വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“വ്യർത്ഥകാര്യങ്ങളെ” വർജിക്കുക

“വ്യർത്ഥകാര്യങ്ങളെ” വർജിക്കുക

“വ്യർത്ഥകാര്യങ്ങളെ” വർജിക്കുക

“വ്യർത്ഥകാര്യങ്ങളെ പിന്തുടരുന്നവനോ ബുദ്ധിഹീനൻ.” —സദൃ. 12:11, ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം, NIBV.

1. മൂല്യവത്തായ ചില സംഗതികൾ ഏതൊക്കെയാണ്‌, ഏറ്റവും മെച്ചമായി അവ എങ്ങനെ വിനിയോഗിക്കാം?

ആരോഗ്യവും ശക്തിയും സ്വതസ്സിദ്ധമായ മാനസിക പ്രാപ്‌തികളും സമ്പത്തുമൊക്കെ നമുക്കുണ്ടായിരിക്കാം. നാം യഹോവയെ സ്‌നേഹിക്കുന്നതിനാൽ ഈ മൂല്യവത്തായ സംഗതികൾ അവന്റെ സേവനത്തിൽ ഉപയോഗിക്കാൻ നമുക്കു സന്തോഷമേയുള്ളൂ. അങ്ങനെ ചെയ്യുകവഴി “നിന്റെ സമ്പത്തുകൊണ്ടു യഹോവയെ ആദരിക്കുക, നിനക്കുള്ള ഏറ്റവും മികച്ചത്‌ അവനു നൽകുക” എന്ന നിശ്വസ്‌ത ഉദ്‌ബോധനത്തിനു ചേർച്ചയിൽ നാം പ്രവർത്തിക്കുകയാണ്‌.—സദൃ. 3:9, പരിശുദ്ധ ബൈബിൾ: ഈസി-റ്റു-റീഡ്‌ വേർഷൻ.

2. വ്യർഥകാര്യങ്ങൾക്കെതിരെ ബൈബിൾ എന്തു മുന്നറിയിപ്പു നൽകുന്നു, അക്ഷരാർഥത്തിൽ ഇതെങ്ങനെ ബാധകമാകുന്നു?

2 അതേസമയം വ്യർഥമായ കാര്യങ്ങളുടെ പിന്നാലെ പോയി നമ്മുടെ വിഭവങ്ങൾ പാഴാക്കുന്നതിനെതിരെ ബൈബിൾ മുന്നറിയിപ്പു നൽകുന്നു. ഉദാഹരണത്തിന്‌, സദൃശവാക്യങ്ങൾ 12:11 (NIBV) പറയുന്നു, “നിലം കൃഷി ചെയ്യുന്നവന്നു സമൃദ്ധിയായി ആഹാരം ലഭിക്കുന്നു, വ്യർത്ഥകാര്യങ്ങളെ പിന്തുടരുന്നവനോ ബുദ്ധിഹീനൻ.” അക്ഷരാർഥത്തിൽ ഈ വാക്കുകൾ എങ്ങനെ ബാധകമാകുന്നു എന്നു കണ്ടെത്താൻ ബുദ്ധിമുട്ടില്ല. കുടുംബം പുലർത്താൻ കഠിനാധ്വാനം ചെയ്യുന്ന ഒരു വ്യക്തിക്ക്‌ ഒരളവിലുള്ള സുരക്ഷിതത്വം നേടാനാകുമെന്നത്‌ തർക്കമറ്റ സംഗതിയാണ്‌. (1 തിമൊ. 5:8) എന്നാൽ തന്റെ സമയവും ഊർജവുമൊക്കെ വ്യർഥകാര്യങ്ങൾക്കായി ചെലവഴിക്കുന്ന ഒരു വ്യക്തി ‘ബുദ്ധിഹീനനാണ്‌,’ സന്തുലിതമായ ഒരു വീക്ഷണമോ നല്ല ആന്തരമോ അയാൾക്കില്ല. അയാൾ ദരിദ്രനായിത്തീരാൻ സർവസാധ്യതയുമുണ്ട്‌.

3. വ്യർഥകാര്യങ്ങൾക്കെതിരെയുള്ള ബൈബിളിന്റെ മുന്നറിയിപ്പ്‌ നമ്മുടെ ആരാധനയുടെ കാര്യത്തിൽ എങ്ങനെ ബാധകമാകുന്നു?

3 ഈ സദൃശവാക്യത്തിലെ തത്ത്വം നമ്മുടെ ആരാധനയുടെ കാര്യത്തിൽ ബാധകമാകുന്നുണ്ടോ? ശുഷ്‌കാന്തിയോടും വിശ്വസ്‌തതയോടുംകൂടെ യഹോവയെ സേവിക്കുന്ന ഒരു ക്രിസ്‌ത്യാനിക്ക്‌ യഥാർഥ സുരക്ഷിതത്വം ആസ്വദിക്കാനാകുന്നു. ഇപ്പോൾപ്പോലും യഹോവയുടെ അനുഗ്രഹങ്ങൾ ലഭിക്കും എന്ന ഉറപ്പും ഭാവിയെക്കുറിച്ച്‌ സുനിശ്ചിതമായ പ്രത്യാശയും അദ്ദേഹത്തിനുണ്ട്‌. (മത്താ. 6:33; 1 തിമൊ. 4:10) എന്നാൽ വ്യർഥകാര്യങ്ങളിൽ ശ്രദ്ധയൂന്നുന്ന ഒരാൾ യഹോവയുമായുള്ള തന്റെ ബന്ധവും നിത്യജീവന്റെ പ്രത്യാശയും അപകടത്തിലാക്കുന്നു. നമുക്ക്‌ അത്‌ എങ്ങനെ ഒഴിവാക്കാം? ‘വ്യർഥകാര്യങ്ങൾ’ കണ്ടെത്തി അവ വർജിക്കുന്നതിലൂടെ.—തീത്തൊസ്‌ 2:11-13 വായിക്കുക.

4. പൊതുവെ പറഞ്ഞാൽ എന്താണു വ്യർഥകാര്യങ്ങൾ?

4 അപ്പോൾ വ്യർഥകാര്യങ്ങൾ എന്താണ്‌? പൊതുവെ പറഞ്ഞാൽ യഹോവയെ സർവാത്മനാ സേവിക്കുന്നതിനു വിലങ്ങുതടിയാകുന്ന എന്തും വ്യർഥകാര്യങ്ങളാണ്‌. വിനോദത്തിന്റെ വിവിധ രൂപങ്ങൾ അതിൽ ഉൾപ്പെട്ടേക്കാം. വിനോദം ആവശ്യമാണെന്നുള്ളതു ശരിതന്നെ, പക്ഷേ ആരാധനയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അവഗണിച്ച്‌ വളരെയധികം സമയം അതിനായി ചെലവഴിക്കുന്നെങ്കിൽ അത്‌ ഒരു വ്യർഥകാര്യമായിത്തീരും. അത്‌ ദൈവവുമായുള്ള നമ്മുടെ ബന്ധത്തെ ദോഷകരമായി ബാധിക്കും. (സഭാ. 2:24; 4:6) ഈ അപകടം ഒഴിവാക്കുന്നതിന്‌ തന്റെ വിലയേറിയ സമയം വിനിയോഗിക്കുന്ന കാര്യത്തിൽ ഒരു ക്രിസ്‌ത്യാനി ശ്രദ്ധയുള്ളവനായിരിക്കണം. (കൊലൊസ്സ്യർ 4:5 വായിക്കുക.) എന്നാൽ വിനോദത്തെക്കാളും അപകടകാരികളായ മറ്റു ചില വ്യർഥകാര്യങ്ങളുണ്ട്‌. അവയിലൊന്നാണ്‌ വ്യാജദൈവങ്ങൾ.

വ്യർഥദൈവങ്ങളെ തിരസ്‌കരിക്കുക

5. എന്തിനോടുള്ള ബന്ധത്തിലാണ്‌ “വ്യർഥം” എന്ന പദം ബൈബിളിൽ മിക്കപ്പോഴും ഉപയോഗിച്ചിരിക്കുന്നത്‌?

5 മൂലഭാഷയിലുള്ള തിരുവെഴുത്തുകളിൽ വ്യാജദൈവങ്ങളോടുള്ള ബന്ധത്തിലാണ്‌ “വ്യർഥം” എന്ന പദം മിക്കപ്പോഴും ഉപയോഗിച്ചിരിക്കുന്നത്‌. ഉദാഹരണത്തിന്‌, യഹോവ ഇസ്രായേല്യരോടു പറഞ്ഞു: “വിഗ്രഹങ്ങളെ [“വ്യർഥദൈവങ്ങളെ,” NW] ഉണ്ടാക്കരുതു; ബിംബമോ സ്‌തംഭമോ നാട്ടരുതു; രൂപം കൊത്തിയ യാതൊരു കല്ലും നമസ്‌കരിപ്പാൻ നിങ്ങളുടെ ദേശത്തു നാട്ടുകയും അരുതു; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.” (ലേവ്യ. 26:1) പിൽക്കാലത്ത്‌ ദാവീദ്‌ എഴുതി: “യഹോവ വലിയവനും അത്യന്തം സ്‌തുത്യനും സർവ്വദേവന്മാരിലും അതിഭയങ്കരനുമല്ലോ. ജാതികളുടെ സകലദേവന്മാരും വിഗ്രഹങ്ങൾ [“വ്യർഥദൈവങ്ങൾ,” NW] അത്രേ; യഹോവയോ ആകാശത്തെ ചമെച്ചവൻ.”—1 ദിന. 16:25, 26.

6. വ്യാജദൈവങ്ങൾ പ്രയോജനരഹിതരായിരുന്നത്‌ എന്തുകൊണ്ട്‌?

6 ദാവീദ്‌ സൂചിപ്പിച്ചതുപോലെ, നമുക്കുചുറ്റും യഹോവയുടെ മാഹാത്മ്യത്തിന്റെ തെളിവുകൾ കാണാനാകും. (സങ്കീ. 139:14; 148:1-10) യഹോവയുമായി ഒരു ഉടമ്പടി ബന്ധത്തിലായിരിക്കാൻ കഴിഞ്ഞത്‌ ഇസ്രായേല്യരെ സംബന്ധിച്ചിടത്തോളം വലിയൊരു പദവിയായിരുന്നു. യഹോവയെവിട്ട്‌ ബിംബങ്ങളുടെയും സ്‌തംഭങ്ങളുടെയും മുമ്പാകെ കുമ്പിടാൻ പോയ അവർ എത്രവലിയ ഭോഷന്മാരായിരുന്നു! പ്രതിസന്ധിഘട്ടങ്ങളിൽ അവരുടെ ദൈവങ്ങളെക്കൊണ്ടു യാതൊരു പ്രയോജനവും ഉണ്ടായില്ല. തങ്ങളെത്തന്നെയോ തങ്ങളുടെ ആരാധകരെയോ രക്ഷിക്കാൻ തീർത്തും അശക്തരായിരുന്നു ആ ദൈവങ്ങൾ.—ന്യായാ. 10:14, 15; യെശ. 46:5-7.

7, 8. ധനം എങ്ങനെയാണു ദൈവമായിത്തീരുന്നത്‌?

7 ഇന്നും പല രാജ്യങ്ങളിലും ആളുകൾ മനുഷ്യനിർമിത ബിംബങ്ങളെ നമസ്‌കരിക്കുന്നു, മുൻകാലങ്ങളിലെന്നപോലെ ഇന്നും ഈ ദൈവങ്ങളെക്കൊണ്ടു യാതൊരു പ്രയോജനവുമില്ല. (1 യോഹ. 5:21) വിഗ്രഹങ്ങളെക്കൂടാതെ മറ്റു കാര്യങ്ങളെയും ബൈബിൾ ദൈവങ്ങൾ എന്നു വിശേഷിപ്പിക്കുന്നുണ്ട്‌. യേശുവിന്റെ ഈ വാക്കുകൾ പരിചിന്തിക്കുക: “രണ്ടു യജമാനന്മാരെ സേവിപ്പാൻ ആർക്കും കഴികയില്ല; അങ്ങനെ ചെയ്‌താൽ ഒരുത്തനെ പകെച്ചു മറ്റവനെ സ്‌നേഹിക്കും; അല്ലെങ്കിൽ ഒരുത്തനോടു പറ്റിച്ചേർന്നു മറ്റവനെ നിരസിക്കും; നിങ്ങൾക്കു ദൈവത്തെയും മാമോനെയും സേവിപ്പാൻ കഴികയില്ല.”—മത്താ. 6:24.

8 ‘മാമോൻ’ അഥവാ ധനം എങ്ങനെയാണു ദൈവമായിത്തീരുന്നത്‌? ഒരു ഉദാഹരണംകൊണ്ട്‌ അതു മനസ്സിലാക്കാം. പുരാതന ഇസ്രായേല്യർക്ക്‌ വയലിൽ കിടക്കുന്ന ഒരു കല്ല്‌ വീടോ മതിലോ മറ്റോ പണിയുന്നതിന്‌ ഉപയോഗിക്കാമായിരുന്നു. എന്നാൽ അതിനെ ‘രൂപം കൊത്തിയ കല്ലോ’ “സ്‌തംഭമോ” ആയി നാട്ടുകയാണെങ്കിൽ അത്‌ അവർക്കൊരു കെണിയായി മാറുമായിരുന്നു. (ലേവ്യ. 26:1) അതുപോലെ പണത്തിനും അതിന്റേതായ സ്ഥാനമുണ്ട്‌. നമുക്കു ജീവിക്കാൻ പണം ആവശ്യമാണ്‌, യഹോവയുടെ സേവനത്തിൽ അത്‌ ഉപകാരപ്പെടുകയും ചെയ്യും. (സഭാ. 7:12; ലൂക്കൊ. 16:9) എന്നാൽ ക്രിസ്‌തീയ പ്രവർത്തനങ്ങളെക്കാൾ പ്രാധാന്യം നാം പണസമ്പാദനത്തിനു കൊടുക്കുകയാണെങ്കിൽ ഫലത്തിൽ അതു നമ്മുടെ ദൈവമായിത്തീരും. (1 തിമൊഥെയൊസ്‌ 6:9, 10 വായിക്കുക.) ഇന്നത്തെ ലോകത്തിൽ ആളുകൾക്ക്‌ ഏറ്റവും മുഖ്യം ധനസമ്പാദനമാണ്‌, അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ നമുക്കു സമനിലയോടുകൂടിയ വീക്ഷണം ആവശ്യമാണ്‌.—1 തിമൊ. 6:17-19.

9, 10. (എ) ഒരു ക്രിസ്‌ത്യാനി വിദ്യാഭ്യാസത്തെ എങ്ങനെ വീക്ഷിക്കണം? (ബി) ഉന്നതവിദ്യാഭ്യാസത്തിൽ ഏത്‌ അപകടം പതിയിരിക്കുന്നു?

9 പ്രയോജനമുള്ളതെങ്കിലും വ്യർഥമായിത്തീരാൻ ഇടയുള്ള മറ്റൊരു സംഗതിയാണ്‌ ലൗകിക വിദ്യാഭ്യാസം. സ്വന്തംകാലിൽ നിൽക്കാൻ കഴിയേണ്ടതിന്‌ മക്കൾ നല്ല വിദ്യാഭ്യാസം നേടണമെന്നു മാതാപിതാക്കൾ ആഗ്രഹിക്കുന്നു. ബൈബിൾ വായിച്ചു മനസ്സിലാക്കാനും പ്രശ്‌നങ്ങൾ നേരിടുമ്പോൾ ബൈബിൾതത്ത്വങ്ങളുടെ സഹായത്താൽ ശരിയായ തീരുമാനങ്ങൾ എടുക്കാനും ബൈബിൾസത്യങ്ങൾ നന്നായി പഠിപ്പിക്കാനും നല്ല വിദ്യാഭ്യാസമുള്ള ഒരു ക്രിസ്‌ത്യാനിക്കു മെച്ചമായി സാധിക്കും. വിദ്യാഭ്യാസം നേടുന്നതിനു സമയം ചെലവഴിക്കേണ്ടതുണ്ട്‌, എന്നാൽ അത്‌ തക്കമൂല്യമുള്ളതാണ്‌.

10 അപ്പോൾ, കോളേജിൽനിന്നും സർവകലാശാലയിൽനിന്നുംമറ്റും ലഭിക്കുന്ന ഉന്നതവിദ്യാഭ്യാസത്തിന്റെ കാര്യമോ? ജീവിതവിജയത്തിന്‌ അത്‌ അനിവാര്യമാണെന്ന്‌ ആളുകൾ പൊതുവെ കരുതുന്നു. പക്ഷേ, അത്തരം വിദ്യാഭ്യാസം നേടുന്ന പലരും തങ്ങളുടെ മനസ്സിനെ ദോഷകരമായ ലൗകിക ജ്ഞാനംകൊണ്ടു നിറയ്‌ക്കുകയാണ്‌. യഹോവയുടെ സേവനത്തിൽ ഉപയോഗിക്കാമായിരുന്ന യൗവനവർഷങ്ങളാണ്‌ അവർ ഉന്നതവിദ്യാഭ്യാസത്തിനായി ചെലവഴിക്കുന്നത്‌. (സഭാ. 12:1) അനേകരും ഉന്നതവിദ്യാഭ്യാസം നേടിയിട്ടുള്ള രാജ്യങ്ങളിൽ ദൈവവിശ്വാസികളുടെ എണ്ണം നാൾക്കുനാൾ കുറഞ്ഞുവരുന്നതിൽ അതിശയിക്കാനില്ല. എന്നാൽ ക്രിസ്‌ത്യാനികൾ സുരക്ഷിതത്വത്തിനായി ആശ്രയംവെക്കുന്നതു യഹോവയിലാണ്‌, ഉന്നതവിദ്യാഭ്യാസത്തിലല്ല.—സദൃ. 3:5.

ജഡമോഹങ്ങളെ നിരാകരിക്കുക

11, 12. “അവരുടെ ദൈവം വയറ്‌” എന്നു ചിലരെക്കുറിച്ചു പൗലൊസ്‌ പറഞ്ഞത്‌ എന്തുകൊണ്ടാണ്‌?

11 ഫിലിപ്പിയർക്കുള്ള ലേഖനത്തിൽ, മറ്റൊന്നിനുംകൂടി ദൈവമായിത്തീരാൻ സാധിക്കുമെന്ന്‌ അപ്പൊസ്‌തലനായ പൗലൊസ്‌ ചൂണ്ടിക്കാട്ടി. ഒരുകാലത്ത്‌ തന്റെ സഹാരാധകരായിരുന്ന ചിലരെക്കുറിച്ച്‌ അവൻ എഴുതി: “ഞാൻ പലപ്പോഴും നിങ്ങളോടു പറഞ്ഞതുപോലെ അനേകർ ക്രിസ്‌തുവിന്റെ ക്രൂശിന്നു ശത്രുക്കളായി നടക്കുന്നു എന്നു ഇപ്പോൾ കരഞ്ഞുംകൊണ്ടു പറയുന്നു. അവരുടെ അവസാനം നാശം; അവരുടെ ദൈവം വയറു; . . . അവർ ഭൂമിയിലുള്ളതു ചിന്തിക്കുന്നു.” (ഫിലി. 3:18, 19) എങ്ങനെയാണ്‌ ഒരാളുടെ വയറ്‌ ദൈവമായിത്തീരുന്നത്‌?

12 പൗലൊസിനോടു സഹവസിച്ചിരുന്ന ആ വ്യക്തികൾ യഹോവയെ സേവിക്കുന്നതിനെക്കാൾ മുൻതൂക്കം ജഡമോഹങ്ങൾ തൃപ്‌തിപ്പെടുത്തുന്നതിനു നൽകിയെന്നുവേണം കരുതാൻ. ചിലർ അതിഭക്ഷകന്മാരും കുടിയന്മാരും ആയിത്തീർന്നിട്ടുണ്ടാകണം. (സദൃ. 23:20, 21; ആവർത്തനപുസ്‌തകം 21:18-21 താരതമ്യം ചെയ്യുക.) മറ്റുചിലർ അക്കാലത്തു ലഭ്യമായിരുന്ന അവസരങ്ങൾ മുതലാക്കാൻ ശ്രമിച്ചിരുന്നിരിക്കണം. അങ്ങനെ യഹോവയെ സേവിക്കുന്നതിൽനിന്ന്‌ അവരുടെ ശ്രദ്ധതിരിഞ്ഞുപോയി. ‘നല്ല ജീവിതം’ നയിക്കാനുള്ള ആഗ്രഹം യഹോവയെ സർവാത്മനാ സേവിക്കുന്നതിൽ നമ്മെ മന്ദീഭവിപ്പിക്കാതിരിക്കട്ടെ!—കൊലൊ. 3:23, 24.

13. (എ) എന്താണ്‌ അത്യാഗ്രഹം, പൗലൊസ്‌ അതിനെ വിശേഷിപ്പിച്ചത്‌ എങ്ങനെ? (ബി) അത്യാഗ്രഹം നമുക്കെങ്ങനെ ഒഴിവാക്കാം?

13 വ്യാജാരാധനയുടെ മറ്റൊരു വശത്തെക്കുറിച്ചും പൗലൊസ്‌ പരാമർശിക്കുകയുണ്ടായി. അവൻ എഴുതി: “ആകയാൽ ദുർന്നടപ്പു, അശുദ്ധി, അതിരാഗം, ദുർമ്മോഹം, വിഗ്രഹാരാധനയായ അത്യാഗ്രഹം ഇങ്ങനെ ഭൂമിയിലുള്ള നിങ്ങളുടെ അവയവങ്ങളെ മരിപ്പിപ്പിൻ.” (കൊലൊ. 3:5) നമുക്കില്ലാത്തതോ അല്ലെങ്കിൽ നമ്മുടേതല്ലാത്തതോ ആയ കാര്യങ്ങൾക്കുവേണ്ടിയുള്ള അടങ്ങാത്ത ആഗ്രഹം എന്ന്‌ അത്യാഗ്രഹത്തെ നിർവചിക്കാം. അത്‌ വസ്‌തുവകകൾക്കുവേണ്ടിയാകാം, അധാർമിക ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിനുവേണ്ടിപ്പോലുമാകാം. (പുറ. 20:17) അത്തരം ആഗ്രഹങ്ങൾ വിഗ്രഹാരാധനയ്‌ക്ക്‌ അതായത്‌ വ്യാജദൈവത്തെ ആരാധിക്കുന്നതിനു തുല്യമാണെന്നുള്ളത്‌ ഗൗരവമായ സംഗതിയല്ലേ? എന്തു വിലകൊടുത്തും ഇത്തരം ആഗ്രഹങ്ങൾക്കു കടിഞ്ഞാണിടേണ്ടതു വളരെ പ്രധാനമാണെന്ന്‌ യേശു ചൂണ്ടിക്കാണിച്ചു.—മർക്കൊസ്‌ 9:47 വായിക്കുക; 1 യോഹ. 2:16.

വ്യർഥവാക്കുകളെ സൂക്ഷിക്കുക

14, 15. (എ) യിരെമ്യാവിന്റെ നാളിൽ പലരെയും ഇടറിച്ച വ്യർഥകാര്യം എന്തായിരുന്നു? (ബി) മോശെയുടെ വാക്കുകൾ മൂല്യവത്തായിരുന്നത്‌ എന്തുകൊണ്ട്‌?

14 വ്യർഥകാര്യങ്ങളിൽ വാക്കുകളും ഉൾപ്പെടാം. ഉദാഹരണത്തിന്‌, യഹോവ യിരെമ്യാവിനോടു പറഞ്ഞു: “പ്രവാചകന്മാർ എന്റെ നാമത്തിൽ ഭോഷ്‌കു പ്രവചിക്കുന്നു; ഞാൻ അവരെ അയച്ചിട്ടില്ല, അവരോടു കല്‌പിച്ചിട്ടില്ല, അവരോടു സംസാരിച്ചിട്ടുമില്ല; അവർ വ്യാജദർശനവും പ്രശ്‌നവാക്യവും ഇല്ലാത്ത കാര്യവും സ്വന്തഹൃദയത്തിലെ വഞ്ചനയും നിങ്ങളോടു പ്രവചിക്കുന്നു.” (യിരെ. 14:14) യഹോവയുടെ നാമത്തിൽ സംസാരിക്കുന്നുവെന്നാണ്‌ ആ വ്യാജപ്രവാചകന്മാർ അവകാശപ്പെട്ടത്‌, പക്ഷേ സ്വന്തം ബുദ്ധിയിൽനിന്ന്‌ സ്വന്തം ആശയങ്ങളാണ്‌ അവർ സംസാരിച്ചത്‌. അതുകൊണ്ടുതന്നെ ‘ഇല്ലാത്ത കാര്യങ്ങളാണ്‌’ അവർ പ്രവചിച്ചത്‌. അവരുടെ വാക്കുകൾ വിലയില്ലാത്തതായിരുന്നു എന്നുമാത്രമല്ല ദൈവജനത്തിന്റെ ആത്മീയതയ്‌ക്ക്‌ ഒരു ഭീഷണിയുമായിരുന്നു. ഈ വ്യർഥവാക്കുകൾക്കു ചെവികൊടുത്ത അനേകരും ബി.സി. 607-ൽ ബാബിലോണിയരുടെ കയ്യാൽ കൊല്ലപ്പെട്ടു.

15 എന്നാൽ മോശെ ഇസ്രായേല്യരോടു പറഞ്ഞിരുന്നു: “ഈ ന്യായപ്രമാണത്തിലെ വചനങ്ങൾ ഒക്കെയും പ്രമാണിച്ചുനടക്കേണ്ടതിന്നു . . . ഞാൻ ഇന്നു നിങ്ങൾക്കു സാക്ഷീകരിക്കുന്ന സകലവചനങ്ങളും മനസ്സിൽ വെച്ചുകൊൾവിൻ. ഇതു നിങ്ങൾക്കു വ്യർത്ഥകാര്യമല്ല, നിങ്ങളുടെ ജീവൻതന്നേ ആകുന്നു; നിങ്ങൾ കൈവശമാക്കേണ്ടതിന്നു യോർദ്ദാൻ കടന്നു ചെല്ലുന്ന ദേശത്തു നിങ്ങൾക്കു ഇതിനാൽ ദീർഘായുസ്സുണ്ടാകും.” (ആവ. 32:46, 47) ഈ വാക്കുകൾ ദൈവനിശ്വസ്‌തമായിരുന്നു. അതുകൊണ്ടുതന്നെ അവ മൂല്യവത്തും ആ ജനതയുടെ ക്ഷേമത്തിന്‌ അനിവാര്യവും ആയിരുന്നു. അതിനു ചെവികൊടുത്തവർക്കു ലഭിച്ച പ്രതിഫലമോ? ദീർഘായുസ്സും സമൃദ്ധിയും. അതുകൊണ്ട്‌ നമുക്ക്‌ എല്ലായ്‌പോഴും വ്യർഥവാക്കുകളെ തള്ളിക്കളഞ്ഞ്‌ സത്യത്തിന്റെ അമൂല്യവാക്കുകൾ ഹൃദയത്തിലേറ്റാം!

16. ശാസ്‌ത്രജ്ഞന്മാരുടെ പ്രസ്‌താവനകൾ ദൈവവചനത്തിനു വിരുദ്ധമാകുമ്പോൾ നാമതിനെ എങ്ങനെ വീക്ഷിക്കണം?

16 ഇന്നു വ്യർഥഭാഷണങ്ങൾ നമ്മുടെ ചെവിയിൽ എത്തുന്നുണ്ടോ? ഉണ്ട്‌. ചില ശാസ്‌ത്രജ്ഞന്മാർ അഭിപ്രായപ്പെടുന്നത്‌ പരിണാമ സിദ്ധാന്തത്തിന്റെയും മറ്റു ശാസ്‌ത്രീയ കണ്ടെത്തലുകളുടെയും അടിസ്ഥാനത്തിൽ മേലാൽ ദൈവത്തിൽ വിശ്വസിക്കേണ്ടതില്ല എന്നാണ്‌, എല്ലാം പ്രകൃതിയിലെ സ്വാഭാവിക പ്രക്രിയകളുടെ അടിസ്ഥാനത്തിൽ വിശദീകരിക്കാൻ സാധിക്കുമത്രേ! ഇത്തരം ധിക്കാരംനിറഞ്ഞ പ്രസ്‌താവനകൾ നാം ഗൗരവമായി എടുക്കണമോ? വേണ്ടേവേണ്ട! മനുഷ്യന്റെ ജ്ഞാനമല്ല ദൈവത്തിന്റെ ജ്ഞാനം. (1 കൊരി. 2:6, 7) മനുഷ്യന്റെ പഠിപ്പിക്കലുകൾ ദൈവവചനത്തിനു വിരുദ്ധമാകുമ്പോൾ, എല്ലായ്‌പോഴും പിഴയ്‌ക്കുന്നത്‌ മനുഷ്യന്റെ പഠിപ്പിക്കലുകളാണെന്നു നമുക്കറിയാം. (റോമർ 3:4 വായിക്കുക.) ശാസ്‌ത്രീയ മുന്നേറ്റങ്ങളൊക്കെ ഉണ്ടായിട്ടും മാനുഷിക ജ്ഞാനത്തെക്കുറിച്ചുള്ള ബൈബിളിന്റെ വിലയിരുത്തൽ, അതായത്‌ “ഈ ലോകത്തിന്റെ ജ്ഞാനം ദൈവസന്നിധിയിൽ ഭോഷത്വമത്രേ” എന്നത്‌ ഇന്നും സത്യമാണ്‌. ദൈവത്തിന്റെ അനന്തജ്ഞാനത്തോടുള്ള താരതമ്യത്തിൽ മനുഷ്യജ്ഞാനം ഒന്നുമല്ല.—1 കൊരി. 3:18-20.

17. ക്രൈസ്‌തവ മേലധ്യക്ഷന്മാരുടെയും വിശ്വാസത്യാഗികളുടെയും വാക്കുകളെ നാം എങ്ങനെ വീക്ഷിക്കണം?

17 വ്യർഥമായ വാക്കുകൾ ഉച്ചരിക്കുന്ന മറ്റൊരു കൂട്ടരാണ്‌ ക്രൈസ്‌തവ മേലധ്യക്ഷന്മാർ. ദൈവനാമത്തിൽ സംസാരിക്കുന്നുവെന്ന്‌ അവകാശപ്പെടുന്നുവെങ്കിലും അവർ പറയുന്നതിലധികവും തിരുവെഴുത്തധിഷ്‌ഠിതമല്ല, മാത്രമല്ല പറയുന്നതിലൊന്നും അത്ര കഴമ്പുമില്ല. വിശ്വാസത്യാഗികളും വ്യർഥമായ കാര്യങ്ങളാണു സംസാരിക്കുന്നത്‌, ക്രിസ്‌തു നിയമിച്ച വിശ്വസ്‌തനും വിവേകിയുമായ അടിമയെക്കാളും ജ്ഞാനമുണ്ടെന്ന ഭാവമാണവർക്ക്‌. (മത്താ. 24:45-47) പക്ഷേ വിശ്വാസത്യാഗികൾ സംസാരിക്കുന്നത്‌ അവരുടെ സ്വന്തജ്ഞാനത്തിൽനിന്നാണ്‌. അവരുടേത്‌ വ്യർഥവാക്കുകളാണ്‌, ചെവികൊടുക്കുന്ന ആർക്കും അത്‌ ഇടർച്ചയായേക്കാം. (ലൂക്കൊ. 17:1, 2) അവരുടെ കെണിയിൽപ്പെടുന്നത്‌ എങ്ങനെ ഒഴിവാക്കാം?

വ്യർഥവാക്കുകളെ നമുക്ക്‌ എങ്ങനെ തിരസ്‌കരിക്കാം?

18. നമുക്ക്‌ 1 യോഹന്നാൻ 4:1-ലെ ബുദ്ധിയുപദേശം എങ്ങനെ ബാധകമാക്കാം?

18 ഇക്കാര്യത്തിൽ അപ്പൊസ്‌തലനായ യോഹന്നാൻ നല്ലൊരു ബുദ്ധിയുപദേശം നൽകി. (1 യോഹന്നാൻ 4:1 വായിക്കുക.) ശുശ്രൂഷയിലായിരിക്കുമ്പോൾ നാം ഈ ഉപദേശം ബാധകമാക്കാറുണ്ട്‌. പഠിച്ചുവെച്ചിരിക്കുന്ന കാര്യങ്ങൾ ബൈബിളുമായി ഒത്തുനോക്കി ശരിയാണോ എന്ന്‌ ഉറപ്പുവരുത്താൻ നാം ആളുകളെ പ്രോത്സാഹിപ്പിക്കുന്നു. ഇതേ തത്ത്വം തന്നെയാണു നാമും പിന്തുടരേണ്ടത്‌. സത്യത്തെ ചോദ്യം ചെയ്‌തുകൊണ്ടുള്ളതോ, സഭയെയോ മൂപ്പന്മാരെയോ നമ്മുടെ സഹോദരങ്ങളെയോ ദുഷിച്ചുകൊണ്ടുള്ളതോ ആയ പ്രസ്‌താവനകൾ കേൾക്കുമ്പോൾ നാമതു കണ്ണുമടച്ചു വിശ്വസിക്കരുത്‌. പകരം സ്വയം ചോദിക്കണം: ‘ഈ കഥ പ്രചരിപ്പിക്കുന്ന വ്യക്തി ബൈബിൾ പറയുന്നതിനു ചേർച്ചയിലാണോ പ്രവർത്തിക്കുന്നത്‌? ഈ കഥകളും ആരോപണങ്ങളുമൊക്കെ യഹോവയുടെ ഉദ്ദേശ്യങ്ങൾ ഉന്നമിപ്പിക്കാൻ ഉതകുന്നതാണോ? സഭയിൽ സമാധാനം ഉണ്ടാക്കാൻ ഇവ സഹായിക്കുമോ?’ സഹോദരങ്ങൾക്കിടയിലുള്ള ഐക്യം കെട്ടുറപ്പുള്ളതാക്കുന്നതിനുപകരം അതിനെ തകർക്കുന്ന എന്തും വ്യർഥകാര്യങ്ങളാണ്‌.—2 കൊരി. 13:10, 11.

19. തങ്ങളുടേതു വ്യർഥവാക്കുകളല്ലെന്ന്‌ മൂപ്പന്മാർക്ക്‌ എങ്ങനെ ഉറപ്പുവരുത്താം?

19 വ്യർഥവാക്കുകളോടുള്ള ബന്ധത്തിൽ മൂപ്പന്മാർക്കും ഒരു സുപ്രധാന പാഠം പഠിക്കാനുണ്ട്‌. ബുദ്ധിയുപദേശം നൽകേണ്ടിവരുമ്പോൾ തങ്ങളുടെ പരിമിതികളെക്കുറിച്ചു തിരിച്ചറിവുള്ള അവർ സ്വന്തം അനുഭവജ്ഞാനത്തിൽ മാത്രം ആശ്രയിക്കുന്നില്ല, പകരം ബൈബിൾ എന്തു പറയുന്നു എന്നതിലേക്കു ശ്രദ്ധ ക്ഷണിക്കുന്നു. മനസ്സിൽപ്പിടിക്കാവുന്ന ഒരു നല്ല തത്ത്വം, “എഴുതിയിരിക്കുന്നതിനപ്പുറം പോകരുത്‌” എന്ന പൗലൊസ്‌ അപ്പൊസ്‌തലന്റെ വാക്കുകളിൽ അടങ്ങിയിട്ടുണ്ട്‌. (1 കൊരി. 4:6, NIBV) അത്‌ പിൻപറ്റിക്കൊണ്ട്‌ ബൈബിളിൽ എഴുതിയിരിക്കുന്നതിനപ്പുറം മൂപ്പന്മാർ പോകുന്നില്ല. ഈ തിരുവെഴുത്തു തത്ത്വത്തിന്റെ അടിസ്ഥാനത്തിൽ വിശ്വസ്‌തനും വിവേകിയുമായ അടിമയുടെ പ്രസിദ്ധീകരണങ്ങളിലൂടെ ലഭിക്കുന്ന ബൈബിളധിഷ്‌ഠിത ബുദ്ധിയുപദേശങ്ങൾക്ക്‌ അപ്പുറവും അവർ പോകുന്നില്ല.

20. വ്യർഥകാര്യങ്ങളെ തിരസ്‌കരിക്കാൻ നമുക്ക്‌ എന്തു സഹായമുണ്ട്‌?

20 ദൈവങ്ങളോ വാക്കുകളോ എന്നിങ്ങനെ എന്തുമായിക്കൊള്ളട്ടെ, വ്യർഥകാര്യങ്ങൾ അങ്ങേയറ്റം വിനാശകമാണ്‌. ഇക്കാരണത്താൽത്തന്നെ അവയെ തിരിച്ചറിഞ്ഞ്‌ തിരസ്‌കരിക്കാനുള്ള മാർഗനിർദേശത്തിനായി നമുക്കു നിരന്തരം യഹോവയോടു പ്രാർഥിക്കാം, “വ്യാജത്തെ നോക്കാതവണ്ണം എന്റെ കണ്ണുകളെ തിരിച്ചു നിന്റെ വഴികളിൽ എന്നെ ജീവിപ്പിക്കേണമേ” എന്നു പ്രാർഥിച്ച സങ്കീർത്തനക്കാരന്റെ അതേ മനോഭാവത്തോടെ. (സങ്കീ. 119:37) യഹോവയുടെ മാർഗനിർദേശം അനുസരിക്കുന്നതിന്റെ മൂല്യത്തെക്കുറിച്ച്‌ അടുത്ത ലേഖനത്തിൽ നാം ചർച്ച ചെയ്യുന്നതായിരിക്കും.

നിങ്ങൾക്കു വിശദീകരിക്കാമോ?

• പൊതുവായ അർഥത്തിൽ, എന്താണ്‌ വ്യർഥകാര്യങ്ങൾ?

• ധനം ദൈവമായിത്തീരുന്നത്‌ നമുക്ക്‌ എങ്ങനെ ഒഴിവാക്കാം?

• ജഡമോഹങ്ങൾ വിഗ്രഹാരാധനയായിത്തീരുന്നത്‌ എങ്ങനെയാണ്‌?

• വ്യർഥവാക്കുകളെ നമുക്ക്‌ എങ്ങനെ തിരസ്‌കരിക്കാം?

[അധ്യയന ചോദ്യങ്ങൾ]

[3-ാം പേജിലെ ചിത്രം]

ഇസ്രായേല്യർ വ്യർഥകാര്യങ്ങളെ പിന്തുടരാതെ ‘നിലം കൃഷി ചെയ്യണമായിരുന്നു’

[5-ാം പേജിലെ ചിത്രം]

ഭൗതികവസ്‌തുക്കൾക്കു വേണ്ടിയുള്ള ആഗ്രഹം യഹോവയുടെ സേവനത്തിൽ നിങ്ങളെ മന്ദീഭവിപ്പിക്കാതിരിക്കട്ടെ

[6-ാം പേജിലെ ചിത്രം]

മൂപ്പന്മാർ മൂല്യമുള്ള കാര്യങ്ങൾ പഠിപ്പിക്കുന്നു