വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവാഹവും മക്കളെ വളർത്തലും ഈ അന്ത്യനാളുകളിൽ

വിവാഹവും മക്കളെ വളർത്തലും ഈ അന്ത്യനാളുകളിൽ

വിവാഹവും മക്കളെ വളർത്തലും ഈ അന്ത്യനാളുകളിൽ

“കാലം ചുരുങ്ങിയിരിക്കുന്നു.”—1 കൊരി. 7:29.

1. (എ) അന്ത്യകാലത്തെ “ദുർഘട”മാക്കുന്ന ചില ഘടകങ്ങളേവ? (ബി) കുടുംബവൃത്തത്തിലെ മാറ്റങ്ങൾ സംബന്ധിച്ചു നാം ചിന്തയുള്ളവരായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

യുദ്ധവും ഭൂകമ്പവും ക്ഷാമവും വ്യാധികളും ‘അന്ത്യകാലത്തിന്റെ’ അടയാളമായിരിക്കുമെന്ന്‌ ദൈവവചനം മുൻകൂട്ടിപ്പറഞ്ഞു. (ദാനീ. 8:17, 19; ലൂക്കൊ. 21:10, 11) മനുഷ്യചരിത്രത്തിലെ ഈ നിർണായക നാളുകളിൽ വലിയ സാമൂഹിക മാറ്റങ്ങൾ ഉണ്ടാകുമെന്നും അതു മുന്നറിയിച്ചു. അന്ത്യകാലത്തെ “ദുർഘട”മാക്കുന്ന ഘടകങ്ങളിലൊന്നാണ്‌ കുടുംബജീവിതത്തിലെ കോളിളക്കങ്ങൾ. (2 തിമൊ. 3:1-4) വിവാഹവും മക്കളെ വളർത്തലും സംബന്ധിച്ചുള്ള ക്രിസ്‌ത്യാനികളുടെ വീക്ഷണത്തെ സ്വാധീനിക്കാൻ കഴിയുമാറ്‌ അത്തരം മാറ്റങ്ങൾ വ്യാപകവും പ്രബലവുമായതിനാൽ അവയെക്കുറിച്ചു ചിന്തിക്കാതിരിക്കാൻ നമുക്കാവില്ല.

2. വിവാഹവും വിവാഹമോചനവും സംബന്ധിച്ച ലോകത്തിന്റെ വീക്ഷണമെന്ത്‌?

2 വിവാഹമോചനം നേടാൻ ഇന്നു വലിയ ബുദ്ധിമുട്ടൊന്നുമില്ല. പല രാജ്യങ്ങളിലും അതിന്റെ നിരക്ക്‌ കുതിച്ചുയരുകയാണ്‌. എന്നാൽ വിവാഹവും വിവാഹമോചനവും സംബന്ധിച്ചുള്ള ലോകത്തിന്റെ കാഴ്‌ചപ്പാടിൽനിന്നു തികച്ചും വ്യത്യസ്‌തമായ വീക്ഷണമാണ്‌ യഹോവയ്‌ക്കുള്ളതെന്ന കാര്യം നാം മറക്കരുത്‌.

3. യഹോവയും യേശുവും വിവാഹത്തെ എങ്ങനെ വീക്ഷിക്കുന്നു?

3 ദമ്പതികൾ തങ്ങളുടെ വിവാഹ പ്രതിജ്ഞയോടു വിശ്വസ്‌തമായി പറ്റിനിൽക്കാൻ യഹോവയാം ദൈവം പ്രതീക്ഷിക്കുന്നു. “പുരുഷൻ . . . ഭാര്യയോടു പറ്റിച്ചേരും; അവർ ഏകദേഹമായി തീരും” എന്ന്‌ ആദ്യ പുരുഷന്റെയും സ്‌ത്രീയുടെയും വിവാഹവേളയിൽ അവൻ പറഞ്ഞു. “ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുത്‌” എന്നു പറഞ്ഞുകൊണ്ട്‌ യേശു ആ വാക്കുകൾക്ക്‌ അടിവരയിട്ടു. തുടർന്ന്‌, “പരസംഗം നിമിത്തമല്ലാതെ ഭാര്യയെ ഉപേക്ഷിച്ചു മറ്റൊരുത്തിയെ വിവാഹം കഴിക്കുന്നവൻ വ്യഭിചാരം ചെയ്യുന്നു” എന്ന്‌ അവൻ കൂട്ടിച്ചേർത്തു. (ഉല്‌പ. 2:24; മത്താ. 19:3-6, 9) അതുകൊണ്ട്‌ പങ്കാളികളിൽ ഒരാളുടെ മരണത്തോടെമാത്രം അവസാനിക്കുന്ന ആജീവനാന്ത ബന്ധമായിട്ടാണ്‌ യഹോവയും യേശുവും വിവാഹത്തെ വീക്ഷിക്കുന്നത്‌. (1 കൊരി. 7:39) വിവാഹം ഒരു ദിവ്യ ക്രമീകരണമായതിനാൽ വിവാഹമോചനത്തെ നാം നിസ്സാരമായി കാണരുത്‌. തിരുവെഴുത്തടിസ്ഥാനമില്ലാത്ത ഉപേക്ഷണത്തെ യഹോവ വെറുക്കുന്നുവെന്ന്‌ അവന്റെ വചനം പറയുന്നു. *മലാഖി 2:13-16; 3:6 വായിക്കുക.

വിവാഹം ഉത്തരവാദിത്വം കൈവരുത്തുന്നു

4. ഇളംപ്രായത്തിൽ വിവാഹംകഴിച്ചതിന്റെ പേരിൽ ചിലർ ഖേദിക്കുന്നത്‌ എന്തുകൊണ്ട്‌?

4 ലൈംഗികതയുടെ അതിപ്രസരമുള്ള ഒരു അഭക്തലോകത്താണു നാമിന്നു ജീവിക്കുന്നത്‌. അശ്ലീല ദൃശ്യങ്ങളുടെ അടങ്ങാത്ത തിരകൾ എവിടെയും ആഞ്ഞടിക്കുകയാണ്‌. അവയ്‌ക്കു നമ്മെ, വിശേഷിച്ച്‌ നമ്മുടെ പ്രിയ യുവജനങ്ങളെ, എത്രത്തോളം സ്വാധീനിക്കാനാകുമെന്ന യാഥാർഥ്യത്തിനുനേരെ കണ്ണടയ്‌ക്കാനാവില്ല. ഇഷ്ടമല്ലെങ്കിൽപ്പോലും ഒരു വ്യക്തിയുടെ മനസ്സിൽ ലൈംഗികമോഹമുണർത്താൻ കഴിയുന്ന ഈ ദുസ്സ്വാധീനത്തെ ക്രിസ്‌തീയ യുവാക്കൾക്ക്‌ എങ്ങനെ ചെറുക്കാനാകും? അതിനായി ചിലർ ഇളംപ്രായത്തിൽത്തന്നെ വിവാഹിതരാകുന്നു. അതിലൂടെ ലൈംഗിക അധാർമികത ഒഴിവാക്കാനാകുമെന്നാണ്‌ അവർ കരുതുന്നത്‌. എങ്കിലും ഏറെത്താമസിയാതെ അവരിൽ പലരും തങ്ങളുടെ തീരുമാനത്തെപ്രതി ഖേദിക്കുന്നു. എന്തുകൊണ്ട്‌? ദാമ്പത്യത്തിന്റെ പുതുമയെല്ലാം മങ്ങിയശേഷം ദൈനംദിന ജീവിതത്തിന്റെ യാഥാർഥ്യങ്ങളിലേക്കു മടങ്ങുമ്പോൾ തങ്ങൾക്കിരുവർക്കും ഒരേപോലെ താത്‌പര്യമുള്ള അധികം കാര്യങ്ങളില്ലെന്ന്‌ അവർ തിരിച്ചറിയുന്നു. ആ സ്ഥിതിക്ക്‌, അവരുടെ ജീവിതം വഴിമുട്ടുന്നതായി കാണപ്പെട്ടാൽ അതിശയിക്കാനില്ല.

5. വിവാഹ പ്രതിജ്ഞയോടു വിശ്വസ്‌തമായി പറ്റിനിൽക്കാൻ ദമ്പതികളെ എന്തു സഹായിക്കും? (അടിക്കുറിപ്പും കാണുക.)

5 നിങ്ങളുടെ പങ്കാളി—ഒരു സഹവിശ്വാസി ആണെങ്കിൽപ്പോലും—ഒരുതരത്തിലും നിങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത വ്യക്തിയല്ലെന്നു തിരിച്ചറിയുന്നെങ്കിൽ അതു താങ്ങാനാകാത്ത ഒരു ആഘാതമായിരുന്നേക്കാം. (1 കൊരി. 7:28) എന്നാൽ സാഹചര്യം എത്ര പ്രതികൂലമായിരുന്നാലും തിരുവെഴുത്തധിഷ്‌ഠിതമല്ലാത്ത വിവാഹമോചനം ദാമ്പത്യപ്രശ്‌നങ്ങൾക്കുള്ള പരിഹാരമല്ലെന്ന്‌ സത്യക്രിസ്‌ത്യാനികൾക്ക്‌ അറിയാം. തങ്ങളുടെ വിവാഹ പ്രതിജ്ഞയോടു വിശ്വസ്‌തമായി പറ്റിനിൽക്കാനുള്ള ആഗ്രഹം നിമിത്തം ദാമ്പത്യത്തെ കാത്തുരക്ഷിക്കാൻ കഠിനശ്രമം ചെയ്യുന്നവരെ ക്രിസ്‌തീയ സഭയിലുള്ളവർ ആദരിക്കുകയും സ്‌നേഹപൂർവം പിന്തുണയ്‌ക്കുകയും ചെയ്യേണ്ടതാണ്‌. *

6. ചെറുപ്പക്കാർ വിവാഹത്തെ എങ്ങനെ വീക്ഷിക്കണം?

6 യുവപ്രായത്തിലുള്ള ഒരു ഏകാകിയാണോ നിങ്ങൾ? എങ്കിൽ വിവാഹത്തെ നിങ്ങൾ എങ്ങനെയാണു വീക്ഷിക്കുന്നത്‌? ഇഷ്ടപ്പെട്ട ഒരു ക്രിസ്‌ത്യാനിയുമായി പ്രണയത്തിലായി പെട്ടെന്ന്‌ വിവാഹത്തിലേക്കു പ്രവേശിക്കുന്നതിനുപകരം ശാരീരികവും മാനസികവും ആത്മീയവുമായ പക്വതപ്രാപിക്കുവോളം കാത്തിരിക്കുന്നെങ്കിൽ നിങ്ങൾക്ക്‌ ഒരുപാടു ഹൃദയവേദന ഒഴിവാക്കാനാകും. തിരുവെഴുത്തുകൾ വിവാഹത്തിനുള്ള പ്രായപരിധി വെക്കുന്നില്ലെന്നതു ശരിതന്നെ. * എങ്കിലും ലൈംഗിക വികാരങ്ങൾ ശക്തമായിരിക്കുന്ന പ്രായം കഴിയുന്നതുവരെ കാത്തിരിക്കാനാണ്‌ അതു നിർദേശിക്കുന്നത്‌. (1 കൊരി. 7:36, NW) എന്തുകൊണ്ട്‌? ന്യായബോധത്തെ വികലമാക്കാനും ഹൃദയവേദനയ്‌ക്കു വഴിവെച്ചേക്കാവുന്ന ബുദ്ധിശൂന്യമായ തീരുമാനങ്ങളെടുക്കാനും ലൈംഗികമോഹം ഇടയാക്കിയേക്കാം. വിവാഹത്തോടുള്ള ബന്ധത്തിൽ യഹോവ ബൈബിളിൽ നൽകിയിട്ടുള്ള ജ്ഞാനപൂർണമായ ബുദ്ധിയുപദേശം നിങ്ങളുടെ പ്രയോജനത്തിനും സന്തോഷത്തിനുമാണെന്ന്‌ ഓർക്കുക.—യെശയ്യാവു 48:17, 18 വായിക്കുക.

മക്കളെ വളർത്തൽ ഉത്തരവാദിത്വം കൈവരുത്തുന്നു

7. ചില യുവദമ്പതികളുടെ അനുഭവം എന്താണ്‌, അത്‌ അവരുടെ ദാമ്പത്യത്തെ ബാധിക്കുന്നത്‌ എങ്ങനെ?

7 കൗമാരം പിന്നിടുമ്പോഴേക്കും വിവാഹംകഴിക്കുന്നവർക്കു കുഞ്ഞു പിറക്കുന്നതോടെ പരസ്‌പരം അടുത്തറിയാൻപോലുമുള്ള സാവകാശം ലഭിക്കാതെപോകുന്നു. രാവും പകലുമെന്നില്ലാതെ പരിചരണം ആവശ്യമായിരിക്കുന്നതിനാൽ സ്വാഭാവികമായും അമ്മയുടെ മുഴുശ്രദ്ധയും തന്റെ കുഞ്ഞിലേക്കു തിരിയുന്നു. അത്ര പക്വമതിയല്ലാത്ത ഭർത്താവിനെ അത്‌ അസൂയാലുവാക്കിയേക്കാം. നിദ്രാവിഹീനമായ രാത്രികൾ ആ യുവ മാതാപിതാക്കളുടെ ബന്ധത്തെ സമ്മർദപൂരിതമാക്കിയേക്കാം. മുമ്പുണ്ടായിരുന്ന സ്വാതന്ത്ര്യമെല്ലാം പെട്ടെന്നു കൈവിട്ടുപോയതുപോലെ അവർക്കു തോന്നാനും ഇടയുണ്ട്‌. മുമ്പത്തെപ്പോലെ ഇഷ്ടാനുസരണം യാത്രകൾ നടത്താനും മറ്റും അവർക്കു കഴിയാതാകുന്നു. ഈ പുതിയ സാഹചര്യത്തെ അവർ എങ്ങനെ കാണണം?

8. മക്കളെ വളർത്താനുള്ള പദവിയെ എങ്ങനെ വീക്ഷിക്കണം, എന്തുകൊണ്ട്‌?

8 മക്കളെ വളർത്താനുള്ള ദൈവദത്ത പദവിയെ ദാമ്പത്യത്തിന്റെ കാര്യത്തിലുള്ള അതേ ഉത്തരവാദിത്വബോധത്തോടെ വീക്ഷിക്കേണ്ടതുണ്ട്‌. ഒരു കുഞ്ഞിന്റെ ജനനം ക്രിസ്‌തീയ ദമ്പതികളുടെ ജീവിതത്തിൽ എന്തെല്ലാം പൊരുത്തപ്പെടുത്തലുകൾ ആവശ്യമാക്കിത്തീർത്താലും അവ ഉത്തരവാദിത്വത്തോടെ കൈകാര്യംചെയ്യാൻ അവർ പരമാവധി യത്‌നിക്കണം. മക്കളെ ജനിപ്പിക്കാനുള്ള പ്രാപ്‌തി നൽകിയത്‌ യഹോവയാണെന്നിരിക്കെ മാതാപിതാക്കൾ തങ്ങളുടെ കുഞ്ഞിനെ “യഹോവ നല്‌കുന്ന അവകാശ”മായി കാണണം. (സങ്കീ. 127:3) മക്കൾ “അമ്മയപ്പന്മാരെ കർത്താവിൽ” അനുസരിക്കാൻ പ്രതീക്ഷിക്കപ്പെടുന്നതിനാൽ ക്രിസ്‌തീയ മാതാപിതാക്കളെന്ന നിലയിലുള്ള തങ്ങളുടെ ഉത്തരവാദിത്വം നിർവഹിക്കുന്നതിൽ അവർ ആത്മാർഥതയുള്ളവരായിരിക്കണം.—എഫെ. 6:1.

9. (എ) ഒരു കുട്ടിയെ വളർത്തുന്നതിൽ എന്ത്‌ ഉൾപ്പെട്ടിരിക്കുന്നു? (ബി) ഭാര്യയുടെ ആത്മീയ ആരോഗ്യത്തിനായി ഭർത്താവിന്‌ എന്തു ചെയ്യാനാകും?

9 ഒരു കുഞ്ഞിനെ വളർത്തിക്കൊണ്ടുവരുന്നതിൽ വർഷങ്ങളോളമുള്ള ആത്മത്യാഗം ഉൾപ്പെട്ടിരിക്കുന്നു. അളവറ്റ സമയവും പരിശ്രമവും അതിനാവശ്യമാണ്‌. കുഞ്ഞിന്റെ ജനനത്തെത്തുടർന്നുള്ള ഏതാനും വർഷങ്ങളിൽ ഭാര്യക്കു യോഗങ്ങളിൽ നന്നായി ശ്രദ്ധിക്കാനോ ബൈബിൾപഠനത്തിനും ധ്യാനത്തിനും വേണ്ടത്ര ശ്രദ്ധകൊടുക്കാനോ കഴിയാതെ വന്നേക്കാമെന്നും അത്‌ അവളുടെ ആത്മീയ ആരോഗ്യത്തെ ബാധിച്ചേക്കാമെന്നും ഭർത്താവ്‌ മനസ്സിലാക്കണം. ഉത്തരവാദിത്വബോധമുള്ള ഒരു ഭർത്താവ്‌ കുട്ടിയുടെ പരിപാലനത്തിനായി ആവുന്നതെല്ലാം ചെയ്യും. ഭാര്യക്കു യോഗങ്ങളിൽ ശ്രദ്ധിക്കാൻ കഴിയാതെപോയ കാര്യങ്ങൾ പിന്നീട്‌ അവളോടൊത്തു ചർച്ചചെയ്‌തുകൊണ്ട്‌ ആ കുറവു പരിഹരിക്കാൻ അദ്ദേഹത്തിനു സഹായിക്കാവുന്നതാണ്‌. അവൾക്കു പ്രസംഗവേലയിൽ അർഥവത്തായ പങ്കുണ്ടായിരിക്കാൻ കഴിയേണ്ടതിന്‌ അദ്ദേഹത്തിനും കുട്ടിയുടെ കാര്യങ്ങൾ ശ്രദ്ധിക്കാനാകും.ഫിലിപ്പിയർ 2:3, 4 വായിക്കുക.

10, 11. (എ) ‘യഹോവയുടെ ചിന്തകൾക്കനുസൃതമായി’ മക്കളെ എങ്ങനെ വളർത്തിക്കൊണ്ടുവരാം? (ബി) അനേകം ക്രിസ്‌തീയ മാതാപിതാക്കൾ അഭിനന്ദനം അർഹിക്കുന്നത്‌ എന്തുകൊണ്ട്‌?

10 കുട്ടിക്കു ഭക്ഷണം, വസ്‌ത്രം, പാർപ്പിടം, പരിചരണം എന്നിവ നൽകുന്നതുകൊണ്ടുമാത്രം തീരുന്നതല്ല മാതാപിതാക്കളുടെ ഉത്തരവാദിത്വം. ജീവിതത്തിനു മാർഗദർശകമായ ധാർമിക തത്ത്വങ്ങൾ കുഞ്ഞുന്നാൾ മുതൽക്കേ മക്കൾ പഠിക്കേണ്ടതുണ്ട്‌, വിശേഷിച്ചും വിപത്‌കരമായ ഈ അന്ത്യനാളുകളിൽ. അതുകൊണ്ട്‌ “യഹോവയുടെ ശിക്ഷണത്തിലും അവന്റെ ചിന്തകൾക്കനുസൃതമായും” മക്കളെ വളർത്തിക്കൊണ്ടുവരണം. (എഫെ. 6:4, NW) ശൈശവം മുതൽ കൗമാരത്തിന്റെ നിർണായക നാളുകൾവരെയും യഹോവയുടെ ചിന്തകൾ കുട്ടിയുടെ മനസ്സിൽ ഉൾനടുന്നത്‌ ഇതിൽ ഉൾപ്പെടുന്നു.—2 തിമൊ. 3:14, 15.

11 “സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ” എന്ന്‌ യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞപ്പോൾ, ശിഷ്യരാകാൻ മാതാപിതാക്കൾ മക്കളെ സഹായിക്കണമെന്ന കാര്യം നിശ്ചയമായും അവന്റെ മനസ്സിലുണ്ടായിരുന്നു. (മത്താ. 28:19, 20) ലോകം യുവാക്കളുടെമേൽ ശക്തമായ സ്വാധീനംചെലുത്തുന്നതിനാൽ അതത്ര എളുപ്പമുള്ള കാര്യമല്ല. അതുകൊണ്ട്‌ ക്രിസ്‌ത്യാനികളായി വളരാനും ജീവിതം ദൈവത്തിനു സമർപ്പിക്കാനും മക്കളെ സഹായിച്ചിരിക്കുന്ന മാതാപിതാക്കൾ മുഴുസഭയുടെയും അഭിനന്ദനം അർഹിക്കുന്നു. ഉത്തരവാദിത്വമുള്ള ആ മാതാപിതാക്കൾ തങ്ങളുടെ വിശ്വാസത്താലും വിശ്വസ്‌തതയാലും ലോകത്തിന്റെ സ്വാധീനത്തെ “ജയിക്കുന്നു.”—1 യോഹ. 5:4.

ഏകാകികൾ അല്ലെങ്കിൽ മക്കളില്ലാത്തവർ—ശ്രേഷ്‌ഠമായ ഒരു ഉദ്ദേശ്യത്തിൽ

12. കുറെക്കാലം ഏകാകികളായിത്തുടരാൻ ചിലർ തീരുമാനിക്കുന്നത്‌ എന്തുകൊണ്ട്‌?

12 “കാലം ചുരുങ്ങിയിരിക്കുന്ന”തിനാലും “ഈ ലോകത്തിന്റെ രൂപം ഒഴിഞ്ഞുപോകുന്ന”തിനാലും ഏകാകിത്വത്തിന്റെ പ്രയോജനങ്ങളെക്കുറിച്ചു ചിന്തിക്കാൻ ദൈവവചനം നമ്മെ പ്രോത്സാഹിപ്പിക്കുന്നു. (1 കൊരി. 7:29-31) അതുകൊണ്ട്‌ ആയുഷ്‌കാലം മുഴുവൻ അല്ലെങ്കിൽ ഏതാനും വർഷങ്ങൾ ഏകാകികളായി തുടരാൻ ചില ക്രിസ്‌ത്യാനികൾ തീരുമാനിക്കുന്നു. ഏകാകിത്വത്തിന്റെ സ്വാതന്ത്ര്യം സ്വാർഥാഭിലാഷങ്ങൾക്കായി അവർ വിനിയോഗിക്കുന്നില്ലെന്നതും അഭിനന്ദനാർഹമാണ്‌. യഹോവയെ “ചാപല്യംകൂടാതെ” [“ഏകാഗ്രമായി,” പി.ഒ.സി. ബൈബിൾ] സേവിക്കുക എന്നതാണ്‌ അവരുടെ ലക്ഷ്യം. (1 കൊരിന്ത്യർ 7:32-35 വായിക്കുക.) അവരിൽ ചിലർ പയനിയർമാരായോ ബെഥേലംഗങ്ങളായോ സേവിക്കുന്നു. ശുശ്രൂഷാ പരിശീലന സ്‌കൂളിൽ സംബന്ധിക്കാനുള്ള യോഗ്യതപ്രാപിച്ചുകൊണ്ട്‌ യഹോവയുടെ സംഘടനയിൽ കൂടുതൽ പ്രയോജനമുള്ളവരായിത്തീരാൻ മറ്റുചിലർ ശ്രമിക്കുന്നു.

13. ചില ക്രിസ്‌തീയ ദമ്പതികൾ മക്കളില്ലാതെ ജീവിക്കാൻ തീരുമാനിക്കുന്നത്‌ എന്തുകൊണ്ട്‌?

13 ലോകത്തിന്റെ ചില ഭാഗങ്ങളിൽ, കുടുംബവൃത്തത്തിൽ മറ്റൊരു മാറ്റം ദൃശ്യമായിക്കൊണ്ടിരിക്കുകയാണ്‌—അനേകം ദമ്പതികളും കുട്ടികളില്ലാതെ ജീവിക്കാൻ തീരുമാനിക്കുന്നു. സാമ്പത്തിക പരാധീനത നിമിത്തമാണു ചിലർ അങ്ങനെ ചെയ്യുന്നതെങ്കിൽ ഉയർന്ന ശമ്പളമുള്ള ഒരു ജോലിയിൽ തുടരാനുള്ള ആഗ്രഹമാണ്‌ മറ്റുചിലരെ അതിനു പ്രേരിപ്പിക്കുന്നത്‌. കുട്ടികളില്ലാതെ ജീവിക്കുന്ന ചില ക്രിസ്‌തീയ ദമ്പതികളുമുണ്ട്‌. എന്നാൽ കഴിവതും ശ്രദ്ധാശൈഥില്യം കൂടാതെ യഹോവയെ സേവിക്കുന്നതിനാണ്‌ മുഖ്യമായും അവർ അങ്ങനെ ചെയ്യുന്നത്‌. അവരുടെ ദാമ്പത്യജീവിതം വിരസമാണെന്ന്‌ അതിനർഥമില്ല. ദാമ്പത്യത്തിലെ ചില സന്തോഷങ്ങൾക്ക്‌ ഉപരിയായി രാജ്യതാത്‌പര്യങ്ങളെ കാണാനുള്ള അവരുടെ മനസ്സൊരുക്കത്തിന്റെ പ്രതിഫലനമാണത്‌. (1 കൊരി. 7:3-5) അത്തരം ചില ദമ്പതികൾ സർക്കിട്ട്‌-ഡിസ്‌ട്രിക്‌റ്റ്‌ വേലയിലോ ബെഥേൽ സേവനത്തിലോ ഏർപ്പെട്ടുകൊണ്ട്‌ യഹോവയെയും സഹോദരങ്ങളെയും സേവിക്കുന്നു. മറ്റുചിലർ പയനിയർമാരോ മിഷനറിമാരോ ആയി സേവിക്കുന്നു. അവരുടെ പ്രവൃത്തിയും തന്റെ നാമത്തോട്‌ അവർക്കുള്ള സ്‌നേഹവും യഹോവ ഒരിക്കലും മറക്കില്ല.—എബ്രാ. 6:10.

“ജഡത്തിൽ കഷ്ടത”

14, 15. ക്രിസ്‌തീയ മാതാപിതാക്കൾക്കു “ജഡത്തിൽ കഷ്ടത” ഉണ്ടായേക്കാവുന്നത്‌ എങ്ങനെ?

14 വിവാഹിതരായ ക്രിസ്‌ത്യാനികൾക്ക്‌ “ജഡത്തിൽ കഷ്ടത” ഉണ്ടാകുമെന്ന്‌ പൗലൊസ്‌ പറഞ്ഞു. (1 കൊരി. 7:28) അവരുടെയോ മക്കളുടെയോ അല്ലെങ്കിൽ പ്രായമായ മാതാപിതാക്കളുടെയോ ആരോഗ്യപ്രശ്‌നങ്ങൾ അതിൽ ഉൾപ്പെട്ടേക്കാം. കൂടാതെ മക്കളെ വളർത്തുന്നതുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളും ഹൃദയവേദനയും അതിനു കാരണമായേക്കാം. “അന്ത്യകാലത്തു ദുർഘടസമയങ്ങൾ വരും” എന്ന്‌ ബൈബിൾ മുൻകൂട്ടിപ്പറയുന്നതായി തുടക്കത്തിൽ പരാമർശിച്ചുവല്ലോ. അന്ത്യകാലത്തെ ദുർഘടമാക്കുന്ന ഒരു ഘടകമാണ്‌ “അമ്മയപ്പന്മാരെ അനുസരിക്കാത്ത” മക്കൾ.—2 തിമൊ. 3:1-3.

15 മക്കളെ വളർത്തിക്കൊണ്ടുവരുന്നതു ക്രിസ്‌തീയ മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം വലിയൊരു വെല്ലുവിളിയാണ്‌. ഈ ‘ദുർഘടസമയങ്ങളുടെ’ പ്രാതികൂല്യങ്ങളിൽനിന്ന്‌ നാം ഒഴിവുള്ളവരല്ല. അതുകൊണ്ട്‌ “ഈ ലോകത്തിന്റെ” വിനാശക സ്വാധീനങ്ങളിൽനിന്നു മക്കളെ സംരക്ഷിക്കാൻ മാതാപിതാക്കൾ നിരന്തരം പോരാടേണ്ടതുണ്ട്‌. (എഫെ. 2:2, 3) അതെപ്പോഴും വിജയിച്ചെന്നുവരില്ല. ക്രിസ്‌തീയ കുടുംബത്തിലെ ഒരു കുട്ടി യഹോവയെ ഉപേക്ഷിച്ചുപോകുന്നെങ്കിൽ അവനെ അല്ലെങ്കിൽ അവളെ തിരുവെഴുത്തു സത്യങ്ങൾക്കു ചേർച്ചയിൽ വളർത്തിക്കൊണ്ടുവരാൻ പാടുപെട്ട മാതാപിതാക്കൾക്ക്‌ അതു നിശ്ചയമായും ഒരു “കഷ്ടത”യാണ്‌.—സദൃ. 17:25.

“വലിയ കഷ്ടം . . . ഉണ്ടാകും”

16. യേശു എന്തു “കഷ്ടം” മുൻകൂട്ടിപ്പറഞ്ഞു?

16 ദാമ്പത്യത്തോടും മക്കളെ വളർത്തുന്നതിനോടും ബന്ധപ്പെട്ട ഏതൊരു “കഷ്ടത”യെയും വെല്ലുന്ന ഒരു കഷ്ടം ചക്രവാളത്തിൽ ഉരുണ്ടുകൂടുകയാണ്‌. തന്റെ സാന്നിധ്യത്തെയും വ്യവസ്ഥിതിയുടെ അന്ത്യത്തെയും കുറിച്ചുള്ള പ്രവചനത്തിൽ യേശു പറഞ്ഞു: “ലോകാരംഭംമുതൽ ഇന്നുവരെയും സംഭവിച്ചിട്ടില്ലാത്തതും ഇനിമേൽ സംഭവിക്കാത്തതും ആയ വലിയ കഷ്ടം അന്നു ഉണ്ടാകും.” (മത്താ. 24:3, 21) ഒരു മഹാപുരുഷാരം ഈ ‘വലിയ കഷ്ടത്തെ’ അതിജീവിക്കുമെന്ന്‌ പിന്നീട്‌ അവൻ വെളിപ്പെടുത്തി. എന്നാൽ സാത്താന്റെ ഈ വ്യവസ്ഥിതി അതിന്റെ നാശത്തിനു മുമ്പായി യഹോവയുടെ സമാധാനപ്രിയരായ സാക്ഷികൾക്കെതിരെ സർവശക്തിയുമുപയോഗിച്ച്‌ ആഞ്ഞടിക്കും. നിശ്ചയമായും അതു നമുക്കെല്ലാവർക്കും—മുതിർന്നവർക്കും കുട്ടികൾക്കും—ക്ലേശപൂർണമായ സമയമായിരിക്കും.

17. (എ) ഭാവിയെ ആത്മവിശ്വാസത്തോടെ നേരിടാനാകുന്നത്‌ എന്തുകൊണ്ട്‌? (ബി) വിവാഹവും മക്കളെ ജനിപ്പിക്കുന്നതും സംബന്ധിച്ച നമ്മുടെ വീക്ഷണത്തെ എന്തു സ്വാധീനിക്കണം?

17 എന്നാൽ ഭാവിയെക്കുറിച്ചോർത്തു നാം അമിതമായി ഭയപ്പെടേണ്ടതില്ല. യഹോവയോടു വിശ്വസ്‌തരായ മാതാപിതാക്കൾക്ക്‌ തങ്ങളുടെ കൊച്ചുകുട്ടികളും തങ്ങളോടൊപ്പം സംരക്ഷിക്കപ്പെടുമെന്നു പ്രത്യാശിക്കാനാകും. (യെശയ്യാവു 26:20, 21 വായിക്കുക; സെഫ. 2:2, 3; 1 കൊരി. 7:14) അതുവരേക്കും, നാം ജീവിക്കുന്ന ഈ ദുർഘടനാളുകളെക്കുറിച്ചുള്ള അവബോധം വിവാഹവും മക്കളെ ജനിപ്പിക്കുന്നതും സംബന്ധിച്ച നമ്മുടെ വീക്ഷണത്തെ സ്വാധീനിക്കുമാറാകട്ടെ. (2 പത്രൊ. 3:10-13) അങ്ങനെ, ഏകാകികളോ വിവാഹിതരോ മക്കളുള്ളവരോ ഇല്ലാത്തവരോ ആയാലും നമ്മുടെ ജീവിതംകൊണ്ട്‌ യഹോവയ്‌ക്കും ക്രിസ്‌തീയ സഭയ്‌ക്കും മഹത്ത്വവും യശസ്സും കൈവരുത്താൻ നമുക്കാകും.

[അടിക്കുറിപ്പുകൾ]

^ ഖ. 3 യഹോവയുടെ ദിവസം മനസ്സിൽപ്പിടിച്ചുകൊണ്ടു ജീവിക്കുക (ഇംഗ്ലീഷ്‌) എന്ന പുസ്‌തകത്തിന്റെ 125-ാം പേജിലെ “അവൻ ഉപേക്ഷണം വെറുക്കുന്നു” എന്ന ഉപതലക്കെട്ടിനു കീഴിലെ വിവരങ്ങൾ കാണുക.

^ ഖ. 5 വിവാഹത്തെക്കുറിച്ച്‌ 2003 സെപ്‌റ്റംബർ 15 ലക്കം വീക്ഷാഗോപുരം, 2001 ഫെബ്രുവരി 8 ലക്കം ഉണരുക! എന്നിവയിലുള്ള ലേഖനങ്ങൾ ദാമ്പത്യ പ്രശ്‌നങ്ങൾ നേരിടുന്നവർക്ക്‌ ആശ്വാസവും സഹായവും പ്രദാനംചെയ്യും.

^ ഖ. 6 യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും എന്ന പുസ്‌തകത്തിലെ “ഞാൻ ഇപ്പോഴേ വിവാഹം കഴിക്കണമോ?” എന്ന 30-ാം അധ്യായം കാണുക.

പുനരവലോകനം

• ക്രിസ്‌തീയ യുവാക്കൾ വിവാഹംകഴിക്കാൻ തിടുക്കംകൂട്ടരുതാത്തത്‌ എന്തുകൊണ്ട്‌?

• മക്കളെ വളർത്തുന്നതിൽ എന്ത്‌ ഉൾപ്പെടുന്നു?

• ക്രിസ്‌ത്യാനികളിൽ പലരും ഏകാകികളായും, വിവാഹിതരെങ്കിൽ മക്കളില്ലാത്തവരായും തുടരുന്നത്‌ എന്തുകൊണ്ട്‌?

• ക്രിസ്‌തീയ മാതാപിതാക്കൾക്ക്‌ എന്തു “കഷ്ടത” നേരിട്ടേക്കാം?

[അധ്യയന ചോദ്യങ്ങൾ]

[17-ാം പേജിലെ ചിത്രം]

പക്വതപ്രാപിക്കുന്നതിനുമുമ്പ്‌ വിവാഹംകഴിക്കാതിരിക്കുന്നതു ജ്ഞാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

[18-ാം പേജിലെ ചിത്രം]

ഭാര്യക്ക്‌ ആത്മീയകാര്യങ്ങളിൽ അർഥവത്തായ പങ്കുണ്ടായിരിക്കാൻ ഭർത്താവിനു പലതും ചെയ്യാനാകും

[19-ാം പേജിലെ ചിത്രം]

ചില ക്രിസ്‌തീയ ദമ്പതികൾ മക്കളില്ലാതെ ജീവിക്കാൻ തീരുമാനിക്കുന്നത്‌ എന്തുകൊണ്ട്‌?