വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഏതു സഫലമാകുമെന്നു നീ അറിയുന്നില്ല!

ഏതു സഫലമാകുമെന്നു നീ അറിയുന്നില്ല!

ഏതു സഫലമാകുമെന്നു നീ അറിയുന്നില്ല!

“രാവിലേ നിന്റെ വിത്തു വിതെക്ക; വൈകുന്നേരത്തു [“വൈകുന്നേരംവരെ,” NW] നിന്റെ കൈ ഇളെച്ചിരിക്കരുതു; ഇതോ, അതോ, ഏതു സഫലമാകും എന്നും രണ്ടും ഒരുപോലെ നന്നായിരിക്കുമോ എന്നും നീ അറിയുന്നില്ലല്ലോ.”—സഭാ. 11:6.

1. ഒരു വിത്തിന്റെ വളർച്ചയ്‌ക്കു സാക്ഷ്യം വഹിക്കാനാകുന്നത്‌ വിസ്‌മയകരമായിരിക്കുന്നത്‌ എന്തുകൊണ്ട്‌, അതു നമ്മെ വിനയാനതരാക്കുന്നത്‌ എന്തുകൊണ്ട്‌?

കർഷകന്‌ അവശ്യംവേണ്ട ഒരു ഗുണമാണ്‌ ക്ഷമ. (യാക്കോ. 5:7) വിത്തു വിതച്ചിട്ട്‌ അയാൾ കാത്തിരിക്കുന്നു, ക്രമേണ മുള കാണായ്‌ വരുന്നു. ഒടുവിൽ വയൽ വിളവെടുപ്പിന്‌ പാകമാകുന്നു. വളർച്ച എന്ന അത്ഭുതത്തിന്‌ സാക്ഷ്യംവഹിക്കാനാകുന്നത്‌ എന്തൊരു അനുഭൂതിയാണ്‌! ഈ വളർച്ചയുടെ കാരണഭൂതൻ ആരാണെന്ന തിരിച്ചറിവ്‌ നമ്മെ വിനയാനതരാക്കുന്നു. നനയ്‌ക്കുകയും മറ്റും ചെയ്‌തുകൊണ്ട്‌ നമുക്ക്‌ വിത്തിനെ പരിപാലിക്കാനാകും. പക്ഷേ വളരുമാറാക്കാൻ ദൈവത്തിനു മാത്രമേ കഴിയൂ.—1 കൊരിന്ത്യർ 3:6 താരതമ്യം ചെയ്യുക.

2. മുൻലേഖനത്തിൽ പരിചിന്തിച്ച ദൃഷ്ടാന്തത്തിലൂടെ ആത്മീയ വളർച്ച സംബന്ധിച്ച ഏത്‌ ആശയങ്ങളാണ്‌ യേശു പഠിപ്പിച്ചത്‌?

2 കഴിഞ്ഞ ലേഖനത്തിൽ പ്രതിപാദിച്ചതുപോലെ, കർഷകൻ വിത്തുവിതയ്‌ക്കുന്നതിനോടാണ്‌ രാജ്യപ്രസംഗവേലയെ യേശു ഉപമിച്ചത്‌. കർഷകൻ വിതയ്‌ക്കുന്നത്‌ നല്ല വിത്താണെങ്കിലും അത്‌ വളരുമോ ഇല്ലയോ എന്നത്‌ ഓരോ വ്യക്തിയുടെയും ഹൃദയനിലയെ ആശ്രയിച്ചാണിരിക്കുന്നത്‌. പലതരം മണ്ണിനെക്കുറിച്ചുള്ള ദൃഷ്ടാന്തത്തിൽ യേശു അതാണ്‌ ഊന്നിപ്പറഞ്ഞത്‌. (മർക്കൊ. 4:3–9) ഉറങ്ങുന്ന വിതക്കാരനെക്കുറിച്ചുള്ള ദൃഷ്ടാന്തത്തിൽ, ഒരു വ്യക്തി ശിഷ്യനായിത്തീരുന്നത്‌ എങ്ങനെയെന്ന്‌ വിതക്കാരനു പൂർണമായി മനസ്സിലാക്കാനാവില്ലെന്ന ആശയം യേശു വ്യക്തമാക്കുകയുണ്ടായി. വളർച്ച നടക്കുന്നത്‌ മനുഷ്യന്റെ ശ്രമങ്ങൾകൊണ്ടല്ല ദൈവത്തിന്റെ ശക്തികൊണ്ടാണെന്നതാണ്‌ അതിന്‌ കാരണം. (മർക്കൊ. 4:26–29) ഇപ്പോൾ നമുക്ക്‌ യേശു പറഞ്ഞ കടുകുമണിയുടെയും പുളിമാവിന്റെയും വലയുടെയും ദൃഷ്ടാന്തങ്ങൾ പരിചിന്തിക്കാം. *

കടുകുമണിയുടെ ദൃഷ്ടാന്തം

3, 4. കടുകുമണിയുടെ ദൃഷ്ടാന്തം രാജ്യസന്ദേശത്തിന്റെ ഏതെല്ലാം വശങ്ങൾക്ക്‌ ഊന്നൽ നൽകുന്നു?

3 മർക്കൊസ്‌ 4-ാം അധ്യായത്തിൽ കാണുന്ന കടുകുമണിയുടെ ദൃഷ്ടാന്തം രണ്ടു കാര്യങ്ങൾക്കാണ്‌ അടിവരയിടുന്നത്‌. രാജ്യസന്ദേശത്തിന്റെ അത്ഭുതകരമായ വളർച്ചയും സന്ദേശം സ്വീകരിക്കുന്നവർക്കു ലഭിക്കുന്ന സംരക്ഷണവും. യേശു പറഞ്ഞു: “ദൈവരാജ്യത്തെ എങ്ങനെ ഉപമിക്കേണ്ടു? ഏതു ഉപമയാൽ അതിനെ വർണ്ണിക്കേണ്ടു? അതു കടുകുമണിയോടു സാദൃശം; അതിനെ മണ്ണിൽ വിതെക്കുമ്പോൾ ഭൂമിയിലെ എല്ലാവിത്തിലും ചെറിയതു. എങ്കിലും വിതെച്ചശേഷം വളർന്നു, സകലസസ്യങ്ങളിലും വലുതായിത്തീർന്നു, ആകാശത്തിലെ പക്ഷികൾ അതിന്റെ നിഴലിൽ വസിപ്പാൻ തക്കവണ്ണം വലുതായ കൊമ്പുകളെ വിടുന്നു.”—മർക്കൊ. 4:30–32.

4 ഇവിടെ ദൈവരാജ്യത്തിന്റെ വളർച്ചയെക്കുറിച്ച്‌ വർണിച്ചിരിക്കുന്നതായി നാം കാണുന്നു. എ.ഡി. 33-ലെ പെന്തെക്കൊസ്‌ത്‌ മുതലുള്ള രാജ്യസന്ദേശത്തിന്റെ വ്യാപനവും ക്രിസ്‌തീയ സഭയുടെ വളർച്ചയും അതിന്‌ തെളിവു നൽകി. കടുകുമണി വളരെ ചെറുതാണ്‌, തീരെ ചെറിയ എന്തിനെയെങ്കിലും കുറിക്കാൻ അത്‌ ഉപയോഗിക്കാറുണ്ട്‌. (ലൂക്കൊ. 17:6 താരതമ്യം ചെയ്യുക.) എന്നാൽ അത്‌ മുളച്ച്‌ ക്രമേണ 10 മുതൽ 15 വരെ അടി ഉയരമുള്ള വലിയൊരു സസ്യമായിത്തീരുന്നു. ബലവത്തായ ശാഖകളുള്ള അതിനെ ഒരു വൃക്ഷമെന്നു വിളിക്കാം.​—⁠മത്താ. 13:31, 32.

5. ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌തീയ സഭയുടെ വളർച്ച വിവരിക്കുക.

5 എ.ഡി. 33-ൽ ഏതാണ്ട്‌ 120 ശിഷ്യന്മാർ പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യപ്പെട്ടതോടെ ക്രിസ്‌തീയ സഭയുടെ വളർച്ചയ്‌ക്കു തുടക്കമായി. എന്നാൽ താരതമ്യേന ചുരുങ്ങിയ കാലംകൊണ്ട്‌ ശിഷ്യന്മാരുടെ ഈ ചെറിയ സഭ ആയിരക്കണക്കിനു വിശ്വാസികളുടെ ഒരു വലിയ കൂട്ടമായിത്തീർന്നു. (പ്രവൃത്തികൾ 2:41; 4:4; 5:28; 6:7; 12:24; 19:20 വായിക്കുക.) സുവാർത്ത “ആകാശത്തിൻകീഴെ സകലസൃഷ്ടികളുടെയും ഇടയിൽ” ഘോഷിക്കപ്പെട്ടിരിക്കുന്നുവെന്ന്‌ കൊലോസ്യ സഭയ്‌ക്ക്‌ എഴുതവേ അപ്പൊസ്‌തലനായ പൗലൊസ്‌ പറയുകയുണ്ടായി. (കൊലൊ. 1:23) മൂന്നു ദശകങ്ങൾക്കുള്ളിൽ കൊയ്‌ത്തുകാരുടെ എണ്ണം അത്രയധികം വർധിച്ചിരുന്നു. എത്ര ഗംഭീരമായ വളർച്ച!

6, 7. (എ) 1914 മുതലുള്ള വളർച്ചയെക്കുറിച്ച്‌ എന്തു പറയാനാകും? (ബി) ഭാവിയിൽ എന്തു വളർച്ച ഉണ്ടാകും?

6 1914-ൽ സ്വർഗത്തിൽ ദൈവരാജ്യം സ്ഥാപിതമായതുമുതൽ ഈ വൃക്ഷത്തിന്റെ ശാഖകൾ പ്രതീക്ഷയ്‌ക്കപ്പുറമായി വളർന്നുപന്തലിച്ചു. യെശയ്യാവിന്റെ പിൻവരുന്ന വാക്കുകളുടെ അക്ഷരീയ നിവൃത്തി ദൈവജനം കണ്ടിരിക്കുന്നു: “കുറഞ്ഞവൻ ആയിരവും ചെറിയവൻ മഹാജാതിയും ആയിത്തീരും; യഹോവയായ ഞാൻ തക്ക സമയത്തു അതിനെ ശീഘ്രമായി നിവർത്തിക്കും.” (യെശ. 60:22) 2008 ആകുമ്പോഴേക്കും 230-ലേറെ ദേശങ്ങളിലായി 70 ലക്ഷത്തോളം സാക്ഷികൾ പ്രസംഗവേലയിൽ ഏർപ്പെടുന്നുണ്ടാകുമെന്ന്‌ 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ആ വേല ചെയ്‌തുകൊണ്ടിരുന്ന അഭിഷിക്തരുടെ ചെറിയ കൂട്ടം ചിന്തിച്ചിട്ടുപോലുമുണ്ടാവില്ല. യേശുവിന്റെ ദൃഷ്ടാന്തത്തിലെ കടുകുമണിയുടെ കാര്യത്തിലെന്നപോലെ ഗംഭീരമായ ഒരു വളർച്ചതന്നെ!

7 എന്നാൽ വളർച്ച അവിടംകൊണ്ട്‌ അവസാനിക്കുമോ? ഇല്ല. കാലാന്തരത്തിൽ ഭൂമി മുഴുവനും ദൈവരാജ്യത്തിന്റെ പ്രജകളെക്കൊണ്ട്‌ നിറയും. സകല എതിരാളികളും തുടച്ചുനീക്കപ്പെടും. മനുഷ്യരുടെ ശ്രമങ്ങളാൽ ആയിരിക്കില്ല, അഖിലാണ്ഡ പരമാധികാരിയായ യഹോവ ഭൂമിയിലെ കാര്യാദികളിൽ ഇടപെടുന്നതുകൊണ്ടായിരിക്കും അതു നടക്കുക. (ദാനീയേൽ 2:34, 35 വായിക്കുക.) അപ്പോൾ യെശയ്യാവിന്റെ മറ്റൊരു പ്രവചനത്തിന്റെ അന്തിമനിവൃത്തിക്കു നാം ദൃക്‌സാക്ഷികളാകും. “സമുദ്രം വെള്ളംകൊണ്ടു നിറഞ്ഞിരിക്കുന്നതുപോലെ ഭൂമി യഹോവയുടെ പരിജ്ഞാനംകൊണ്ടു പൂർണ്ണമായിരിക്കയാൽ എന്റെ വിശുദ്ധപർവ്വതത്തിൽ എങ്ങും ഒരു ദോഷമോ നാശമോ ആരും ചെയ്‌കയില്ല.”—യെശ. 11:9.

8. (എ) യേശുവിന്റെ ദൃഷ്ടാന്തത്തിലെ പക്ഷികൾ ആരെ കുറിക്കുന്നു? (ബി)  ഇപ്പോൾപ്പോലും നാം ഏതു സംരക്ഷണം ആസ്വദിക്കുന്നു?

8 ആകാശത്തിലെ പക്ഷികൾ ഈ രാജ്യത്തിന്റെ തണലിൽ താമസമാക്കുമെന്ന്‌ യേശു പറയുന്നു. വിതക്കാരന്റെ ദൃഷ്ടാന്തത്തിലെ, നല്ല വിത്തുകൾ തിന്നുകളയുന്ന രാജ്യത്തിന്റെ ശത്രുക്കളായ പക്ഷികളെ നിങ്ങൾ ഓർക്കുന്നുണ്ടാകുമല്ലോ. (മർക്കൊ. 4:4) എന്നാൽ ഇവിടെ പറഞ്ഞിരിക്കു ന്ന പക്ഷികൾ, ക്രിസ്‌തീയ സഭയിൽ അഭയംതേടുന്ന സന്മനസ്സുള്ള മനുഷ്യരെയാണ്‌ ചിത്രീകരിക്കുന്നത്‌. ആത്മീയമായി ദുഷിപ്പിക്കുന്ന ശീലങ്ങളിൽനിന്നും ഈ ദുഷ്ടലോകത്തിന്റെ വൃത്തികെട്ട വഴികളിൽനിന്നും ഇപ്പോൾപ്പോലും അവർ സംരക്ഷിക്കപ്പെടുന്നു. (യെശയ്യാവു 32:1, 2 താരതമ്യംചെയ്യുക.) സമാനമായി യഹോവ മിശിഹൈക രാജ്യത്തെ ഒരു വൃക്ഷത്തോട്‌ ഉപമിച്ചുകൊണ്ട്‌ പ്രാവചനികമായി ഇങ്ങനെ പ്രസ്‌താവിച്ചു: “യിസ്രായേലിന്റെ ഉയർന്ന പർവ്വതത്തിൽ ഞാൻ അതു നടും; അതു കൊമ്പുകളെ പുറപ്പെടുവിച്ചു ഫലം കായിച്ചു ഭംഗിയുള്ളോരു ദേവദാരുവായിത്തീരും; അതിന്റെ കീഴിൽ പലവിധം ചിറകുള്ള പക്ഷികളൊക്കെയും പാർക്കും; അതിന്റെ കൊമ്പുകളുടെ നിഴലിൽ അവ വസിക്കും.”—യെഹെ. 17:23.

പുളിമാവിന്റെ ദൃഷ്ടാന്തം

9, 10. (എ) പുളിമാവിന്റെ ദൃഷ്ടാന്തത്തിൽ യേശു ഏത്‌ ആശയമാണ്‌ ഊന്നിപ്പറഞ്ഞത്‌? (ബി) ബൈബിളിൽ പുളിമാവ്‌ പലപ്പോഴും എന്തിനെ കുറിക്കുന്നു, പുളിമാവിനെപ്പറ്റിയുള്ള യേശുവിന്റെ പരാമർശം സംബന്ധിച്ച ഏതു ചോദ്യം നാം പരിചിന്തിക്കും?

9 വളർച്ച എല്ലായ്‌പോഴും നഗ്നനേത്രങ്ങൾക്കു ദൃശ്യമല്ല. അടുത്ത ദൃഷ്ടാന്തത്തിലൂടെ ആ ആശയമാണ്‌ യേശു വ്യക്തമാക്കുന്നത്‌. “സ്വർഗ്ഗരാജ്യം പുളിച്ച മാവിനോടു സദൃശം; അതു ഒരു സ്‌ത്രീ എടുത്തു മൂന്നുപറ മാവിൽ എല്ലാം പുളിച്ചുവരുവോളം അടക്കിവെച്ചു.” (മത്താ. 13:33.) ഇവിടെ പുളിമാവ്‌ എന്തിനെ പ്രതിനിധാനം ചെയ്യുന്നു? രാജ്യത്തിന്റെ വളർച്ചയുമായി അത്‌ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?

10 ബൈബിളിൽ പാപത്തെ കുറിക്കാനാണ്‌ പലപ്പോഴും പുളിമാവ്‌ എന്ന പദം ഉപയോഗിക്കുന്നത്‌. പുരാതന കൊരിന്ത്‌ സഭയിലെ ഒരു പാപിയുടെ ദുഷിപ്പിക്കുന്ന സ്വാധീനത്തെക്കുറിച്ചു സംസാരിക്കവേ അപ്പൊസ്‌തലനായ പൗലൊസ്‌ പുളിപ്പിനെ ഈ അർഥത്തിൽ പരാമർശിക്കുകയുണ്ടായി. (1 കൊരി. 5:6-8) അതുകൊണ്ട്‌ അതേ അർഥത്തിലാണോ യേശു ഇവിടെ പുളിമാവിനെക്കുറിച്ച്‌ പറഞ്ഞത്‌?

11. പുരാതന ഇസ്രായേലിൽ പുളിമാവ്‌ എങ്ങനെയാണ്‌ ഉപയോഗിച്ചിരുന്നത്‌?

11 ഉത്തരത്തിലേക്കു വരുന്നതിനുമുമ്പായി മൂന്ന്‌ അടിസ്ഥാന വസ്‌തുതകൾ നാം പരിചിന്തിക്കേണ്ടതുണ്ട്‌. ഒന്നാമതായി, പെസഹാ പെരുന്നാളിന്റെ സമയത്ത്‌ യഹോവ പുളിപ്പ്‌ അനുവദിച്ചില്ലെങ്കിലും മറ്റവസരങ്ങളിൽ പുളിപ്പടങ്ങിയ വഴിപാടുകൾ അവൻ സ്വീകരിക്കുകതന്നെ ചെയ്‌തു. സമാധാനയാഗത്തിൽ പുളിപ്പ്‌ ഉപയോഗിച്ചിരുന്നു. യഹോവയുടെ സകല അനുഗ്രഹങ്ങൾക്കുമുള്ള നന്ദി പ്രകാശിപ്പിച്ചുകൊണ്ട്‌ സ്വമേധയാ അർപ്പിച്ചിരുന്ന യാഗമായിരുന്നു അത്‌. പങ്കുപറ്റുന്ന എല്ലാവർക്കും സന്തോഷം കൈവരുത്തുന്ന ഒരു അവസരം.—ലേവ്യ. 7:11-15.

12. ബൈബിളിൽ പ്രതീകങ്ങൾ ഉപയോഗിക്കുന്ന വിധം നമ്മെ എന്തു പഠിപ്പിക്കുന്നു?

12 രണ്ടാമതായി, തിരുവെഴുത്തുകളിൽ ചിലയിടത്ത്‌ മോശമായ ധ്വനിയോടെ ഉപയോഗിക്കുന്ന ഒരു പ്രതീകം മറ്റൊരിടത്ത്‌ നല്ലൊരു ആശയം ധ്വനിപ്പിക്കാനായി ഉപയോഗിച്ചേക്കാം. ഉദാഹരണത്തിന്‌, സാത്താന്റെ ദുഷ്ടവും ക്രൂരവുമായ പ്രകൃതം കണക്കിലെടുത്ത്‌ 1 പത്രൊസ്‌ 5:8 അവനെ ഒരു സിംഹത്തോട്‌ ഉപമിക്കുന്നു. എന്നാൽ വെളിപ്പാടു 5:5-ൽ യെഹൂദാഗോത്രത്തിലെ സിംഹം എന്നു പറഞ്ഞുകൊണ്ട്‌ യേശുവിനെയും സിംഹത്തോട്‌ ഉപമിക്കുന്നു. ധീരതയോടെ നീതി നടത്തുന്നതിനെയാണ്‌ വെളിപ്പാടിലെ ഈ പ്രയോഗം കുറിക്കുന്നത്‌.

13. പുളിമാവിനെപ്പറ്റിയുള്ള യേശുവിന്റെ ദൃഷ്ടാന്തം ആത്മീയ വളർച്ച സംബന്ധിച്ച്‌ എന്തു പറയുന്നു?

13 മൂന്നാമതായി, യേശുവിന്റെ ദൃഷ്ടാന്തത്തിലെ പുളിമാവ്‌ മുഴുപിണ്ഡത്തെയും പുളിപ്പിച്ച്‌ ഉപയോഗശൂന്യമാക്കിയെന്ന്‌ യേശു പറഞ്ഞില്ല. അപ്പമുണ്ടാക്കുന്ന സാധാരണ പ്രക്രിയയെ പരാമർശിക്കുകയായിരുന്നു അവൻ. ദൃഷ്ടാന്തത്തിലെ സ്‌ത്രീ പുളിമാവ്‌ മനഃപൂർവം ചേർക്കുകയായിരുന്നു. അതിന്‌ നല്ല ഫലമാണ്‌ ലഭിച്ചത്‌. പുളിമാവ്‌ മാവിൽ അടക്കിവെച്ചിരിക്കുകയായിരുന്നു. അതുകൊണ്ട്‌ പുളിക്കൽ പ്രക്രിയ ആ സ്‌ത്രീക്ക്‌ കാണാൻ പറ്റില്ലായിരുന്നു. വിത്തുവിതച്ചിട്ട്‌ രാത്രിയിൽ ഉറങ്ങുന്ന ആ മനുഷ്യനെക്കുറിച്ച്‌ ഇതു നമ്മെ ഓർമിപ്പിക്കുന്നു. ‘അവൻ അറിയാതെ വിത്തു മുളെച്ചു വളരുന്നു’ എന്നു യേശു പറയുകയുണ്ടായി. (മർക്കൊ. 4:27) നമുക്കു കാണാനാകാത്ത ആത്മീയ വളർച്ചയെ എത്ര ലളിതമായാണ്‌ ഈ ദൃഷ്ടാന്തം വരച്ചുകാട്ടുന്നത്‌. തുടക്കത്തിൽ വളർച്ച നമുക്കു കാണാനായെന്നുവരില്ല. എങ്കിലും ക്രമേണ അതിന്റെ ഫലങ്ങൾ ദൃശ്യമായിവരും.

14. പുളിമാവ്‌ മുഴുപിണ്ഡത്തെയും പുളിപ്പിക്കുന്നു എന്ന വസ്‌തുത പ്രസംഗവേലയുടെ ഏതു വശത്തെ ചിത്രീകരിക്കുന്നു?

14 ഇതു മനുഷ്യനേത്രങ്ങൾക്ക്‌ അദൃശ്യമാണെന്നു മാത്രമല്ല ഭൂവ്യാപകവുമാണ്‌. പുളിമാവിനെക്കുറിച്ചുള്ള ദൃഷ്ടാന്തത്തിൽ ഊന്നിപ്പറഞ്ഞിരിക്കുന്ന മറ്റൊരു സംഗതി അതാണ്‌. മൂന്നുപറ മാവിനെ, അതായത്‌ മാവ്‌ മുഴുവനെയും അത്‌ പുളിപ്പിക്കുന്നു. (ലൂക്കൊ. 13:21) പുളിമാവിനെപ്പോലെ, ആത്മീയ വളർച്ചയ്‌ക്ക്‌ നിദാനമായ രാജ്യപ്രസംഗവേല ഭൂമിയുടെ അറ്റത്തോളവും പ്രസംഗിക്കപ്പെടുന്നു എന്നു പറയാൻപോന്ന അളവിൽ വളർന്നിരിക്കുന്നു. (പ്രവൃ. 1:8; മത്താ. 24:14) രാജ്യവേലയുടെ വിസ്‌മയാവഹമായ ഈ വളർച്ചയിൽ പങ്കുവഹിക്കാനാകുന്നത്‌ എത്ര വലിയ ബഹുമതിയാണ്‌!

വലയുടെ ദൃഷ്ടാന്തം

15, 16. (എ) വലയുടെ ദൃഷ്ടാന്തം ചുരുക്കിപ്പറയുക. (ബി) വല എന്തിനെ ചിത്രീകരിക്കുന്നു, രാജ്യവളർച്ചയുടെ ഏതു വശമാണ്‌ ഈ ദൃഷ്ടാന്തം വ്യക്തമാക്കുന്നത്‌?

15 യേശുക്രിസ്‌തുവിന്റെ ശിഷ്യന്മാരെന്ന്‌ അവകാശപ്പെടുന്നവരുടെ എണ്ണത്തെക്കാൾ അവരുടെ ഗുണനിലവാരമാണ്‌ പ്രധാനം. വലയെക്കുറിച്ചുള്ള ദൃഷ്ടാന്തം പറഞ്ഞപ്പോൾ രാജ്യവളർച്ചയുടെ ഈ വശത്തെ പരാമർശിക്കുകയായിരുന്നു യേശു. അവൻ പറഞ്ഞു: “പിന്നെയും സ്വർഗ്ഗരാജ്യം കടലിൽ ഇടുന്നതും എല്ലാവക മീനും പിടിക്കുന്നതുമായോരു വലയോടു സദൃശം.”—മത്താ. 13:47.

16 രാജ്യപ്രസംഗവേലയെ പ്രതിനിധാനം ചെയ്യുന്ന വലയിൽ സകലതരം മത്സ്യങ്ങളും കുടുങ്ങുന്നു. യേശു തുടരുന്നു: “[വല] നിറഞ്ഞപ്പോൾ അവർ അതു വലിച്ചു കരെക്കു കയറ്റി, ഇരുന്നുകൊണ്ടു നല്ലതു പാത്രങ്ങളിൽ കൂട്ടിവെച്ചു, ചീത്ത എറിഞ്ഞു കളഞ്ഞു. അങ്ങനെ തന്നേ ലോകാവസാനത്തിൽ സംഭവിക്കും; ദൂതന്മാർ പുറപ്പെട്ടു നീതിമാന്മാരുടെ ഇടയിൽനിന്നു ദുഷ്ടന്മാരെ വേർതിരിച്ചു തീച്ചൂളയിൽ ഇട്ടുകളയും; അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും.”—മത്താ. 13:48–50.

17. വലയുടെ ദൃഷ്ടാന്തത്തിൽ പറഞ്ഞിരിക്കുന്ന വേർതിരിക്കൽ നടക്കുന്നത്‌ എപ്പോൾ?

17 താൻ മഹത്ത്വത്തിൽ വരുമ്പോൾ നടക്കുമെന്ന്‌ യേശു പറഞ്ഞ ചെമ്മരിയാടുകളുടെയും കോലാടുകളുടെയും അന്തിമന്യായവിധിയെയാണോ ഈ വേർതിരിക്കൽ അർഥമാക്കുന്നത്‌? (മത്താ. 25:31–33.) അല്ല. ആ അന്തിമന്യായവിധി മഹാകഷ്ടത്തിന്റെ സമയത്തുള്ള യേശുവിന്റെ വരവിങ്കലാണ്‌. എന്നാൽ വലയുടെ ദൃഷ്ടാന്തത്തിലെ വേർതിരിക്കൽ നടക്കുന്നത്‌ ‘ലോകാവസാനകാലത്താണ്‌.’ * ആ കാലത്താണ്‌ നാം ഇപ്പോൾ ജീവിക്കുന്നത്‌. ഇതു മഹാകഷ്ടത്തിൽ ചെന്നവസാനിക്കും. അങ്ങനെയെങ്കിൽ, ഈ വേർതിരിക്കൽ വേല ഇപ്പോൾ എങ്ങനെയാണ്‌ നടക്കുന്നത്‌?

18, 19. (എ) നമ്മുടെ നാളിൽ വേർതിരിക്കൽ വേല നടക്കുന്നതെങ്ങനെ? (ബി) പരമാർഥഹൃദയർ എന്തു നടപടി സ്വീകരിക്കണം? (21-ാം പേജിലെ അടിക്കുറിപ്പുകൂടെ കാണുക.)

18 മനുഷ്യവർഗമാകുന്ന കടലിലെ ലക്ഷക്കണക്കിന്‌ മത്സ്യങ്ങൾ ആധുനിക കാലത്ത്‌ യഹോവയുടെ സംഘടനയിലേക്ക്‌ ആകർഷിക്കപ്പെട്ടിട്ടുണ്ട്‌. ചിലർ സ്‌മാരത്തിനു ഹാജരാകുന്നു, മറ്റുചിലർ യോഗങ്ങൾക്കു വരുന്നു, ഇനിയും വേറെ ചിലർ താത്‌പര്യത്തോടെ ബൈബിൾ പഠിക്കുന്നു. എന്നാൽ ഇവരെല്ലാം സത്യക്രിസ്‌ത്യാനികൾ ആണോ? അവരെ ‘വലിച്ചു കരെക്കു കയറ്റിയെന്നിരിക്കും.’ എന്നാൽ നല്ലതു മാത്രമേ പാത്രങ്ങളിൽ, അതായത്‌ ക്രിസ്‌തീയ സഭകളിൽ, ശേഖരിക്കപ്പെടുകയുള്ളുവെന്ന്‌ യേശു പറയുന്നു. ചീത്ത മത്സ്യങ്ങളെ എറിഞ്ഞു കളയുന്നു. ഭാവിയിലെ നാശത്തെ സൂചിപ്പിക്കുന്ന പ്രതീകാത്മക തീച്ചൂളയാണ്‌ പിന്നെ അവരുടെ മുമ്പാകെയുള്ളത്‌.

19 ചിലർ ചീത്ത മത്സ്യങ്ങളെപ്പോലെയാണ്‌. യഹോവയുടെ സാക്ഷികളോടൊപ്പം ബൈബിൾ പഠിച്ചുകൊണ്ടിരുന്ന അവർ അതു നിറുത്തിക്കളഞ്ഞിരിക്കുന്നു. ക്രിസ്‌തീയ കുടുംബത്തിൽ ജനിച്ച ചിലർക്ക്‌ യേശുവിന്റെ അനുഗാമികളാകാനുള്ള യാതൊരു ആഗ്രഹവുമില്ല. ഒരുപക്ഷേ ദൈവത്തെ സേവിക്കാനുള്ള തീരുമാനമെടുക്കാൻ അവർക്ക്‌ മനസ്സില്ലായിരിക്കാം അല്ലെങ്കിൽ കുറച്ചുനാൾ സേവിച്ചതിനുശേഷം നിറുത്തിക്കളഞ്ഞിരിക്കാം. * (യെഹെ. 33:32, 33) പരമാർഥഹൃദയരായ എല്ലാവരും അന്തിമന്യായവിധിക്കു മുമ്പുതന്നെ പാത്രസമാന സഭകളിൽ ഉണ്ടായിരിക്കണമെന്നു മാത്രമല്ല ആ സുരക്ഷിതസ്ഥാനത്തുതന്നെ തുടരേണ്ടതും അനിവാര്യമാണ്‌.

20, 21. (എ) വളർച്ച സംബന്ധിച്ച യേശുവിന്റെ ദൃഷ്ടാന്തങ്ങളുടെ പരിചിന്തനം നമ്മെ എന്തു പഠിപ്പിച്ചു? (ബി) എന്താണ്‌ നിങ്ങളുടെ തീരുമാനം?

20 വളർച്ചയെ സംബന്ധിച്ച യേശുവിന്റെ ഈ ദൃഷ്ടാന്തങ്ങൾ പരിചിന്തിച്ചതിലൂടെ നാം എന്തു പഠിച്ചു? ഒന്നാമതായി, കടുകുമണിയുടെ വളർച്ചയെപ്പോലെ രാജ്യസന്ദേശത്തോടുള്ള ബന്ധത്തിൽ ഭൂമിയിൽ ഗംഭീരമായ ഒരു വളർച്ചയുണ്ടായിരിക്കുന്നു. യഹോവയുടെ വേലയുടെ വ്യാപനത്തിനു തടയിടാൻ ആർക്കുമാവില്ല. (യെശ. 54:17) മാത്രമല്ല, “[വൃക്ഷത്തിന്റെ] നിഴലിൽ വസി”ക്കുന്നവർക്ക്‌ ആത്മീയസംരക്ഷണം ലഭിച്ചിരിക്കുന്നു. വളരുമാറാക്കുന്നത്‌ ദൈവമാണ്‌ എന്നതാണ്‌ രണ്ടാമത്തെ സംഗതി. മാവിൽ അടക്കിവെക്കുന്ന പുളിപ്പ്‌ മുഴുപിണ്ഡത്തെയും പുളിപ്പിക്കുന്നതുപോലെ, ഈ വളർച്ച എല്ലായ്‌പോഴും ദൃശ്യമല്ലെങ്കിലും അതു സംഭവിക്കുകതന്നെ ചെയ്യുന്നു! മൂന്നാമതായി, രാജ്യസന്ദേശത്തോടു പ്രതികരിച്ച എല്ലാവരും നല്ലവരാണെന്നതിനു തെളിവു നൽകിയിട്ടില്ല. ചിലർ യേശുവിന്റെ ദൃഷ്ടാന്തത്തിലെ ചീത്ത മത്സ്യങ്ങളെപ്പോലെയാണ്‌.

21 എന്നിരുന്നാലും, നല്ലവരായ അനേകർ യഹോവയിലേക്ക്‌ ആകർഷിക്കപ്പെടുന്നതായി കാണുന്നത്‌ എത്ര പ്രോത്സാഹനജനകമാണ്‌! (യോഹ. 6:44) ഇത്‌ ഭൂവ്യാപകമായി സുവാർത്ത പടർന്നുപന്തലിക്കുന്നതിലേക്കു നയിച്ചിരിക്കുന്നു. വളർച്ചയ്‌ക്കുള്ള സകലബഹുമതിയും യഹോവയ്‌ക്കുതന്നെ. ഇതു നേരിൽക്കാണുന്ന നാം ഓരോരുത്തരും നൂറ്റാണ്ടുകൾക്കുമുമ്പേ നൽകപ്പെട്ട പിൻവരുന്ന വാക്കുകൾ അനുസരിക്കാൻ പ്രചോദിതരാകേണ്ടതല്ലേ? “രാവിലേ നിന്റെ വിത്തു വിതെക്ക; . . . ഇതോ, അതോ, ഏതു സഫലമാകും എന്നും രണ്ടും ഒരുപോലെ നന്നായിരിക്കുമോ എന്നും നീ അറിയുന്നില്ലല്ലോ.”​—⁠സഭാ. 11:6.

[അടിക്കുറിപ്പുകൾ]

^ ഖ. 2 1992 സെപ്‌റ്റംബർ 15 ലക്കം വീക്ഷാഗോപുരത്തിന്റെ 17-22 പേജുകളിലും 1975 ഒക്ടോബർ 1 ലക്കത്തിന്റെ (ഇംഗ്ലീഷ്‌) 589-608 പേജുകളിലും ഉള്ള വിശദീകരണത്തിനു വന്നിരിക്കുന്ന മാറ്റങ്ങളാണ്‌ പിൻവരുന്നവ.

^ ഖ. 17 മത്തായി 13:39-43 രാജ്യപ്രസംഗവേലയുടെ മറ്റൊരു വശത്തെയാണ്‌ പരാമർശിക്കുന്നതെങ്കിലും, വലയുടെ ദൃഷ്ടാന്തം നിറവേറുന്ന സമയത്തുതന്നെയാണ്‌ ഇതും നിറവേറുന്നത്‌. അതായത്‌ ‘ലോകാവസാനകാലത്ത്‌.’ പ്രതീകാത്മക മത്സ്യങ്ങളുടെ വേർതിരിക്കൽ ഈ കാലഘട്ടത്തുടനീളം നടക്കുന്ന ഒരു പ്രക്രിയയാണ്‌, വിതയുടെയും കൊയ്‌ത്തിന്റെയും കാര്യത്തിലെന്നപോലെ.​—⁠വീക്ഷാഗോപുരം ഒക്ടോബർ  15, 2000, പേജ്‌ 25-26; ഏകസത്യദൈവത്തെ ആരാധിക്കുക, പേജ്‌ 178-181, ഖണ്ഡിക 8-11.

^ ഖ. 19 ബൈബിൾ പഠനമോ യഹോവയുടെ ജനവുമായുള്ള സഹവാസമോ നിറുത്തിക്കളഞ്ഞ എല്ലാവരെയും ദൂതന്മാർ ചീത്ത മത്സ്യങ്ങളെപ്പോലെ എറിഞ്ഞുകളയുമെന്നാണോ ഇതിനർഥം? അല്ല. തിരിച്ചുവരാൻ ആരെങ്കിലും ആത്മാർഥമായി ആഗ്രഹിക്കുന്നപക്ഷം യഹോവ ആ വ്യക്തിയെ മനസ്സോടെ സ്വീകരിക്കും.​—⁠ മലാ. 3:7.

നിങ്ങളുടെ ഉത്തരമെന്ത്‌?

• രാജ്യവളർച്ചയെയും ആത്മീയ സംരക്ഷണത്തെയും പറ്റി കടുകുമണിയെക്കുറിച്ചുള്ള യേശുവിന്റെ ദൃഷ്ടാന്തം എന്തു പഠിപ്പിക്കുന്നു?

• യേശുവിന്റെ ദൃഷ്ടാന്തത്തിലെ പുളിമാവ്‌ എന്തിനെ കുറിക്കുന്നു, രാജ്യവളർച്ച സംബന്ധിച്ച ഏതു സത്യം യേശു ഊന്നിപ്പറഞ്ഞു?

• വലയുടെ ദൃഷ്ടാന്തത്തിൽ രാജ്യവളർച്ചയുടെ ഏതു വശമാണ്‌ വിശേഷവത്‌കരിച്ചിരിക്കുന്നത്‌?

• ‘പാത്രങ്ങളിൽ ശേഖരിക്കപ്പെട്ടിരിക്കുന്നവരുടെ’ കൂടെയാണ്‌ നാം എന്ന്‌ എങ്ങനെ ഉറപ്പാക്കാം?

[അധ്യയന ചോദ്യങ്ങൾ]

[18-ാം പേജിലെ ചിത്രങ്ങൾ]

കടുകുമണിയുടെ ദൃഷ്ടാന്തം രാജ്യവർധന സംബന്ധിച്ച്‌ എന്തു പഠിപ്പിക്കുന്നു?

[19-ാം പേജിലെ ചിത്രം]

പുളിമാവിന്റെ ദൃഷ്ടാന്തത്തിൽനിന്ന്‌ എന്തു പഠിക്കാം?

[21-ാം പേജിലെ ചിത്രം]

മത്സ്യങ്ങളെ നല്ലതും ചീത്തയുമായി വേർതിരിക്കുന്നത്‌ എന്തിനെ ചിത്രീകരിക്കുന്നു?