വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ന്യായമായ പ്രതീക്ഷകൾ വെച്ചുപുലർത്തി സന്തോഷം കണ്ടെത്തൂ

ന്യായമായ പ്രതീക്ഷകൾ വെച്ചുപുലർത്തി സന്തോഷം കണ്ടെത്തൂ

ന്യായമായ പ്രതീക്ഷകൾ വെച്ചുപുലർത്തി സന്തോഷം കണ്ടെത്തൂ

“എന്തു ചെയ്യാനാ, ഞാൻ വിചാരിക്കുന്നതുപോലൊന്നും നടക്കുന്നില്ല!” ഇങ്ങനെ എത്രവട്ടം നാം പറഞ്ഞിട്ടുണ്ടാകും. തന്റെ കുഞ്ഞിനു നിരന്തര ശ്രദ്ധ നൽകേണ്ടിവരുന്നതിനാൽ ആത്മീയകാര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധിക്കാനാകാതെവരുന്ന ഒരമ്മ ഇങ്ങനെ പറഞ്ഞുപോയേക്കാം. ഇനി മറ്റൊരാൾക്ക്‌ താൻ സഭയിൽ കാര്യമായൊന്നും ചെയ്യുന്നില്ലെന്ന്‌ തോന്നുന്നുണ്ടാകാം. വളർന്നുവന്ന സാഹചര്യമായിരിക്കാം ആ അപര്യാപ്‌തതാബോധം അയാളിൽ ഉളവാക്കിയത്‌. ആയകാലത്തു ചെയ്‌തതുപോലെയൊന്നും ഇപ്പോൾ കഴിയുന്നില്ലല്ലോ എന്നതായിരിക്കാം പ്രായമായ ഒരു സഹോദരിയുടെ ദുഃഖം. യഹോവയുടെ സേവനത്തിൽ വളരെയധികം ചെയ്യാൻ ക്രിസ്റ്റിയാന്‌ ആഗ്രഹമുണ്ട്‌. പക്ഷേ, വീട്ടിലെ സാഹചര്യം അവളെ അതിന്‌ അനുവദിക്കുന്നില്ല. “ചിലപ്പോൾ പയനിയർ സേവനത്തിനു പ്രോത്സാഹിപ്പിക്കുന്ന ഒരു പ്രസംഗം മതി എന്റെ കണ്ണു നിറയാൻ,” അവൾ പറയുന്നു.

അത്തരം വികാരങ്ങൾ ഉടലെടുക്കുമ്പോൾ നമുക്ക്‌ എന്തു ചെയ്യാനാകും? തങ്ങളുടെ സാഹചര്യങ്ങളെ യാഥാർഥ്യബോധത്തോടെ വീക്ഷിക്കാൻ ചില ക്രിസ്‌ത്യാനികൾക്കു കഴിഞ്ഞിരിക്കുന്നത്‌ എങ്ങനെ? ന്യായമായ പ്രതീക്ഷകൾ വെച്ചുപുലർത്തുന്നതിന്റെ പ്രയോജനങ്ങൾ എന്തെല്ലാം?

യാഥാർഥ്യബോധമുള്ളവരായിരിക്കുക

“കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ; സന്തോഷിപ്പിൻ എന്നു ഞാൻ പിന്നെയും പറയുന്നു. നിങ്ങളുടെ സൌമ്യത [ “ന്യായബോധം,” NW] സകല മനുഷ്യരും അറിയട്ടെ” എന്നു പറയുകവഴി സന്തോഷം നിലനിറുത്താനുള്ള ഒരു മാർഗം കാണിച്ചുതരുകയായിരുന്നു പൗലൊസ്‌. (ഫിലി. 4:4, 5) നമ്മുടെ കഴിവിനും സാഹചര്യത്തിനും ചേർച്ചയിൽ ന്യായമായ പ്രതീക്ഷകൾ വെക്കുന്നെങ്കിൽ മാത്രമേ ദൈവസേവനത്തിൽ സന്തോഷവും സംതൃപ്‌തിയും കണ്ടെത്താനാകൂ. എന്തു വിലകൊടുത്തും, അപ്രാപ്യമായ ലക്ഷ്യങ്ങളിൽ എത്തിച്ചേരാൻ ശ്രമിക്കുന്നത്‌ അനാവശ്യ പിരിമുറുക്കങ്ങൾക്കിടയാക്കും. അതേസമയം, ചില കുറവുകളും പരിമിതികളും ഉണ്ടെന്നു ചിന്തിച്ച്‌ ക്രിസ്‌തീയ ശുശ്രൂഷയിൽ മന്ദീഭാവം കാണിക്കാനുള്ള പ്രവണതയും നാം ഒഴിവാക്കണം.

സാഹചര്യം എന്തുതന്നെയായിരുന്നാലും മുഴുദേഹിയോടെയും മനസ്സോടെയുമുള്ള സേവനം, അതാണ്‌ യഹോവ ആവശ്യപ്പെടുന്നത്‌. (കൊലൊ. 3:23, 24) ദൈവസേവനത്തിൽ കഴിവിന്റെ പരമാവധി ചെയ്യുന്നില്ലെങ്കിൽ നാം നമ്മുടെ സമർപ്പണത്തിനു ചേർച്ചയിൽ ജീവിക്കുന്നില്ലെന്നുവരും. (റോമ. 12:1) മുഴുദേഹിയോടെയുള്ള സേവനത്തിൽനിന്നു ലഭിക്കുന്ന യഥാർഥ സംതൃപ്‌തിയും സന്തോഷവും അനുഗ്രഹങ്ങളും അതുവഴി നാം നഷ്ടപ്പെടുത്തുകയായിരിക്കും ചെയ്യുന്നത്‌.—സദൃ.10:22.

ബൈബിളിൽ “ന്യായബോധം” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന പദം പരിഗണന ഉണ്ടായിരിക്കുക എന്ന ആശയം ധ്വനിപ്പിക്കുന്നു. അതിന്റെ അക്ഷരാർഥം “വഴങ്ങുന്ന” എന്നാണ്‌. കടുംപിടുത്തം കാണിക്കരുത്‌ എന്ന അർഥവും അതിനുണ്ട്‌. ന്യായബോധമുള്ളവരാണെങ്കിൽ നാം നമ്മുടെ സാഹചര്യങ്ങളെ സമനിലയോടെ വീക്ഷിക്കും. അതു ബുദ്ധിമുട്ടുള്ള കാര്യമാണോ? പലപ്പോഴും മറ്റുള്ളവരോടു പരിഗണന കാണിക്കുന്നവർപോലും സ്വന്തം കാര്യത്തിൽ അതു ബുദ്ധിമുട്ടാണെന്നു കണ്ടെത്തുന്നു. നമ്മുടെ ഒരു സുഹൃത്ത്‌ ഒരേ സമയം പല പല കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ച്‌ വലയുന്നതുകാണുമ്പോൾ “നിന്നെക്കൊണ്ടു പറ്റുന്നത്‌ ചെയ്‌താൽ പോരെ” എന്നു നാം ഉപദേശിക്കാറില്ലേ? അതുപോലെ സ്വന്തം ജീവിതത്തിലും കാര്യങ്ങൾ നിയന്ത്രണത്തിൽ അല്ലെന്നു കാണിക്കുന്ന സൂചനകൾ തിരിച്ചറിയാൻ നാം പഠിക്കേണ്ടിയിരിക്കുന്നു.​—⁠സദൃ. 11:17.

മാതാപിതാക്കൾ നിങ്ങളിൽനിന്നു വളരെയധികം പ്രതീക്ഷിച്ചിരുന്ന ഒരു സാഹചര്യത്തിലാണു നിങ്ങൾ വളർന്നുവന്നതെങ്കിൽ, നിങ്ങളുടെ പരിമിതികളെ യാഥാർഥ്യബോധത്തോടെ കാണാൻ നിങ്ങൾ ബുദ്ധിമുട്ടിയേക്കാം. എപ്പോൾ എന്തു ചെയ്‌താലും അത്‌ കൂടുതൽ മെച്ചമായി ചെയ്‌തെങ്കിൽ മാത്രമേ മാതാപിതാക്കളുടെ സ്‌നേഹം ലഭിക്കൂ എന്ന തോന്നൽ കുട്ടിക്കാലത്തു ചിലർക്കുണ്ടായിരുന്നിരിക്കാം. നമ്മുടെ കാര്യത്തിൽ ഇതു ശരിയാണെങ്കിൽ, യഹോവ നമ്മെ എങ്ങനെ വീക്ഷിക്കുന്നു എന്നതു സംബന്ധിച്ച്‌ ഒരുപക്ഷേ തെറ്റായ ധാരണയായിരിക്കും നമുക്കുള്ളത്‌. മുഴുഹൃദയത്തോടെ നാം ചെയ്യുന്ന സേവനത്തെപ്രതിയാണ്‌ യഹോവ നമ്മെ സ്‌നേഹിക്കുന്നത്‌. “അവൻ നമ്മുടെ പ്രകൃതി അറിയുന്നുവല്ലോ; നാം പൊടി എന്നു അവൻ ഓർക്കുന്നു” എന്ന്‌ ദൈവവചനം നമ്മെ ധൈര്യപ്പെടുത്തുന്നു. (സങ്കീ. 103:14) നമ്മുടെ പരിമിതികൾ യഹോവയ്‌ക്ക്‌ അറിയാം, ആ ന്യൂനതകളെല്ലാം ഉണ്ടായിട്ടുപോലും നാം അവനെ തീക്ഷ്‌ണതയോടെ സേവിക്കുമ്പോൾ അവൻ നമ്മെ സ്‌നേഹിക്കുന്നു. കർക്കശക്കാരനായ ഒരു “സൂപ്പർവൈസർ” അല്ല യഹോവ എന്ന്‌ ഓർക്കുക; സ്വന്തം പരിമിതികൾ തിരിച്ചറിഞ്ഞ്‌ നമ്മെക്കുറിച്ചു ന്യായമായ പ്രതീക്ഷകൾ വെച്ചുപുലർത്താൻ അതു നമ്മെ സഹായിക്കും.—മീഖാ 6:8.

എന്നിരുന്നാലും സമനിലയോടുകൂടിയ ഇത്തരം വീക്ഷണം വളർത്തിയെടുക്കുക ചിലർക്ക്‌ ബുദ്ധിമുട്ടായിരിക്കാം. നിങ്ങളുടെ കാര്യത്തിൽ ഇതു സത്യമാണെങ്കിൽ, എന്തുകൊണ്ട്‌ നിങ്ങളെ അടുത്തറിയാവുന്ന പക്വതയുള്ള ഒരു ക്രിസ്‌തീയ സുഹൃത്തിന്റെ സഹായം തേടിക്കൂടാ? (സദൃ. 27:9) നമുക്കൊരു സാഹചര്യം പരിചിന്തിക്കാം. നിങ്ങൾ ഒരു സാധാരണ പയനിയറായി സേവിക്കാൻ ആഗ്രഹിക്കുന്നു. തീർച്ചയായും അതൊരു നല്ല ലക്ഷ്യമാണ്‌. എന്നാൽ ആ ലക്ഷ്യം സാധൂകരിക്കാൻ നിങ്ങൾ ബുദ്ധിമുട്ടുന്നുവോ? ഒരുപക്ഷേ നിങ്ങളുടെ ജീവിതം ലളിതമാക്കേണ്ടതുണ്ടായിരിക്കും. നിങ്ങളുടെ കുടുംബ ഉത്തരവാദിത്വങ്ങൾ നിമിത്തം ഇപ്പോൾ പയനിയറിങ്‌ സാധ്യമാണോ എന്നു വിലയിരുത്താനും നിങ്ങളുടെ ആ സുഹൃത്ത്‌ നിങ്ങളെ പ്രോത്സാഹിപ്പിച്ചേക്കാം. പയനിയർ സേവനത്തോടു ബന്ധപ്പെട്ട ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ നിങ്ങൾക്കാകുമോ അല്ലെങ്കിൽ എന്തെല്ലാം മാറ്റങ്ങൾവരുത്തിയാൽ അതു സാധിക്കും എന്നൊക്കെ ചിന്തിക്കാൻ ആ സുഹൃത്തു നിങ്ങളെ സഹായിക്കും. ശുശ്രൂഷയിൽ എത്രത്തോളം ചെയ്യാനാകും എന്നതു സംബന്ധിച്ച്‌ തീരുമാനമെടുക്കാൻ ഒരു ഭർത്താവിന്‌ തന്റെ ഭാര്യയെ സഹായിക്കാനാകും. ഉദാഹരണത്തിന്‌, ഏതെങ്കിലും മാസം കൂടുതൽ പ്രവർത്തിക്കാൻ അവൾ ആഗ്രഹിക്കുന്നെങ്കിൽ അതിനുമുമ്പ്‌ അൽപ്പം വിശ്രമം എടുക്കുന്നത്‌ നല്ലതാണെന്ന്‌ അദ്ദേഹം നിർദേശിച്ചേക്കാം. ഇത്‌ ഊർജസ്വലതയോടെ ശുശ്രൂഷയിൽ ഏർപ്പെടുന്നതിനും സന്തോഷം നിലനിറുത്തുന്നതിനും അവളെ സഹായിക്കും.

ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ കണ്ടെത്തുക

വാർധക്യവും അനാരോഗ്യവും നിമിത്തം ദൈവസേവനത്തിൽ പണ്ടത്തെപ്പോലെയൊന്നും ചെയ്യാനാകുന്നില്ലെന്നു പരിതപിക്കുന്ന ഒരാളാണോ നിങ്ങൾ? ‘ഉള്ള സമയവും ആരോഗ്യവുമെല്ലാം കുട്ടികളുടെ പുറകെ നടന്ന്‌ തീരുകയാണ്‌, പഠിക്കാനും മീറ്റിങ്ങുകൾക്കു തയ്യാറാകാനും അതിൽ നന്നായി പങ്കുപറ്റാനുമൊന്നും സാധിക്കുന്നില്ല’ എന്നു ചിന്തിക്കുന്ന ഒരു മാതാവോ പിതാവോ ആണോ നിങ്ങൾ? എന്നാൽ നമ്മുടെ പ്രയാസങ്ങളിലും ബുദ്ധിമുട്ടുകളിലും അമിതമായി ശ്രദ്ധയൂന്നുന്നത്‌, നമുക്കു ചെയ്യാനാകുന്ന കാര്യങ്ങളിൽനിന്നു നമ്മുടെ ശ്രദ്ധയകറ്റിയേക്കാം.

ആയിരക്കണക്കിനു വർഷങ്ങൾക്കുമുമ്പ്‌ ജീവിച്ചിരുന്ന ഒരു ലേവ്യന്റെ കാര്യം പരിചിന്തിക്കാം. ഒരിക്കലും സഫലമാകില്ലെന്ന്‌ അറിയാമായിരുന്നിട്ടും യഹോവയുടെ ആലയത്തിൽ സ്ഥിരമായി സേവിക്കണമെന്ന ആഗ്രഹം അവൻ പ്രകടിപ്പിച്ചു. (സങ്കീ. 84:1–3) വർഷത്തിൽ രണ്ടാഴ്‌ച ആലയത്തിൽ സേവിക്കാനുള്ള പദവി അവന്‌ അപ്പോൾത്തന്നെ ഉണ്ടായിരുന്നു. ഒരു ദിവസമെങ്കിൽ ഒരു ദിവസം യഹോവയുടെ ആലയത്തിൽ സേവിക്കാനാകുന്നത്‌ വലിയൊരു പദവിയാണെന്നു തിരിച്ചറിഞ്ഞത്‌, തന്റെ സേവനം പരിമിതമായിരുന്നിട്ടുകൂടി അതിൽ സന്തോഷം കണ്ടെത്താൻ അവനെ സഹായിച്ചു. (സങ്കീ. 84:4, 5, 10) അതുപോലെ, നമ്മുടെ പരിമിതികൾ നമ്മുടെ സന്തോഷം കവർന്നെടുക്കാൻ അനുവദിക്കാതെ, നമുക്കു ലഭ്യമായിരിക്കുന്ന അവസരങ്ങൾ തിരിച്ചറിയുകയും അവയെ വിലമതിപ്പോടെ കാണുകയും വേണം.

കാനഡയിലെ നെർലാൻഡ്‌ സഹോദരിയുടെ ദൃഷ്ടാന്തമൊന്നു ചിന്തിക്കാം. സഹോദരിക്കു വീൽചെയറിന്റെ സഹായമില്ലാതെ സഞ്ചരിക്കാനാവില്ല, അത്‌ തന്റെ ശുശ്രൂഷയെ പരിമിതപ്പെടുത്തുന്നതായി അവൾക്കു തോന്നി. എന്നാൽ അടുത്തുള്ള ഷോപ്പിങ്‌ സെന്ററിനെ വ്യക്തിഗത പ്രദേശമായി കണക്കാക്കിക്കൊണ്ട്‌ അവൾ തന്റെ വീക്ഷണത്തിൽ മാറ്റംവരുത്തി. അവൾ പറയുന്നു: “അവിടെ ഒരു ബെഞ്ചിനരികെ വീൽചെയറിൽ ഞാൻ ഇരിക്കും. അൽപ്പം വിശ്രമിക്കാനായി അവിടെയെത്തുന്ന ആളുകളോടു സാക്ഷീകരിക്കാനാകുന്നതിൽ എനിക്ക്‌ എത്രമാത്രം സന്തോഷമുണ്ടെന്നോ!” ഇങ്ങനെ പരസ്യശുശ്രൂഷയിൽ പങ്കുപറ്റുന്നത്‌ നെർലാൻഡ്‌ സഹോദരിക്കു വളരെയധികം സംതൃപ്‌തി നൽകുന്നു.

ആവശ്യമെങ്കിൽ മാറ്റങ്ങൾ വരുത്തുക

കാറ്റ്‌ അടിക്കുന്നതിനനുസരിച്ച്‌ ഒരു പായ്‌ക്കപ്പൽ വേഗത്തിൽ പൊയ്‌ക്കൊണ്ടിരിക്കുകയാണെന്നു സങ്കൽപ്പിക്കുക. പെട്ടെന്ന്‌ കാറ്റ്‌ വളരെ ശക്തമായി വീശിയടിക്കാൻ തുടങ്ങുന്നു. ഇപ്പോൾ അമരക്കാരൻ എന്തു ചെയ്യാനാണു നിങ്ങൾ പ്രതീക്ഷിക്കുന്നത്‌? കാറ്റിനെ നിയന്ത്രിക്കാൻ അയാൾക്കു സാധിക്കില്ലെങ്കിലും പായ്‌ താഴ്‌ത്തിക്കെട്ടിക്കൊണ്ട്‌ കപ്പലിനെ നിയന്ത്രിക്കാൻ അയാൾക്കു സാധിച്ചേക്കും. സമാനമായി, ജീവിതത്തിൽ ഉണ്ടാകുന്ന കൊടുങ്കാറ്റുപോലുള്ള പ്രക്ഷുബ്ധ സാഹചര്യങ്ങളുടെമേൽ നമുക്കു പലപ്പോഴും യാതൊരു നിയന്ത്രണവുമില്ല. എന്നാൽ ശാരീരികവും മാനസികവും വൈകാരികവുമായ പ്രാപ്‌തികളെ അവസരോചിതമായി വിനിയോഗിച്ചുകൊണ്ട്‌ ഒരു നല്ല പരിധിവരെ ജീവിതം നിയന്ത്രണവിധേയമാക്കാൻ നമുക്കു സാധിക്കും. സംജാതമാകുന്ന ഓരോ സാഹചര്യത്തെയും ജ്ഞാനപൂർവം കൈകാര്യം ചെയ്യുകവഴി, യഹോവയുടെ സേവനത്തിലെ സന്തോഷവും സംതൃപ്‌തിയും നമുക്കു നിലനിറുത്താനാകും.—സദൃ. 11:2.

ഉദാഹരണത്തിന്‌, നല്ല ആരോഗ്യമില്ലെങ്കിൽ പകൽ മുഴുവനും ക്ഷീണിപ്പിക്കുന്ന ജോലികളിൽ ഏർപ്പെടാതിരിക്കുന്നതായിരിക്കും നല്ലത്‌. അങ്ങനെയായാൽ വൈകുന്നേരത്തെ യോഗങ്ങളിൽ ഉത്സാഹപൂർവം പങ്കെടുക്കാനും ക്രിസ്‌തീയ സഹവാസം ആസ്വദിക്കാനും സാധിക്കും. തന്റെ കുഞ്ഞിനു സുഖമില്ലാത്തതു കാരണം വീടുതോറുമുള്ള ശുശ്രൂഷയിൽ പങ്കെടുക്കാനാകാത്ത ഒരമ്മയുടെ കാര്യമോ? ഒരു സഹോദരിയെ തന്റെ വീട്ടിലേക്കു വിളിച്ച്‌ കുഞ്ഞ്‌ ഉറങ്ങുന്ന സമയത്ത്‌ ടെലിഫോൺ സാക്ഷീകരണം നടത്താൻ ശ്രമിക്കുന്നത്‌ പ്രായോഗികമായിരിക്കില്ലേ?

എല്ലാ യോഗങ്ങൾക്കും തയ്യാറാകാൻ നിങ്ങളുടെ സാഹചര്യം അനുവദിക്കുന്നില്ലെങ്കിലെന്ത്‌? എത്രമാത്രം പഠിക്കാൻ സാധിക്കുമെന്ന്‌ തീരുമാനിക്കുക, അതത്രയും നന്നായി തയ്യാറാകുക. അങ്ങനെ ലക്ഷ്യങ്ങളിൽ ചില പൊരുത്തപ്പെടുത്തലുകൾ വരുത്തിക്കൊണ്ട്‌ നമുക്ക്‌ സജീവമായും സന്തോഷത്തോടെയും ദൈവസേവനത്തിൽ തുടരാനാകും.

ലക്ഷ്യങ്ങളിൽ അനുയോജ്യമായ മാറ്റങ്ങൾവരുത്തുന്നതിന്‌ ശ്രമം ആവശ്യമാണ്‌, അതുപോലെ നിശ്ചയദാർഢ്യവും. ഫ്രാൻസിലുള്ള സെർഷിനും ആനീസിനും തങ്ങളുടെ ലക്ഷ്യങ്ങൾ പാടേ മാറ്റേണ്ടിവന്നു. സെർഷ്‌ പറയുന്നു: “ഞങ്ങൾക്ക്‌ ഒരു കുഞ്ഞ്‌ ജനിക്കാൻ പോകുന്നു എന്നറിഞ്ഞപ്പോൾ, മിഷനറിമാരാകുക എന്ന ഞങ്ങളുടെ സ്വപ്‌നം പൊലിഞ്ഞുപോയി.” ദമ്പതികളെന്ന നിലയിൽ അവർ തങ്ങളുടെ ലക്ഷ്യത്തിൽ പൊരുത്തപ്പെടുത്തലുകൾ വരുത്തിയത്‌ എങ്ങനെയെന്ന്‌ ഇപ്പോൾ രണ്ടു പെൺകുട്ടികളുടെ പിതാവായ സെർഷ്‌ വിശദീകരിക്കുന്നു: “വിദേശരാജ്യത്തു സേവിക്കാൻ കഴിയാതെ വന്നപ്പോൾ സ്വന്തം നാട്ടിൽത്തന്നെ ‘മിഷനറിമാരായി’ സേവിക്കാൻ ഞങ്ങൾ തീരുമാനിച്ചു. ഒരു വിദേശഭാഷാക്കൂട്ടത്തോടൊപ്പം ഞങ്ങൾ പ്രവർത്തനം ആരംഭിച്ചു.” ഇങ്ങനെ ലക്ഷ്യത്തിൽ മാറ്റംവരുത്തിയതുമൂലം അവർക്കുണ്ടായ പ്രയോജനമോ? സെർഷ്‌ പറയുന്നു: “സഭയിൽ വളരെ വേണ്ടപ്പെട്ടവരാണെന്ന തോന്നൽ ഞങ്ങൾക്കുണ്ട്‌.”

ഫ്രാൻസിലെതന്നെ ഓഡിൽ സഹോദരിക്ക്‌ 70-നുമേൽ പ്രായമുണ്ട്‌. സന്ധിവാതം ഉള്ളതിനാൽ അവർക്ക്‌ വളരെനേരം നിൽക്കാനാവില്ല. ഇതുമൂലം വീടുതോറുമുള്ള ശുശ്രൂഷയിൽ പങ്കെടുക്കാൻ അവർക്കു സാധിക്കില്ല, അതിലവർക്കു നിരാശയുമുണ്ടായിരുന്നു. എന്നിരുന്നാലും ശുശ്രൂഷ ഉപേക്ഷിക്കാൻ അവർ തയ്യാറായില്ല. അവർ ടെലിഫോണിലൂടെ സാക്ഷീകരണം നടത്താൻ ആരംഭിച്ചു. “ഞാൻ വിചാരിച്ചതിലും എളുപ്പവും ആസ്വാദ്യവുമാണത്‌,” സഹോദരി പറയുന്നു. ഇങ്ങനെ അനുയോജ്യമായ മാറ്റംവരുത്തിയതു മുഖേന ശുശ്രൂഷയിലുള്ള ഉത്സാഹവും സന്തോഷവുമെല്ലാം അവർക്കു തിരിച്ചുകിട്ടി.

ന്യായമായ പ്രതീക്ഷകൾ അനുഗ്രഹങ്ങൾ കൈവരുത്തുന്നു

ചെയ്യാനാകുന്ന സംഗതികളെക്കുറിച്ചു യാഥാർഥ്യബോധത്തോടുകൂടി ചിന്തിക്കുന്നതിലൂടെ പല ‘തലവേദനകളും’ ഒഴിവാക്കാൻ നമുക്കാകും. പരിമിതികൾക്കിടയിലും, ‘എന്തെങ്കിലും ചെയ്‌തു’ എന്നൊരു ചാരിതാർഥ്യം തോന്നാൻ ന്യായമായ ലക്ഷ്യങ്ങൾ വെക്കുന്നതിലൂടെ സാധിക്കും. നമ്മുടെ നേട്ടം എത്ര ചെറുതായിരുന്നാലും അതിൽ സന്തോഷിക്കാൻ അങ്ങനെ നമുക്കാകും.—ഗലാ. 6:4.

നമ്മെക്കുറിച്ചുള്ള നമ്മുടെ പ്രതീക്ഷകൾ സമനിലയോടുകൂടിയതാണെങ്കിൽ, നാം മറ്റുള്ളവരോടു കൂടുതൽ പരിഗണന കാണിക്കും. മറ്റുള്ളവരുടെ പരിമിതികളെക്കുറിച്ച്‌ ചിന്തയുള്ളവരായിരുന്നാൽ നമുക്കായി അവർ ചെയ്യുന്ന കാര്യങ്ങളെപ്രതി നാം നന്ദിയുള്ളവരായിരിക്കും. ചെയ്‌തുതരുന്ന ഏതു സഹായത്തെയും വിലമതിക്കുന്നത്‌ പരസ്‌പര സഹകരണവും ഐക്യവും ഊട്ടിവളർത്തും. (1 പത്രൊ. 3:8) യഹോവ സ്‌നേഹവാനായ പിതാവായതിനാൽ, നമ്മളാൽ സാധിക്കുന്നതിന്‌ അപ്പുറം അവൻ നമ്മോട്‌ ആവശ്യപ്പെടില്ലെന്നു മനസ്സിൽപ്പിടിക്കുക. പ്രാപ്യമായ ലക്ഷ്യങ്ങളും ന്യായമായ പ്രതീക്ഷകളും ഉണ്ടായിരിക്കുന്നപക്ഷം, നമ്മുടെ ആത്മീയ പ്രവർത്തനങ്ങൾ നമുക്കു സംതൃപ്‌തിയും സന്തോഷവും നേടിത്തരും.

[29-ാം പേജിലെ ആകർഷക വാക്യം]

നമ്മുടെ പ്രാപ്‌തികൾക്കും സാഹചര്യങ്ങൾക്കും ചേർച്ചയിൽ ന്യായമായ പ്രതീക്ഷകൾ വെച്ചുപുലർത്തിക്കൊണ്ട്‌ ദൈവസേവനത്തിൽ സന്തോഷവും സംതൃപ്‌തിയും കണ്ടെത്താൻ നമുക്കാകും

[30-ാം പേജിലെ ചിത്രം]

ശുശ്രൂഷയിൽ തനിക്കാവുന്നത്‌ ചെയ്‌തുകൊണ്ട്‌ നെർലാൻഡ്‌ സഹോദരി സന്തോഷം കണ്ടെത്തുന്നു

[31-ാം പേജിലെ ചിത്രം]

‘കപ്പൽപ്പായ്‌’ ആവശ്യാനുസരണം ക്രമീകരിക്കാൻ പഠിക്കുക

[കടപ്പാട്‌]

© Wave Royalty Free/age fotostock

[32-ാം പേജിലെ ചിത്രം]

ലക്ഷ്യങ്ങളിൽ മാറ്റം വരുത്തിക്കൊണ്ട്‌ പ്രയോജനം നേടിയ സെർഷും ആനീസും