വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വീടുതോറുമുള്ള ശുശ്രൂഷ—ഇന്ന്‌ പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

വീടുതോറുമുള്ള ശുശ്രൂഷ—ഇന്ന്‌ പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

വീടുതോറുമുള്ള ശുശ്രൂഷ—ഇന്ന്‌ പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

“അവർ ദിനമ്പ്രതി ദൈവാലയത്തിലും വീടുതോറും വിടാതെ ഉപദേശിക്കയും യേശുവിനെ ക്രിസ്‌തു എന്നു സുവിശേഷിക്കയും ചെയ്‌തുകൊണ്ടിരുന്നു.”—പ്രവൃ. 5:42.

1, 2. (എ) യഹോവയുടെ സാക്ഷികളുടെ മുഖമുദ്രയായ പ്രവർത്തനം എന്താണ്‌? (ബി) ഈ ലേഖനത്തിൽ നാം എന്തു പരിചിന്തിക്കും?

ഒട്ടുമിക്ക രാജ്യങ്ങളിലും ഇതൊരു പതിവുകാഴ്‌ചയാണ്‌. നന്നായി വസ്‌ത്രം ധരിച്ച രണ്ടുപേർ ഒരു വീട്ടിൽച്ചെന്ന്‌ ദൈവരാജ്യത്തെക്കുറിച്ചു സംസാരിക്കുന്നു. വീട്ടുകാരൻ താത്‌പര്യം കാണിച്ചാൽ അവർ ഒരു ബൈബിൾസാഹിത്യം നൽകിക്കൊണ്ട്‌ സൗജന്യ ഭവന ബൈബിളധ്യയനം വാഗ്‌ദാനം ചെയ്യുന്നു. തുടർന്ന്‌ അവർ അടുത്ത വീട്ടിലേക്കു പോകുകയായി. കാണുന്നമാത്രയിൽത്തന്നെ അവർ ആരാണെന്ന്‌ ആളുകൾ തിരിച്ചറിയുന്നു. അതേ, വീടുതോറുമുള്ള സാക്ഷീകരണം യഹോവയുടെ സാക്ഷികളുടെ മുഖമുദ്രയാണ്‌.

2 പ്രസംഗിക്കാനും ശിഷ്യരാക്കാനുമുള്ള നിയോഗം യേശു നമുക്കു നൽകിയിട്ടുണ്ട്‌. അതു നിറവേറ്റുന്നതിനു നാം പല മാർഗങ്ങളും സ്വീകരിക്കുന്നു. (മത്താ. 28:19, 20) ചന്തസ്ഥലങ്ങളിലും തെരുവോരങ്ങളിലും മറ്റു പൊതുസ്ഥലങ്ങളിലും നാം സാക്ഷീകരിക്കുന്നു. (പ്രവൃ. 17:17) കത്തുകളിലൂടെയും ഫോണിലൂടെയും നാം അനേകർക്കു സാക്ഷ്യം നൽകുന്നു. ദൈനംദിന ജീവിതത്തിൽ കണ്ടുമുട്ടുന്നവരുമായും നാം ബൈബിൾ സത്യങ്ങൾ പങ്കുവെക്കുന്നു. 300-ലധികം ഭാഷകളിൽ ബൈബിളധിഷ്‌ഠിത വിവരങ്ങൾ ലഭ്യമാക്കുന്ന ഒരു ഔദ്യോഗിക വെബ്‌സൈറ്റും നമുക്കുണ്ട്‌. * ഇവയെല്ലാം ഫലപ്രദമായ മാർഗങ്ങളാണ്‌; എന്നിരുന്നാലും മിക്ക സ്ഥലങ്ങളിലും സുവാർത്ത പങ്കുവെക്കുന്നതിനുള്ള നമ്മുടെ മുഖ്യമാർഗം വീടുതോറുമുള്ള സാക്ഷീകരണമാണ്‌. ഇപ്രകാരം സാക്ഷീകരിക്കുന്നതിനുള്ള അടിസ്ഥാനം എന്താണ്‌? ആധുനികകാല ദൈവദാസർ ഈ മാർഗം ഇത്ര വ്യാപകമായി ഉപയോഗിക്കാൻ ഇടയായത്‌ എങ്ങനെ? ഇന്ന്‌ ഇതു പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

അപ്പൊസ്‌തലിക മാതൃക

3. പ്രസംഗവേലയോടുള്ള ബന്ധത്തിൽ യേശു അപ്പൊസ്‌തലന്മാർക്ക്‌ ഏതു നിർദേശങ്ങൾ നൽകി, അവർ എങ്ങനെ പ്രവർത്തിക്കേണ്ടിയിരുന്നു?

3 വീടുതോറുമുള്ള സാക്ഷീകരണത്തിന്‌ തിരുവെഴുത്തുകളുടെ പിൻബലമുണ്ട്‌. പ്രസംഗിക്കാനായി അപ്പൊസ്‌തലന്മാരെ അയച്ചപ്പോൾ, “ഏതു പട്ടണത്തിലോ ഗ്രാമത്തിലോ കടക്കുമ്പോൾ അവിടെ യോഗ്യൻ ആർ എന്നു അന്വേഷിപ്പിൻ” എന്ന നിർദേശം യേശു നൽകി. യോഗ്യരായവരെ അവർ എങ്ങനെ കണ്ടെത്തുമായിരുന്നു? ഒരു “വീട്ടിൽ ചെല്ലുമ്പോൾ അതിന്നു വന്ദനം പറവിൻ. വീട്ടിന്നു യോഗ്യതയുണ്ടെങ്കിൽ നിങ്ങളുടെ സമാധാനം അതിന്മേൽ വരട്ടെ” എന്നു പറഞ്ഞപ്പോൾ യേശു അവരെ ആളുകളുടെ ഭവനങ്ങളിലേക്കു പോകാൻ പ്രോത്സാഹിപ്പിക്കുകയായിരുന്നു. ക്ഷണിക്കാതെതന്നെ അവർ ഓരോ വീടുകളിലും ചെല്ലണമായിരുന്നോ? യേശുവിന്റെ തുടർന്നുള്ള വാക്കുകൾ ശ്രദ്ധിക്കുക: “ആരെങ്കിലും നിങ്ങളെ കൈക്കൊള്ളാതെയും നിങ്ങളുടെ വചനങ്ങളെ കേൾക്കാതെയുമിരുന്നാൽ ആ വീടോ പട്ടണമോ വിട്ടു പോകുമ്പോൾ നിങ്ങളുടെ കാലിലെ പൊടി തട്ടിക്കളവിൻ.” (മത്താ. 10:11-14) ഈ നിർദേശങ്ങൾ വ്യക്തമാക്കുന്നതുപോലെ, ‘അവർ പുറപ്പെട്ട്‌ എങ്ങും സുവിശേഷിച്ചുകൊണ്ട്‌ ഊർതോറും സഞ്ചരിക്കുമ്പോൾ’ ആളുകളെ അവരുടെ വീടുകളിൽ ചെന്നു കാണാൻ മുൻകയ്യെടുക്കണമായിരുന്നു.—ലൂക്കൊ. 9:6.

4. വീടുതോറുമുള്ള പ്രവർത്തനത്തെക്കുറിച്ച്‌ ഏതു തിരുവെഴുത്തുകളിൽ കാണാൻ സാധിക്കും?

4 അപ്പൊസ്‌തലന്മാർ വീടുതോറും പോയി പ്രസംഗിച്ചിരുന്നുവെന്നാണ്‌ ബൈബിൾ തെളിവുകൾ കാണിക്കുന്നത്‌. അവരെക്കുറിച്ച്‌ പ്രവൃത്തികൾ 5:42 പറയുന്നു: “അവർ ദിനമ്പ്രതി ദൈവാലയത്തിലും വീടുതോറും വിടാതെ ഉപദേശിക്കയും യേശുവിനെ ക്രിസ്‌തു എന്നു സുവിശേഷിക്കയും ചെയ്‌തുകൊണ്ടിരുന്നു.” ഏതാണ്ട്‌ 20 വർഷത്തിനുശേഷം എഫെസൊസ്‌ സഭയിലെ മൂപ്പന്മാരെ പൗലൊസ്‌ അപ്പൊസ്‌തലൻ ഇങ്ങനെ ഓർമിപ്പിച്ചു: ‘[ഞാൻ] പ്രയോജനമുള്ളതു ഒന്നും മറെച്ചുവെക്കാതെ പരസ്യമായും വീടുതോറും നിങ്ങളോടു അറിയിക്കയും ഉപദേശിക്കയും ചെയ്‌തുവല്ലോ.’ ഈ മൂപ്പന്മാർ വിശ്വാസികൾ ആകുന്നതിനുമുമ്പ്‌ പൗലൊസ്‌ അവരെ സന്ദർശിച്ചിരുന്നോ? സന്ദർശിച്ചിരിക്കാം; കാരണം മറ്റു കാര്യങ്ങൾക്കൊപ്പം, “ദൈവത്തിങ്കലേക്കുള്ള മാനസാന്തരവും നമ്മുടെ കർത്താവായ യേശുക്രിസ്‌തുവിലുള്ള വിശ്വാസവും” സംബന്ധിച്ച്‌ അവരെ പഠിപ്പിച്ചു എന്ന്‌ അവൻ പറയുന്നു. (പ്രവൃ. 20:20, 21) പ്രവൃത്തികൾ 20:20-നെക്കുറിച്ച്‌ റോബർട്ട്‌സൺസ്‌ വേർഡ്‌ പിക്‌ച്ചേർസ്‌ ഇൻ ദ ന്യൂ ടെസ്റ്റമെന്റ്‌ പ്രസ്‌താവിക്കുന്നു: “മഹാനായ ഈ പ്രസംഗകൻ വീടുതോറും പോയി പ്രസംഗിച്ചിരുന്നു എന്നതു ശ്രദ്ധേയമാണ്‌.”

ആധുനികകാല വെട്ടുക്കിളിസൈന്യം

5. യോവേൽ പ്രവചനത്തിൽ പ്രസംഗ പ്രവർത്തനത്തെ എങ്ങനെ ചിത്രീകരിച്ചിരിക്കുന്നു?

5 നമ്മുടെ നാളിൽ നടക്കുന്ന ബൃഹത്തായ സാക്ഷീകരണ പ്രവർത്തനത്തിന്റെ ഒരു ചെറുപതിപ്പു മാത്രമായിരുന്നു ഒന്നാം നൂറ്റാണ്ടിൽ നടന്നത്‌. അഭിഷിക്ത ക്രിസ്‌ത്യാനികളുടെ പ്രസംഗ പ്രവർത്തനത്തെ യോവേൽ പ്രവചനത്തിലെ വെട്ടുക്കിളി ഉൾപ്പെടെയുള്ള കീടങ്ങളുടെ ആക്രമണത്തോട്‌ ഉപമിക്കാനാകും. (യോവേ. 1:4) ഏതൊരു പ്രതിബന്ധത്തെയും മറികടക്കുന്ന, വീടുകളിൽ കയറുന്ന, കണ്ണിൽപ്പെടുന്ന എന്തും അകത്താക്കുന്ന അവ ഒരു സൈന്യത്തെപ്പോലെ മുന്നേറുന്നു. (യോവേൽ 2:2, 7-9 വായിക്കുക.) ദൈവജനത്തിന്റെ ആധുനിക നാളിലെ സാക്ഷീകരണ പ്രവർത്തനത്തിന്റെ സമഗ്രതയെയും അവരുടെ സ്ഥിരോത്സാഹത്തെയും ഇത്‌ എത്ര നന്നായി വർണിക്കുന്നു! ഈ പ്രവചന നിവൃത്തിയിൽ അഭിഷിക്ത ക്രിസ്‌ത്യാനികളും അവരുടെ സഹകാരികളായ ‘വേറെ ആടുകളും’ അവലംബിക്കുന്ന മാർഗങ്ങളിൽ ഏറ്റവും പ്രമുഖം വീടുതോറുമുള്ള സാക്ഷീകരണമാണ്‌. (യോഹ. 10:16) നമ്മൾ, യഹോവയുടെ സാക്ഷികൾ, എങ്ങനെയാണ്‌ അപ്പൊസ്‌തലന്മാരുടെ മാതൃക പിന്തുടരാൻ ഇടയായത്‌?

6. വീടുതോറുമുള്ള ശുശ്രൂഷയ്‌ക്ക്‌ 1922-ൽ ഊന്നൽ നൽകിയത്‌ എങ്ങനെ, ചിലർ എങ്ങനെ പ്രതികരിച്ചു?

6 പ്രസംഗ പ്രവർത്തനത്തിൽ പങ്കെടുക്കുകയെന്നത്‌ ഓരോ ക്രിസ്‌ത്യാനിയുടെയും ഉത്തരവാദിത്വമാണെന്ന വസ്‌തുതയ്‌ക്ക്‌ 1919 മുതൽ ഊന്നൽ നൽകി. ഒരു ഉദാഹരണമാണ്‌ 1922 ആഗസ്റ്റ്‌ 15 ലക്കം വീക്ഷാഗോപുരത്തിൽ (ഇംഗ്ലീഷ്‌) വന്ന “സേവനം അനിവാര്യം” എന്ന ലേഖനം. “ശുഷ്‌കാന്തിയോടെ വീടുതോറും പോയി പ്രസിദ്ധീകരണങ്ങൾ ആളുകളുടെ കൈകളിൽ എത്തിക്കുകയും സ്വർഗരാജ്യം സമീപിച്ചിരിക്കുന്നു എന്നു സാക്ഷീകരിക്കുകയും” ചെയ്യേണ്ടതിന്റെ പ്രാധാന്യം ആ ലേഖനം അഭിഷിക്ത ക്രിസ്‌ത്യാനികളെ ഓർമിപ്പിച്ചു. മനപ്പാഠമാക്കുന്നതിനുള്ള അവതരണങ്ങൾ ബുള്ളറ്റിനിൽ (ഇപ്പോൾ നമ്മുടെ രാജ്യ ശുശ്രൂഷ) പ്രസിദ്ധീകരിച്ചിരുന്നു. എന്നിരുന്നാലും, ആദ്യമൊക്കെ വീടുതോറുമുള്ള ശുശ്രൂഷയിൽ പങ്കെടുത്തിരുന്നവരുടെ എണ്ണം തീർത്തും കുറവായിരുന്നു. പങ്കെടുക്കാതിരുന്നവർ പല ഒഴികഴിവുകൾ പറഞ്ഞെങ്കിലും വീടുതോറും സാക്ഷീകരിക്കുന്നത്‌ തങ്ങളുടെ അന്തസ്സിനു ചേർന്നതല്ലെന്ന ധാരണയായിരുന്നു അടിസ്ഥാന പ്രശ്‌നം. വയൽസേവനത്തിനു കൂടുതൽ ഊന്നൽ നൽകിത്തുടങ്ങിയതോടെ, അവരിൽ പലരും ക്രമേണ യഹോവയുടെ സംഘടന വിട്ടുപോയി.

7. ശുശ്രൂഷയോടുള്ള ബന്ധത്തിൽ 1950-കളിൽ ഏത്‌ ആവശ്യം ശ്രദ്ധയിൽപ്പെട്ടു?

7 തുടർന്നുവന്ന പതിറ്റാണ്ടുകളിൽ പക്ഷേ അനേകർ പ്രസംഗ പ്രവർത്തനത്തിൽ പങ്കെടുത്തുതുടങ്ങി. എന്നാൽ ഇവർക്കു വീടുതോറുമുള്ള ശുശ്രൂഷയിൽ പരിശീലനം ആവശ്യമായിരുന്നു. ഐക്യനാടുകളിലെ സാഹചര്യം ഒരുദാഹരണമായി എടുക്കാം. 1950-കളുടെ തുടക്കത്തിൽ ആ രാജ്യത്തെ 28 ശതമാനം സാക്ഷികൾ തങ്ങളുടെ പ്രസംഗ പ്രവർത്തനം തെരുവോരങ്ങളിൽ മാസികകളുമായി നിൽക്കുന്നതിലും നോട്ടീസുകൾ വിതരണം ചെയ്യുന്നതിലുമായി ഒതുക്കി. 40 ശതമാനത്തിലധികംപേരും ക്രമമില്ലാത്തവരായിരുന്നു, വയൽസേവനമില്ലാതെ മാസങ്ങൾതന്നെ കടന്നുപോകുമായിരുന്നു. വീടുതോറും സാക്ഷീകരിക്കുന്നതിന്‌ സമർപ്പിതരായ എല്ലാ ക്രിസ്‌ത്യാനികളെയും എങ്ങനെ സഹായിക്കാനാകുമായിരുന്നു?

8, 9. ഏതു പരിശീലന പരിപാടിക്കാണ്‌ 1953-ൽ തുടക്കമിട്ടത്‌, അതിന്റെ ഫലമെന്തായിരുന്നു?

8 ന്യൂയോർക്ക്‌ നഗരത്തിൽ 1953-ൽ നടന്ന അന്താരാഷ്‌ട്ര കൺവെൻഷനിൽ വീടുതോറുമുള്ള ശുശ്രൂഷയ്‌ക്ക്‌ സവിശേഷ ശ്രദ്ധനൽകി. വീടുതോറുമുള്ള ശുശ്രൂഷയിൽ ക്രമമുള്ളവരാകാൻ എല്ലാ സാക്ഷികളെയും സഹായിക്കുക എന്നതാണ്‌ ക്രിസ്‌തീയ മേൽവിചാരകന്മാരുടെ മുഖ്യ ഉത്തരവാദിത്വമെന്ന്‌ നേഥൻ എച്ച്‌. നോർ സഹോദരൻ ചൂണ്ടിക്കാട്ടി. “വീടുതോറും സുവാർത്ത പ്രസംഗിക്കാൻ എല്ലാവർക്കും കഴിയണം,” അദ്ദേഹം പറഞ്ഞു. ഈ ലക്ഷ്യം കൈവരിക്കാനായി ഒരു ആഗോള പരിശീലന പരിപാടിക്ക്‌ തുടക്കമിട്ടു. അതുവരെയും വീടുതോറുമുള്ള പ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടില്ലാത്തവർക്ക്‌, ആളുകളെ വീടുകളിൽച്ചെന്നുകണ്ട്‌ അവരുമായി ബൈബിളിൽനിന്നു ന്യായവാദം ചെയ്യാനും അവരുടെ ചോദ്യങ്ങൾക്കു മറുപടി കൊടുക്കാനുമുള്ള പരിശീലനം നൽകിത്തുടങ്ങി.

9 അതു ഫലംകണ്ടു. പത്തുവർഷത്തിനുള്ളിൽ പ്രസാധകരുടെ എണ്ണം 100 ശതമാനവും മടക്കസന്ദർശനങ്ങൾ 126 ശതമാനവും ബൈബിളധ്യയനങ്ങൾ 150 ശതമാനവും വർധിച്ചു. ഇന്ന്‌ ലോകവ്യാപകമായി 70 ലക്ഷത്തോളം രാജ്യഘോഷകരുണ്ട്‌. വീടുതോറും പ്രസംഗിക്കാൻ തന്റെ ജനം നടത്തുന്ന ശ്രമങ്ങളെ യഹോവ അനുഗ്രഹിച്ചിരിക്കുന്നു എന്നതിന്റെ തെളിവാണിത്‌.—യെശ. 60:22.

അതിജീവനത്തിനായി അടയാളം ഇടുന്നു

10, 11. (എ) യെഹെസ്‌കേലിനു ലഭിച്ച ദർശനം എന്താണ്‌? (ബി) അതു നമ്മുടെ നാളിൽ നിവൃത്തിയേറുന്നത്‌ എങ്ങനെ?

10 വീടുതോറുമുള്ള ശുശ്രൂഷയുടെ പ്രാധാന്യം എടുത്തുകാണിക്കുന്നതായിരുന്നു പ്രവാചകനായ യെഹെസ്‌കേലിനു ലഭിച്ച ഒരു ദർശനം. ആയുധമേന്തിയ ആറു പുരുഷന്മാരെയും, “ശണവസ്‌ത്രം ധരിച്ചു അരയിൽ എഴുത്തുകാരന്റെ മഷിക്കുപ്പിയുമായി” നിൽക്കുന്ന ഏഴാമതൊരു പുരുഷനെയും ദർശനത്തിൽ യെഹെസ്‌കേൽ കാണുന്നു. ഏഴാമത്തെ പുരുഷന്‌, “നഗരത്തിന്റെ . . . നടുവിൽകൂടി ചെന്നു അതിൽ നടക്കുന്ന സകലമ്ലേച്ഛതകളുംനിമിത്തം നെടുവീർപ്പിട്ടു കരയുന്ന പുരുഷന്മാരുടെ നെറ്റികളിൽ ഒരു അടയാളം ഇടുക” എന്ന കൽപ്പന ലഭിക്കുന്നു. അതിനുശേഷം, അടയാളം ഇല്ലാത്തവരെയെല്ലാം കൊന്നുകളയാനുള്ള കൽപ്പന ആയുധമേന്തിയ ആറു പുരുഷന്മാർക്കും ലഭിക്കുന്നു.—യെഹെസ്‌കേൽ 9:1-6 വായിക്കുക.

11 ഈ പ്രവചനത്തിന്റെ നിവൃത്തിയിൽ ശണവസ്‌ത്രം ധരിച്ച പുരുഷൻ പ്രതിനിധീകരിക്കുന്നത്‌ ആത്മാഭിഷിക്ത ക്രിസ്‌ത്യാനികളുടെ ശേഷിപ്പിനെയാണെന്ന്‌ നമുക്കറിയാം. പ്രസംഗ-ശിഷ്യരാക്കൽ പ്രവർത്തനത്തിലൂടെ അഭിഷിക്തശേഷിപ്പ്‌ ക്രിസ്‌തുവിന്റെ ‘വേറെ ആടുകളായി’ത്തീരുന്നവർക്ക്‌ ആലങ്കാരിക അടയാളമിടുന്നു. (യോഹ. 10:16) എന്താണ്‌ ആ അടയാളം? അവർ യേശുവിന്റെ സമർപ്പിച്ചു സ്‌നാനമേറ്റ അനുഗാമികളും ക്രിസ്‌തുസമാന വ്യക്തിത്വം ധരിച്ചിരിക്കുന്നവരുമാണെന്നു കാണിക്കുന്ന വ്യക്തമായ തെളിവാണത്‌. (എഫെ. 4:20-24) ചെമ്മരിയാടു തുല്യരായ ഇവർ അഭിഷിക്ത ക്രിസ്‌ത്യാനികളോടൊപ്പം ചേർന്ന്‌ ഒരു കൂട്ടമായിത്തീരുകയും അടയാളമിടൽ വേലയിൽ അവരെ സഹായിക്കുകയും ചെയ്യുന്നു. —വെളി. 22:17.

12. ചെമ്മരിയാടുതുല്യരെ കണ്ടെത്താൻ നാം ശ്രമിക്കേണ്ടതിന്റെ പ്രാധാന്യം യെഹെസ്‌കേലിന്റെ ദർശനം പ്രദീപ്‌തമാക്കുന്നത്‌ എങ്ങനെ?

12 ആളുകളുടെ ജീവൻ ഉൾപ്പെട്ടിരിക്കുന്നതിനാൽ “നെടുവീർപ്പിട്ടു കരയുന്നവരെ” അന്വേഷിക്കേണ്ടത്‌ അടിയന്തിരമാണെന്ന്‌ യെഹെസ്‌കേലിന്റെ ദർശനം വ്യക്തമാക്കുന്നു. ആയുധമേന്തിയ ആറു പുരുഷന്മാർ പ്രതിനിധാനംചെയ്യുന്ന യഹോവയുടെ സ്വർഗീയ സൈന്യം പെട്ടെന്നുതന്നെ ആലങ്കാരിക അടയാളമില്ലാത്തവരെയെല്ലാം നശിപ്പിച്ചുകളയും. ‘കർത്താവായ യേശു തന്റെ ശക്തിയുള്ള ദൂതന്മാരുമായി പ്രത്യക്ഷനായി ദൈവത്തെ അറിയാത്തവർക്കും നമ്മുടെ കർത്താവായ യേശുവിന്റെ സുവിശേഷം അനുസരിക്കാത്തവർക്കും പ്രതികാരം കൊടുക്കും’ എന്ന്‌ ആസന്നമായ ആ ന്യായവിധിനിർവഹണത്തെക്കുറിച്ച്‌ അപ്പൊസ്‌തലനായ പൗലൊസ്‌ എഴുതി. (2 തെസ്സ. 1:6, 7) സുവാർത്തയോടുള്ള പ്രതികരണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ആളുകളെ ന്യായംവിധിക്കുന്നതെന്ന്‌ ശ്രദ്ധിക്കുക. അതുകൊണ്ട്‌ ഉത്സാഹം ഒട്ടുംചോരാതെ അവസാനത്തോളം ഈ ദിവ്യസന്ദേശം നാം ഘോഷിക്കണം. (വെളി. 14:6, 7) ഇത്‌ യഹോവയുടെ എല്ലാ സമർപ്പിതദാസന്മാർക്കും ഗൗരവമേറിയ ഉത്തരവാദിത്വം കൈവരുത്തുന്നു.—യെഹെസ്‌കേൽ 3:17-19 വായിക്കുക.

13. (എ) പൗലൊസ്‌ അപ്പൊസ്‌തലന്‌ എന്തു കടപ്പാടു തോന്നി, എന്തുകൊണ്ട്‌? (ബി) നിങ്ങളുടെ പ്രദേശത്തുള്ള ആളുകളോട്‌ നിങ്ങൾക്ക്‌ എന്തു കടപ്പാടു തോന്നുന്നു?

13 മറ്റുള്ളവരുമായി സുവാർത്ത പങ്കുവെക്കുക എന്നത്‌ തന്റെ വ്യക്തിപരമായ ഒരു ഉത്തരവാദിത്വമായി പൗലൊസ്‌ അപ്പൊസ്‌തലൻ വീക്ഷിച്ചു. അവൻ എഴുതി: “യവനന്മാർക്കും ബർബരന്മാർക്കും ജ്ഞാനികൾക്കും ബുദ്ധിഹീനർക്കും ഞാൻ കടക്കാരൻ ആകുന്നു. അങ്ങനെ റോമയിലുള്ള നിങ്ങളോടും സുവിശേഷം അറിയിപ്പാൻ എന്നാൽ ആവോളം ഞാൻ ഒരുങ്ങിയിരിക്കുന്നു.” (റോമർ 1:14, 15) തനിക്കു ലഭിച്ച കരുണയെപ്രതി നന്ദിയുണ്ടായിരുന്ന പൗലൊസിന്‌, ദൈവത്തിന്റെ അനർഹദയയിൽനിന്നു താൻ പ്രയോജനം നേടിയതുപോലെതന്നെ മറ്റുള്ളവരും പ്രയോജനം നേടണമെന്ന്‌ അതിയായ ആഗ്രഹമുണ്ടായിരുന്നു. അതിന്‌ അവരെ സഹായിക്കാനുള്ള കടപ്പാട്‌ തനിക്കുണ്ടെന്ന്‌ അവനു തോന്നി. (1 തിമൊ. 1:12-16) കണ്ടുമുട്ടുന്ന ഓരോ വ്യക്തിക്കും താൻ കടക്കാരനാണെന്നും സുവാർത്ത പങ്കുവെക്കുന്നതിലൂടെയേ ആ കടം വീട്ടാനാവൂ എന്നുമുള്ള ഒരു മനോഭാവമായിരുന്നു അവന്‌. നിങ്ങളുടെ പ്രദേശത്തുള്ള ആളുകളോട്‌ നിങ്ങൾക്കും അതേ മനോഭാവമാണോ ഉള്ളത്‌?—പ്രവൃത്തികൾ 20:26, 27 വായിക്കുക.

14. പരസ്യമായും വീടുതോറും നാം പ്രസംഗിക്കുന്നതിന്റെ മുഖ്യ ഉദ്ദേശ്യം എന്താണ്‌?

14 ആളുകളുടെ ജീവൻ രക്ഷിക്കുക എന്നത്‌ വീടുതോറുമുള്ള ശുശ്രൂഷയുടെ ഒരു പ്രധാന ഉദ്ദേശ്യമാണെങ്കിലും അതിലും പ്രധാനമായ മറ്റൊരു ഉദ്ദേശ്യം അതിനുണ്ട്‌. മലാഖി 1:11-ൽ യഹോവ പ്രഖ്യാപിക്കുന്നു: “സൂര്യന്റെ ഉദയംമുതൽ അസ്‌തമനംവരെ എന്റെ നാമം ജാതികളുടെ ഇടയിൽ വലുതാകുന്നു; എല്ലാടത്തും എന്റെ നാമത്തിന്നു ധൂപവും നിർമ്മലമായ വഴിപാടും അർപ്പിച്ചുവരുന്നു; എന്റെ നാമം ജാതികളുടെ ഇടയിൽ വലുതാകുന്നുവല്ലോ.” ഈ പ്രവചനത്തിന്റെ നിവൃത്തിയായി, ഇന്ന്‌ ഭൂമിയിൽ എല്ലായിടത്തും താഴ്‌മയോടെ ശുശ്രൂഷ നിർവഹിച്ചുകൊണ്ട്‌ യഹോവയുടെ വിശ്വസ്‌തദാസർ അവന്റെ നാമത്തെ പരസ്യമായി സ്‌തുതിക്കുന്നു. (സങ്കീ.109:30; മത്താ. 24:14) നാം പരസ്യമായും വീടുതോറും പ്രസംഗിക്കുന്നതിന്റെ മുഖ്യ ഉദ്ദേശ്യം യഹോവയ്‌ക്കു “സ്‌ത്രോത്രയാഗം” അർപ്പിക്കുക എന്നതാണ്‌.—എബ്രാ. 13:15.

നിർണായക സംഭവങ്ങൾ

15. (എ) യെരീഹോ പട്ടണത്തെ ചുറ്റിനടന്ന ഇസ്രായേല്യർ ഏഴാം ദിവസം അവരുടെ പ്രവർത്തനം ഊർജിതമാക്കിയത്‌ എങ്ങനെ? (ബി) പ്രസംഗ പ്രവർത്തനത്തോടുള്ള ബന്ധത്തിൽ ഇത്‌ എന്തു സൂചന നൽകുന്നു?

15 പ്രസംഗവേലയോടുള്ള ബന്ധത്തിൽ ഇനിയും എന്തൊക്കെ നമുക്കു പ്രതീക്ഷിക്കാം? ഉത്തരത്തിനായി നമുക്കു യോശുവയുടെ പുസ്‌തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന യെരീഹോ പട്ടണത്തിന്റെ ഉപരോധത്തെക്കുറിച്ചുള്ള വിവരണം നോക്കാം. ദൈവം യെരീഹോയെ നശിപ്പിക്കുന്നതിനുമുമ്പായി ഇസ്രായേല്യർ ദിവസേന ഒരുതവണവീതം ആറുദിവസം പട്ടണത്തെ ചുറ്റി നടക്കണമായിരുന്നു. എന്നാൽ ഏഴാം ദിവസം അവരുടെ പ്രവർത്തനം കൂടുതൽ ഊർജിതമാക്കേണ്ടിയിരുന്നു. യഹോവ യോശുവയോടു പറഞ്ഞു: “ഏഴാം ദിവസം ഏഴു പ്രാവശ്യം പട്ടണത്തെ ചുറ്റുകയും പുരോഹിതന്മാർ കാഹളം ഊതുകയും വേണം. അവർ ആട്ടിൻകൊമ്പു നീട്ടിയൂതുകയും നിങ്ങൾ കാഹളനാദം കേൾക്കയും ചെയ്യുമ്പോൾ ജനമൊക്കെയും ഉച്ചത്തിൽ ആർപ്പിടേണം; അപ്പോൾ പട്ടണമതിൽ വീഴും.” (യോശു. 6:2-5) നമ്മുടെ പ്രസംഗ പ്രവർത്തനത്തിന്റെ കാര്യത്തിലും സമാനമായ ഒരു വിപുലീകരണം പ്രതീക്ഷിക്കാം. ഈ വ്യവസ്ഥിതി നശിപ്പിക്കപ്പെടുമ്പോഴേക്കും, മുമ്പൊരിക്കലും നടന്നിട്ടില്ലാത്ത അളവിൽ ദൈവനാമത്തിനും അവന്റെ രാജ്യത്തിനും സാക്ഷ്യം നൽകപ്പെട്ടിരിക്കും എന്നതിനു സംശയമില്ല.

16, 17. (എ) ‘മഹാകഷ്ടം’ അവസാനിക്കുന്നതിനുമുമ്പ്‌ എന്തു സംഭവിക്കും? (ബി) അടുത്ത ലേഖനത്തിൽ നാം എന്തു പരിചിന്തിക്കും?

16 നാം ഘോഷിക്കുന്ന സന്ദേശം ‘ഉച്ചത്തിലുള്ള ആർപ്പിടൽ’ ആയിത്തീരുന്ന ഒരു സമയം വന്നെത്തുമെന്നു നമുക്കു പ്രതീക്ഷിക്കാം. വെളിപ്പാടു പുസ്‌തകം ശക്തമായ ന്യായവിധി സന്ദേശങ്ങളെ ‘താലന്തോളം ഘനമുള്ള കല്ലായി [പെയ്യുന്ന] വലിയ കന്മഴ’യായി ചിത്രീകരിച്ചിരിക്കുന്നു. * ‘കന്മഴയുടെ ബാധ ഏറ്റവും വലുത്‌’ എന്നും അതു പറയുന്നു. (വെളി. 16:21) ആ അന്തിമ ന്യായവിധിസന്ദേശങ്ങൾ പ്രഖ്യാപിക്കുന്നതിൽ വീടുതോറുമുള്ള ശുശ്രൂഷ എന്തു പങ്കുവഹിക്കുമെന്ന്‌ നമുക്കിപ്പോൾ അറിയില്ല. എന്നാൽ ‘മഹാകഷ്ടം’ അവസാനിക്കുന്നതിനുമുമ്പ്‌ യഹോവയുടെ നാമം മുമ്പെന്നത്തേതിലും അധികം പ്രസിദ്ധമായിത്തീരും എന്നു നമുക്ക്‌ ഉറപ്പുണ്ടായിരിക്കാം.—വെളി. 7:14; യെഹെ. 38:23.

17 നിർണായകമായ സംഭവങ്ങൾക്കായി കാത്തിരിക്കവെ, രാജ്യസുവാർത്ത പ്രസംഗിക്കുന്നതിൽ നമുക്കു സതീക്ഷ്‌ണം തുടരാം. എന്നാൽ വീടുതോറുമുള്ള ശുശ്രൂഷയിൽ നാം നേരിടുന്ന വെല്ലുവിളികൾ ഏതൊക്കെയാണ്‌? അവയെ എങ്ങനെ തരണം ചെയ്യാനാകും? ഈ ചോദ്യങ്ങൾ അടുത്ത ലേഖനത്തിൽ പരിചിന്തിക്കുന്നതായിരിക്കും.

[അടിക്കുറിപ്പുകൾ]

^ ഖ. 2 www.watchtower.org എന്നതാണ്‌ നമ്മുടെ വെബ്‌സൈറ്റ്‌ അഡ്രസ്സ്‌.

^ ഖ. 16 ഗ്രീക്ക്‌ താലന്തിനെക്കുറിച്ചാണ്‌ ഇവിടെ പറഞ്ഞിരിക്കുന്നതെങ്കിൽ ഓരോ കല്ലിനും ഏകദേശം 20 കിലോ തൂക്കം ഉണ്ടായിരിക്കും.

ഉത്തരം പറയാമോ?

• വീടുതോറും പ്രസംഗിക്കുന്നതിനുള്ള തിരുവെഴുത്ത്‌ അടിസ്ഥാനം എന്താണ്‌?

• വീടുതോറുമുള്ള ശുശ്രൂഷയ്‌ക്ക്‌ ആധുനികകാലത്ത്‌ ഊന്നൽ നൽകിയത്‌ എങ്ങനെ?

• യഹോവയുടെ സമർപ്പിത ദാസർക്കു പ്രസംഗിക്കാനുള്ള ഉത്തരവാദിത്വമുള്ളത്‌ എന്തുകൊണ്ട്‌?

• നിർണായകമായ ഏതൊക്കെ സംഭവങ്ങൾ അരങ്ങേറാനിരിക്കുന്നു?

[അധ്യയന ചോദ്യങ്ങൾ]

[4-ാം പേജിലെ ചിത്രങ്ങൾ]

മറ്റുള്ളവരോടു പ്രസംഗിക്കാൻ അപ്പൊസ്‌തലനായ പൗലൊസിനെപ്പോലെ നിങ്ങൾക്കും കടപ്പാടു തോന്നുന്നുണ്ടോ?

[5-ാം പേജിലെ ചിത്രം]

നോർ സഹോദരൻ, 1953-ൽ