വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കൊരിന്ത്യർക്ക്‌ എഴുതിയ ലേഖനങ്ങളിൽനിന്നുള്ള വിശേഷാശയങ്ങൾ

കൊരിന്ത്യർക്ക്‌ എഴുതിയ ലേഖനങ്ങളിൽനിന്നുള്ള വിശേഷാശയങ്ങൾ

യഹോവയുടെ വചനം ജീവനുള്ളത്‌

കൊരിന്ത്യർക്ക്‌ എഴുതിയ ലേഖനങ്ങളിൽനിന്നുള്ള വിശേഷാശയങ്ങൾ

കൊരിന്ത്യസഭയുടെ ആത്മീയ സ്ഥിതിയിൽ അപ്പൊസ്‌തലനായ പൗലൊസ്‌ അങ്ങേയറ്റം ചിന്താകുലനായിരുന്നു. അവിടെയുള്ള സഹോദരങ്ങളുടെ ഇടയിലെ ഭിന്നതയെക്കുറിച്ച്‌ അവൻ അറിഞ്ഞിരുന്നു. അധാർമികതയ്‌ക്കുനേരെ അവർ കണ്ണടയ്‌ക്കുകയാണ്‌. ചില കാര്യങ്ങളെക്കുറിച്ച്‌ അന്വേഷിച്ചുകൊണ്ട്‌ സഭ പൗലൊസിന്‌ എഴുതുകയും ചെയ്‌തിരുന്നു. അതുകൊണ്ട്‌ എ.ഡി. 55-ഓടെ തന്റെ മൂന്നാം മിഷനറി യാത്രയ്‌ക്കിടെ എഫെസൊസിൽവെച്ച്‌ അവൻ കൊരിന്ത്യർക്കുള്ള ആദ്യ ലേഖനം എഴുതുന്നു.

ആദ്യ ലേഖനം എഴുതി ഏതാനും മാസങ്ങൾക്കകം അതിന്റെ തുടർച്ചയായി രണ്ടാം ലേഖനവും അവൻ എഴുതുന്നു. ഒന്നാം നൂറ്റാണ്ടിലെ കൊരിന്ത്യസഭയ്‌ക്ക്‌ അകത്തും പുറത്തും ഉണ്ടായിരുന്ന സാഹചര്യങ്ങൾ പല പ്രകാരത്തിലും നമ്മുടെ സാഹചര്യങ്ങളോടു സമാനമാണ്‌. അതുകൊണ്ടുതന്നെ കൊരിന്ത്യർക്കുള്ള പൗലൊസിന്റെ ലേഖനം നമ്മുടെ ശ്രദ്ധയർഹിക്കുന്നു.​—⁠എബ്രാ. 4:12.

‘ഉണർന്നിരിപ്പിൻ; വിശ്വാസത്തിൽ നിലനില്‌പിൻ; ശക്തിപ്പെടുവിൻ’

(1 കൊരി. 1:1–16:24)

“നിങ്ങൾ എല്ലാവരും ഒന്നു തന്നേ സംസാരിക്ക,” പൗലൊസ്‌ ഉദ്‌ബോധിപ്പിക്കുന്നു. (1 കൊരി. 1:10) ക്രിസ്‌തീയ ഗുണങ്ങൾ കെട്ടിപ്പടുക്കാൻ ‘യേശുക്രിസ്‌തു എന്ന അടിസ്ഥാനമല്ലാതെ മറ്റൊന്നില്ല.’ (1 കൊരി. 3:11–13) സഭയിലെ ഒരു ദുർനടപ്പുകാരനെ സംബന്ധിച്ച്‌ പൗലൊസ്‌ പറയുന്നു: “ആ ദുഷ്ടനെ നിങ്ങളുടെ ഇടയിൽനിന്നു നീക്കിക്കളവിൻ.” (1 കൊരി. 5:13) “ശരീരമോ ദുർന്നടപ്പിന്നല്ല കർത്താവിന്നത്രേ” എന്ന്‌ പൗലൊസ്‌ പറയുന്നു.—1 കൊരി. 6:13.

അവർ ‘എഴുതി അയച്ച സംഗതികൾക്കുള്ള’ മറുപടിയായി പൗലൊസ്‌ വിവാഹത്തെയും ഏകാകിത്വത്തെയും കുറിച്ച്‌ ചില നല്ല ഉപദേശങ്ങൾ നൽകുന്നു. (1 കൊരി. 7:1) ക്രിസ്‌തീയ ശിരസ്ഥാനത്തെയും ക്രിസ്‌തീയ യോഗങ്ങൾ ചിട്ടയോടെ നടത്തുന്നതിനെയും പുനരുത്ഥാനത്തിന്റെ നിശ്ചിതത്വത്തെയും കുറിച്ചൊക്കെ പറഞ്ഞശേഷം, “ഉണർന്നിരിപ്പിൻ; വിശ്വാസത്തിൽ നിലനില്‌പിൻ; പുരുഷത്വം കാണിപ്പിൻ; ശക്തിപ്പെടുവിൻ” എന്ന ഉദ്‌ബോധനം പൗലൊസ്‌ നൽകുന്നു.—1 കൊരി. 16:13.

തിരുവെഴുത്തു ചോദ്യങ്ങൾക്കുള്ള ഉത്തരം:

1:21—വിശ്വസിക്കുന്നവരെ യഹോവ രക്ഷിക്കുന്നത്‌ ‘ഭോഷത്വത്താലാണോ’? അല്ല, എന്നാൽ “ലോകം ജ്ഞാനത്താൽ ദൈവത്തെ അറിയായ്‌കകൊണ്ടു” ആളുകളെ രക്ഷിക്കാൻ അവൻ ഉപയോഗിക്കുന്ന മാർഗം ലോകത്തിനു ഭോഷത്തമായി തോന്നുന്നു.—യോഹ. 17:25.

5:5—‘ആത്മാവു രക്ഷിക്കപ്പെടേണ്ടതിന്നു ജഡസംഹാരത്തിന്നായി [ആ ദുഷ്ടനെ] സാത്താന്നു ഏല്‌പിക്കേണം’ എന്നു പറഞ്ഞിരിക്കുന്നതിന്റെ അർഥമെന്ത്‌? അനുതാപമില്ലാത്ത ദുഷ്‌പ്രവൃത്തിക്കാരനെ സഭയിൽനിന്നു പുറത്താക്കുമ്പോൾ അയാൾ വീണ്ടും സാത്താന്റെ ദുഷ്ടലോകത്തിന്റെ ഭാഗമായിത്തീരുന്നു. (1 യോഹ. 5:19) ആ അർഥത്തിലാണ്‌ അയാൾ സാത്താന്‌ ഏൽപ്പിക്കപ്പെടുന്നത്‌. ആ വ്യക്തിയെ പുറത്താക്കുന്നത്‌ സഭയിൽനിന്നു ദുഷിച്ച സ്വാധീനം നീക്കംചെയ്യുന്നതിനും അങ്ങനെ സഭയുടെ ആത്മാവ്‌ അഥവാ ആത്മീയ അന്തരീക്ഷം ശുദ്ധമായി നിലനിറുത്തുന്നതിനും ഉതകുമായിരുന്നു.—2 തിമൊ. 4:22.

7:33, 34—വിവാഹിതർ “ലോകത്തിന്നുള്ളതു” ചിന്തിക്കുന്നു എന്നതിന്റെ അർഥമെന്ത്‌? വിവാഹിതരായ ക്രിസ്‌ത്യാനികൾ അവശ്യം ശ്രദ്ധിക്കേണ്ട അനുദിന കാര്യാദികളെയാണ്‌ പൗലൊസ്‌ ഇവിടെ പരാമർശിക്കുന്നത്‌. ആഹാരം, വസ്‌ത്രം, പാർപ്പിടം തുടങ്ങിയവ ഇതിലുൾപ്പെടുന്നു, എന്നാൽ ക്രിസ്‌ത്യാനികൾ ഒഴിവാക്കുന്ന ഈ ‘ലോകത്തിന്റെ’ മോശം കാര്യങ്ങൾ ഇതിൽ ഉൾപ്പെടുന്നില്ല.—1 യോഹ. 2:15–17.

11:26—യേശുവിന്റെ മരണത്തിന്റെ സ്‌മാരകം എത്ര കൂടെക്കൂടെ ആചരിക്കണം, എപ്പോൾവരെ? “ചെയ്യുമ്പോഴൊക്കെയും” എന്നു പറഞ്ഞപ്പോൾ യേശുവിന്റെ മരണത്തിന്റെ ഓർമ കൂടെക്കൂടെ ആചരിക്കണം എന്നല്ല പൗലൊസ്‌ അർഥമാക്കിയത്‌. വർഷത്തിലൊരിക്കൽ നീസാൻ 14-ന്‌ സ്‌മാരക ചിഹ്നങ്ങളിൽ പങ്കുപറ്റുമ്പോൾ അഭിഷിക്ത ക്രിസ്‌ത്യാനികൾ ‘കർത്താവിന്റെ മരണത്തെ പ്രസ്‌താവിക്കുന്നു’ എന്നാണ്‌ പൗലൊസ്‌ പറയുന്നത്‌. “കർത്താവു വരുവോളം” അതായത്‌ പുനരുത്ഥാനത്തിൽ അവൻ അവരെ സ്വർഗത്തിൽ കൈക്കൊള്ളുന്നതുവരെ അവരതു തുടരും.—1 തെസ്സ. 4:14–17.

13:13—വിശ്വാസം, പ്രത്യാശ എന്നിവയെക്കാൾ സ്‌നേഹം വലുതായിരിക്കുന്നത്‌ ഏതു വിധത്തിൽ? ‘സംഭവിക്കുമെന്ന ഉറച്ചബോധ്യത്തോടെ’ വിശ്വസിക്കുകയും പ്രത്യാശിക്കുകയും ചെയ്യുന്ന കാര്യങ്ങൾ യാഥാർഥ്യമായിക്കഴിയുമ്പോൾ നിറവേറിയ കാര്യങ്ങളോടുള്ള ബന്ധത്തിൽ വിശ്വാസത്തിനും പ്രത്യാശയ്‌ക്കും പ്രസക്തി നഷ്ടപ്പെടുന്നു. (എബ്രാ. 11:1, NW) എന്നാൽ സ്‌നേഹം എന്നേക്കും നിലനിൽക്കുന്നതിനാൽ അതു വിശ്വാസം, പ്രത്യാശ എന്നിവയെക്കാൾ വലുതാണ്‌.

15:29—‘മരിച്ചവർക്കു വേണ്ടി സ്‌നാനം ഏല്‌ക്കുക’ എന്നതിന്റെ അർഥമെന്ത്‌? സ്‌നാനമേൽക്കാതെ മരിച്ചവർക്കുവേണ്ടി, ജീവിച്ചിരിക്കുന്നവർ സ്‌നാനമേൽക്കണം എന്നല്ല പൗലൊസ്‌ പറയുന്നത്‌. മരണപര്യന്തം നിർമലത പാലിക്കുന്ന ഒരു ജീവിതഗതിയിലേക്ക്‌ അഭിഷിക്ത ക്രിസ്‌ത്യാനികൾ സ്‌നാനമേൽക്കുന്നതിനെയും പിന്നീട്‌ അവർ ആത്മജീവനിലേക്ക്‌ ഉയിർപ്പിക്കപ്പെടുന്നതിനെയുംകുറിച്ചു പറയുകയായിരുന്നു പൗലൊസ്‌.

നമുക്കുള്ള പാഠം:

1:26–31; 3:3-9; 4:7. അഹങ്കരിക്കാതെ സകല ബഹുമതിയും താഴ്‌മയോടെ യഹോവയ്‌ക്കു നൽകുന്നത്‌ സഭയിൽ ഐക്യം ഉന്നമിപ്പിക്കും.

2:3-5. ഗ്രീക്ക്‌ തത്ത്വചിന്തയുടെ കേന്ദ്രമായിരുന്ന കൊരിന്തിൽ പ്രസംഗിക്കവെ തനിക്കു ശ്രോതാക്കളെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്താനാകുമോ എന്ന്‌ പൗലൊസിനു സന്ദേഹമുണ്ടായിരുന്നിരിക്കാം. എന്നിരുന്നാലും ബലഹീനതയും ഭയവുമൊന്നും ദൈവദത്ത ശുശ്രൂഷ നിർവഹിക്കുന്നതിന്‌ അവനൊരു തടസ്സമായില്ല. സമാനമായി അപരിചിതമോ പ്രതികൂലമോ ആയ സാഹചര്യങ്ങൾ ദൈവരാജ്യ സുവാർത്ത ഘോഷിക്കുന്നതിന്‌ നമുക്കൊരു പ്രതിബന്ധമാകരുത്‌. പൗലൊസിനെപ്പോലെ നമുക്കും സഹായത്തിനായി ആത്മവിശ്വാസത്തോടെ യഹോവയിലേക്കു നോക്കാം.

2:16. “ക്രിസ്‌തുവിന്റെ മനസ്സുള്ളവർ” ആയിരിക്കുന്നതിന്‌ അവന്റെ ചിന്താഗതി മനസ്സിലാക്കി അവനെപ്പോലെ ചിന്തിക്കുന്നതും അവന്റെ വ്യക്തിത്വം പൂർണമായി മനസ്സിലാക്കി അവന്റെ ജീവിതമാതൃക അനുകരിക്കുന്നതും അനുപേക്ഷണീയമാണ്‌. (1 പത്രൊ. 2:21; 4:1) അതുകൊണ്ട്‌ യേശുവിന്റെ ജീവിതവും ശുശ്രൂഷയും ശ്രദ്ധാപൂർവം പഠിക്കേണ്ടത്‌ വളരെ പ്രധാനമാണ്‌.

3:10–15; 4:17. പഠിപ്പിച്ചു ശിഷ്യരാക്കാനുള്ള നമ്മുടെ പ്രാപ്‌തി നാം വിശകലനം ചെയ്യുകയും മെച്ചപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്‌. (മത്താ. 28:19, 20) നാം നന്നായി പഠിപ്പിച്ചില്ലെങ്കിൽ നമ്മുടെ വിദ്യാർഥികൾ വിശ്വാസത്തിന്റെ പരിശോധനകളെ അതിജീവിച്ചില്ലെന്നുവരാം. നാം രക്ഷിക്കപ്പെട്ടാലും അത്‌ “തീയിൽകൂടി എന്നപോലെ” അത്യന്തം വേദനാകരമായിരിക്കും; കാരണം അത്ര വലുതായിരിക്കും നമ്മുടെ ആ നഷ്ടം.

6:18. ‘ദുർന്നടപ്പു വിട്ട്‌ ഓടുന്നതിൽ’ പരസംഗം ചെയ്യുന്നതു മാത്രമല്ല ഉൾപ്പെട്ടിരിക്കുന്നത്‌. അശ്ലീലം, അധാർമിക ചിന്തകൾ, ശൃംഗാരം, ധാർമിക അശുദ്ധി എന്നിങ്ങനെ പരസംഗം ചെയ്യുന്നതിലേക്കു നയിക്കുന്നതെന്തും അതിൽ ഉൾപ്പെടുന്നു.—മത്താ. 5:28; യാക്കോ. 3:17.

7:29. ജീവിതത്തിൽ രാജ്യതാത്‌പര്യങ്ങൾ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളപ്പെടത്തക്കവിധം വിവാഹിത ദമ്പതികൾ ദാമ്പത്യ ജീവിതത്തിന്റെ സുഖങ്ങളിൽ മുഴുകിപ്പോകരുത്‌.

10:8–11. ഇസ്രായേല്യർ മോശെക്കും അഹരോനും എതിരെ പിറുപിറുത്തത്‌ യഹോവയെ അത്യധികം കോപിപ്പിച്ചു. അതുകൊണ്ട്‌ പിറുപിറുക്കുന്ന ശീലം വളർത്തിയെടുക്കാതിരിക്കുന്നതാണു ബുദ്ധി.

16:2. നല്ല ആസൂത്രണവും ചിട്ടയുമുണ്ടെങ്കിൽ രാജ്യതാത്‌പര്യങ്ങൾ ഉന്നമിപ്പിക്കുന്നതിനുവേണ്ടിയുള്ള സംഭാവനകൾ ക്രമമായി കൊടുക്കാൻ സാധിക്കും.

“യഥാസ്ഥാനപ്പെടുവിൻ”

(2 കൊരി. 1:1—13:14)

പുറത്താക്കപ്പെട്ടെങ്കിലും അനുതാപം പ്രകടമാക്കിയ ദുഷ്‌പ്രവൃത്തിക്കാരനോടു “ക്ഷമിക്കയും അവനെ ആശ്വസിപ്പിക്കയും” ചെയ്യണമെന്നു പൗലൊസ്‌ കൊരിന്ത്യരോട്‌ ആവശ്യപ്പെടുന്നു. അവന്റെ ആദ്യ ലേഖനം അവരെ ദുഃഖിപ്പിച്ചു, എന്നുവരികിലും അവർ ‘മാനസാന്തരത്തിന്നായി ദുഃഖിച്ചു’ എന്നതിൽ അവൻ സന്തുഷ്ടനാണ്‌.—2 കൊരി. 2:6, 7; 7:8, 9.

“എല്ലാറ്റിലും നിങ്ങൾ മുന്തിയിരിക്കുന്നതുപോലെ ഈ ധർമ്മകാര്യത്തിലും മുന്തിവരുവിൻ,” പൗലൊസ്‌ കൊരിന്ത്യരെ പ്രോത്സാഹിപ്പിക്കുന്നു. തന്നെ എതിർത്തവർക്കു മറുപടി കൊടുത്തശേഷം എല്ലാവരോടുമായി അവൻ പറയുന്നു: “സന്തോഷിപ്പിൻ; യഥാസ്ഥാനപ്പെടുവിൻ; ആശ്വസിച്ചുകൊൾവിൻ; ഏകമനസ്സുള്ളവരാകുവിൻ; സമാധാനത്തോടെ ഇരിപ്പിൻ.”—2 കൊരി. 8:7; 13:11.

തിരുവെഴുത്തു ചോദ്യങ്ങൾക്കുള്ള ഉത്തരം:

2:15, 16—നാം “ക്രിസ്‌തുവിന്റെ സൌരഭ്യവാസന” ആയിരിക്കുന്നത്‌ എങ്ങനെ? നാം ബൈബിൾ അനുസരിക്കുകയും അതിലെ സന്ദേശം ഘോഷിക്കുകയും ചെയ്യുന്നതിനാലാണ്‌ അങ്ങനെ ആയിരിക്കുന്നത്‌. നീതികെട്ടവർക്ക്‌ ആ ‘സൗരഭ്യവാസന’ ദുർഗന്ധമായി അനുഭവപ്പെട്ടേക്കാം, എന്നാൽ യഹോവയ്‌ക്കും ആത്മാർഥഹൃദയർക്കും അതു സുഗന്ധംതന്നെയാണ്‌.

5:16—അഭിഷിക്ത ക്രിസ്‌ത്യാനികൾ “ആരെയും ജഡപ്രകാരം” അറിയുന്നില്ലാത്തത്‌ എങ്ങനെ? ആളുകളോടുള്ള അവരുടെ വീക്ഷണം ജഡികമല്ല, അതായത്‌ സമ്പത്ത്‌, വർഗം, വംശം, ദേശം എന്നിവയുടെ അടിസ്ഥാനത്തിൽ അവർ ആരോടും പക്ഷപാതം കാണിക്കുന്നില്ല. സഹവിശ്വാസികളുമായുള്ള ആത്മീയ ബന്ധമാണ്‌ അവർക്കു മുഖ്യം.

11:1, 16; 12:11—കൊരിന്ത്യ സഭയോടുള്ള ബന്ധത്തിൽ പൗലൊസ്‌ “ബുദ്ധിഹീനൻ” ആയിരുന്നോ? അല്ല, എന്നിരുന്നാലും തന്റെ അപ്പൊസ്‌തലികത്വത്തിനുവേണ്ടി പ്രതിവാദം നടത്തേണ്ടിവന്നപ്പോൾ അവൻ പറഞ്ഞ കാര്യങ്ങൾ ചിലർക്ക്‌ ആത്മപ്രശംസയോ ബുദ്ധിഹീനതയോ ആയി തോന്നിയിരിക്കാം.

12:1–4—“പരദീസയോളം എടുക്കപ്പെട്ടു” എന്ന്‌ പറഞ്ഞിരിക്കുന്നത്‌ ആരെക്കുറിച്ചാണ്‌? ഇത്തരമൊരു ദർശനം ലഭിച്ച വേറെ ആരെക്കുറിച്ചും ബൈബിൾ പറയാത്തസ്ഥിതിക്കും പൗലൊസ്‌ തന്റെ അപ്പൊസ്‌തലികത്വത്തിനുവേണ്ടി പ്രതിവാദം നടത്തിയശേഷം വരുന്ന ഭാഗമായിരിക്കുന്നതിനാലും സ്വന്തം അനുഭവമായിരിക്കണം അവൻ പ്രതിപാദിക്കുന്നത്‌. ‘അന്ത്യകാലത്തു’ ക്രിസ്‌തീയ സഭ ആസ്വദിക്കുന്ന ആത്മീയ പറുദീസയെക്കുറിച്ചുള്ള ദർശനമായിരിക്കാം അപ്പൊസ്‌തലൻ കണ്ടത്‌.—ദാനീ. 12:4.

നമുക്കുള്ള പാഠം:

3:5. തന്റെ വചനം, പരിശുദ്ധാത്മാവ്‌, സംഘടന എന്നിവയിലൂടെ യഹോവ ക്രിസ്‌ത്യാനികളെ ശുശ്രൂഷയ്‌ക്കു പ്രാപ്‌തരാക്കുന്നു എന്നാണ്‌ ഇത്‌ അർഥമാക്കുന്നത്‌. (യോഹ. 16:7; 2 തിമൊ. 3:16, 17) അതുകൊണ്ട്‌ നാം ബൈബിളും ബൈബിളധിഷ്‌ഠിത പ്രസിദ്ധീകരണങ്ങളും ശുഷ്‌കാന്തിയോടെ പഠിക്കുകയും പരിശുദ്ധാത്മാവിനായി നിരന്തരം പ്രാർഥിക്കുകയും ക്രിസ്‌തീയ യോഗങ്ങളിൽ ക്രമമായി ഹാജരാകുകയും അവയിൽ പങ്കുകൊള്ളുകയും ചെയ്യണം.—സങ്കീ. 1:1–3; ലൂക്കൊ. 11:10–13; എബ്രാ. 10:24, 25.

4:16. “അകമേയുള്ള” മനുഷ്യനെ യഹോവ “നാൾക്കുനാൾ” പുതുക്കുന്നതിനാൽ ദൈവത്തിന്റെ കരുതലുകൾ നാം ക്രമമായി ഉപയോഗപ്പെടുത്തണം. ആത്മീയ കാര്യങ്ങൾ പരിചിന്തിക്കാതെ ഒരു ദിവസംപോലും കടന്നുപോകാൻ നാം അനുവദിക്കരുത്‌.

4:17, 18. കഷ്ടങ്ങൾ നൊടിനേരത്തേക്കുള്ളതും ലഘുവും’ ആണെന്നോർക്കുന്നത്‌ ക്ലേശപൂർണമായ നാളുകളിൽ യഹോവയോടു വിശ്വസ്‌തരായിരിക്കാൻ നമ്മെ സഹായിക്കും.

5:1–5. അഭിഷിക്ത ക്രിസ്‌ത്യാനികളുടെ സ്വർഗീയ പ്രത്യാശയെ എത്ര മനോഹരമായിട്ടാണ്‌ പൗലൊസ്‌ വരച്ചുകാട്ടുന്നത്‌!

10:13. സാധാരണഗതിയിൽ, ആവശ്യം അധികമുള്ളിടത്തു സേവിക്കാനുള്ള നിയമനം ലഭിക്കാത്തിടത്തോളം നാം നമ്മുടെ സഭയുടെ നിയമിത പ്രദേശത്തു മാത്രമേ പ്രവർത്തിക്കാവൂ.

13:5. നമ്മുടെ പ്രവൃത്തികൾ ബൈബിളിനു ചേർച്ചയിലാണോ എന്നു പരിശോധിക്കുകവഴി നാം ‘വിശ്വാസത്തിൽ ഇരിക്കുന്നുവോ എന്നു പരീക്ഷിക്കാനാകും.’ നമ്മെത്തന്നെ ശോധനചെയ്യുന്നതിൽ, നമ്മുടെ ആത്മീയതയുടെ ആഴം അളക്കുന്നതും ഇന്ദ്രിയങ്ങളുടെ സൂക്ഷ്‌മത വിലയിരുത്തുന്നതും വിശ്വാസത്തിന്റെ പ്രവൃത്തികൾ നാം എത്രത്തോളം ചെയ്യുന്നുവെന്നു പരിശോധിക്കുന്നതും ഉൾപ്പെടുന്നു. (എബ്രാ. 5:14; യാക്കോ. 1:22–25) പൗലൊസിന്റെ ബുദ്ധിയുപദേശം അനുസരിക്കുന്നെങ്കിൽ സത്യത്തിന്റെ പാതയിൽ നമുക്കു തുടർന്നും നടക്കാനാകും.

[26, 27 പേജിലെ ചിത്രം]

“ഈ അപ്പം തിന്നുകയും പാനപാത്രം കുടിക്കയും ചെയ്യുമ്പോഴൊക്കെയും” എന്നു പറഞ്ഞിരിക്കുന്നതിന്റെ അർഥമെന്ത്‌?—1 കൊരി. 11:26