നിങ്ങൾ ഓർമിക്കുന്നുവോ?
നിങ്ങൾ ഓർമിക്കുന്നുവോ?
വീക്ഷാഗോപുരത്തിന്റെ അടുത്തകാലത്തെ ലക്കങ്ങളുടെ വായന നിങ്ങൾ ആസ്വദിച്ചുകാണുമല്ലോ. ഇപ്പോൾ, പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ നിങ്ങൾക്കാകുമോ എന്നു നോക്കുക:
• ജ്യോതിഷക്കാർ യേശുവിനെ സന്ദർശിച്ചത് എപ്പോഴാണ്?
ഒരു ബൈബിൾ ഭാഷാന്തരം ഇങ്ങനെ അഭിപ്രായപ്പെടുന്നു: “ഇടയന്മാർ ചെയ്‌തതുപോലെ, ജ്യോതിഷക്കാർ യേശു ജനിച്ച രാത്രിയിൽ കാലിത്തൊഴുത്തിൽ ചെന്ന് ശിശുവിനെ കാണുക ആയിരുന്നില്ല. ചില മാസങ്ങൾക്കുശേഷമാണ് അവർ ‘കുട്ടിയെ’ കാണുന്നത്, അതും അവന്റെ ‘വീട്ടിൽവെച്ച്.’” (മത്താ. 2:7-11) യേശു ജനിച്ച രാത്രിയിൽ ജ്യോതിഷക്കാർ അവനെ സന്ദർശിച്ച് സ്വർണവും മറ്റു വിലപിടിപ്പുള്ള സമ്മാനങ്ങളും നൽകിയിരുന്നെങ്കിൽ, 40 ദിവസത്തിനുശേഷം യേശുവിനെ യെരൂശലേമിലെ ആലയത്തിൽ സമർപ്പിച്ച വേളയിൽ മറിയ രണ്ടു പ്രാവുകളെ മാത്രം സമർപ്പിക്കാനുള്ള സാധ്യത തീരെ കുറവായിരുന്നു.—1/1 പേജ് 31.
• ജീവിതം ധന്യമാക്കാൻ പലർക്കും എന്തുചെയ്യാൻ സാധിക്കും?
“ജീവിത സാഹചര്യങ്ങളിൽ മാറ്റംവരുത്താനും ജീവിതം ലളിതമാക്കാനും സാധിക്കുമോ” എന്ന് ഒരാൾ ചിന്തിച്ചേക്കാം. എമിക്ക് അതു സാധിച്ചു. ഒരുകാലത്ത് എമിക്ക് കൈനിറയെ പണം ഉണ്ടായിരുന്നുവെങ്കിലും അവൾ സന്തോഷവതിയായിരുന്നില്ല. ഈ ലോകം വെച്ചുനീട്ടുന്നതിന്റെ പിന്നാലെയുള്ള പരക്കംപാച്ചൽ തന്നെ ‘വിശ്വാസം വിട്ടുഴലുന്നതിന്റെ’ വക്കോളമെത്തിച്ചിരിക്കുന്നു എന്ന് അവൾ ഒടുവിൽ തിരിച്ചറിഞ്ഞു. അതുകൊണ്ട്, രാജ്യതാത്‌പര്യങ്ങൾ ഒന്നാമതുവെച്ചു പ്രവർത്തിക്കാൻ അവൾ തീരുമാനിച്ചു, കുറച്ചുകാലം പയനിയറിങ്ങും നടത്തി. എമി പറയുന്നു, “ഈ ലോകത്തിനുവേണ്ടി എന്റെ ഊർജമേറെയും ചെലവഴിച്ച കാലത്തൊന്നും അനുഭവിച്ചറിയാത്ത ചാരിതാർഥ്യം ഇപ്പോൾ എനിക്കുണ്ട്.”—1/15, പേജ് 19.
• സംതൃപ്‌തി കണ്ടെത്താൻ ചില അമ്മമാരെ സഹായിച്ചിരിക്കുന്നത് എന്താണ്?
പല കാരണങ്ങൾകൊണ്ടും ജോലിക്കു പോകുന്നവരാണ് ഇന്നു മിക്ക അമ്മമാരും. ചിലർ കുടുംബത്തിന്റെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിനുവേണ്ടി, മറ്റു ചിലർ സാമ്പത്തിക സ്വാതന്ത്ര്യം ലഭിക്കുന്നതിന് അല്ലെങ്കിൽ ആഢംബരത്തിനുള്ള പണം കണ്ടെത്തുന്നതിനുവേണ്ടി. ഇനിയും ചിലരാകട്ടെ അവരുടെ ജോലി ഇഷ്ടപ്പെടുന്നു. കുടുംബജീവിതത്തിൽ ക്രിസ്‌തീയ അമ്മമാരുടെ പങ്ക് വളരെ നിർണായകമാണ്, വിശേഷിച്ചും കുട്ടികളുടെ ശൈശവത്തിൽ. കുടുംബത്തിനു വേണ്ടത്ര ശ്രദ്ധനൽകാനായി ചിലർ പാർട്ട്-ടൈം ജോലി സ്വീകരിക്കുകയോ ജോലി വിടുകയോപോലും ചെയ്‌തിരിക്കുന്നു. അത് അവർക്ക് വലിയ സംതൃപ്‌തി കൈവരുത്തിയിരിക്കുന്നു.—4/1, പേജ് 18-21.
• മത്തായി 24:34-ൽ യേശു ഏതു “തലമുറ”യെക്കുറിച്ചാണു പരാമർശിക്കുന്നത്?
ദുഷ്ടജനങ്ങളോടോ അവരെക്കുറിച്ചോ സംസാരിച്ചപ്പോൾ മോശമായ ധ്വനിയോടെ ആയിരുന്നു പലപ്പോഴും യേശു “തലമുറ” എന്ന പദം ഉപയോഗിച്ചത്. എന്നാൽ ഇവിടെ, താമസിയാതെ പരിശുദ്ധാത്മാഭിഷേകം പ്രാപിക്കാനിരുന്ന തന്റെ ശിഷ്യന്മാരോടു സംസാരിച്ചപ്പോൾ, അങ്ങനെയൊരു ധ്വനിയോടെ അല്ല യേശു ആ പദം ഉപയോഗിച്ചത്. മത്തായി 24:32, 33-ൽ പരാമർശിച്ചിരിക്കുന്ന നിഗമനങ്ങളിലെത്താൻ ഏറ്റവും മെച്ചമായി സാധിക്കുമായിരുന്നത് അവർക്കായിരുന്നു. അതുകൊണ്ട്, ഒന്നാം നൂറ്റാണ്ടിലെയും ആധുനിക കാലത്തെയും അഭിഷിക്ത അനുഗാമികളെയാണ് യേശു പരാമർശിച്ചത് എന്ന് അനുമാനിക്കാം.—2/15, പേജ് 23-24.
• യാക്കോബ് 3:17-നു ചേർച്ചയിൽ നാം ഏതൊക്കെ ഗുണങ്ങൾ പ്രകടമാക്കണം?
നിർമലരായിരിക്കുന്നതിന് തിന്മയായ കാര്യങ്ങൾ നാം സത്വരം നിരാകരിക്കണം. (ഉല്‌പ. 39:7-9) ആക്രമണസ്വഭാവവും സമാധാനത്തിനു തുരങ്കംവെക്കുന്ന പ്രവൃത്തികളും ഒഴിവാക്കിക്കൊണ്ട് നാം സമാധാനപ്രിയരും ആയിരിക്കേണ്ടതുണ്ട്. അതുകൊണ്ട് നാം ഓരോരുത്തരും പിൻവരുന്ന ചോദ്യങ്ങൾ ചോദിക്കുന്നതു നന്നായിരിക്കും: ‘സമാധാനം ഉണ്ടാക്കുന്നവൻ എന്ന നിലയിലാണോ സമാധാനം തകർക്കുന്നവൻ എന്ന നിലയിലാണോ ഞാൻ സഭയിൽ അറിയപ്പെടുന്നത്? പലപ്പോഴും എനിക്കു മറ്റുള്ളവരുമായി യോജിക്കാൻ കഴിയാതെ വരാറുണ്ടോ? പെട്ടെന്നു മുറിപ്പെടുന്നവനും മുറിപ്പെടുത്തുന്നവനുമാണോ ഞാൻ? സ്വന്തം വ്യക്തിത്വത്തെ എല്ലാവരും അംഗീകരിക്കണമെന്നു നിർബന്ധം പിടിക്കാതെ ഞാൻ ക്ഷമിക്കാൻ തയ്യാറാണോ?—3/15, പേജ് 24-25.