വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നാം പിന്തുടരേണ്ട ഗുണങ്ങൾ

നാം പിന്തുടരേണ്ട ഗുണങ്ങൾ

നാം പിന്തുടരേണ്ട ഗുണങ്ങൾ

“നീതി, ദൈവഭക്തി, വിശ്വാസം, സ്‌നേഹം, സഹിഷ്‌ണുത, സൗമ്യത എന്നിവ പിന്തുടരുക.” —1 തിമൊ. 6:11, NW.

1. “പിന്തുടരുക” എന്ന വാക്കിന്റെ അർഥം ദൃഷ്ടാന്തീകരിക്കുക.

പിന്തുടരുക എന്നു കേൾക്കുമ്പോൾ എന്താണ്‌ നിങ്ങളുടെ മനസ്സിലേക്കു വരുന്നത്‌? മോശെയുടെ നാളിൽ മിസ്രയീം സൈന്യം ഇസ്രായേല്യരെ പിന്തുടരുകയും ചെങ്കടലിൽ നശിക്കുകയും ചെയ്‌ത രംഗമായിരിക്കാം നിങ്ങളുടെ മനസ്സിൽ തെളിയുന്നത്‌. (പുറ. 14:23) അല്ലെങ്കിൽ യാദൃച്ഛികമായി ആരെയെങ്കിലും കൊലചെയ്യാനിടയായ ഒരു ഇസ്രായേല്യന്റെ വിഷമസന്ധിയെക്കുറിച്ചു നിങ്ങൾ ചിന്തിച്ചേക്കാം. നിശ്ചിത സ്ഥാനങ്ങളിലുള്ള ആറു സങ്കേത നഗരങ്ങളിലൊന്നിൽ എത്രയും പെട്ടെന്നുതന്നെ അയാൾ ചെന്നെത്തണമായിരുന്നു. അല്ലാഞ്ഞാൽ “രക്തപ്രതികാരകൻ ഉഗ്രകോപത്തോടെ അവനെ പിന്തുടർന്ന്‌ പിടികൂടുകയും . . . കൊല്ലുകയും” ചെയ്യാൻ സാധ്യതയുണ്ടായിരുന്നു.—ആവ. 19:6, ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം.

2. (എ) ഏതു ലക്ഷ്യം പിന്തുടരാനാണു ദൈവം ചില ക്രിസ്‌ത്യാനികളെ ക്ഷണിച്ചിരിക്കുന്നത്‌? (ബി) ഭൂരിപക്ഷം ക്രിസ്‌ത്യാനികൾക്കും യഹോവ ഏതു പ്രത്യാശ വെച്ചുനീട്ടുന്നു?

2 മേൽപ്പറഞ്ഞ ദൃഷ്ടാന്തങ്ങളിൽനിന്നു വ്യത്യസ്‌തമായി, പൗലൊസ്‌ അപ്പൊസ്‌തലനുണ്ടായിരുന്ന മനോഭാവം ശ്രദ്ധിക്കുക: “ക്രിസ്‌തുയേശുവിൽ ദൈവത്തിന്റെ പരമവിളിയുടെ വിരുതിന്നായി ലാക്കിലേക്ക്‌ [ഞാൻ] ഓടുന്നു.” (ഫിലി. 3:14) പൗലൊസ്‌ ഉൾപ്പെടെയുള്ള 1,44,000 അഭിഷിക്ത ക്രിസ്‌ത്യാനികൾക്കു ലഭിക്കുന്നതു സ്വർഗീയ ജീവനാകുന്ന സമ്മാനമാണെന്നു ബൈബിൾ വ്യക്തമാക്കുന്നു. ആയിരം വർഷം അവർ യേശുക്രിസ്‌തുവിനോടൊപ്പം ഭൂമിയുടെമേൽ ഭരണംനടത്തും. എത്ര മഹത്തായ ഒരു ലക്ഷ്യം പിന്തുടരാനാണു ദൈവം അവരെ ക്ഷണിച്ചിരിക്കുന്നത്‌! ഇന്നുള്ള ബഹുഭൂരിപക്ഷം ക്രിസ്‌ത്യാനികൾക്കും പക്ഷേ വ്യത്യസ്‌തമായ പ്രത്യാശയാണുള്ളത്‌. ആദാമും ഹവ്വായും നഷ്ടപ്പെടുത്തിയ, പറുദീസാഭൂമിയിലെ പൂർണ ആരോഗ്യത്തോടെയുള്ള നിത്യജീവന്റെ പ്രത്യാശയാണ്‌ യഹോവ സ്‌നേഹപൂർവം അവർക്കു വെച്ചുനീട്ടുന്നത്‌.—വെളി. 7:4, 9; 21:1-4.

3. ദൈവത്തിന്റെ അനർഹദയയോടു നമുക്കെങ്ങനെ വിലമതിപ്പു പ്രകടമാക്കാം?

3 അപൂർണരും പാപികളുമായതിനാൽ, ശരിചെയ്യാനുള്ള സ്വപ്രയത്‌നത്താൽ നിത്യജീവൻ നേടാൻ മനുഷ്യർക്കാവില്ല. (യെശ. 64:6) രക്ഷയ്‌ക്കായി യേശുക്രിസ്‌തുവിലൂടെ ദൈവം ചെയ്‌തിരിക്കുന്ന സ്‌നേഹപുരസ്സരമായ കരുതലിൽ വിശ്വാസമർപ്പിച്ചാൽ മാത്രമേ നമുക്കു നിത്യജീവൻ നേടാനാകൂ. ദൈവത്തിന്റെ ആ അനർഹദയയോടു വിലമതിപ്പു പ്രകടമാക്കാൻ നമുക്കെങ്ങനെ കഴിയും? “നീതി, ദൈവഭക്തി, വിശ്വാസം, സ്‌നേഹം, സഹിഷ്‌ണുത, സൗമ്യത എന്നിവ പിന്തുടരുക” എന്ന കൽപ്പന പിൻപറ്റുന്നതാണ്‌ ഒരു മാർഗം. (1 തിമൊ. 6:11) ഈ ഗുണങ്ങളുടെ പരിചിന്തനം അവ പിന്തുടരുന്നതിൽ ‘അധികം വർദ്ധിച്ചുവരാൻ’ നമ്മെ ഓരോരുത്തരെയും സഹായിക്കും.—1 തെസ്സ. 4:1.

“നീതി . . . പിന്തുടരുക”

4. നീതി പിന്തുടരുന്നത്‌ സുപ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌, അതിനായി ഒരുവൻ സ്വീകരിക്കേണ്ട ആദ്യപടി എന്ത്‌?

4 തിമൊഥെയൊസിനുള്ള തന്റെ രണ്ടു ലേഖനങ്ങളിലും, നാം പിന്തുടരേണ്ട ഗുണങ്ങൾ പൗലൊസ്‌ പട്ടികപ്പെടുത്തി; ആ രണ്ടു സന്ദർഭങ്ങളിലും അവൻ ആദ്യം പരാമർശിച്ചത്‌ “നീതി” ആയിരുന്നു. (1 തിമൊ. 6:11; 2 തിമൊ. 2:22) നീതി പിന്തുടരാൻ മറ്റു ബൈബിൾഭാഗങ്ങളും കൂടെക്കൂടെ നമ്മെ പ്രോത്സാഹിപ്പിക്കുന്നു. (സദൃ. 15:9; 21:21; യെശ. 51:1) ‘ഏകസത്യദൈവത്തെയും അവൻ അയച്ചിരിക്കുന്ന യേശുക്രിസ്‌തുവിനെയും അറിയുന്നതാണ്‌’ അതിന്റെ ആദ്യപടി. (യോഹ. 17:3) നീതി പിന്തുടരുന്നത്‌, ക്രിയാത്മകമായി പ്രവർത്തിക്കാൻ—ദൈവേഷ്ടം ചെയ്യേണ്ടതിനു “മാനസാന്തരപ്പെട്ടു തിരിഞ്ഞു”വരാൻ—ഒരുവനെ പ്രേരിപ്പിക്കും.—പ്രവൃ. 3:19.

5. ദൈവമുമ്പാകെ നീതിയുള്ള നില സമ്പാദിക്കാനും നിലനിറുത്താനും നാം എന്തു ചെയ്യണം?

5 ആത്മാർഥമായി നീതി പിന്തുടരുന്ന ദശലക്ഷങ്ങൾ തങ്ങളുടെ ജീവിതം യഹോവയ്‌ക്കു സമർപ്പിക്കുകയും അതിന്റെ അടയാളമായി ജലസ്‌നാനമേൽക്കുകയും ചെയ്‌തിരിക്കുന്നു. സ്‌നാനമേറ്റ ഒരു ക്രിസ്‌ത്യാനിയാണോ നിങ്ങൾ? നീതി പിന്തുടരുന്നതിൽ തുടരുന്നുവെന്ന്‌ സ്വന്തജീവിതത്താൽ തെളിയിക്കേണ്ടതാണെന്ന വസ്‌തുതയെക്കുറിച്ചു നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ജീവിതയാത്രയിൽ നിർണായക തീരുമാനങ്ങൾ എടുക്കേണ്ടിവരുമ്പോൾ “നന്മതിന്മകളെ” സംബന്ധിച്ച തിരുവെഴുത്തു വീക്ഷണം വിവേചിച്ചറിയുന്നത്‌ നീതി പിന്തുടരുന്നതിൽപ്പെടുന്നു. (എബ്രായർ 5:14 വായിക്കുക.) ഉദാഹരണത്തിന്‌, വിവാഹപ്രായമായ ഒരു വ്യക്തിയാണു നിങ്ങളെങ്കിൽ, സ്‌നാനമേറ്റ ക്രിസ്‌ത്യാനിയല്ലാത്ത ഒരാളുമായി പ്രേമബന്ധത്തിലാകാതിരിക്കാൻ നിങ്ങൾ ദൃഢനിശ്ചയം ചെയ്‌തിരിക്കുന്നുവോ? നിങ്ങൾ നീതി പിന്തുടരുന്നവരാണെങ്കിൽ നിങ്ങൾക്ക്‌ ആ ദൃഢനിശ്ചയം ഉണ്ടായിരിക്കും.—1 കൊരി. 7:39.

6. ആത്മാർഥമായി നീതി പിന്തുടരുന്നതിൽ എന്ത്‌ ഉൾപ്പെട്ടിരിക്കുന്നു?

6 നീതിമാനായിരിക്കുക എന്നതിനർഥം സ്വയനീതിക്കാരനോ ‘അതിനീതിമാനോ’ ആയിരിക്കുക എന്നല്ല. (സഭാ. 7:16) തങ്ങൾ മറ്റുള്ളവരെക്കാൾ ശ്രേഷ്‌ഠരാണെന്നു കാണിക്കാനുള്ള അത്തരം നീതിപ്രകടനങ്ങൾക്കെതിരെ യേശു മുന്നറിയിപ്പു നൽകി. (മത്താ. 6:1) തെറ്റായ ചിന്തകളും മനോഭാവങ്ങളും ആന്തരങ്ങളും അഭിലാഷങ്ങളും തിരുത്തേണ്ടതുള്ളതിനാൽ, ആത്മാർഥമായി നീതി പിന്തുടരുന്നതിൽ ഒരുവന്റെ ഹൃദയം ഉൾപ്പെട്ടിരിക്കുന്നു. അതിനായി തുടർന്നു പരിശ്രമിക്കുന്നെങ്കിൽ നാം ഗുരുതരമായ പാപങ്ങൾ ചെയ്യാൻ സാധ്യതയില്ല. (സദൃശവാക്യങ്ങൾ 4:23 വായിക്കുക; യാക്കോബ്‌ 1:14, 15 താരതമ്യം ചെയ്യുക.) കൂടാതെ യഹോവ നമ്മെ അനുഗ്രഹിക്കുകയും പ്രധാനപ്പെട്ട മറ്റു ക്രിസ്‌തീയ ഗുണങ്ങൾ പിന്തുടരുന്നതിൽ നമ്മെ സഹായിക്കുകയും ചെയ്യും.

“ദൈവഭക്തി . . . പിന്തുടരുക”

7. എന്താണു “ദൈവഭക്തി”?

7 തീവ്രതരമായ അർപ്പണവും വിശ്വസ്‌തതയും ഭക്തിയിൽ ഉൾപ്പെട്ടിരിക്കുന്നു. “ദൈവഭക്തി” എന്നതിന്റെ ഗ്രീക്കു പദം, “ദൈവഭയത്തെ നിധിപോലെ കാത്തുസൂക്ഷിക്കുന്നതിനെ” അർഥമാക്കുന്നുവെന്ന്‌ ഒരു ബൈബിൾനിഘണ്ടു പറയുന്നു. അത്തരം അർപ്പണം പ്രകടമാക്കുന്നതിൽ ഇസ്രായേല്യർ മിക്കപ്പോഴും പരാജയപ്പെട്ടു. ഈജിപ്‌തിൽനിന്നു മോചിപ്പിക്കപ്പെട്ടശേഷവുമുള്ള അവരുടെ അനുസരണക്കേട്‌ അതിനു തെളിവായിരുന്നു.

8. (എ) ആദാമിന്റെ പാപം ഏതു ചോദ്യമുയർത്തി? (ബി) ഈ “മർമ്മം” എങ്ങനെ വെളിപ്പെടുത്തപ്പെട്ടു?

8 പൂർണമനുഷ്യനായ ആദാം പാപം ചെയ്‌തതിന്‌ ആയിരക്കണക്കിനു വർഷങ്ങൾക്കുശേഷവും, “സമ്പൂർണ ദൈവഭക്തി പ്രകടമാക്കാൻ ഏതെങ്കിലും മനുഷ്യനാകുമോ” എന്ന ചോദ്യം ഉത്തരമില്ലാതെ തുടർന്നു. പാപികളായിത്തീർന്ന മനുഷ്യർക്കു സമ്പൂർണ ദൈവഭക്തിയോടെ ജീവിക്കാൻ ആ നൂറ്റാണ്ടുകളിലൊന്നും കഴിഞ്ഞില്ല. എന്നാൽ തന്റെ നിശ്ചിത സമയത്ത്‌ യഹോവ ആ ദിവ്യ “മർമ്മം” വെളിപ്പെടുത്തി. ഭൂമിയിൽ ഒരു പൂർണമനുഷ്യനായി പിറക്കേണ്ടതിന്‌ സ്വർഗത്തിലുള്ള തന്റെ ഏകജാതപുത്രന്റെ ജീവൻ യഹോവ മറിയയുടെ ഗർഭപാത്രത്തിലേക്കു മാറ്റി. സത്യദൈവത്തിനുള്ള തീവ്രതരമായ അർപ്പണത്തിന്റെയും അവനോടുള്ള പൂർണമായ വിശ്വസ്‌തതയുടെയും അർഥമെന്താണെന്ന്‌ തന്റെ ഭൗമികജീവിതത്തിലുടനീളം—വേദനാകരമായ മരണവേളയിലും—യേശു പ്രകടമാക്കി. തന്റെ സ്‌നേഹനിധിയായ പിതാവിനോടുള്ള ഭക്ത്യാദരവിന്റെ പ്രതിഫലനമായിരുന്നു അവന്റെ പ്രാർഥനകൾ. (മത്താ. 11:25; യോഹ. 12:27, 28) “ദൈവഭക്തി”യുടെ മികച്ച മാതൃകയെന്ന നിലയിൽ യേശുവിന്റെ ജീവിതത്തെ ഉയർത്തിക്കാട്ടാൻ യഹോവ പൗലൊസിനെ നിശ്വസ്‌തനാക്കി.—1 തിമൊഥെയൊസ്‌ 3:16 വായിക്കുക.

9. നമുക്കെങ്ങനെ ദൈവഭക്തി പിന്തുടരാനാകും?

9 പാപികളായ നമുക്ക്‌ പൂർണമായ ദൈവഭക്തി പ്രകടമാക്കാനാകില്ലെങ്കിലും അതു പിന്തുടരുക സാധ്യമാണ്‌. അതിനായി നാം ക്രിസ്‌തുവിന്റെ മാതൃക കഴിയുന്നത്ര അടുത്തു പിന്തുടരണം. (1 പത്രൊ. 2:21) “ഭക്തിയുടെ വേഷം ധരിച്ചു അതിന്റെ ശക്തി ത്യജിക്കുന്ന” കപടഭക്തരെപ്പോലെ ആകാതിരിക്കാൻ അതു നമ്മെ സഹായിക്കും. (2 തിമൊ. 3:5) യഥാർഥ ദൈവഭക്തിയും നമ്മുടെ ബാഹ്യാകാരവും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന്‌ ഇതിനർഥമില്ല. ഉദാഹരണത്തിന്‌, ഷോപ്പിങ്ങിന്‌ എന്തു വസ്‌ത്രം ധരിക്കണമെന്നു തീരുമാനിക്കുമ്പോഴോ വിവാഹവസ്‌ത്രം തിരഞ്ഞെടുക്കുമ്പോഴോ, ‘ദൈവഭക്തിയെ സ്വീകരിക്കുന്നവർക്ക്‌ ഉചിതമാകുംവണ്ണം’ ആയിരിക്കണം നമ്മുടെ ചമയം എന്ന ചിന്ത നമുക്കുണ്ടായിരിക്കണം. (1 തിമൊ. 2:9, 10) അതേ, ദൈവഭക്തി പിന്തുടരാൻ ദൈനംദിനം ദൈവത്തിന്റെ നീതിയുള്ള നിലവാരങ്ങൾക്കു ചേർച്ചയിൽ ജീവിക്കേണ്ടത്‌ അനുപേക്ഷണീയമാണ്‌.

“വിശ്വാസം . . . പിന്തുടരുക”

10. വിശ്വാസം ശക്തമായി സൂക്ഷിക്കാൻ നാമെന്തു ചെയ്യണം?

10 റോമർ 10:17 വായിക്കുക. ശക്തമായ വിശ്വാസം ആർജിക്കാനും നിലനിറുത്താനും ദൈവവചനത്തിലെ അമൂല്യമായ ഉപദേശങ്ങളെക്കുറിച്ചുള്ള ധ്യാനം അത്യന്താപേക്ഷിതമാണ്‌. വിശ്വസ്‌തനും വിവേകിയുമായ അടിമ മികവുറ്റ ധാരാളം പ്രസിദ്ധീകരണങ്ങൾ പ്രദാനംചെയ്‌തിട്ടുണ്ട്‌. ക്രിസ്‌തുവിനെ മെച്ചമായി അറിയാനും അങ്ങനെ അവനെ അനുകരിക്കാനും നമ്മെ സഹായിക്കാൻ ഉദ്ദേശിച്ചു തയ്യാറാക്കിയിട്ടുള്ള ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ, മഹാനായ അധ്യാപകനിൽനിന്നു പഠിക്കുക (ഇംഗ്ലീഷ്‌), ‘വന്ന്‌ എന്നെ അനുഗമിക്കുക’ (ഇംഗ്ലീഷ്‌) എന്നീ പുസ്‌തകങ്ങൾ വിശേഷാൽ ശ്രദ്ധാർഹമാണ്‌. (മത്താ. 24:45-47) യോഗങ്ങൾ, സമ്മേളനങ്ങൾ, കൺവെൻഷനുകൾ എന്നിവയും അടിമവർഗം സംഘടിപ്പിക്കുന്നു; അവയിലേറെയും “ക്രിസ്‌തുവിന്റെ വചന”ത്തിന്‌ ഊന്നൽനൽകുന്നവയാണ്‌. ദൈവം പ്രദാനംചെയ്യുന്ന കാര്യങ്ങൾക്ക്‌ “അധികം ശ്രദ്ധ” നൽകിക്കൊണ്ട്‌ അവയിൽനിന്നു കൂടുതൽ പ്രയോജനം നേടാനാകുന്ന മാർഗങ്ങളെക്കുറിച്ചു നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?—എബ്രാ. 2:1.

11. വിശ്വാസം പിന്തുടരുന്നതിൽ പ്രാർഥനയ്‌ക്കും അനുസരണത്തിനുമുള്ള പങ്കെന്ത്‌?

11 ശക്തമായ വിശ്വാസം കെട്ടിപ്പടുക്കാൻ സഹായിക്കുന്ന മറ്റൊരു ഘടകമാണു പ്രാർഥന. “ഞങ്ങൾക്കു വിശ്വാസം വർദ്ധിപ്പിച്ചുതരേണമേ” എന്ന്‌ ശിഷ്യന്മാർ ഒരിക്കൽ യേശുവിനോട്‌ അപേക്ഷിച്ചു. (ലൂക്കൊ. 17:5) അതിനായി നമുക്കും താഴ്‌മയോടെ ദൈവത്തോടു യാചിക്കാം. പ്രത്യേകിച്ച്‌ അവന്റെ ആത്മാവിന്റെ സഹായത്തിനായി നാം പ്രാർഥിക്കണം; “ആത്മാവിന്റെ ഫല”ത്തിന്റെ ഒരു വശമാണല്ലോ വിശ്വാസം. (ഗലാ. 5:22, 23, NW) കൂടാതെ ദൈവകൽപ്പനകൾ അനുസരിക്കുന്നത്‌ നമ്മുടെ വിശ്വാസം ശക്തമാക്കും. ഉദാഹരണത്തിന്‌, പ്രസംഗവേലയിൽ കൂടുതലായി പങ്കുപറ്റാൻ നമുക്കായേക്കും. നമുക്ക്‌ അളവറ്റ സന്തോഷം പ്രദാനംചെയ്യാൻ അതിനു കഴിയും. ‘മുമ്പെ ദൈവത്തിന്റെ രാജ്യവും നീതിയും അന്വേഷിക്കുന്നതിലൂടെ’ കൈവരുന്ന അനുഗ്രഹങ്ങളെക്കുറിച്ചു ചിന്തിക്കുന്നതും നമ്മുടെ വിശ്വാസം ശക്തമാക്കിത്തീർക്കും.—മത്താ. 6:33.

“സ്‌നേഹം . . . പിന്തുടരുക”

12, 13. (എ) എന്താണ്‌ യേശുവിന്റെ പുതിയ കൽപ്പന? (ബി) സുപ്രധാനമായ ഏതു വിധങ്ങളിൽ നാം ക്രിസ്‌തുതുല്യ സ്‌നേഹം പിന്തുടരണം?

12 1 തിമൊഥെയൊസ്‌ 5:1, 2 വായിക്കുക. ക്രിസ്‌ത്യാനികൾക്ക്‌ അന്യോന്യം സ്‌നേഹം കാണിക്കാനാകുന്ന ഒരു പ്രായോഗിക മാർഗം ചൂണ്ടിക്കാട്ടുകയാണ്‌ പൗലൊസ്‌ ഇവിടെ. യേശു നമ്മെ സ്‌നേഹിച്ചതുപോലെ നാമും “തമ്മിൽ തമ്മിൽ സ്‌നേഹിക്കേണം” എന്ന പുതിയ കൽപ്പനയോടുള്ള അനുസരണം ദൈവഭക്തിയുടെ അനിവാര്യ സവിശേഷതയാണ്‌. (യോഹ. 13:34) “ഈ ലോകത്തിലെ വസ്‌തുവകയുള്ളവൻ ആരെങ്കിലും തന്റെ സഹോദരന്നു മുട്ടുള്ളതു കണ്ടിട്ടു അവനോടു മനസ്സലിവു കാണിക്കാഞ്ഞാൽ ദൈവത്തിന്റെ സ്‌നേഹം അവനിൽ എങ്ങനെ വസിക്കും?” അപ്പൊസ്‌തലനായ യോഹന്നാൻ ചോദിക്കുന്നു. (1 യോഹ. 3:17) പ്രായോഗികമായ ഒരു വിധത്തിൽ നിങ്ങൾ സ്‌നേഹം പ്രകടമാക്കിയ സന്ദർഭങ്ങളുണ്ടോ?

13 നീരസംവെച്ചുകൊണ്ടിരിക്കുന്നതിനു പകരം സഹോദരങ്ങളോടു ക്ഷമിക്കുന്നതാണ്‌ സ്‌നേഹം പിന്തുടരാനാകുന്ന മറ്റൊരു മാർഗം. (1 യോഹന്നാൻ 4:20 വായിക്കുക.) “അന്യോന്യം പൊറുക്കയും ഒരുവനോടു ഒരുവന്നു വഴക്കുണ്ടായാൽ തമ്മിൽ ക്ഷമിക്കയും ചെയ്‌വിൻ; കർത്താവു നിങ്ങളോടു ക്ഷമിച്ചതുപോലെ നിങ്ങളും ചെയ്‌വിൻ” എന്ന നിശ്വസ്‌ത ബുദ്ധിയുപദേശം പിൻപറ്റാൻ നാമാഗ്രഹിക്കുന്നു. (കൊലൊ. 3:13) സഭയിൽ ആരോടെങ്കിലുമുള്ള ബന്ധത്തിൽ ഈ ബുദ്ധിയുപദേശം ബാധകമാക്കേണ്ടതുണ്ടെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ? നിങ്ങൾ ആ വ്യക്തിയോടു ക്ഷമിക്കുമോ?

“സഹിഷ്‌ണുത . . . പിന്തുടരുക”

14. ഫിലദെൽഫ്യ സഭയിൽനിന്നു നമുക്കെന്തു പഠിക്കാം?

14 പ്രയാസമേറിയതോ പ്രതീക്ഷിച്ചതിലും വിദൂരത്തുള്ളതോ ആയ ഒരു ലക്ഷ്യത്തിലെത്താനുള്ള പരിശ്രമം, ഒരു ഹ്രസ്വകാല ലക്ഷ്യത്തിലെത്താൻ ശ്രമിക്കുന്നതുപോലെയല്ല. നിത്യജീവനെന്ന ലക്ഷ്യം പിന്തുടരാൻ സഹിഷ്‌ണുത കൂടിയേതീരൂ. കർത്താവായ യേശു ഫിലദെൽഫ്യ സഭയോട്‌ ഇങ്ങനെ പറഞ്ഞു: “സഹിഷ്‌ണുതയെക്കുറിച്ചുള്ള എന്റെ വചനം നീ കാത്തുകൊണ്ടതിനാൽ . . . പരീക്ഷാകാലത്തു ഞാനും നിന്നെ കാക്കും.” (വെളി. 3:10) പരിശോധനകളും പ്രലോഭനങ്ങളും നേരിടുമ്പോൾ മടുത്തുപോകാതിരിക്കാൻ നമ്മെ സഹായിക്കുന്ന സഹിഷ്‌ണുതയെന്ന ഗുണം നമുക്ക്‌ എത്ര ആവശ്യമാണെന്ന്‌ പഠിപ്പിക്കുകയായിരുന്നു യേശു. ഒന്നാം നൂറ്റാണ്ടിലെ ഫിലദെൽഫ്യാ സഭയിലുള്ളവർ വിശ്വാസത്തിന്റെ നിരവധി പരിശോധനകൾ സഹിച്ചുനിന്നിരിക്കാം. അതുകൊണ്ട്‌, വരാനിരുന്ന വലിയ പരിശോധനാവേളയിൽ താൻ അവരെ സഹായിക്കുമെന്ന്‌ യേശു ഉറപ്പുനൽകി.—ലൂക്കൊ. 16:10.

15. സഹിഷ്‌ണുത സംബന്ധിച്ച്‌ യേശു എന്തു പഠിപ്പിച്ചു?

15 അവിശ്വാസികളായ ബന്ധുക്കളിൽനിന്നും ലോകത്തിൽനിന്നും തന്റെ അനുഗാമികൾക്ക്‌ എതിർപ്പുണ്ടാകുമെന്ന്‌ അറിയാമായിരുന്നതിനാൽ “അവസാനത്തോളം സഹിച്ചുനിൽക്കുന്നവൻ രക്ഷിക്കപ്പെടും” എന്നു പറഞ്ഞുകൊണ്ട്‌ രണ്ടു തവണയെങ്കിലും യേശു അവരെ പ്രോത്സാഹിപ്പിച്ചു. (മത്താ. 10:22; 24:13) അത്തരം സന്ദർഭങ്ങളിൽ സഹിച്ചുനിൽക്കാൻ ആവശ്യമായ ശക്തി എങ്ങനെ ലഭിക്കുമെന്നും അവൻ അവർക്കു കാണിച്ചുകൊടുത്തു. “വചനം സന്തോഷത്തോടെ കൈക്കൊള്ളുന്ന”വരെങ്കിലും വിശ്വാസത്തിന്റെ പരിശോധനകൾ നേരിടുമ്പോൾ വീണുപോകുന്നവരെ പാറകൾ നിറഞ്ഞ മണ്ണിനോടാണ്‌ യേശു ഉപമിച്ചത്‌. അതേസമയം വചനം “ഹൃദയത്തിൽ സംഗ്രഹിച്ചു ക്ഷമയോടെ ഫലം കൊടുക്കുന്ന” തന്റെ വിശ്വസ്‌ത അനുഗാമികളെ അവൻ നല്ല മണ്ണിനോടും ഉപമിച്ചു.—ലൂക്കൊ. 8:13, 15.

16. സഹിച്ചുനിൽക്കാൻ സ്‌നേഹപുരസ്സരമായ ഏതു കരുതൽ ദശലക്ഷങ്ങളെ സഹായിച്ചിരിക്കുന്നു?

16 സഹിഷ്‌ണുതയുടെ രഹസ്യം എന്താണെന്നു നിങ്ങൾ ശ്രദ്ധിച്ചോ? ദൈവവചനം മനസ്സിലും ഹൃദയത്തിലും “സംഗ്രഹിച്ചു”കൊണ്ട്‌ നാം അതിനെ ജീവസുറ്റതായി നിലനിറുത്തണം. കൃത്യതയുള്ളതും എളുപ്പം വായിച്ചുമനസ്സിലാക്കാവുന്നതും കൂടുതൽ ഭാഷകളിൽ ലഭ്യമായിക്കൊണ്ടിരിക്കുന്നതുമായ വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരം ഇക്കാര്യത്തിൽ ഏറെ സഹായകമാണ്‌. ദൈവവചനത്തിലെ ഒരു ഭാഗത്തെക്കുറിച്ചു ദിവസവും ധ്യാനിക്കുന്നത്‌ “ക്ഷമയോടെ ഫലം കൊടുക്കുന്ന”തിൽ തുടരാനാവശ്യമായ ശക്തിയാർജിക്കാൻ നമ്മെ സഹായിക്കും.—സങ്കീ. 1:1, 2.

സമാധാനവും സൗമ്യതയും പിന്തുടരുക

17. (എ) സൗമ്യത ഇത്ര പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌? (ബി) താൻ സൗമ്യനാണെന്ന്‌ യേശു എങ്ങനെ പ്രകടമാക്കി?

17 പറയുകയോ പ്രവർത്തിക്കുകയോ ചെയ്‌തിട്ടില്ലാത്ത കാര്യങ്ങളെപ്രതി പഴികേൾക്കേണ്ടിവരുന്നത്‌ ആർക്കും ഇഷ്ടമുള്ള കാര്യമല്ല. അന്യായമായ ആരോപണങ്ങൾ ഉണ്ടാകുമ്പോൾ പൊട്ടിത്തെറിക്കുന്നതും അസാധാരണമല്ല. എന്നാൽ “സൗമ്യത”യോടെ പ്രതികരിക്കുന്നത്‌ എത്രയോ മെച്ചമാണ്‌! (സദൃശവാക്യങ്ങൾ 15:1 വായിക്കുക.) അന്യായമായ ആരോപണങ്ങളെ സൗമ്യതയോടെ നേരിടാൻ അസാധാരണമായ ഉൾക്കരുത്ത്‌ ആവശ്യമാണ്‌. ഇക്കാര്യത്തിൽ ഉത്തമ മാതൃകയായിരുന്നു യേശുക്രിസ്‌തു. “തന്നെ ശകാരിച്ചിട്ടു പകരം ശകാരിക്കാതെയും കഷ്ടം അനുഭവിച്ചിട്ടു ഭീഷണം പറയാതെയും ന്യായമായി വിധിക്കുന്നവങ്കൽ കാര്യം ഭരമേല്‌പിക്കയത്രേ [അവൻ] ചെയ്‌തത്‌.” (1 പത്രൊ. 2:23) യേശുവിനെ പൂർണമായി അനുകരിക്കുക അസാധ്യമാണെങ്കിലും സൗമ്യത പ്രകടമാക്കുന്നതിൽ പുരോഗമിക്കാൻ നമുക്കാകില്ലേ?

18. (എ) സൗമ്യത എന്തു നേട്ടം കൈവരുത്തുന്നു? (ബി) നാം പിന്തുടരേണ്ട മറ്റൊരു ഗുണം എന്ത്‌?

18 വിശ്വാസത്തെക്കുറിച്ചു “ന്യായം ചോദിക്കുന്ന ഏവനോടും സൌമ്യതയും ഭയഭക്തിയും പൂണ്ടു പ്രതിവാദം പറവാൻ” യേശുവിനെപ്പോലെ നമുക്ക്‌ “എപ്പോഴും ഒരുങ്ങി”യിരിക്കാം. (1 പത്രൊ. 3:15) ശുശ്രൂഷയിൽ കണ്ടുമുട്ടുന്നവരോടോ സഹവിശ്വാസികളോടോ ഉള്ള ബന്ധത്തിലുണ്ടായേക്കാവുന്ന അഭിപ്രായവ്യത്യാസങ്ങൾ ചൂടുപിടിച്ച വാഗ്വാദങ്ങളായിത്തീരാതിരിക്കാൻ സൗമ്യത സഹായിക്കും. (2 തിമൊ. 2:24, 26) സൗമ്യത സമാധാനം ഊട്ടിവളർത്തുന്നു. തിമൊഥെയൊസിനുള്ള രണ്ടാമത്തെ ലേഖനത്തിൽ, നാം പിന്തുടരേണ്ട ഒരു ഗുണമെന്ന നിലയിൽ പൗലൊസ്‌ ‘സമാധാനത്തെ’ പട്ടികപ്പെടുത്തിയത്‌ അതുകൊണ്ടായിരിക്കാം. (2 തിമൊ. 2:22; 1 തിമൊഥെയൊസ്‌ 6:11 താരതമ്യം ചെയ്യുക.) അതേ, മറ്റു ഗുണങ്ങൾക്കൊപ്പം “സമാധാനം” പിന്തുടരാൻ തിരുവെഴുത്തുകൾ നമ്മെ പ്രോത്സാഹിപ്പിക്കുന്നു.—സങ്കീ. 34:14; എബ്രാ. 12:14.

19. ഏഴ്‌ ക്രിസ്‌തീയ ഗുണങ്ങളുടെ ഈ പരിചിന്തനത്തിനുശേഷം എന്തു പിന്തുടരാനാണ്‌ നിങ്ങളുടെ ദൃഢനിശ്ചയം, എന്തുകൊണ്ട്‌?

19 നീതി, ദൈവഭക്തി, വിശ്വാസം, സ്‌നേഹം, സഹിഷ്‌ണുത, സൗമ്യത, സമാധാനം എന്നിങ്ങനെ നാം പിന്തുടരേണ്ട ഏഴ്‌ ക്രിസ്‌തീയ ഗുണങ്ങളെക്കുറിച്ചാണ്‌ ഇതുവരെ ചർച്ചചെയ്‌തത്‌. ഈ അമൂല്യ ഗുണങ്ങൾ കൂടുതൽ തികവോടെ പ്രകടമാക്കാൻ എല്ലാവരും ശ്രമിക്കുമ്പോൾ സഭകൾ എത്ര അനുഗ്രഹിക്കപ്പെടും! അത്‌ തന്റെ സ്‌തുതിക്കായി നമ്മെ ഓരോരുത്തരെയും രൂപപ്പെടുത്താൻ യഹോവയ്‌ക്ക്‌ അവസരം നൽകുകയും അവനു മഹത്ത്വംകരേറ്റുകയും ചെയ്യും.

പരിചിന്തനത്തിന്‌

• നീതിയും ദൈവഭക്തിയും പിന്തുടരുന്നതിൽ എന്തുൾപ്പെട്ടിരിക്കുന്നു?

• വിശ്വാസവും സഹിഷ്‌ണുതയും പിന്തുടരാൻ നമ്മെ എന്തു സഹായിക്കും?

• മറ്റുള്ളവരുമായുള്ള ഇടപെടലുകളിൽ സ്‌നേഹം നമ്മെ എങ്ങനെ സ്വാധീനിക്കണം?

• നാം സൗമ്യതയും സമാധാനവും പിന്തുടരേണ്ടത്‌ എന്തുകൊണ്ട്‌?

[അധ്യയന ചോദ്യങ്ങൾ]

[12-ാം പേജിലെ ചിത്രം]

മറ്റുള്ളവരുടെ ആദരവു പിടിച്ചുപറ്റാനായുള്ള നീതിപ്രകടനങ്ങൾക്കെതിരെ യേശു മുന്നറിയിപ്പു നൽകി

[13-ാം പേജിലെ ചിത്രം]

ദൈവവചനത്തിലെ ഉപദേശങ്ങളെക്കുറിച്ചു ധ്യാനിക്കുന്നതിലൂടെ നമുക്കു വിശ്വാസം പിന്തുടരാനാകും

[15-ാം പേജിലെ ചിത്രം]

നാം സ്‌നേഹവും സൗമ്യതയും പിന്തുടരണം