വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിർഭയരായി യഹോവയുടെ തണലിൽ

നിർഭയരായി യഹോവയുടെ തണലിൽ

നിർഭയരായി യഹോവയുടെ തണലിൽ

ഐപ്‌ഷ്യ പെട്രിഡൂ പറഞ്ഞപ്രകാരം

1972-ൽ സൈപ്രസിലെങ്ങുമുള്ള സാക്ഷികൾ നിക്കോസിയയിൽ ഒത്തുകൂടി. എന്തിനെന്നോ? വർഷങ്ങളായി യഹോവയുടെ സാക്ഷികളുടെ വേലയ്‌ക്കു മേൽനോട്ടം വഹിച്ചിരുന്ന നേഥൻ എച്ച്‌. നോറിന്റെ പ്രത്യേക പ്രസംഗം കേൾക്കാൻ. എന്റെ സ്വദേശമായ ഈജിപ്‌തിലെ അലക്‌സാണ്ട്രിയയിൽവെച്ച്‌ അദ്ദേഹത്തെ പരിചയപ്പെട്ടിട്ട്‌ 20 വർഷം പിന്നിട്ടിരിക്കുന്നു! കണ്ടമാത്രയിൽ അദ്ദേഹം എന്നെ തിരിച്ചറിഞ്ഞു. ഞാൻ എന്തെങ്കിലും പറയുന്നതിനുമുമ്പ്‌ അദ്ദേഹം ചോദിച്ചു, “ഈജിപ്‌തിൽ എന്തുണ്ട്‌ വിശേഷങ്ങൾ?”

അലക്‌സാണ്ട്രിയയിൽ 1914 ജനുവരി 23-നാണ്‌ ഞാൻ ജനിച്ചത്‌. നാലു കുട്ടികളിൽ മൂത്തവൾ ഞാനായിരുന്നു. കടലിൽനിന്നു വിളിപ്പാടകലെയായിരുന്നു ഞങ്ങളുടെ വീട്‌. വാസ്‌തുകലയ്‌ക്കു പേരുകേട്ട, ചരിത്രമുറങ്ങുന്ന, നാനാവിധ സംസ്‌കാരങ്ങളുടെ സംഗമവേദിയായ ഒരു മനോഹര നഗരം; അതായിരുന്നു അന്ന്‌ അലക്‌സാണ്ട്രിയ. യൂറോപ്യൻ വംശജരും അറബികളും അന്യോന്യം ഇടപഴകിയിരുന്ന ഒരു സമൂഹമായിരുന്നു ഞങ്ങളുടേത്‌. അതിനാൽ കുട്ടികളായ ഞങ്ങൾക്ക്‌ മാതൃഭാഷയായ ഗ്രീക്കിനോടൊപ്പം അറബിക്‌, ഇംഗ്ലീഷ്‌, ഫ്രഞ്ച്‌, ഇറ്റാലിയൻ ഭാഷകളും അറിയാമായിരുന്നു.

സ്‌കൂൾ പഠനം പൂർത്തിയാക്കിയശേഷം ഒരു ഫ്രഞ്ച്‌ ഫാഷൻ ഡിസൈനിങ്‌ സ്ഥാപനത്തിൽ എനിക്കു ജോലികിട്ടി. കുലീന സ്‌ത്രീകൾ അണിയുന്ന മനോഹരമായ ഗൗണുകൾ ഞാൻതന്നെ ഡിസൈൻ ചെയ്‌ത്‌ തയ്‌ച്ചുകൊടുത്തിരുന്നു. മതപരമായ കാര്യങ്ങളിൽ താത്‌പര്യമെടുത്തിരുന്ന എനിക്ക്‌ ബൈബിൾ വായിക്കാൻ വലിയ ഇഷ്ടമായിരുന്നു, കാര്യമായൊന്നും മനസ്സിലായിരുന്നില്ലെന്നു മാത്രം.

ഏതാണ്ട്‌ അതേ കാലത്ത്‌, 1930-കളുടെ മധ്യത്തിൽ, സൈപ്രസുകാരനായ തിയോഡോട്ടസ്‌ പെട്രിഡസുമായി ഞാൻ പരിചയത്തിലായി. പേരുകേട്ട ഒരു ഗുസ്‌തിക്കാരനായിരുന്നു അദ്ദേഹം. എന്നാൽ മധുരപലഹാരങ്ങൾ ഉണ്ടാക്കാനറിയാമായിരുന്ന അദ്ദേഹം, അറിയപ്പെടുന്ന ഒരു ബേക്കറിയിലാണ്‌ ജോലിചെയ്‌തിരുന്നത്‌. ഉയരം കുറഞ്ഞ ഈ ചെമ്പൻമുടിക്കാരിയെ അദ്ദേഹത്തിന്‌ ഇഷ്ടമായി. അദ്ദേഹം ആലപിക്കുന്ന ഗ്രീക്ക്‌ പ്രണയഗാനങ്ങൾ പലപ്പോഴും എന്റെ ജാലകത്തിലൂടെ ഒഴുകിയെത്തിയിരുന്നു. 1940 ജൂൺ 30-ന്‌ ഞങ്ങൾ വിവാഹിതരായി. സന്തോഷഭരിതമായിരുന്നു ആ നാളുകൾ. അമ്മ താമസിച്ചിരുന്നതിനു തൊട്ടുതാഴെയുള്ള അപ്പാർട്ടുമെന്റിൽ ഞങ്ങൾ താമസം ആരംഭിച്ചു. 1941-ൽ ഞങ്ങളുടെ മകൻ ജോൺ പിറന്നു.

ബൈബിൾസത്യം പഠിക്കുന്നു

ഏതാനും നാളുകളായി തിയോഡോട്ടസ്‌ മതകാര്യങ്ങളിൽ തൃപ്‌തനല്ലായിരുന്നു, പക്ഷേ അദ്ദേഹത്തിന്‌ ബൈബിൾ സംബന്ധിയായ ധാരാളം സംശയങ്ങളുണ്ടായിരുന്നു. ഞാനറിയാതെ അദ്ദേഹം യഹോവയുടെ സാക്ഷികളോടൊത്തു ബൈബിൾ പഠിക്കാൻ തുടങ്ങി. ഒരിക്കൽ ഞാനും കുഞ്ഞുംമാത്രം വീട്ടിലുണ്ടായിരുന്നപ്പോൾ ഒരു സ്‌ത്രീ വന്ന്‌ ബൈബിൾസന്ദേശം അച്ചടിച്ച ഒരു കാർഡ്‌ തന്നു. മര്യാദയുടെ പേരിൽ ഞാൻ അതു വാങ്ങി വായിച്ചുനോക്കി. തുടർന്ന്‌ അവർ ചില പ്രസിദ്ധീകരണങ്ങൾ നൽകി. തിയോഡോട്ടസ്‌ കൊണ്ടുവന്ന അതേ പുസ്‌തകങ്ങൾ!

“ഓ, ഈ പുസ്‌തകങ്ങൾതന്നെയല്ലേ ഇവിടെയുമിരിക്കുന്നത്‌.” ഞാൻ അവരെ അകത്തേക്കു ക്ഷണിച്ചു. ഇലെനി നിക്കൊലാവോ എന്നായിരുന്നു അവരുടെ പേര്‌. യഹോവയുടെ സാക്ഷിയായ അവരോടു ഞാൻ ഒന്നിനു പുറകെ ഒന്നായി ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരുന്നു. ക്ഷമയോടെ, ബൈബിളുപയോഗിച്ച്‌ അവർ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകി. എനിക്കത്‌ ഇഷ്ടമായി. ബൈബിൾസത്യങ്ങൾ എന്റെ മുന്നിൽ ചുരുളഴിയുകയായിരുന്നു. ഇടയ്‌ക്കെപ്പോഴോ തിയോഡോട്ടസിന്റെ ഒരു ഫോട്ടോ ഇലെനിയുടെ ശ്രദ്ധയിൽപ്പെട്ടു. “ഇത്‌ എനിക്കറിയാവുന്ന ആളാണല്ലോ!” ഇലെനിക്ക്‌ അത്ഭുതമായി. ഒരു നിമിഷം ഞാനുമൊന്ന്‌ അമ്പരന്നു. അദ്ദേഹത്തിന്റെ ‘കള്ളി വെളിച്ചത്തായിരിക്കുന്നു.’ തിയോ ക്രിസ്‌തീയ യോഗങ്ങൾക്കു പോകുന്നുണ്ടായിരുന്നു, എന്നോടൊരു വാക്കുപോലും പറയാതെ! തിയോ വീട്ടിലെത്തിയപ്പോൾ ഞാൻ പറഞ്ഞു: “തിയോ, കഴിഞ്ഞ ഞായറാഴ്‌ച നിങ്ങൾ ഒരിടത്തു പോയില്ലേ, ഈ ആഴ്‌ച ഞാനും അവിടെ വരുന്നുണ്ട്‌!”

ഞാൻ സംബന്ധിച്ച ആദ്യ യോഗത്തിൽ പത്തോളം പേർ കൂടിവന്നിരുന്നു. മീഖായുടെ പുസ്‌തകമായിരുന്നു അന്ന്‌ അവിടെ ചർച്ചചെയ്‌തത്‌. ഒരക്ഷരംവിടാതെ ഞാൻ കേട്ടിരുന്നു. അന്നുമുതൽ എല്ലാ വെള്ളിയാഴ്‌ചയും വൈകുന്നേരം ജോർജ്‌ പെട്രാകിയും ഭാര്യ കാതറീനും വീട്ടിൽവന്ന്‌ ഞങ്ങളെ ബൈബിൾ പഠിപ്പിച്ചു. യഹോവയുടെ സാക്ഷികളോടൊത്തു പഠിക്കുന്നതിനോട്‌ എന്റെ ഡാഡിക്കും രണ്ടു സഹോദരങ്ങൾക്കും എതിർപ്പായിരുന്നു. അനുജത്തിക്ക്‌ എതിർപ്പൊന്നുമില്ലായിരുന്നെങ്കിലും അവൾ സാക്ഷിയായില്ല. എന്നാൽ മമ്മിക്കു സത്യത്തോടു താത്‌പര്യമുണ്ടായിരുന്നു. 1942-ൽ തിയോയും ഞാനും മമ്മിയും സ്‌നാനമേറ്റു, അലക്‌സാണ്ട്രിയയിലെ കടലിലായിരുന്നു ഞങ്ങളുടെ സ്‌നാനം.

പ്രതിസന്ധികളിലൂടെ

1939-ൽ പൊട്ടിപ്പുറപ്പെട്ട രണ്ടാം ലോകമഹായുദ്ധം അതിവേഗം ആളിപ്പടർന്നു. 1940-കളുടെ ആരംഭത്തിൽ ജർമൻ ജനറലായ ഇർവിൻ റോമെലിന്റെ നേതൃത്വത്തിലുള്ള പീരങ്കിപ്പട അടുത്തുള്ള എൽ അലാമെയിനിൽ നിലയുറപ്പിച്ചു. അലക്‌സാണ്ട്രിയയാകട്ടെ ബ്രിട്ടീഷ്‌ പട്ടാളത്തിന്റെ താവളമായിരുന്നു. ഉണക്കിയ ഭക്ഷ്യവസ്‌തുക്കൾ ഞങ്ങൾ വേണ്ടുവോളം ശേഖരിച്ചുവെച്ചു. സൂയസിനടുത്തുള്ള പോർട്ട്‌ തൗഫികിലെ പുതിയ ബേക്കറിയുടെ ചുമതല തിയോയ്‌ക്കായി, ഞങ്ങൾ അവിടേക്കു താമസംമാറ്റി. ഗ്രീക്കുകാരായ രണ്ടു സാക്ഷികൾ ഞങ്ങളെ തേടിയെത്തി; ഞങ്ങളുടെ മേൽവിലാസം അറിയില്ലായിരുന്ന അവർ ഞങ്ങളെ കണ്ടെത്തുംവരെ അവിടെയുള്ള വീടുകൾതോറും സാക്ഷീകരിച്ചു!

അവിടെ ഞങ്ങൾ കിപ്‌റയൊസ്‌ കുടുംബത്തെ ബൈബിൾ പഠിപ്പിച്ചു. സ്റ്റാവ്‌റോസ്‌ കിപ്‌റയൊസ്‌, ഭാര്യ യൂള, മക്കളായ ടോടോസ്‌, യോർഗിയ എന്നിവർ ഞങ്ങളുടെ ഉറ്റ സുഹൃത്തുക്കളായി. ബൈബിൾ ചർച്ചകൾ ഏറെ ആസ്വദിച്ചിരുന്നു സ്റ്റാവ്‌റോസ്‌. അവസാന ട്രെയിൻ കിട്ടാതെ ഞങ്ങളെ അവിടെ പിടിച്ചു നിറുത്തുന്നതിന്‌ അദ്ദേഹം ഒരു പണി ഒപ്പിക്കുമായിരുന്നു: വീട്ടിലെ എല്ലാ ക്ലോക്കിലെയും സമയം ഒരു മണിക്കൂർ പിന്നോട്ടാക്കിവെക്കും! പലപ്പോഴും പാതിരാത്രിവരെ നീണ്ടിരുന്നു ആ ചർച്ചകൾ.

18 മാസം ഞങ്ങൾ പോർട്ട്‌ തൗഫികിൽ താമസിച്ചു. മമ്മിക്ക്‌ സുഖമില്ലാതായതോടെ ഞങ്ങൾ അലക്‌സാണ്ട്രിയയിലേക്കു മടങ്ങി. 1947-ൽ തന്റെ മരണംവരെയും മമ്മി യഹോവയോടു വിശ്വസ്‌തയായിരുന്നു. പക്വതയുള്ള ക്രിസ്‌തീയ സുഹൃത്തുക്കളിലൂടെ യഹോവ പകർന്നുനൽകിയ ആശ്വാസവും പ്രോത്സാഹനവും ഒരിക്കൽക്കൂടി ഞങ്ങൾ അനുഭവിച്ചറിഞ്ഞു. മിഷനറിമാർ അവരുടെ നിയമിത പ്രദേശത്തേക്കുള്ള യാത്രയ്‌ക്കിടെ അലക്‌സാണ്ട്രിയയിൽ കപ്പലിറങ്ങുമ്പോൾ അവരെ സത്‌കരിക്കാൻ ഞങ്ങൾക്ക്‌ അവസരം ലഭിച്ചിരുന്നു.

സന്തോഷത്തിന്റെയും പ്രശ്‌നങ്ങളുടെയും നാളുകൾ

1952-ൽ ഞങ്ങളുടെ രണ്ടാമത്തെ കുട്ടി ജയിംസ്‌ പിറന്നു. ആത്മീയ അന്തരീക്ഷത്തിൽ മക്കളെ വളർത്തേണ്ടതിന്റെ പ്രാധാന്യം ഞങ്ങൾക്കറിയാമായിരുന്നു. വീട്ടിൽ യോഗങ്ങൾ നടത്തുന്നതിനു ഞങ്ങൾക്കു സന്തോഷമെ ഉണ്ടായിരുന്നുള്ളൂ. മുഴുസമയ ശുശ്രൂഷകർക്ക്‌ ആതിഥ്യമരുളാനുള്ള അവസരങ്ങളൊന്നും ഞങ്ങൾ പാഴാക്കിയതുമില്ല. ഇതെല്ലാം ഞങ്ങളുടെ മൂത്തമകൻ ജോണിനെ വളരെ സ്വാധീനിച്ചു, അവൻ ബൈബിൾസത്യത്തെ പ്രിയപ്പെടുകയും കൗമാരത്തിൽത്തന്നെ പയനിയറിങ്‌ തുടങ്ങുകയും ചെയ്‌തു. പഠനം പൂർത്തിയാക്കുന്നതിന്‌ അവൻ സായാഹ്ന സ്‌കൂളിൽ ചേർന്നു.

അങ്ങനെയിരിക്കെയാണ്‌ തിയോഡോട്ടസിന്‌ ഗുരുതരമായ ഹൃദ്രോഗമുണ്ടെന്നു കണ്ടുപിടിച്ചത്‌. അദ്ദേഹത്തിന്‌ ജോലി തുടരാനാവാതെയായി. അന്നു ജയിംസിന്‌ നാലു വയസ്സ്‌. ജീവിതം വഴിമുട്ടിയ അവസ്ഥ! “ഭയപ്പെടേണ്ടാ; ഞാൻ നിന്നോടുകൂടെ ഉണ്ട്‌” എന്ന യഹോവയുടെ വാഗ്‌ദാനം ഞങ്ങളുടെ കാര്യത്തിൽ സത്യമാകുമോ? (യെശ. 41:10) 1956-ൽ സൂയസ്‌ കനാലിനടുത്തുള്ള ഇസ്‌മാലിയയിൽ പയനിയർമാരായി പ്രവർത്തിക്കാനുള്ള നിയമനം ലഭിച്ചപ്പോൾ സന്തോഷംകൊണ്ട്‌ ഞങ്ങൾ വീർപ്പുമുട്ടി! തുടർന്നുവന്ന വർഷങ്ങളിൽ ഈജിപ്‌തിൽ ആകെ പ്രക്ഷുബ്ധാവസ്ഥയായിരുന്നു, സഹോദരങ്ങൾക്കു പ്രോത്സാഹനം ആവശ്യമായിരുന്ന സമയം.

ഓരോ സ്യൂട്ട്‌കേസുമെടുത്ത്‌ 1960-ൽ ഞങ്ങൾക്ക്‌ ഈജിപ്‌ത്‌ വിടേണ്ടിവന്നു. ഭർത്താവിന്റെ സ്വദേശമായ സൈപ്രസിലേക്കാണു ഞങ്ങൾ പോയത്‌. തിയോയുടെ ആരോഗ്യനില കൂടുതൽ വഷളായി, അദ്ദേഹത്തിന്‌ ജോലിയൊന്നും ചെയ്യാനാവാതായി. ഒരു ക്രിസ്‌തീയ സഹോദരനും ഭാര്യയും അവരുടെ ഒരു വീട്ടിൽ താമസിക്കാനുള്ള സൗകര്യം ചെയ്‌തുതന്നു. രണ്ടു വർഷത്തിനുശേഷം തിയോ മരണമടഞ്ഞു, ഞാനും കൊച്ചു ജയിംസും തനിച്ചായി. ജോണും ഞങ്ങളോടൊപ്പം സൈപ്രസിൽ വന്നിരുന്നെങ്കിലും അവൻ വിവാഹംകഴിച്ച്‌ മാറിത്താമസിക്കുകയായിരുന്നു.

ക്ലേശപൂർണമായ നാളുകളിൽ സഹായഹസ്‌തം

അങ്ങനെയിരിക്കെ, സ്റ്റാവ്‌റോസ്‌ കെയ്‌റിസും ഭാര്യ ഡോറയും അവരുടെ വീട്ടിൽ താമസിക്കാൻ ഞങ്ങൾക്കു സൗകര്യമൊരുക്കിത്തന്നു. അവശ്യ സമയത്ത്‌ ഒരിക്കൽക്കൂടി സഹായിച്ചതിന്‌ ഞാൻ മുട്ടിന്മേൽനിന്ന്‌ യഹോവയ്‌ക്കു നന്ദിപറഞ്ഞു. (സങ്കീ. 145:16) കെയ്‌റിസ്‌ ദമ്പതികൾ ആ വീടു വിറ്റ്‌, താഴത്തെ നിലയിൽ രാജ്യഹാളോടുകൂടിയ പുതിയതൊന്നു നിർമിച്ചപ്പോൾ എനിക്കും ജയിംസിനുമായി രണ്ടു മുറികൂടി പണിതു.

ജയിംസ്‌ വിവാഹിതനായി. നാലു മക്കളിൽ ആദ്യത്തെയാൾ പിറക്കുന്നതുവരെ അവരിരുവരും പയനിയറിങ്‌ ചെയ്‌തു. 1974-ൽ, നോർ സഹോദരന്റെ സന്ദർശനത്തിന്‌ രണ്ടുവർഷത്തിനുശേഷം, സൈപ്രസിൽ രാഷ്‌ട്രീയ കോളിളക്കങ്ങൾ പൊട്ടിപ്പുറപ്പെട്ടു. * സാക്ഷികൾ ഉൾപ്പെടെ പലർക്കും നാടുവിട്ടു പോകേണ്ടിവന്നു. ജോൺ, ഭാര്യയും മൂന്നു കുട്ടികളുമായി കാനഡയിലേക്കു പോയി. ഇങ്ങനെയൊക്കെയായിട്ടും സൈപ്രസിൽ പ്രസാധകരുടെ എണ്ണം അടിക്കടി വർധിച്ചുവന്നതിൽ ഞങ്ങൾ സന്തോഷിച്ചു.

എനിക്കു പെൻഷൻ കിട്ടിത്തുടങ്ങിയത്‌ ഒരനുഗ്രഹമായി, ശുശ്രൂഷയിൽ കൂടുതൽ ഏർപ്പെടാൻ അത്‌ അവസരമൊരുക്കി. പക്ഷേ, ഏതാനും വർഷംമുമ്പുണ്ടായ നേരിയ മസ്‌തിഷ്‌കാഘാതത്തെത്തുടർന്ന്‌ ഞാൻ ജയിംസിന്റെ കുടുംബത്തോടൊപ്പം താമസം ആരംഭിച്ചു. ആരോഗ്യം കൂടുതൽ വഷളായതോടെ ആഴ്‌ചകളോളം ആശുപത്രിയിൽ കഴിയേണ്ടിവന്നു. പിന്നീട്‌ എന്നെ ഒരു നഴ്‌സിങ്‌ ഹോമിലേക്കു മാറ്റി. കടുത്ത വേദനയ്‌ക്കിടയിലും നഴ്‌സുമാരോടും രോഗികളോടും സന്ദർശകരോടും ഞാൻ സാക്ഷീകരിക്കുന്നു. മണിക്കൂറുകളോളം ഞാൻ പഠനത്തിൽ മുഴുകും. സഹോദരങ്ങൾ സഹായിക്കുന്നതുകൊണ്ട്‌ അടുത്തു നടക്കുന്ന പുസ്‌തകാധ്യയനത്തിനു പോകാനും കഴിയുന്നു.

ജീവിതസായാഹ്നത്തിൽ സംതൃപ്‌തിയോടെ

പലരെയും ആത്മീയമായി സഹായിക്കാൻ തിയോഡോട്ടസിനും എനിക്കും കഴിഞ്ഞിട്ടുണ്ട്‌. അവരെക്കുറിച്ചുള്ള വാർത്തകൾ കേൾക്കുന്നത്‌ മനസ്സിന്‌ എന്തൊരാശ്വാസമാണെന്നോ! അവരുടെ മക്കളിലും കൊച്ചുമക്കളിലും പലരും ഇന്ന്‌ മുഴുസമയ ശുശ്രൂഷയിലാണ്‌. ഓസ്‌ട്രേലിയ, കാനഡ, ഇംഗ്ലണ്ട്‌, ഗ്രീസ്‌, സ്വിറ്റ്‌സർലൻഡ്‌ എന്നിവിടങ്ങളിലായി അവർ സേവിക്കുന്നു. ജോണും ഭാര്യയും കാനഡയിൽ മകനോടൊപ്പം താമസിക്കുന്നു. അവരുടെ മൂത്ത മകളും ഭർത്താവും പയനിയർമാരാണ്‌, ഇളയമകൾ ലിൻഡയ്‌ക്കും ഭർത്താവ്‌ ജോഷ്വാ സ്‌നാപിനും 124-ാമത്തെ ഗിലെയാദ്‌ ക്ലാസ്സിലേക്കു ക്ഷണം ലഭിച്ചു.

ജയിംസും ഭാര്യയും ജർമനിയിലാണ്‌. അവരുടെ രണ്ട്‌ ആൺമക്കൾ ബെഥേലിൽ സേവിക്കുന്നു, ഒരാൾ ഗ്രീസിലെ ഏഥൻസിലും മറ്റെയാൾ ജർമനിയിലെ സെൽറ്റേഴ്‌സിലും. ഇളയമകനും, മകളും ഭർത്താവും ജർമനിയിൽ പയനിയറിങ്‌ ചെയ്യുന്നു.

എന്റെ അമ്മയും പ്രിയപ്പെട്ട തിയോയും പുനരുത്ഥാനത്തിൽ വരുമ്പോൾ അവരെ പറഞ്ഞുകേൾപ്പിക്കാൻ എന്തെല്ലാമുണ്ടെന്നോ! എത്ര വിശിഷ്ടമായ പൈതൃകമാണ്‌ തങ്ങൾ കൈമാറിയതെന്ന്‌ അറിയുമ്പോൾ അവർ തീർച്ചയായും അഭിമാനിക്കും. *

[അടിക്കുറിപ്പുകൾ]

^ ഖ. 21 1974 ഒക്ടോബർ 22 ലക്കം ഉണരുക! (ഇംഗ്ലീഷ്‌) പേജ്‌ 12-15 കാണുക.

^ ഖ. 26 ഈ ലേഖനം പ്രസിദ്ധീകരണത്തിനായി തയ്യാറാക്കിക്കൊണ്ടിരിക്കുമ്പോൾ, പെട്രിഡൂ സഹോദരി 93-ാമത്തെ വയസ്സിൽ മരണമടഞ്ഞു.

[24-ാം പേജിലെ ആകർഷക വാക്യം]

പക്വതയുള്ള ക്രിസ്‌തീയ സുഹൃത്തുക്കളിലൂടെ യഹോവ പകർന്നുനൽകിയ ആശ്വാസവും പ്രോത്സാഹനവും ഒരിക്കൽക്കൂടി ഞങ്ങൾ അനുഭവിച്ചറിഞ്ഞു

[24-ാം പേജിലെ മാപ്പ്‌]

(പൂർണരൂപത്തിൽ കാണുന്നതിന്‌ പ്രസിദ്ധീകരണം നോക്കുക)

സൈപ്രസ്‌

നികോസിയ

മെഡിറ്ററേനിയൻ കടൽ

ഈജിപ്‌ത്‌

കയ്‌റോ

എൽ അലമേൻ

അലക്‌സാണ്ട്രിയ

ഇസ്‌മായിലിയ

സൂയസ്‌

പോർട്ട്‌ തൗഫിഖ്‌

സൂയസ്‌ കനാൽ

[കടപ്പാട്‌]

Based on NASA/Visible Earth imagery

[23-ാം പേജിലെ ചിത്രം]

1938-ൽ തിയോഡോട്ടസിനോടൊപ്പം

[25-ാം പേജിലെ ചിത്രം]

ജയിംസും ഭാര്യയും

[25-ാം പേജിലെ ചിത്രം]

ജോണും ഭാര്യയും