വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘വളരുമാറാക്കുന്നതു ദൈവമത്രേ!’

‘വളരുമാറാക്കുന്നതു ദൈവമത്രേ!’

‘വളരുമാറാക്കുന്നതു ദൈവമത്രേ!’

“വളരുമാറാക്കുന്ന ദൈവമല്ലാതെ നടുന്നവനും നനെക്കുന്നവനും ഏതുമില്ല.”—1 കൊരി. 3:7.

1. ഏതർഥത്തിലാണ്‌ നാം “ദൈവത്തിന്റെ കൂട്ടുവേലക്കാർ” ആയിരിക്കുന്നത്‌?

“ദൈവത്തിന്റെ കൂട്ടുവേലക്കാർ.” നമുക്കെല്ലാം ആസ്വദിക്കാനാകുന്ന അമൂല്യമായ ഒരു പദവിയെ പൗലൊസ്‌ അപ്പൊസ്‌തലൻ അങ്ങനെയാണു വർണിച്ചത്‌. (1 കൊരിന്ത്യർ 3:5-9 വായിക്കുക.) ശിഷ്യരാക്കൽ വേലയാണ്‌ പൗലൊസിന്റെ മനസ്സിലുണ്ടായിരുന്നത്‌. അവൻ അതിനെ, വിതയ്‌ക്കുകയും നനയ്‌ക്കുകയും ചെയ്യുന്നതിനോട്‌ ഉപമിച്ചു. സുപ്രധാനമായ ആ വേലയിൽ വിജയം വരിക്കുന്നതിന്‌ നമുക്ക്‌ യഹോവയുടെ സഹായം വേണം. ‘വളരുമാറാക്കുന്നതു ദൈവമാണെന്ന്‌’ പൗലൊസ്‌ നമ്മെ ഓർമിപ്പിക്കുന്നു.

2. ‘വളരുമാറാക്കുന്നത്‌ ദൈവമാണ്‌’ എന്ന വസ്‌തുത ശുശ്രൂഷയെക്കുറിച്ച്‌ ശരിയായൊരു വീക്ഷണമുണ്ടായിരിക്കാൻ സഹായിക്കുന്നത്‌ എങ്ങനെ?

2 ശുശ്രൂഷയെക്കുറിച്ച്‌ ശരിയായൊരു വീക്ഷണമുണ്ടായിരിക്കാൻ ആ വസ്‌തുത നമ്മെ സഹായിക്കുന്നു. പ്രസംഗ-പഠിപ്പിക്കൽവേലയിൽ നാം എത്രതന്നെ തീക്ഷ്‌ണത ഉള്ളവരായിരുന്നാലും, ആരെങ്കിലും ശിഷ്യരായിത്തീരുന്നതിന്റെ മുഴുബഹുമതിയും യഹോവയ്‌ക്കുള്ളതാണ്‌. കാരണം? എത്രതന്നെ ശ്രമിച്ചാലും ഒരാൾ ശിഷ്യനായിത്തീരുന്നത്‌ എങ്ങനെയെന്ന്‌ പൂർണമായി മനസ്സിലാക്കാൻ നമ്മിൽ ആർക്കുമാവില്ല. അപ്പോൾപ്പിന്നെ അതിനെ നിയന്ത്രിക്കുന്ന കാര്യം പറയേണ്ടതില്ലല്ലോ. “സകലവും ഉണ്ടാക്കുന്ന ദൈവത്തിന്റെ പ്രവൃത്തികളെ നീ അറിയുന്നില്ല” എന്നു പറഞ്ഞുകൊണ്ട്‌ ശലോമോൻ രാജാവ്‌ അക്കാര്യം വ്യക്തമാക്കി.—സഭാ. 11:5.

3. വിത്തുവിതയ്‌ക്കുന്നതും ശിഷ്യരെ ഉളവാക്കുന്നതും തമ്മിൽ എന്തു സമാനതകളുണ്ട്‌?

3 ഒരു വ്യക്തി ശിഷ്യനായിത്തീരുന്നത്‌ എങ്ങനെയെന്നു മനസ്സിലാക്കാൻ നമുക്കു കഴിയില്ല എന്നതുകൊണ്ട്‌ നമ്മുടെ വേല വ്യർഥമാണെന്നുവരുമോ? ഇല്ല. വാസ്‌തവത്തിൽ അതാണ്‌ നമ്മുടെ വേലയെ ആവേശകരവും രസകരവും ആക്കുന്നത്‌. ശലോമോൻ രാജാവിന്റെ വാക്കുകൾ ശ്രദ്ധിക്കുക: “രാവിലേ നിന്റെ വിത്തു വിതെക്ക; വൈകുന്നേരത്തു [“വൈകുന്നേരംവരെ,” NW] നിന്റെ കൈ ഇളെച്ചിരിക്കരുതു; ഇതോ, അതോ, ഏതു സഫലമാകും എന്നും രണ്ടും ഒരുപോലെ നന്നായിരിക്കുമോ എന്നും നീ അറിയുന്നില്ലല്ലോ.” (സഭാ. 11:6) അക്ഷരാർഥത്തിലുള്ള വിത്തു വിതയ്‌ക്കുന്ന കാര്യമെടുക്കുക. അത്‌ എവിടെ മുളയ്‌ക്കുമെന്നു നമുക്കറിയില്ല. ഇനി മുളയ്‌ക്കുമോ എന്നുതന്നെ ആർക്കറിയാം? പല കാര്യങ്ങളും നമ്മുടെ കൈകളിലല്ല. ശിഷ്യരാക്കൽ വേലയുടെ കാര്യവും ഏറെക്കുറെ അങ്ങനെയാണ്‌. രണ്ടു ദൃഷ്ടാന്തങ്ങളിലൂടെ യേശു ഇക്കാര്യത്തിന്‌ ഊന്നൽനൽകി. മർക്കൊസ്‌ 4-ാം അധ്യായത്തിൽ അതു രേഖപ്പെടുത്തിയിട്ടുണ്ട്‌. അതിൽനിന്ന്‌ നമുക്കെന്തു പഠിക്കാനാകുമെന്ന്‌ നോക്കാം.

പലതരം മണ്ണ്‌

4, 5. മർക്കൊസ്‌ 4: 1-9-ലെ വിതക്കാരനെക്കുറിച്ചുള്ള യേശുവിന്റെ ദൃഷ്ടാന്തം ചുരുക്കിപ്പറയുക.

4 മർക്കൊസ്‌ 4:1-9-ൽ യേശു ഒരു വിതക്കാരനെക്കുറിച്ചു പറയുന്നു: “കേൾപ്പിൻ; വിതെക്കുന്നവൻ വിതെപ്പാൻ പുറപ്പെട്ടു. വിതെക്കുമ്പോൾ ചിലതു വഴിയരികെ വീണു; പറവകൾ വന്നു അതു തിന്നുകളഞ്ഞു. മറ്റു ചിലതു പാറസ്ഥലത്തു ഏറെ മണ്ണില്ലാത്തേടത്തു വീണു; മണ്ണിന്നു താഴ്‌ച ഇല്ലായ്‌കയാൽ ക്ഷണത്തിൽ മുളെച്ചുവന്നു. സൂര്യൻ ഉദിച്ചാറെ ചൂടു തട്ടി, വേരില്ലായ്‌കകൊണ്ടു ഉണങ്ങിപ്പോയി. മറ്റു ചിലതു മുള്ളിന്നിടയിൽ വീണു; മുള്ളു മുളെച്ചു വളർന്നു അതിനെ ഞെരുക്കിക്കളഞ്ഞു; അതു വിളഞ്ഞതുമില്ല. മറ്റു ചിലതു നല്ലമണ്ണിൽ വീണിട്ടു മുളെച്ചു വളർന്നു ഫലം കൊടുത്തു; മുപ്പതും അറുപതും നൂറും മേനി വിളഞ്ഞു.”

5 ഇന്നത്തെപ്പോലെ വിത്തു വാരിയെറിഞ്ഞാണ്‌ ബൈബിൾ കാലങ്ങളിലും വിതച്ചിരുന്നത്‌. വസ്‌ത്രത്തിന്റെ മടക്കിലോ കൊട്ടയിലോ ആയിരുന്നു വിതക്കാരൻ വിത്തു കൊണ്ടുപോയിരുന്നത്‌. ഈ ദൃഷ്ടാന്തത്തിലെ വിതക്കാരൻ പലതരം മണ്ണിൽ വീഴണമെന്ന്‌ ഉദ്ദേശിച്ചല്ല വിതയ്‌ക്കുന്നത്‌. മറിച്ച്‌, വിതയ്‌ക്കുമ്പോൾ പലയിടങ്ങളിൽ വീഴുന്നു എന്നു മാത്രം.

6. വിതക്കാരനെക്കുറിച്ചുള്ള ദൃഷ്ടാന്തം യേശു വിശദീകരിച്ചതെങ്ങനെ?

6 നമുക്ക്‌ ഈ ദൃഷ്ടാന്തത്തിന്റെ അർഥം ഊഹിച്ചെടുക്കേണ്ടതില്ല. മർക്കൊസ്‌ 4:14-20 വരെയുള്ള ഭാഗത്ത്‌ യേശുതന്നെ അതു വ്യക്തമാക്കുന്നുണ്ട്‌: “വിതെക്കുന്നവൻ വചനം വിതെക്കുന്നു. വചനം വിതെച്ചിട്ടു വഴിയരികെ വീണതു, കേട്ട ഉടനെ സാത്താൻ വന്നു ഹൃദയങ്ങളിൽ വിതെക്കപ്പെട്ട വചനം എടുത്തുകളയുന്നതാകുന്നു. അങ്ങനെ തന്നേ പാറസ്ഥലത്തു വിതെച്ചതു വചനം കേട്ട ഉടനെ സന്തോഷത്തോടെ കൈക്കൊള്ളുന്നവർ; എങ്കിലും അവർ ഉള്ളിൽ വേരില്ലാതെ ക്ഷണികന്മാർ ആകുന്നു; വചനംനിമിത്തം ഉപദ്രവമോ പീഡയോ ഉണ്ടായാൽ ക്ഷണത്തിൽ ഇടറിപ്പോകുന്നു. മുള്ളിന്നിടയിൽ വിതെക്കപ്പെട്ടതോ വചനം കേട്ടിട്ടു ഇഹലോകത്തിന്റെ ചിന്തകളും ധനത്തിന്റെ വഞ്ചനയും മറ്റു വിഷയ മോഹങ്ങളും അകത്തു കടന്നു, വചനത്തെ ഞെരുക്കി നിഷ്‌ഫലമാക്കി തീർക്കുന്നതാകുന്നു. നല്ലമണ്ണിൽ വിതെക്കപ്പെട്ടതോ വചനം കേൾക്കയും അംഗീകരിക്കയും ചെയ്യുന്നവർ തന്നേ; അവർ മുപ്പതും അറുപതും നൂറും മേനി വിളയുന്നു.”

7. വിത്തും പലതരം മണ്ണും എന്തിനെ കുറിക്കുന്നു?

7 പലതരം വിത്തുകൾ ഉപയോഗിച്ചതായി യേശു പറഞ്ഞില്ല എന്നതു ശ്രദ്ധിക്കുക. പകരം ഒരേയിനം വിത്ത്‌ പലതരം മണ്ണിൽ വീണ്‌ പല ഫലം പുറപ്പെടുവിക്കുന്നതിനെക്കുറിച്ചാണ്‌ അവൻ പറഞ്ഞത്‌. ഉറച്ചമണ്ണാണ്‌ ആദ്യത്തേത്‌, രണ്ടാമത്തേത്‌ താഴ്‌ചയില്ലാത്ത മണ്ണ്‌, മൂന്നാമത്തേത്‌ മുള്ളുകൾ നിറഞ്ഞത്‌, നാലാമത്തേത്‌ നല്ലഫലം പുറപ്പെടുവിക്കുന്ന നല്ല മണ്ണ്‌. (ലൂക്കൊ. 8:8) വിത്ത്‌ എന്താണ്‌? ദൈവവചനത്തിൽ അടങ്ങിയിരിക്കുന്ന രാജ്യസന്ദേശമാണ്‌ അത്‌. (മത്താ. 13:19) പലയിനം മണ്ണ്‌ എന്തിനെയാണ്‌ അർഥമാക്കുന്നത്‌? വ്യത്യസ്‌ത ഹൃദയനിലയുള്ള ആളുകളെ.—ലൂക്കൊസ്‌ 8:12, 15 വായിക്കുക.

8. (എ) വിതക്കാരൻ ആരെ കുറിക്കുന്നു? (ബി) രാജ്യപ്രസംഗത്തോടുള്ള ആളുകളുടെ പ്രതികരണം വ്യത്യസ്‌തമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

8 വിതക്കാരൻ ആരെ കുറിക്കുന്നു? രാജ്യസുവിശേഷം ഘോഷിക്കുന്ന ദൈവത്തിന്റെ കൂട്ടുവേലക്കാരെ. പൗലൊസിനെയും അപ്പൊല്ലൊസിനെയും പോലെ അവർ നടുകയും നനയ്‌ക്കുകയും ചെയ്യുന്നു. അവർ കഠിനമായി അധ്വാനിച്ചാൽപ്പോലും ഒരേ ഫലമായിരിക്കില്ല കിട്ടുന്നത്‌. കാരണം? സന്ദേശം കേൾക്കുന്നവരുടെ മനോഭാവത്തിലുള്ള വ്യത്യാസംതന്നെ. ദൃഷ്ടാന്തത്തിലെ വിതക്കാരന്‌ അതിന്മേൽ യാതൊരു നിയന്ത്രണവുമില്ല. വർഷങ്ങളോളം, ഒരുപക്ഷേ പതിറ്റാണ്ടുകളോളം, പ്രവർത്തിച്ചിട്ടും ശുശ്രൂഷയിൽ കാര്യമായ ഫലം കാണാൻ കഴിഞ്ഞിട്ടില്ലാത്ത നമ്മുടെ വിശ്വസ്‌തരായ സഹോദരീസഹോദരന്മാരെ സംബന്ധിച്ചിടത്തോളം ഇതെത്ര ആശ്വാസദായകമാണ്‌! * എന്തുകൊണ്ടാണ്‌ അങ്ങനെ പറയുന്നത്‌?

9. പൗലൊസും യേശുവും ആശ്വാസദായകമായ ഏതു വസ്‌തുത ഊന്നിപ്പറഞ്ഞു?

9 വിതക്കാരന്റെ വേലയുടെ ഫലമല്ല അയാളുടെ വിശ്വസ്‌തതയുടെ അളവുകോൽ. “ഓരോരുത്തന്നു താന്താന്റെ അദ്ധ്വാനത്തിന്നു ഒത്തവണ്ണം കൂലി കിട്ടും” എന്നു പറഞ്ഞപ്പോൾ പൗലൊസ്‌ അതാണ്‌ ഉദ്ദേശിച്ചത്‌. (1 കൊരി. 3:8) അധ്വാനം അനുസരിച്ചാണ്‌ കൂലി, അല്ലാതെ ഫലത്തിന്റെ അടിസ്ഥാനത്തിലല്ല. ശിഷ്യന്മാർ ഒരു പ്രസംഗപര്യടനം കഴിഞ്ഞ്‌ തിരിച്ചെത്തിയപ്പോൾ യേശുവും ഈ ആശയം ഊന്നിപ്പറയുകയുണ്ടായി. യേശുവിന്റെ നാമത്തിൽ ഭൂതങ്ങൾപോലും കീഴ്‌പെട്ടത്‌ അവരെ അങ്ങേയറ്റം സന്തോഷഭരിതരാക്കി. അവരുടെ ആവേശം കണ്ടിട്ടാകണം, യേശു ഇങ്ങനെ പറഞ്ഞു: “ഭൂതങ്ങൾ നിങ്ങൾക്കു കീഴടങ്ങുന്നതിലല്ല. നിങ്ങളുടെ പേർ സ്വർഗ്ഗത്തിൽ എഴുതിയിരിക്കുന്നതിലത്രേ സന്തോഷിപ്പിൻ.” (ലൂക്കൊ. 10:17-20) ഒരു വിതക്കാരന്റെ വേല കാര്യമായ ഫലമുളവാക്കുന്നില്ല എന്നതുകൊണ്ടുമാത്രം അയാൾക്ക്‌ മറ്റുള്ളവരുടെയത്ര ഉത്സാഹമോ വിശ്വസ്‌തതയോ ഇല്ലെന്നുവരുന്നില്ല. വലിയൊരു പരിധിവരെ, ഫലം പുറപ്പെടുവിക്കുന്നുണ്ടോ ഇല്ലയോ എന്നത്‌ കേൾവിക്കാരന്റെ മനോഭാവത്തെ ആശ്രയിച്ചാണിരിക്കുന്നത്‌. എന്നാൽ ആത്യന്തികമായി, വളരുമാറാക്കുന്നത്‌ ദൈവമാണ്‌!

വചനം കേൾക്കുന്നവരുടെ ഉത്തരവാദിത്വം

10. വചനം കേൾക്കുന്ന ഒരാൾ നല്ല മണ്ണുപോലെയാണോയെന്ന്‌ നിർണയിക്കുന്നതെന്ത്‌?

10 വചനം കേൾക്കുന്നവരുടെ കാര്യമോ? അവരുടെ പ്രതികരണം മുന്നമേ നിശ്ചയിച്ചുവെച്ചിരിക്കുകയാണോ? അല്ല. അവർ നല്ല മണ്ണുപോലെ ആകുമോ എന്നത്‌ അവരെ ആശ്രയിച്ചാണിരിക്കുന്നത്‌. ഒരാളുടെ സാഹചര്യത്തിനും മനോഭാവത്തിനും മാറ്റംവന്നേക്കാം. അതു ചിലപ്പോൾ നല്ലതിനുവേണ്ടിയാകാം, അല്ലെന്നുംവരാം. (റോമ. 6:17) ചിലർ “വചനം . . . കേട്ട ഉടനെ” സാത്താൻ വന്ന്‌ അത്‌ എടുത്തുകളയുന്നുവെന്ന്‌ ദൃഷ്ടാന്തത്തിൽ യേശു പറയുകയുണ്ടായി. എന്നാൽ അവശ്യം അങ്ങനെ സംഭവിക്കണമെന്നില്ല. കാരണം, യാക്കോബ്‌ 4:7-ൽ “പിശാചിനോടു എതിർത്തുനില്‌പിൻ,” അങ്ങനെ ചെയ്‌താൽ അവൻ അവരെവിട്ട്‌ ഓടിപ്പോകുമെന്ന്‌ ക്രിസ്‌ത്യാനികളോട്‌ പറയുന്നുണ്ട്‌. മറ്റു ചിലർ, തുടക്കത്തിൽ സന്തോഷത്തോടെ വചനം സ്വീകരിച്ചിട്ട്‌ “ഉള്ളിൽ വേരില്ലാതെ” ഇടറിപ്പോകുന്നതായി യേശു പറയുന്നു. എന്നാൽ “വീതിയും നീളവും ഉയരവും ആഴവും എന്തു എന്നു സകലവിശുദ്ധന്മാരോടുംകൂടെ ഗ്രഹിപ്പാനും പരിജ്ഞാനത്തെ കവിയുന്ന ക്രിസ്‌തുവിൻ സ്‌നേഹത്തെ അറിവാനും പ്രാപ്‌ത”രാകേണ്ടതിന്‌ “വേരൂന്നി അടിസ്ഥാനപ്പെട്ടവരായി”രിക്കാനാണ്‌ തിരുവെഴുത്തുകൾ ദൈവദാസന്മാരെ ഉദ്‌ബോധിപ്പിക്കുന്നത്‌.—എഫെ. 3:17-19; കൊലൊ. 2:6, 7.

11. ഉത്‌കണ്‌ഠകളും ധനവും വചനത്തെ ഞെരുക്കിക്കളയുന്നത്‌ എങ്ങനെ ഒഴിവാക്കാം?

11 വചനം കേട്ട മറ്റു ചിലർ അതിനെ ഞെരുക്കി നിഷ്‌ഫലമാക്കാൻ ‘ഇഹലോകത്തിന്റെ ചിന്തകളെയും ധനത്തിന്റെ വഞ്ചനയെയും’ അനുവദിക്കുന്നതായി ബൈബിൾ പറയുന്നു. (1 തിമൊ. 6: 9, 10) അവർക്ക്‌ അത്‌ എങ്ങനെ ഒഴിവാക്കാം? അപ്പൊസ്‌തലനായ പൗലൊസ്‌ ഉത്തരം നൽകുന്നു: “നിങ്ങളുടെ നടപ്പു ദ്രവ്യാഗ്രഹമില്ലാത്തതായിരിക്കട്ടെ; ഉള്ളതുകൊണ്ടു തൃപ്‌തിപ്പെടുവിൻ; ‘ഞാൻ നിന്നെ ഒരുനാളും കൈവിടുകയില്ല, ഉപേക്ഷിക്കയുമില്ല’ എന്നു അവൻ തന്നേ അരുളിച്ചെയ്‌തിരിക്കുന്നുവല്ലോ.”—എബ്രാ. 13:5.

12. നല്ല മണ്ണിനു സമാനമായവർ വ്യത്യസ്‌ത അളവിൽ ഫലം പുറപ്പെടുവിക്കുന്നത്‌ എന്തുകൊണ്ട്‌?

12 നല്ല മണ്ണിൽ വിതയ്‌ക്കപ്പെട്ടത്‌ “മുപ്പതും അറുപതും നൂറും മേനി വിളയുന്നു” എന്ന്‌ ഒടുവിൽ യേശു പറയുന്നു. വചനം സ്വീകരിക്കുന്ന, നല്ല ഹൃദയനിലയുള്ള ചിലർ ഫലം പുറപ്പെടുവിക്കുമെങ്കിലും സുവാർത്ത പ്രസംഗിക്കുന്നതിലുള്ള അവരുടെ പങ്ക്‌ സാഹചര്യത്തിനനുസരിച്ച്‌ വ്യത്യാസപ്പെട്ടിരിക്കാം. ഉദാഹരണത്തിന്‌, പ്രായാധിക്യമോ രോഗമോ നിമിത്തം ചിലർക്ക്‌ പ്രസംഗവേലയിൽ കാര്യമായി പ്രവർത്തിക്കാനാകുന്നില്ലായിരിക്കാം. (മർക്കൊസ്‌ 12:43, 44 താരതമ്യം ചെയ്യുക.) ഇവിടെയും, വിതച്ച വ്യക്തിക്ക്‌ സാഹചര്യത്തിന്മേൽ കാര്യമായ, അല്ലെങ്കിൽ ഒട്ടുംതന്നെ നിയന്ത്രണമില്ലായിരിക്കാം. എങ്കിലും യഹോവ അത്‌ വളർത്തിക്കൊണ്ടുവന്നതിൽ അയാൾ അതിയായി സന്തോഷിക്കുന്നു.​—⁠സങ്കീർത്തനം 126:5, 6 വായിക്കുക.

ഉറങ്ങുന്ന വിതക്കാരൻ

13, 14. (എ) വിതക്കാരനെക്കുറിച്ചുള്ള യേശുവിന്റെ ദൃഷ്ടാന്തം ചുരുക്കിപ്പറയുക. (ബി) വിതക്കാരനും വിത്തും എന്തിനെ കുറിക്കുന്നു?

13 മർക്കൊസ്‌ 4:26-29-ൽ വിതക്കാരനെക്കുറിച്ചുള്ള മറ്റൊരു ദൃഷ്ടാന്തം കാണാം: “ദൈവരാജ്യം ഒരു മനുഷ്യൻ മണ്ണിൽ വിത്തു എറിഞ്ഞശേഷം രാവും പകലും ഉറങ്ങിയും എഴുന്നേറ്റും ഇരിക്കെ അവൻ അറിയാതെ വിത്തു മുളെച്ചു വളരുന്നതുപോലെ ആകുന്നു. ഭൂമി സ്വയമായി മുമ്പെ ഞാറും പിന്നെ കതിരും പിന്നെ കതിരിൽ നിറഞ്ഞ മണിയും ഇങ്ങനെ വിളയുന്നു. ധാന്യം വിളയുമ്പോൾ കൊയ്‌ത്തായതുകൊണ്ടു അവൻ ഉടനെ അരിവാൾ വെക്കുന്നു.”

14 ഇവിടെ പറഞ്ഞിരിക്കുന്ന വിതക്കാരൻ ആരാണ്‌? യേശുക്രിസ്‌തുവാണെന്നാണ്‌ ക്രൈസ്‌തവലോകത്തിലെ ചിലരുടെ വിശ്വാസം. എന്നാൽ യേശു ഉറങ്ങുകയാണെന്നും വിത്തു വളരുന്നത്‌ അറിയുന്നില്ലെന്നും പറഞ്ഞാൽ എങ്ങനെ ശരിയാകും? കാരണം, യേശുവിന്‌ വിത്തിന്റെ വളർച്ചയെക്കുറിച്ച്‌ അറിയാം. അതുകൊണ്ട്‌ നേരത്തേ പരാമർശിച്ച വിതക്കാരനെപ്പോലെ ഇവിടത്തെ വിതക്കാരനും സുവാർത്താപ്രസംഗത്തിൽ തീക്ഷ്‌ണതയോടെ ഏർപ്പെട്ടുകൊണ്ട്‌ രാജ്യവിത്ത്‌ വിതയ്‌ക്കുന്ന ഓരോ രാജ്യഘോഷകനെയുമാണു കുറിക്കുന്നത്‌. അവർ പ്രസംഗിക്കുന്ന വചനമാണ്‌ വിത്ത്‌. *

15, 16. വിതക്കാരനെക്കുറിച്ചുള്ള ദൃഷ്ടാന്തത്തിൽ അക്ഷരീയവും ആത്മീയവുമായ വളർച്ച സംബന്ധിച്ച ഏതു വസ്‌തുതയാണ്‌ യേശു ചൂണ്ടിക്കാണിച്ചത്‌?

15 വിതക്കാരൻ രാത്രി ഉറങ്ങി രാവിലെ എഴുന്നേൽക്കുന്നുവെന്ന്‌ യേശു പറയുന്നു. വിതക്കാരന്റെ ഭാഗത്തെ അനാസ്ഥയെയല്ല അതു കാണിക്കുന്നത്‌. സാധാരണ എല്ലാവരും ചെയ്യുന്നതേ അയാളും ചെയ്യുന്നുള്ളൂ. വിതക്കാരൻ ഒരു ദിവസം ഉറങ്ങി എഴുന്നേൽക്കുന്നതിനിടെ വിത്തു മുളയ്‌ക്കുന്നുവെന്നല്ല, ഒരു കാലഘട്ടംകൊണ്ട്‌ സംഭവിക്കുന്നുവെന്നാണ്‌ ഇവിടത്തെ വാക്കുകൾ സൂചിപ്പിക്കുന്നത്‌. അപ്പോൾ എന്താണു സംഭവിക്കുന്നതെന്ന്‌ യേശു വിശദീകരിക്കുന്നു. ‘അവൻ അറിയാതെ വിത്തു മുളെച്ചു വളരുന്നു.’ വളർച്ച “സ്വയമായി” സംഭവിക്കുന്നു എന്നതാണ്‌ ഇവിടെ പ്രധാന സംഗതി. *

16 ഇതിലൂടെ യേശു എന്താണ്‌ ഉദ്ദേശിച്ചത്‌? വളർച്ചയ്‌ക്കും ക്രമേണ അതു സംഭവിക്കുന്ന വിധത്തിനുമാണ്‌ ഇവിടെ ഊന്നൽ നൽകുന്നതെന്ന്‌ ശ്രദ്ധിക്കുക. “ഭൂമി സ്വയമായി മുമ്പെ ഞാറും പിന്നെ കതിരും പിന്നെ കതിരിൽ നിറഞ്ഞ മണിയും ഇങ്ങനെ വിളയുന്നു.” (മർക്കൊ. 4:28) ക്രമേണ, ഘട്ടംഘട്ടമായാണ്‌ ഈ വളർച്ച നടക്കുന്നത്‌. അതു നിയന്ത്രിക്കാനോ അതിന്റെ ആക്കംകൂട്ടാനോ നമുക്കാവില്ല. ആത്മീയ വളർച്ചയുടെ കാര്യത്തിലും അതുതന്നെയാണ്‌ സത്യം. ശരിയായ മനോനിലയുള്ളവരുടെ ഹൃദയത്തിൽ സത്യം വേരുറയ്‌ക്കാൻ യഹോവ അനുവദിക്കുമ്പോൾ പടിപടിയായിട്ടാണ്‌ അതു സംഭവിക്കുന്നത്‌.​—⁠പ്രവൃ. 13:48; എബ്രാ. 6:1.

17. രാജ്യസത്യം ഫലം പുറപ്പെടുവിക്കുമ്പോൾ സന്തോഷിക്കുന്നത്‌ ആരെല്ലാം?

17 “ധാന്യം വിളയുമ്പോൾ” വിതക്കാരൻ എങ്ങനെയാണ്‌ കൊയ്‌ത്തിൽ പങ്കെടുക്കുന്നത്‌? പുതുശിഷ്യന്മാരുടെ ഹൃദയത്തിൽ യഹോവ രാജ്യസത്യം വളരുമാറാക്കുമ്പോൾ, ദൈവത്തോടുള്ള സ്‌നേഹത്താൽ പ്രചോദിതരായി അവർ ജീവിതം അവനു സമർപ്പിക്കുന്നു. ആ സമർപ്പണത്തിന്റെ തെളിവായി അവർ ജലസ്‌നാനമേൽക്കുന്നു. ആത്മീയ പക്വതയിലേക്കു പുരോഗമിക്കുന്ന സഹോദരന്മാർ സഭയിൽ കൂടുതലായ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ പ്രാപ്‌തരായിത്തീരുന്നു. വിത്തുവിതച്ചയാളും ആ ശിഷ്യനെ ഉളവാക്കുന്നതിൽ നേരിട്ട്‌ ഉൾപ്പെട്ടിരിക്കാൻ ഇടയില്ലാത്ത മറ്റ്‌ രാജ്യഘോഷകരും രാജ്യഫലം കൊയ്യും. (യോഹന്നാൻ 4:36-38 വായിക്കുക.) വാസ്‌തവത്തിൽ, “വിതെക്കുന്നവനും കൊയ്യുന്നവനും ഒരുമിച്ചു സന്തോഷി”ക്കുന്നു.

നമുക്കുള്ള പാഠം

18, 19. (എ) യേശുവിന്റെ ദൃഷ്ടാന്തങ്ങളെക്കുറിച്ചുള്ള ഈ അവലോകനം നിങ്ങളെ വ്യക്തിപരമായി എങ്ങനെ പ്രോത്സാഹിപ്പിച്ചിരിക്കുന്നു? (ബി) അടുത്ത ലേഖനത്തിൽ എന്തു പരിചിന്തിക്കും?

18 മർക്കൊസ്‌ 4-ാം അധ്യായത്തിലെ ഈ രണ്ടു ദൃഷ്ടാന്തങ്ങൾ അവലോകനം ചെയ്‌തതിലൂടെ നാം എന്തു പഠിച്ചു? ഒരു കാര്യം വ്യക്തം: നമുക്കൊരു വേല ചെയ്യാനുണ്ട്‌—വിതയ്‌ക്കുക. ഒഴികഴിവുകളോ നേരിട്ടേക്കാൻ ഇടയുള്ള പ്രശ്‌നങ്ങളോ ഈ വേല ചെയ്യുന്നതിൽനിന്ന്‌ നമ്മെ പിന്തിരിപ്പിക്കരുത്‌. (സഭാ. 11:4) അതേസമയം, ദൈവത്തിന്റെ കൂട്ടുവേലക്കാരായിരിക്കുക എന്ന മഹത്തായ പദവിയുള്ളവരാണ്‌ നമ്മൾ എന്ന വസ്‌തുതയും നാം മറക്കുന്നില്ല. നമ്മുടെയും നമ്മുടെ സന്ദേശം സ്വീകരിക്കുന്നവരുടെയും ശ്രമങ്ങളെ അനുഗ്രഹിച്ചുകൊണ്ട്‌ ആത്മീയ വളർച്ചയ്‌ക്ക്‌ ഇടയാക്കുന്നത്‌ യഹോവയാണ്‌. ഒരാളെ നിർബന്ധിച്ച്‌ ശിഷ്യനാക്കാൻ നമുക്കാവില്ല. അതുപോലെതന്നെ വളർച്ച മന്ദഗതിയിലാകുകയോ മുരടിക്കുകയോ ചെയ്യുന്നെങ്കിൽ നാം നിരാശപ്പെടേണ്ടതില്ല. യഹോവയോടും “സുവിശേഷം സകലജാതികൾക്കും സാക്ഷ്യമായി” പ്രസംഗിക്കാനുള്ള നിയമനത്തോടുമുള്ള നമ്മുടെ വിശ്വസ്‌തതയാണ്‌ വിജയത്തിന്റെ അളവുകോൽ എന്നറിയുന്നത്‌ വളരെ ആശ്വാസദായകമല്ലേ?​—⁠മത്താ. 24:14.

19 പുതിയ ശിഷ്യന്മാരുടെയും രാജ്യവേലയുടെയും വളർച്ച സംബന്ധിച്ച്‌ യേശു മറ്റെന്തുംകൂടെ നമ്മെ പഠിപ്പിച്ചു? സുവിശേഷവിവരണങ്ങളിലെ മറ്റു ദൃഷ്ടാന്തങ്ങളിൽ അതിനുള്ള ഉത്തരമുണ്ട്‌. അത്തരം ചില ദൃഷ്ടാന്തങ്ങളുടെ അവലോകനമാണ്‌ അടുത്ത ലേഖനത്തിൽ.

[അടിക്കുറിപ്പുകൾ]

^ ഖ. 8 യഹോവയുടെ സാക്ഷികളുടെ വാർഷികപുസ്‌തകം 2005, പേജ്‌ 210-11-ൽ കൊടുത്തിരിക്കുന്ന ഗേയോർഗ്‌ ഫ്യോൽനിർ ലിൻഡാൽ സഹോദരന്റെ ഐസ്‌ലൻഡിലെ ശുശ്രൂഷയെയും വാർഷികപുസ്‌തകം 1988, (ഇംഗ്ലീഷ്‌) പേജ്‌ 82-99-ൽ കാണുന്ന, ഫലമൊന്നും ലഭിക്കാതിരുന്നിട്ടും അനേകവർഷം അയർലൻഡിൽ വിശ്വസ്‌തതയോടെ സേവിച്ച സഹോദരങ്ങളുടെ അനുഭവങ്ങളെയും കുറിച്ചു വായിക്കുക.

^ ഖ. 14 ചുറ്റുപാടുകളുടെ സ്വാധീനമേറ്റ്‌ പക്വമായിത്തീരേണ്ട വ്യക്തിത്വഗുണങ്ങളെയാണ്‌ വിത്ത്‌ അർഥമാക്കുന്നതെന്ന്‌ ഈ മാസികയുടെ ഒരു മുൻലക്കം വിശദീകരിച്ചിരുന്നു. എന്നാൽ യേശുവിന്റെ ദൃഷ്ടാന്തത്തിലെ വിത്ത്‌ മോശമായിത്തീരുകയോ ചീഞ്ഞ ഫലമായി മാറുകയോ ചെയ്യുന്നില്ല എന്നതു ശ്രദ്ധിക്കുക. അതു പക്വതയിലേക്കു വളരുന്നു, അത്രമാത്രം.​—⁠1980 ജൂൺ 15 ലക്കം വീക്ഷാഗോപുരത്തിന്റെ (ഇംഗ്ലീഷ്‌) 17-19 പേജുകൾ കാണുക.

^ ഖ. 15 ഇതിനുപുറമേ പ്രവൃത്തികൾ 12:10-ൽ മാത്രമാണ്‌ ഈ പ്രയോഗം കാണുന്നത്‌. അവിടെ ഒരു ഇരുമ്പുവാതിൽ “സ്വതവേ” തുറന്നുവരുന്നതായി പറഞ്ഞിരിക്കുന്നു.

നിങ്ങൾ ഓർമിക്കുന്നുവോ?

• വിത്ത്‌ വിതയ്‌ക്കുന്നതും രാജ്യസന്ദേശം പ്രസംഗിക്കുന്നതും തമ്മിൽ എന്തെല്ലാം സമാനതകളാണുള്ളത്‌?

• യഹോവ ഒരു രാജ്യഘോഷകന്റെ വിശ്വസ്‌തത അളക്കുന്നത്‌ എങ്ങനെ?

• ആത്മീയവും അക്ഷരീയവുമായ വളർച്ചയിലെ എന്തു സമാനതയാണ്‌ യേശു എടുത്തുപറഞ്ഞത്‌?

• “വിതെക്കുന്നവനും കൊയ്യുന്നവനും ഒരുമിച്ചു സന്തോഷി”ക്കുന്നത്‌ എങ്ങനെ?

[അധ്യയന ചോദ്യങ്ങൾ]

[13-ാം പേജിലെ ചിത്രങ്ങൾ]

രാജ്യഘോഷകനെ യേശു വിതക്കാരനോട്‌ ഉപമിച്ചത്‌ എന്തുകൊണ്ട്‌?

[15-ാം പേജിലെ ചിത്രങ്ങൾ]

നല്ല മണ്ണിനു സമാനരായവർ അവരുടെ സാഹചര്യമനുസരിച്ച്‌ പ്രസംഗവേലയിൽ സർവാത്മനാ ഏർപ്പെടുന്നു

[16-ാം പേജിലെ ചിത്രങ്ങൾ]

വളരുമാറാക്കുന്നത്‌ ദൈവമാണ്‌