വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

“യിസ്രായേൽ മുഴുവനും രക്ഷിക്കപ്പെടും” എന്ന്‌ അപ്പൊസ്‌തലനായ പൗലൊസ്‌ പറഞ്ഞല്ലോ. (റോമ. 11:26) യെഹൂദന്മാരെല്ലാം ഒരിക്കൽ ക്രിസ്‌ത്യാനിത്വം സ്വീകരിക്കുമെന്നായിരുന്നോ അതിനർഥം?

പൗലൊസ്‌ അതല്ല ഉദ്ദേശിച്ചത്‌. ഒരു ജനത എന്നനിലയിൽ അബ്രഹാമിന്റെ വംശജർ മിശിഹായായ യേശുവിനെ തള്ളിക്കളഞ്ഞു. യഹൂദന്മാർ ഒന്നടങ്കം ക്രിസ്‌ത്യാനിത്വം സ്വീകരിക്കില്ലെന്ന്‌ യേശുവിന്റെ മരണത്തെ തുടർന്നുള്ള വർഷങ്ങളിൽ വ്യക്തമായിത്തീർന്നു. “യിസ്രായേൽ മുഴുവനും രക്ഷിക്കപ്പെടും” എന്ന പ്രസ്‌താവന അപ്പോഴും ശരിയായിരുന്നു. എങ്ങനെ?

തന്റെ കാലത്തെ യെഹൂദമതനേതാക്കന്മാരോട്‌ യേശു പറഞ്ഞു: “ദൈവരാജ്യം നിങ്ങളുടെ പക്കൽനിന്നു എടുത്തു അതിന്റെ ഫലം കൊടുക്കുന്ന ജാതിക്കു കൊടുക്കും.” (മത്താ. 21:43) ഒരു ജനത എന്നനിലയിൽ ഇസ്രായേൽ യേശുവിനെ തള്ളിക്കളഞ്ഞതുകൊണ്ട്‌ യഹോവ ഒരു പുതിയ ജനതയിലേക്ക്‌, അതേ ഒരു ആത്മീയ ജനതയിലേക്ക്‌, ശ്രദ്ധ തിരിക്കുമായിരുന്നു. ഈ ജനതയെ ‘ദൈവത്തിന്റെ യിസ്രായേൽ’ എന്നാണ്‌ പൗലൊസ്‌ വിളിച്ചത്‌.—ഗലാ. 6:16.

1,44,000 ആത്മാഭിഷിക്ത ക്രിസ്‌ത്യാനികൾ അടങ്ങുന്നതാണ്‌ ‘ദൈവത്തിന്റെ യിസ്രായേൽ’ എന്ന്‌ ഗ്രീക്ക്‌ തിരുവെഴുത്തുകളിലെ മറ്റു ഭാഗങ്ങൾ തെളിയിക്കുന്നു. (റോമ. 8:15-17; വെളി. 7:4) ഇതിൽ യെഹൂദന്മാരല്ലാത്തവരും ഉണ്ടായിരിക്കുമെന്ന്‌ വെളിപ്പാടു 5:9, 10-ൽനിന്ന്‌ വ്യക്തമാണ്‌. കാരണം, അഭിഷിക്ത ക്രിസ്‌ത്യാനികൾ “സർവ്വഗോത്രത്തിലും ഭാഷയിലും വംശത്തിലും ജാതിയിലും” നിന്നുള്ളവരാണെന്ന്‌ അതു പറയുന്നു. ‘രാജ്യവും പുരോഹിതന്മാരുമായി’ ഭൂമിയുടെമേൽ വാഴുന്നതിന്‌ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടവരാണ്‌ ആത്മീയ യിസ്രായേലിലെ അംഗങ്ങൾ. തിരഞ്ഞെടുക്കപ്പെട്ട ഒരു ജനത എന്നനിലയിൽ യിസ്രായേലിനെ യഹോവ തള്ളിക്കളഞ്ഞെങ്കിലും, വ്യക്തികൾക്ക്‌ ദൈവവുമായി നല്ലൊരു ബന്ധത്തിലേക്കു വരാൻ കഴിയുമായിരുന്നു​—⁠അപ്പൊസ്‌തലന്മാരുടെയും പല ആദിമക്രിസ്‌ത്യാനികളുടെയും കാര്യത്തിൽ എന്നപോലെ. മറ്റെല്ലാവരെയുംപോലെതന്നെ, ഈ യെഹൂദരും യേശുക്രിസ്‌തുവിന്റെ രക്തത്താൽ വിലയ്‌ക്കുവാങ്ങപ്പെടേണ്ടിയിരുന്നു.—1 തിമൊ. 2:5, 6; എബ്രാ. 2:9; 1 പത്രൊ. 1:17-19.

ഒന്നാം നൂറ്റാണ്ടിലെ ജഡിക യെഹൂദന്മാരിൽ ഭൂരിഭാഗവും യേശുവിനോടുകൂടെ ഭരിക്കാനുള്ള അവസരം നഷ്ടപ്പെടുത്തി എന്നത്‌ ദൈവത്തിന്റെ ഉദ്ദേശ്യത്തെ തകിടംമറിച്ചില്ല. അതിന്‌ തടയിടാൻ യാതൊന്നിനും കഴിയില്ല. കാരണം, യഹോവ തന്റെ പ്രവാചകനിലൂടെ പറയുന്നു: “എന്റെ വായിൽനിന്നു പുറപ്പെടുന്ന എന്റെ വചനം ആയിരിക്കും; അതു വെറുതെ എന്റെ അടുക്കലേക്കു മടങ്ങിവരാതെ എനിക്കു ഇഷ്ടമുള്ളതു നിവർത്തിക്കയും ഞാൻ അയച്ച കാര്യം സാധിപ്പിക്കയും ചെയ്യും.”—യെശ. 55:11.

സ്വർഗത്തിൽ തന്റെ പുത്രനോടൊപ്പം ഭരിക്കാൻ 1,44,000 പേരെ തിരഞ്ഞെടുക്കുന്നതിനോടു ബന്ധപ്പെട്ട ദൈവോദ്ദേശ്യത്തിന്റെ കാര്യത്തിലും അതു സത്യമാണ്‌. ദൈവം 1,44,000 പേരെ അഭിഷേകംചെയ്യുമെന്ന്‌ ബൈബിൾ വളരെ വ്യക്തമായി പ്രസ്‌താവിക്കുന്നു. ഈ സംഖ്യക്ക്‌ യാതൊരു മാറ്റവും ഉണ്ടാകില്ല!—വെളി. 14:1-5.

അതുകൊണ്ട്‌, “യിസ്രായേൽ മുഴുവനും രക്ഷിക്കപ്പെടും” എന്നു പറഞ്ഞപ്പോൾ, യെഹൂദന്മാർ കൂട്ടത്തോടെ ക്രിസ്‌ത്യാനിത്വത്തിലേക്കു തിരിയും എന്നല്ല പൗലൊസ്‌ ഉദ്ദേശിച്ചത്‌. യേശുക്രിസ്‌തുവിനോടൊപ്പം ഭരിക്കാൻ 1,44,000 ആത്മീയ യിസ്രായേല്യരെ സ്വർഗത്തിലേക്കു കൊണ്ടുപോകാനുള്ള ദൈവത്തിന്റെ ഉദ്ദേശ്യം നിറവേറും എന്നായിരുന്നു അതിനർഥം. ദൈവത്തിന്റെ തക്ക സമയത്ത്‌ “യിസ്രായേൽ മുഴുവനും” രക്ഷിക്കപ്പെട്ട അവസ്ഥയിലാകും. മിശിഹൈക രാജ്യത്തിൽ അവർ രാജാക്കന്മാരും പുരോഹിതന്മാരുമായി സേവിക്കും.—എഫെ. 2:8.

[28-ാം പേജിലെ ചിത്രങ്ങൾ]

അഭിഷിക്തർ “സർവ്വഗോത്രത്തിലും ഭാഷയിലും വംശത്തിലും ജാതിയിലും നിന്നുള്ള”വരാണ്‌