വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നന്മ ചെയ്യുന്നതിൽ തുടരുവിൻ

നന്മ ചെയ്യുന്നതിൽ തുടരുവിൻ

നന്മ ചെയ്യുന്നതിൽ തുടരുവിൻ

“നന്മ ചെയ്‌വിൻ.”—ലൂക്കൊ. 6:35.

1, 2. നന്മ ചെയ്യുന്നത്‌ പലപ്പോഴും എളുപ്പമല്ലാത്തത്‌ എന്തുകൊണ്ട്‌?

നന്മ ചെയ്യുന്നത്‌ അത്ര എളുപ്പമല്ലായിരിക്കാം. നാം സ്‌നേഹിക്കുന്നവർ തിരിച്ചു സ്‌നേഹിച്ചെന്നുവരില്ല. മറ്റുള്ളവരുടെ ആത്മീയക്ഷേമം മുൻനിറുത്തി ‘ധന്യനായ ദൈവത്തിന്റെയും’ അവന്റെ പുത്രന്റെയും ‘മഹത്വമുള്ള സുവിശേഷം’ അവരെ അറിയിക്കുമ്പോഴും അവർ അതിനോടു വിലമതിപ്പോ നന്ദിയോ കാണിക്കണമെന്നില്ല. (1 തിമൊ. 1:11) മറ്റുചിലർ വിദ്വേഷത്തോടെ “ക്രിസ്‌തുവിന്റെ ക്രൂശിന്നു ശത്രുക്കളായി”ത്തീരുന്നു. (ഫിലി. 3:18) ക്രിസ്‌ത്യാനികളായ നാം അത്തരക്കാരോട്‌ എങ്ങനെ പെരുമാറണം?

2 യേശുക്രിസ്‌തു ശിഷ്യന്മാരോടു പറഞ്ഞു: “ശത്രുക്കളെ സ്‌നേഹിപ്പിൻ; അവർക്കു നന്മ ചെയ്‌വിൻ.” (ലൂക്കൊ. 6:35) നമുക്ക്‌ ഈ വാക്കുകളൊന്ന്‌ വിശകലനംചെയ്‌താലോ? നന്മ ചെയ്യുന്നതിനെക്കുറിച്ച്‌ യേശു പറഞ്ഞ മറ്റ്‌ ആശയങ്ങളും നമുക്കു പ്രയോജനം ചെയ്യും.

“ശത്രുക്കളെ സ്‌നേഹിപ്പിൻ”

3. (എ) മത്തായി 5:43-45-ലെ യേശുവിന്റെ പ്രസ്‌താവന സ്വന്തവാചകത്തിൽ ചുരുക്കിപ്പറയുക. (ബി) ഒന്നാം നൂറ്റാണ്ടിലെ യഹൂദ മതനേതാക്കന്മാർക്കിടയിൽ, യഹൂദന്മാരെയും യഹൂദരല്ലാത്തവരെയും സംബന്ധിച്ച്‌ ഏതു മനോഭാവം നിലനിന്നിരുന്നു?

3 ശത്രുക്കളെ സ്‌നേഹിക്കാനും ഉപദ്രവിക്കുന്നവർക്കു വേണ്ടി പ്രാർഥിക്കാനും വിഖ്യാതമായ ഗിരിപ്രഭാഷണത്തിൽ യേശു തന്റെ ശ്രോതാക്കളോടു പറയുകയുണ്ടായി. (മത്തായി 5:43-45 വായിക്കുക.) ആ സമയത്ത്‌ അവിടെ സന്നിഹിതരായിരുന്ന യഹൂദന്മാർക്ക്‌ പിൻവരുന്ന ദൈവകൽപ്പനയെക്കുറിച്ച്‌ അറിയാമായിരുന്നു: “നിന്റെ ജനത്തിന്റെ മക്കളോടു പക വെക്കരുതു; കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്‌നേഹിക്കേണം.” (ലേവ്യ. 19:18) ‘നിന്റെ ജനത്തിന്റെ മക്കൾ,’ ‘കൂട്ടുകാരൻ’ എന്നീ പ്രയോഗങ്ങൾ യഹൂദന്മാരെ മാത്രമാണ്‌ കുറിക്കുന്നത്‌ എന്നാണ്‌ ഒന്നാം നൂറ്റാണ്ടിലെ യഹൂദമതനേതാക്കന്മാർ വിശ്വസിച്ചിരുന്നത്‌. ഇസ്രായേല്യർ മറ്റു ജനതകളിൽനിന്നു വേർപെട്ടിരിക്കണമെന്ന്‌ മോശൈക ന്യായപ്രമാണം നിഷ്‌കർഷിച്ചിരുന്നു എന്നതു ശരിതന്നെ. എന്നാൽ യഹൂദരല്ലാത്ത ഓരോരുത്തരെയും ശത്രുക്കളായിക്കരുതി വെറുക്കണമെന്ന ധാരണ അവർക്കിടയിൽ വളർന്നുവന്നിരുന്നു.

4. യേശുവിന്റെ ശിഷ്യന്മാർ ശത്രുക്കളോട്‌ എങ്ങനെ പെരുമാറണം?

4 പക്ഷേ യേശു പറഞ്ഞത്‌ എന്താണെന്നു നോക്കുക: “നിങ്ങളുടെ ശത്രുക്കളെ സ്‌നേഹിപ്പിൻ; നിങ്ങളെ ഉപദ്രവിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിപ്പിൻ.” (മത്താ. 5:44) തങ്ങളോടു ശത്രുത കാണിക്കുന്ന എല്ലാവരോടും ശിഷ്യന്മാർ സ്‌നേഹത്തോടെ പെരുമാറണമായിരുന്നു. യേശുവിന്റെ വാക്കുകളെ ലൂക്കൊസ്‌ രേഖപ്പെടുത്തുന്നത്‌ ഇങ്ങനെയാണ്‌: “കേൾക്കുന്നവരായ നിങ്ങളോടു ഞാൻ പറയുന്നതു: നിങ്ങളുടെ ശത്രുക്കളെ സ്‌നേഹിപ്പിൻ; നിങ്ങളെ പകെക്കുന്നവർക്കു ഗുണം ചെയ്‌വിൻ. നിങ്ങളെ ശപിക്കുന്നവരെ അനുഗ്രഹിപ്പിൻ; നിങ്ങളെ ദുഷിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിപ്പിൻ.” (ലൂക്കൊ. 6:27, 28) യേശുവിന്റെ ഉപദേശം മനസ്സോടെ സ്വീകരിച്ച ഒന്നാം നൂറ്റാണ്ടിലെ ആളുകളെപ്പോലെ, നമ്മോടു ശത്രുത കാണിക്കുന്നവരോട്‌ നാം സ്‌നേഹപൂർവം ഇടപെടുന്നു. അതേ, നമ്മെ ‘പകെക്കുന്നവർക്ക്‌ നാം ഗുണം ചെയ്യുന്നു.’ ‘ശപിക്കുന്നവരോട്‌’ ദയാപൂർവം സംസാരിച്ചുകൊണ്ട്‌ നാം അവരെ ‘അനുഗ്രഹിക്കുന്നു.’ നമ്മെ ദേഹോപദ്രവമേൽപ്പിക്കുകയോ മറ്റു പ്രകാരത്തിൽ ‘ദുഷിക്കുകയോ’ ചെയ്യുന്നവർക്കുവേണ്ടി നാം ‘പ്രാർഥിക്കുന്നു.’ ആ പ്രാർഥനകൾ അവരോടുള്ള നമ്മുടെ സ്‌നേഹത്തിന്റെ തെളിവാണ്‌. കാരണം, അവർ മനസ്സുതിരിഞ്ഞ്‌ യഹോവയുടെ പ്രീതിയിലേക്കു വരുന്നതിനുവേണ്ടിയുള്ള അപേക്ഷകളാണവ.

5, 6. ശത്രുക്കളെ സ്‌നേഹിക്കേണ്ടത്‌ എന്തുകൊണ്ട്‌?

5 എന്തിനാണ്‌ ശത്രുക്കളെ സ്‌നേഹിക്കുന്നത്‌? “സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിന്നു പുത്രന്മാരായി തീരേണ്ടതിന്‌” എന്നു പറഞ്ഞുകൊണ്ട്‌ യേശുതന്നെ ഉത്തരം നൽകുന്നു. (മത്താ. 5:45) ആ ഉപദേശത്തിന്‌ ചെവികൊടുക്കുന്നപക്ഷം നാം ദൈവത്തിന്റെ പുത്രന്മാരായിത്തീരും. ഏതർഥത്തിൽ? “ദുഷ്ടൻമാരുടെമേലും നല്ലവരുടെമേലും തന്റെ സൂര്യനെ ഉദിപ്പിക്കയും നീതിമാൻമാരുടെമേലും നീതികെട്ടവരുടെ മേലും മഴ പെയ്യിക്കയും ചെയ്യുന്ന” നമ്മുടെ സ്വർഗീയ പിതാവിനെ അനുകരിക്കുന്നു എന്ന അർഥത്തിൽ. ലൂക്കൊസിന്റെ വിവരണം പറയുന്നതുപോലെ, ദൈവം ‘നന്ദികെട്ടവരോടും ദുഷ്ടന്മാരോടും ദയാലുവാണ്‌.’—ലൂക്കൊ. 6:35.

6 ശത്രുക്കളെ സ്‌നേഹിക്കേണ്ടതിന്റെ പ്രാധാന്യത്തിന്‌ ഊന്നൽ നൽകിക്കൊണ്ട്‌ യേശു ഇങ്ങനെ പറഞ്ഞു: “നിങ്ങളെ സ്‌നേഹിക്കുന്നവരെ സ്‌നേഹിച്ചാൽ നിങ്ങൾക്കു എന്തു പ്രതിഫലം? ചുങ്കക്കാരും അങ്ങനെ തന്നേ ചെയ്യുന്നില്ലയോ? സഹോദരന്മാരെ മാത്രം വന്ദനം ചെയ്‌താൽ നിങ്ങൾ എന്തു വിശേഷം ചെയ്യുന്നു? ജാതികളും അങ്ങനെ തന്നേ ചെയ്യുന്നില്ലയോ?” (മത്താ. 5:46, 47) തിരിച്ചുസ്‌നേഹിക്കുന്നവരെ മാത്രം സ്‌നേഹിക്കുന്നതിന്‌ ദൈവം “പ്രതിഫലം” തരില്ല. ജനം നികൃഷ്ടരായി കണ്ടിരുന്ന നികുതിപിരിവുകാർപോലും അവരെ സ്‌നേഹിച്ചവരെ തിരിച്ചു സ്‌നേഹിച്ചിരുന്നു.—ലൂക്കൊ. 5:30; 7:34.

7. ‘സഹോദരന്മാരെ’ മാത്രം വന്ദനം ചെയ്യുന്നത്‌ ഒരു വിശേഷകാര്യമല്ലാത്തത്‌ എന്തുകൊണ്ട്‌?

7 മറ്റുള്ളവരെ അഭിവാദ്യം ചെയ്യുമ്പോൾ “സമാധാനം” എന്നു പറയുന്നത്‌ യഹൂദന്മാരുടെ ഒരു രീതിയായിരുന്നു. (ന്യായാ. 19:20; യോഹ. 20:19) ആയുരാരോഗ്യവും ഐശ്വര്യവും നേരുന്നതാണ്‌ അതിൽ ഉൾപ്പെട്ടിരുന്നത്‌. ‘സഹോദരൻമാരെ’ മാത്രം വന്ദനം ചെയ്യുന്നതുകൊണ്ട്‌ ഒരു “വിശേഷ”വുമില്ലായിരുന്നു. യേശു പറഞ്ഞതുപോലെ, “ജാതികളും” അതുപോലെ ചെയ്‌തിരുന്നു.

8. “സൽഗുണപൂർണ്ണരാകുവിൻ” എന്നു പറഞ്ഞപ്പോൾ യേശു തന്റെ കേൾവിക്കാരെ എന്തിനു പ്രോത്സാഹിപ്പിക്കുകയായിരുന്നു?

8 കൈമാറിക്കിട്ടിയ പാപം നിമിത്തം ക്രിസ്‌തുവിന്റെ ശിഷ്യന്മാർക്ക്‌ പിഴവറ്റവരും പൂർണരും ആയിരിക്കാനാവില്ലായിരുന്നു. (റോമ. 5:12) എങ്കിലും ഇങ്ങനെ പറഞ്ഞുകൊണ്ടാണ്‌ യേശു പ്രഭാഷണത്തിന്റെ ഈ ഭാഗം ഉപസംഹരിക്കുന്നത്‌: “നിങ്ങളുടെ സ്വർഗ്ഗീയപിതാവു സൽഗുണപൂർണ്ണൻ ആയിരിക്കുന്നതുപോലെ നിങ്ങളും സൽഗുണപൂർണ്ണരാകുവിൻ.” (മത്താ. 5:48) ശത്രുക്കളെ സ്‌നേഹിച്ചുകൊണ്ട്‌ തങ്ങളുടെ സ്‌നേഹം പൂർണമാക്കാനും അങ്ങനെ സ്വർഗീയ പിതാവിനെ അനുകരിക്കാനും ശ്രോതാക്കളെ പ്രോത്സാഹിപ്പിക്കുകയായിരുന്നു യേശു. അതുതന്നെയാണ്‌ നമ്മിൽനിന്നും പ്രതീക്ഷിക്കുന്നത്‌.

ക്ഷമിക്കുന്നവരായിരിക്കേണ്ടത്‌ എന്തുകൊണ്ട്‌?

9. ‘ഞങ്ങളുടെ കടങ്ങളെ ക്ഷമിക്കേണമേ’ എന്നതിന്റെ അർഥമെന്ത്‌?

9 നമ്മോടു പാപം ചെയ്യുന്നവരോട്‌ കരുണാപൂർവം ക്ഷമിക്കുമ്പോഴെല്ലാം നന്മ ചെയ്യുകയാണ്‌ നാം. യേശുവിന്റെ മാതൃകാപ്രാർഥനയിലെ ഒരു ഭാഗംതന്നെ ഇങ്ങനെയാണ്‌: “ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷമിച്ചിരിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങളെ ഞങ്ങളോടും ക്ഷമിക്കേണമേ.” (മത്താ. 6:12) സാമ്പത്തിക കടങ്ങൾ ഇതിന്റെ പരിധിയിൽ വരുന്നില്ല എന്നു പറയേണ്ടതില്ലല്ലോ. ‘കടങ്ങൾ’ എന്നു പറഞ്ഞപ്പോൾ യേശു “പാപ”ങ്ങളെയാണ്‌ ഉദ്ദേശിച്ചതെന്ന്‌ ലൂക്കൊസിന്റെ സുവിശേഷം വ്യക്തമാക്കുന്നുണ്ട്‌: “ഞങ്ങളുടെ പാപങ്ങളെ ഞങ്ങളോടു ക്ഷമിക്കേണമേ; ഞങ്ങൾക്കു കടംപെട്ടിരിക്കുന്ന ഏവനോടും ഞങ്ങളും ക്ഷമിക്കുന്നു.”—ലൂക്കൊ. 11:4.

10. ക്ഷമിക്കുന്ന കാര്യത്തിൽ നമുക്കെങ്ങനെ ദൈവത്തെ അനുകരിക്കാം?

10 അനുതാപമുള്ള പാപികളോട്‌ ഉദാരമായി ക്ഷമിക്കുന്ന സ്വർഗീയ പിതാവിനെ നാം അനുകരിക്കേണ്ടതുണ്ട്‌. പൗലൊസ്‌ അപ്പൊസ്‌തലൻ എഴുതി: “നിങ്ങൾ തമ്മിൽ ദയയും മനസ്സലിവുമുള്ളവരായി ദൈവം ക്രിസ്‌തുവിൽ നിങ്ങളോടു ക്ഷമിച്ചതുപോലെ അന്യോന്യം ക്ഷമിപ്പിൻ.” (എഫെ. 4:32) സങ്കീർത്തനക്കാരനായ ദാവീദിന്റെ വാക്കുകൾ ശ്രദ്ധിക്കുക: “യഹോവ കരുണയും കൃപയും നിറഞ്ഞവൻ ആകുന്നു; ദീർഘക്ഷമയും മഹാദയയും ഉള്ളവൻ തന്നേ. . . . അവൻ നമ്മുടെ പാപങ്ങൾക്കു ഒത്തവണ്ണം നമ്മോടു ചെയ്യുന്നില്ല; നമ്മുടെ അകൃത്യങ്ങൾക്കു ഒത്തവണ്ണം നമ്മോടു പകരം ചെയ്യുന്നതുമില്ല. . . . ഉദയം അസ്‌തമയത്തോടു അകന്നിരിക്കുന്നതു പോലെ അവൻ നമ്മുടെ ലംഘനങ്ങളെ നമ്മോടു അകറ്റിയിരിക്കുന്നു. അപ്പന്നു മക്കളോടു കരുണ തോന്നുന്നതു പോലെ യഹോവെക്കു തന്റെ ഭക്തന്മാരോടു കരുണ തോന്നുന്നു. അവൻ നമ്മുടെ പ്രകൃതി അറിയുന്നുവല്ലോ; നാം പൊടി എന്നു അവൻ ഓർക്കുന്നു.”—സങ്കീ. 103:8-14.

11. ദൈവത്തിന്റെ ക്ഷമ ലഭിക്കുന്നത്‌ ആർക്ക്‌?

11 മറ്റുള്ളവരോടു ക്ഷമിച്ചാൽ മാത്രമേ ദൈവത്തിന്റെ ക്ഷമ ലഭിക്കുകയുള്ളൂ. (മർക്കൊ. 11:25) ഈ വസ്‌തുത ഊന്നിപ്പറഞ്ഞുകൊണ്ട്‌ യേശു കൂട്ടിച്ചേർത്തു: “നിങ്ങൾ മനുഷ്യരോടു അവരുടെ പിഴകളെ ക്ഷമിച്ചാൽ, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു നിങ്ങളോടും ക്ഷമിക്കും. നിങ്ങൾ മനുഷ്യരോടു പിഴകളെ ക്ഷമിക്കാഞ്ഞാലോ നിങ്ങളുടെ പിതാവു നിങ്ങളുടെ പിഴകളെയും ക്ഷമിക്കയില്ല.” (മത്താ. 6:14, 15) മറ്റുള്ളവരോട്‌ ധാരാളമായി ക്ഷമിക്കുന്നവരോടു മാത്രമേ ദൈവം ക്ഷമിക്കുകയുള്ളു എന്നു സാരം. അതേ, “കർത്താവു നിങ്ങളോടു ക്ഷമിച്ചതുപോലെ നിങ്ങളും ചെയ്‌വിൻ” എന്ന പൗലൊസിന്റെ വാക്കുകൾ അനുസരിക്കുന്നതാണ്‌ നന്മ ചെയ്യുന്നതിൽ തുടരാനുള്ള ഒരു മാർഗം.—കൊലൊ. 3:13.

“വിധിക്കരുത്‌”

12. മറ്റുള്ളവരെ വിധിക്കുന്നതിനോടുള്ള ബന്ധത്തിൽ യേശു എന്തു പറഞ്ഞു?

12 മറ്റുള്ളവരെ വിധിക്കരുത്‌ എന്നു പറഞ്ഞപ്പോൾ നന്മ ചെയ്യാനുള്ള മറ്റൊരു മാർഗം ശ്രോതാക്കളുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു യേശു. തുടർന്ന്‌ ശക്തമായൊരു ദൃഷ്ടാന്തത്തിലൂടെ ആ ആശയത്തിന്‌ അടിവരയിട്ടു. (മത്തായി 7:1-5 വായിക്കുക.) “വിധിക്കരുത്‌” എന്നു പറഞ്ഞപ്പോൾ യേശു എന്താണ്‌ ഉദ്ദേശിച്ചത്‌? നമുക്കു നോക്കാം.

13. ‘വിടുവിൻ’ എന്ന്‌ ശ്രോതാക്കളോടു പറഞ്ഞപ്പോൾ യേശു എന്താണ്‌ അർഥമാക്കിയത്‌?

13 യേശുവിന്റെ വാക്കുകൾ മത്തായി രേഖപ്പെടുത്തുന്നത്‌ ഇങ്ങനെ: “നിങ്ങൾ വിധിക്കപ്പെടാതിരിക്കേണ്ടതിന്നു വിധിക്കരുത്‌.” (മത്താ. 7:1) ലൂക്കൊസിന്റെ സുവിശേഷം പറയുന്നതു ശ്രദ്ധിക്കുക: “വിധിക്കരുതു; എന്നാൽ നിങ്ങളെയും വിധിക്കയില്ല; ശിക്ഷെക്കു വിധിക്കരുതു; എന്നാൽ നിങ്ങൾക്കും ശിക്ഷാവിധി ഉണ്ടാകയില്ല; വിടുവിൻ; എന്നാൽ നിങ്ങളെയും വിടുവിക്കും.” (ലൂക്കൊ. 6:37) ഒന്നാം നൂറ്റാണ്ടിലെ പരീശന്മാർ തിരുവെഴുത്തധിഷ്‌ഠിതമല്ലാത്ത പാരമ്പര്യങ്ങളുടെ അടിസ്ഥാനത്തിൽ മറ്റുള്ളവരെ നിഷ്‌ഠുരമായി വിധിച്ചിരുന്നു. യേശുവിന്റെ ശ്രോതാക്കളിൽ ആരെങ്കിലും അങ്ങനെ ചെയ്യുന്നുണ്ടായിരുന്നെങ്കിൽ അവർ അതു നിറുത്തണമായിരുന്നു. പകരം മറ്റുള്ളവരുടെ തെറ്റുകുറ്റങ്ങൾ ക്ഷമിച്ചുകൊണ്ട്‌ ‘വിടാൻ’ മനസ്സുകാണിക്കണമായിരുന്നു അവർ. നേരത്തേ കണ്ടതുപോലെ, അപ്പൊസ്‌തലനായ പൗലൊസും ക്ഷമ സംബന്ധിച്ച്‌ സമാനമായ ഉദ്‌ബോധനം നൽകിയിട്ടുണ്ട്‌.

14. ശിഷ്യന്മാരുടെ ഭാഗത്തെ ക്ഷമ എന്തു ചെയ്യാൻ മറ്റുള്ളവരെ പ്രചോദിപ്പിക്കുമായിരുന്നു?

14 ശിഷ്യന്മാരുടെ ഭാഗത്തെ ക്ഷമ, ക്ഷമിക്കാൻ മറ്റുള്ളവരെ പ്രചോദിപ്പിക്കുമായിരുന്നു. യേശു പറഞ്ഞു: “നിങ്ങൾ വിധിക്കുന്ന വിധിയാൽ നിങ്ങളെയും വിധിക്കും; നിങ്ങൾ അളക്കുന്ന അളവിനാൽ നിങ്ങൾക്കും അളന്നു കിട്ടും.” (മത്താ. 7:2) മറ്റുള്ളവരോടുള്ള പെരുമാറ്റത്തിന്റെ കാര്യത്തിൽ നാം വിതയ്‌ക്കുന്നതുതന്നെ കൊയ്യും.—ഗലാ. 6:7.

15. അതിരുകടന്ന്‌ വിമർശിക്കുന്നതിന്റെ ഗൗരവം യേശു വ്യക്തമാക്കിയതെങ്ങനെ?

15 മറ്റുള്ളവരെ അമിതമായി വിമർശിക്കുന്നതിന്റെ ഗൗരവം ഊന്നിപ്പറയാൻ യേശു ഉപയോഗിച്ച പിൻവരുന്ന ദൃഷ്ടാന്തം ഓർക്കുന്നില്ലേ? “സ്വന്തകണ്ണിലെ കോൽ ഓർക്കാതെ സഹോദരന്റെ കണ്ണിലെ കരടു നോക്കുന്നതു എന്തു? അല്ല, സ്വന്തകണ്ണിൽ കോൽ ഇരിക്കെ നീ സഹോദരനോടു: നില്ലു, നിന്റെ കണ്ണിൽനിന്നു കരടു എടുത്തുകളയട്ടെ, എന്നു പറയുന്നതു എങ്ങനെ?” (മത്താ. 7:3, 4) വിമർശിക്കാൻ പ്രവണതയുള്ള വ്യക്തി സഹോദരന്റെ “കണ്ണിലെ” കരടാണ്‌ കാണുന്നത്‌. ഫലത്തിൽ, തന്റെ സഹോദരന്‌ ഒന്നും വ്യക്തമായി കാണാനാകുന്നില്ല എന്നാണ്‌ അയാളുടെ പക്ഷം. കരടുപോലെ അത്ര നിസ്സാരമായ ഒന്നാണെങ്കിലും താൻ അത്‌ ‘എടുത്തുകളയാമെന്ന്‌’ അയാൾ പറയുന്നു. അതു കേട്ടാൽത്തോന്നും, കൂടുതൽ വ്യക്തമായി കാണാൻ സഹോദരനെ സഹായിക്കാനാണ്‌ അയാൾ ശ്രമിക്കുന്നതെന്ന്‌.

16. പരീശന്മാരുടെ കണ്ണിൽ “കോൽ” ആണ്‌ ഉണ്ടായിരുന്നതെന്നു പറയാവുന്നത്‌ എങ്ങനെ?

16 മറ്റുള്ളവരെ നിശിതമായി വിമർശിക്കുന്നതിൽ മുൻപന്തിയിലായിരുന്നു യഹൂദമതനേതാക്കന്മാർ. ഒരു ഉദാഹരണം ശ്രദ്ധിക്കാം. യേശുക്രിസ്‌തു സുഖപ്പെടുത്തിയ ഒരു അന്ധൻ യേശു ദൈവത്തിന്റെ അടുക്കൽനിന്നു വന്നതായിരിക്കണം എന്നു പറഞ്ഞപ്പോൾ കലിപൂണ്ട്‌ പരീശന്മാർ പ്രതികരിച്ചത്‌ എങ്ങനെയാണെന്നു നോക്കുക: “നീ മുഴുവനും പാപത്തിൽ പിറന്നവൻ; നീ ഞങ്ങളെ ഉപദേശിക്കുന്നുവോ”? (യോഹ. 9:30-34) ആത്മീയ കാഴ്‌ചപ്പാടിനോടും നേരാംവണ്ണം ന്യായംവിധിക്കുന്നതിനോടും ഉള്ള ബന്ധത്തിൽ പരീശന്മാരുടെ കണ്ണിലുണ്ടായിരുന്നത്‌ ഒരു “കോൽ” ആയിരുന്നു. അത്‌ അവരെ തികച്ചും അന്ധരാക്കി. അതുകൊണ്ടാണ്‌, “കപടഭക്തിക്കാരാ, മുമ്പെ സ്വന്തകണ്ണിൽനിന്നു കോൽ എടുത്തുകളക; പിന്നെ സഹോദരന്റെ കണ്ണിൽനിന്നു കരടു എടുത്തുകളവാൻ വെടിപ്പായി കാണും” എന്ന്‌ യേശു പറഞ്ഞത്‌. (മത്താ. 7:5; ലൂക്കൊ. 6:42) മറ്റുള്ളവർക്കു നന്മ ചെയ്യാനും അവരോടു നന്നായി ഇടപെടാനും നാം മനസ്സിലുറച്ചിരിക്കുന്നെങ്കിൽ, സദാ സഹോദരന്റെ കണ്ണിലെ ‘കരടുനോക്കിയിരിക്കുന്ന’ നിഷ്‌ഠുരരായ വിമർശകർ ആയിരിക്കില്ല നാം. പകരം, നാം അപൂർണരാണെന്ന വസ്‌തുത നാം അംഗീകരിക്കും, സഹവിശ്വാസികളെ വിമർശനബുദ്ധിയോടെ കാണുന്നത്‌ ഒഴിവാക്കുകയും ചെയ്യും.

മറ്റുള്ളവരോട്‌ എങ്ങനെ ഇടപെടണം?

17. മത്തായി 7:12 അനുസരിച്ച്‌ മറ്റുള്ളവരോടു നാം എങ്ങനെ ഇടപെടണം?

17 തന്റെ ദാസന്മാരുടെ പ്രാർഥനകൾക്ക്‌ ഉത്തരം കൊടുത്തുകൊണ്ട്‌ ദൈവം ഒരു പിതാവിനെപ്പോലെ ഇടപെടുന്നതായി ഗിരിപ്രഭാഷണത്തിൽ യേശു ചൂണ്ടിക്കാട്ടുകയുണ്ടായി. (മത്തായി 7:7-12 വായിക്കുക.) യേശു പിൻവരുന്ന പെരുമാറ്റച്ചട്ടം മുന്നോട്ടുവെച്ചു എന്നതു ശ്രദ്ധേയമാണ്‌: “മനുഷ്യർ നിങ്ങൾക്കു ചെയ്യേണം എന്നു നിങ്ങൾ ഇച്ഛിക്കുന്നതു ഒക്കെയും നിങ്ങൾ അവർക്കും ചെയ്‌വിൻ.” (മത്താ. 7:12) സഹമനുഷ്യരോട്‌ ഈ വിധത്തിൽ പെരുമാറിയാൽ മാത്രമേ നാം യേശുക്രിസ്‌തുവിന്റെ ശിഷ്യന്മാരാണെന്നു പറയാനാകൂ.

18. മറ്റുള്ളവർ നമ്മോടു പെരുമാറാൻ നാം പ്രതീക്ഷിക്കുന്നതുപോലെ അവരോടു പെരുമാറണമെന്ന്‌ ‘ന്യായപ്രമാണം’ വ്യക്തമാക്കിയത്‌ എങ്ങനെ?

18 മറ്റുള്ളവരിൽനിന്നു നാം പ്രതീക്ഷിക്കുന്നതുപോലെ അവരോടു പെരുമാറാൻ പറഞ്ഞശേഷം യേശു ഇങ്ങനെ തുടർന്നു: “ന്യായപ്രമാണവും പ്രവാചകന്മാരും ഇതു തന്നേ.” യേശുവിന്റെ വാക്കുകൾ അനുസരിക്കുമ്പോൾ നാം, ഉല്‌പത്തി മുതൽ ആവർത്തനപുസ്‌തകം വരെയുള്ള ഭാഗത്തു കാണപ്പെടുന്ന ‘ന്യായപ്രമാണത്തിന്റെ’ അന്തഃസത്തയ്‌ക്കു ചേർച്ചയിൽ പ്രവർത്തിക്കുകയാണ്‌. തിന്മയ്‌ക്ക്‌ അറുതിവരുത്തുന്ന സന്തതിയെക്കുറിച്ചുള്ള യഹോവയുടെ ഉദ്ദേശ്യത്തിനു പുറമേ, ബി.സി. 1513-ൽ മോശെ മുഖാന്തരം ഇസ്രായേല്യർക്കു ദൈവം നൽകിയ ന്യായപ്രമാണവും ഈ പുസ്‌തകങ്ങളിൽ നാം കാണുന്നു. (ഉല്‌പ. 3:15) ഇസ്രായേല്യർ ന്യായത്തോടെ ഇടപെടണമെന്നും മുഖപക്ഷം കാണിക്കരുതെന്നും ക്ലേശിക്കുന്നവർക്കും ദേശത്തിലെ പരദേശികൾക്കും നന്മ ചെയ്യണമെന്നും ന്യായപ്രമാണം വ്യവസ്ഥ ചെയ്‌തിരുന്നു.—ലേവ്യ. 19:9, 10, 15, 34.

19. നാം നന്മ ചെയ്യണമെന്ന്‌ ‘പ്രവാചകന്മാർ’ കാണിക്കുന്നതെങ്ങനെ?

19 എബ്രായ തിരുവെഴുത്തുകളിലെ പ്രവാചക പുസ്‌തകങ്ങളാണ്‌ ‘പ്രവാചകന്മാർ’ എന്നു പറഞ്ഞപ്പോൾ യേശുവിന്റെ മനസ്സിലുണ്ടായിരുന്നത്‌. ക്രിസ്‌തുവിൽ നിവൃത്തിയേറിയ മിശിഹൈക പ്രവചനങ്ങൾ അതിൽ അടങ്ങിയിട്ടുണ്ട്‌. ദൈവത്തിന്റെ ദൃഷ്ടിയിൽ ശരിയായതു ചെയ്യുകയും മറ്റുള്ളവരോടു നന്നായി ഇടപെടുകയും ചെയ്യുന്നപക്ഷം തന്റെ ജനത്തെ ദൈവം അനുഗ്രഹിക്കുമെന്നും ആ രേഖ നമ്മോടു പറയുന്നു. യെശയ്യാപ്രവചനത്തിലെ പിൻവരുന്ന ബുദ്ധിയുപദേശം ഒരു ഉദാഹരണം മാത്രം: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: . . . ന്യായം പ്രമാണിച്ചു നീതി പ്രവർത്തിപ്പിൻ. . . . ദോഷം ചെയ്യാതവണ്ണം തന്റെ കൈ സൂക്ഷിച്ചുംകൊണ്ടു ഇതു ചെയ്യുന്ന മർത്യനും ഇതു മുറുകെപിടിക്കുന്ന മനുഷ്യനും ഭാഗ്യവാൻ.” (യെശ. 56:1, 2) അതേ, തന്റെ ജനം നന്മ ചെയ്യുന്നതിൽ തുടരാനാണ്‌ ദൈവം പ്രതീക്ഷിക്കുന്നത്‌.

സദാ നന്മ ചെയ്യുക

20, 21. ഗിരിപ്രഭാഷണം കേട്ട ജനത്തിന്റെ പ്രതികരണം എന്തായിരുന്നു, നിങ്ങൾ അതേക്കുറിച്ചു ധ്യാനിക്കേണ്ടത്‌ എന്തുകൊണ്ട്‌?

20 വിശ്വവിഖ്യാതമായ ഗിരിപ്രഭാഷണത്തിലെ സുപ്രധാനമായ ചില ആശയങ്ങൾ മാത്രമാണ്‌ നാം ഇപ്പോൾ പരിചിന്തിച്ചത്‌. എങ്കിലും അന്ന്‌ അതു കേട്ടവരുടെ പ്രതികരണം മനസ്സിലാക്കാൻ നമുക്കു ബുദ്ധിമുട്ടൊന്നുമില്ല. ബൈബിൾ വിവരണം പറയുന്നു: “ഈ വചനങ്ങളെ യേശു പറഞ്ഞുതീർന്നപ്പോൾ പുരുഷാരം അവന്റെ ഉപദേശത്തിൽ വിസ്‌മയിച്ചു; അവരുടെ ശാസ്‌ത്രിമാരെപ്പോലെ അല്ല, അധികാരമുള്ളവനായിട്ടത്രേ അവൻ അവരോടു ഉപദേശിച്ചത്‌.”—മത്താ. 7:28, 29.

21 മുൻകൂട്ടിപ്പറയപ്പെട്ട “അത്ഭുതമന്ത്രി,” അഥവാ ഉപദേഷ്ടാവാണ്‌ യേശു എന്ന വസ്‌തുത സംശയാതീതമായി തെളിയിക്കപ്പെട്ടു. (യെശ. 9:6) സ്വർഗീയ പിതാവിന്റെ കാഴ്‌ചപ്പാടു സംബന്ധിച്ച്‌ യേശുവിനുണ്ടായിരുന്ന അറിവിന്റെ ഉത്തമ ഉദാഹരണമാണ്‌ ഗിരിപ്രഭാഷണം. നാം ഇതുവരെ പരിചിന്തിച്ച ആശയങ്ങൾക്കു പുറമേ, യഥാർഥ സന്തോഷം എങ്ങനെ നേടാം, അധാർമികത എങ്ങനെ ഒഴിവാക്കാം, എങ്ങനെ നീതിനിഷ്‌ഠരായിരിക്കാം, സന്തോഷവും സുരക്ഷിതത്വവും കളിയാടുന്ന ഒരു നല്ലകാലത്തു ജീവിക്കാൻ എന്തു ചെയ്യണം എന്നിങ്ങനെ മറ്റനവധി കാര്യങ്ങളെക്കുറിച്ചും ഗിരിപ്രഭാഷണം പ്രതിപാദിക്കുന്നുണ്ട്‌. പ്രാർഥനാനിരതമായ മനസ്സോടെ, മത്തായി 5 മുതൽ 7 വരെയുള്ള അധ്യായങ്ങൾ ഒരിക്കൽക്കൂടി ശ്രദ്ധാപൂർവം വായിച്ചുകൂടേ? ആരിലും വിസ്‌മയമുണർത്താൻ പോന്ന ആ ഉപദേശങ്ങളെക്കുറിച്ച്‌ മനസ്സിരുത്തി ധ്യാനിക്കുക. ഗിരിപ്രഭാഷണത്തിലെ തത്ത്വങ്ങൾ ജീവിതത്തിൽ പകർത്തുക. അത്‌ യഹോവയെ പ്രസാദിപ്പിക്കാൻ മാത്രമല്ല മറ്റുള്ളവരോടു നന്നായി ഇടപെടാനും നന്മ ചെയ്യുന്നതിൽ തുടരാനും നിങ്ങളെ സഹായിക്കും

നിങ്ങളുടെ ഉത്തരമെന്ത്‌?

• ശത്രുക്കളോടു നാം എങ്ങനെ ഇടപെടണം?

• ക്ഷമിക്കുന്നവർ ആയിരിക്കേണ്ടത്‌ എന്തുകൊണ്ട്‌?

• മറ്റുള്ളവരെ വിധിക്കുന്നതിനെക്കുറിച്ച്‌ യേശു എന്തു പറഞ്ഞു?

മത്തായി 7:12 അനുസരിച്ച്‌ നാം മറ്റുള്ളവരോട്‌ എങ്ങനെ ഇടപെടണം?

[അധ്യയന ചോദ്യങ്ങൾ]

[10-ാം പേജിലെ ആകർഷക വാക്യം]

“വിധിക്കരുത്‌” എന്ന്‌ യേശു പറഞ്ഞതിന്റെ കാരണം നിങ്ങൾക്കറിയാമോ?

[8-ാം പേജിലെ ചിത്രം]

ഉപദ്രവിക്കുന്നവർക്കുവേണ്ടി നാം പ്രാർഥിക്കേണ്ടത്‌ എന്തുകൊണ്ട്‌?

[10-ാം പേജിലെ ചിത്രം]

മറ്റുള്ളവർ നിങ്ങളോടു പെരുമാറാൻ പ്രതീക്ഷിക്കുന്ന വിധത്തിലാണോ നിങ്ങൾ അവരോട്‌ ഇടപെടുന്നത്‌?