ദൈവരാജ്യത്താലുള്ള വിമോചനം ആസന്നം!
ദൈവരാജ്യത്താലുള്ള വിമോചനം ആസന്നം!
“നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ.” —മത്താ. 6:10.
1. യേശുവിന്റെ മുഖ്യപഠിപ്പിക്കൽ എന്തായിരുന്നു?
ഗിരിപ്രഭാഷണം നടത്തവേ യേശു തന്റെ അനുഗാമികളെ ഒരു മാതൃകാ പ്രാർഥന പഠിപ്പിച്ചു. “സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, . . . നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ” എന്നു തുടങ്ങുന്ന ആ പ്രാർഥനയിൽ അവന്റെ മുഖ്യപഠിപ്പിക്കലിന്റെ സാരാംശം അടങ്ങിയിട്ടുണ്ട്. (മത്താ. 6:9-13) കൂടാതെ “അവൻ ദൈവരാജ്യം പ്രസംഗിച്ചും സുവിശേഷിച്ചുംകൊണ്ടു പട്ടണംതോറും സഞ്ചരിച്ചു.” (ലൂക്കൊ. 8:1) ‘മുമ്പെ [ദൈവത്തിന്റെ] രാജ്യവും നീതിയും അന്വേഷിപ്പിൻ’ എന്ന് അവൻ അനുഗാമികളെ ഉദ്‌ബോധിപ്പിക്കുകയും ചെയ്‌തു. (മത്താ. 6:33) ഈ ലേഖനം പഠിക്കുമ്പോൾ ഇതിലെ വിവരങ്ങൾ വയൽസേവനത്തിൽ എങ്ങനെ ഉപയോഗിക്കാം എന്നു ചിന്തിക്കുക. ഉദാഹരണത്തിന്, ‘രാജ്യസന്ദേശത്തിന്റെ പ്രാധാന്യം എന്താണ്? എന്തിൽനിന്നാണു മനുഷ്യവർഗത്തിനു മോചനം ലഭിക്കേണ്ടത്? എങ്ങനെയാണ് ദൈവരാജ്യം ആ വിമോചനം സാധ്യമാക്കുന്നത്?’ എന്നീ ചോദ്യങ്ങൾ നമുക്കിപ്പോൾ പരിചിന്തിക്കാം.
2. രാജ്യസന്ദേശം സർവപ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
2 “രാജ്യത്തിന്റെ ഈ സുവിശേഷം സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും” എന്ന് യേശു പറഞ്ഞു. (മത്താ. 24:14) ലോകത്തിൽ പ്രഘോഷിക്കപ്പെടുന്നതിൽ അത്യുത്‌കൃഷ്ടവും സർവപ്രധാനവുമായ സന്ദേശമാണു ദൈവരാജ്യത്തെക്കുറിച്ചുള്ള സുവിശേഷം. ദൈവരാജ്യം സ്ഥാപിതമായിരിക്കുന്നുവെന്ന സന്ദേശം അനന്യമായ ഒരു പ്രസംഗപ്രവർത്തനത്തിലൂടെ യഹോവയുടെ സാക്ഷികൾ ലോകമെങ്ങും അറിയിക്കുന്നു. ഒരു ലക്ഷത്തിലധികംവരുന്ന സഭകളിലായി ഏതാണ്ട് 70 ലക്ഷം ദൈവദാസർ ഈ പ്രവർത്തനത്തിൽ സജീവമായി പങ്കുപറ്റുന്നു. ഭൂമിയുടെമേൽ പൂർണനിയന്ത്രണം ഏറ്റെടുക്കുന്നതിനു ദൈവം സ്വർഗത്തിൽ ഒരു ഗവൺമെന്റ് സ്ഥാപിച്ചിരിക്കുന്നു എന്നതിനാൽ തീർച്ചയായും ഇതൊരു സദ്വാർത്തയാണ്. ദൈവരാജ്യ ഭരണത്തിൻകീഴിൽ ദൈവത്തിന്റെ ഇഷ്ടം സ്വർഗത്തിലെപ്പോലെ ഭൂമിയിലും നടപ്പാകും.
3, 4. ദൈവേഷ്ടം ഭൂമിയിൽ നിറവേറുന്നതിന്റെ സത്‌ഫലങ്ങൾ എന്തൊക്കെ ആയിരിക്കും?
3 ദൈവേഷ്ടം ഭൂമിയിൽ നിറവേറുമ്പോൾ മനുഷ്യവർഗത്തിനു ലഭിക്കുന്ന അനുഗ്രഹങ്ങൾ അനവധിയാണ്. ദൈവം മനുഷ്യരുടെ ‘കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഉണ്ടാകയില്ല.’ (വെളി. 21:4, 5) പാപത്തിന്റെയും അപൂർണതയുടെയും ഫലമായ രോഗവും മരണവും നീങ്ങിപ്പോകും. “നീതിമാന്മാരുടെയും നീതികെട്ടവരുടെയും പുനരുത്ഥാനം ഉണ്ടാകും” എന്നു ബൈബിൾ വാഗ്‌ദാനം ചെയ്യുന്നതിനാൽ ദൈവത്തിന്റെ ഓർമയിലുള്ള മരിച്ചവർക്ക് എന്നേക്കും ജീവിക്കാനുള്ള അവസരം ലഭിക്കും. (പ്രവൃ. 24:15) യുദ്ധവും രോഗവും ദാരിദ്ര്യവും മേലാൽ ഉണ്ടായിരിക്കില്ല, ഭൂമി ഒരു പറുദീസയായി മാറും. ക്രൂരമൃഗങ്ങൾപോലും അന്ന് മനുഷ്യരുമായും അന്യോന്യവും സമാധാനത്തിലായിരിക്കും.—സങ്കീ. 46:9; 72:16; യെശ. 11:6-9; 33:24; ലൂക്കൊ. 23:43.
4 ദൈവരാജ്യം ഈ അനുഗ്രഹങ്ങളെല്ലാം കൈവരുത്തുമ്പോൾ ജീവിതം എത്ര ധന്യമായിരിക്കും! അന്നാളിൽ “സൌമ്യതയുള്ളവർ ഭൂമിയെ കൈവശമാക്കും; സമാധാനസമൃദ്ധിയിൽ അവർ ആനന്ദിക്കും.” എന്നാൽ ദുഷ്ടത പ്രവർത്തിക്കുന്നവർക്ക് എന്തു സംഭവിക്കും? “കുറഞ്ഞോന്നു കഴിഞ്ഞിട്ടു ദുഷ്ടൻ ഇല്ല” എന്ന് തിരുവെഴുത്തുകൾ പറയുന്നു. അതേസമയം “യഹോവയെ പ്രത്യാശിക്കുന്നവരോ ഭൂമിയെ കൈവശമാക്കും.”—സങ്കീ. 37:9-11.
5. ഇപ്പോഴത്തെ വ്യവസ്ഥിതിക്ക് എന്തു സംഭവിക്കും?
5 എന്നാൽ ഇതൊക്കെയും സംഭവിക്കുന്നതിന്, ഇപ്പോഴത്തെ ഈ ദുഷ്ടവ്യവസ്ഥിതിയെ അതിന്റെ പോരടിക്കുന്ന ഭരണകൂടങ്ങളും മത-വാണിജ്യ വ്യവസ്ഥയും സഹിതം നീക്കംചെയ്യേണ്ടിയിരിക്കുന്നു. അതുതന്നെയാണു സ്വർഗീയ ഗവൺമെന്റ് ചെയ്യാൻ പോകുന്നതും. ദിവ്യനിശ്വസ്‌തതയിൽ ദാനീയേൽ പ്രവാചകൻ ഇപ്രകാരം എഴുതി: “[ഇപ്പോൾ സ്ഥിതിചെയ്യുന്ന] ഈ രാജാക്കന്മാരുടെ കാലത്തു സ്വർഗ്ഗസ്ഥനായ ദൈവം ഒരുനാളും നശിച്ചുപോകാത്ത ഒരു രാജത്വം [സ്വർഗത്തിൽ] സ്ഥാപിക്കും; ആ രാജത്വം വേറെ ഒരു ജാതിക്കു ഏല്‌പിക്കപ്പെടുകയില്ല; അതു [ഇപ്പോഴുള്ള] ഈ രാജത്വങ്ങളെ ഒക്കെയും തകർത്തു നശിപ്പിക്കയും എന്നേക്കും നിലനില്‌ക്കയും ചെയ്യും.” (ദാനീ. 2:44) അതേത്തുടർന്ന്, ദൈവരാജ്യം അതായത് പുതിയ സ്വർഗീയ ഗവൺമെന്റ് പുതിയ ഭൂമിയുടെമേൽ ഭരണം നടത്തും. അതേ, ‘നീതി വസിക്കുന്ന പുതിയ ആകാശവും പുതിയ ഭൂമിയും’ ആയിരിക്കും അന്നുണ്ടായിരിക്കുക.—2 പത്രൊ. 3:13.
വിമോചനം—മുമ്പെന്നത്തെക്കാൾ ആവശ്യം
6. ദുഷ്ടതയെക്കുറിച്ച് ബൈബിൾ എന്തു പറയുന്നു?
6 ശരിയേത് തെറ്റേത് എന്നു സ്വയം തീരുമാനിക്കാൻ ആഗ്രഹിച്ചുകൊണ്ടു സാത്താനും ഒപ്പം ആദാമും ഹവ്വായും ദൈവത്തിനെതിരെ മത്സരിച്ചപ്പോൾ, മനുഷ്യകുടുംബം വിനാശത്തിന്റെ പാതയിലേക്കു കാലെടുത്തു വെക്കുകയായിരുന്നു. 1,600-ലേറെ വർഷങ്ങൾക്കുശേഷം, ആഗോളപ്രളയത്തിനുമുമ്പ് “ഭൂമിയിൽ മനുഷ്യന്റെ ദുഷ്ടത വലിയതെന്നും അവന്റെ ഹൃദയവിചാരങ്ങളുടെ നിരൂപണമൊക്കെയും എല്ലായ്‌പോഴും ദോഷമുള്ളതത്രേ എന്നും യഹോവ കണ്ടു.” (ഉല്‌പ. 6:5) അതിനുശേഷം ഏതാണ്ട് 1,300 വർഷങ്ങൾ കഴിഞ്ഞ്, തന്റെ നാളിലെ പരിതാപകരമായ സാഹചര്യങ്ങൾ നിരീക്ഷിച്ചശേഷം ശലോമോൻ എഴുതി: “ആകയാൽ ഇപ്പോൾ ജീവനോടിരിക്കുന്ന ജീവനുള്ളവരെക്കാൾ മുമ്പെ തന്നേ മരിച്ചുപോയിരിക്കുന്ന മൃതന്മാരെ ഞാൻ പ്രശംസിച്ചു. ഈ രണ്ടു വകക്കാരെക്കാളും ഇതുവരെ ജനിക്കാത്തവനും സൂര്യന്നു കീഴെ നടക്കുന്ന ദുഷ്‌പ്രവൃത്തിയെ കാണാത്തവനുമായ മനുഷ്യൻ ഭാഗ്യവാൻ.” (സഭാ. 4:2, 3) അവിടെനിന്ന് ഏതാണ്ട് 3,000 വർഷങ്ങൾ പിന്നിട്ടാൽ ദുഷ്ടതയുടെ മുഖം കൂടുതൽ ബീഭത്സമായിക്കൊണ്ടിരിക്കുന്ന നമ്മുടെ നാളിലെത്തും.
7. ദൈവരാജ്യത്താലുള്ള വിമോചനം മുമ്പെന്നത്തെക്കാൾ ഇന്ന് ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്?
7 ദീർഘകാലമായി ഭൂമിയിൽ ദുഷ്ടത നിലനിൽക്കുന്നു എന്നതു ശരിതന്നെ, എന്നിരുന്നാലും ദൈവരാജ്യം മുഖേനയുള്ള വിമോചനം ഏറ്റവും ആവശ്യമുള്ള ഒരു കാലഘട്ടത്തിലാണു നാം ജീവിക്കുന്നത്. മനുഷ്യചരിത്രത്തിലെ ഏറ്റവും കലുഷിതമായ ഒരു കാലഘട്ടമായിരുന്നു കഴിഞ്ഞ 100 വർഷം, മാത്രവുമല്ല ലോകാവസ്ഥകൾ ഒന്നിനൊന്നു വഷളായിക്കൊണ്ടിരിക്കുകയുമാണ്. ഉദാഹരണത്തിന്, വേൾഡ്‌വാച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഒരു വിദഗ്‌ധ റിപ്പോർട്ടു പറയുന്ന പ്രകാരം “[20-ാം] നൂറ്റാണ്ടിലെ യുദ്ധങ്ങളിൽ മരിച്ചവരുടെ എണ്ണം, എ.ഡി. ഒന്നാം നൂറ്റാണ്ടു ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്‌തകത്തിന്റെ 9-ാം അധ്യായം കാണുക.
മുതൽ 1899 വരെ നടന്ന മൊത്തം യുദ്ധങ്ങളിൽ മരിച്ചവരുടെ എണ്ണത്തിന്റെ മൂന്നിരട്ടിയാണ്.” 1914 മുതലുള്ള യുദ്ധങ്ങളിൽ പത്തു കോടിയിലധികം ആളുകളാണ് കൊല്ലപ്പെട്ടത്. ഒരു എൻസൈക്ലോപീഡിയയുടെ കണക്കനുസരിച്ച് രണ്ടാം ലോകമഹായുദ്ധത്തിൽ മരിച്ചവരുടെ എണ്ണം ആറു കോടിയോളമാണ്. ചില രാജ്യങ്ങൾ ആണവായുധങ്ങൾ സ്വന്തമാക്കിയതോടെ, ലോകജനസംഖ്യയുടെ നല്ലൊരുഭാഗത്തെ തുടച്ചുനീക്കാമെന്നായി. ശാസ്‌ത്ര-വൈദ്യശാസ്‌ത്ര രംഗത്ത് വൻ മുന്നേറ്റങ്ങളുണ്ടായിട്ടും 50 ലക്ഷത്തോളം കുട്ടികളുടെ ജീവനാണ് പട്ടിണിമൂലം ഓരോ വർഷവും പൊലിയുന്നത്.—8. ആയിരക്കണക്കിനു വർഷത്തെ മനുഷ്യഭരണം സംശയലേശമെന്യേ എന്തു തെളിയിച്ചിരിക്കുന്നു?
8 ദുഷ്ടതയ്‌ക്കും ദുരിതത്തിനുമൊക്കെ അറുതിവരുത്താനുള്ള മനുഷ്യന്റെ ശ്രമങ്ങളൊന്നും ഫലം കണ്ടിട്ടില്ല. സമാധാനം, സമൃദ്ധി, ആരോഗ്യം എന്നിങ്ങനെയുള്ള മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിൽ ഈ ലോകത്തിലെ രാഷ്‌ട്രീയ-മത-വാണിജ്യ പ്രസ്ഥാനങ്ങൾ അമ്പെ പരാജയപ്പെട്ടിരിക്കുന്നു. മനുഷ്യരാശിയുടെ ഉറക്കംകെടുത്തുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുപകരം സാഹചര്യങ്ങൾ കൂടുതൽ വഷളാക്കുകയാണ് ഇവ. മനുഷ്യഭരണത്തിന്റെ ആയിരക്കണക്കിനു വർഷത്തെ ചരിത്രം പിൻവരുന്ന വാക്കുകളുടെ സത്യതയ്‌ക്ക് അടിവരയിടുന്നു: “മനുഷ്യന്നു തന്റെ വഴിയും നടക്കുന്നവന്നു തന്റെ കാലടികളെ നേരെ ആക്കുന്നതും സ്വാധീനമല്ല.” (യിരെ. 10:23) അതേ, ‘മനുഷ്യൻ മനുഷ്യന്റെമേൽ അവന്റെ ദോഷത്തിന്നായി അധികാരം നടത്തുന്നു,’ എന്നുമാത്രമല്ല ‘സർവ്വസൃഷ്ടിയും ഇന്നുവരെ ഒരുപോലെ ഞരങ്ങി ഈറ്റുനോവോടിരിക്കുകയും’ ചെയ്യുന്നു.—സഭാ. 8:9; റോമ. 8:22.
9. ഈ “അന്ത്യകാലത്ത്” ഏത് അവസ്ഥകളാണ് ക്രിസ്‌ത്യാനികൾ പ്രതീക്ഷിക്കുന്നത്?
9 “അന്ത്യകാലത്തു ദുർഘടസമയങ്ങൾ വരും” എന്നു ബൈബിൾ മുൻകൂട്ടിപ്പറയുകയുണ്ടായി. മനുഷ്യഭരണത്തിന്റെ അന്ത്യനാളുകളിലെ അവസ്ഥകൾ വിവരിച്ചശേഷം ആ പ്രവചനം തുടരുന്നു: “ദുഷ്ടമനുഷ്യരും മായാവികളും . . . മേല്‌ക്കുമേൽ ദോഷത്തിൽ മുതിർന്നുവരും.” (2 തിമൊഥെയൊസ് 3:1-5, 13, 14 വായിക്കുക.) “സർവ്വലോകവും ദുഷ്ടന്റെ അധീനതയിൽ കിടക്കുന്ന”തുകൊണ്ട് ഇതൊക്കെത്തന്നെയാണ് ക്രിസ്‌ത്യാനികൾ ഇന്നു പ്രതീക്ഷിക്കുന്നതും. (1 യോഹ. 5:19) എന്നിരുന്നാലും, തന്നെ സ്‌നേഹിക്കുന്നവരെ ദൈവം ഉടൻതന്നെ വിടുവിക്കും എന്ന അറിവ് എത്ര സന്തോഷദായകമാണ്! അതേ, അവസ്ഥകൾ ഒന്നിനൊന്നു വഷളായിക്കൊണ്ടിരിക്കുന്ന ഈ വ്യവസ്ഥിതിയിൽനിന്നുള്ള വിടുതൽ അടുത്തിരിക്കുന്നു.
വിമോചനത്തിനുള്ള ആശ്രയയോഗ്യമായ ഏക ഉറവിടം
10. വിമോചനത്തിനുള്ള ആശ്രയയോഗ്യമായ ഉറവിടം യഹോവ മാത്രമായിരിക്കുന്നത് എന്തുകൊണ്ട്?
10 സുവാർത്ത പങ്കുവെക്കുമ്പോൾ, വിമോചനത്തിനുള്ള ആശ്രയയോഗ്യമായ ഏക ഉറവിടം യഹോവയാണെന്ന് വിശദീകരിച്ചുകൊടുക്കുക. പ്രതികൂല സാഹചര്യങ്ങളിൽനിന്നു തന്റെ ദാസന്മാരെ വിടുവിക്കാനുള്ള ആഗ്രഹവും പ്രാപ്‌തിയും അവനു മാത്രമേയുള്ളൂ. (പ്രവൃ. 4:24, 31; വെളി. 4:11) “ഞാൻ വിചാരിച്ചതുപോലെ സംഭവിക്കും” എന്ന് ആണയിട്ടിരിക്കുന്നതിനാൽ യഹോവ എല്ലായ്‌പോഴും തന്റെ ജനത്തെ വിടുവിക്കുകയും തന്റെ ഉദ്ദേശ്യങ്ങൾ നിവർത്തിക്കുകയും ചെയ്യുമെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാം. അവന്റെ വചനം ‘വെറുതെ അവന്റെ അടുക്കലേക്കു മടങ്ങിപ്പോകില്ല.’—യെശയ്യാവു 14:24, 25; 55:10, 11 വായിക്കുക.
11, 12. യഹോവ തന്റെ ദാസർക്ക് ഏത് ഉറപ്പു നൽകുന്നു?
11 ദുഷ്ടന്മാരുടെമേൽ ന്യായവിധി നടപ്പാക്കുമ്പോൾ തന്റെ ദാസരെ സംരക്ഷിക്കുമെന്നു യഹോവ ഉറപ്പുനൽകുന്നു. കടുത്ത പാപം ചെയ്‌തവരോടു പ്രസംഗിക്കാൻ യിരെമ്യാ പ്രവാചകനെ അയയ്‌ക്കുന്ന സന്ദർഭത്തിൽ അവനു ധൈര്യം പകർന്നുകൊണ്ട് ദൈവം പറഞ്ഞു: “നീ അവരെ ഭയപ്പെടരുതു; നിന്നെ വിടുവിക്കേണ്ടതിന്നു ഞാൻ നിന്നോടുകൂടെ ഉണ്ട്.” (യിരെ. 1:8) സമാനമായി സൊദോം, ഗൊമോര എന്നീ ദുഷ്ടനഗരങ്ങളെ നശിപ്പിക്കുന്നതിനു തൊട്ടുമുമ്പ്, ആ പ്രദേശത്തുനിന്നു രക്ഷപ്പെടാൻ ലോത്തിനെയും കുടുംബത്തെയും സഹായിക്കുന്നതിനു യഹോവ രണ്ടു ദൂതന്മാരെ അയച്ചു. പിന്നെ, “യഹോവ സൊദോമിന്റെയും ഗൊമോരയുടെയും മേൽ . . . ഗന്ധകവും തീയും വർഷിപ്പിച്ചു.”—ഉല്‌പ. 19:15, 24, 25.
12 ആഗോളവ്യാപകമായി ന്യായവിധി നടപ്പാക്കുമ്പോൾപ്പോലും, തന്റെ ഇഷ്ടം ചെയ്യുന്നവരെ വിടുവിക്കാൻ യഹോവയ്‌ക്കാകും. ദുഷ്ടത നിറഞ്ഞ പുരാതനലോകത്തെ ജലപ്രളയത്താൽ നശിപ്പിച്ചപ്പോൾ, അവൻ ‘നീതിപ്രസംഗിയായ നോഹയെ ഏഴു പേരോടുകൂടെ പാലിച്ചു.’ (2 പത്രൊ. 2:5) ഇപ്പോഴത്തെ ഈ ദുഷ്ടലോകത്തെ നശിപ്പിക്കുമ്പോഴും യഹോവ നീതിനിഷ്‌ഠരായവരെ സംരക്ഷിക്കും. അതുകൊണ്ടുതന്നെ ദൈവവചനം പറയുന്നു: “യഹോവയുടെ ന്യായം പ്രവർത്തിക്കുന്നവരായി ഭൂമിയിലെ സകല സൌമ്യന്മാരുമായുള്ളോരേ, അവനെ അന്വേഷിപ്പിൻ; നീതി അന്വേഷിപ്പിൻ; സൌമ്യത അന്വേഷിപ്പിൻ; പക്ഷെ നിങ്ങൾക്കു യഹോവയുടെ കോപദിവസത്തിൽ മറഞ്ഞിരിക്കാം.” (സെഫ. 2:3) ആ ആഗോളനാശത്തിന്റെ അനന്തരഫലം എന്തായിരിക്കും? “നേരുള്ളവർ ദേശത്തു വസിക്കും; . . . എന്നാൽ ദുഷ്ടന്മാർ ദേശത്തുനിന്നു ഛേദിക്കപ്പെടും.”—സദൃ. 2:21, 22.
13. മരിച്ചുപോയ ദൈവദാസർ എങ്ങനെ വിടുവിക്കപ്പെടും?
13 എന്നാൽ ദൈവദാസരിൽ പലരും പീഡനത്താലും രോഗത്താലും മറ്റും ഇതിനോടകം മരണമടഞ്ഞിട്ടുണ്ട്. (മത്താ. 24:9) അവർ എങ്ങനെ വിടുവിക്കപ്പെടും? മുമ്പു പറഞ്ഞതുപോലെ, “നീതിമാന്മാരുടെ . . . പുനരുത്ഥാനം ഉണ്ടാകും.” (പ്രവൃ. 24:15) തന്റെ ദാസരെ വിടുവിക്കുന്നതിൽനിന്ന് യഹോവയെ തടയാൻ യാതൊന്നിനുമാവില്ല എന്ന അറിവ് എത്ര ആശ്വാസദായകമാണ്!
നീതിനിഷ്‌ഠമായ ഒരു ഗവൺമെന്റ്
14. ദൈവരാജ്യം നീതിയുള്ള ഗവൺമെന്റ് ആയിരിക്കുമെന്ന് നമുക്ക് ഉറപ്പുള്ളത് എന്തുകൊണ്ട്?
14 സ്‌നേഹവും നീതിയും ന്യായവുംപോലുള്ള ഉത്‌കൃഷ്ട ദൈവികഗുണങ്ങൾ പ്രതിഫലിപ്പിക്കുന്ന ഒരു ഗവൺമെന്റാണ് ദൈവരാജ്യം എന്നു ശുശ്രൂഷയിൽ നിങ്ങൾക്കു വിശദീകരിക്കാനാകും. (ആവ. 32:4; 1 യോഹ. 4:8) ദൈവരാജ്യത്തിന്റെ രാജാവായി ദൈവം വാഴിച്ചിരിക്കുന്നത് യേശുക്രിസ്‌തുവിനെയാണ്, ഭൂമിയെ ഭരിക്കാൻ സർവഥാ യോഗ്യനാണ് അവൻ. അവന്റെ സഹഭരണാധിപന്മാരായി 1,44,000 അഭിഷിക്തരെ ഭൂമിയിൽനിന്നു തിരഞ്ഞെടുത്ത് സ്വർഗീയ ജീവനിലേക്ക് ഉയിർപ്പിക്കുക എന്നതും യഹോവയുടെ ഉദ്ദേശ്യമാണ്.—വെളി. 14:1-5.
15. ദൈവരാജ്യഭരണവും മനുഷ്യഭരണവും തമ്മിലുള്ള വ്യത്യാസം എന്ത്?
15 അപൂർണ മനുഷ്യരുടേതിൽനിന്ന് എത്രയോ വ്യത്യസ്‌തമായിരിക്കും യേശുവിന്റെയും 1,44,000 അഭിഷിക്തരുടെയും ഭരണം! ഈ വ്യവസ്ഥിതിയിലെ നിഷ്‌ഠുര ഭരണാധിപന്മാർ തങ്ങളുടെ പ്രജകളെ യുദ്ധങ്ങളിലേക്കു തള്ളിവിട്ടുകൊണ്ട് ദശലക്ഷങ്ങളെ കുരുതികൊടുത്തിരിക്കുന്നു. “സഹായിപ്പാൻ കഴിയാത്ത” മനുഷ്യരിൽ ആശ്രയിക്കരുതെന്നു ദൈവവചനം ബുദ്ധിയുപദേശിക്കുന്നത് നല്ല കാരണത്തോടെയാണ്. (സങ്കീ. 146:3) എന്നാൽ ക്രിസ്‌തുവിന്റെ ഭരണം സ്‌നേഹത്തിൽ അധിഷ്‌ഠിതമായിരിക്കും. അവൻ പറയുന്നു: “അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും. ഞാൻ സൌമ്യതയും താഴ്‌മയും ഉള്ളവൻ ആകയാൽ എന്റെ നുകം ഏറ്റുകൊണ്ടു എന്നോടു പഠിപ്പിൻ; എന്നാൽ നിങ്ങളുടെ ആത്മാക്കൾക്കു ആശ്വാസം കണ്ടെത്തും. എന്റെ നുകം മൃദുവും എന്റെ ചുമടു ലഘുവും ആകുന്നു.”—മത്താ. 11:28-30.
അന്ത്യനാളുകൾ ഉടൻ അവസാനിക്കും!
16. അന്ത്യനാളുകൾ അവസാനിക്കുന്നത് എങ്ങനെ?
16 ഈ ലോകം, 1914 മുതൽ അതിന്റെ അന്ത്യനാളുകളിലാണ്. (മത്താ. 24:3) യേശു പറഞ്ഞ മഹാകഷ്ടം പെട്ടെന്നുതന്നെ ഉണ്ടാകും. (മത്തായി 24:21 വായിക്കുക.) സമാന്തരങ്ങളില്ലാത്ത ആ കഷ്ടം സാത്താന്റെ ലോകത്തിന് അന്ത്യംകുറിക്കും. എന്നാൽ ആ മഹാകഷ്ടം തുടങ്ങുന്നതും അവസാനിക്കുന്നതും എങ്ങനെയാണ്?
17. മഹാകഷ്ടത്തിന്റെ തുടക്കത്തെക്കുറിച്ചു ബൈബിൾ എന്തു സൂചന നൽകുന്നു?
17 മഹാകഷ്ടം പെട്ടെന്നായിരിക്കും ആഞ്ഞടിക്കുന്നത്. അതേ, “അവർ സമാധാനമെന്നും നിർഭയമെന്നും പറയുമ്പോൾ” “കർത്താവിന്റെ നാൾ” അഥവാ യഹോവയുടെ ദിവസം അപ്രതീക്ഷിതമായി വരും. (1 തെസ്സലൊനീക്യർ 5:2, 3 വായിക്കുക.) താമസിയാതെതന്നെ ചില വലിയ പ്രശ്‌നങ്ങൾ പരിഹരിക്കാനാകും എന്ന് രാഷ്‌ട്രങ്ങൾ ചിന്തിക്കുമ്പോൾ, വ്യാജമത ലോകസാമ്രാജ്യമായ ‘മഹതിയാം ബാബിലോണിന്റെ’ പൊടുന്നനെയുള്ള നാശത്തോടെ മുൻകൂട്ടിപ്പറഞ്ഞ ആ മഹാകഷ്ടം ആരംഭിക്കും. ഇതു ലോകത്തെ ഞെട്ടിക്കും. ‘മഹതിയാം ബാബിലോണിന്റെ’മേൽ ന്യായവിധി നിർവഹിക്കപ്പെടുമ്പോൾ രാജാക്കന്മാരും മറ്റും സ്‌തബ്ധരാകും.—വെളി. 17:1-6, 18; 18:9, 10, 15, 16, 19.
18. തന്റെ ജനത്തെ സാത്താൻ ആക്രമിക്കുമ്പോൾ യഹോവ എങ്ങനെ പ്രതികരിക്കും?
18 ഒരു നിർണായക സമയത്ത് “സൂര്യനിലും ചന്ദ്രനിലും നക്ഷത്രങ്ങളിലും ലക്ഷ്യങ്ങൾ ഉണ്ടാകും [“അടയാളങ്ങൾ പ്രത്യക്ഷപ്പെടും,” പി.ഒ.സി. ബൈബിൾ].” “മനുഷ്യപുത്രന്റെ അടയാളം ആകാശത്തു വിളങ്ങു”കയും ചെയ്യും. അപ്പോൾ “വീണ്ടെടുപ്പു അടുത്തുവരുന്നതുകൊണ്ടു നിവിർന്നു തല പൊക്കു”വാൻ നമുക്കാകും. (ലൂക്കൊ. 21:25-28; മത്താ. 24:29, 30) ഗോഗ് അഥവാ സാത്താൻ ദൈവജനത്തിനെതിരെ തന്റെ ശക്തികളെ തിരിക്കും. തന്റെ വിശ്വസ്‌തദാസരെ ആക്രമിക്കുന്നവരെക്കുറിച്ചു യഹോവ പറയുന്നു: ‘നിങ്ങളെ തൊടുന്നവൻ എന്റെ കണ്മണിയെ തൊടുന്നു.’ (സെഖ. 2:8) അതുകൊണ്ട് അവരെ നശിപ്പിക്കാനുള്ള സാത്താന്റെ ഉദ്യമം വിജയിക്കില്ല. എന്തുകൊണ്ട്? തന്റെ ദാസരെ വിടുവിക്കുന്നതിന് പരമാധീശ കർത്താവായ യഹോവ സത്വരം നടപടി സ്വീകരിക്കും.—യെഹെ. 38:9, 18.
19. ദൈവത്തിന്റെ സ്വർഗീയ സൈന്യം സാത്താന്റെ വ്യവസ്ഥിതിയെ നശിപ്പിക്കുമെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാവുന്നത് എന്തുകൊണ്ട്?
19 രാഷ്‌ട്രങ്ങൾക്കെതിരെ ദൈവം നടപടി എടുക്കുമ്പോൾ, അവൻ “യഹോവ എന്നു അവർ അറിയും.” (യെഹെ. 36:23) സാത്താന്റെ വ്യവസ്ഥിതിയുടെ ശേഷിച്ച ഭാഗത്തെ നശിപ്പിക്കുന്നതിനായി യേശുവിന്റെ നേതൃത്വത്തിലുള്ള ദൂതസൈന്യത്തെ അവൻ അയയ്‌ക്കും. (വെളി. 19:11-19) ഒരു സന്ദർഭത്തിൽ ഒരൊറ്റ ദൂതൻ ഒരു രാത്രികൊണ്ട് ദൈവത്തിന്റെ ശത്രുക്കളായ “ഒരുലക്ഷത്തെണ്‌പത്തയ്യായിരം പേരെ കൊന്നു.” അതുകൊണ്ട്, അർമഗെദോനിൽ മഹാകഷ്ടം അതിന്റെ പാരമ്യത്തിലെത്തുമ്പോൾ, സാത്താന്റെ വ്യവസ്ഥിതിയെ പൂർണമായി നശിപ്പിക്കാൻ അസംഖ്യം ദൂതന്മാരടങ്ങുന്ന സ്വർഗീയ സൈന്യത്തിനു നിഷ്‌പ്രയാസം സാധിക്കും. (2 രാജാ. 19:35; വെളി. 16:14, 16) സാത്താനെയും അവന്റെ ഭൂതഗണങ്ങളെയും ആയിരം വർഷത്തേക്ക് അഗാധത്തിൽ അടയ്‌ക്കും. ആത്യന്തികമായി അവർ നശിപ്പിക്കപ്പെടുകയും ചെയ്യും.—വെളി. 20:1-3.
20. ദൈവരാജ്യം മുഖേന യഹോവ എന്തു ചെയ്യും?
20 ദുഷ്ടതയുടെ ഒരു കണികപോലും ഭൂമിയിൽ അവശേഷിക്കില്ല. നീതിമാന്മാർ അതിൽ എന്നേക്കും ജീവിക്കും. താൻ മഹാനായ വിമോചകനാണെന്ന് യഹോവ തെളിയിച്ചിരിക്കും. (സങ്കീ. 145:20) ദൈവരാജ്യം മുഖാന്തരം തന്റെ പരമാധികാരമാണു ശരിയെന്ന് അവൻ തെളിയിക്കുകയും തന്റെ നാമത്തെ വിശുദ്ധീകരിക്കുകയും ഭൂമിയെ സംബന്ധിച്ച തന്റെ മഹത്തായ ഉദ്ദേശ്യം നിറവേറ്റുകയും ചെയ്യും. ഈ സുവാർത്ത ആളുകളെ അറിയിക്കുകയും ദൈവരാജ്യത്താലുള്ള വിമോചനം അടുത്തിരിക്കുന്നുവെന്നു തിരിച്ചറിയാൻ ‘നിത്യജീവന്നായി നിയമിക്കപ്പെട്ടവരെ’ സഹായിക്കുകയും ചെയ്യുമ്പോൾ അതിരറ്റ സന്തോഷം അനുഭവിക്കാൻ നിങ്ങൾക്കു സാധിക്കും, തീർച്ച!—പ്രവൃ. 13:48.
നിങ്ങൾ ഓർമിക്കുന്നുവോ?
• ദൈവരാജ്യത്തിന്റെ പ്രാധാന്യം യേശു പ്രദീപ്‌തമാക്കിയത് എങ്ങനെ?
• വിമോചനം മുമ്പെന്നത്തെക്കാളും ഇന്ന് ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്?
• മഹാകഷ്ടത്തിന്റെ സമയത്ത് ഏതൊക്കെ സംഭവങ്ങൾ നമുക്കു പ്രതീക്ഷിക്കാം?
• താൻ ഏറ്റവും മഹാനായ വിമോചകനാണെന്ന് യഹോവ എങ്ങനെ തെളിയിക്കും?
[അധ്യയന ചോദ്യങ്ങൾ]
[12, 13 പേജിലെ ചിത്രങ്ങൾ]
സമാനതകളില്ലാത്ത ആഗോളപ്രസംഗപ്രവർത്തനം നമ്മുടെ നാളിൽ നടക്കുമെന്ന് ദൈവവചനം മുൻകൂട്ടിപ്പറഞ്ഞു
[15-ാം പേജിലെ ചിത്രം]
നോഹയെയും കുടുംബത്തെയും യഹോവ രക്ഷിച്ചു, നമ്മെയും അവൻ രക്ഷിക്കും
[16-ാം പേജിലെ ചിത്രം]
യഹോവ “കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല.”—വെളി. 21:4, 5