വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

തീനരകമാണോ യേശു ഉദ്ദേശിച്ചത്‌?

തീനരകമാണോ യേശു ഉദ്ദേശിച്ചത്‌?

തീനരകമാണോ യേശു ഉദ്ദേശിച്ചത്‌?

അഗ്നിനരകത്തിൽ വിശ്വസിക്കുന്ന ചിലർ, അതിന്‌ തെളിവായി കാണിക്കുന്നത്‌ മർക്കൊസ്‌ 9:48, 49-ലെ (അല്ലെങ്കിൽ 44, 46-ലെ) യേശുവിന്റെ പ്രസ്‌താവനയാണ്‌. ചാകാത്ത പുഴുക്കളെയും കെടാത്ത തീയെയും കുറിച്ച്‌ യേശു അവിടെ പറയുകയുണ്ടായി. ആരെങ്കിലും ഈ വാക്യത്തെക്കുറിച്ച്‌ ചോദിച്ചാൽ നിങ്ങൾ എന്തു പറയും?

ചിലർ 44, 46 വാക്യങ്ങളോ 48-ാം വാക്യമോ നമ്മെ വായിച്ചുകേൾപ്പിച്ചേക്കാം. കാരണം, ചില ബൈബിളുകളിൽ ഈ വാക്യങ്ങൾ ഒരുപോലെയാണ്‌. * പുതിയലോക ഭാഷാന്തരം (ഇംഗ്ലീഷ്‌) അത്‌ ഇങ്ങനെ പരിഭാഷപ്പെടുത്തുന്നു: “നിന്റെ കണ്ണു നിനക്ക്‌ ഇടർച്ച വരുത്തുന്നെങ്കിൽ അതു ചൂഴ്‌ന്നുകളയുക. ഒരു കണ്ണ്‌ ഉള്ളവനായി ദൈവരാജ്യത്തിൽ കടക്കുന്നതാണ്‌ രണ്ടു കണ്ണും ഉള്ളവനായി ഗിഹെന്നയിൽ എറിയപ്പെടുന്നതിനെക്കാൾ നിനക്കു നല്ലത്‌. അവിടെ പുഴുക്കൾ ചാകുന്നില്ല; തീ കെടുന്നതുമില്ല.”—മർക്കൊ. 9:47, 48.

എന്നിരുന്നാലും, യേശുവിന്റെ പ്രസ്‌താവന, മരണാനന്തരം ദുഷ്ടന്മാരുടെ ആത്മാക്കൾ നരകാഗ്നിയിൽ നിത്യം ദണ്ഡിപ്പിക്കപ്പെടുമെന്ന ആശയത്തെ പിന്താങ്ങുന്നു എന്നുതന്നെയാണ്‌ ചിലരുടെ പക്ഷം. നവാർ യൂണിവേഴ്‌സിറ്റി പ്രസിദ്ധീകരിച്ച സഗ്രഡാ ബിബ്ലിയ എന്ന സ്‌പാനീഷ്‌ ഗ്രന്ഥത്തിലെ ഒരു ഭാഗംതന്നെ ഉദാഹരണം: “നരകത്തിലെ ദണ്ഡനങ്ങളെ കുറിക്കാനാണ്‌ നമ്മുടെ കർത്താവ്‌ [ഈ വാക്കുകൾ] ഉപയോഗിക്കുന്നത്‌. ‘ചാകാത്ത പുഴുക്കൾ’ എന്നത്‌ നരകവാസികളുടെ തീരാവ്യഥയായാണ്‌ വ്യാഖ്യാനിക്കപ്പെടുന്നത്‌; ‘കെടുത്താനാവാത്ത തീ,’ ശിക്ഷയായി അനുഭവിക്കേണ്ടിവരുന്ന കഠോര യാതനകളും.”

എന്നാൽ, യെശയ്യാ പുസ്‌തകത്തിന്റെ അവസാന വാക്യവുമായി യേശുവിന്റെ വാക്കുകളെ ഒന്നു തട്ടിച്ചുനോക്കുക. * യേശു യെശയ്യാവ്‌ 66-ാം അധ്യായത്തിലെ വാക്യം പരാമർശിക്കുകയായിരുന്നുവെന്ന്‌ വ്യക്തമല്ലേ? “യെരൂശലേം നഗരത്തിനു പുറത്തുള്ള, ഒരിക്കൽ നരബലികൾ നടന്നിരുന്നതും (യിരെ 7:31) പിൽക്കാലത്ത്‌ നഗരത്തിലെ മാലിന്യങ്ങൾ കൊണ്ടുവന്നു തള്ളിയിരുന്നതുമായ, ഹിന്നോംതാഴ്‌വരയിലേക്കു (ഗിഹെന്ന)” ചെല്ലുന്നതിനെക്കുറിച്ചാണ്‌ പ്രവാചകൻ അവിടെ പരാമർശിക്കുന്നതെന്നു വ്യക്തം. (ദി ജെറോം ബിബ്ലിക്കൽ കമന്ററി) യെശയ്യാവു 66:24-ലെ വർണന മനുഷ്യർ ദണ്ഡിപ്പിക്കപ്പെടുന്നതിനെക്കുറിച്ചല്ല, ശവങ്ങളെക്കുറിച്ചാണ്‌ പറയുന്നത്‌. ചാകാത്തതായി അവിടെ പറയുന്നത്‌ പുഴുക്കളാണ്‌—ജീവനുള്ള മനുഷ്യരോ അമർത്യാത്മാക്കളോ അല്ല. അങ്ങനെയെങ്കിൽ യേശു പറഞ്ഞതിന്റെ അർഥമെന്താണ്‌?

ഒരു കത്തോലിക്കാ കൃതിയായ എൽ ഇവാൻജലിയോ ഡി മാർകോസ്‌, അനാലിസിസ്‌ ലിങ്‌ഗ്വിസ്റ്റികോ ഇ കൊമെന്റാറിയോ എക്‌സെഹെറ്റികോ, വാല്യം II മർക്കൊസ്‌ 9:48, 49-നെക്കുറിച്ച്‌ പറയുന്നത്‌ ഇങ്ങനെ: “[ഈ] പ്രസ്‌താവനയ്‌ക്ക്‌ ആധാരം യെശയ്യാവ്‌ (66,24) ആണ്‌. പൊതുവേ ശവശരീരങ്ങൾ നശിപ്പിച്ചിരുന്ന രണ്ടു വിധങ്ങളെക്കുറിച്ചാണ്‌ പ്രവാചകൻ അവിടെ പറയുന്നത്‌: അഴുകിത്തീരാൻ അനുവദിക്കുക, ദഹിപ്പിക്കുക . . . ഇവിടെ പുഴുക്കളെയും തീയെയും കുറിച്ച്‌ പറഞ്ഞിരിക്കുന്നതുകൊണ്ട്‌ അത്‌ നാശത്തെത്തന്നെയാണ്‌ അർഥമാക്കുന്നത്‌. . . . രണ്ടു നാശകാരികൾക്കും നാശമില്ലാത്തതായാണ്‌ (കെടുന്നില്ല, ചാകുന്നില്ല) ഇവിടെ വർണിച്ചിരിക്കുന്നത്‌: അവയുടെ പിടിയിൽനിന്ന്‌ മോചനം സാധ്യമല്ല. അതിജീവിക്കുന്നതായി പറഞ്ഞിരിക്കുന്നത്‌—മനുഷ്യനല്ല—പുഴുവും തീയും മാത്രമാണ്‌, ഇവ രണ്ടും തങ്ങളുടെ കയ്യിൽക്കിട്ടുന്നതെന്തും പൂർണമായും നശിപ്പിച്ചുകളയും. അതുകൊണ്ട്‌, ഇത്‌ നിത്യദണ്ഡനത്തെയല്ല, പുനരുത്ഥാനത്തിന്‌ ഇടനൽകാത്ത നിത്യമരണത്തെ, അതായത്‌ സമ്പൂർണനാശത്തെ ആണ്‌ അർഥമാക്കുന്നത്‌. അതിനാൽ [തീ] സമൂലനാശത്തെ കുറിക്കുന്നു.”

സത്യദൈവത്തിന്റെ സ്‌നേഹവും നീതിയും അറിയാവുന്ന ഏതൊരു വ്യക്തിയും യേശുവിന്റെ പ്രസ്‌താവനയെ ഈ വിധത്തിൽ മനസ്സിലാക്കുന്നത്‌ എത്ര ന്യായയുക്തമാണെന്ന്‌ തിരിച്ചറിയും. ദുഷ്ടന്മാർ നിത്യദണ്ഡനം അനുഭവിക്കും എന്നല്ല, പുനരുത്ഥാനത്തിന്റെ യാതൊരു പ്രത്യാശയുമില്ലാത്തവിധം അവർ സമ്പൂർണമായി നശിപ്പിക്കപ്പെട്ടേക്കാം എന്നാണ്‌ യേശു അർഥമാക്കിയത്‌.

[അടിക്കുറിപ്പുകൾ]

^ ഖ. 3 ഏറ്റവും ആശ്രയയോഗ്യമായ കയ്യെഴുത്തുപ്രതികളിൽ 44-ഉം 46-ഉം വാക്യങ്ങൾ ഇല്ല. അവ പിൽക്കാലത്ത്‌ കൂട്ടിച്ചേർത്തതാകാം എന്നാണ്‌ പണ്ഡിതന്മാരുടെ അഭിപ്രായം. പ്രൊഫസർ ആർചിബോൾഡ്‌ റ്റി. റോബർട്ട്‌സൺ എഴുതുന്നു: “പഴക്കമേറിയതും ആശ്രയയോഗ്യവുമായ കയ്യെഴുത്തുപ്രതികളിൽ ഈ രണ്ടു വാക്യങ്ങളില്ല. വെസ്റ്റേൺ, സിറിയൻ (ബൈസാന്റൈൻ) വിഭാഗങ്ങളിൽപ്പെട്ട കയ്യെഴുത്തുപ്രതികളിൽനിന്നാണ്‌ അത്‌ കടന്നുകൂടിയത്‌. 48-ാം വാക്യത്തിന്റെ വെറും ആവർത്തനമാണ്‌ അവ. അതുകൊണ്ട്‌ ആധികാരികമല്ലാത്ത 44-ഉം 46-ഉം വാക്യങ്ങൾ ഞങ്ങൾ [ഒഴിവാക്കുകയാണ്‌].”

^ ഖ. 5 “അവർ പുറപ്പെട്ടുചെന്നു, എന്നോടു അതിക്രമം ചെയ്‌ത മനുഷ്യരുടെ ശവങ്ങളെ നോക്കും; അവരുടെ പുഴു ചാകയില്ല; അവരുടെ തീ കെട്ടുപോകയില്ല; അവർ സകലജഡത്തിന്നും അറെപ്പായിരിക്കും.”—യെശ. 66:24.