന്നു ഒരു സന്തോഷവും വിലക്കിയില്ല.” (സഭാ. 2:10) ശലോമോൻ എവിടെയാണ്‌ ഉല്ലാസം കണ്ടെത്താൻ ശ്രമിച്ചത്‌? ആത്മനിയന്ത്രണം പാലിച്ചുകൊണ്ടാണെങ്കിൽപ്പോലും ശലോമോൻ തന്റെ “ദേഹത്തെ വീഞ്ഞുകൊണ്ടു സന്തോഷിപ്പി”ച്ചെന്നും തോട്ടങ്ങളും ഉദ്യാനങ്ങളും അരമനകളും മറ്റും നിർമിച്ചെന്നും സംഗീതവും നല്ല ഭക്ഷണവും ആസ്വദിച്ചെന്നും സഭാപ്രസംഗി 2-ാം അധ്യായം പറയുന്നു.

6. (എ) ജീവിതത്തിൽ ചില നല്ല കാര്യങ്ങൾ ആസ്വദിക്കുന്നത്‌ തെറ്റല്ലാത്തത്‌ എന്തുകൊണ്ട്‌? (ബി) വിനോദത്തിന്റെ കാര്യത്തിൽ എന്തു സമനില ആവശ്യമാണ്‌?

6 സുഹൃത്തുക്കളുമൊത്ത്‌ സമയം ചെലവഴിക്കുന്നത്‌ ബൈബിൾ കുറ്റംവിധിക്കുന്നുണ്ടോ? ഒരിക്കലുമില്ല. ഒരു ദിവസത്തെ കഠിനാധ്വാനത്തിനുശേഷം സ്വസ്ഥമായിരുന്നു ഭക്ഷണം ആസ്വദിക്കുന്നത്‌ ദൈവത്തിന്റെ ദാനമാണെന്ന്‌ ശലോമോൻ പറയുകയുണ്ടായി. (സഭാപ്രസംഗി 2:24; 3:12, 13 വായിക്കുക.) മാത്രമല്ല, ‘സന്തോഷിക്കാനും ആനന്ദിക്കാനും’ യഹോവതന്നെ യുവജനങ്ങളെ ക്ഷണിക്കുന്നുണ്ട്‌, തങ്ങൾ കണക്കുബോധിപ്പിക്കേണ്ടവരാണ്‌ എന്ന വസ്‌തുത അവർ മനസ്സിൽപ്പിടിക്കണം എന്നു മാത്രം. (സഭാ. 11:9) വിനോദവും വിശ്രമവും നമുക്കെല്ലാം ആവശ്യമാണ്‌. (മർക്കൊസ്‌ 6:31 താരതമ്യം ചെയ്യുക.) പക്ഷേ വിനോദം നമ്മുടെ ജീവിതത്തിലെ മുഖ്യസംഗതി ആകരുത്‌. ഊണിന്റെ അവസാനം കഴിക്കുന്ന ഒരു മധുരവിഭവംപോലെ ആയിരിക്കണം അത്‌. നിങ്ങൾ എത്രതന്നെ മധുരം ഇഷ്ടപ്പെടുന്ന ആളാണെങ്കിലും അതു മാത്രം കഴിച്ച്‌ നിങ്ങൾക്കു ജീവിക്കാനാവില്ല. അതിൽനിന്ന്‌ ശരീരത്തിന്‌ ആവശ്യമായ എല്ലാ പോഷണവും ലഭിക്കുകയുമില്ല. എന്താ, ശരിയല്ലേ? സമാനമായി, ഉല്ലാസത്തിനുവേണ്ടിയുള്ള ജീവിതം “കാറ്റിനെ പിടിക്കാൻ ശ്രമിക്കുമ്പോലെ”യാണെന്ന്‌ ശലോമോൻ മനസ്സിലാക്കി.—സഭാ. 2:10, 11.

7. വിനോദം തിരഞ്ഞെടുക്കുന്ന കാര്യത്തിൽ ശ്രദ്ധപുലർത്തേണ്ടത്‌ എന്തുകൊണ്ട്‌?

7 എല്ലാ വിനോദവും നല്ലതല്ല എന്നുംകൂടെ പറഞ്ഞുകൊള്ളട്ടെ. ആത്മീയവും ധാർമികവുമായി നമ്മെ ദുഷിപ്പിക്കുന്നതാണു പലതും. മദ്യത്തിലൂടെയും മയക്കുമരുന്നിലൂടെയും ചൂതാട്ടത്തിലൂടെയും ‘ജീവിതം ആസ്വദിക്കാൻ ശ്രമിച്ച്‌’ എത്രയെത്ര ജീവിതങ്ങളാണു നിരാശയുടെ നിലയില്ലാക്കയത്തിൽ മുങ്ങിത്താണിരിക്കുന്നത്‌! ഹാനികരമായ കാര്യങ്ങളിലേക്കു നമ്മെ നയിക്കാൻ മനസ്സിനെയോ കണ്ണിനെയോ അനുവദിക്കുന്നപക്ഷം, അതിന്റെ ഭവിഷ്യത്തുകൾ നാം അനുഭവിക്കേണ്ടിവരുമെന്ന്‌ യഹോവ സ്‌നേഹപൂർവം മുന്നറിയിപ്പു നൽകുന്നു.—ഗലാ. 6:7.

8. നമ്മുടെ ജീവിതമൊന്നു വിലയിരുത്തുന്നത്‌ ബുദ്ധിയായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

8 ഉല്ലാസത്തിന്‌ അളവറ്റ പ്രാധാന്യം നൽകിയാൽ പ്രധാനപ്പെട്ട കാര്യങ്ങൾക്ക്‌ അർഹിക്കുന്ന ശ്രദ്ധകൊടുക്കാൻ നമുക്കു സാധിക്കാതെയും വരും. ജീവിതം നൈമിഷികമാണെന്ന്‌ ഓർക്കുക. നല്ല ആരോഗ്യവും സ്വസ്ഥതയുമൊക്കെ എന്നും കൂടെത്തന്നെ ഉണ്ടാകും എന്നതിനു യാതൊരു ഉറപ്പുമില്ല. “സന്തോഷഭവന”ത്തിൽ പോകുന്നതിനെക്കാൾ നല്ലത്‌ ഒരു ശവസംസ്‌കാര ചടങ്ങിൽ പങ്കെടുക്കുന്നതാണെന്ന്‌ ശലോമോൻ പറഞ്ഞത്‌ അതുകൊണ്ടാണ്‌. (സഭാപ്രസംഗി 7:2, 4 വായിക്കുക.) എന്താണ്‌ അതിന്റെ അർഥം? ചരമപ്രസംഗം കേൾക്കുകയും മരിച്ച വ്യക്തിയുടെ—പ്രത്യേകിച്ച്‌, വിശ്വസ്‌തതപാലിച്ച ഒരു സഹോദരന്റെയോ സഹോദരിയുടെയോ—ജീവിതത്തെക്കുറിച്ച്‌ ചിന്തിക്കുകയും ചെയ്യുമ്പോൾ, സ്വന്തം ജീവിതമൊന്നു വിലയിരുത്താൻ നാം പ്രേരിതരാകും. ഫലമോ? ശേഷിച്ചനാളുകൾ ബുദ്ധിപൂർവം ഉപയോഗിക്കണമെങ്കിൽ ലക്ഷ്യങ്ങളിൽ ചില പൊരുത്തപ്പെടുത്തലുകൾ വരുത്തേണ്ടതുണ്ടെന്നു നാം തിരിച്ചറിഞ്ഞേക്കാം.—സഭാ. 12:1.

സംതൃപ്‌തിയുടെ ഉറവ്‌ വസ്‌തുവകകളോ?

9. സമ്പത്തിനോടുള്ള ബന്ധത്തിൽ ശലോമോൻ എന്തു തിരിച്ചറിഞ്ഞു?

9 സഭാപ്രസംഗി എഴുതപ്പെട്ട കാലത്ത്‌ ലോകത്തിലെതന്നെ സമ്പന്നരിൽ ഒരാളായിരുന്നു ശലോമോൻ. (2 ദിന. 9:22) ആഗ്രഹിക്കുന്ന എന്തും സ്വന്തമാക്കാനുള്ള വകയുണ്ടായിരുന്നു അദ്ദേഹത്തിന്‌. “എന്റെ കണ്ണു ആഗ്രഹിച്ചതൊന്നും ഞാൻ അതിന്നു നിഷേധിച്ചില്ല,” ശലോമോൻ എഴുതി. (സഭാ. 2:10) എന്നാൽ, വസ്‌തുവകകൾ ഉള്ളതുകൊണ്ടു മാത്രം സംതൃപ്‌തി ലഭിക്കണമെന്നില്ലെന്ന്‌ അദ്ദേഹം മനസ്സിലാക്കി. “ദ്രവ്യപ്രിയന്നു ദ്രവ്യം കിട്ടീട്ടും ഐശ്വര്യ പ്രിയന്നു ആദായം കിട്ടീട്ടും തൃപ്‌തിവരുന്നില്ല” എന്ന യാഥാർഥ്യം അദ്ദേഹം തിരിച്ചറിഞ്ഞു.—സഭാ. 5:10.

10. എന്താണ്‌ യഥാർഥ സംതൃപ്‌തിയും സമ്പത്തും നേടിത്തരുന്നത്‌?

10 വസ്‌തുവകകളുടെ മൂല്യം താത്‌കാലികമാണെങ്കിലും അതിനു നമ്മെ ശക്തമായി സ്വാധീനിക്കാനാകും. അടുത്തയിടെ ഐക്യനാടുകളിൽ നടത്തിയ ഒരു സർവേയിൽ പങ്കെടുത്ത ഒന്നാം വർഷ സർവകലാശാല വിദ്യാർഥികളിൽ 75 ശതമാനവും ജീവിതത്തിലെ മുഖ്യലക്ഷ്യം “സാമ്പത്തികമായി ഉന്നതങ്ങളിലെത്തുക” എന്നാണെന്നു പറയുകയുണ്ടായി. അവർ ആ ലക്ഷ്യത്തിൽ എത്തിയെന്നുതന്നെയിരിക്കട്ടെ. അവർ സന്തുഷ്ടരായിരിക്കുമോ? ആയിരിക്കണമെന്നില്ല. വാസ്‌തവത്തിൽ, സമ്പത്തിന്‌ അമിത പ്രാധാന്യം നൽകുന്നത്‌ സന്തോഷത്തിലേക്കും സംതൃപ്‌തിയിലേക്കുമുള്ള വാതിൽ അടയ്‌ക്കുകയേ ഉള്ളൂ എന്നാണ്‌ ഗവേഷകർ പറയുന്നത്‌. എന്നാൽ കാലങ്ങൾക്കുമുമ്പേ ശലോമോൻ ആ വസ്‌തുത തിരിച്ചറിഞ്ഞിരുന്നു. അദ്ദേഹം എഴുതി: ‘ഞാൻ വെള്ളിയും പൊന്നും രാജാക്കന്മാർക്ക്‌ ഉള്ള ഭണ്ഡാരവും സ്വരൂപിച്ചു; എല്ലാം മായയും വൃഥാപ്രയത്‌നവും അത്രേ.’ * (സഭാ. 2:8, 11) എന്നാൽ യഹോവയെ സർവാത്മനാ സേവിക്കാനായി ജീവിതം ഉഴിഞ്ഞുവെക്കുകയും അവൻ നൽകുന്ന അനുഗ്രഹങ്ങൾ പ്രാപിക്കുകയും ചെയ്യുമ്പോൾ യഥാർഥ സമ്പത്ത്‌ നമ്മെ തേടിയെത്തും.—സദൃശവാക്യങ്ങൾ 10:22 വായിക്കുക.

ഏതു ജോലിയാണ്‌ യഥാർഥ സംതൃപ്‌തിയേകുന്നത്‌?

11. ജോലിയുടെ മൂല്യത്തെക്കുറിച്ച്‌ തിരുവെഴുത്തുകൾ എന്തു പറയുന്നു?

11 “എന്റെ പിതാവു ഇന്നുവരെയും പ്രവർത്തിക്കുന്നു; ഞാനും പ്രവർത്തിക്കുന്നു” എന്ന്‌ യേശു പറഞ്ഞു. (യോഹ. 5:17) യഹോവയും യേശുവും തങ്ങളുടെ വേലയിൽനിന്നു സംതൃപ്‌തി നേടുന്നു എന്നതിനു സംശയമില്ല. സൃഷ്ടിക്രിയയോടുള്ള ബന്ധത്തിൽ യഹോവ ആസ്വദിച്ച സംതൃപ്‌തിയെക്കുറിച്ച്‌ ബൈബിൾ പറയുന്നതിങ്ങനെ: “താൻ ഉണ്ടാക്കിയതിനെ ഒക്കെയും ദൈവം നോക്കി, അതു എത്രയും നല്ലതു എന്നു കണ്ടു.” (ഉല്‌പ. 1:31) ദൈവത്തിന്റെ കരവേല നോക്കിക്കണ്ട ദൂതന്മാർ ‘ഘോഷിച്ചുല്ലസിച്ചു’വെന്ന്‌ രേഖ പറയുന്നു. (ഇയ്യോ. 38:4-7) ശലോമോനും അർഥപൂർണമായ വേലയുടെ മൂല്യം തിരിച്ചറിഞ്ഞു.—സഭാ. 3:13.

12, 13. (എ) കഠിനാധ്വാനം തങ്ങൾക്കു നൽകുന്ന സംതൃപ്‌തിയെക്കുറിച്ച്‌ രണ്ടുപേർ പറഞ്ഞതെന്ത്‌? (ബി) ജോലി ചിലപ്പോൾ നിരാശയുടെ ഉറവായിത്തീരുന്നത്‌ എന്തുകൊണ്ട്‌?

12 കഠിനാധ്വാനത്തിന്റെ വിലയറിയാവുന്നവരാണു മിക്കവരും. ചിത്രകാരനായ ഹോസേ പറയുന്നതു കേൾക്കുക: “മനസ്സിൽ കോറിയിട്ട ചിത്രം ക്യാൻവാസിലേക്കു പകർത്താനാകുന്നത്‌ എന്തൊരു അനുഭൂതിയാണെന്നോ! ഒരു കൊടുമുടി കീഴടക്കിയ സന്തോഷമായിരിക്കും മനസ്സുനിറയെ.” ബിസിനസ്സുകാരനായ മീഗെൽ * പറയുന്നു: “കുടുംബം പോറ്റാൻ കഴിയുന്ന ഒരു ജോലി നമുക്കു സംതൃപ്‌തി നൽകും; എന്തോ നേടിയെന്നൊരു തോന്നലും.”

13 വിരസതയുടെ വിളനിലങ്ങളായ ജോലികളുമുണ്ട്‌, സർഗാത്മകത തൊട്ടുതീണ്ടിയിട്ടില്ലാത്തവ. ഇനി ചില കേസുകളിൽ, ജോലിസ്ഥലം തന്നെയോ അവിടെ നേരിടേണ്ടിവരുന്ന അനീതികളോ ആകാം പ്രശ്‌നം. ശലോമോൻ പറഞ്ഞതുപോലെ, അധികാരം കയ്യാളുന്നവരുമായുള്ള ചങ്ങാത്തം മുതലാക്കി, ജോലി ചെയ്യാതെ ശമ്പളം വാങ്ങുന്നു ചിലർ. (സഭാ. 2:21) നിരാശയ്‌ക്കു വഴിവെക്കുന്ന ഘടകങ്ങൾ വേറെയുമുണ്ട്‌. മഹത്തായൊരു സംരംഭമെന്നു കരുതി തുടങ്ങുന്ന ഒരു ബിസിനസ്സ്‌, സാമ്പത്തികരംഗത്തെ തകർച്ചകളോ മുൻകൂട്ടിക്കാണാൻ കഴിയാതെപോയ ദുരന്തങ്ങളോ നിമിത്തം പൊളിഞ്ഞുപോയേക്കാം. (സഭാപ്രസംഗി 9:11 വായിക്കുക.) പലപ്പോഴും, എന്തുവിലകൊടുത്തും വിജയംനേടാൻ പണിപ്പെടുന്ന ഒരാൾ, തന്റെ ശ്രമം “വൃഥാപ്രയത്‌ന”മായിപ്പോയെന്നു തിരിച്ചറിയുമ്പോൾ നിരാശയുടെയും അമർഷത്തിന്റെയും പിടിയിൽ ഞെരിഞ്ഞമരുന്നു.—സഭാ. 5:16.

14. എല്ലായ്‌പോഴും യഥാർഥ സംതൃപ്‌തി തരുന്ന എന്തു വേലയാണുള്ളത്‌?

14 നിരാശയ്‌ക്ക്‌ ഇടംനൽകാത്ത ഏതെങ്കിലും വേലയുണ്ടോ? മേൽപ്രസ്‌താവിച്ച ഹോസെ എന്ന ചിത്രകാരൻ പറയുന്നു: “കാലപ്രവാഹത്തിൽ പെയിന്റിങ്ങുകൾ നഷ്ടപ്പെട്ടെന്നോ നശിപ്പിക്കപ്പെട്ടെന്നോ ഒക്കെ വരാം. എന്നാൽ ദൈവസേവനത്തിൽ നാം കൈവരിക്കുന്ന നേട്ടങ്ങൾ അങ്ങനെയല്ല. സുവാർത്താപ്രസംഗത്തിന്റെ കാര്യത്തിൽ യഹോവയെ അനുസരിച്ചതുകൊണ്ട്‌ സ്ഥായിയായ ചിലതു നേടാൻ—അതേ, ദൈവഭയമുള്ള ക്രിസ്‌ത്യാനികളായിത്തീരാൻ ചിലരെ സഹായിക്കാൻ—എനിക്കു കഴിഞ്ഞു. അതിന്റെ വില മതിക്കാനാവില്ല.” (1 കൊരി. 3:9-11) ജോലിയിൽനിന്നു ലഭിക്കുന്നതിനെക്കാൾ ഏറെ സംതൃപ്‌തി രാജ്യപ്രസംഗവേലയിൽനിന്ന്‌ തനിക്കു ലഭിക്കുന്നുണ്ടെന്നാണ്‌ മീഗലിന്റെയും അഭിപ്രായം. “നിങ്ങൾ മറ്റൊരാളുമായി പങ്കുവെക്കുന്ന തിരുവെഴുത്തുസത്യം ആ വ്യക്തിയുടെ ഹൃദയത്തെ സ്‌പർശിച്ചെന്ന്‌ അറിയുന്നതിനെക്കാൾ വലിയ സന്തോഷമില്ല,” അദ്ദേഹം പറയുന്നു.

“നിന്റെ അപ്പത്തെ . . . എറിക”

15. ജീവിതത്തെ അർഥപൂർണമാക്കുന്നത്‌ എന്ത്‌?

15 അങ്ങനെയെങ്കിൽ, ജീവിതത്തെ അർഥപൂർണമാക്കുന്നത്‌ എന്താണ്‌? നന്മചെയ്യാനും യഹോവയെ പ്രസാദിപ്പിക്കാനുമായി ശിഷ്ടകാലം വിനിയോഗിക്കുന്നെങ്കിൽ യഥാർഥ സംതൃപ്‌തി നാം അനുഭവിച്ചറിയും. ദൈവവുമായി ഒരു അടുത്ത ബന്ധം വളർത്തിയെടുക്കുക, മക്കളിൽ ആത്മീയ മൂല്യങ്ങൾ ഉൾനടുക, യഹോവയെ അറിയാൻ മറ്റുള്ളവരെ സഹായിക്കുക, നമ്മുടെ സഹോദരീസഹോദരന്മാരുമായി നിലനിൽക്കുന്ന സൗഹൃദങ്ങൾ ഉണ്ടാക്കിയെടുക്കുക എന്നിങ്ങനെ നമുക്കു ചെയ്യാനാകുന്ന പലതുമുണ്ട്‌. (ഗലാ. 6:10) മേൽപ്പറഞ്ഞവയെല്ലാം ഒരിക്കലും വിലയിടിയാത്ത സംഗതികളാണ്‌, സ്വന്തമാക്കുന്നവർക്ക്‌ അനുഗ്രഹം കൈവരുത്തുന്നവയും. നന്മചെയ്യുന്നതിന്റെ മൂല്യം എടുത്തുകാണിക്കാൻ ശലോമോൻ രസകരമായൊരു താരതമ്യം ഉപയോഗിക്കുകയുണ്ടായി: “നിന്റെ അപ്പത്തെ വെള്ളത്തിന്മേൽ എറിക; ഏറിയനാൾ കഴിഞ്ഞിട്ടു നിനക്കു അതു കിട്ടും.” (സഭാ. 11:1) യേശു ശിഷ്യന്മാരോടു പറഞ്ഞു: “കൊടുപ്പിൻ; എന്നാൽ നിങ്ങൾക്കു കിട്ടും.” (ലൂക്കൊ. 6:38) മാത്രമല്ല, മറ്റുള്ളവർക്കു നന്മ ചെയ്യുന്നവർക്ക്‌ പ്രതിഫലം നൽകുമെന്നു യഹോവതന്നെ വാഗ്‌ദാനം ചെയ്യുന്നുമുണ്ട്‌.—സദൃ. 19:17; എബ്രായർ 6:10 വായിക്കുക.

16. ജീവിതം എങ്ങനെ വിനിയോഗിക്കണമെന്നു തീരുമാനിക്കാൻ പറ്റിയ സമയം ഏതാണ്‌?

16 ജീവിതംകൊണ്ട്‌ എന്തു ചെയ്യുമെന്നതിനെക്കുറിച്ച്‌ ചെറുപ്പമായിരിക്കുമ്പോൾത്തന്നെ ബുദ്ധിപൂർവമായ തീരുമാനങ്ങളെടുക്കാൻ ബൈബിൾ നമ്മെ ഉദ്‌ബോധിപ്പിക്കുന്നു. അങ്ങനെ ചെയ്‌താൽ പിന്നീടു ദുഃഖിക്കേണ്ടിവരുകയില്ല. (സഭാ. 12:1) ജീവിതത്തിന്റെ സുവർണകാലമത്രയും ലോകത്തിന്റെ പളപളപ്പിനു പിന്നാലെപോയിട്ട്‌ ഒടുവിൽ ഒന്നും നേടിയില്ലെന്നു തിരിച്ചറിയേണ്ടിവരുന്നത്‌ എത്ര ദാരുണമായിരിക്കും!

17. ജീവിതം ഏറ്റവും നന്നായി വിനിയോഗിക്കാൻ എന്തു നിങ്ങളെ സഹായിക്കും?

17 സ്‌നേഹവാനായ ഏതൊരു പിതാവിനെയുംപോലെ, നിങ്ങൾ ജീവിതം ആസ്വദിക്കാനും നന്മ ചെയ്യാനും അനാവശ്യ ഹൃദയവേദനകൾ ഒഴിവാക്കാനുമാണു യഹോവ ആഗ്രഹിക്കുന്നത്‌. (സഭാ. 11:9, 10) ഇക്കാര്യത്തിൽ എന്തു നിങ്ങളെ സഹായിക്കും? ആത്മീയ ലക്ഷ്യങ്ങൾ വെക്കുക; അത്‌ എത്തിപ്പിടിക്കാൻ കഠിനമായി യത്‌നിക്കുക. ഏതാണ്ട്‌ 20 വർഷംമുമ്പ്‌ കാവ്യർ ഒരു തീരുമാനത്തെ അഭിമുഖീകരിക്കേണ്ടിവന്നു: വൈദ്യശാസ്‌ത്ര രംഗത്ത്‌ തിളങ്ങാൻ കഴിയുന്ന ഒരു തൊഴിൽ തിരഞ്ഞെടുക്കണമോ അതോ മുഴുസമയ ശുശ്രൂഷ ഏറ്റെടുക്കണമോ? “ഒരു ഡോക്ടറുടെ ജോലി സംതൃപ്‌തിദായകമാണ്‌. പക്ഷേ സത്യം അറിയാൻ അനേകരെ സഹായിച്ചപ്പോൾ എനിക്കു ലഭിച്ച ചാരിതാർഥ്യം! അതിന്റെ മുന്നിൽ മറ്റെല്ലാം നിഷ്‌പ്രഭമാകുന്നു. ജീവിതം ശരിക്കും ആസ്വദിക്കാൻ മുഴുസമയ ശുശ്രൂഷ എന്നെ സഹായിച്ചു. തുടങ്ങിയതു വൈകിപ്പോയി എന്നൊരു ദുഃഖം മാത്രമേയുള്ളൂ എനിക്ക്‌,” അദ്ദേഹം പറയുന്നു.

18. യേശുവിന്റെ ഭൗമിക ജീവിതം അർഥപൂർണമായിരുന്നെന്നു പറയാനാകുന്നത്‌ എന്തുകൊണ്ട്‌?

18 അങ്ങനെയെങ്കിൽ, വിലപ്പെട്ട എന്തു സ്വന്തമാക്കാനാണു നാം യത്‌നിക്കേണ്ടത്‌? സഭാപ്രസംഗി പറയുന്നു: “നല്ല പേർ സുഗന്ധതൈലത്തെക്കാളും മരണദിവസം ജനനദിവസത്തെക്കാളും ഉത്തമം.” (സഭാ. 7:1) യേശുവിന്റെ ജീവിതമാണ്‌ ഇതിന്റെ മകുടോദാഹരണം. യേശു യഹോവയുടെ മുമ്പാകെ എത്ര നല്ല പേരാണു സമ്പാദിച്ചത്‌! മരണത്തോളം വിശ്വസ്‌തത പാലിക്കുകവഴി, തന്റെ പിതാവിന്റെ പരമാധികാരത്തിന്റെ ഔചിത്യം സ്ഥിരീകരിക്കുകയും നമ്മെ രക്ഷയിലേക്കു നയിക്കുന്ന മറുവില പ്രദാനംചെയ്യുകയുമായിരുന്നു യേശു. (മത്താ. 20:28) ഏതാനും വർഷങ്ങളേ ഭൂമിയിൽ ഉണ്ടായിരുന്നുള്ളുവെങ്കിലും അർഥപൂർണവും അനുകരണാർഹവുമായ ജീവിതത്തിന്റെ തികഞ്ഞ മാതൃകയാണ്‌ യേശു വെച്ചത്‌.—1 കൊരി. 11:1; 1 പത്രൊ. 2:21.

19. ശലോമോൻ ജ്ഞാനപൂർവമായ എന്ത്‌ ഉപദേശം നൽകി?

19 നമുക്കും നല്ലൊരു പേര്‌ സമ്പാദിക്കാനാകും. ദൈവമുമ്പാകെയുള്ള സത്‌കീർത്തി സമ്പത്തിനെക്കാൾ എത്രയോ വിലയേറിയതാണ്‌! (മത്തായി 6:19-21 വായിക്കുക.) ജീവിതം സമ്പന്നമാക്കുന്നതും ദൈവത്തെ പ്രസാദിപ്പിക്കുന്നതുമായ കാര്യങ്ങൾ ചെയ്യാൻ ദിവസവും നമുക്കു വഴി കണ്ടെത്താം. മറ്റുള്ളവരുമായി സുവാർത്ത പങ്കുവെക്കുക, കുടുംബജീവിതം ബലിഷ്‌ഠമാക്കുക, വ്യക്തിപരമായ പഠനത്തിലൂടെയും യോഗഹാജരിലൂടെയും യഹോവയുമായുള്ള ബന്ധം ശക്തിപ്പെടുത്തുക തുടങ്ങിയവ ഏതാനും ഉദാഹരണങ്ങൾ മാത്രം. (സഭാ. 11:6; എബ്രാ. 13:16) അങ്ങനെയെങ്കിൽ, അർഥപൂർണമായ ഒരു ജീവിതം വേണമെന്ന്‌ നിങ്ങൾക്ക്‌ ആഗ്രഹമുണ്ടോ? ഉണ്ടെങ്കിൽ ശലോമോന്റെ പിൻവരുന്ന വാക്കുകൾ അനുസരിക്കുന്നതിൽ തുടരുക: “ദൈവത്തെ ഭയപ്പെട്ടു അവന്റെ കല്‌പനകളെ പ്രമാണിച്ചുകൊൾക; അതു ആകുന്നു സകല മനുഷ്യർക്കും വേണ്ടുന്നത്‌.”—സഭാ. 12:13.

[അടിക്കുറിപ്പുകൾ]

^ ഖ. 10 666 താലന്ത്‌ (22,000 കിലോയിലധികം) സ്വർണമാണ്‌ ഓരോ വർഷവും അടിസ്ഥാനവരുമാനമായി ശലോമോനു ലഭിച്ചിരുന്നത്‌.—2 ദിന. 9:13.

^ ഖ. 12 യഥാർഥ പേരല്ല.

നിങ്ങളുടെ ഉത്തരമെന്ത്‌?

• ജീവിതലക്ഷ്യങ്ങൾ സഗൗരവം വിലയിരുത്താൻ എന്തു നമ്മെ പ്രചോദിപ്പിക്കണം?

• ഉല്ലാസം തേടുന്നതിനെയും വസ്‌തുവകകൾ സ്വന്തമാക്കുന്നതിനെയും നാം എങ്ങനെ വീക്ഷിക്കണം?

• ഏതു ജോലിയാണ്‌ നിലനിൽക്കുന്ന സംതൃപ്‌തിയേകുന്നത്‌?

• വിലപ്പെട്ട എന്തു നേടാനാണ്‌ നാം യത്‌നിക്കേണ്ടത്‌?

[അധ്യയന ചോദ്യങ്ങൾ]

[23-ാം പേജിലെ ചിത്രം]

ജീവിതത്തിൽ വിനോദത്തിനുള്ള സ്ഥാനമെന്ത്‌?

[24-ാം പേജിലെ ചിത്രം]

പ്രസംഗവേല സംതൃപ്‌തിദായകമാക്കുന്നത്‌ എന്ത്‌?