വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വീടുതോറുമുള്ള ശുശ്രൂഷയിൽ പ്രതിബന്ധങ്ങൾ മറികടക്കുക!

വീടുതോറുമുള്ള ശുശ്രൂഷയിൽ പ്രതിബന്ധങ്ങൾ മറികടക്കുക!

വീടുതോറുമുള്ള ശുശ്രൂഷയിൽ പ്രതിബന്ധങ്ങൾ മറികടക്കുക!

“ഞങ്ങൾ . . . വലിയ പോരാട്ടത്തോടെ ദൈവത്തിന്റെ സുവിശേഷം നിങ്ങളോടു പ്രസംഗിപ്പാൻ ഞങ്ങളുടെ ദൈവത്തിൽ ധൈര്യപ്പെട്ടിരുന്നു.”—1 തെസ്സ. 2:2.

1. യിരെമ്യാവ്‌ ഏതെല്ലാം വെല്ലുവിളികൾ നേരിട്ടു, അവ തരണംചെയ്യാൻ അവനു കഴിഞ്ഞത്‌ എങ്ങനെ?

നമ്മുടേതുപോലുള്ള വികാരങ്ങൾ ഉണ്ടായിരുന്ന ഒരു മനുഷ്യനായിരുന്നു യിരെമ്യാവ്‌. “ജാതികൾക്കു പ്രവാചകനായി” അവനെ നിയമിച്ചിരിക്കുന്നു എന്ന്‌ യഹോവ അറിയിച്ചപ്പോൾ, “അയ്യോ, യഹോവയായ കർത്താവേ, എനിക്കു സംസാരിപ്പാൻ അറിഞ്ഞുകൂടാ; ഞാൻ ബാലനല്ലോ” എന്ന്‌ അവൻ നിലവിളിച്ചു. എന്നിരുന്നാലും യഹോവയിൽ ആശ്രയിച്ചുകൊണ്ട്‌ അവൻ ആ നിയമനം ഏറ്റെടുത്തു. (യിരെ. 1:4-10) 40 വർഷത്തിലധികം നീണ്ട പ്രവാചക ജീവിതത്തിൽ അവന്‌ നിസ്സംഗത, തിരസ്‌കരണം, പരിഹാസം എന്തിന്‌ ഉപദ്രവംപോലും സഹിക്കേണ്ടിവന്നു. (യിരെ. 20:1, 2) ചിലപ്പോൾ, ‘എല്ലാം ഇട്ടെറിഞ്ഞു പോയാലോ’ എന്നുപോലും അവനു തോന്നി. എന്നിരുന്നാലും ജനസമ്മതിയില്ലാത്ത ഒരു സന്ദേശം പ്രസംഗിക്കുന്നതിൽ അവൻ തുടർന്നു, ഭൂരിപക്ഷംപേരും ശ്രദ്ധിക്കാൻ കൂട്ടാക്കാതിരുന്നിട്ടും. സ്വന്തം പ്രാപ്‌തികൊണ്ടു നേടാൻ സാധിക്കില്ലായിരുന്ന പല നേട്ടങ്ങളും കൈവരിക്കാൻ യഹോവയുടെ സഹായത്താൽ അവനു കഴിഞ്ഞു.—യിരെമ്യാവു 20:7-9 വായിക്കുക.

2, 3. ഇന്ന്‌ ദൈവദാസർ യിരെമ്യാവിന്റേതിനു സമാനമായ വെല്ലുവിളികൾ നേരിടുന്നത്‌ എങ്ങനെ?

2 യിരെമ്യാവിന്റേതിനു സമാനമായ വികാരങ്ങൾ അനുഭവപ്പെട്ടിട്ടുള്ളവരാണ്‌ ഇന്നത്തെ ദൈവദാസരിൽ അനേകരും. വീടുതോറുംപോയി പ്രസംഗിക്കുന്നതിനെക്കുറിച്ച്‌ ആലോചിച്ചപ്പോൾ, ‘ഇത്‌ എന്നെക്കൊണ്ട്‌ സാധിക്കുമെന്നു തോന്നുന്നില്ല’ എന്ന്‌ ഒരുകാലത്ത്‌ നമ്മിൽ പലർക്കും തോന്നിയിരിക്കാം. എന്നാൽ നാം സുവാർത്ത പ്രസംഗിക്കേണ്ടത്‌ യഹോവയുടെ ഇഷ്ടമാണെന്നു തിരിച്ചറിഞ്ഞപ്പോൾ ഭയാശങ്കകളെല്ലാം മറികടന്ന്‌ നാം സാക്ഷീകരണത്തിൽ തിരക്കുള്ളവരായി. എന്നിരുന്നാലും ശുശ്രൂഷ തുടരുന്നത്‌ ബുദ്ധിമുട്ടാക്കിത്തീർത്ത പല സാഹചര്യങ്ങളും നമ്മിൽ പലരും കുറച്ചുകാലത്തേക്കെങ്കിലും അഭിമുഖീകരിച്ചിട്ടുണ്ട്‌. വീടുതോറുമുള്ള ശുശ്രൂഷ തുടങ്ങുന്നതും അവസാനംവരെ അതു തുടരുന്നതും അത്ര എളുപ്പമല്ല.—മത്താ. 24:13.

3 ഏതാനും നാളുകളായി യഹോവയുടെ സാക്ഷികളോടൊത്ത്‌ ബൈബിൾ പഠിക്കുകയും സഭായോഗങ്ങൾക്കു ഹാജരാകുകയും എന്നാൽ വീടുതോറുമുള്ള ശുശ്രൂഷ തുടങ്ങാൻ മടിച്ചുനിൽക്കുകയും ചെയ്യുന്ന ഒരാളാണോ നിങ്ങൾ? അല്ലെങ്കിൽ, വീടുതോറുമുള്ള ശുശ്രൂഷയിൽ പങ്കെടുക്കാനുള്ള ആരോഗ്യം ഉണ്ടെങ്കിലും അതു ബുദ്ധിമുട്ടുള്ള കാര്യമായി കണക്കാക്കുന്ന സ്‌നാനമേറ്റ ഒരു സാക്ഷിയാണോ നിങ്ങൾ? എന്നാൽ എല്ലാ പശ്ചാത്തലങ്ങളിലുമുള്ള ആളുകൾ വീടുതോറുമുള്ള ശുശ്രൂഷയിലെ വെല്ലുവിളികൾ വിജയകരമായി നേരിടുന്നുവെന്ന്‌ ഓർക്കുക. യഹോവയുടെ സഹായത്താൽ നിങ്ങൾക്കും അതിനാകും.

ധൈര്യം സംഭരിക്കുക

4. ധൈര്യത്തോടെ സുവാർത്ത ഘോഷിക്കാൻ പൗലൊസിനെ പ്രാപ്‌തനാക്കിയത്‌ എന്ത്‌?

4 ആഗോളസാക്ഷീകരണം സാധ്യമാക്കുന്നത്‌ ദൈവാത്മാവാണ്‌, മനുഷ്യന്റെ ശക്തിയോ ബുദ്ധിയോ അല്ല. (സെഖ. 4:6) വ്യക്തിഗത ശുശ്രൂഷയുടെ കാര്യത്തിലും ഇതു സത്യമാണ്‌. (2 കൊരി. 4:7) പൗലൊസ്‌ അപ്പൊസ്‌തലന്റെ ഉദാഹരണമെടുക്കാം. താനും തന്റെ കൂട്ടാളിയും എതിരാളികളാൽ ഉപദ്രവിക്കപ്പെട്ട സംഭവത്തെക്കുറിച്ച്‌ അവൻ എഴുതി: “ഞങ്ങൾ ഫിലിപ്പിയിൽവെച്ചു കഷ്ടവും അപമാനവും അനുഭവിച്ചിട്ടും വലിയ പോരാട്ടത്തോടെ ദൈവത്തിന്റെ സുവിശേഷം നിങ്ങളോടു പ്രസംഗിപ്പാൻ ഞങ്ങളുടെ ദൈവത്തിൽ ധൈര്യപ്പെട്ടിരുന്നു.” (1 തെസ്സ. 2:2; പ്രവൃ. 16:22-24) പൗലൊസിനെപ്പോലെ തീക്ഷ്‌ണതയുള്ള ഒരാൾക്ക്‌, പ്രസംഗിക്കുന്നതു പോരാട്ടമായിത്തീർന്ന സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്‌ എന്ന്‌ സാധാരണഗതിയിൽ നമ്മൾ ചിന്തിക്കില്ല. ധൈര്യത്തോടെ പ്രസംഗിക്കുന്നതിന്‌ പൗലൊസിന്‌ യഹോവയിൽ ആശ്രയിക്കേണ്ടതുണ്ടായിരുന്നു, നമ്മുടെ കാര്യത്തിലും ഇതു സത്യമാണ്‌. (എഫെസ്യർ 6:18-20 വായിക്കുക.) അതുകൊണ്ട്‌ നമുക്കും പൗലൊസിന്റെ മാതൃക അനുകരിക്കാം.

5. പ്രസംഗിക്കാനാവശ്യമായ ധൈര്യം സംഭരിക്കുന്നതിനുള്ള ഒരു മാർഗം ഏതാണ്‌?

5 പ്രസംഗിക്കാനാവശ്യമായ ധൈര്യം സംഭരിക്കുന്നതിനുള്ള ഒരു മാർഗം പ്രാർഥനയാണ്‌. ഒരു പയനിയർ പറഞ്ഞു: “ആത്മവിശ്വാസത്തോടെ സംസാരിക്കാൻ, സന്ദേശം ആളുകളുടെ ഹൃദയത്തിൽ എത്തിക്കാൻ, ശുശ്രൂഷയിൽ സന്തോഷം കണ്ടെത്താൻ, എല്ലാറ്റിനും ഞാൻ പ്രാർഥിക്കും. ഇത്‌ യഹോവയുടെ വേലയാണ്‌, നമ്മുടെ ആരുടെയും അല്ല. അതുകൊണ്ട്‌ അവന്റെ സഹായമില്ലാതെ നമുക്ക്‌ ഒന്നും ചെയ്യാനാവില്ല.” (1 തെസ്സ. 5:17) ധൈര്യത്തോടെ പ്രസംഗിക്കാൻ ദൈവാത്മാവിന്റെ സഹായത്തിനായി നാം എപ്പോഴും പ്രാർഥിക്കണം.—ലൂക്കൊ. 11:9-13.

6, 7. (എ) യെഹെസ്‌കേലിന്‌ എന്തു ദർശനം ലഭിച്ചു, അത്‌ അവന്‌ എന്ത്‌ അർഥമാക്കി? (ബി) ആ ദർശനത്തിൽനിന്ന്‌ ഇന്നത്തെ ദൈവദാസർക്ക്‌ എന്തു പഠിക്കാനുണ്ട്‌?

6 ധൈര്യത്തോടെ പ്രസംഗിക്കാൻ നമ്മെ സഹായിക്കുന്ന മറ്റൊരു കാര്യം യെഹെസ്‌കേലിന്റെ പുസ്‌തകത്തിൽ കാണാനാകും. ഒരു ദർശനത്തിൽ, അകത്തും പുറത്തും “വിലാപങ്ങളും സങ്കടവും കഷ്ടവും” എഴുതിയിരുന്ന ഒരു ചുരുൾ യെഹെസ്‌കേലിന്‌ കൊടുത്തിട്ട്‌ യഹോവ അവനോട്‌, “മനുഷ്യപുത്രാ, ഞാൻ നിനക്കു തരുന്ന ഈ ചുരുൾ നീ വയറ്റിൽ ആക്കി ഉദരം നിറെക്ക” എന്നു കൽപ്പിച്ചു. അതിന്റെ അർഥം, അവൻ അറിയിക്കേണ്ടിയിരുന്ന സന്ദേശം അവൻ പൂർണമായി ഉൾക്കൊള്ളണം എന്നായിരുന്നു; അവന്റെ വികാരവിചാരങ്ങളെ സ്വാധീനിക്കാൻപോന്ന അളവിൽ അത്‌ അവന്റെ ഭാഗമായിത്തീരുകയും ചെയ്യണമായിരുന്നു. പ്രവാചകൻ തുടരുന്നു: “ഞാൻ അതു തിന്നു; അതു വായിൽ തേൻപോലെ മധുരമായിരുന്നു.” ദൈവസന്ദേശം പരസ്യമായി ഘോഷിക്കുന്നത്‌ യെഹെസ്‌കേലിനെ സംബന്ധിച്ചിടത്തോളം തേൻ നുകരുന്നതുപോലെ ആനന്ദം പകരുന്ന ഒരു അനുഭവമായിരുന്നു. നിസ്സംഗത പുലർത്തിയ ആളുകളോട്‌ ശക്തമായ സന്ദേശം അറിയിക്കേണ്ടിയിരുന്നെങ്കിലും യഹോവയെ പ്രതിനിധീകരിച്ച്‌ ആ നിയമനം നിറവേറ്റുന്നത്‌ ഒരു വിശിഷ്ട പദവിയായി അവൻ വീക്ഷിച്ചു.—യെഹെസ്‌കേൽ 2:8–3:4, 7-9 വായിക്കുക.

7 ഇന്നത്തെ ദൈവദാസർക്കുള്ള നല്ലൊരു പാഠം ഉൾക്കൊള്ളുന്നതാണ്‌ ഈ ദർശനം. നമ്മുടെ പ്രയത്‌നം പലപ്പോഴും ആളുകൾ വിലമതിക്കുന്നില്ലെങ്കിലും അവരെ അറിയിക്കാൻ നമ്മുടെ പക്കൽ ശക്തമായ ഒരു സന്ദേശമുണ്ട്‌. ക്രിസ്‌തീയ ശുശ്രൂഷയെ എന്നും ഒരു ദൈവദത്ത പദവിയായി വീക്ഷിക്കുന്നതിന്‌ നാം ദൈവവചനം നിരന്തരം വായിക്കുകയും പഠിക്കുകയും ചെയ്യണം. ദൈവവചനം പൂർണമായി സ്വാംശീകരിക്കുന്നതിന്‌ ഉപരിപ്ലവമോ ക്രമമില്ലാത്തതോ ആയ പഠനം സഹായിക്കില്ല. വ്യക്തിപരമായ ബൈബിൾ വായനയുടെയും പഠനത്തിന്റെയും ഗുണനിലവാരം മെച്ചപ്പെടുത്താനും അത്‌ ക്രമമുള്ളതാക്കാനും നിങ്ങൾക്കാകുമോ? വായിക്കുന്നതിനെക്കുറിച്ച്‌ കൂടെക്കൂടെ ധ്യാനിക്കാൻ നിങ്ങൾക്കു സാധിക്കുമോ?—സങ്കീ. 1:2, 3.

ബൈബിൾ ചർച്ചകൾക്കു തുടക്കമിടാൻ

8. വീടുതോറുമുള്ള ശുശ്രൂഷയിൽ ബൈബിൾ ചർച്ചകൾക്ക്‌ തുടക്കമിടാൻ ഏതു സമീപനം ചില പ്രസാധകരെ സഹായിച്ചിരിക്കുന്നു?

8 വീട്ടുകാരനുമായി സംഭാഷണം ആരംഭിക്കുക എന്നതാണ്‌ മിക്ക പ്രസാധകരെ സംബന്ധിച്ചും വീടുതോറുമുള്ള ശുശ്രൂഷയിലെ ഏറ്റവും ബുദ്ധിമുട്ടുള്ള ഭാഗം. ചില പ്രദേശങ്ങളിൽ ചർച്ചയ്‌ക്കു തുടക്കമിടുക പ്രയാസമാണെന്ന്‌ സമ്മതിക്കേണ്ടിയിരിക്കുന്നു. ഈ ലേഖനത്തോടൊപ്പമുള്ള ചതുരത്തിൽ കൊടുത്തിരിക്കുന്നതുപോലെ, നന്നായി തയ്യാറായ ഒരു മുഖവുരയോടെ ഒരു ലഘുലേഖ സമർപ്പിച്ചുകൊണ്ട്‌ സംഭാഷണത്തിനു തുടക്കമിടാൻ സാധിക്കുമെന്നു ചില പ്രസാധകർ കണ്ടെത്തിയിരിക്കുന്നു. ലഘുലേഖയുടെ ശീർഷകമോ അതിലെ വർണചിത്രമോ വീട്ടുകാരനെ ആകർഷിച്ചേക്കാം. സന്ദർശനോദ്ദേശ്യം ചുരുക്കമായി പറയാനും ഒരു ചോദ്യം ചോദിക്കാനുമുള്ള അവസരം അത്‌ ഒരുക്കിയെന്നുവരാം. മറ്റൊരു സമീപനം, മൂന്നോ നാലോ വ്യത്യസ്‌ത ലഘുലേഖകൾ കാണിച്ചിട്ട്‌ വീട്ടുകാരനു താത്‌പര്യമുള്ള ഒരെണ്ണം തിരഞ്ഞെടുക്കാൻ പറയുക എന്നതാണ്‌. വെറുതെ ലഘുലേഖകൾ കൊടുക്കുകയെന്നതോ എല്ലാ വീടുകളിലും ഇതേ സമീപനം അവലംബിക്കുകയെന്നതോ അല്ല, ബൈബിളധ്യയനങ്ങളിലേക്കു നയിക്കുന്ന ചർച്ചകൾക്കു തുടക്കമിടുക എന്നതാണു നമ്മുടെ ലക്ഷ്യം. *

9. നല്ല തയ്യാറാകൽ പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

9 ഏതു സമീപനം സ്വീകരിച്ചാലും, വീടുതോറുമുള്ള ശുശ്രൂഷയിൽ സമചിത്തതയോടും ഉത്സാഹത്തോടുംകൂടെ ഏർപ്പെടാൻ നല്ല തയ്യാറാകൽ നമ്മെ സഹായിക്കും. ഒരു പയനിയർ പറഞ്ഞു: “നന്നായി തയ്യാറായപ്പോഴെല്ലാം എനിക്കു കൂടുതൽ സന്തോഷം അനുഭവപ്പെട്ടിട്ടുണ്ട്‌. തയ്യാറായ അവതരണം വയലിൽ ഉപയോഗിക്കാൻ ഇത്‌ എനിക്കു പ്രേരണ നൽകി.” “സമർപ്പിക്കാൻ പോകുന്ന പ്രസിദ്ധീകരണങ്ങളുടെ ഉള്ളടക്കങ്ങളുമായി പരിചിതനാകുമ്പോൾ അവ സമർപ്പിക്കാൻ എനിക്ക്‌ ഉത്സാഹമേറും” എന്ന്‌ മറ്റൊരു പയനിയർ. എന്തു സംസാരിക്കണമെന്ന്‌ മനസ്സിൽ പറഞ്ഞുനോക്കുന്നത്‌ നല്ലതാണെങ്കിലും അവതരണങ്ങൾ ഉറക്കെ പറഞ്ഞു പരിശീലിക്കുന്നത്‌ കൂടുതൽ നല്ലതാണെന്നു പലരുടെയും അനുഭവം തെളിയിക്കുന്നു. തങ്ങളുടെ ഏറ്റവും നല്ലത്‌ യഹോവയ്‌ക്കു നൽകാൻ അത്‌ അവരെ സഹായിക്കുന്നു.—കൊലൊ. 3:23; 2 തിമൊ. 2:15.

10. വയൽസേവനയോഗങ്ങൾ പ്രായോഗികവും ഫലകരവുമായി എങ്ങനെ നടത്താൻ സാധിക്കും?

10 പ്രായോഗിക നിർദേശങ്ങളടങ്ങിയ വയൽസേവനയോഗങ്ങൾ വീടുതോറുമുള്ള ശുശ്രൂഷയിലെ ഫലപ്രദത്വവും സന്തോഷവും വർധിപ്പിക്കാൻ സഹായകമാണ്‌. ദിനവാക്യം വയൽസേവനവുമായി നേരിട്ടു ബന്ധമുള്ളതാണെങ്കിൽ അതു വായിച്ചു ഹ്രസ്വമായി ചർച്ചചെയ്യുന്നതിൽ തെറ്റില്ല. എന്നാൽ വയൽസേവനയോഗം നടത്തുന്ന സഹോദരൻ പ്രദേശത്തിനു ചേരുന്ന ലളിതമായ ഒരു അവതരണം ചർച്ചചെയ്യുന്നതിനോ പ്രകടനം ഉൾപ്പെടുത്തുന്നതിനോ അന്നേദിവസം ശുശ്രൂഷയിൽ പ്രയോജനപ്പെടുന്ന മറ്റു പ്രായോഗിക വിവരങ്ങൾ പരിചിന്തിക്കുന്നതിനോ ആവശ്യമായ സമയം നീക്കിവെക്കണം. ഫലകരമായ സാക്ഷ്യംനൽകാൻ ഇത്‌ സഹോദരങ്ങളെ സജ്ജരാക്കും. മേൽപ്പറഞ്ഞ ലക്ഷ്യം കൈവരിക്കാനും അതേസമയം നിശ്ചിത സമയത്തിനുള്ളിൽ യോഗം അവസാനിപ്പിക്കാനും സാധിക്കേണ്ടതിന്‌ മൂപ്പന്മാരും മറ്റും നന്നായി തയ്യാറാകേണ്ടതുണ്ട്‌.—റോമ. 12:8.

ശ്രദ്ധിക്കുന്നതിന്റെ പ്രയോജനങ്ങൾ

11, 12. സഹാനുഭൂതിയോടെ ശ്രദ്ധിക്കുന്നത്‌ സുവാർത്ത കേൾക്കാൻ ആളുകളെ സഹായിക്കുന്നത്‌ എങ്ങനെ? ഉദാഹരണങ്ങൾ പറയുക.

11 ബൈബിൾ ചർച്ചകൾക്കു തുടക്കമിടാനും ആളുകളുടെ ഹൃദയങ്ങളുമായി സംവദിക്കാനും നല്ല തയ്യാറാകലിനോടൊപ്പം അവരോടുള്ള വ്യക്തിപരമായ താത്‌പര്യവും അനിവാര്യമാണ്‌. ആളുകളിലുള്ള താത്‌പര്യം പ്രകടിപ്പിക്കുന്നതിനുള്ള ഒരു വിധം അവരെ നന്നായി ശ്രദ്ധിക്കുക എന്നതാണ്‌. ഒരു സഞ്ചാര മേൽവിചാരകൻ ഇങ്ങനെ അഭിപ്രായപ്പെട്ടു: “ആളുകൾ പറയുന്നത്‌ ക്ഷമയോടെ ശ്രദ്ധിക്കുന്നത്‌ അവരെ സുവാർത്തയിലേക്ക്‌ ആകർഷിക്കും, അത്‌ അവരിലുള്ള വ്യക്തിപരമായി താത്‌പര്യത്തിന്റെ തെളിവുംകൂടിയാണ്‌.” മറ്റുള്ളവർ പറയുന്നത്‌ സഹാനുഭൂതിയോടെ ശ്രദ്ധിച്ചാൽ അവരുടെ ഹൃദയത്തിലുള്ളത്‌ മനസ്സിലാക്കാനാകും. പിൻവരുന്ന ഉദാഹരണം തെളിയിക്കുന്നത്‌ അതാണ്‌.

12 ഫ്രാൻസിലെ സെന്റ്‌ ഏറ്റ്യെൻ നഗരത്തിൽനിന്നു പ്രസിദ്ധീകരിക്കുന്ന ലെ പ്രോഗ്രെ എന്ന പത്രത്തിൽ വന്ന ഒരു കത്തിൽ, മൂന്നു മാസം പ്രായമുണ്ടായിരുന്ന തന്റെ കുഞ്ഞ്‌ മരിച്ച്‌ അധികം താമസിയാതെ തന്നെ സന്ദർശിച്ച രണ്ടുപേരെക്കുറിച്ച്‌ ഒരു സ്‌ത്രീ പറയുന്നു: “അവർ യഹോവയുടെ സാക്ഷികളാണെന്ന്‌ എനിക്ക്‌ ഉടനടി മനസ്സിലായി. ഞാൻ നയപൂർവം അവരെ പറഞ്ഞുവിടാൻ ഒരുങ്ങുകയായിരുന്നു. അപ്പോഴാണ്‌ അവർ വെച്ചുനീട്ടിയ ലഘുപത്രിക ഞാൻ ശ്രദ്ധിച്ചത്‌. ദൈവം കഷ്ടപ്പാട്‌ അനുവദിക്കുന്നതിന്റെ കാരണത്തെക്കുറിച്ചു പറയുന്ന ഒന്നായിരുന്നു അത്‌. അവരുടെ വാദമുഖങ്ങൾ ഖണ്ഡിക്കുക എന്ന ഉദ്ദേശ്യത്തിൽ ഞാൻ അവരെ അകത്തേക്കു വിളിച്ചു. . . . സാക്ഷികൾ എന്നോടൊപ്പം ഒരു മണിക്കൂറിലധികം ചെലവഴിച്ചു. ഞാൻ പറഞ്ഞതെല്ലാം വളരെ സഹാനുഭൂതിയോടെ അവർ കേട്ടിരുന്നു. അവർ പോകാറായപ്പോഴേക്കും എന്റെ മനസ്സ്‌ ഏറെക്കുറെ ശാന്തമായിരുന്നു. അതുകൊണ്ട്‌ മറ്റൊരു സന്ദർശനത്തിനു ഞാൻ സമ്മതിച്ചു.” (റോമ. 12:15) ആ സ്‌ത്രീ പിന്നീട്‌ ഒരു ബൈബിളധ്യയനം സ്വീകരിച്ചു. ആദ്യ സന്ദർശനത്തെക്കുറിച്ച്‌ ഓർക്കുമ്പോൾ അവരുടെ മനസ്സിലേക്കു വരുന്നത്‌, അന്നു കേട്ട കാര്യങ്ങളല്ല, സാക്ഷികൾ സഹാനുഭൂതിയോടെ അവരെ ശ്രദ്ധിച്ചു എന്നതാണ്‌. ഇതു നാം ശ്രദ്ധിക്കേണ്ട ഒരു സംഗതിയാണ്‌.

13. ഓരോ വ്യക്തിക്കും ഇണങ്ങുംവിധം രാജ്യസന്ദേശം നമുക്ക്‌ എങ്ങനെ അവതരിപ്പിക്കാം?

13 നാം സഹാനുഭൂതിയോടെ ആളുകളെ ശ്രദ്ധിക്കുമ്പോൾ, എന്തുകൊണ്ടാണ്‌ അവർക്കു ദൈവരാജ്യം ആവശ്യമായിരിക്കുന്നത്‌ എന്ന്‌ പറയാൻ നാം അവരെത്തന്നെ അനുവദിക്കുകയാണ്‌. ഇത്‌ അവരുമായി സുവാർത്ത പങ്കുവെക്കുക കൂടുതൽ എളുപ്പമാക്കിത്തീർക്കുന്നു. ഫലപ്രദരായ സുവിശേഷകർ സാധാരണഗതിയിൽ നല്ല ശ്രോതാക്കളാണെന്ന്‌ നിങ്ങൾ നിരീക്ഷിച്ചിട്ടുണ്ടായിരിക്കുമല്ലോ? (സദൃ. 20:5) ശുശ്രൂഷയിൽ കണ്ടുമുട്ടുന്നവരോട്‌ അവർക്ക്‌ ആത്മാർഥമായ താത്‌പര്യമുണ്ട്‌. പേരും മേൽവിലാസവും എഴുതിയെടുക്കുന്നതോടൊപ്പം വീട്ടുകാരുടെ താത്‌പര്യങ്ങളും ആവശ്യങ്ങളുംകൂടെ അവർ ശ്രദ്ധിക്കും. ആരെങ്കിലും ഒരു സംശയം ഉന്നയിച്ചാൽ, അവർ അതു സംബന്ധിച്ച്‌ ഗവേഷണം ചെയ്യുകയും എത്രയുംവേഗം മടങ്ങിച്ചെന്ന്‌ അതു വിശദീകരിക്കുകയും ചെയ്യുന്നു. അപ്പൊസ്‌തലനായ പൗലൊസിനെപ്പോലെ ഓരോ വ്യക്തിക്കും ഇണങ്ങുംവിധം അവർ രാജ്യസന്ദേശം അവതരിപ്പിക്കുന്നു. (1 കൊരിന്ത്യർ 9:19-23 വായിക്കുക.) ആളുകളിലുള്ള ഇത്തരം ആത്മാർഥ താത്‌പര്യം ‘ദൈവത്തിന്റെ ആർദ്രകരുണയെ’ പ്രതിഫലിപ്പിക്കുകയും അവരെ സുവാർത്തയിലേക്ക്‌ ആകർഷിക്കുകയും ചെയ്യും.—ലൂക്കൊ. 1:77.

അനിഷേധാത്മക മനോഭാവം നിലനിറുത്തുക

14. ശുശ്രൂഷയിൽ നമുക്കെങ്ങനെ യഹോവയുടെ ഗുണങ്ങൾ പ്രതിഫലിപ്പിക്കാനാകും?

14 ഇച്ഛാസ്വാതന്ത്ര്യം തന്നുകൊണ്ട്‌ യഹോവ നമുക്ക്‌ മാന്യത കൽപ്പിച്ചിരിക്കുന്നു. സർവശക്തനായ ദൈവമാണെങ്കിലും തന്നെ സേവിക്കാൻ അവൻ ആരെയും നിർബന്ധിക്കുന്നില്ല, പകരം സ്‌നേഹപൂർവം അതിനുള്ള അവസരം വെച്ചുനീട്ടുന്നു. തന്റെ അതുല്യമായ കരുതലുകളെ വിലമതിക്കുന്നവരെ അവൻ അനുഗ്രഹിക്കുകയും ചെയ്യുന്നു. (റോമ. 2:4) കരുണാമയനായ ദൈവത്തിന്റെ ശുശ്രൂഷകരെന്നനിലയിൽ, എല്ലായ്‌പോഴും അവനു യോഗ്യമാംവിധം സാക്ഷ്യം നൽകാൻ നാം സജ്ജരായിരിക്കണം. (2 കൊരി. 5:20, 21; 6:3-6) അതുകൊണ്ട്‌ നമ്മുടെ പ്രദേശത്തുള്ള ആളുകളോട്‌ നാം നിഷേധാത്മക മനോഭാവം പുലർത്തരുത്‌. ഈ വെല്ലുവിളി നേരിടാൻ നമ്മെ എന്തു സഹായിക്കും?

15. (എ) ആളുകൾ സുവാർത്ത നിരാകരിക്കുന്നെങ്കിൽ എന്തു ചെയ്യാനാണ്‌ യേശു തന്റെ അപ്പൊസ്‌തലന്മാരോടു നിർദേശിച്ചത്‌? (ബി) യോഗ്യരായവരെ കണ്ടെത്തുന്നതിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ നമ്മെ എന്തു സഹായിക്കും?

15 ആരെങ്കിലും രാജ്യസന്ദേശം തിരസ്‌കരിച്ചാൽ അതിൽ അമിതമായി ഉത്‌കണ്‌ഠപ്പെടുന്നതിനുപകരം യോഗ്യരായവരെ കണ്ടെത്തുന്നതിൽ ശ്രദ്ധിക്കാൻ യേശു ശിഷ്യന്മാരെ പ്രോത്സാഹിപ്പിച്ചു. (മത്തായി 10:11-15 വായിക്കുക.) എത്തിച്ചേരാനാകുന്ന ചെറിയ ചെറിയ ലക്ഷ്യങ്ങൾ വെക്കുന്നതിലൂടെ നമുക്കതിനാകും. ധാതുനിക്ഷേപങ്ങൾ അന്വേഷിക്കുന്ന ഒരാളോട്‌ ഒരു സഹോദരൻ തന്നെത്തന്നെ ഉപമിച്ചു. അദ്ദേഹത്തിന്റെ മുദ്രാവാക്യം ഇതാണ്‌: “ഇന്ന്‌ ഞാൻ സ്വർണം കണ്ടെത്തിയിരിക്കും!” സത്യത്തോടു താത്‌പര്യമുള്ള ഒരാളെയെങ്കിലും ദിവസവും കണ്ടെത്താൻ ശ്രമിക്കുമെന്നാണ്‌ അദ്ദേഹം ഉദ്ദേശിച്ചത്‌. മറ്റൊരു സഹോദരന്റെ ലക്ഷ്യം ഇതാണ്‌: “താത്‌പര്യമുള്ള ഒരാളെയെങ്കിലും ഓരോ ആഴ്‌ചയും കണ്ടെത്തണം, ഏതാനും ദിവസങ്ങൾക്കകം മടങ്ങിച്ചെന്ന്‌ ആ താത്‌പര്യം വളർത്തിയെടുക്കുകയും വേണം.” സാധ്യമാകുന്ന എല്ലാ സന്ദർഭങ്ങളിലും വീട്ടുകാരെ ഒരു തിരുവെഴുത്തെങ്കിലും വായിച്ചുകേൾപ്പിക്കുകയെന്ന ലക്ഷ്യം ചില പ്രസാധകർ വെച്ചിരിക്കുന്നു. നിങ്ങൾക്ക്‌ എന്തു ലക്ഷ്യം വെക്കാനാകും?

16. പ്രസംഗപ്രവർത്തനം തുടരുന്നതിന്‌ നമുക്ക്‌ എന്തെല്ലാം കാരണങ്ങളുണ്ട്‌?

16 വീടുതോറുമുള്ള ശുശ്രൂഷയുടെ വിജയം ആളുകളുടെ പ്രതികരണത്തെ മാത്രം ആശ്രയിച്ചിരിക്കുന്നില്ല. ആത്മാർഥഹൃദയരായ ആളുകളെ രക്ഷിക്കുന്നതിൽ പ്രസംഗപ്രവർത്തനം പ്രധാനപ്പെട്ട ഒരു പങ്കുവഹിക്കുന്നു എന്നതു സത്യംതന്നെ. എന്നാൽ അതു മറ്റു പ്രധാന ഉദ്ദേശ്യങ്ങളും സാധിക്കുന്നുണ്ട്‌. യഹോവയോടുള്ള നമ്മുടെ സ്‌നേഹം കാണിക്കാനുള്ള ഒരവസരമാണ്‌ ക്രിസ്‌തീയ ശുശ്രൂഷ. (1 യോഹ. 5:3) രക്തപാതകം ഒഴിവാക്കാൻ അതു നമ്മെ സഹായിക്കും. (പ്രവൃ. 20:26, 27) ദൈവത്താലുള്ള “ന്യായവിധിയുടെ നാഴിക വന്നിരിക്കുന്നു” എന്ന്‌ അഭക്തർക്കു മുന്നറിയിപ്പു നൽകാനും നമുക്ക്‌ അതിലൂടെ സാധിക്കുന്നു. (വെളി. 14:6, 7) സർവോപരി സുവാർത്താപ്രസംഗം മുഖാന്തരം യഹോവയുടെ നാമം മുഴുഭൂമിയിലും സ്‌തുതിക്കപ്പെടുന്നു. (സങ്കീ. 113:3) അതുകൊണ്ട്‌, ആളുകൾ ശ്രദ്ധിച്ചാലും ഇല്ലെങ്കിലും നാം രാജ്യസുവാർത്ത ഘോഷിക്കുകതന്നെ വേണം. സുവാർത്ത ഘോഷിക്കാനുള്ള നമ്മുടെ ഏതു ശ്രമവും ദൈവദൃഷ്ടിയിൽ മൂല്യവത്താണ്‌.—റോമ. 10:13–15.

17. പെട്ടെന്നുതന്നെ എന്ത്‌ അംഗീകരിക്കാൻ ആളുകൾ നിർബന്ധിതരാകും?

17 ഇന്നു പലരും നമ്മുടെ പ്രസംഗപ്രവർത്തനത്തെ പുച്ഛത്തോടെയാണു കാണുന്നതെങ്കിലും പെട്ടെന്നുതന്നെ അവരുടെ ആ വീക്ഷണത്തിൽ മാറ്റം വരുത്തേണ്ടിവരും. (മത്താ. 24:37–39) യെഹെസ്‌കേൽ പ്രഖ്യാപിച്ച ന്യായവിധികൾ സത്യമായി ഭവിക്കുമ്പോൾ, “തങ്ങളുടെ ഇടയിൽ ഒരു പ്രവാചകൻ ഉണ്ടായിരുന്നു” എന്ന്‌ മത്സരഗൃഹമായ ഇസ്രായേൽ അറിയുമെന്ന്‌ യഹോവ അവന്‌ ഉറപ്പുകൊടുത്തു. (യെഹെ. 2:5) അതുപോലെ ഈ വ്യവസ്ഥിതിക്കെതിരെ യഹോവ ന്യായവിധി നടപ്പാക്കുമ്പോൾ, വീടുതോറും പോയിക്കൊണ്ടും മറ്റുവിധങ്ങളിലും യഹോവയുടെ സാക്ഷികൾ അറിയിച്ച സന്ദേശം യഥാർഥത്തിൽ ഏകസത്യദൈവമായ യഹോവയിൽനിന്നാണു വന്നതെന്നും സാക്ഷികൾ വാസ്‌തവത്തിൽ അവന്റെ പ്രതിനിധികളായിരുന്നുവെന്നും അംഗീകരിക്കാൻ ആളുകൾ നിർബന്ധിതരായിത്തീരും. ഈ നിർണായക നാളുകളിൽ അവന്റെ നാമം വഹിക്കാനും സന്ദേശം അറിയിക്കാനും നമുക്കുള്ള പദവി എത്ര വലുതാണ്‌! യഹോവയുടെ സഹായത്താൽ വീടുതോറുമുള്ള ശുശ്രൂഷയിലെ വെല്ലുവിളികൾ വിജയകരമായി തരണംചെയ്യാൻ നമുക്കു സാധിക്കട്ടെ!

[അടിക്കുറിപ്പ്‌]

^ ഖ. 8 പ്രാദേശിക സാഹചര്യങ്ങൾക്കനുസരിച്ച്‌ വ്യത്യസ്‌തമായ നിർദേശങ്ങൾ നമ്മുടെ രാജ്യ ശുശ്രൂഷയിൽ വന്നേക്കാം.

ഉത്തരം പറയാമോ?

• പ്രസംഗിക്കാനുള്ള ധൈര്യം നമുക്ക്‌ എങ്ങനെ ആർജിക്കാം?

• വീടുതോറുമുള്ള ശുശ്രൂഷയിൽ ബൈബിൾ ചർച്ചകൾക്കു തുടക്കമിടാൻ നമുക്ക്‌ എങ്ങനെ കഴിയും?

• നമുക്ക്‌ മറ്റുള്ളവരിൽ എങ്ങനെ ആത്മാർഥ താത്‌പര്യം കാണിക്കാനാകും?

• പ്രദേശത്തുള്ളവരോട്‌ അനിഷേധാത്മക മനോഭാവം എങ്ങനെ നിലനിറുത്താം?

[അധ്യയന ചോദ്യങ്ങൾ]

[9-ാം പേജിലെ ചതുരം/ചിത്രം]

ബൈബിൾ ചർച്ചകൾ തുടങ്ങാനുള്ള ഒരു മാർഗം

ഇങ്ങനെ തുടങ്ങാം:

വീട്ടുകാരനെ അഭിവാദ്യംചെയ്‌തിട്ട്‌, ഒരു ലഘുലേഖ അദ്ദേഹത്തിന്റെ കയ്യിൽ കൊടുത്തുകൊണ്ട്‌ ഇങ്ങനെ പറയാം, “ഈ പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച്‌ സംസാരിക്കാനാണു ഞാൻ വന്നത്‌.”

അല്ലെങ്കിൽ ലഘുലേഖ കൊടുത്തശേഷം, “ഈ വിഷയത്തെക്കുറിച്ച്‌ നിങ്ങളുടെ അഭിപ്രായം അറിയുന്നതിനുവേണ്ടിയാണു ഞാൻ നിങ്ങളെ സന്ദർശിക്കുന്നത്‌” എന്നു പറയാം.

ലഘുലേഖ സ്വീകരിക്കുന്നെങ്കിൽ:

ലഘുലേഖയുടെ ശീർഷകത്തെ ആധാരമാക്കി ലളിതമായ ഒരു വീക്ഷണചോദ്യം ചോദിക്കുക.

വീട്ടുകാരന്റെ വീക്ഷണം മനസ്സിലാക്കാൻ ശ്രദ്ധയോടെ കേൾക്കുക. അദ്ദേഹത്തിന്റെ അഭിപ്രായങ്ങളെ മാനിക്കുക.

ചർച്ച തുടരാൻ:

വീട്ടുകാരന്റെ താത്‌പര്യങ്ങളും സാഹചര്യങ്ങളും കണക്കിലെടുത്തുകൊണ്ട്‌ ഒന്നോ രണ്ടോ തിരുവെഴുത്തുകൾ വായിച്ചു ചർച്ചചെയ്യുക.

താത്‌പര്യം കാണുന്നിടത്ത്‌ സാഹിത്യം പരിചയപ്പെടുത്തുക, സാധ്യമെങ്കിൽ ബൈബിളധ്യയനം നടത്തുന്നത്‌ എങ്ങനെയെന്ന്‌ കാണിച്ചുകൊടുക്കുക. മടക്കസന്ദർശനം ക്രമീകരിക്കുക.