വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിശ്വാസത്തിനുവേണ്ടി പ്രതിവാദം നടത്താൻ നിങ്ങൾ സജ്ജരാണോ?

വിശ്വാസത്തിനുവേണ്ടി പ്രതിവാദം നടത്താൻ നിങ്ങൾ സജ്ജരാണോ?

വിശ്വാസത്തിനുവേണ്ടി പ്രതിവാദം നടത്താൻ നിങ്ങൾ സജ്ജരാണോ?

നിങ്ങളുടെ വിശ്വാസം സമർഥിക്കേണ്ടിവന്ന ഒരു സാഹചര്യത്തെ നിങ്ങൾ എപ്പോഴെങ്കിലും നേരിട്ടിട്ടുണ്ടോ? പരാഗ്വേയിൽ താമസിക്കുന്ന 16 വയസ്സുള്ള യുവസാക്ഷിയായ സൂസന്നയുടെ അനുഭവം നോക്കാം. യഹോവയുടെ സാക്ഷികൾക്ക്‌ ‘പഴയ നിയമവും’ യേശുക്രിസ്‌തുവും മറിയയുമൊന്നും ഇല്ലെന്ന്‌ ഒരിക്കൽ സ്‌കൂളിലെ സന്മാർഗപാഠ ക്ലാസ്സിൽ അവൾ കേൾക്കാനിടയായി. മരിക്കേണ്ടിവന്നാൽപ്പോലും വൈദ്യസഹായം തേടാത്ത മതഭ്രാന്തരാണു യഹോവയുടെ സാക്ഷികളെന്നും ചിലർ അഭിപ്രായപ്പെട്ടു. സൂസന്നയുടെ സ്ഥാനത്തു നിങ്ങളായിരുന്നെങ്കിൽ എന്തു ചെയ്യുമായിരുന്നു?

സൂസന്ന ഒരു നിമിഷം യഹോവയോടു പ്രാർഥിച്ചു. എന്നിട്ട്‌, യഹോവയുടെ സാക്ഷികളിൽ ഒരാളെന്ന നിലയിൽ തന്റെ വിശ്വാസങ്ങളെക്കുറിച്ച്‌ സംസാരിക്കാൻ ഒരവസരം നൽകാമോയെന്ന്‌ അധ്യാപികയോടു ചോദിച്ചു. അവർ സമ്മതംമൂളി. യഹോവയുടെ സാക്ഷികൾ—അവർ ആരാണ്‌? അവർ എന്തു വിശ്വസിക്കുന്നു? എന്ന ലഘുപത്രിക ഉപയോഗിച്ച്‌ അടുത്ത രണ്ടാഴ്‌ച അവൾ അതിനായി തയ്യാറെടുത്തു.

ഒടുവിൽ ആ ദിവസം വന്നെത്തി. യഹോവയുടെ സാക്ഷികൾ എന്ന പേരിന്റെ ഉത്ഭവം, ഭാവി സംബന്ധിച്ച നമ്മുടെ പ്രത്യാശ, നാം രക്തപ്പകർച്ച സ്വീകരിക്കാത്തതിന്റെ കാരണം എന്നിവയെക്കുറിച്ചെല്ലാം അവൾ വിശദീകരിച്ചു. തുടർന്നു ചർച്ചയ്‌ക്കുള്ള സമയമായപ്പോൾ പലരും ചോദ്യങ്ങൾ ചോദിച്ചു. സൂസന്ന എല്ലാ ചോദ്യങ്ങൾക്കും ബൈബിളിൽനിന്ന്‌ ഉത്തരം നൽകിയത്‌ അധ്യാപികയിൽ നല്ല മതിപ്പുളവാക്കി.

“ഒരിക്കൽ ഞാൻ രാജ്യഹാളിൽ പോയിട്ടുണ്ട്‌, ഒരൊറ്റ വിഗ്രഹംപോലും അവിടെ കണ്ടില്ല,” ഒരു വിദ്യാർഥി പറഞ്ഞു. അധ്യാപികയ്‌ക്ക്‌ അതിന്റെ കാരണം അറിയണമെന്നായി. സങ്കീർത്തനം 115:4-8, പുറപ്പാടു 20:4 എന്നീ വാക്യങ്ങൾ സൂസന്ന വായിച്ചുകേൾപ്പിച്ചു. “വിഗ്രഹങ്ങളെ ബൈബിൾ കുറ്റംവിധിക്കുന്നുണ്ടല്ലേ, പിന്നെ എന്തുകൊണ്ടാണാവോ ഞങ്ങളുടെയൊക്കെ പള്ളികളിൽ ഇത്രയേറെ വിഗ്രഹങ്ങൾ ഉള്ളത്‌?” അധ്യാപിക ആശ്ചര്യപ്പെട്ടു.

ആ ചർച്ച 40 മിനിട്ടോളം നീണ്ടുനിന്നു. ഒടുവിൽ, രക്തരഹിത ചികിത്സ—വൈദ്യശാസ്‌ത്രം വെല്ലുവിളിയെ വിജയകരമായി നേരിടുന്നു എന്ന വീഡിയോ കാണാൻ താത്‌പര്യമുണ്ടോയെന്ന്‌ സൂസന്ന ചോദിച്ചു. ക്ലാസ്സിൽ എല്ലാവർക്കും സമ്മതമായി. പിറ്റേ ദിവസംതന്നെ അധ്യാപിക അതിനുള്ള ക്രമീകരണം ചെയ്‌തുകൊടുത്തു. വീഡിയോ പ്രദർശനത്തിനുശേഷം, യഹോവയുടെ സാക്ഷികൾക്കു പൊതുവെ സ്വീകാര്യമായ രക്തരഹിത ചികിത്സകളെക്കുറിച്ച്‌ സൂസന്ന വിശദീകരിച്ചു. അപ്പോൾ അധ്യാപിക പറഞ്ഞു, “രക്തപ്പകർച്ച ഉൾപ്പെടാത്ത ചികിത്സാരീതികൾ ഇത്രയേറെ ഉണ്ടെന്നോ അവയുടെ പ്രയോജനങ്ങളെക്കുറിച്ചോ എനിക്ക്‌ അറിയില്ലായിരുന്നു. പക്ഷേ ഒന്നു ചോദിച്ചോട്ടെ, യഹോവയുടെ സാക്ഷികൾക്കുവേണ്ടി മാത്രമുള്ളതാണോ ഈ ചികിത്സകൾ?” അല്ലെന്നു കേട്ടപ്പോൾ അവർ തുടർന്നു, “അടുത്ത തവണ യഹോവയുടെ സാക്ഷികൾ വീട്ടിൽ വരുമ്പോൾ തീർച്ചയായും ഞാൻ അവരുമായി സംസാരിക്കും.”

അങ്ങനെ, 20 മിനിട്ടു നേരത്തേക്കു തയ്യാറായ ചർച്ച മൂന്നു മണിക്കൂറോളം നീണ്ടു. പിറ്റേ ആഴ്‌ച മറ്റു കുട്ടികളും തങ്ങളുടെ വിശ്വാസങ്ങളെക്കുറിച്ചു സംസാരിച്ചു. പക്ഷേ ചോദ്യങ്ങളുയർന്നപ്പോൾ അവർക്ക്‌ ഉത്തരംമുട്ടി. “യഹോവയുടെ സാക്ഷിയായ സൂസന്നയ്‌ക്കു സാധിച്ചത്‌ നിങ്ങൾക്ക്‌ എന്തുകൊണ്ട്‌ സാധിക്കുന്നില്ല?,” അധ്യാപിക ചോദിച്ചു.

“ഞങ്ങളെപ്പോലെയല്ല, അവർ ബൈബിൾ പഠിക്കുന്നവരാണ്‌” എന്നായിരുന്നു മറുപടി.

അധ്യാപിക സൂസന്നയോടായി പറഞ്ഞു: “സൂസന്നാ, നീ ബൈബിൾ പഠിക്കുകയും അതിനുചേർച്ചയിൽ ജീവിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. അഭിനന്ദനങ്ങൾ.”

തന്റെ വിശ്വാസങ്ങൾ ചോദ്യംചെയ്യപ്പെട്ടപ്പോൾ സൂസന്നയ്‌ക്കു വേണമെങ്കിൽ മിണ്ടാതിരിക്കാമായിരുന്നു. പക്ഷേ അവൾ, സിറിയക്കാർ ബന്ദിയായി പിടിച്ചുകൊണ്ടുപോയ ഇസ്രായേല്യ ബാലികയുടെ ഉത്തമ മാതൃക അനുകരിച്ചു. ആ ഇസ്രായേല്യ പെൺകുട്ടി, കുഷ്‌ഠരോഗിയായ സിറിയൻ സൈന്യാധിപൻ നയമാന്റെ വീട്ടിലെ ഒരു പരിചാരികയായിരുന്നു. അവൾ നിസ്സങ്കോചം തന്റെ യജമാനത്തിയോടു പറഞ്ഞു: “യജമാനൻ ശമര്യയിലെ പ്രവാചകന്റെ അടുക്കൽ ഒന്നു ചെന്നെങ്കിൽ അവൻ അവന്റെ കുഷ്‌ഠരോഗം മാറ്റിക്കൊടുക്കുമായിരുന്നു.” സത്യദൈവത്തിനു സാക്ഷ്യംവഹിക്കാനുള്ള അവസരം അവൾ പാഴാക്കിയില്ല. അവളുടെ യജമാനനായ നയമാൻ യഹോവയുടെ ഒരു ആരാധകനായിത്തീരാൻ അത്‌ ഇടയാക്കി.—2 രാജാ. 5:3, 17.

സമാനമായി, യഹോവയെയും അവന്റെ ജനത്തെയും കുറിച്ചു സംസാരിക്കാതിരിക്കാൻ സൂസന്നയ്‌ക്കായില്ല. അതിന്‌ അവളെ പ്രേരിപ്പിച്ചത്‌ പിൻവരുന്ന തിരുവെഴുത്തായിരുന്നു: “ക്രിസ്‌തുവിനെ നിങ്ങളുടെ ഹൃദയങ്ങളിൽ കർത്താവായി വിശുദ്ധീകരിപ്പിൻ. നിങ്ങളിലുള്ള പ്രത്യാശയെക്കുറിച്ചു ന്യായം ചോദിക്കുന്ന ഏവനോടും സൌമ്യതയും ഭയഭക്തിയും പൂണ്ടു പ്രതിവാദം പറവാൻ എപ്പോഴും ഒരുങ്ങിയിരിപ്പിൻ.” (1 പത്രൊ. 3:14, 15) വിശ്വാസം സമർഥിക്കേണ്ട ഒരു സാഹചര്യം വന്നാൽ അതു ചെയ്യാൻ നിങ്ങൾ ഒരുക്കമാണോ?

[17-ാം പേജിലെ ചിത്രം]

വിശ്വാസത്തിനുവേണ്ടി പ്രതിവാദം നടത്താൻ ഇവ നിങ്ങളെ സഹായിക്കും