യഹോവയുടെ അധികാരത്തെ അംഗീകരിക്കുക
യഹോവയുടെ അധികാരത്തെ അംഗീകരിക്കുക
“അവന്റെ കല്‌പനകളെ പ്രമാണിക്കുന്നതല്ലോ ദൈവത്തോടുള്ള സ്‌നേഹം; അവന്റെ കല്‌പനകൾ ഭാരമുള്ളവയല്ല.”—1 യോഹ. 5:3.
1, 2. (എ) അധികാരത്തിനു കീഴ്‌പെടുക എന്ന ആശയം പലർക്കും രുചിക്കാത്തത് എന്തുകൊണ്ട്? (ബി) എന്നാൽ അവർ യഥാർഥത്തിൽ സ്വതന്ത്രരാണോ? വിശദീകരിക്കുക.
മറ്റൊരാളുടെ അധികാരത്തിനു കീഴ്‌പെടുക എന്നത് അനേകർക്കും അത്രയങ്ങ് രുചിക്കാത്ത കാര്യമാണ്. ‘എന്തു ചെയ്യണമെന്ന് ആരും എന്നെ പഠിപ്പിക്കേണ്ട,’ ഇതാണവരുടെ മനോഭാവം. എന്നാൽ അവർ യഥാർഥത്തിൽ ആരെയും അനുസരിക്കാതെ സ്വതന്ത്രരായി ജീവിക്കുകയാണോ? തീർച്ചയായും അല്ല! ബഹുഭൂരിപക്ഷവും ‘ഈ ലോകത്തിന് അനുരൂപരായി’ ജീവിക്കുന്ന മറ്റ് അനേകരുടെ നിലവാരങ്ങൾ പിൻപറ്റുന്നവരാണ്. (റോമ. 12:2) അപ്പൊസ്‌തലനായ പത്രൊസിന്റെ വാക്കുകൾ കടമെടുത്തു പറഞ്ഞാൽ അവർ ‘നാശത്തിന്റെ അടിമകളാണ്,’ അല്ലാതെ സ്വതന്ത്രരല്ല. (2 പത്രൊ. 2:19) അവർ ‘ഈ ലോകത്തിന്റെ കാലഗതിയെയും, ആകാശത്തിലെ അധികാരത്തിന്നും അനുസരണക്കേടിന്റെ മക്കളിൽ ഇപ്പോൾ വ്യാപരിക്കുന്ന ആത്മാവിന്നും അധിപതിയായ’ പിശാചായ സാത്താനെയും അനുസരിച്ചു നടക്കുന്നു.—എഫെ. 2:2.
2 “ശരിയേത് തെറ്റേത് എന്ന് എന്നെ പഠിപ്പിക്കാനുള്ള അധികാരം, മാതാപിതാക്കൾക്കോ വൈദികർക്കോ മതശുശ്രൂഷകർക്കോ ഗുരുക്കന്മാർക്കോ ബൈബിളിനോ ഞാൻ തീറെഴുതിയിട്ടില്ല,” ഒരു എഴുത്തുകാരൻ വീമ്പിളക്കി. ചിലർ അധികാരം ദുർവിനിയോഗം ചെയ്‌തേക്കാം, അതുകൊണ്ടുതന്നെ നമ്മുടെ അംഗീകാരം അവർ അർഹിക്കുന്നുമില്ലായിരിക്കാം. എന്നുവെച്ച് എല്ലാ മാർഗനിർദേശങ്ങളും പാടേ തള്ളിക്കളയണം എന്നുണ്ടോ? പത്രത്താളുകളിലൂടെ ഒന്നു കണ്ണോടിച്ചാൽമതി അതിനുത്തരം കിട്ടാൻ! മനുഷ്യനു മാർഗനിർദേശം ഏറ്റവും ആവശ്യമായിരിക്കുന്ന ഒരു ഘട്ടത്തിൽ അനേകരും അത് തിരസ്‌കരിക്കാൻ വെമ്പൽകാട്ടുന്നത് എത്ര ഖേദകരമാണ്!
നമ്മുടെ വീക്ഷണം
3. മനുഷ്യ അധികാരികളോട് അന്ധമായ വിധേയത്വം പുലർത്തുകയില്ലെന്ന് ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികൾ തെളിയിച്ചത് എങ്ങനെ?
3 ക്രിസ്‌ത്യാനികൾ എന്നനിലയിൽ ഇക്കാര്യത്തിൽ ലോകത്തിന്റേതിൽനിന്നും വ്യത്യസ്‌തമായ ഒരു നിലപാടാണ് നമ്മുടേത്. ആര് എന്തു പറഞ്ഞാലും പ്രവൃത്തികൾ 5:27-29 വായിക്കുക.
അത് അപ്പാടെ അനുസരിക്കും എന്നല്ല ഇതിനർഥം. ചില സാഹചര്യങ്ങളിൽ മറ്റുള്ളവരുടെ ഇംഗിതത്തിനു വഴങ്ങാൻ നമുക്കു വിസ്സമ്മതിക്കേണ്ടിവരും, അവർ അധികാര സ്ഥാനത്തുള്ളവരാണെങ്കിൽപ്പോലും. ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികളുടെ കാര്യത്തിലും ഇതു സത്യമായിരുന്നു. ഉദാഹരണത്തിന്, ക്രിസ്‌തുവിന്റെ നാമത്തിൽ ഉപദേശിക്കരുത് എന്ന് മഹാപുരോഹിതനും ന്യായാധിപസംഘത്തിലെ മറ്റു പ്രമുഖരും കൽപ്പിച്ചപ്പോൾ, അപ്പൊസ്‌തലന്മാർ ആ ഭീഷണിക്കു വഴങ്ങിയില്ല. മനുഷ്യ അധികാരികളെ പ്രീതിപ്പെടുത്താൻ ശ്രമിക്കാതെ ശരിയായ നിലപാടുകളിൽ അവർ ഉറച്ചുനിന്നു.—4. ശരിയായ കാര്യങ്ങൾക്കുവേണ്ടി ദൈവജനം ഉറച്ച നിലപാട് എടുത്തിട്ടുണ്ടെന്ന് ഏതു ദൃഷ്ടാന്തങ്ങൾ കാണിക്കുന്നു?
4 സമാനമായ നിശ്ചയദാർഢ്യം പ്രകടമാക്കിയവരാണു ക്രിസ്‌തീയപൂർവകാലത്തെ പല ദൈവദാസന്മാരും. ഉദാഹരണത്തിന്, മോശെ ‘ഫറവോന്റെ പുത്രിയുടെ മകൻ എന്നു വിളിക്കപ്പെടുന്നതു നിരസിക്കയും ദൈവജനത്തോടുകൂടെ കഷ്ടമനുഭവിക്കുന്നതു തിരഞ്ഞെടുക്കുകയും ചെയ്‌തു,’ അതു ‘രാജാവിന്റെ കോപം’ വിളിച്ചുവരുത്തുമായിരുന്നിട്ടുകൂടി. (എബ്രാ. 11:24, 25, 27) പകരംവീട്ടാനും ദ്രോഹിക്കാനും പോത്തീഫറിന്റെ ഭാര്യക്കു കഴിയുമെന്ന് അറിയാമായിരുന്നെങ്കിലും യോസേഫ് അവളുടെ പ്രലോഭനങ്ങളെ ചെറുത്തുനിന്നു. (ഉല്‌പ. 39:7-9) ‘രാജാവിന്റെ ഭോജനംകൊണ്ടു തന്നെത്താൻ അശുദ്ധമാക്കുകയില്ല’ എന്നു ദാനീയേൽ ഹൃദയത്തിൽ നിശ്ചയിച്ചു, ബാബിലോണിലെ ഷണ്ഡാധിപന് അത് അംഗീകരിക്കാൻ ബുദ്ധിമുട്ടായിരുന്നെങ്കിൽപ്പോലും. (ദാനീ. 1:8-14) പരിണതഫലങ്ങൾ വകവെക്കാതെ, ശരിയായ കാര്യങ്ങൾക്കുവേണ്ടി ദൈവജനം പണ്ടുമുതൽക്കേ ഉറച്ച നിലപാട് എടുത്തിട്ടുണ്ടെന്ന് ഈ ദൃഷ്ടാന്തങ്ങൾ കാണിക്കുന്നു. മനുഷ്യരുടെ താത്‌പര്യങ്ങൾക്കു വഴങ്ങിക്കൊടുത്തുകൊണ്ട് അവരുടെ പ്രീതി പിടിച്ചുപറ്റാൻ അവർ ശ്രമിച്ചില്ല. നാമും അങ്ങനെതന്നെയായിരിക്കണം.
5. അധികാരത്തോടുള്ള നമ്മുടെ വീക്ഷണം ലോകത്തിന്റേതിൽനിന്നും വിഭിന്നമായിരിക്കുന്നത് എങ്ങനെ?
5 നമ്മുടെ ധീരമായ നിലപാട് ദുശ്ശാഠ്യമോ രാഷ്‌ട്രീയ വ്യവസ്ഥയോടുള്ള പ്രതിഷേധമോ അല്ല, ഏതൊരു മനുഷ്യ അധികാരത്തിനുംമേലായി യഹോവയുടെ അധികാരത്തെ അംഗീകരിക്കും എന്ന ദൃഢനിശ്ചയം മാത്രമാണത്. മനുഷ്യനിയമങ്ങൾ ദൈവനിയമത്തിന് എതിരാകുമ്പോൾ എന്തു ചെയ്യണമെന്ന കാര്യത്തിൽ നമുക്കു യാതൊരു സംശയവുമില്ല. ഒന്നാം നൂറ്റാണ്ടിലെ അപ്പൊസ്‌തലന്മാരെപ്പോലെ നാമും മനുഷ്യരെക്കാൾ ദൈവത്തെ അനുസരിക്കും.
6. യഹോവയുടെ നിയമങ്ങൾ അനുസരിക്കുന്നത് എല്ലായ്‌പോഴും നല്ലതായിരിക്കുന്നത് എന്തുകൊണ്ട്?
6 ദൈവത്തിന്റെ അധികാരത്തെ അംഗീകരിക്കാൻ നമ്മെ സഹായിച്ചിരിക്കുന്നത് എന്താണ്? “പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്ത വിവേകത്തിൽ ഊന്നരുതു. നിന്റെ എല്ലാവഴികളിലും അവനെ നിനെച്ചുകൊൾക; അവൻ നിന്റെ പാതകളെ നേരെയാക്കും” എന്ന സദൃശവാക്യങ്ങൾ 3:5, 6-ലെ വാക്കുകൾ. ദൈവം നമ്മിൽനിന്ന് ആവശ്യപ്പെടുന്നതെന്തും ആത്യന്തികമായി നമുക്കു നന്മയേ കൈവരുത്തൂ എന്നു നാം വിശ്വസിക്കുന്നു. (ആവർത്തനം 10:12, 13 വായിക്കുക.) “ശുഭകരമായി പ്രവർത്തിപ്പാൻ നിന്നെ അഭ്യസിപ്പിക്കയും നീ പോകേണ്ടുന്ന വഴിയിൽ നിന്നെ നടത്തുകയും ചെയ്യുന്ന നിന്റെ ദൈവമായ യഹോവ ഞാൻ തന്നേ,” ഇങ്ങനെയാണ് യഹോവ തന്നെക്കുറിച്ച് ഇസ്രായേല്യരോടു പറഞ്ഞത്. തുടർന്നവൻ പറഞ്ഞു: “അയ്യോ, നീ എന്റെ കല്‌പനകളെ കേട്ടനുസരിച്ചെങ്കിൽ കൊള്ളായിരുന്നു! എന്നാൽ നിന്റെ സമാധാനം നദിപോലെയും നിന്റെ നീതി സമുദ്രത്തിലെ തിരപോലെയും ആകുമായിരുന്നു.” (യെശ. 48:17, 18) ആ വാക്കുകൾ നാമും വിശ്വസിക്കുന്നു. ദൈവനിയമങ്ങൾ അനുസരിക്കുന്നത് എപ്പോഴും നമുക്കു പ്രയോജനമേ ചെയ്യൂ എന്ന പൂർണബോധ്യം നമുക്കുണ്ട്.
7. ദൈവവചനത്തിൽ പറഞ്ഞിരിക്കുന്ന ഒരു കൽപ്പന പൂർണമായി മനസ്സിലായില്ലെങ്കിലും നാം എന്തു ചെയ്യണം?
7 ദൈവവചനത്തിൽ പറഞ്ഞിരിക്കുന്ന ചില കാര്യങ്ങൾ നമുക്കു പൂർണമായി മനസ്സിലായില്ലെങ്കിൽപ്പോലും നാം അവ അനുസരിക്കുകയും യഹോവയുടെ അധികാരത്തെ അംഗീകരിക്കുകയും ചെയ്യുന്നു. അത് അന്ധമായ അനുസരണമല്ല; മറിച്ച് വസ്‌തുതകളിൽ അധിഷ്‌ഠിതവും നമുക്കു നല്ലതെന്തെന്ന് യഹോവയ്‌ക്കറിയാം എന്ന ഉത്തമവിശ്വാസത്തിന്റെ പ്രതിഫലനവുമാണ്. അത് അവനോടുള്ള സ്‌നേഹത്തിന്റെ പ്രകടനംകൂടിയാണ്. അപ്പൊസ്‌തലനായ യോഹന്നാൻ എഴുതി, “അവന്റെ കല്‌പനകളെ പ്രമാണിക്കുന്നതല്ലോ ദൈവത്തോടുള്ള സ്‌നേഹം.” (1 യോഹ. 5:3) എന്നാൽ നമ്മുടെ അനുസരണത്തിന്, അവഗണിക്കാനാകാത്ത മറ്റൊരു വശംകൂടിയുണ്ട്.
ഇന്ദ്രിയങ്ങളെ പരിശീലിപ്പിക്കുക
8. നമ്മുടെ ഇന്ദ്രിയങ്ങളെ പരിശീലിപ്പിക്കുന്നതും യഹോവയുടെ അധികാരം അംഗീകരിക്കുന്നതും തമ്മിൽ എന്തു ബന്ധമാണുള്ളത്?
8 നാം, ‘നന്മതിന്മകളെ തിരിച്ചറിവാൻ തഴക്കത്താൽ അഭ്യസിച്ച ഇന്ദ്രിയങ്ങളുള്ളവർ’ ആയിരിക്കണമെന്ന് ബൈബിൾ പറയുന്നു. (എബ്രാ. 5:14) അതുകൊണ്ട് ദൈവനിയമങ്ങൾ യാന്ത്രികമായി അനുസരിക്കുന്നതിനു പകരം, യഹോവയുടെ നിലവാരങ്ങളുടെ അടിസ്ഥാനത്തിൽ “നന്മതിന്മകളെ തിരിച്ചറിവാൻ” നമുക്കു കഴിയണം. യഹോവയുടെ വഴികളിൽ നടക്കുന്നതിന്റെ ജ്ഞാനം തിരിച്ചറിയാൻ നമുക്കാകണം, അങ്ങനെയാകുമ്പോൾ “നിന്റെ ന്യായപ്രമാണം എന്റെ ഉള്ളിൽ ഇരിക്കുന്നു” എന്നു സങ്കീർത്തനക്കാരനെപ്പോലെ നമുക്കും പറയാനാകും.—സങ്കീ. 40:8.
9. യഹോവയുടെ നിലവാരങ്ങൾക്കനുസരിച്ച് മനസ്സാക്ഷിയെ എങ്ങനെ പാകപ്പെടുത്താം, അതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
9 സങ്കീർത്തനക്കാരനെപ്പോലെ ദൈവനിയമങ്ങളുടെ മൂല്യം മനസ്സിലാക്കണമെങ്കിൽ നാം ബൈബിൾ വായിക്കുകയും അതേക്കുറിച്ചു ധ്യാനിക്കുകയും ചെയ്യണം. ഉദാഹരണത്തിന്, യഹോവയുടെ ഒരു കൽപ്പന നാം വായിക്കുകയാണെന്നിരിക്കട്ടെ. നമുക്ക് ഇങ്ങനെ ചിന്തിക്കാനാകും: ‘ഈ കൽപ്പന അല്ലെങ്കിൽ തത്ത്വം ജ്ഞാനമായിരിക്കുന്നത് എന്തുകൊണ്ടാണ്? ഇത് അനുസരിക്കുന്നതുകൊണ്ട് എനിക്കുള്ള പ്രയോജനങ്ങൾ എന്തെല്ലാമാണ്? ഇത് അവഗണിച്ചവർക്കു കയ്‌പേറിയ ഏതൊക്കെ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്?’ ഇങ്ങനെ യഹോവയുടെ നിലവാരങ്ങൾക്കനുസരിച്ച് നാം നമ്മുടെ മനസ്സാക്ഷിയെ പാകപ്പെടുത്തുമ്പോൾ, നമ്മുടെ തീരുമാനങ്ങൾ അവന്റെ ഇഷ്ടത്തിനു ചേർച്ചയിലായിരിക്കാനുള്ള സാധ്യത ഏറെയാണ്. ‘കർത്താവിന്റെ ഇഷ്ടം ഇന്നതെന്നു ഗ്രഹിക്കാനും’ അതിനു ചേർച്ചയിൽ ജീവിക്കാനും നമുക്കു സാധിക്കണം. (എഫെ. 5:17) എന്നാൽ ഇത് എല്ലായ്‌പോഴും എളുപ്പമല്ല.
ദൈവത്തിന്റെ അധികാരത്തിനു തുരങ്കംവെക്കാൻ സാത്താൻ വഴിതേടുന്നു
10. വിവാഹക്രമീകരണത്തിൽ യഹോവയുടെ അധികാരത്തിനു തുരങ്കംവെക്കാൻ സാത്താൻ ശ്രമിക്കുന്നത് എങ്ങനെ?
10 ദൈവത്തിന്റെ അധികാരത്തിനു തുരങ്കംവെക്കാൻ സാത്താൻ കാലങ്ങളായി കിണഞ്ഞു ശ്രമിക്കുന്നു. അവന്റെ ആ മത്സരമനോഭാവം പല കാര്യങ്ങളിലും പ്രതിഫലിച്ചുകാണാം. അതിന് ഒരു ഉദാഹരണമാണ് വിവാഹം എന്ന ദിവ്യ ക്രമീകരണത്തോടുള്ള അവമതിപ്പ്. ചിലർ വിവാഹിതരാകാതെ ഒന്നിച്ചു ജീവിക്കുന്നു, മറ്റുചിലർ തങ്ങളുടെ ഇണയിൽനിന്നു വേർപെടുന്നതിനു കുതന്ത്രങ്ങൾ മെനയുന്നു. “ഒരു ഇണ മാത്രം എന്ന സങ്കൽപ്പം പ്രായോഗികമല്ല” എന്ന ഒരു പ്രശസ്‌ത നടിയുടെ അഭിപ്രായമായിരിക്കാം ഈ രണ്ടുകൂട്ടർക്കും. “ഇണയോടു വിശ്വസ്‌തരായിരിക്കുന്ന അല്ലെങ്കിൽ അങ്ങനെ ആയിരിക്കാൻ ആഗ്രഹിക്കുന്ന ആരും എന്റെ അറിവിലില്ല,” അവർ കൂട്ടിച്ചേർത്തു. ഒരു പ്രശസ്‌ത നടൻ തന്റെ തകർന്ന ബന്ധങ്ങളെ അനുസ്‌മരിച്ചുകൊണ്ടു പറഞ്ഞു: “ആയുഷ്‌കാലം മുഴുവൻ ഒരൊറ്റ ഇണയോടൊപ്പം ജീവിക്കുക എന്നത് നമുക്കു പറഞ്ഞിട്ടുള്ള കാര്യമാണോയെന്ന് എനിക്കു സംശയമുണ്ട്.” അതുകൊണ്ട് ‘ദാമ്പത്യത്തിൽ യഹോവയുടെ മാർഗനിർദേശം അല്ലെങ്കിൽ അധികാരം ഞാൻ അംഗീകരിക്കുന്നുണ്ടോ, അതോ ഈ ലോകത്തിന്റെ അയഞ്ഞ മനോഭാവം എന്നെ സ്വാധീനിച്ചിട്ടുണ്ടോ?’ എന്നു നാം ചോദിക്കുന്നത് ഉചിതമായിരിക്കും.
11, 12. (എ) യഹോവയുടെ അധികാരത്തിനു കീഴ്‌പെടുന്നത് യുവാക്കൾക്കു പ്രയാസമായി തോന്നിയേക്കാവുന്നത് എന്തുകൊണ്ട്? (ബി) യഹോവയുടെ നിയമങ്ങളും തത്ത്വങ്ങളും അവഗണിക്കുന്നത് ഭോഷത്തമാണെന്നു തെളിയിക്കുന്ന ഒരനുഭവം പറയുക.
11 യഹോവയുടെ സംഘടനയോടൊത്തു സഹവസിക്കുന്ന യുവജനങ്ങളേ, സാത്താൻ നിങ്ങളെയും നോട്ടമിട്ടേക്കാം. ‘യൗവനമോഹങ്ങളും’ കൂട്ടുകാരിൽനിന്നുള്ള സമ്മർദവുംകൂടിയാകുമ്പോൾ ദൈവനിയമങ്ങൾ ഒരു ഭാരമാണെന്നു നിങ്ങൾക്കു തോന്നാനിടയുണ്ട്. (2 തിമൊ. 2:22) അതു സംഭവിക്കാതെ നോക്കണം. ദിവ്യനിലവാരങ്ങളിലെ ജ്ഞാനം കാണാൻ ശ്രമിക്കുക. “ദുർന്നടപ്പു വിട്ടു ഓടുവിൻ” എന്ന ബൈബിൾ ഉപദേശം ഉദാഹരണമായി എടുക്കുക. (1 കൊരി. 6:18) ഇവിടെയും പിൻവരുന്ന ചോദ്യങ്ങൾ ചോദിക്കാം: ‘ഈ ഉപദേശം ജ്ഞാനമായിരിക്കുന്നത് എന്തുകൊണ്ടാണ്? ഇത് അനുസരിക്കുന്നതുകൊണ്ടുള്ള പ്രയോജനം എന്താണ്?’ ദൈവിക നിയമങ്ങളെ കാറ്റിൽപ്പറത്തിയതിന്റെ ഫലമായി കനത്ത വിലയൊടുക്കേണ്ടിവന്ന ചിലരെയെങ്കിലും നിങ്ങൾക്കറിയാമായിരിക്കും. അവർ ഇപ്പോൾ യഥാർഥത്തിൽ സന്തോഷം അനുഭവിക്കുന്നുണ്ടോ? സഭയോടൊത്തു സഹവസിച്ചിരുന്ന കാലത്തെക്കാൾ മെച്ചമായ ഒരു ജീവിതമാണോ അവർക്കിപ്പോൾ ഉള്ളത്? മറ്റു ദൈവദാസർ കണ്ടെത്താതെപോയ സന്തുഷ്ടിയുടെ ഏതെങ്കിലും പുതിയ രഹസ്യം അവർക്കു കണ്ടെത്താനായോ?—യെശയ്യാവു 65:14 വായിക്കുക.
12 ക്രിസ്‌ത്യാനിയായ ഷാരോൺ കുറച്ചുനാൾമുമ്പ് പറഞ്ഞു: “യഹോവയുടെ നിയമം അവഗണിച്ചതുമൂലം എനിക്ക് എയ്‌ഡ്‌സ് പിടിപെട്ടു. യഹോവയുടെ സേവനത്തിൽ ചെലവഴിച്ച വർഷങ്ങൾ എത്ര സന്തോഷകരം ആയിരുന്നുവെന്നു പലപ്പോഴും ഞാൻ ഓർത്തുപോകാറുണ്ട്.” അവന്റെ നിയമങ്ങൾ ലംഘിച്ചത് മണ്ടത്തരമായിപ്പോയെന്നും അങ്ങേയറ്റം വിലമതിപ്പോടെ അവയെ വീക്ഷിക്കേണ്ടിയിരുന്നുവെന്നും വൈകിയെങ്കിലും അവൾ തിരിച്ചറിഞ്ഞു. യഹോവയുടെ നിയമങ്ങൾ നമ്മുടെ സംരക്ഷണത്തിനാണ്. ഇതെഴുതി ഏഴ് ആഴ്‌ചയ്‌ക്കുശേഷം അവൾ മരണമടഞ്ഞു. ഈ ദുഷ്ടവ്യവസ്ഥിതിയുടെ ഭാഗമായിത്തീരുന്നവർക്കു നൽകാൻ നല്ലതൊന്നും സാത്താന്റെ പക്കലില്ല എന്ന് ഷാരോണിന്റെ ദുരന്തം കാണിക്കുന്നു. ‘ഭോഷ്‌കിന്റെ അപ്പനായ’ അവൻ ഹവ്വായ്‌ക്കു നൽകിയതുപോലെ പല വാഗ്‌ദാനങ്ങളും നൽകും, പക്ഷേ അവയൊന്നും നിറവേറ്റില്ലെന്നു മാത്രം. (യോഹ. 8:44) യഹോവയുടെ അധികാരത്തെ അംഗീകരിക്കുന്നത് എന്നും നമുക്കു നന്മ മാത്രമേ വരുത്തൂ.
തന്നിഷ്ടമനോഭാവം ഒഴിവാക്കുക
13. തന്നിഷ്ടമനോഭാവം ഒഴിവാക്കേണ്ട ഒരു മണ്ഡലം ഏത്?
13 യഹോവയുടെ അധികാരത്തിനു കീഴ്‌പെടുന്നതിനു തന്നിഷ്ടമനോഭാവം വിലങ്ങുതടിയായേക്കാം. ആരുടെയും മാർഗനിർദേശം ആവശ്യമില്ലെന്നു ചിന്തിക്കാൻ അഹങ്കാരം ഇടയാക്കും. ഉദാഹരണത്തിന്, ദൈവജനത്തിനു നേതൃത്വം നൽകുന്നവരുടെ മാർഗനിർദേശം കേൾക്കാൻ അഹങ്കാരിയായ ഒരു വ്യക്തി കൂട്ടാക്കിയെന്നു വരില്ല. തന്റെ ജനത്തിനു തക്കസമയത്ത് ആത്മീയ ആഹാരം വിതരണം ചെയ്യാൻ യഹോവ ഇന്ന് ഉപയോഗിക്കുന്നത് വിശ്വസ്‌തനും വിവേകിയുമായ അടിമയെ മാത്രമാണെന്ന് നാം താഴ്‌മയോടെ അംഗീകരിക്കണം. (മത്താ. 24:45-47) വിശ്വസ്‌ത അപ്പൊസ്‌തലന്മാരെപ്പോലെ ആയിരിക്കുക. ചില ശിഷ്യന്മാർ ഇടറിപ്പോയപ്പോൾ “നിങ്ങൾക്കും പൊയ്‌കൊൾവാൻ മനസ്സുണ്ടോ” എന്നു യേശു തന്റെ അപ്പൊസ്‌തലന്മാരോടു ചോദിച്ചു. അപ്പോൾ പത്രൊസിന്റെ മറുപടി ഇതായിരുന്നു: “കർത്താവേ, ഞങ്ങൾ ആരുടെ അടുക്കൽ പോകും? നിത്യജീവന്റെ വചനങ്ങൾ നിന്റെ പക്കൽ ഉണ്ട്.”—യോഹ. 6:66-68.
14, 15. ബൈബിളിന്റെ ഉപദേശം നാം താഴ്‌മയോടെ സ്വീകരിക്കേണ്ടത് എന്തുകൊണ്ട്?
14 യഹോവയുടെ അധികാരം അംഗീകരിക്കുന്നതിൽ അവന്റെ വചനത്തിൽ അധിഷ്‌ഠിതമായ ബുദ്ധിയുപദേശം അനുസരിക്കുന്നതും ഉൾപ്പെടുന്നു. ഉദാഹരണത്തിന്, “ഉറങ്ങാതെ ഉണർന്നും സുബോധമായുമിരിക്ക” എന്ന് വിശ്വസ്‌തനും വിവേകിയുമായ അടിമ നമ്മെ ഉദ്‌ബോധിപ്പിക്കുന്നു. (1 തെസ്സ. 5:6) അനേകരും “സ്വസ്‌നേഹികളും ദ്രവ്യാഗ്രഹികളും” ആയിരിക്കുന്ന ഈ അന്ത്യകാലത്ത് ഇത്തരം ഉപദേശങ്ങൾ തികച്ചും സമയോചിതമാണ്. (2 തിമൊ. 3:1, 2) ഈ ലോകത്തിന്റെ പ്രബലചിന്താഗതികൾ നമ്മെയും സ്വാധീനിക്കാനിടയുണ്ട്. ലൗകികലക്ഷ്യങ്ങൾ ആത്മീയ ഉറക്കത്തിലേക്കോ ഭൗതികത്വ ചിന്താഗതി പിന്തുടരുന്നതിലേക്കോ നമ്മെ നയിച്ചേക്കാം. (ലൂക്കൊ. 12:16-21) അതുകൊണ്ട് ബൈബിളിന്റെ ഉപദേശം അനുസരിക്കുന്നതും സാത്താന്റെ ലോകത്തിന്റെ മുഖമുദ്രയായ സ്വാർഥജീവിതം ഒഴിവാക്കുന്നതുമല്ലേ ബുദ്ധി?—1 യോഹ. 2:16.
15 വിശ്വസ്‌തനും വിവേകിയുമായ അടിമ തയ്യാറാക്കുന്ന ആത്മീയ ആഹാരം നിയമിത മൂപ്പന്മാർവഴി പ്രാദേശിക സഭകളിൽ വിതരണം ചെയ്യപ്പെടുന്നു. “നിങ്ങളെ നടത്തുന്നവരെ അനുസരിച്ചു കീഴടങ്ങിയിരിപ്പിൻ; അവർ കണക്കു ബോധിപ്പിക്കേണ്ടുന്നവരാകയാൽ നിങ്ങളുടെ ആത്മാക്കൾക്കു വേണ്ടി ജാഗരിച്ചിരിക്കുന്നു; ഇതു അവർ ഞരങ്ങിക്കൊണ്ടല്ല സന്തോഷത്തോടെ ചെയ്‌വാൻ ഇടവരുത്തുവിൻ; അല്ലാഞ്ഞാൽ നിങ്ങൾക്കു നന്നല്ല” എന്നു ബൈബിൾ പ്രോത്സാഹിപ്പിക്കുന്നു. (എബ്രാ. 13:17) എന്നാൽ മൂപ്പന്മാർ വീഴ്‌ചകളൊന്നും വരുത്തില്ല എന്നാണോ ഇതിനർഥം? അല്ലേയല്ല! ഏതൊരു മനുഷ്യനും കാണാൻ കഴിയുന്നതിനെക്കാൾ വ്യക്തമായി യഹോവയ്‌ക്ക് അവരുടെ അപൂർണതകൾ കാണാൻ കഴിയും. എന്നിരുന്നാലും നാം അവർക്കു കീഴ്‌പെട്ടിരിക്കാൻ അവൻ പ്രതീക്ഷിക്കുന്നു. മൂപ്പന്മാരുമായി സഹകരിക്കുന്നത്, അവർ അപൂർണരാണെങ്കിൽപ്പോലും, യഹോവയുടെ അധികാരം നാം അംഗീകരിക്കുന്നു എന്നതിന്റെ തെളിവാണ്.
താഴ്‌മയുടെ പ്രാധാന്യം
16. സഭയുടെ ശിരസ്സെന്ന നിലയിൽ യേശുവിനെ നമുക്ക് എങ്ങനെ ബഹുമാനിക്കാം?
16 സഭയുടെ യഥാർഥ ശിരസ്സ് യേശുക്രിസ്‌തുവാണെന്ന് നാം സദാ ഓർക്കണം. (കൊലൊ. 1:18) നിയമിത മൂപ്പന്മാരുടെ നിർദേശങ്ങൾ നാം താഴ്‌മയോടെ സ്വീകരിക്കുകയും അവരെ ‘അത്യധികം സ്‌നേഹത്തോടെ ബഹുമാനിക്കുകയും’ ചെയ്യാൻ അതു നമ്മെ സഹായിക്കും. (1 തെസ്സ. 5:12, 13, പി.ഒ.സി. ബൈബിൾ) സ്വന്ത വീക്ഷണങ്ങളല്ല മറിച്ച് ദൈവവചനം പഠിപ്പിക്കാൻ ശ്രദ്ധിച്ചുകൊണ്ട് മൂപ്പന്മാർക്കും കീഴ്‌പെടൽ മനോഭാവം പ്രകടമാക്കാനാകും. സ്വന്ത ആശയങ്ങൾ ഉന്നമിപ്പിക്കുകയെന്ന ലക്ഷ്യത്തിൽ അവർ “എഴുതിയിരിക്കുന്നതിന്നു അപ്പുറം” പോകില്ല.—1 കൊരി. 4:6.
17. അതിമോഹം അപകടകരം ആയിരിക്കുന്നത് എന്തുകൊണ്ട്?
17 “സ്വന്തമഹത്വം” തേടുന്നതിൽനിന്ന് എല്ലാവരും ഒഴിഞ്ഞുനിൽക്കണം. (സദൃ. 25:27, ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം) ഈ കെണിയിൽവീണ ദിയൊത്രെഫേസിനെക്കുറിച്ച് അപ്പൊസ്‌തലനായ യോഹന്നാൻ എഴുതി: “പ്രധാനിയാകുവാൻ ആഗ്രഹിക്കുന്ന ദിയൊത്രെഫേസ് ഞങ്ങളെ കൂട്ടാക്കുന്നില്ല. അതുകൊണ്ടു ഞാൻ വന്നാൽ അവൻ ഞങ്ങളെ ദുർവ്വാക്കു പറഞ്ഞു ശകാരിച്ചുകൊണ്ടു ചെയ്യുന്ന പ്രവൃത്തി അവന്നു ഓർമ്മ വരുത്തും.” (3 യോഹ. 9, 10) ഇതിൽ നമുക്കും ഒരു പാഠം ഉണ്ട്. അതിമോഹത്തിന്റെ ലാഞ്ചനപോലും നാം തുടച്ചുനീക്കണം. ബൈബിൾ പറയുന്നു: “നാശത്തിന്നു മുമ്പെ ഗർവ്വം; വീഴ്‌ചക്കു മുമ്പെ ഉന്നതഭാവം.” ദൈവത്തിന്റെ അധികാരത്തിനു കീഴ്‌പെടാൻ ആഗ്രഹിക്കുന്നവർ അഹങ്കാരം ഒഴിവാക്കണം; അല്ലാഞ്ഞാൽ അവർക്കു ലജ്ജിക്കേണ്ടിവരും.—സദൃ. 11:2; 16:18.
18. യഹോവയുടെ അധികാരം അംഗീകരിക്കാൻ നമ്മെ എന്തു സഹായിക്കും?
18 യഹോവയുടെ അധികാരത്തിനു കീഴ്‌പെടുമെന്നും ലോകത്തിന്റെ തന്നിഷ്ടമനോഭാവത്തെ ചെറുക്കുമെന്നും നിശ്ചയിക്കുക. യഹോവയെ സേവിക്കാൻ ലഭിച്ചിരിക്കുന്ന അമൂല്യ പദവിയെക്കുറിച്ചു സമയാസമയം ധ്യാനിക്കുക. നിങ്ങൾ ദൈവജനത്തോടൊപ്പം ആയിരിക്കുന്നത് ദൈവം തന്റെ ആത്മാവിനാൽ നിങ്ങളെ ആകർഷിച്ചിരിക്കുന്നു എന്നതിന്റെ തെളിവാണ്. (യോഹ. 6:44) ദൈവവുമായുള്ള ബന്ധത്തെ ഒരിക്കലും ലാഘവത്തോടെ വീക്ഷിക്കരുത്. ജീവിതത്തിന്റെ എല്ലാ മേഖലകളിലും തന്നിഷ്ടമനോഭാവത്തെ ചെറുത്തുകൊണ്ട് യഹോവയുടെ അധികാരത്തിനു കീഴ്‌പെടാൻ യത്‌നിക്കുക.
നിങ്ങൾ ഓർമിക്കുന്നുവോ?
• യഹോവയുടെ അധികാരം അംഗീകരിക്കുന്നതിൽ എന്ത് ഉൾപ്പെട്ടിരിക്കുന്നു?
• നമ്മുടെ ഇന്ദ്രിയങ്ങളെ പരിശീലിപ്പിക്കുന്നതും യഹോവയുടെ അധികാരം അംഗീകരിക്കുന്നതും തമ്മിൽ എന്തു ബന്ധമാണുള്ളത്?
• ഏതൊക്കെ മണ്ഡലങ്ങളിലാണ് ദൈവത്തിന്റെ അധികാരത്തിനു തുരങ്കംവെക്കാൻ സാത്താൻ ശ്രമിക്കുന്നത്?
• യഹോവയുടെ അധികാരം അംഗീകരിക്കുന്നതിൽ താഴ്‌മ ഉൾപ്പെട്ടിരിക്കുന്നത് എങ്ങനെ?
[അധ്യയന ചോദ്യങ്ങൾ]
[18-ാം പേജിലെ ചിത്രം]
“മനുഷ്യരെക്കാൾ ദൈവത്തെ അനുസരിക്കേണ്ടതാകുന്നു”
[20-ാം പേജിലെ ചിത്രം]
ദൈവത്തിന്റെ നിലവാരങ്ങൾ പിൻപറ്റുന്നത് എല്ലായ്‌പോഴും ബുദ്ധിയാണ്