വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“ദൈവഭയത്തിൽ വിശുദ്ധി” കാത്തുകൊള്ളുക

“ദൈവഭയത്തിൽ വിശുദ്ധി” കാത്തുകൊള്ളുക

“ദൈവഭയത്തിൽ വിശുദ്ധി” കാത്തുകൊള്ളുക

ആത്യന്തികമായ വിശുദ്ധി യഹോവയ്‌ക്ക്‌ ആരോപിച്ചുകൊണ്ട്‌ ബൈബിൾ ഇങ്ങനെ പറയുന്നു: “യഹോവ പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ.” (യെശ. 6:3; വെളി. 4:8) നൈർമല്യം, മതപരമായ ശുദ്ധി, അശുദ്ധിയിൽനിന്ന്‌ അന്യപ്പെട്ടത്‌ എന്നൊക്കെയാണ്‌ “വിശുദ്ധി” എന്നതിന്റെ എബ്രായ, ഗ്രീക്ക്‌ പദങ്ങൾ അർഥമാക്കുന്നത്‌. ദൈവത്തിന്റെ ആത്യന്തികമായ ധാർമിക തികവിനെയാണ്‌ അവന്റെ വിശുദ്ധി സൂചിപ്പിക്കുന്നത്‌.

തന്റെ ആരാധകരും വിശുദ്ധരായിരിക്കാൻ, ശാരീരികമായും ധാർമികമായും ആത്മീയമായും ശുദ്ധിയുള്ളവരായിരിക്കാൻ, പരിശുദ്ധ ദൈവമായ യഹോവ പ്രതീക്ഷിക്കില്ലേ? അവൻ അതുതന്നെയാണ്‌ ആഗ്രഹിക്കുന്നതെന്ന്‌ സംശയലേശമെന്യേ ബൈബിൾ പ്രകടമാക്കുന്നു. “ഞാൻ വിശുദ്ധൻ ആകയാൽ നിങ്ങളും വിശുദ്ധരായിരിപ്പിൻ” എന്ന്‌ 1 പത്രൊസ്‌ 1:16 പറയുന്നു. യഹോവയുടെ വിശുദ്ധി അനുകരിക്കാൻ അപൂർണ മനുഷ്യർക്കാകുമോ? തീർച്ചയായും; പൂർണമായ അർഥത്തിലല്ലെങ്കിലും. ആത്മീയ ശുദ്ധിയോടെ ദൈവത്തെ ആരാധിക്കുകയും അവനുമായി അടുത്ത ബന്ധം ഉണ്ടായിരിക്കുകയും ചെയ്യുന്നെങ്കിൽ അവൻ നമ്മെ വിശുദ്ധരായി വീക്ഷിക്കും.

ധാർമിക അശുദ്ധി നിറഞ്ഞ ഈ ലോകത്തിൽ നമുക്കെങ്ങനെ വിശുദ്ധരായിരിക്കാനാകും? എന്തെല്ലാം നടപടികൾ നാം ഒഴിവാക്കണം? സംസാരത്തിലും പെരുമാറ്റത്തിലും നാം എന്തൊക്കെ മാറ്റങ്ങൾ വരുത്തണം? ബി.സി. 537-ൽ ബാബിലോൺ വിട്ടു സ്വദേശത്തേക്കു മടങ്ങിയ യഹൂദന്മാരിൽനിന്നു ദൈവം പ്രതീക്ഷിച്ച കാര്യങ്ങൾ നമ്മെ എന്തു പഠിപ്പിക്കുന്നുവെന്നു നോക്കാം.

‘അവിടെ ഒരു വിശുദ്ധവഴി ഉണ്ടാകും’

ബാബിലോണിൽ പ്രവാസത്തിലായിരുന്ന തന്റെ ജനം സ്വദേശത്തു പുനഃസ്ഥിതീകരിക്കപ്പെടുമെന്ന്‌ യഹോവ മുൻകൂട്ടിപ്പറഞ്ഞു. ആ പ്രവചനത്തിൽ അവൻ ഈ ഉറപ്പുനൽകി: “അവിടെ ഒരു പെരുവഴിയും പാതയും ഉണ്ടാകും; അതിന്നു വിശുദ്ധവഴി എന്നു പേരാകും.” (യെശ. 35:8എ) മാതൃദേശത്തേക്കു മടങ്ങാൻ യഹോവ അവർക്കു വഴിതുറക്കുകയും യാത്രാമധ്യേ അവൻ അവരെ സംരക്ഷിക്കുമെന്ന്‌ ഉറപ്പുനൽകുകയും ചെയ്‌തു എന്ന്‌ ഈ വാക്കുകൾ കാണിക്കുന്നു.

വ്യാജമത ലോകസാമ്രാജ്യമായ മഹാബാബിലോണിൽനിന്നു വിടുവിച്ചുകൊണ്ട്‌ യഹോവ തന്റെ ആധുനികകാല ദാസന്മാർക്ക്‌ “വിശുദ്ധവഴി” തുറന്നുകൊടുത്തു. 1919-ൽ അഭിഷിക്ത ക്രിസ്‌ത്യാനികളെ അവൻ വ്യാജമതത്തിന്റെ ആത്മീയ അടിമത്തത്തിൽനിന്നു മോചിപ്പിച്ചു. എല്ലാവിധ വ്യാജപഠിപ്പിക്കലുകളും ഉപേക്ഷിച്ചുകൊണ്ട്‌ ക്രമേണ അവർ തങ്ങളുടെ ആരാധന നിർമലീകരിച്ചു. യഹോവയുടെ ആരാധകരായ നാം ഇന്ന്‌ ശുദ്ധവും സ്വച്ഛവുമായ ഒരു ആത്മീയ അന്തരീക്ഷം ആസ്വദിക്കുന്നു; യഹോവയെ ആരാധിക്കാനും അവനോടും സഹമനുഷ്യരോടും സമാധാനത്തിലായിരിക്കാനും കഴിയുന്ന ഒരു അവസ്ഥതന്നെ.

അഭിഷിക്ത ക്രിസ്‌ത്യാനികളാകുന്ന “ചെറിയ ആട്ടിൻകൂട്ട”ത്തിലെ അംഗങ്ങളും ‘വേറെ ആടുകളുടെ’ വർധിച്ചുവരുന്ന ‘മഹാപുരുഷാരവും’ വിശുദ്ധിയുടെ പാതയിൽ നടക്കുകയും തങ്ങളോടു ചേരാൻ മറ്റുള്ളവരെ ക്ഷണിക്കുകയും ചെയ്യുന്നു. (ലൂക്കൊ. 12:32; വെളി. 7:9; യോഹ. 10:16) തങ്ങളുടെ “ശരീരങ്ങളെ ജീവനും വിശുദ്ധിയും ദൈവത്തിന്നു പ്രസാദവുമുള്ള യാഗമായി” സമർപ്പിക്കാൻ മനസ്സുള്ള എല്ലാവർക്കുംവേണ്ടി ഈ “വിശുദ്ധവഴി” തുറന്നുകിടക്കുകയാണ്‌.—റോമ. 12:1.

“ഒരു അശുദ്ധനും അതിൽകൂടി കടന്നുപോകയില്ല”

ബി.സി. 537-ൽ മടക്കയാത്ര നടത്തിയ യഹൂദർ സുപ്രധാനമായ ഒരു നിബന്ധന പാലിക്കേണ്ടിയിരുന്നു. “വിശുദ്ധവഴി”യിൽ സഞ്ചരിക്കാൻ യോഗ്യരായവരെക്കുറിച്ച്‌ യെശയ്യാവു 35:8 ഇങ്ങനെ പറയുന്നു: “ഒരു അശുദ്ധനും അതിൽകൂടി കടന്നുപോകയില്ല; . . . ഭോഷന്മാർപോലും, വഴിതെറ്റിപ്പോകയില്ല [“ഭോഷന്മാരും അവിടെ പ്രവേശിക്കുകയില്ല,” NW].” യഹൂദന്മാർ യെരൂശലേമിലേക്കു തിരിച്ചുവന്നത്‌ ശുദ്ധാരാധന പുനഃസ്ഥാപിക്കുക എന്ന ലക്ഷ്യത്തിലായതിനാൽ വിശുദ്ധകാര്യങ്ങളോട്‌ ആദരവില്ലാത്തവരോ സ്വാർഥരോ ആത്മീയമായി അശുദ്ധരോ ആയവർക്ക്‌ അവിടെ ഇടമില്ലായിരുന്നു. യഹോവയുടെ ജനം അവന്റെ ഉയർന്ന ധാർമിക നിലവാരങ്ങൾ മുറുകെപ്പിടിക്കണമായിരുന്നു. ഇന്നു ദൈവാംഗീകാരം കാംക്ഷിക്കുന്നവരും അതേ നിബന്ധനകൾ പാലിക്കണം. അവർ “ദൈവഭയത്തിൽ വിശുദ്ധി” കാക്കണം. (2 കൊരി. 7:1) അങ്ങനെയെങ്കിൽ അശുദ്ധമായ എന്തെല്ലാം നടപടികളാണു നാം ഒഴിവാക്കേണ്ടത്‌?

‘ജഡത്തിന്റെ പ്രവൃത്തികൾ ദുർന്നടപ്പ്‌, അശുദ്ധി, ദുഷ്‌കാമം’ എന്നിവയാണെന്ന്‌ അപ്പൊസ്‌തലനായ പൗലൊസ്‌ എഴുതി. (ഗലാ. 5:19, 20) പ്രത്യുത്‌പാദന അവയവങ്ങൾ ഉൾപ്പെടുന്ന വിവാഹേതര ലൈംഗിക നടപടികളെല്ലാം ദുർനടപ്പിൽ അഥവാ പരസംഗത്തിൽ ഉൾപ്പെടുന്നു. ഭോഗാസക്തി, താന്തോന്നിത്തം, നിർലജ്ജമായ നടത്ത, കാമവിലാസം എന്നിവ ഉൾപ്പെടുന്നതാണ്‌ ദുഷ്‌കാമം അഥവാ അഴിഞ്ഞനടത്ത. പരസംഗവും അഴിഞ്ഞനടത്തയും യഹോവയുടെ വിശുദ്ധിക്കു കടകവിരുദ്ധമാണ്‌. അതുകൊണ്ട്‌ അത്തരം നടപടികളിൽ തുടരുന്നവർക്ക്‌ ക്രിസ്‌തീയ സഭയുടെ ഭാഗമാകാൻ സാധ്യമല്ല; സഭാംഗങ്ങൾ അങ്ങനെ ചെയ്‌താൽ അവർ സഭയിൽനിന്നു പുറത്താക്കപ്പെടുകയും ചെയ്യും. ‘അത്യാഗ്രഹത്തോടെയുള്ള സകല അശുദ്ധിയിലും’—ഗുരുതരമായ അശുദ്ധിയിൽ—ഏർപ്പെടുന്നവരുടെ കാര്യത്തിലും ഇതു സത്യമാണ്‌.—എഫെ. 4:19.

“അശുദ്ധി” എന്ന പദത്തിനു വിശാലമായ ഒരു അർഥമാണുള്ളത്‌, അതിൽ പലതരം പാപങ്ങൾ ഉൾപ്പെടുന്നു. പെരുമാറ്റത്തിലും സംസാരത്തിലുമുള്ള ഏതുതരം കന്മഷത്തെയും മതപരമായ ദുഷിപ്പിനെയുമാണ്‌ അതിന്റെ ഗ്രീക്കുപദം അർഥമാക്കുന്നത്‌. അശുദ്ധമായതും എന്നാൽ നീതിന്യായ നടപടികൾ ആവശ്യമില്ലാതിരുന്നേക്കാവുന്നതുമായ ചെയ്‌തികൾ അതിൽപ്പെടുന്നു. * അത്തരം പ്രവൃത്തിയിൽ ഏർപ്പെടുന്നവർ വിശുദ്ധിയുടെ പാതയിലാണെന്നു പറയാനാകുമോ?

ഒരു ക്രിസ്‌ത്യാനി രഹസ്യത്തിൽ അശ്ലീലം വീക്ഷിക്കാൻ തുടങ്ങുന്നുവെന്നു കരുതുക. അശുദ്ധമോഹങ്ങൾ പ്രബലപ്പെടുന്നതോടെ യഹോവയുടെ മുമ്പാകെ ശുദ്ധിയുള്ളവനായി നിലനിൽക്കാനുള്ള അദ്ദേഹത്തിന്റെ ദൃഢനിശ്ചയം ക്രമേണ ദുർബലമാകുന്നു. അദ്ദേഹത്തിന്റെ നടപടി ഗുരുതരമായ അശുദ്ധിയുടെ അളവോളം പോയിട്ടില്ലായിരിക്കാമെങ്കിലും “നിർമ്മലമായതു ഒക്കെയും രമ്യമായതു ഒക്കെയും സല്‌ക്കീർത്തിയായതു ഒക്കെയും സൽഗുണമോ പുകഴ്‌ചയോ അതു ഒക്കെയും” പരിചിന്തിച്ചുകൊണ്ടിരിക്കുന്നതിൽ അദ്ദേഹം പരാജയപ്പെടുന്നു. (ഫിലി. 4:8) അശ്ലീലം അശുദ്ധിയാണ്‌; ദൈവവുമായുള്ള ഒരുവന്റെ ബന്ധത്തെ അതു നിശ്ചയമായും നശിപ്പിക്കും. യാതൊരുവിധ അശുദ്ധിയും നമ്മുടെ ഇടയിൽ പരാമർശിക്കപ്പെടുകപോലും അരുത്‌.—എഫെ. 5:3.

മറ്റൊരു കാര്യമെടുക്കുക. അശ്ലീലരംഗങ്ങൾ വീക്ഷിക്കുമ്പോഴോ അല്ലാത്തപ്പോഴോ ഒരു ക്രിസ്‌ത്യാനി മനഃപൂർവം തന്നെത്തന്നെ ലൈംഗികമായി ഉത്തേജിപ്പിച്ചുകൊണ്ട്‌ സ്വയംഭോഗത്തിലേർപ്പെടുന്ന ശീലം വളർത്തുന്നെന്നു കരുതുക. “സ്വയംഭോഗം” എന്ന പദം ബൈബിളിലില്ലെങ്കിലും ഒരുവനെ മാനസികവും വൈകാരികവുമായി ദുഷിപ്പിക്കുന്ന പ്രവൃത്തിയാണ്‌ അത്‌ എന്നതിൽ സംശയമുണ്ടോ? ദുഷിച്ച ഈ നടപടിയിൽ തുടരുന്നത്‌ യഹോവയുമായുള്ള ഒരുവന്റെ ബന്ധത്തെ താറുമാറാക്കുകയും ദൈവദൃഷ്ടിയിൽ അദ്ദേഹത്തെ അശുദ്ധനാക്കുകയും ചെയ്യില്ലേ? ‘ജഡത്തിലെയും ആത്മാവിലെയും സകല കന്മഷവും നീക്കി നമ്മെത്തന്നെ വെടിപ്പാക്കാനും’ ‘ദുർന്നടപ്പ്‌, അശുദ്ധി, അതിരാഗം, ദുർമോഹം, വിഗ്രഹാരാധനയായ അത്യാഗ്രഹം ഇങ്ങനെ ഭൂമിയിലുള്ള നമ്മുടെ അവയവങ്ങളെ മരിപ്പിക്കാനും’ ഉള്ള അപ്പൊസ്‌തലനായ പൗലൊസിന്റെ ഉദ്‌ബോധനം നമുക്കു ഗൗരവമായെടുക്കാം.—2 കൊരി. 7:1; കൊലൊ. 3:5.

സാത്താന്റെ അധീനതയിലുള്ള ഈ ലോകം അശുദ്ധ നടപടികളെ വെച്ചുപൊറുപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയുംപോലും ചെയ്യുന്നു. അശുദ്ധ നടപടികളിൽ ഏർപ്പെടാനുള്ള പ്രലോഭനത്തെ ചെറുക്കുക ദുഷ്‌കരമായിരുന്നേക്കാം. എന്നാൽ സത്യക്രിസ്‌ത്യാനികൾ, “ജാതികൾ തങ്ങളുടെ വ്യർത്ഥബുദ്ധി അനുസരിച്ചു നടക്കുന്നതുപോലെ . . . നടക്കരുത്‌.” (എഫെ. 4:17) രഹസ്യമോ പരസ്യമോ ആയ അശുദ്ധ നടപടികൾ ഒഴിവാക്കുന്നെങ്കിൽ മാത്രമേ “വിശുദ്ധവഴി”യിലൂടെ നടക്കുന്നതിൽ തുടരാൻ യഹോവ നമ്മെ അനുവദിക്കൂ.

“ഒരു സിംഹവും അവിടെ ഉണ്ടാകയില്ല”

വിശുദ്ധ ദൈവമായ യഹോവയുടെ പ്രീതി സമ്പാദിക്കാൻ ചിലർക്ക്‌ വാക്കിലും പ്രവൃത്തിയിലും സമൂലമായ പരിവർത്തനം വരുത്തേണ്ടതുണ്ടായിരിക്കാം. “ഒരു സിംഹവും അവിടെ ഉണ്ടാകയില്ല; ഒരു ദുഷ്ടമൃഗവും അവിടെ [വിശുദ്ധവഴിയിൽ] കയറിവരികയില്ല” എന്ന്‌ യെശയ്യാവു 35:9 പറയുന്നു. അക്രമാസക്തരും ക്രുദ്ധരുമായവരെ വന്യമൃഗങ്ങളോട്‌ ഉപമിക്കാവുന്നതാണ്‌. നീതിവസിക്കുന്ന പുതിയലോകത്തിൽ അവർക്ക്‌ ഇടമുണ്ടായിരിക്കില്ല. (യെശ. 11:6; 65:25) അതുകൊണ്ട്‌ ദൈവാംഗീകാരം കാംക്ഷിക്കുന്നവർ അത്തരം മൃഗീയവാസനകൾ ഉപേക്ഷിച്ച്‌ വിശുദ്ധിയുടെ പാത പിൻപറ്റേണ്ടത്‌ അനിവാര്യമാണ്‌.

“എല്ലാ കൈപ്പും കോപവും ക്രോധവും കൂറ്റാരവും ദൂഷണവും സകലദുർഗ്ഗുണവുമായി നിങ്ങളെ വിട്ടു ഒഴിഞ്ഞുപോകട്ടെ” എന്ന്‌ തിരുവെഴുത്തുകൾ നമ്മെ ഉദ്‌ബോധിപ്പിക്കുന്നു. (എഫെ. 4:31) കൊലൊസ്സ്യർ 3:8 പറയുന്നു: “നിങ്ങളും കോപം, ക്രോധം, ഈർഷ്യ, വായിൽനിന്നു വരുന്ന ദൂഷണം, ദുർഭാഷണം ഇവ ഒക്കെയും വിട്ടുകളവിൻ.” ഈ രണ്ടു വാക്യങ്ങളിലുമുള്ള “ദൂഷണം” എന്ന പദം അടിസ്ഥാനപരമായി, ഹാനികരവും അവമാനകരവും നിന്ദ്യവുമായ സംസാരത്തെ സൂചിപ്പിക്കുന്നു.

മുറിപ്പെടുത്തുന്നതും അസഭ്യവുമായ സംസാരം ഇന്നു കുടുംബങ്ങളിൽപ്പോലും സർവസാധാരണമാണ്‌. ദമ്പതികൾ പരസ്‌പരവും മക്കളുടെ നേർക്കും, വ്രണപ്പെടുത്തുന്നതും ക്രൂരവും തരംതാഴ്‌ത്തുന്നതുമായ വാക്‌ശരങ്ങൾ തൊടുത്തുവിടുകയാണ്‌. ക്രിസ്‌തീയ കുടുംബങ്ങൾക്ക്‌ ഇതു ഭൂഷണമല്ല.—1 കൊരി. 5:11.

“ദൈവഭയത്തിൽ വിശുദ്ധിയെ” തികയ്‌ക്കുന്നതിന്റെ അനുഗ്രഹങ്ങൾ

വിശുദ്ധ ദൈവമായ യഹോവയെ സേവിക്കുന്നത്‌ എന്തൊരു പദവിയാണ്‌! (യോശു. 24:19) അമൂല്യമായ ഒരു ആത്മീയ പറുദീസയിലേക്ക്‌ അവൻ നമ്മെ ആനയിച്ചിരിക്കുന്നു. യഹോവയുടെ ദൃഷ്ടിയിൽ വിശുദ്ധരായി നിലകൊള്ളുന്നതിലും മികച്ച ഒരു ജീവിതഗതി വേറെയില്ല.

ദൈവം വാഗ്‌ദാനം ചെയ്‌തിരിക്കുന്ന പറുദീസാഭൂമി എത്രയും വേഗം ഒരു യാഥാർഥ്യമായിത്തീരും. (യെശ. 35:1, 2, 5-7) അതിനായി കാത്തിരിക്കുകയും ദൈവിക മാർഗത്തിൽ ചരിക്കുകയും ചെയ്യുന്നവർ അതിന്‌ ഓഹരിക്കാരാകും. (യെശ. 65:17, 21) അതുകൊണ്ട്‌ ശുദ്ധമായ ഒരു ആത്മീയനിലയോടെ ദൈവത്തെ ആരാധിക്കുന്നതിൽ തുടരാനും അവനുമായുള്ള ഉറ്റബന്ധം കാത്തുസൂക്ഷിക്കാനും നമുക്കു സകല ശ്രമവും ചെയ്യാം.

[അടിക്കുറിപ്പ്‌]

^ ഖ. 12 ‘അശുദ്ധിയും’ ‘അത്യാഗ്രഹത്തോടെയുള്ള അശുദ്ധിയും’ തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാൻ 2006 ജൂലൈ 15 ലക്കം വീക്ഷാഗോപുരത്തിന്റെ 29-31 പേജുകൾ കാണുക.

[26-ാം പേജിലെ ചിത്രം]

“വിശുദ്ധവഴി”യിൽ നടക്കാൻ യഹൂദന്മാർ എന്തു ചെയ്യണമായിരുന്നു?

[27-ാം പേജിലെ ചിത്രം]

അശ്ലീലം യഹോവയുമായുള്ള ഒരുവന്റെ ബന്ധം താറുമാറാക്കുന്നു

[28-ാം പേജിലെ ചിത്രം]

‘എല്ലാ കൂറ്റാരവും ദൂഷണവും നിങ്ങളെ വിട്ട്‌ ഒഴിഞ്ഞുപോകട്ടെ’