വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഭരണസംഘം സംഘടിതമായിരിക്കുന്ന വിധം

ഭരണസംഘം സംഘടിതമായിരിക്കുന്ന വിധം

ഭരണസംഘം സംഘടിതമായിരിക്കുന്ന വിധം

ദൈവത്തിനു സമർപ്പിതരായ, അഭിഷിക്ത ദാസന്മാർ അടങ്ങുന്നതാണ്‌ യഹോവയുടെ സാക്ഷികളുടെ ഭരണസംഘം. ആഗോളപ്രസംഗവേലയെ നയിക്കാനും ആത്മീയാഹാരം പ്രദാനം ചെയ്യാനും ചുമതലയുള്ള വിശ്വസ്‌തനും വിവേകിയുമായ അടിമവർഗത്തിന്റെ പ്രതിനിധികളാണവർ.—മത്താ. 24:14, 45-47.

ഭരണസംഘം വാരംതോറും യോഗംചേരും, സാധാരണ ബുധനാഴ്‌ചകളിലാണ്‌ അത്‌. ഐക്യത്തിൽ പ്രവർത്തിക്കാൻ ഇത്‌ അവരെ സഹായിക്കുന്നു. (സങ്കീ. 133:1) ഭരണസംഘാംഗങ്ങൾ പല കമ്മിറ്റികളിലും സേവിക്കുന്നുണ്ട്‌. രാജ്യതാത്‌പര്യങ്ങളോടുള്ള ബന്ധത്തിൽ ഈ ഓരോ കമ്മിറ്റിക്കും അതിന്റേതായ ഉത്തരവാദിത്വങ്ങളാണുള്ളത്‌.

▪ കോർഡിനേറ്റേഴ്‌സ്‌ കമ്മിറ്റി: ഭരണസംഘത്തിന്റെ മറ്റു കമ്മിറ്റികളുടെ കോർഡിനേറ്റർമാരും ഭരണസംഘാംഗമായ ഒരു സെക്രട്ടറിയുമാണ്‌ ഇതിലുള്ളത്‌. കമ്മിറ്റികളെല്ലാം സുഗമമായും കാര്യക്ഷമമായും മുന്നോട്ടു പോകുന്നുവെന്ന്‌ ഉറപ്പുവരുത്തുകയാണ്‌ ഇതിന്റെ ചുമതല. ലോകത്തെവിടെയുമുള്ള യഹോവയുടെ ജനത്തിനു നേരിടുന്ന അടിയന്തിര സാഹചര്യങ്ങൾ, പീഡനം, വിപത്തുകൾ, മറ്റു പ്രശ്‌നങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്നതും ഈ കമ്മിറ്റിയാണ്‌.

▪ പേഴ്‌സണൽ കമ്മിറ്റി: ലോകമെമ്പാടുമുള്ള ബെഥേൽ കുടുംബാംഗങ്ങളുടെ വ്യക്തിപരവും ആത്മീയവുമായ ക്ഷേമം ഈ കമ്മിറ്റി ഉറപ്പുവരുത്തുന്നു. ബെഥേലിൽ സേവിക്കാൻ യോഗ്യരായ പുതിയവരെ തെരഞ്ഞെടുക്കുന്നതും അവരുടെ സേവനം സംബന്ധിച്ച ചോദ്യങ്ങൾക്കു മറുപടി നൽകുന്നതും ഈ കമ്മിറ്റിയാണ്‌.

▪ പബ്ലിഷിങ്‌ കമ്മിറ്റി: ബൈബിൾ സാഹിത്യങ്ങളുടെ അച്ചടിയും വിതരണവും ഇതിന്റെ മേൽനോട്ടത്തിലാണ്‌. യഹോവയുടെ സാക്ഷികൾ ഉപയോഗിക്കുന്ന വിവിധ കോർപ്പറേഷനുകളുടെ കീഴിലുള്ള അച്ചടിശാലകളുടെയും മറ്റും മേൽനോട്ടവും ഇതിനാണ്‌. ലോകവ്യാപക വേലയ്‌ക്കുള്ള സംഭാവനകൾ ഉചിതമായി ചെലവഴിക്കുന്നതും ഇതിന്റെ പരിധിയിൽപ്പെടുന്നു.

▪ സർവീസ്‌ കമ്മിറ്റി: പ്രസംഗവേലയ്‌ക്കു മേൽനോട്ടം വഹിക്കുന്നു. സഭകളുമായും പയനിയർമാർ, മൂപ്പന്മാർ, സഞ്ചാരമേൽവിചാരകന്മാർ എന്നിവരുമായും ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യുന്നു. നമ്മുടെ രാജ്യ ശുശ്രൂഷ തയ്യാറാക്കുന്നതിന്റെ മേൽനോട്ടം വഹിക്കുന്നതും ഗിലെയാദ്‌ സ്‌കൂൾ, ശുശ്രൂഷാപരിശീലന സ്‌കൂൾ എന്നിവയിലേക്കു വിദ്യാർഥികളെ ക്ഷണിക്കുന്നതും അവർക്കു നിയമനം നൽകുന്നതും ഈ കമ്മിറ്റിയാണ്‌.

▪ ടീച്ചിങ്‌ കമ്മിറ്റി: സഭായോഗങ്ങൾ, സമ്മേളനങ്ങൾ, കൺവെൻഷനുകൾ എന്നിവയിലൂടെ പഠിപ്പിക്കുന്ന വിവരങ്ങളുടെ ഉത്തരവാദിത്വം ഇതിനാണ്‌. ബെഥേലംഗങ്ങൾക്കായി ആത്മീയ കരുതലുകൾ ചെയ്യുന്നു. കൂടാതെ, ഗിലെയാദ്‌ സ്‌കൂൾ, പയനിയർ സ്‌കൂൾ തുടങ്ങിയ സ്‌കൂളുകളുടെയും ഓഡിയോ-വീഡിയോ പ്രോഗ്രാമുകൾ തയ്യാറാക്കുന്നതിന്റെയും മേൽനോട്ടവും വഹിക്കുന്നു.

▪ റൈറ്റിങ്‌ കമ്മിറ്റി: സഹവിശ്വാസികൾക്കും പൊതുജനങ്ങൾക്കുംവേണ്ടി ആത്മീയ വിവരങ്ങൾ എഴുതി തയ്യാറാക്കുന്നതിന്റെ ചുമതല വഹിക്കുന്നു. ബൈബിൾചോദ്യങ്ങൾക്ക്‌ ഉത്തരം നൽകുന്നു, പ്രസംഗങ്ങളുടെ ബാഹ്യരേഖകളും നാടക സ്‌ക്രിപ്‌റ്റുകളും പോലുള്ളവയ്‌ക്ക്‌ അംഗീകാരം നൽകുന്നു. ലോകമെമ്പാടുമുള്ള പരിഭാഷാവേലയ്‌ക്ക്‌ നേതൃത്വമെടുക്കുന്നു.

പൗലൊസ്‌ അപ്പൊസ്‌തലൻ അഭിഷിക്തരുടെ സഭയെ മനുഷ്യശരീരത്തോട്‌ ഉപമിക്കുകയുണ്ടായി. അതിലൂടെ, ദൈവദത്തവേലയിൽ ഓരോ അവയവങ്ങൾക്കും അഥവാ അംഗത്തിനും ഉള്ള സ്ഥാനം, പരസ്‌പരാശ്രയത്വം, സ്‌നേഹം, സഹകരണം എന്നിവയ്‌ക്ക്‌ അവൻ ഊന്നൽ നൽകി. (റോമ. 12:4, 5; 1 കൊരി. 12:12-31) ശരീരാവയവങ്ങളുടെ സഹകരണം, ഏകോപനം, ആത്മീയ പോഷണം എന്നിവയ്‌ക്ക്‌ ആവശ്യമായതെല്ലാം ചെയ്യുന്നത്‌ ശിരസ്സായ യേശുക്രിസ്‌തുവാണ്‌. (എഫെ. 4:15, 16; കൊലൊ. 2:19) ഈ വിധത്തിൽ, യഹോവയുടെ ആത്മാവിന്റെ വഴിനടത്തിപ്പിനു ചേർച്ചയിൽ നേതൃത്വമെടുക്കാൻ ഭരണസംഘം സംഘടിതമായിരിക്കുന്നു.