വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യൗവനത്തിൽ യഹോവയെ സേവിക്കുക

യൗവനത്തിൽ യഹോവയെ സേവിക്കുക

യൗവനത്തിൽ യഹോവയെ സേവിക്കുക

“നീ പഠിച്ചും നിശ്ചയം പ്രാപിച്ചും ഇരിക്കുന്നതിൽ നിലനില്‌ക്ക.”—2 തിമൊ. 3:15.

1. തന്റെ യുവസാക്ഷികളുടെ സേവനത്തെ യഹോവ എങ്ങനെ വീക്ഷിക്കുന്നു?

യുവജനങ്ങളുടെ വിശുദ്ധസേവനം അങ്ങേയറ്റം വിലമതിക്കുന്ന യഹോവയാം ദൈവം അവരെക്കുറിച്ച്‌ ഇങ്ങനെ പ്രവചിക്കാൻ സങ്കീർത്തനക്കാരനെ നിശ്വസ്‌തനാക്കി: “നിന്റെ സേനാദിവസത്തിൽ നിന്റെ ജനം നിനക്കു സ്വമേധാദാനമായിരിക്കുന്നു; വിശുദ്ധ വസ്‌ത്രാലങ്കാരത്തോടുകൂടെ ഉഷസ്സിന്റെ ഉദരത്തിൽനിന്നു യുവാക്കളായ മഞ്ഞു നിനക്കു വരുന്നു.” (സങ്കീ. 110:3) തന്നെ മനസ്സോടെ സേവിക്കുന്ന യുവാക്കളെ യഹോവ അമൂല്യമായി കരുതുന്നു.

2. ഭാവിയെക്കുറിച്ചു ചിന്തിക്കുന്ന യുവാക്കൾക്ക്‌ എന്തു സമ്മർദം നേരിടുന്നു?

2 ക്രിസ്‌തീയ സഭയിലെ ഇളമുറക്കാരായ നിങ്ങൾ ജീവിതം യഹോവയ്‌ക്കു സമർപ്പിച്ചിട്ടുണ്ടോ? സത്യദൈവത്തെ സേവിക്കുന്നതിനോടുള്ള ബന്ധത്തിൽ തീരുമാനമെടുക്കുകയെന്നത്‌ പലർക്കും ബുദ്ധിമുട്ടുള്ള കാര്യമായിരുന്നേക്കാം. വാണിജ്യലോകവും അധ്യാപകരും എന്തിന്‌ ചിലപ്പോഴൊക്കെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഭൗതിക ലാക്കുകൾ വെക്കാൻ യുവാക്കളെ പ്രോത്സാഹിപ്പിക്കുന്നു. ആത്മീയ ലക്ഷ്യങ്ങൾ പിൻപറ്റുന്ന ചെറുപ്പക്കാർ മിക്കപ്പോഴും ലോകത്തിന്റെ പരിഹാസത്തിനു പാത്രമാകുന്നു. എന്നാൽ സത്യദൈവത്തെ സേവിക്കുന്നതാണ്‌ സാധ്യമായതിലേക്കും മികച്ച ജീവിതഗതി എന്നതാണു സത്യം. (സങ്കീ. 27:4) ഇതിനോടുള്ള ബന്ധത്തിൽ മൂന്നു ചോദ്യങ്ങൾ പരിചിന്തിക്കുക: നിങ്ങൾ ദൈവത്തെ സേവിക്കേണ്ടത്‌ എന്തുകൊണ്ട്‌? മറ്റുള്ളവരുടെ നിഷേധാത്മക വാക്കുകളോ പ്രവൃത്തികളോ ഗണ്യമാക്കാതെ ദൈവത്തോടുള്ള സമർപ്പണത്തിൽ അധിഷ്‌ഠിതമായ ജീവിതത്തിൽ വിജയിക്കാൻ നിങ്ങൾക്ക്‌ എങ്ങനെ കഴിയും? വിശിഷ്ടമായ ഏതെല്ലാം സേവനപദവികൾ നിങ്ങൾക്കായി തുറന്നുകിടക്കുന്നു?

ദൈവസേവനം അത്യുത്തമ ജീവിതഗതി

3. യഹോവയുടെ സൃഷ്ടിക്രിയകൾ നമ്മെ എങ്ങനെ സ്വാധീനിക്കണം?

3 നിങ്ങൾ ജീവനുള്ള സത്യദൈവത്തെ സേവിക്കേണ്ടത്‌ എന്തുകൊണ്ടാണ്‌? മുഖ്യ കാരണം എടുത്തുകാട്ടിക്കൊണ്ട്‌ വെളിപ്പാടു 4:11 പറയുന്നു: “കർത്താവേ, നീ സർവ്വവും സൃഷ്ടിച്ചവനും എല്ലാം നിന്റെ ഇഷ്ടം ഹേതുവാൽ ഉണ്ടായതും സൃഷ്ടിക്കപ്പെട്ടതും ആകയാൽ മഹത്വവും ബഹുമാനവും ശക്തിയും കൈക്കൊൾവാൻ യോഗ്യൻ.” അസ്‌തിത്വത്തിലുള്ള സകലത്തിന്റെയും മഹദ്‌സ്രഷ്ടാവാണു യഹോവ. എത്ര സുന്ദരമാണ്‌ നമ്മുടെ ഈ ഭൂമി! ഇതിലുള്ള മരങ്ങളും പൂക്കളും മൃഗങ്ങളും സമുദ്രങ്ങളും പർവതങ്ങളും വെള്ളച്ചാട്ടങ്ങളുമെല്ലാം അവന്റെ കരവേലയാണ്‌. “ഭൂമി നിന്റെ സൃഷ്ടികളാൽ നിറെഞ്ഞിരിക്കുന്നു” എന്നു സങ്കീർത്തനം 104:24 പറയുന്നു. ഭൂമിയുടെ സൗന്ദര്യവും അതിലെ ഐശ്വര്യങ്ങളും ആസ്വദിക്കാൻ പര്യാപ്‌തമായ ശരീരവും മനസ്സും സ്‌നേഹപൂർവം യഹോവ നമുക്കു നൽകിയിരിക്കുന്നതിൽ നാം എത്ര നന്ദിയുള്ളവരാണ്‌! സൃഷ്ടിയിലെ അത്ഭുതങ്ങളോടുള്ള ഹൃദയംഗമമായ വിലമതിപ്പ്‌ അവനെ സേവിക്കാൻ നമ്മെ പ്രചോദിപ്പിക്കേണ്ടതല്ലേ?

4, 5. യഹോവയുടെ ഏതു പ്രവൃത്തികൾ അവനോട്‌ അടുത്തു ചെല്ലാൻ യോശുവയെ പ്രചോദിപ്പിച്ചു?

4 യഹോവയെ സേവിക്കേണ്ടതിന്റെ മറ്റൊരു കാരണം ഇസ്രായേല്യരുടെ നേതാവായിരുന്ന യോശുവയുടെ വാക്കുകളിൽ കാണാം. ജീവിതയാത്രയുടെ അന്ത്യപാദത്തിൽ ദൈവജനത്തോടായി അവൻ പറഞ്ഞു: “നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെക്കുറിച്ചു അരുളിച്ചെയ്‌തിട്ടുള്ള സകലനന്മകളിലുംവെച്ചു ഒന്നിന്നും വീഴ്‌ചവന്നിട്ടില്ലെന്നു നിങ്ങൾക്കു പൂർണ്ണഹൃദയത്തിലും പൂർണ്ണമനസ്സിലും ബോധമായിരിക്കുന്നു; സകലവും നിങ്ങൾക്കു സംഭവിച്ചു.” എന്തുകൊണ്ടാണ്‌ യോശുവയ്‌ക്ക്‌ അങ്ങനെ പറയാനായത്‌?—യോശു. 23:14.

5 ഇസ്രായേല്യർക്കു സ്വന്തമായി ഒരു ദേശം നൽകുമെന്ന യഹോവയുടെ വാഗ്‌ദാനത്തെക്കുറിച്ച്‌ ഈജിപ്‌തിൽ ഒരു കുട്ടിയായിരിക്കെ യോശുവ മനസ്സിലാക്കിയിരുന്നിരിക്കണം. (ഉല്‌പ. 12:7; 50:24, 25; പുറ. 3:8) ഇസ്രായേൽമക്കളെ വിട്ടയയ്‌ക്കാൻ ഫറവോനെ നിർബന്ധിതനാക്കുന്നതിന്‌ ഈജിപ്‌തിന്മേൽ പത്തു ബാധകൾ വരുത്തിക്കൊണ്ട്‌ യഹോവ ആ വാഗ്‌ദാനം നിവർത്തിക്കാൻ തുടങ്ങിയത്‌ അവൻ നിരീക്ഷിച്ചിരുന്നു. ചെങ്കടൽ കുറുകെ കടന്ന്‌ രക്ഷപ്പെട്ടവരുടെ കൂട്ടത്തിൽ അവനുമുണ്ടായിരുന്നു. ഫറവോനെയും സൈന്യത്തെയും കടൽ വിഴുങ്ങുന്നത്‌ അവൻ കണ്ടു. “വലിയതും ഭയങ്കരവുമായ [സീനായ്‌] മരുഭൂമിയിൽ”ക്കൂടെയുള്ള ദീർഘയാത്രയിൽ ഇസ്രായേല്യർക്ക്‌ ആവശ്യമായതെല്ലാം യഹോവ പ്രദാനംചെയ്യുന്നതും അവൻ നേരിൽക്കണ്ടു. വെള്ളമോ ഭക്ഷണമോ ഇല്ലാതെ ആരും മരിച്ചുവീണില്ല. (ആവ. 8:3-5, 14-16; യോശു. 24:5-7) ശക്തരായ കനാന്യ ജനതകളെ കീഴടക്കിക്കൊണ്ട്‌ വാഗ്‌ദത്തദേശം സ്വന്തമാക്കാനുള്ള സമയമായപ്പോൾ സത്യദൈവം സഹായഹസ്‌തം നീട്ടിയതും യോശുവയ്‌ക്ക്‌ അനുഭവവേദ്യമായി.—യോശു. 10:14, 42.

6. ദൈവത്തെ സേവിക്കാനുള്ള വാഞ്‌ഛ വളർത്തിയെടുക്കാൻ നിങ്ങളെ എന്തു സഹായിക്കും?

6 യഹോവ തന്റെ വാഗ്‌ദാനങ്ങളെല്ലാം നിറവേറ്റിയെന്ന്‌ യോശുവയ്‌ക്കു ബോധ്യമായി. അതുകൊണ്ട്‌ “ഞാനും എന്റെ കുടുംബവുമോ, ഞങ്ങൾ യഹോവയെ സേവിക്കും” എന്ന്‌ അവൻ ഉദ്‌ഘോഷിച്ചു. (യോശു. 24:15) സമാനമായി, ഇന്നോളം നിവൃത്തിയേറിയിട്ടുള്ളതും ഇനിയും നിവൃത്തിയേറാനുള്ളതുമായ ദിവ്യവാഗ്‌ദാനങ്ങളെക്കുറിച്ചു ചിന്തിക്കുമ്പോൾ യോശുവയെപ്പോലെ ദൈവത്തെ സേവിക്കാൻ നിങ്ങൾ പ്രചോദിതരാകുന്നില്ലേ?

7. സ്‌നാനം ഒരു നിർണായക നടപടിയായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

7 യഹോവയുടെ സൃഷ്ടിക്രിയകളെ നിരീക്ഷിക്കുകയും അങ്ങേയറ്റം ആശ്രയയോഗ്യവും അതിശയകരവുമായ അവന്റെ വാഗ്‌ദാനങ്ങളെക്കുറിച്ചു ധ്യാനിക്കുകയും ചെയ്യുമ്പോൾ ജീവിതം അവനു സമർപ്പിക്കാനും അതിന്റെ അടയാളമായി സ്‌നാനമേൽക്കാനും നിങ്ങൾ പ്രേരിതരാകും. ദൈവത്തെ സേവിക്കാൻ ആഗ്രഹിക്കുന്നവർ സ്വീകരിക്കേണ്ട ഒരു നിർണായക നടപടിയാണ്‌ ക്രിസ്‌തീയസ്‌നാനം. യേശു ഇക്കാര്യത്തിൽ നമുക്കു മാതൃകയാണ്‌. മിശിഹാ എന്നനിലയിൽ പ്രവർത്തിക്കാൻ തുടങ്ങുന്നതിനു തൊട്ടുമുമ്പ്‌ അവൻ സ്‌നാപകയോഹന്നാനാൽ സ്‌നാനമേറ്റു. എന്തുകൊണ്ട്‌? “ഞാൻ എന്റെ ഇഷ്ടമല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‌വാൻ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്നിരിക്കുന്നത്‌” എന്ന്‌ പിന്നീടൊരിക്കൽ അവൻ പറഞ്ഞു. (യോഹ. 6:38) പിതാവിന്റെ ഇഷ്ടം ചെയ്യാനായി തന്നെത്തന്നെ സമർപ്പിച്ചതിന്റെ അടയാളമായിരുന്നു അവന്റെ സ്‌നാനം.—മത്താ. 3:13-17.

8. തിമൊഥെയൊസ്‌ ദൈവത്തെ ആരാധിക്കാൻ തീരുമാനിച്ചത്‌ എന്തുകൊണ്ട്‌, നിങ്ങൾ എന്തു ചെയ്യേണ്ടതുണ്ടായിരിക്കാം?

8 യഹോവ പല നിയമനങ്ങളും ഭരമേൽപ്പിച്ച യുവക്രിസ്‌ത്യാനിയായ തിമൊഥെയൊസിന്റെ കാര്യം ഓർക്കുക. സത്യദൈവത്തെ ആരാധിക്കാൻ അവൻ തീരുമാനിച്ചത്‌ എന്തുകൊണ്ടായിരുന്നു? കാര്യങ്ങളെല്ലാം അവൻ “പഠിച്ചും നിശ്ചയം പ്രാപിച്ചും”പോന്നുവെന്ന്‌ ബൈബിൾ പറയുന്നു. (2 തിമൊ. 3:15) ദൈവവചനം പഠിച്ച്‌ അതിലെ ഉപദേശങ്ങളെല്ലാം സത്യമാണെന്നു ബോധ്യമായിട്ടുള്ള ഒരു വ്യക്തിയാണു നിങ്ങളെങ്കിൽ തിമൊഥെയൊസിന്റെ സാഹചര്യത്തിലാണു നിങ്ങളും. ഒരു തീരുമാനമെടുക്കേണ്ട സമയമാണിത്‌. നിങ്ങളുടെ ആഗ്രഹം മാതാപിതാക്കളോടു പറയരുതോ? അവരും ഒപ്പം സഭാമൂപ്പന്മാരും സ്‌നാനത്തിനുള്ള നിബന്ധനകൾ മനസ്സിലാക്കാൻ നിങ്ങളെ സഹായിക്കും.—പ്രവൃത്തികൾ 8:12 വായിക്കുക.

9. നിങ്ങൾ സ്‌നാനമേൽക്കുമ്പോൾ അതു മറ്റു പലരെയും എങ്ങനെ ബാധിച്ചേക്കാം?

9 സ്‌നാനമേൽക്കുന്നതോടെ നിങ്ങളുടെ ദൈവസേവനത്തിന്‌ മികച്ച ഒരു തുടക്കം ലഭിക്കുന്നു. ദൈവേഷ്ടം ചെയ്യുന്നതിലുള്ള സന്തോഷവും നിത്യജീവനും സമ്മാനമായി ലഭിക്കുന്ന ഒരു ദീർഘദൂര ഓട്ടത്തിൽ പ്രവേശിക്കുകയാണു നിങ്ങളപ്പോൾ. (എബ്രാ. 12:2, 3) ഇപ്പോൾത്തന്നെ ആ ഓട്ടക്കളത്തിലുള്ള കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും അതു സന്തോഷത്തിനു വകനൽകുന്നു. സർവോപരി അത്‌ യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കും. (സദൃശവാക്യങ്ങൾ 23:15 വായിക്കുക.) നിങ്ങൾ യഹോവയെ ആരാധിക്കാൻ തീരുമാനിച്ചത്‌ എന്തുകൊണ്ടാണെന്നു മറ്റുള്ളവർക്കു മനസ്സിലായെന്നുവരില്ല; അവർ ആ തീരുമാനത്തെ ചോദ്യംചെയ്‌തേക്കാം, ചിലപ്പോൾ എതിർത്തെന്നുംവരാം. എന്നാൽ അത്തരം വെല്ലുവിളികളെല്ലാം വിജയകരമായി തരണംചെയ്യാൻ നിങ്ങൾക്കാകും.

മറ്റുള്ളവർ ചോദ്യംചെയ്യുകയോ എതിർക്കുകയോ ചെയ്യുമ്പോൾ

10, 11. (എ) നിങ്ങളുടെ തീരുമാനത്തെക്കുറിച്ച്‌ മറ്റുള്ളവർ എന്തു ചോദിച്ചേക്കാം? (ബി) സത്യാരാധനയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക്‌ യേശു മറുപടി നൽകിയ വിധത്തിൽനിന്ന്‌ എന്തു പഠിക്കാനാകും?

10 നിങ്ങളുടെ നിലപാട്‌ സഹപാഠികളെയും അയൽക്കാരെയും ബന്ധുക്കളെയും അതിശയിപ്പിച്ചേക്കാം. നിങ്ങൾ ഇങ്ങനെയൊരു ജീവിതഗതി തിരഞ്ഞെടുത്തത്‌ എന്തുകൊണ്ടാണെന്നും നിങ്ങളുടെ വിശ്വാസങ്ങൾ എന്താണെന്നും അവർ ചോദിച്ചേക്കാം. നിങ്ങൾ എങ്ങനെ പ്രതികരിക്കണം? ഒരു വിശദീകരണം നൽകാൻ നിങ്ങൾ നിങ്ങളുടെ വികാരവിചാരങ്ങൾ വിശകലനം ചെയ്യേണ്ടതുണ്ട്‌. ഇത്തരുണത്തിൽ ഏറ്റവും നല്ല മാതൃക യേശുവിന്റേതാണ്‌.

11 യഹൂദ മതനേതാക്കന്മാർ പുനരുത്ഥാനത്തെക്കുറിച്ചു ചോദ്യമുന്നയിച്ചപ്പോൾ അവർ കണക്കിലെടുക്കാതിരുന്ന ഒരു തിരുവെഴുത്തിലേക്ക്‌ യേശു അവരുടെ ശ്രദ്ധക്ഷണിച്ചു. (പുറ. 3:6; മത്താ. 22:23, 31-33) ഏതാണ്‌ ഏറ്റവും മുഖ്യകൽപ്പനയെന്ന ഒരു ശാസ്‌ത്രിയുടെ ചോദ്യത്തിന്‌ ഉചിതമായ തിരുവെഴുത്തുകൾ ഉദ്ധരിച്ച്‌ അവൻ മറുപടി നൽകിയപ്പോൾ ആ മനുഷ്യൻ അതു വിലമതിച്ചു. (ലേവ്യ. 19:18; ആവ. 6:5; മർക്കൊ. 12:28-34) തിരുവെഴുത്തുകൾ ഉപയോഗിച്ചുള്ള യേശുവിന്റെ സംവാദം നിമിത്തം “പുരുഷാരത്തിൽ അവനെച്ചൊല്ലി ഭിന്നത ഉണ്ടായി.” അതിനാൽ ശത്രുക്കൾക്ക്‌ അവനെ ഒന്നും ചെയ്യാനായില്ല. (യോഹ. 7:32-46) നിങ്ങളും വിശ്വാസത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്കു ബൈബിൾ ഉപയോഗിച്ച്‌ “ശാന്തതയോടും ബഹുമാനത്തോടുംകൂടെ” മറുപടി നൽകുക. (1 പത്രൊ. 3:15, പി.ഒ.സി. ബൈബിൾ) ഉത്തരം അറിയില്ലെങ്കിൽ അറിയില്ലെന്നും വിവരങ്ങൾ കണ്ടുപിടിച്ചുകൊണ്ടു വരാമെന്നും പറയുക. തുടർന്ന്‌ വാച്ച്‌ടവർ പ്രസിദ്ധീകരണ സൂചികയോ സിഡി-റോമിലുള്ള വാച്ച്‌ടവർ ലൈബ്രറിയോ ഉപയോഗിച്ച്‌ ഗവേഷണം നടത്തുക. നന്നായി തയ്യാറാകുന്നെങ്കിൽ “എങ്ങനെ ഉത്തരം പറയേണം” എന്നു തീരുമാനിക്കാൻ നിങ്ങൾക്കാകും.—കൊലൊ. 4:6.

12. പീഡനം ഉണ്ടാകുമ്പോൾ നിരുത്സാഹിതരാകരുതാത്തത്‌ എന്തുകൊണ്ട്‌?

12 നിങ്ങളുടെ നിലപാടും വിശ്വാസങ്ങളും സംബന്ധിച്ചുള്ള ചോദ്യങ്ങൾകൊണ്ട്‌ കാര്യങ്ങൾ അവസാനിച്ചെന്നുവരില്ല. ദൈവത്തിന്റെ ശത്രുവും പിശാചുമായ സാത്താന്റെ കീഴിലാണ്‌ ഈ ലോകം എന്നോർക്കുക. (1 യോഹന്നാൻ 5:19 വായിക്കുക.) എല്ലാവരും നിങ്ങളെ അഭിനന്ദിക്കുമെന്നോ അംഗീകരിക്കുമെന്നോ പ്രതീക്ഷിക്കാനാവില്ല, ചിലപ്പോഴൊക്കെ എതിർപ്പുകളും നേരിട്ടേക്കാം. ചിലർ സദാ നിങ്ങളെക്കുറിച്ചു ‘ദുഷിച്ചു’ സംസാരിച്ചേക്കാം. (1 പത്രൊ. 4:4) എന്നാൽ ഇതു നിങ്ങൾക്കുമാത്രമുള്ള പ്രശ്‌നമല്ലെന്ന്‌ ഓർക്കുക. യേശുക്രിസ്‌തുവിനുപോലും പീഡനം നേരിട്ടു. സമാനമായ അനുഭവങ്ങളിലൂടെ കടന്നുപോയ പത്രൊസ്‌ ഇങ്ങനെ എഴുതി: “പ്രിയമുള്ളവരേ, നിങ്ങൾക്കു പരീക്ഷെക്കായി സംഭവിച്ചിരിക്കുന്ന അഗ്നിശോധനയിങ്കൽ ഒരു അപൂർവ്വകാര്യം നിങ്ങൾക്കു വന്നുകൂടി എന്നുവെച്ചു അതിശയിച്ചുപോകരുതു. ക്രിസ്‌തുവിന്റെ കഷ്ടങ്ങൾക്കു പങ്കുള്ളവരാകുന്തോറും സന്തോഷിച്ചുകൊൾവിൻ.”—1 പത്രൊ. 4:12, 13.

13. പീഡിപ്പിക്കപ്പെടുമ്പോൾ ക്രിസ്‌ത്യാനികൾക്കു സന്തോഷിക്കാനാകുന്നത്‌ എന്തുകൊണ്ട്‌?

13 ക്രിസ്‌ത്യാനിയെന്ന നിലയിൽ പീഡനവും എതിർപ്പും സഹിച്ചുനിൽക്കുന്നത്‌ സന്തോഷത്തിനുള്ള കാരണമാണ്‌. എന്തുകൊണ്ടെന്നാൽ ലോകം നിങ്ങളെ അംഗീകരിക്കുന്നെങ്കിൽ അതിനർഥം നിങ്ങൾ ദൈവത്തിന്റെയല്ല പിന്നെയോ സാത്താന്റെ നിലവാരങ്ങൾക്കു ചേർച്ചയിൽ ജീവിക്കുന്നുവെന്നാണ്‌. യേശു ഈ മുന്നറിയിപ്പു നൽകി: “സകല മനുഷ്യരും നിങ്ങളെ പുകഴ്‌ത്തിപ്പറയുമ്പോൾ നിങ്ങൾക്കു അയ്യോ കഷ്ടം; അവരുടെ പിതാക്കന്മാർ കള്ളപ്രവാചകന്മാരെ അങ്ങനെ ചെയ്‌തുവല്ലോ.” (ലൂക്കൊ. 6:26) നിങ്ങൾ യഹോവയെ സേവിക്കുന്നവരായതിനാൽ സാത്താനും ലോകവും നിങ്ങളെ പകയ്‌ക്കുന്നുവെന്നാണ്‌ പീഡനം സൂചിപ്പിക്കുന്നത്‌. (മത്തായി 5:11, 12 വായിക്കുക.) വാസ്‌തവത്തിൽ, “ക്രിസ്‌തുവിന്റെ നാമം ഹേതുവായി നിന്ദ സഹിക്കേണ്ടി”വരുന്നത്‌ സന്തോഷിക്കാനുള്ള ഒരു കാരണമാണ്‌.—1 പത്രൊ. 4:14.

14. പീഡനത്തിന്മധ്യേയും യഹോവയോടു വിശ്വസ്‌തരായി നിലകൊള്ളുന്നതുകൊണ്ട്‌ എന്തെല്ലാം പ്രയോജനങ്ങളുണ്ട്‌?

14 പീഡനത്തിന്മധ്യേയും യഹോവയോടു വിശ്വസ്‌തരായി നിലകൊള്ളുന്നതുകൊണ്ട്‌ കുറഞ്ഞപക്ഷം നാലു പ്രയോജനങ്ങളുണ്ട്‌. അതിലൂടെ നിങ്ങൾ ദൈവത്തിനും അവന്റെ പുത്രനും സാക്ഷ്യംവഹിക്കുകയാണ്‌. നിങ്ങൾ സവിശ്വസ്‌തം സഹിച്ചുനിൽക്കുമ്പോൾ മറ്റു സഹോദരങ്ങൾ പ്രോത്സാഹിതരാകുന്നു. സാക്ഷികളല്ലാത്ത ചിലർ യഹോവയെക്കുറിച്ചു പഠിക്കാൻ പ്രേരിതരായേക്കാം. (ഫിലിപ്പിയർ 1:12-14 വായിക്കുക.) പരിശോധനകൾ സഹിക്കാൻ യഹോവ നിങ്ങളെ ശക്തിപ്പെടുത്തുന്നതായി തിരിച്ചറിയുമ്പോൾ അവനോടുള്ള നിങ്ങളുടെ സ്‌നേഹം ശക്തിപ്രാപിക്കും.

‘വലിയോരു വാതിൽ’ നിങ്ങൾക്കായി തുറന്നിരിക്കുന്നു

15. പൗലൊസിനായി തുറക്കപ്പെട്ട ‘വലിയ വാതിൽ’ എന്തായിരുന്നു?

15 എഫെസൊസിലെ തന്റെ ശുശ്രൂഷയെക്കുറിച്ച്‌ പൗലൊസ്‌ അപ്പൊസ്‌തലൻ ഇങ്ങനെ എഴുതി: “എനിക്കു വലിയതും സഫലവുമായോരു വാതിൽ തുറന്നിരിക്കുന്നു.” (1 കൊരി. 16:8, 9) ആ നഗരത്തിലുള്ളവരോടു സുവാർത്ത ഘോഷിക്കാനും അവരെ ശിഷ്യരാക്കാനുമുള്ള വലിയ പ്രവർത്തനത്തിന്റെ വാതിലായിരുന്നു അത്‌. ആ വാതിലിലൂടെ പ്രവേശിച്ചുകൊണ്ട്‌ യഹോവയെക്കുറിച്ചു പഠിക്കാനും അവനെ ആരാധിക്കാനും പൗലൊസ്‌ അനേകരെ സഹായിച്ചു.

16. അഭിഷിക്ത ശേഷിപ്പ്‌ 1919-ൽ തുറന്നു കിട്ടിയ ‘വാതിലിലൂടെ’ പ്രവേശിച്ചത്‌ എങ്ങനെ?

16 മഹത്ത്വീകരിക്കപ്പെട്ട യേശുക്രിസ്‌തു 1919-ൽ അഭിഷിക്ത ശേഷിപ്പിന്‌ “ഒരു വാതിൽ തുറന്നു”കൊടുത്തു. (വെളി. 3:8) ആ വാതിലിലൂടെ പ്രവേശിച്ച അവർ മുമ്പെന്നത്തേതിലും തീക്ഷ്‌ണതയോടെ സുവാർത്ത ഘോഷിക്കാനും ബൈബിൾസത്യം പഠിപ്പിക്കാനും തുടങ്ങി. അതിന്റെ ഫലമോ? സുവാർത്ത ഇന്നു ഭൂമിയുടെ അറ്റങ്ങളോളം എത്തിയിരിക്കുന്നു. ദൈവത്തിന്റെ പുതിയലോകത്തിലെ ശാശ്വത ജീവിതത്തിനായി കാത്തിരിക്കുന്ന 70 ലക്ഷത്തോളം ആളുകളും ഇന്നുണ്ട്‌.

17. “വലിയതും സഫലവുമായോരു” വാതിലിലൂടെ പ്രവേശിക്കുന്നതിൽ എന്തുൾപ്പെടുന്നു?

17 “വലിയതും സഫലവുമായോരു വാതിൽ” ഇന്നും യഹോവയുടെ എല്ലാ ദാസന്മാർക്കുമായി തുറന്നുകിടക്കുകയാണ്‌. ഈ വാതിലിലൂടെ പ്രവേശിച്ചുകൊണ്ട്‌ സുവാർത്താഘോഷണത്തിൽ പൂർവാധികം ഏർപ്പെടുന്നവർ വലിയ സന്തോഷവും സംതൃപ്‌തിയും ആസ്വദിക്കുന്നു. ‘സുവിശേഷത്തിൽ വിശ്വസിക്കാൻ’ മറ്റുള്ളവരെ സഹായിക്കുകയെന്ന അനുപമമായ പദവിയെ യഹോവയുടെ യുവസാക്ഷികളായ നിങ്ങൾ അമൂല്യമായി കരുതുന്നില്ലേ? (മർക്കൊ. 1:14, 15) സാധാരണ പയനിയറോ സഹായ പയനിയറോ ആയി സേവിക്കുന്നതിനെക്കുറിച്ചു നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? രാജ്യഹാൾ നിർമാണം, ബെഥേൽ സേവനം, മിഷനറി വേല എന്നിങ്ങനെയുള്ള പല അവസരങ്ങളും നിങ്ങൾക്കു മുന്നിലുണ്ട്‌. സാത്താന്റെ ദുഷ്ടലോകത്തിനുള്ള സമയം തീർന്നുകൊണ്ടിരിക്കുന്നതിനാൽ രാജ്യസേവനത്തിന്റെ ഈ വശങ്ങളിൽ പങ്കെടുക്കേണ്ടത്‌ പൂർവോപരി അടിയന്തിരമാണിന്ന്‌. വൈകുംമുമ്പേ നിങ്ങൾ ആ ‘വലിയ വാതിലിലൂടെ’ പ്രവേശിക്കുമോ?

“യഹോവ നല്ലവൻ എന്നു രുചിച്ചറിവിൻ”

18, 19. യഹോവയെ സേവിക്കാൻ ദാവീദിനെ പ്രചോദിപ്പിച്ചതെന്ത്‌? (ബി) ദൈവസേവനത്തെപ്രതി ദാവീദ്‌ ഒരിക്കലും ഖേദിച്ചില്ലെന്ന്‌ എന്തു പ്രകടമാക്കുന്നു?

18 സങ്കീർത്തനക്കാരൻ ഇങ്ങനെ ഉദ്‌ബോധിപ്പിച്ചു: “യഹോവ നല്ലവൻ എന്നു രുചിച്ചറിവിൻ.” (സങ്കീ. 34:8) പുരാതന ഇസ്രായേലിലെ ദാവീദ്‌ രാജാവ്‌ ഒരു ഇടയബാലനായിരുന്നപ്പോൾ യഹോവ അവനെ വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽനിന്നു രക്ഷിച്ചു. ഗൊല്യാത്തുമായുള്ള പോരാട്ടത്തിലും മറ്റനവധി വിപത്തുകളിലും ദൈവം അവനെ സംരക്ഷിച്ചു. (1 ശമൂ. 17:32-51; സങ്കീ. 18-ന്റെ മേലെഴുത്ത്‌) “എന്റെ ദൈവമായ യഹോവേ, നീ ചെയ്‌ത അത്ഭുതപ്രവൃത്തികളും ഞങ്ങൾക്കു വേണ്ടിയുള്ള നിന്റെ വിചാരങ്ങളും വളരെയാകുന്നു; നിന്നോടു സദൃശൻ ആരുമില്ല” എന്നെഴുതാൻ ദൈവത്തിന്റെ വലിയ സ്‌നേഹദയ അവനെ പ്രേരിപ്പിച്ചു.—സങ്കീ. 40:5.

19 യഹോവയോടുള്ള സ്‌നേഹം അത്രമേൽ ആഴമുള്ളതായിത്തീർന്നതിനാൽ പൂർണഹൃദയത്തോടും മനസ്സോടും കൂടെ അവനെ സ്‌തുതിക്കാൻ ദാവീദ്‌ ആഗ്രഹിച്ചു. (സങ്കീർത്തനം 40:8-10 വായിക്കുക.) ആയുഷ്‌കാലം മുഴുവൻ സത്യദൈവത്തിന്റെ ആരാധനയ്‌ക്കായി ചെലവഴിച്ചതിനെപ്രതി ഒരിക്കലും അവൻ ഖേദിച്ചില്ല. ദൈവഭക്തിയിൽ അധിഷ്‌ഠിതമായ ജീവിതം അവന്‌ എല്ലാമെല്ലാമായിരുന്നു; അതുല്യമായ സന്തോഷത്തിന്റെ ഉറവായിരുന്നു അതവന്‌. വാർധക്യത്തിൽ അവൻ പറഞ്ഞു: “യഹോവയായ കർത്താവേ, നീ എന്റെ പ്രത്യാശയാകുന്നു; ബാല്യംമുതൽ നീ എന്റെ ആശ്രയം തന്നേ. ദൈവമേ, . . . വാർദ്ധക്യവും നരയും ഉള്ള കാലത്തും എന്നെ ഉപേക്ഷിക്കരുതേ.” (സങ്കീ. 71:5, 18) ആരോഗ്യം ക്ഷയിച്ചുകൊണ്ടിരുന്നെങ്കിലും യഹോവയിലുള്ള ദാവീദിന്റെ ആശ്രയവും അവനുമായുള്ള അവന്റെ സൗഹൃദവും ശക്തിപ്രാപിക്കുകയായിരുന്നു.

20. ജീവിതം വിനിയോഗിക്കാനാകുന്ന അത്യുത്തമ മാർഗം ദൈവസേവനമാണെന്നു പറയാനാകുന്നത്‌ എന്തുകൊണ്ട്‌?

20 യഹോവയെ സേവിക്കുകയെന്നതാണ്‌ ജീവിതം വിനിയോഗിക്കാനാകുന്ന അത്യുത്തമ മാർഗം എന്നതിനു യോശുവയുടെയും ദാവീദിന്റെയും തിമൊഥെയൊസിന്റെയും ജീവിതം കൂടുതലായ തെളിവുനൽകുന്നു. “പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടുംകൂടെ” യഹോവയെ സേവിക്കുന്നതിന്റെ ദീർഘകാല പ്രയോജനങ്ങളോടുള്ള താരതമ്യത്തിൽ ഈ ലോകത്തിലെ ഏതൊരു ജീവിതവൃത്തിയും അതു കൈവരുത്തുന്ന നേട്ടങ്ങളും ഏതുമല്ല. (യോശു. 22:5) പ്രാർഥനയിൽ നിങ്ങൾ ജീവിതം യഹോവയ്‌ക്കു സമർപ്പിച്ചിട്ടില്ലെങ്കിൽ ‘യഹോവയുടെ സാക്ഷികളിൽ ഒരാളായിത്തീരുന്നതിൽനിന്ന്‌ എന്നെ തടയുന്നത്‌ എന്താണ്‌?’ എന്നു നിങ്ങളോടുതന്നെ ചോദിക്കുക. സ്‌നാനമേറ്റ ഒരു ദൈവദാസനാണു നിങ്ങളെങ്കിൽ ജീവിതത്തിന്റെ സന്തോഷം വർധിപ്പിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ ശുശ്രൂഷയിൽ കൂടുതലായി ഏർപ്പെട്ടുകൊണ്ട്‌ ആത്മീയപുരോഗതി വരുത്തുന്നതിൽ തുടരുക. പൗലൊസിന്റെ മാതൃക അനുകരിച്ചുകൊണ്ട്‌ ആത്മീയമായി എങ്ങനെ പുരോഗമിക്കാമെന്ന്‌ അടുത്ത ലേഖനം കാണിച്ചുതരുന്നു.

ഉത്തരം പറയാമോ?

• ദൈവത്തെ സേവിക്കേണ്ടതിന്റെ രണ്ടു കാരണങ്ങൾ ഏവ?

• ദൈവത്തെ സേവിക്കാൻ തീരുമാനിക്കുന്നതിനു തിമൊഥെയൊസിനെ എന്തു സഹായിച്ചു?

• പീഡനത്തിന്മധ്യേ ഉറച്ചുനിൽക്കേണ്ടത്‌ എന്തുകൊണ്ട്‌?

• നിങ്ങൾക്ക്‌ ഏതെല്ലാം സേവനപദവികൾ തുറന്നുകിട്ടിയേക്കാം?

[അധ്യയന ചോദ്യങ്ങൾ]

[18-ാം പേജിലെ ചിത്രം]

യഹോവയെ സേവിക്കുന്നതാണ്‌ ഏറ്റവും നല്ല ജീവിതഗതി

[19-ാം പേജിലെ ചിത്രം]

വിശ്വാസം സംബന്ധിച്ച ചോദ്യങ്ങൾക്ക്‌ ഉത്തരം നൽകാൻ നിങ്ങൾക്കാകുമോ?