യോഹന്നാന്റെ സുവിശേഷത്തിൽനിന്നുള്ള വിശേഷാശയങ്ങൾ
യഹോവയുടെ വചനം ജീവനുള്ളത്
യോഹന്നാന്റെ സുവിശേഷത്തിൽനിന്നുള്ള വിശേഷാശയങ്ങൾ
‘യേശു സ്‌നേഹിച്ച ശിഷ്യനായ’ യോഹന്നാനാണ് ക്രിസ്‌തുവിന്റെ ജീവിതവും ശുശ്രൂഷയും സംബന്ധിച്ച് രേഖപ്പെടുത്തിയ അവസാനത്തെയാൾ. (യോഹ. 21:20) എ.ഡി. 98-നോടടുത്തു രേഖപ്പെടുത്തിയ യോഹന്നാന്റെ സുവിശേഷം മറ്റു സുവിശേഷങ്ങളുടെ ഒരു തനിയാവർത്തനമല്ലെന്നു പറയാം.
വ്യക്തമായ ഒരു ലക്ഷ്യം മുന്നിൽക്കണ്ടാണ് യോഹന്നാൻ അപ്പൊസ്‌തലൻ സുവിശേഷമെഴുതിയത്. താൻ രേഖപ്പെടുത്തിയ വിവരങ്ങളെക്കുറിച്ച് യോഹന്നാൻ പറയുന്നു: “യേശു ദൈവപുത്രനായ ക്രിസ്‌തു എന്നു നിങ്ങൾ വിശ്വസിക്കേണ്ടതിന്നും വിശ്വസിച്ചിട്ടു അവന്റെ നാമത്തിൽ നിങ്ങൾക്കു ജീവൻ ഉണ്ടാകേണ്ടതിന്നും ഇതു എഴുതിയിരിക്കുന്നു.” (യോഹ. 20:31) അതിലെ സന്ദേശം നമ്മെ സംബന്ധിച്ചിടത്തോളം വളരെ പ്രസക്തമാണ്.—എബ്രാ. 4:12.
“ഇതാ . . . ദൈവത്തിന്റെ കുഞ്ഞാട്”
യേശുവിനെ കണ്ട മാത്രയിൽ സ്‌നാപകയോഹന്നാൻ തികഞ്ഞ ബോധ്യത്തോടെ പ്രഖ്യാപിക്കുന്നു: “ഇതാ ലോകത്തിന്റെ പാപം ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്.” (യോഹ. 1:29) യേശു പ്രസംഗിക്കുകയും പഠിപ്പിക്കുകയും അത്ഭുതങ്ങൾ പ്രവർത്തിക്കുകയും ചെയ്‌തുകൊണ്ട് ശമര്യ, ഗലീല, യെഹൂദ്യ, യോർദ്ദാന്റെ കിഴക്കുള്ള പ്രദേശം എന്നിവിടങ്ങളിലൂടെ സഞ്ചരിച്ചപ്പോൾ “പലരും അവനിൽ വിശ്വസിച്ചു.”—യോഹ. 10:41, 42.
ലാസറിനെ ഉയിർപ്പിച്ചതാണ് യേശുവിന്റെ ശ്രദ്ധേയമായ അത്ഭുതങ്ങളിലൊന്ന്. മരിച്ചിട്ട് നാലു ദിവസമായ ഒരു മനുഷ്യൻ ജീവനിലേക്കു വരുന്നതു കാണുമ്പോൾ അനേകരും യേശുവിൽ വിശ്വസിക്കുന്നു. എന്നാൽ യേശുവിനെ കൊല്ലാൻ വട്ടംകൂട്ടുകയാണ് മുഖ്യപുരോഹിതന്മാരും പരീശന്മാരും. അതുകൊണ്ട് യേശു “മരുഭൂമിക്കരികെ എഫ്രയീം എന്ന പട്ടണത്തിലേക്കു” പോകുന്നു.—യോഹ. 11:53, 54.
തിരുവെഴുത്തു ചോദ്യങ്ങൾക്കുള്ള ഉത്തരം:
1:35, 40—സ്‌നാപകയോഹന്നാന്റെ കൂടെ നിന്നിരുന്ന ശിഷ്യന്മാരിൽ ഒരാൾ അന്ത്രെയാസ് ആയിരുന്നു; മറ്റെയാൾ ആരായിരുന്നു? എഴുത്തുകാരൻ, യോഹന്നാൻ സ്‌നാപകനെ “യോഹന്നാൻ” എന്നാണു വിളിക്കുന്നത്. സുവിശേഷത്തിലെങ്ങും സ്വന്തം പേര് ഉപയോഗിച്ചിട്ടുമില്ല. അതുകൊണ്ട് പേര് പരാമർശിച്ചിട്ടില്ലാത്ത ശിഷ്യൻ സുവിശേഷ എഴുത്തുകാരനായ യോഹന്നാൻ ആയിരിക്കണം.
2:20—“നാല്‌പത്താറു സംവത്സരംകൊണ്ടു പണിത” മന്ദിരം ഏത്? യെഹൂദ്യയിലെ ഹെരോദാ രാജാവ് സെരുബ്ബാബേലിന്റെ ആലയം പുനർനിർമിക്കുന്നതിനെ പരാമർശിക്കുകയായിരുന്നു യഹൂദന്മാർ. ഹെരോദാവിന്റെ വാഴ്‌ചയുടെ 18-ാം ആണ്ടിൽ അല്ലെങ്കിൽ ബി.സി. 18/17-ാം ആണ്ടിൽ നിർമാണം തുടങ്ങിയെന്നാണ് ചരിത്രകാരനായ ജോസീഫസ് പറയുന്നത്. വിശുദ്ധമന്ദിരവും മറ്റു പ്രധാനപ്പെട്ട ഭാഗങ്ങളും എട്ടു വർഷംകൊണ്ടു പൂർത്തിയായി. എങ്കിലും ആലയത്തോടു ബന്ധപ്പെട്ട മറ്റു കെട്ടിടങ്ങളുടെ നിർമാണം എ.ഡി. 30-ലെ പെസഹയ്‌ക്കു ശേഷവും തുടർന്നു. നാൽപ്പത്താറു സംവത്സരംകൊണ്ട് പണിത മന്ദിരം എന്നു യഹൂദന്മാർ പറഞ്ഞത് അതിനെക്കുറിച്ചാണ്.
5:14—പാപം ചെയ്യുന്നതുകൊണ്ടാണോ രോഗംവരുന്നത്? ആയിരിക്കണമെന്നില്ല. യേശു സൗഖ്യമാക്കിയ മനുഷ്യൻ 38 വർഷമായി രോഗിയായിരുന്നു. അപൂർണതയായിരുന്നു അതിനു കാരണം. (യോഹ. 5:1-9) ഇപ്പോൾ കരുണ ലഭിച്ച സ്ഥിതിക്ക്, രക്ഷയുടെ പാത പിൻപറ്റണമെന്നും മനഃപൂർവപാപം ഒഴിവാക്കണമെന്നുമാണ് യേശു ഉദ്ദേശിച്ചത്. അല്ലാത്തപക്ഷം രോഗത്തെക്കാൾ കഠിനമായ എന്തെങ്കിലും വന്നുഭവിക്കുമായിരുന്നു. അതായത് ക്ഷമ സാധ്യമല്ലാത്ത ഒരു പാപംചെയ്‌ത്, പുനരുത്ഥാനപ്രത്യാശയില്ലാതെ അയാൾ മരിക്കുമായിരുന്നു.—മത്താ. 12:31, 32; ലൂക്കൊ. 12:10; എബ്രാ. 10:26, 27.
5:24, 25—‘മരണത്തിൽനിന്ന് ജീവങ്കലേക്ക് കടന്നിരിക്കുന്നത്’ ആരാണ്? ആത്മീയമായ അർഥത്തിൽ മരിച്ചവർ ആയിരുന്നെങ്കിലും തന്റെ വചനം കേട്ടു വിശ്വസിച്ച് പാപപൂർണമായ ഗതി ഒഴിവാക്കിയവരെക്കുറിച്ചു സംസാരിക്കുകയാണ് യേശു. അവർ മരണവിധിയിൽനിന്ന് ഒഴിവുള്ളവരായെന്നും ദൈവത്തിലുള്ള വിശ്വാസം നിമിത്തം നിത്യം ജീവിക്കാനുള്ള പ്രത്യാശ അവർക്കു ലഭിച്ചെന്നും ഉള്ള അർഥത്തിലാണ് “മരണത്തിൽനിന്നു ജീവങ്കലേക്കു കടന്നിരിക്കുന്നു” എന്നു പറയുന്നത്.—1 പത്രൊ. 4:3-6.
5:26; 6:53—‘തന്നിൽത്തന്നെ ജീവൻ ഉണ്ടായിരിക്കുക’ (NW) എന്നതിന്റെ അർഥമെന്ത്? യേശുവിനെ സംബന്ധിച്ചിടത്തോളം ഇതിന്റെ അർഥം ദൈവത്തിൽനിന്ന് വിശേഷപ്പെട്ട രണ്ടു പ്രാപ്‌തികൾ ലഭിക്കുന്നതാണ്—ദൈവമുമ്പാകെ ഒരു നല്ല നില മനുഷ്യർക്കു നേടിക്കൊടുക്കാനും മരിച്ചവരെ പുനരുത്ഥാനത്തിലൂടെ ജീവനിലേക്ക് ആനയിക്കാനും ഉള്ള പ്രാപ്‌തി. യേശുവിന്റെ അനുഗാമികളെ സംബന്ധിച്ചിടത്തോളം ‘ഉള്ളിൽ [“തങ്ങളിൽത്തന്നെ,” NW] ജീവനുണ്ടായിരിക്കുക’ എന്നു പറഞ്ഞിരിക്കുന്നത് നിത്യജീവൻ ലഭിക്കുന്നതിനെക്കുറിച്ചാണ്. അഭിഷിക്ത ക്രിസ്‌ത്യാനികൾക്ക് ഈ ജീവിതം ലഭിക്കുന്നത് അവർ സ്വർഗീയ ജീവനിലേക്കു പുനരുത്ഥാനം പ്രാപിക്കുമ്പോഴാണ്. ഭൂമിയിൽ ജീവിക്കാൻ പ്രത്യാശയുള്ള വിശ്വസ്‌ത ദാസന്മാർക്ക് നിത്യജീവൻ ലഭിക്കുന്നത് ക്രിസ്‌തുവിന്റെ ആയിരംവർഷവാഴ്‌ചയെ തുടർന്നുള്ള അന്തിമപരിശോധനയിൽ വിജയിച്ചതിനുശേഷം മാത്രമാണ്.—1 കൊരി. 15:52, 53; വെളി. 20:5, 7-10.
6:64—ഈസ്‌കര്യോത്താ യൂദാ തന്നെ ഒറ്റിക്കൊടുക്കുമെന്ന് അവനെ തിരഞ്ഞെടുത്തതു മുതൽ യേശുവിന് അറിയാമായിരുന്നോ? സാധ്യതയനുസരിച്ച് ഇല്ല. എന്നാൽ എ.ഡി. 32-ൽ അപ്പൊസ്‌തലന്മാരോടു സംസാരിക്കവേ ഒരു സന്ദർഭത്തിൽ “നിങ്ങളിൽ ഒരുത്തൻ ഒരു പിശാചു ആകുന്നു” എന്ന് യേശു പറയുകയുണ്ടായി. ആ സമയത്തായിരിക്കണം യൂദായുടെ വഴിവിട്ടപോക്കിന്റെ “ആരംഭം” (ഓശാന) അഥവാ തുടക്കം യേശു കണ്ടത്.—യോഹ. 6:66-71.
നമുക്കുള്ള പാഠങ്ങൾ:
2:4. സ്‌നാനമേറ്റ അഭിഷിക്തൻ എന്നനിലയിൽ സ്വർഗീയ പിതാവിന്റെ നിർദേശം താൻ അനുസരിക്കേണ്ടതാണെന്ന് മറിയയോടു സൂചിപ്പിക്കുകയായിരുന്നു യേശു. ശുശ്രൂഷയ്‌ക്ക് തുടക്കമിട്ടതേയുള്ളു എങ്കിലും ബലിമരണം ഉൾപ്പെടെ തന്റെ നിയമനത്തിന്റെ സമയം സംബന്ധിച്ച് യേശുവിനു നല്ല ബോധ്യമുണ്ടായിരുന്നു. ദൈവേഷ്ടം ചെയ്യുന്നതിൽ കൈകടത്താൻ ആരെയും, എന്തിന് സ്വന്തം അമ്മയെപ്പോലും, യേശു അനുവദിച്ചില്ല. യഹോവയെ സേവിക്കവേ, സമാനമായ നിശ്ചയദാർഢ്യം നമുക്കും ഉണ്ടായിരിക്കണം.
3:1-9. യഹൂദപ്രമാണിയായ നിക്കോദേമൊസിന്റെ ജീവിതത്തിൽനിന്ന് നമുക്ക് രണ്ടു പാഠം പഠിക്കാനാകും. ഒന്നാമതായി, എളിയ ഒരു തച്ചന്റെ മകനെ ദൈവം അയച്ച അധ്യാപകനായി അംഗീകരിച്ചുകൊണ്ട് നിക്കോദേമൊസ് താഴ്‌മയും വിവേകവും കാണിക്കുകയും തന്റെ ആത്മീയ ആവശ്യം തിരിച്ചറിയുകയും ചെയ്‌തു. ഇന്ന് സത്യക്രിസ്‌ത്യാനികൾ താഴ്‌മയുള്ളവരായിരിക്കണമെന്നല്ലേ ഇതു കാണിക്കുന്നത്? രണ്ടാമതായി, യേശു ഭൂമിയിലായിരുന്നപ്പോൾ അവന്റെ ശിഷ്യത്വം സ്വീകരിക്കാൻ നിക്കോദേമൊസ് വിസമ്മതിച്ചു. മനുഷ്യഭയമോ സൻഹെദ്രീമിലെ തന്റെ സ്ഥാനം നഷ്ടപ്പെടുമെന്ന പേടിയോ ധനത്തോടുള്ള പ്രിയമോ ആയിരിക്കാം കാരണം. ഇതിൽനിന്ന് നമുക്കൊന്നു പഠിക്കാനുണ്ട്: ‘ക്രൂശ് എടുത്തുകൊണ്ടു യേശുവിനെ അനുഗമിക്കുന്നതിൽനിന്ന്’ നമ്മെ തടയാൻ ഇത്തരത്തിലുള്ള യാതൊന്നിനെയും നാം അനുവദിക്കരുത്.—ലൂക്കൊ. 9:23.
4:23, 24. നമ്മുടെ ആരാധന ദൈവം സ്വീകരിക്കണമെങ്കിൽ, അത് ബൈബിളിൽ വെളിപ്പെടുത്തിയിരിക്കുന്ന സത്യത്തിനു ചേർച്ചയിൽ ആയിരിക്കണം, പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്നതും ആയിരിക്കണം.
6:27. “നിത്യജീവങ്കലേക്കു നിലനില്‌ക്കുന്ന ആഹാരത്തിന്നായിട്ടു” പ്രവർത്തിക്കുകയെന്നാൽ നമ്മുടെ ആത്മീയ ആവശ്യങ്ങൾ തൃപ്‌തിപ്പെടുത്താൻ ശ്രമിക്കുക എന്നാണർഥം. അതു നമ്മെ സന്തുഷ്ടിയിലേക്കു നയിക്കും.—മത്താ. 5:3.
6:44. യഹോവ നമുക്ക് ഓരോരുത്തർക്കുംവേണ്ടി കരുതുന്നു. പ്രസംഗവേലയിലൂടെ സത്യം നമ്മെ അറിയിക്കുകയും അതു മനസ്സിലാക്കാനും പ്രാവർത്തികമാക്കാനും പരിശുദ്ധാത്മാവ് മുഖേന സഹായിക്കുകയും ചെയ്‌തുകൊണ്ട് യഹോവ നമ്മെ ഓരോരുത്തരെയും തന്റെ പുത്രനിലേക്ക് ആകർഷിക്കുന്നു.
11:33-36. വികാരങ്ങൾ പ്രകടിപ്പിക്കുന്നത് ബലഹീനതയുടെ ലക്ഷണമല്ല.
‘അവനെ അനുഗമിക്ക’
എ.ഡി. 33-ലെ പെസഹ അടുത്തുവരവേ യേശു യോഹ. 12:28.
ബേഥാന്യയിലേക്കു തിരിക്കുന്നു. നീസാൻ 9-ന് ഒരു കഴുതക്കുട്ടിയുടെ പുറത്തുകയറി യെരൂശലേമിലേക്കു വരുന്നു. 10-ാം തീയതി വീണ്ടും ആലയത്തിലേക്കു വരുന്നു. പിതാവിന്റെ നാമം മഹത്ത്വീകരിക്കാനുള്ള യേശുവിന്റെ അപേക്ഷയ്‌ക്ക് ഉത്തരം എന്നനിലയിൽ സ്വർഗത്തിൽനിന്ന് ഒരു ശബ്ദം ഇങ്ങനെ പറയുന്നു: “ഞാൻ മഹത്വപ്പെടുത്തിയിരിക്കുന്നു; ഇനിയും മഹത്വപ്പെടുത്തും.”—പെസഹാഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ യേശു അനുഗാമികൾക്ക് വിടവാങ്ങൽ സന്ദേശം നൽകുകയും അവർക്കുവേണ്ടി പ്രാർഥിക്കുകയും ചെയ്യുന്നു. അറസ്റ്റിനും വിചാരണയ്‌ക്കും ശേഷം യേശുവിനെ സ്‌തംഭത്തിലേറ്റുന്നു, തുടർന്ന് ഉയിർപ്പിക്കപ്പെടുന്നു.
തിരുവെഴുത്തു ചോദ്യങ്ങൾക്കുള്ള ഉത്തരം:
14:2—വിശ്വസ്‌ത അനുഗാമികൾക്കായി യേശു സ്വർഗത്തിൽ ‘സ്ഥലം ഒരുക്കുമായിരുന്നത്’ എങ്ങനെ? യേശു ദൈവമുമ്പാകെ സന്നിഹിതനായി തന്റെ രക്തത്തിന്റെ മൂല്യം സമർപ്പിച്ചുകൊണ്ട് പുതിയ ഉടമ്പടി സാധുവാക്കുന്നത് ഇതിൽ ഉൾപ്പെടുന്നു. സ്ഥലം ഒരുക്കുന്നതിൽ ക്രിസ്‌തു രാജത്വം പ്രാപിക്കുന്നതും ഉൾപ്പെടുന്നുണ്ട്. അതിനു ശേഷമാണ് അഭിഷിക്ത അനുഗാമികളുടെ സ്വർഗീയ പുനരുത്ഥാനം ആരംഭിക്കുന്നത്.—1 തെസ്സ. 4:14-17; എബ്രാ. 9:12, 24-28; 1 പത്രൊ. 1:19; വെളി. 11:15.
14:16, 17; 16:7, 8, 13, 14—ഒരു വ്യക്തിയല്ലെങ്കിൽപ്പിന്നെ കാര്യസ്ഥനെ അഥവാ സത്യത്തിന്റെ ആത്മാവിനെ കുറിക്കാൻ “അവനെ,” “അവൻ” എന്നീ സർവനാമങ്ങൾ ഉപയോഗിച്ചിരിക്കുന്നത് എന്തിനാണ്? കാരണം തികച്ചും വ്യാകരണപരമാണ്. കാര്യസ്ഥൻ, ആത്മാവ് എന്നീ പദങ്ങൾ ഉപയോഗിച്ചിരിക്കുന്നത് പുല്ലിംഗത്തിലാണ് എന്നതു ശരിതന്നെ. എന്നാൽ രസകരമെന്നു പറയട്ടെ, യോഹന്നാന്റെ സുവിശേഷം എഴുതപ്പെട്ട ഗ്രീക്കിൽ ‘ആത്മാവ്’ എന്നതിനുള്ള പദം നപുംസകമാണ്. അതുകൊണ്ട് യേശുവിന്റെ വാക്കുകൾ രേഖപ്പെടുത്തിയപ്പോൾ, സത്യത്തിന്റെ ആത്മാവിനെ കുറിക്കാൻ യോഹന്നാൻ “അത്” എന്ന നപുംസക സർവനാമമാണ് ഉപയോഗിച്ചത്; അങ്ങനെ പരിശുദ്ധാത്മാവ് വ്യക്തിയാണെന്ന വാദത്തിന് കഴമ്പില്ലെന്നു വരുന്നു.
19:11—‘എന്നെ നിന്റെ പക്കൽ ഏല്‌പിച്ചവൻ’ എന്നു പീലാത്തോസിനോടു പറഞ്ഞപ്പോൾ ഈസ്‌കര്യോത്താ യൂദായെയാണോ യേശു ഉദ്ദേശിച്ചത്? സാധ്യതയനുസരിച്ച്, യേശു ഏതെങ്കിലും ഒരു വ്യക്തിയെ നേരിട്ടു പരാമർശിക്കുകയായിരുന്നില്ല; തന്റെ മരണത്തിന് ഉത്തരവാദികളായ എല്ലാവരും യേശുവിന്റെ മനസ്സിൽ ഉണ്ടായിരുന്നിരിക്കണം. ഇതിൽ യൂദായും ‘മഹാപുരോഹിതന്മാരും ന്യായാധിപസംഘവും’ എന്തിന്, ബറബ്ബാസിനെ വിട്ടുകൊടുക്കാൻ മുറവിളി കൂട്ടിയ ‘പുരുഷാരം’പോലും ഉൾപ്പെടുന്നുണ്ട്.—മത്താ. 26:59-65; 27:1, 2, 20-22.
20:17—“എന്നെ പിടിച്ചുനിർത്തരുത്” (ഓശാന) എന്ന് യേശു മഗ്‌ദലക്കാരത്തി മറിയയോടു പറഞ്ഞത് എന്തുകൊണ്ട്? യേശു അപ്പോൾത്തന്നെ അവിടംവിട്ട് സ്വർഗത്തിലേക്കു പോകാൻ തുടങ്ങുകയാണെന്നും ഇനി അവനെ കാണാൻ കഴിയില്ലെന്നും ഉള്ള ചിന്ത നിമിത്തമായിരിക്കണം മഗ്‌ദലക്കാരത്തി മറിയ യേശുവിനെ പിടിച്ചുനിറുത്താൻ ശ്രമിച്ചത്. എന്നാൽ താൻ അപ്പോൾ സ്വർഗത്തിലേക്കു പോകുകയല്ലെന്ന് അവൾക്ക് ഉറപ്പുകൊടുക്കാനായിട്ടാണ്, തന്നെ പിടിച്ചുനിറുത്താതെ പോയി ശിഷ്യന്മാരോടു പുനരുത്ഥാന വാർത്ത അറിയിക്കാൻ അവൻ അവളോട് ആവശ്യപ്പെട്ടത്.
നമുക്കുള്ള പാഠങ്ങൾ:
12:36. “വെളിച്ചത്തിന്റെ മക്കൾ” അല്ലെങ്കിൽ വെളിച്ചവാഹകർ ആകുന്നതിന് നാം ബൈബിളിനെക്കുറിച്ചു സൂക്ഷ്‌മപരിജ്ഞാനം നേടേണ്ടതുണ്ട്. എന്നിട്ട് മറ്റുള്ളവരെ ആത്മീയ അന്ധകാരത്തിൽനിന്നു ദൈവികവെളിച്ചത്തിലേക്ക് ആനയിക്കാൻ നാം ആ അറിവ് ഉപയോഗിക്കണം.
14:6. യേശുക്രിസ്‌തുവിനെ കൂടാതെ ദൈവാംഗീകാരം നേടാനാവില്ല. യേശുക്രിസ്‌തുവിൽ വിശ്വസിക്കുകയും അവന്റെ മാതൃക പിൻപറ്റുകയും ചെയ്‌താലേ നമുക്ക് യഹോവയുടെ അടുത്തേക്കു ചെല്ലാനാകൂ.—1 പത്രൊ. 2:21.
14:15, 21, 23, 24; 15:10. ദിവ്യേഷ്ടം അനുസരിക്കുന്നത് ദൈവത്തോടും അവന്റെ പുത്രനോടുമുള്ള സ്‌നേഹത്തിൽ നിലനിൽക്കാൻ നമ്മെ സഹായിക്കും.—1 യോഹ. 5:3.
14:26; 16:13. യഹോവയുടെ പരിശുദ്ധാത്മാവ് ഒരു അധ്യാപകനായി സേവിക്കുന്നു; പഠിച്ച കാര്യങ്ങൾ നമ്മുടെ ഓർമയിലേക്കു കൊണ്ടുവരുന്നു. കൂടാതെ, സത്യം വെളിപ്പെടുത്തുകയും ചെയ്യുന്നു. അതുകൊണ്ട് അറിവും ജ്ഞാനവും വിവേകവും ന്യായനിർണയവും ചിന്താപ്രാപ്‌തിയും വർധിപ്പിക്കാൻ അതിനു നമ്മെ സഹായിക്കാനാകും. ആയതിനാൽ പരിശുദ്ധാത്മാവിനായി പ്രത്യേകം അപേക്ഷിച്ചുകൊണ്ട് നാം പ്രാർഥനയിൽ ഉറ്റിരിക്കണം.—ലൂക്കൊ. 11:5-13.
21:15, 19. “ഇവരിൽ അധികമായി” അതായത് അവരുടെ മുമ്പിൽ കിടന്നിരുന്ന മീനുകളെക്കാൾ തന്നെ സ്‌നേഹിക്കുന്നുണ്ടോ എന്ന് യേശു പത്രൊസിനോടു ചോദിച്ചു. അതുവഴി, മത്സ്യബന്ധനം തൊഴിലാക്കുന്നതിനു പകരം മുഴുസമയം തന്നെ അനുഗമിക്കേണ്ടതിന്റെ ആവശ്യം പത്രൊസിനോടു വ്യക്തമാക്കുകയായിരുന്നു യേശു. സുവിശേഷ വിവരണങ്ങളുടെ പരിചിന്തനം, മറ്റെന്തിനെക്കാളും അധികമായി യേശുവിനെ സ്‌നേഹിക്കാനുള്ള നമ്മുടെ നിശ്ചയദാർഢ്യത്തെ ശക്തമാക്കട്ടെ. അതേ, സർവാത്മനാ നമുക്ക് യേശുവിനെ അനുഗമിക്കാം.
[31-ാം പേജിലെ ചിത്രം]
നിക്കോദേമൊസിൽനിന്നു നമുക്ക് എന്തു പഠിക്കാം?