യുവജനങ്ങളേ, യൗവനത്തിൽ നിങ്ങളുടെ മഹാസ്രഷ്ടാവിനെ ഓർക്കുക
യുവജനങ്ങളേ, യൗവനത്തിൽ നിങ്ങളുടെ മഹാസ്രഷ്ടാവിനെ ഓർക്കുക
“യൌവനകാലത്തു നിന്റെ സ്രഷ്ടാവിനെ ഓർത്തുകൊൾക.”—സഭാ. 12:1.
1. യഹോവ തന്റെ യുവ ആരാധകരിൽ വിശ്വാസം പ്രകടമാക്കിയിരിക്കുന്നത് എങ്ങനെ?
അമൂല്യവും മഞ്ഞുതുള്ളികൾപോലെ ഹർഷദായകവും! അങ്ങനെയാണ് യഹോവ ക്രിസ്‌തീയ യുവാക്കളെ വീക്ഷിക്കുന്നത്. തന്റെ പുത്രന്റെ “സേനാദിവസത്തിൽ” അവനെ സേവിച്ചുകൊണ്ട് യുവതീയുവാക്കൾ തങ്ങളെത്തന്നെ “സ്വമേധാദാനമായി” അർപ്പിക്കുമെന്ന് യഹോവ മുൻകൂട്ടിപ്പറഞ്ഞു. (സങ്കീ. 110:3) മനുഷ്യർ പൊതുവെ അഭക്തരും സ്വാർഥരും പണസ്‌നേഹികളും അനുസരണംകെട്ടവരും ആയിരിക്കുന്ന ഇക്കാലത്തോടുള്ള ബന്ധത്തിലായിരുന്നു ആ പ്രവചനം! തന്റെ യുവ ആരാധകർ വ്യത്യസ്‌തരായിരിക്കുമെന്ന് യഹോവയ്‌ക്ക് അറിയാമായിരുന്നു. യുവസഹോദരങ്ങളേ, എന്തൊരു വിശ്വാസമാണ് യഹോവയ്‌ക്കു നിങ്ങളിലുള്ളത്!
2. യഹോവയെ ഓർമിക്കുന്നതിൽ എന്ത് ഉൾപ്പെടുന്നു?
2 മഹാസ്രഷ്ടാവായ തന്നെ ഓർമിക്കുന്ന യുവാക്കളെ കാണുമ്പോൾ യഹോവയ്‌ക്കുണ്ടാകുന്ന സന്തോഷം ഒന്നു സങ്കൽപ്പിച്ചുനോക്കൂ! (സഭാ. 12:1) യഹോവയെ ഓർക്കുകയെന്നാൽ കേവലം അവനെക്കുറിച്ചു ചിന്തിക്കുക എന്നല്ല, അവനു പ്രസാദകരമായ കാര്യങ്ങൾ ചെയ്യുക എന്നും അവന്റെ നിയമങ്ങൾക്കും തത്ത്വങ്ങൾക്കും ചേർച്ചയിൽ അനുദിനം ജീവിക്കുക എന്നുമാണ് അർഥം. നമ്മുടെ നന്മ ഒന്നുമാത്രമാണ് അവന്റെ ലക്ഷ്യമെന്ന് ഓർത്തുകൊണ്ട് അവനിൽ ആശ്രയിക്കുന്നതും അതിൽപ്പെടുന്നു. (സങ്കീ. 37:3; യെശ. 48:17, 18) നിങ്ങളുടെ മഹാസ്രഷ്ടാവിനെക്കുറിച്ച് അങ്ങനെയാണോ നിങ്ങൾക്കു തോന്നുന്നത്?
“പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക”
3, 4. യേശു യഹോവയിലുള്ള ആശ്രയം പ്രകടമാക്കിയത് എങ്ങനെ, ഇന്നു യഹോവയിൽ ആശ്രയിക്കുന്നതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
3 ദൈവത്തിൽ ആശ്രയിക്കുന്ന കാര്യത്തിൽ ഏറ്റവും നല്ല മാതൃകവെച്ചത് യേശുക്രിസ്‌തുവാണ്. “പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്ത വിവേകത്തിൽ ഊന്നരുതു. നിന്റെ എല്ലാവഴികളിലും അവനെ നിനെച്ചുകൊൾക; അവൻ നിന്റെ പാതകളെ നേരെയാക്കും” എന്ന വാക്കുകൾക്കു ചേർച്ചയിലായിരുന്നു അവന്റെ ജീവിതം. (സദൃ. 3:5, 6) യേശു സ്‌നാനമേറ്റ് അധികം വൈകാതെ സാത്താൻ അവനെ സമീപിച്ച് ഈ ലോകത്തിന്റെ അധികാരവും മഹത്ത്വവും വാഗ്‌ദാനം ചെയ്‌തുകൊണ്ട് അവനെ പ്രലോഭിപ്പിച്ചു. (ലൂക്കൊ. 4:3-13) പക്ഷേ യേശു അതിൽ വീണില്ല. “താഴ്‌മെക്കും യഹോവഭക്തിക്കും ഉള്ള പ്രതിഫലം” യഥാർഥ “ധനവും മാനവും ജീവനു”മാണെന്ന് അവനറിയാമായിരുന്നു.—സദൃ. 22:4.
4 അത്യാഗ്രഹവും സ്വാർഥതയും അരങ്ങുവാഴുന്ന ഇക്കാലത്ത് നാം യേശുവിന്റെ മാതൃക പിൻപറ്റണം. ജീവനിലേക്കുള്ള ഇടുങ്ങിയ പാതയിൽനിന്നു യഹോവയുടെ ദാസന്മാരെ തെറ്റിച്ചുകളയാൻ സാത്താൻ ആകുന്നതെല്ലാം ചെയ്യുമെന്ന കാര്യവും ഓർക്കുക. നാശത്തിലേക്കുള്ള വിശാലമായ പാതയിൽ എല്ലാവരും സഞ്ചരിച്ചുകാണാനാണ് അവൻ ആഗ്രഹിക്കുന്നത്. അവന്റെ ചതിയിൽ പെട്ടുപോകരുത്. നിങ്ങളുടെ മഹാസ്രഷ്ടാവിനെ സദാ മനസ്സിൽ അടുപ്പിച്ചുനിറുത്തുക. പൂർണമായി അവനിൽ ആശ്രയിക്കുക, സുനിശ്ചിതവും ആസന്നവുമായ “സാക്ഷാലുള്ള ജീവനെ” പിടിച്ചുകൊള്ളുക.—1 തിമൊ. 6:19.
യുവാക്കളേ, ജ്ഞാനികളായി വർത്തിക്കുക
5. ഈ ലോകത്തിന്റെ ഭാവി സംബന്ധിച്ച് നിങ്ങൾക്ക് എന്തു തോന്നുന്നു?
5 തങ്ങളുടെ മഹാസ്രഷ്ടാവിനെ ഓർക്കുന്ന യുവാക്കൾ അവരുടെ സമപ്രായക്കാരെക്കാൾ ജ്ഞാനികളാണ്. (സങ്കീർത്തനം 119:99, 100 വായിക്കുക.) ദൈവത്തിന്റെ വീക്ഷണമുള്ളതിനാൽ, ഈ ലോകത്തിന്റെ ഭാവി ഇരുളടഞ്ഞതാണെന്ന് അവർക്കു നന്നായി അറിയാം. ഭാവി സംബന്ധിച്ച് ആളുകൾക്കുള്ള ഭയാശങ്കകൾ വർധിച്ചുവരുന്നതായി യുവാക്കളായ നിങ്ങൾ ഇതിനോടകം തിരിച്ചറിഞ്ഞിരിക്കുമല്ലോ. നിങ്ങളൊരു വിദ്യാർഥിയാണെങ്കിൽ മലിനീകരണം, ആഗോളതപനം, വനനശീകരണം തുടങ്ങിയ പ്രശ്‌നങ്ങളെക്കുറിച്ചു കേട്ടിട്ടുണ്ടാകും. അവയെല്ലാം ആളുകളെ അങ്ങേയറ്റം അസ്വസ്ഥരാക്കുന്നുവെങ്കിലും, സാത്താന്റെ ലോകത്തിന്റെ അന്ത്യത്തെ കുറിക്കുന്ന അടയാളത്തിന്റെ ഭാഗമാണ് അവയെന്ന് യഹോവയുടെ സാക്ഷികൾ മാത്രമേ കൃത്യമായി തിരിച്ചറിയുന്നുള്ളൂ.—വെളി. 11:18.
6. ചില ചെറുപ്പക്കാർ വഞ്ചിക്കപ്പെട്ടിരിക്കുന്നത് എങ്ങനെ?
6 സങ്കടകരമെന്നു പറയട്ടെ, ചില യുവസാക്ഷികൾ ജാഗ്രത കൈവെടിയുകയും ഈ ലോകത്തിന്റെ സമയം തീരാറായിരിക്കുന്നുവെന്ന സത്യം മറന്നുകളയുകയും ചെയ്‌തിരിക്കുന്നു. (2 പത്രൊ. 3:3, 4) ഗുരുതരമായ പാപങ്ങൾ ചെയ്യാൻ ചീത്ത സഹവാസവും അശ്ലീലവും മറ്റുചിലരെ പ്രലോഭിപ്പിച്ചിരിക്കുന്നു. (സദൃ. 13:20) അന്ത്യത്തോട് ഇത്രമാത്രം അടുത്തിരിക്കുന്ന ഈ സമയത്ത് ദൈവത്തിന്റെ പ്രീതി നഷ്ടമാകുന്നെങ്കിൽ അതെത്ര പരിതാപകരമായിരിക്കും! അതുകൊണ്ട് ഇസ്രായേല്യരുടെ അനുഭവത്തിൽനിന്നു നമുക്കു പഠിക്കാം. ബി.സി. 1473-ൽ, അവർ വാഗ്‌ദത്തദേശത്തു പ്രവേശിക്കുന്നതിനു തൊട്ടുമുമ്പ് മോവാബ് സമഭൂമിയിൽ എന്താണു സംഭവിച്ചതെന്നു നമുക്കു നോക്കാം.
അവസാന നിമിഷം അവർ വീണുപോയി!
7, 8. (എ) എന്തു തന്ത്രമാണ് സാത്താൻ മോവാബ് സമഭൂമിയിൽ പ്രയോഗിച്ചത്? (ബി) ഇന്ന് അവൻ എന്തു തന്ത്രം പ്രയോഗിക്കുന്നു?
7 ഇസ്രായേല്യർ വാഗ്‌ദത്തദേശം കൈവശമാക്കുന്ന കാര്യം സാത്താനു ചിന്തിക്കാനേ കഴിയുമായിരുന്നില്ല. പ്രവാചകനായ ബിലെയാമിനെക്കൊണ്ട് അവരെ ശപിക്കാനുള്ള ഉദ്യമം പരാജയപ്പെട്ടതിനെത്തുടർന്ന്, ഏറെ കുടിലമായ ഒരു തന്ത്രം അവൻ പ്രയോഗിച്ചു—മോവാബ്യസ്‌ത്രീകളെ ഉപയോഗിച്ച് അവരെ വശീകരിക്കുക, അങ്ങനെ അവരെ യഹോവയുടെ അപ്രീതിക്കു പാത്രമാക്കുക! അത് ഒരു പരിധിവരെ വിജയംകണ്ടു. ജനം മോവാബ്യസ്‌ത്രീകളുമായി പരസംഗം ചെയ്യുകയും ബാൽപെയോരിനെ നമസ്‌കരിക്കുകയും ചെയ്‌തു. തങ്ങൾ കാത്തുകാത്തിരുന്ന വാഗ്‌ദത്തദേശം തൊട്ടടുത്തായിരുന്നെങ്കിലും ഉദ്ദേശം 24,000 ഇസ്രായേല്യർക്കു ജീവൻ നഷ്ടമാകാൻ അതിടയാക്കി. എത്ര ദാരുണം!—സംഖ്യാ. 25:1-3, 9.
8 ദൈവത്തിന്റെ പുതിയ വ്യവസ്ഥിതിയാകുന്ന മഹത്തായ ഒരു വാഗ്‌ദത്തദേശത്തിന്റെ കവാടത്തിലാണ് ഇന്നു നാം. തന്റെ പതിവുരീതിക്കു ചേർച്ചയിൽ, ലൈംഗിക അധാർമികതയിലൂടെ ദൈവജനത്തെ ദുഷിപ്പിക്കാൻ സാത്താൻ ഇന്നും ശ്രമിക്കുകയാണ്. ലോകത്തിന്റെ ധാർമിക നിലവാരങ്ങൾ അമ്പെ അധഃപതിച്ചിരിക്കുന്നു, പരസംഗം ഒരു സാധാരണ സംഗതിയായും സ്വവർഗഭോഗം ഇഷ്ടാനുസരണം സ്വീകരിക്കാവുന്ന ഒരു നടപടിയായും വീക്ഷിക്കപ്പെടുന്നു. “സ്വവർഗഭോഗവും വിവാഹേതര ലൈംഗികതയും ദൈവദൃഷ്ടിയിൽ തെറ്റാണെന്ന് വീട്ടിൽനിന്നും രാജ്യഹാളിൽനിന്നും മാത്രമേ എന്റെ കുട്ടികൾക്കു പഠിക്കാൻ കഴിയുന്നുള്ളൂ” എന്ന് ഒരു സഹോദരി പറയുന്നു.
9. “യൗവനത്തിന്റെ വസന്ത”ത്തിൽ എന്തു സംഭവിച്ചേക്കാം, അതു സംബന്ധിച്ച് ചെറുപ്പക്കാർക്ക് എന്തു ചെയ്യാനാകും?
9 ജീവനും സന്താനോത്‌പാദനവുമായി ബന്ധപ്പെട്ട് ദൈവം നൽകിയിരിക്കുന്ന പവിത്രമായ ഒരു അനുഗ്രഹമാണ് ലൈംഗികബന്ധം എന്ന് തങ്ങളുടെ മഹാസ്രഷ്ടാവിനെ ഓർക്കുന്ന യുവാക്കൾക്ക് അറിയാം. അതുകൊണ്ട് ദൈവം ഉദ്ദേശിച്ചിരിക്കുന്നപ്രകാരം ദാമ്പത്യത്തിനുള്ളിൽ മാത്രമേ അതിനു സ്ഥാനമുള്ളൂ എന്ന് അവർ തിരിച്ചറിയുന്നു. (എബ്രാ. 13:4) എന്നാൽ ചിന്താപ്രാപ്‌തിയെ വികലമാക്കാൻ കഴിയുന്ന അളവോളം ലൈംഗിക വികാരങ്ങൾ ശക്തമായിത്തീരുന്ന “യൗവനത്തിന്റെ വസന്ത”ത്തിൽ പരിശുദ്ധി കാക്കുക ബുദ്ധിമുട്ടായിരുന്നേക്കാം. (1 കൊരി. 7:36, പി.ഒ.സി. ബൈബിൾ) അശുദ്ധ ചിന്തകൾ മനസ്സിലുദിക്കുന്നപക്ഷം നിങ്ങൾക്ക് എന്തു ചെയ്യാനാകും? നിർമലമായ കാര്യങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കാനുള്ള സഹായത്തിനായി യഹോവയോടു മുട്ടിപ്പായി പ്രാർഥിക്കുക. ആത്മാർഥമായി തന്റെ സഹായം തേടുന്നവരെ അവൻ ഒരിക്കലും കൈവിടില്ല. (ലൂക്കൊസ് 11:9-13 വായിക്കുക.) മനസ്സിനെ ശരിയായ പാതയിലേക്കു തിരികെക്കൊണ്ടുവരാൻ, പരിപുഷ്ടിപ്പെടുത്തുന്ന സംഭാഷണങ്ങളും സഹായിക്കും.
ജ്ഞാനപൂർവം ലാക്കുകൾ വെക്കുക
10. തെറ്റായ ഏതു മനോഭാവം നാം ഒഴിവാക്കണം, നമ്മോടുതന്നെ ഏതു ചോദ്യങ്ങൾ ചോദിക്കാനാകും?
10 ലോകക്കാരായ യുവജനങ്ങൾ കുത്തഴിഞ്ഞ ജീവിതം നയിക്കുകയും സുഖാസക്തികൾക്കായി ജീവിതം ഉഴിഞ്ഞുവെക്കുകയും ചെയ്യുന്നതിന്റെ ഒരു കാരണം അവർക്കു ദിവ്യമാർഗനിർദേശമോ ഭാവിയെക്കുറിച്ചു ശുഭാപ്‌തിവിശ്വാസമോ ഇല്ല എന്നതാണ്. (സദൃ. 29:18) യെശയ്യാവിന്റെ നാളിൽ ‘ആനന്ദത്തിനും സന്തോഷത്തിനും ഇറച്ചി തിന്നുന്നതിനും വീഞ്ഞു കുടിക്കുന്നതിനുമായി’ ജീവിച്ച അഭക്തരായ ഇസ്രായേല്യരെപ്പോലെയാണവർ. (യെശ. 22:13) അങ്ങനെയുള്ളവരെപ്രതി അസൂയപ്പെടുന്നതിനു പകരം യഹോവ തന്റെ വിശ്വസ്‌തർക്കായി കരുതിയിരിക്കുന്ന അമൂല്യമായ പ്രത്യാശയെക്കുറിച്ചു ചിന്തിക്കരുതോ? യഹോവയുടെ യുവസാക്ഷികളായ നിങ്ങൾ പുതിയ ലോകത്തിനായി ആകാംക്ഷാപൂർവം കാത്തിരിക്കുന്നുവോ? യഹോവ നിങ്ങൾക്കുമുമ്പാകെ വെച്ചിരിക്കുന്ന “ഭാഗ്യകരമായ പ്രത്യാശെക്കായി” കാത്തിരിക്കവേ, ‘സുബോധത്തോടെ’ ജീവിക്കാൻ നിങ്ങൾ പരമാവധി ശ്രമിക്കുന്നുവോ? (തീത്തൊ. 2:12, 13) ഇവയ്‌ക്കുള്ള ഉത്തരം നിങ്ങളുടെ ലക്ഷ്യങ്ങളെയും മുൻഗണനകളെയും സ്വാധീനിക്കും.
11. സ്‌കൂൾവിദ്യാർഥികളായ ക്രിസ്‌തീയ യുവാക്കൾ നന്നായി പഠിക്കേണ്ടത് എന്തുകൊണ്ട്?
11 ലൗകിക അനുധാവനങ്ങൾക്കായി ജീവിതം അർപ്പിക്കാൻ ലോകം യുവാക്കളെ പ്രോത്സാഹിപ്പിക്കുന്നു. നിങ്ങളൊരു സ്‌കൂൾവിദ്യാർഥിയാണെങ്കിൽ മികച്ച അടിസ്ഥാന വിദ്യാഭ്യാസം നേടാൻ നന്നായി പഠിക്കുക. എന്നാൽ അനുയോജ്യമായ ഒരു തൊഴിൽ കണ്ടെത്തുക എന്നതിലുപരി സമർഥനായ ഒരു രാജ്യഘോഷകനും സഭയ്‌ക്കൊരു മുതൽക്കൂട്ടും ആയിത്തീരുക എന്നതായിരിക്കണം നിങ്ങളുടെ ലക്ഷ്യം. അതിനായി നല്ല നിലയിൽ ആശയവിനിമയം ചെയ്യാനും യുക്തിസഹമായി ചിന്തിക്കാനും സൗമ്യതയോടും ആദരവോടും കൂടെ ന്യായവാദം ചെയ്യാനും നിങ്ങൾ പഠിക്കേണ്ടതുണ്ട്. ബൈബിൾ പഠിക്കുകയും അതിലെ തത്ത്വങ്ങൾ ബാധകമാക്കാൻ ശ്രമിക്കുകയും ചെയ്യുന്ന യുവജനങ്ങൾക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസമാണു ലഭിക്കുന്നത്. വിജയപ്രദവും ശാശ്വതവുമായ ഒരു ഭാവിക്ക് അടിസ്ഥാനമിടാൻ അതവരെ സഹായിക്കുന്നു.—സങ്കീർത്തനം 1:1-3 വായിക്കുക. *
12. ക്രിസ്‌തീയ കുടുംബങ്ങൾ ഏതു മാതൃക പിൻപറ്റണം?
12 ഇസ്രായേല്യരുടെ കാലത്ത് മക്കളെ പഠിപ്പിക്കുകയെന്നതു മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം ഗൗരവമേറിയ ഒരു കാര്യമായിരുന്നു. ജീവിതത്തിന്റെ എല്ലാ മേഖലകളോടും ബന്ധപ്പെട്ടതായിരുന്നു ആ വിദ്യാഭ്യാസം, വിശേഷിച്ചും ആത്മീയ കാര്യങ്ങളോട്. (ആവ. 6:6, 7) അതുകൊണ്ട് മാതാപിതാക്കൾക്കും ദൈവഭക്തരായ മുതിർന്നവർക്കും ചെവികൊടുത്ത ഇസ്രായേല്യ യുവാക്കൾ, അറിവിനു പുറമേ ജ്ഞാനവും ഉൾക്കാഴ്‌ചയും വിവേകവും ചിന്താപ്രാപ്‌തിയും നേടിയെടുത്തു—ദൈവിക വിദ്യാഭ്യാസത്തിലൂടെ ലഭിക്കുന്ന അപൂർവ ഗുണങ്ങളാണവ. (സദൃ. 1:2-4; 2:1-5, 11-15) ക്രിസ്‌തീയ കുടുംബങ്ങൾ ഇന്നു വിദ്യാഭ്യാസത്തിന് അതേ പ്രാധാന്യം കൽപ്പിക്കണം.
നിങ്ങളെ സ്‌നേഹിക്കുന്നവരുടെ വാക്കു കേൾക്കുക
13. ചില ചെറുപ്പക്കാർക്ക് എങ്ങനെയുള്ള ബുദ്ധിയുപദേശം ലഭിക്കുന്നു, അതു സംബന്ധിച്ച് അവർ ശ്രദ്ധയുള്ളവരായിരിക്കേണ്ടത് എന്തുകൊണ്ട്?
13 യുവാക്കളുടെ ഭൗതികമായ അഭ്യുന്നതിയെക്കുറിച്ചുമാത്രം ചിന്തയുള്ള സ്‌കൂളുപദേശകർ ഉൾപ്പെടെ പലരിൽനിന്നും അവർക്കു ബുദ്ധിയുപദേശം ലഭിക്കുന്നു. ദൈവവചനത്തിന്റെയും വിശ്വസ്‌തനും വിവേകിയുമായ അടിമ നൽകുന്ന ആത്മീയാഹാരത്തിന്റെയും വെളിച്ചത്തിൽ അത്തരം ഉപദേശങ്ങൾ പ്രാർഥനാപൂർവം തൂക്കിനോക്കുക. ചെറുപ്പക്കാരെയും അനുഭവപരിചയം കുറഞ്ഞവരെയുമാണ് സാത്താൻ മുഖ്യമായും ലക്ഷ്യമിടുന്നതെന്ന് ബൈബിളിൽനിന്നു നിങ്ങൾ പഠിച്ചിട്ടുണ്ടല്ലോ. ഉല്‌പ. 3:1-6.
അതിനൊരു ഉദാഹരണമാണ് ഏദെൻ തോട്ടത്തിൽ സംഭവിച്ചത്; അനുഭവപരിചയം കുറഞ്ഞ ഹവ്വാ, അപരിചിതനും തന്നെ ഒരിക്കലും സ്‌നേഹിച്ചിട്ടില്ലാത്തവനുമായ സാത്താന്റെ വാക്കുകൾക്കു ശ്രദ്ധകൊടുത്തു. തന്റെ സ്‌നേഹം പലവിധങ്ങളിൽ തെളിയിച്ച യഹോവയുടെ വാക്കു കേട്ടിരുന്നെങ്കിൽ അവളുടെ സ്ഥിതി എത്ര വ്യത്യസ്‌തമാകുമായിരുന്നു!—14. യഹോവയ്‌ക്കും അവനെ സ്‌നേഹിക്കുന്ന നിങ്ങളുടെ മാതാപിതാക്കൾക്കും ശ്രദ്ധകൊടുക്കേണ്ടത് എന്തുകൊണ്ട്?
14 നിങ്ങളുടെ മഹാസ്രഷ്ടാവ് നിങ്ങളെയും സ്‌നേഹിക്കുന്നു, തികച്ചും ശുദ്ധമായ ഒരു ആന്തരത്തോടെ. ഇപ്പോൾ മാത്രമല്ല എന്നെന്നും നിങ്ങൾ സന്തുഷ്ടരായിരിക്കണമെന്നാണ് അവന്റെ ആഗ്രഹം! അതുകൊണ്ട് കരുതലുള്ള ഒരു പിതാവിന്റെ ആർദ്രതയോടെ “വഴി ഇതാകുന്നു, ഇതിൽ നടന്നുകൊൾവിൻ” എന്ന് അവൻ നിങ്ങളോടും, തന്നെ ആരാധിക്കുന്ന സകലരോടും പറയുന്നു. (യെശ. 30:21) യഹോവയെ ആത്മാർഥമായി സ്‌നേഹിക്കുന്നവരാണു നിങ്ങളുടെ മാതാപിതാക്കളെങ്കിൽ അതു കൂടുതലായ ഒരനുഗ്രഹമാണ്. മുൻഗണനകളും ലക്ഷ്യങ്ങളും വെക്കുമ്പോൾ അവരുടെ ബുദ്ധിയുപദേശം ആദരപൂർവം കണക്കിലെടുക്കുക. (സദൃ. 1:8, 9) സമ്പത്തിനെക്കാളും ഈ ലോകത്തിലെ പ്രശസ്‌തിയെക്കാളും മൂല്യവത്തായ ഒന്ന്—നിത്യജീവൻ—നിങ്ങൾക്കു ലഭിക്കണമെന്നാണ് അവരുടെ ആഗ്രഹം.—മത്താ. 16:26.
15, 16. (എ) യഹോവയുടെ കരുതൽ സംബന്ധിച്ച് നമുക്ക് എന്തു ബോധ്യമുണ്ടായിരിക്കണം? (ബി) ബാരൂക്കിന്റെ ജീവിതത്തിൽനിന്ന് നാം ഏതു സുപ്രധാന പാഠം പഠിക്കുന്നു?
15 തങ്ങളുടെ മഹാസ്രഷ്ടാവിനെ ഓർക്കുന്നവർ, യഹോവ തങ്ങളെ “ഒരുനാളും കൈ വിടുകയില്ല, ഉപേക്ഷിക്കയുമില്ല” എന്ന ഉറച്ച ബോധ്യത്തോടെ ലളിത ജീവിതം നയിക്കുന്നു. (എബ്രായർ 13:5 വായിക്കുക.) ഈ നയം ലോകത്തിന് അന്യമായതിനാൽ ലോകത്തിന്റെ ആത്മാവു നമ്മെ സ്വാധീനിക്കാതിരിക്കാൻ നാം ശ്രദ്ധയുള്ളവരായിരിക്കണം. (എഫെ. 2:2) ബി.സി. 607-ലെ നാശത്തിനു തൊട്ടുമുമ്പുള്ള പ്രയാസകരമായ കാലത്ത് യെരൂശലേമിൽ ജീവിച്ചിരുന്നവനും യിരെമ്യാവിന്റെ സെക്രട്ടറിയുമായിരുന്ന ബാരൂക്കിന്റെ ദൃഷ്ടാന്തം ഇത്തരുണത്തിൽ ശ്രദ്ധേയമാണ്.
16 ബാരൂക്ക് സാമ്പത്തിക ഭദ്രതയുള്ള ഒരു ജീവിതം കാംക്ഷിച്ചിരിക്കാം. ഇക്കാര്യം ശ്രദ്ധിച്ച യഹോവ, “വലിയകാര്യങ്ങളെ” ആഗ്രഹിക്കരുതെന്ന് സദയം അവനു മുന്നറിയിപ്പു നൽകി. താഴ്‌മയോടും ജ്ഞാനത്തോടുംകൂടെ അതു ചെവിക്കൊണ്ട അവൻ യെരൂശലേമിന്റെ നാശത്തെ അതിജീവിച്ചു. (യിരെ. 45:2-5) ബാരൂക്കിന്റെ സമകാലികർ യഹോവയെ മാറ്റിനിറുത്തിക്കൊണ്ട് വലിയ ഭൗതിക നേട്ടങ്ങൾ കൈവരിച്ചെങ്കിലും താമസിയാതെ കൽദയർ (ബാബിലോണിയർ) അതെല്ലാം കൊള്ളയടിച്ചു, പലർക്കും ജീവൻ നഷ്ടമായി. (2 ദിന. 36:15-18) സമ്പത്തിനെക്കാളും ഈ ലോകത്തിലെ പ്രശസ്‌തിയെക്കാളുമെല്ലാം പ്രധാനം ദൈവവുമായുള്ള നല്ലൊരു ബന്ധമാണെന്നു കാണാൻ ബാരൂക്കിന്റെ അനുഭവം നമ്മെ സഹായിക്കുന്നു.
അനുകരണയോഗ്യരായ കഥാപാത്രങ്ങൾ
17. യേശുവും പൗലൊസും തിമൊഥെയൊസും യഹോവയുടെ ഇന്നത്തെ ദാസന്മാർക്കു മാതൃകയായിരിക്കുന്നത് എങ്ങനെ?
17 ജീവനിലേക്കുള്ള പാതയിൽ നമ്മെ കൈപിടിച്ചു നടത്തുന്ന നിരവധി ചരിത്ര കഥാപാത്രങ്ങളുടെ ദൃഷ്ടാന്തങ്ങൾ ദൈവവചനത്തിലുണ്ട്. ഒരു ഉദാഹരണമാണ് യേശു. ജീവിച്ചിരുന്നിട്ടുള്ളവരിലേക്കും പ്രതിഭാശാലിയായിരുന്നിട്ടും മറ്റുള്ളവർക്കു നിത്യപ്രയോജനം കൈവരുത്തുന്ന രാജ്യസുവാർത്തയിലാണ് അവൻ ശ്രദ്ധകേന്ദ്രീകരിച്ചത്. (ലൂക്കൊ. 4:43) യഹോവയെ ഏറ്റവും നന്നായി സേവിക്കാൻവേണ്ടി പൗലൊസ് അപ്പൊസ്‌തലൻ തന്റെ ഉയർന്ന തൊഴിൽ ഉപേക്ഷിക്കുകയും സുവാർത്താ പ്രസംഗത്തിനായി സമയവും ഊർജവും ചെലവഴിക്കുകയും ചെയ്‌തു. “വിശ്വാസത്തിൽ നിജപുത്രനായ” തിമൊഥെയൊസ് പൗലൊസിന്റെ ആ നല്ല ദൃഷ്ടാന്തം പിൻപറ്റി. (1 തിമൊ. 1:2) യേശുവും പൗലൊസും തിമൊഥെയൊസും തങ്ങളുടെ തിരഞ്ഞെടുപ്പിനെപ്രതി ഖേദിച്ചോ? ഒരിക്കലുമില്ല! ലോകത്തിനു നൽകാൻ കഴിയുന്നതെന്തും ദൈവസേവനത്തോടുള്ള താരതമ്യത്തിൽ വെറും ‘ചവറാണെന്ന്’ പൗലൊസ് പറഞ്ഞു.—ഫിലി. 3:8-11.
18. ഒരു യുവസഹോദരൻ തന്റെ ജീവിതത്തിൽ നിർണായകമായ എന്തു മാറ്റംവരുത്തി, അതിൽ അദ്ദേഹത്തിനു ഖേദമില്ലാത്തത് എന്തുകൊണ്ട്?
18 ഇന്നുള്ള അനേകം ക്രിസ്‌തീയ യുവാക്കൾ യേശുവിന്റെയും പൗലൊസിന്റെയും തിമൊഥെയൊസിന്റെയും മാതൃക അനുകരിക്കുന്നു. ഉദാഹരണത്തിന്, ഉയർന്ന ശമ്പളമുള്ള ജോലി ചെയ്‌തിരുന്ന ഒരു യുവസഹോദരൻ എഴുതുന്നു: “ബൈബിൾനിലവാരങ്ങൾക്കു ചേർച്ചയിലുള്ള ജീവിതം നിമിത്തം തുടരെത്തുടരെ എനിക്കു സ്ഥാനക്കയറ്റം കിട്ടി. സാമ്പത്തിക നേട്ടമുണ്ടായിരുന്നെങ്കിലും എല്ലാം ഒരു വൃഥാപ്രയത്‌നമായിട്ടാണ് എനിക്കു തോന്നിയത്. മുഴുസമയ ശുശ്രൂഷ ഏറ്റെടുക്കാൻ ആഗ്രഹിക്കുന്നതായി ഞാൻ മാനേജ്‌മെന്റിനെ അറിയിച്ചു. എങ്ങനെയും എന്നെ അവിടെ പിടിച്ചുനിറുത്താൻ ശ്രമിച്ച അവർ ശമ്പളം പിന്നെയും കൂട്ടിത്തരാമെന്നു പറഞ്ഞു. എന്റെ തീരുമാനം പക്ഷേ അന്തിമമായിരുന്നു. ഇത്രയും നല്ലൊരു തൊഴിൽ വിട്ടിട്ട് മുഴുസമയ സേവനം ഏറ്റെടുത്തത് എന്തുകൊണ്ടെന്നു പലർക്കും മനസ്സിലായില്ല. ദൈവത്തോടുള്ള സമർപ്പണത്തിനു ചേർച്ചയിൽ ജീവിക്കുക, അതു മാത്രമായിരുന്നു എന്റെ ആഗ്രഹം. ആത്മീയ കാര്യങ്ങളെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ എന്റെ ജീവിതം. പണത്തിനോ പ്രശസ്‌തിക്കോ ഒരിക്കലും നേടിത്തരാനാകാത്ത സന്തോഷവും ചാരിതാർഥ്യവും ഇന്നു ഞാൻ അനുഭവിക്കുന്നു.”
19. യുവജനങ്ങൾക്കുമുമ്പാകെ ജ്ഞാനപൂർവകമായ ഏതു തിരഞ്ഞെടുപ്പുണ്ട്?
19 ലോകമെങ്ങുമുള്ള ആയിരക്കണക്കിനു ചെറുപ്പക്കാർ ജ്ഞാനപൂർവം അത്തരം തീരുമാനങ്ങൾ എടുത്തിട്ടുണ്ട്. അതുകൊണ്ട് യുവാക്കളേ, ഭാവിയെക്കുറിച്ചു ചിന്തിക്കവേ യഹോവയുടെ ദിവസം മനസ്സിൽ അടുപ്പിച്ചുനിറുത്തുക. (2 പത്രൊ. 3:11, 12) ഭൗതികമായി വലിയ നേട്ടങ്ങൾ കൊയ്യുന്നവരെക്കണ്ട് അസൂയപ്പെടരുത്. പകരം നിങ്ങളെ ആത്മാർഥമായി സ്‌നേഹിക്കുന്നവർക്കു ചെവികൊടുക്കുക. “സ്വർഗ്ഗത്തിൽ നിക്ഷേപം” സ്വരൂപിക്കുന്നതാണ് ഏറ്റവും സുരക്ഷിതം. അതു മാത്രമാണു ശാശ്വത പ്രയോജനം കൈവരുത്തുന്നത്. (മത്താ. 6:19, 20; 1 യോഹന്നാൻ 2:15-17 വായിക്കുക.) എപ്പോഴും നിങ്ങളുടെ മഹാസ്രഷ്ടാവിനെ ഓർക്കുക, നിശ്ചയമായും അവൻ നിങ്ങളെ അനുഗ്രഹിക്കും.
[അടിക്കുറിപ്പ്]
^ ഖ. 11 ഉന്നത വിദ്യാഭ്യാസവും തൊഴിലും സംബന്ധിച്ചുള്ള വിവരങ്ങൾക്ക് 2005 ഒക്ടോബർ 1 ലക്കം വീക്ഷാഗോപുരത്തിന്റെ 26-31 പേജുകൾ കാണുക.
നിങ്ങൾ ഓർമിക്കുന്നുവോ?
• ദൈവത്തിലുള്ള ആശ്രയം നമുക്കെങ്ങനെ പ്രകടമാക്കാം?
• ഏതാണ് ഏറ്റവും മികച്ച വിദ്യാഭ്യാസം?
• ബാരൂക്കിൽനിന്നു നമുക്ക് എന്തെല്ലാം പഠിക്കാനാകും?
• യുവജനങ്ങൾക്ക് അനുകരിക്കാൻ കഴിയുന്ന ചില കഥാപാത്രങ്ങൾ ആരെല്ലാം, എന്തുകൊണ്ട്?
[അധ്യയന ചോദ്യങ്ങൾ]
[13-ാം പേജിലെ ചിത്രങ്ങൾ]
യഹോവ ഏറ്റവും മികച്ച വിദ്യാഭ്യാസം നൽകുന്നു
[15-ാം പേജിലെ ചിത്രം]
യഹോവയുടെ വാക്കുകേട്ട ബാരൂക്ക് യെരൂശലേമിന്റെ നാശത്തെ അതിജീവിച്ചു. ഇതിൽനിന്നു നിങ്ങൾ എന്തു പഠിക്കുന്നു?