വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

റോമർക്ക്‌ എഴുതിയ ലേഖനത്തിൽനിന്നുള്ള വിശേഷാശയങ്ങൾ

റോമർക്ക്‌ എഴുതിയ ലേഖനത്തിൽനിന്നുള്ള വിശേഷാശയങ്ങൾ

യഹോവയുടെ വചനം ജീവനുള്ളത്‌

റോമർക്ക്‌ എഴുതിയ ലേഖനത്തിൽനിന്നുള്ള വിശേഷാശയങ്ങൾ

അപ്പൊസ്‌തലനായ പൗലൊസ്‌ തന്റെ മൂന്നാം മിഷനറി യാത്രയ്‌ക്കിടെ കൊരിന്തിൽ എത്തിച്ചേരുന്നു, എ.ഡി. 56-നോട്‌ അടുത്ത്‌. റോമിലെ യെഹൂദന്മാരും വിജാതീയരുമായ ക്രിസ്‌ത്യാനികൾക്കിടയിലെ ഭിന്നത ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന്‌ ക്രിസ്‌തുവിൽ അവരെ ഒന്നിപ്പിക്കാൻ അപ്പൊസ്‌തലൻ അവർക്ക്‌ ഒരു ലേഖനമെഴുതുന്നു.

റോമർക്കുള്ള ആ ലേഖനത്തിൽ, മനുഷ്യർ നീതിമാന്മാരായി പ്രഖ്യാപിക്കപ്പെടുന്നത്‌ എങ്ങനെയെന്നും അവർ എപ്രകാരമാണ്‌ ജീവിക്കേണ്ടതെന്നും പൗലൊസ്‌ വിശദീകരിക്കുന്നുണ്ട്‌. കൂടാതെ അത്‌, ദൈവത്തെയും അവന്റെ വചനത്തെയും കുറിച്ചുള്ള നമ്മുടെ അറിവിന്റെ ആഴം വർധിപ്പിക്കുന്നു, ദൈവത്തിന്റെ അനർഹദയയ്‌ക്ക്‌ ഊന്നൽ നൽകുന്നു, നമ്മെ രക്ഷിക്കുന്നതിലുള്ള ക്രിസ്‌തുവിന്റെ പങ്കിന്‌ അടിവരയിടുന്നു.—എബ്രാ. 4:12.

നീതിമാന്മാരായി പ്രഖ്യാപിക്കപ്പെടുന്നത്‌ എങ്ങനെ?

(റോമ. 1:1-11:36)

പൗലൊസ്‌ പറയുന്നു: “എല്ലാവരും പാപം ചെയ്‌തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീർന്നു, അവന്റെ കൃപയാൽ ക്രിസ്‌തുയേശുവിങ്കലെ വീണ്ടെടുപ്പുമൂലം സൌജന്യമായത്രേ നീതീകരിക്കപ്പെടുന്നത്‌.” തുടർന്ന്‌ ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “മനുഷ്യൻ ന്യായപ്രമാണത്തിന്റെ പ്രവൃത്തികൂടാതെ വിശ്വാസത്താൽതന്നേ നീതീകരിക്കപ്പെടുന്നു.” (റോമ. 3:23, 24, 28) “ഏകനീതിയാൽ” അഭിഷിക്ത ക്രിസ്‌ത്യാനികൾക്കും ‘വേറെ ആടുകളുടെ മഹാപുരുഷാരത്തിനും’ ‘നീതീകരിക്കപ്പെടാനാകും’—ആദ്യത്തവർ ക്രിസ്‌തുവിന്റെ കൂട്ടവകാശികൾ എന്നനിലയിൽ സ്വർഗീയ ജീവനായും രണ്ടാമത്തവർ “മഹാകഷ്ട”ത്തെ അതിജീവിക്കാനുള്ള പ്രത്യാശയോടെ ദൈവത്തിന്റെ സ്‌നേഹിതരായും.—റോമ. 5:18; വെളി. 7:9, 14; യോഹ. 10:16; യാക്കോ. 2:21-24; മത്താ. 25:46.

“ന്യായപ്രമാണത്തിന്നല്ല കൃപെക്കത്രേ അധീനരാകയാൽ നാം പാപം ചെയ്‌ക എന്നോ?” പൗലൊസ്‌ ചോദിക്കുന്നു. “ഒരുനാളും അരുത്‌” എന്നു പറഞ്ഞിട്ട്‌ അവൻ തുടരുന്നു: “ഒന്നുകിൽ മരണത്തിന്നായി പാപത്തിന്റെ ദാസന്മാർ, അല്ലെങ്കിൽ നീതിക്കായി അനുസരണത്തിന്റെ ദാസന്മാർ തന്നേ.” (റോമ. 6:15, 16) “ആത്മാവിനാൽ ശരീരത്തിന്റെ പ്രവൃത്തികളെ മരിപ്പിക്കുന്നു എങ്കിലോ നിങ്ങൾ ജീവിക്കും,” അപ്പൊസ്‌തലൻ വ്യക്തമാക്കി—റോമ. 8:13.

തിരുവെഴുത്തു ചോദ്യങ്ങൾക്കുള്ള ഉത്തരം:

1:24-32—ഇവിടെ പറഞ്ഞിരിക്കുന്ന അധഃപതനം യഹൂദന്മാരെയോ വിജാതീയരെയോ കുറിച്ചുള്ളതാണോ? രണ്ടുകൂട്ടർക്കും ഈ വിവരണം ഇണങ്ങുമെങ്കിലും വിശ്വാസത്യാഗികളായ പുരാതന ഇസ്രായേല്യരെയാണ്‌ പൗലൊസ്‌ ഉദ്ദേശിച്ചത്‌. ദൈവത്തിന്റെ നീതിയുള്ള വിധികളെ അറിഞ്ഞിരുന്നെങ്കിലും ‘ദൈവത്തെ പരിജ്ഞാനത്തിൽ ധരിപ്പാൻ ഇഷ്ടമില്ലായിരുന്നു’ അവർക്ക്‌. അങ്ങനെ അവർ കുറ്റക്കാരായിത്തീർന്നു.

3:24-26—മറുവില നൽകപ്പെടുന്നതിനുമുമ്പുള്ള ‘പാപങ്ങൾ’ ക്ഷമിക്കാൻ ദൈവത്തിനു കഴിയുമായിരുന്നത്‌ എങ്ങനെ? ഉല്‌പത്തി 3:15-ലെ, മിശിഹായെ സംബന്ധിച്ച ആദ്യപ്രവചനം എ.ഡി. 33-ൽ നിറവേറുകയുണ്ടായി, യേശുവിനെ വധിച്ച സമയത്ത്‌. (ഗലാ. 3:13, 16) യഹോവയുടെ വീക്ഷണത്തിൽ, മറുവില സംബന്ധിച്ച ആ പ്രവചനം ഉച്ചരിച്ചത്‌, മറുവില നൽകിയതിനു തുല്യമായിരുന്നു. കാരണം, ദൈവത്തിന്റെ ഉദ്ദേശ്യത്തിനു തടയിടാൻ യാതൊന്നിനുമാവില്ല. അതുകൊണ്ട്‌ ഭാവിയിൽ നടക്കാനിരുന്ന മറുവിലയാഗത്തിന്റെ അടിസ്ഥാനത്തിൽ, ആദാമിന്റെ സന്തതികളുടെ പാപം ക്ഷമിക്കാൻ ദൈവത്തിനാകുമായിരുന്നു, അവർ യഹോവയുടെ ആ വാഗ്‌ദാനത്തിൽ വിശ്വാസമർപ്പിക്കുന്നപക്ഷം. ക്രിസ്‌തീയപൂർവ കാലത്തുള്ളവരുടെ പുനരുത്ഥാനവും ഇതു സാധ്യമാക്കിത്തീർക്കുന്നു.—പ്രവൃ. 24:15.

6:3-5—ക്രിസ്‌തുയേശുവിനോടു ചേരാനുള്ള സ്‌നാനവും അവന്റെ മരണത്തിൽ പങ്കാളികളാകാനുള്ള സ്‌നാനവും എന്തർഥമാക്കുന്നു? ക്രിസ്‌തുവിന്റെ അനുഗാമികളെ യഹോവ പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യുമ്പോൾ അവർ യേശുവിൽ ഏകീകരിക്കപ്പെടുകയും അവന്റെ ശരീരമാകുന്ന സഭയിലെ അംഗങ്ങളായിത്തീരുകയും ചെയ്യുന്നു. ക്രിസ്‌തുവാണ്‌ അതിന്റെ ശിരസ്സ്‌. (1 കൊരി. 12:12, 13, 27; കൊലൊ. 1:18) ഇതാണ്‌ ക്രിസ്‌തുവിനോടു ചേരാനുള്ള സ്‌നാനം. ത്യാഗപൂർണമായ ഒരു ജീവിതം നയിച്ചുകൊണ്ടും ഭൂമിയിൽ നിത്യം ജീവിക്കാനുള്ള എല്ലാ പ്രത്യാശയും വെടിഞ്ഞുകൊണ്ടും അഭിഷിക്ത ക്രിസ്‌ത്യാനികൾ ‘ക്രിസ്‌തുവിന്റെ മരണത്തിൽ പങ്കാളികളാകാനുള്ള സ്‌നാനമേൽക്കുന്നു.’ യേശുവിന്റേതുപോലുള്ള ഒരു മരണമാണ്‌ ഇവരുടേതും, അതിന്‌ വീണ്ടെടുപ്പുമൂല്യം ഇല്ലെങ്കിലും. മരിച്ച്‌ സ്വർഗീയ ജീവനിലേക്കു പുനരുത്ഥാനം പ്രാപിക്കുന്നതോടെ, ക്രിസ്‌തുവിന്റെ മരണത്തിൽ പങ്കാളികളാകാനുള്ള അവരുടെ സ്‌നാനം പൂർത്തിയാകുന്നു.

7:8-11—⁠ ന്യായപ്രമാണം പാപത്തിന്‌ അവസരം നൽകിയത്‌ എങ്ങനെ? പാപത്തെ അതിന്റെ പൂർണമായ അർഥത്തിൽ മനസ്സിലാക്കാനും തങ്ങൾ പാപികളാണെന്ന വസ്‌തുത കൂടുതൽ വ്യക്തമായി കാണാനും ന്യായപ്രമാണം ആളുകളെ സഹായിച്ചു. തത്‌ഫലമായി, ചെയ്‌തുകൊണ്ടിരുന്ന പലതും പാപമാണെന്നും തങ്ങൾ പാപികളാണെന്നും അനേകർ തിരിച്ചറിയാനിടയായി. അങ്ങനെ, പാപത്തിന്‌ കൽപ്പനയിലൂടെ അവസരം ലഭിച്ചെന്നു പറയാനാകും.

നമുക്കുള്ള പാഠങ്ങൾ:

1:14, 15. ഉത്സാഹത്തോടെ സുവാർത്ത പ്രസംഗിക്കാൻ നമുക്ക്‌ സകല കാരണവുമുണ്ട്‌. യേശുവിന്റെ രക്തത്താൽ വിലയ്‌ക്കു വാങ്ങപ്പെട്ടവരോട്‌ നാം കടക്കാരായതിനാൽ അവരെ ആത്മീയമായി സഹായിക്കാൻ ബാധ്യസ്ഥരാണെന്നതാണ്‌ ഒരു കാരണം.

1:18-20. ദൈവത്തിന്റെ അദൃശ്യലക്ഷണങ്ങൾ സൃഷ്ടിക്രിയകളിൽ പ്രകടമായിരിക്കുന്നതിനാൽ, അഭക്തർക്കും നീതികെട്ടവർക്കും “പ്രതിവാദമില്ല” അതായത്‌, ഒഴികഴിവില്ല.

2:28; 3:1, 2; 7:6, 7യഹൂദന്മാരെ ചൊടിപ്പിച്ചേക്കാവുന്ന പ്രസ്‌താവനകൾ നടത്തിയ പൗലൊസ്‌ പിന്നെ അതിനെ മയപ്പെടുത്തിക്കൊണ്ട്‌ സംസാരിച്ചു. ആളുകളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയേക്കാവുന്ന വിഷയങ്ങൾ കൈകാര്യം ചെയ്യേണ്ടിവരുമ്പോൾ നയവും വിവേചനയും ഉള്ളവരായിരിക്കേണ്ടത്‌ എങ്ങനെയെന്ന്‌ ഇതു നമ്മെ പഠിപ്പിക്കുന്നു.

3:4. മനുഷ്യരുടെ വാക്കുകൾ ദൈവവചനത്തിലെ കൽപ്പനകൾക്ക്‌ വിരുദ്ധമായി വരുമ്പോൾ ബൈബിളിന്റെ സന്ദേശത്തിൽ ആശ്രയമർപ്പിച്ചുകൊണ്ടും ദൈവേഷ്ടത്തിന്‌ ചേർച്ചയിൽ പ്രവർത്തിച്ചുകൊണ്ടും “ദൈവം സത്യവാൻ” ആണെന്നു നാം പ്രകടമാക്കുന്നു. രാജ്യപ്രസംഗ-ശിഷ്യരാക്കൽ വേലയിൽ തീക്ഷ്‌ണതയോടെ ഏർപ്പെട്ടുകൊണ്ട്‌ ദൈവം സത്യവാനാണെന്നു മനസ്സിലാക്കാൻ നമുക്ക്‌ മറ്റുള്ളവരെ സഹായിക്കാം.

4:9-12. അബ്രഹാം 99-ാം വയസ്സിൽ പരിച്ഛേദനയേൽക്കുന്നതിന്‌ വളരെക്കാലംമുമ്പേ വിശ്വാസം നിമിത്തം നീതിമാനായി എണ്ണപ്പെട്ടു. (ഉല്‌പ. 12:4; 15:6; 16:3; 17:1, 9, 10) തന്റെ മുമ്പാകെ നീതിയുള്ള ഒരു നില എങ്ങനെ നേടാമെന്ന്‌ അതിലൂടെ ദൈവം വ്യക്തമാക്കി.

4:18. വിശ്വാസത്തിന്റെ ഒരു അവിഭാജ്യഘടകമാണ്‌ ആശ അഥവാ പ്രത്യാശ. നമ്മുടെ വിശ്വാസം പ്രത്യാശയിൽ അധിഷ്‌ഠിതമാണ്‌.—എബ്രാ. 11:1.

5:18, 19. യേശു ആദാമിന്‌ തുല്യനായിരിക്കുന്നത്‌ എങ്ങനെയെന്ന്‌ യുക്തിസഹമായി കാണിച്ചുകൊണ്ട്‌, ഒരു മനുഷ്യന്‌ “അനേകർക്കു വേണ്ടി തന്റെ ജീവനെ മറുവിലയായി” കൊടുക്കാൻ കഴിയുന്ന വിധം പൗലൊസ്‌ ഹ്രസ്വമായി വിശദീകരിക്കുന്നു. (മത്താ. 20:28) കുറിക്കുകൊള്ളുന്ന വാക്കുകൾ ഉപയോഗിക്കുന്നതും യുക്തിസഹമായ പ്രസ്‌താവനകൾ നടത്തുന്നതും നല്ല അധ്യാപനരീതിയിൽപ്പെടുന്നു. നമുക്കും അത്‌ അനുകരിക്കാം.—1 കൊരി. 4:17.

7:23. കാല്‌, കൈ, നാവ്‌ എന്നിങ്ങനെയുള്ള അവയവങ്ങൾ നമ്മെ ‘പാപപ്രമാണത്തിന്നു ബദ്ധരാക്കുമെന്നതിനാൽ’ അവ ദുരുപയോഗം ചെയ്യുന്നതിനെതിരെ നാം ജാഗ്രത പാലിക്കണം.

8:26, 27. പ്രാർഥനയിൽ എന്തു പറയണമെന്ന്‌ അറിയാതെവരുന്നത്ര ക്ലേശകരമായ സാഹചര്യങ്ങളിൽ ‘ആത്മാവു നമുക്കു വേണ്ടി പക്ഷവാദം ചെയ്യുന്നു [“യാചന കഴിക്കുന്നു,” NW].’ അപ്പോൾ “പ്രാർത്ഥന കേൾക്കുന്നവനായ” യഹോവ തന്റെ വചനത്തിലുള്ള, നമ്മുടെ സാഹചര്യത്തിന്‌ ഇണങ്ങുന്ന, പ്രാർഥനകൾ നമ്മുടെതന്നെ പ്രാർഥനകളായി കണക്കാക്കും.—സങ്കീ. 65:2.

8:38, 39. ദുരന്തങ്ങൾക്കോ ദുഷ്ടാത്മശക്തികൾക്കോ മാനുഷ ഗവൺമെന്റുകൾക്കോ ഒന്നും നമ്മെ സ്‌നേഹിക്കുന്നതിൽനിന്നു ദൈവത്തെ തടയാനാവില്ല; ദൈവത്തെ സ്‌നേഹിക്കുന്നതിൽനിന്ന്‌ ഇവ നമ്മെയും തടയരുത്‌.

9:22-28; 11:1, 5, 17-26. ഇസ്രായേലിന്റെ പുനഃസ്ഥിതീകരണത്തോടു ബന്ധപ്പെട്ട പല പ്രവചനങ്ങളും അഭിഷിക്ത ക്രിസ്‌ത്യാനികളുടെ സഭയിൽ നിവൃത്തിയേറി. ഇതിലെ അംഗങ്ങൾ “യെഹൂദന്മാരിൽനിന്നു മാത്രമല്ല, ജാതികളിൽനിന്നും” വിളിക്കപ്പെട്ടവരാണ്‌.

10:10, 13, 14. ദൈവത്തോടും സഹമനുഷ്യരോടും ഉള്ള സ്‌നേഹവും യഹോവയിലും അവന്റെ വാഗ്‌ദാനങ്ങളിലും ഉള്ള ശക്തമായ വിശ്വാസവുമാണ്‌ ക്രിസ്‌തീയ ശുശ്രൂഷയിൽ തീക്ഷ്‌ണതയുള്ളവരായിരിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നത്‌.

11:16-24, 33. ദൈവത്തിന്റെ “ദയയും ഖണ്ഡിതവും [“കാർക്കശ്യവും,” ഓശാന ബൈബിൾ]” എത്ര നന്നായി ചേർന്നുപോകുന്നു! അതേ, “അവൻ പാറ; അവന്റെ പ്രവൃത്തി അത്യുത്തമം. അവന്റെ വഴികൾ ഒക്കെയും ന്യായം.”—ആവ. 32:4.

നീതിനിഷ്‌ഠമായ നിലയ്‌ക്കു ചേർച്ചയിൽ ജീവിക്കുക

(റോമ. 12:1-16:27)

പൗലൊസ്‌ പറയുന്നു: “ആകയാൽ സഹോദരരേ, ദൈവത്തിന്റെ കാരുണ്യം അനുസ്‌മരിച്ചുകൊണ്ട്‌ ഞാൻ നിങ്ങളോട്‌ അപേക്ഷിക്കുന്നു: നിങ്ങളുടെ ശരീരങ്ങളെ വിശുദ്ധവും ദൈവത്തിനു പ്രീതികരവുമായ സജീവബലിയായി സമർപ്പിക്കുവിൻ” (റോമ. 12:1, പി.ഒ.സി. ബൈബിൾ) “ആകയാൽ,” അഥവാ വിശ്വാസം നിമിത്തം ക്രിസ്‌ത്യാനികൾക്ക്‌ നീതിനിഷ്‌ഠമായ ഒരു നിലയുണ്ട്‌ എന്നതിനാൽ, പൗലൊസ്‌ അടുത്തതായി പറയുന്ന കാര്യങ്ങൾ തങ്ങളോടുതന്നെയും മറ്റുള്ളവരോടും ഗവൺമെന്റ്‌ അധികാരങ്ങളോടും ഉള്ള അവരുടെ മനോഭാവത്തെ സ്വാധീനിക്കേണ്ടതാണ്‌.

ഭാവിക്കേണ്ടതിന്നു മീതെ ഭാവിച്ചുയരരുതെന്നും നിങ്ങളുടെ സ്‌നേഹം നിർവ്യാജം ആയിരിക്കട്ടെ എന്നും പൗലൊസ്‌ ഉദ്‌ബോധിപ്പിക്കുന്നു. (റോമ. 12:3, 9) “ഏതു മനുഷ്യനും ശ്രേഷ്‌ഠാധികാരങ്ങൾക്കു കീഴടങ്ങട്ടെ.” (റോമ. 13:1) മനസ്സാക്ഷിപരമായ കാര്യങ്ങളിൽ ‘അന്യോന്യം വിധിക്കാതിരിക്കാനും’ അദ്ദേഹം ക്രിസ്‌ത്യാനികളെ പ്രോത്സാഹിപ്പിക്കുന്നു.—റോമ. 14:13.

തിരുവെഴുത്തു ചോദ്യങ്ങൾക്കുള്ള ഉത്തരം:

12:20—ശത്രുവിന്റെ ‘തലമേൽ തീക്കനൽ കുന്നിക്കുന്നത്‌’ എങ്ങനെ? ബൈബിൾ കാലങ്ങളിൽ, അയിര്‌ ചൂളയിൽവെച്ച്‌ മുകളിലും താഴെയും കൽക്കരിയിട്ട്‌ ചൂടാക്കുന്നത്‌ സാധാരണമായിരുന്നു. മുകളിലുള്ള കടുത്തചൂട്‌ നിമിത്തം ലോഹം ഉരുകി മാലിന്യങ്ങൾ വേർതിരിയാൻ ഇടയാക്കും. അതുപോലെ, നമ്മുടെ ദയാപ്രവൃത്തികളാൽ ശത്രുവിന്റെ ‘കാഠിന്യത്തിന്‌’ മാറ്റംവന്ന്‌ സത്‌ഗുണങ്ങൾ പ്രകടമാകാൻ ഇടയാകുന്നു. ഇപ്രകാരമാണ്‌ അയാളുടെ തലമേൽ നാം തീക്കനൽ കുന്നിക്കുന്നത്‌.

12:21—നാം ‘നന്മയാൽ തിന്മയെ ജയിക്കുന്നത്‌’ എങ്ങനെ? മതി എന്നു യഹോവ പറയുന്നതുവരെ രാജ്യസുവാർത്ത ഘോഷിക്കുകയെന്ന ദിവ്യനിയമനത്തോട്‌ നിർഭയം പറ്റിനിൽക്കുന്നതാണ്‌ ഒരു വിധം.—മർക്കൊ. 13:10.

13:1—ശ്രേഷ്‌ഠാധികാരങ്ങൾ ‘ദൈവത്താൽ നിയമിക്കപ്പെട്ടിരിക്കുന്നത്‌’ഏതർഥത്തിൽ? ശ്രേഷ്‌ഠാധികാരങ്ങൾ ദൈവത്തിന്റെ അനുമതിയോടെയാണ്‌ ഭരിക്കുന്നത്‌; ചിലപ്പോഴൊക്കെ ദൈവം അവരുടെ ഭരണം മുൻകൂട്ടിക്കാണുകയും ചെയ്‌തിരുന്നു. പല ഭരണാധികാരികളെയും കുറിച്ചുള്ള ബൈബിൾ പ്രവചനങ്ങൾ ഇത്‌ വ്യക്തമാക്കുന്നു.

നമുക്കുള്ള പാഠങ്ങൾ:

12:17, 19. നാം പ്രതികാരം ചെയ്‌താൽ, അത്‌ യഹോവയുടെ അവകാശത്തിൽ കൈകടത്തുന്നതിനു തുല്യമാണ്‌. ആ സ്ഥിതിക്ക്‌, “തിന്മെക്കു പകരം, തിന്മ” ചെയ്‌താൽ അതു ധിക്കാരമാവില്ലേ?

14:14, 15. നാം കൊടുക്കുന്ന ഭക്ഷണപാനീയങ്ങൾ സഹോദരനെ ദുഃഖിപ്പിക്കുന്നതോ ഇടറിക്കുന്നതോ ആയിരിക്കരുത്‌.

14:17. ദൈവമുമ്പാകെയുള്ള ഒരു നല്ല നില മുഖ്യമായും ആശ്രയിച്ചിരിക്കുന്നത്‌ നാം എന്തു കഴിക്കുന്നു, എന്തു കഴിക്കാതിരിക്കുന്നു എന്നതിലല്ല. നീതി, സമാധാനം, സന്തോഷം എന്നീ ഗുണങ്ങളുമായാണ്‌ അതു ബന്ധപ്പെട്ടിരിക്കുന്നത്‌.

15:7. സത്യാന്വേഷികളെ നാം മുഖപക്ഷം കൂടാതെ സഭയിലേക്ക്‌ ആനയിക്കുകയും കണ്ടുമുട്ടുന്ന ഏവരോടും രാജ്യദൂത്‌ ഘോഷിക്കുകയും വേണം.

[31-ാം പേജിലെ ചിത്രങ്ങൾ]

മറുവില നൽകപ്പെടുന്നതിനു മുമ്പുള്ളവർക്ക്‌ അതിന്റെ പ്രയോജനം ലഭിക്കുമോ?