വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവ തന്റെ വിശ്വസ്‌തരെ ഉപേക്ഷിക്കുകയില്ല

യഹോവ തന്റെ വിശ്വസ്‌തരെ ഉപേക്ഷിക്കുകയില്ല

യഹോവ തന്റെ വിശ്വസ്‌തരെ ഉപേക്ഷിക്കുകയില്ല

‘യഹോവ തന്റെ വിശുദ്ധന്മാരെ [“വിശ്വസ്‌തരെ,” NW] ഉപേക്ഷിക്കുന്നില്ല; അവർ എന്നേക്കും പരിപാലിക്കപ്പെടുന്നു.’—സങ്കീ. 37:28.

1, 2. (എ) ബി.സി. പത്താം നൂറ്റാണ്ടിലെ ഏതു സംഭവവികാസങ്ങൾ ദൈവദാസന്മാരുടെ വിശ്വസ്‌തത പരിശോധിച്ചു? (ബി) യഹോവ തന്റെ വിശ്വസ്‌തരെ സംരക്ഷിച്ച മൂന്നു സാഹചര്യങ്ങളേവ?

ദൈവദാസന്മാർക്ക്‌ നിർണായകമായ ഒരു തീരുമാനമെടുക്കേണ്ടിയിരുന്നു. ബി.സി. പത്താം നൂറ്റാണ്ടിൽ പത്തുഗോത്ര ഇസ്രായേലിന്‌ ഒരളവുവരെയുള്ള സ്വാതന്ത്ര്യം ലഭിച്ചതിനാൽ ആഭ്യന്തര കലാപം ഏതാണ്ട്‌ ഒഴിവായി. പുതിയൊരു ദേശീയമതം സ്ഥാപിച്ച്‌ തന്റെ അധികാരം ഉറപ്പിക്കാനുള്ള വ്യഗ്രതയിലാണ്‌ അധികാരത്തിലേറിയ യൊരോബെയാം രാജാവ്‌. പ്രജകളുടെ വിധേയത്വം പൂർണമായും തന്നോടായിരിക്കണമെന്ന്‌ അവൻ ശഠിക്കുന്നു. യഹോവയുടെ വിശ്വസ്‌തദാസർ ഇപ്പോൾ എന്തു ചെയ്യും? അവർ യഹോവയോടു വിശ്വസ്‌തരായിരിക്കുമോ? ആയിരങ്ങൾ അങ്ങനെ ചെയ്‌തു; യഹോവയുടെ പിന്തുണ അവർക്കുണ്ടായിരുന്നു.—1 രാജാ. 12:1-33; 2 ദിന. 11:13-15.

2 ഇക്കാലത്തും ദൈവദാസരുടെ വിശ്വസ്‌തത പരിശോധിക്കപ്പെടുന്നുണ്ട്‌. ബൈബിൾ ഈ മുന്നറിയിപ്പു നൽകുന്നു: “നിർമ്മദരായിരിപ്പിൻ; ഉണർന്നിരിപ്പിൻ; നിങ്ങളുടെ പ്രതിയോഗിയായ പിശാചു അലറുന്ന സിംഹം എന്നപോലെ ആരെ വിഴുങ്ങേണ്ടു എന്നു തിരിഞ്ഞു ചുറ്റിനടക്കുന്നു.” ‘വിശ്വാസത്തിൽ സ്ഥിരമുള്ളവരായി അവനോടു എതിർത്തു നിൽക്കാൻ’ നമുക്കാകുമോ? (1 പത്രൊ. 5:8, 9) ബി.സി. 997-ൽ യൊരോബെയാം ഇസ്രായേലിൽ രാജാവായതുമായി ബന്ധപ്പെട്ടുണ്ടായ മൂന്നു സാഹചര്യങ്ങൾ നമുക്കിപ്പോൾ പരിശോധിക്കാം. ആ ദുർഘടനാളുകളിൽ യഹോവയുടെ വിശ്വസ്‌തദാസന്മാർ അടിച്ചമർത്തപ്പെട്ടു. വിശ്വാസത്യാഗപരമായ സ്വാധീനങ്ങൾ അവരെ വലയംചെയ്‌തിരുന്നു. വെല്ലുവിളി നിറഞ്ഞ നിയമനങ്ങൾ അവർക്കു നിർവഹിക്കാനുമുണ്ടായിരുന്നു. എന്നാൽ ആ സാഹചര്യങ്ങളിലൊന്നും യഹോവ തന്റെ “വിശ്വസ്‌തരെ” കൈവിട്ടില്ല; ഇന്നും അവൻ അങ്ങനെ ചെയ്യില്ല.—സങ്കീ. 37:28, NW.

അടിച്ചമർത്തപ്പെടുമ്പോൾ

3. ദാവീദിന്റെ ഭരണം ജനത്തിന്‌ അസഹ്യമാകാതിരുന്നത്‌ എന്തുകൊണ്ട്‌?

3 യൊരോബെയാം ഭരണം തുടങ്ങിയ സാഹചര്യം നമുക്കൊന്നു നോക്കാം. “ദുഷ്ടൻ ആധിപത്യം നടത്തുമ്പോഴോ ജനം നെടുവീർപ്പിടുന്നു” എന്ന്‌ സദൃശവാക്യങ്ങൾ 29:2 പറയുന്നു. ദാവീദ്‌ ഇസ്രായേലിൽ രാജാവായിരുന്നപ്പോൾ ജനത്തിനു നെടുവീർപ്പിടേണ്ടിവന്നില്ല. ഒരു പൂർണമനുഷ്യൻ ആയിരുന്നില്ലെങ്കിലും ദാവീദ്‌ ദൈവത്തോടു വിശ്വസ്‌തത പുലർത്തുകയും അവനിൽ ആശ്രയിക്കുകയും ചെയ്‌തു. അവൻ ഒരിക്കലും ജനത്തെ അടിച്ചമർത്തിയില്ല. “നിന്റെ ഗൃഹവും നിന്റെ രാജത്വവും എന്റെ മുമ്പാകെ എന്നേക്കും സ്ഥിരമായിരിക്കും; നിന്റെ സിംഹാസനവും എന്നേക്കും ഉറെച്ചിരിക്കും” എന്നു പറഞ്ഞുകൊണ്ട്‌ യഹോവ അവനുമായി ഒരു ഉടമ്പടി ചെയ്‌തു.—2 ശമൂ. 7:16.

4. യഹോവയിൽനിന്നുള്ള അനുഗ്രഹങ്ങൾ ആസ്വദിക്കുന്നതിന്‌ ശലോമോനും അവന്റെ പ്രജകളും എന്തു ചെയ്യണമായിരുന്നു?

4 ദാവീദിന്റെ പുത്രനായ ശലോമോന്റെ ഭരണം ആദ്യകാലങ്ങളിൽ സമാധാനവും സമൃദ്ധിയും നിറഞ്ഞതായിരുന്നു. അതുകൊണ്ടുതന്നെ അതിന്‌ യേശുക്രിസ്‌തുവിന്റെ സഹസ്രാബ്ദവാഴ്‌ചയെ മുൻനിഴലാക്കാനാകുമായിരുന്നു. (സങ്കീ. 72:1, 17) ഇസ്രായേൽ ഗോത്രങ്ങളിൽ ഒന്നിനുപോലും അവന്റെ ഭരണത്തിനു കീഴ്‌പെടാതിരിക്കാൻ കാരണമില്ലായിരുന്നു. എന്നിരുന്നാലും ശലോമോനും അവന്റെ പ്രജകളും ആസ്വദിച്ചിരുന്ന അനുഗ്രഹങ്ങൾ വ്യവസ്ഥകൾക്കു വിധേയമായിരുന്നു. യഹോവ ശലോമോനോട്‌ പറഞ്ഞിരുന്നു: “നീ എന്റെ ചട്ടങ്ങളെ ആചരിച്ചു എന്റെ വിധികളെ അനുസരിച്ചു എന്റെ കല്‌പനകളൊക്കെയും പ്രമാണിച്ചുനടന്നാൽ ഞാൻ നിന്റെ അപ്പനായ ദാവീദിനോടു അരുളിച്ചെയ്‌ത വചനം നിന്നിൽ നിവർത്തിക്കും. ഞാൻ യിസ്രായേൽമക്കളുടെ മദ്ധ്യേവസിക്കും; എന്റെ ജനമായ യിസ്രായേലിനെ ഉപേക്ഷിക്കയില്ല.”—1 രാജാ. 6:11-13.

5, 6. ശലോമോന്റെ അവിശ്വസ്‌തതയുടെ ഫലമെന്തായിരുന്നു?

5 വാർധക്യത്തിൽ യഹോവയോട്‌ അവിശ്വസ്‌തനായിത്തീർന്ന ശലോമോൻ വ്യാജാരാധനയിലേക്കു തിരിഞ്ഞു. (1 രാജാ. 11:4-6) അവൻ ദൈവനിയമങ്ങൾ പാലിക്കാതായതോടെ അവന്റെ ഭരണം ജനത്തിന്‌ അസഹ്യമായി. ശലോമോന്റെ മരണശേഷംപോലും ജനങ്ങൾ അവന്റെ പുത്രനും പിൻഗാമിയുമായ രെഹബെയാമിന്റെ അടുക്കൽവന്ന്‌ ആശ്വാസം തേടുകയും പരാതിപറയുകയും ചെയ്‌തിരുന്നു, അത്ര ദുസ്സഹമായിരുന്നു ആ ഭരണം. (1 രാജാ. 12:4) ശലോമോന്റെ അവിശ്വസ്‌തതയെ യഹോവ എങ്ങനെ വീക്ഷിച്ചു?

6 “യഹോവ അവനോടു കോപിച്ചു” എന്നു ബൈബിൾ പറയുന്നു. തനിക്കു രണ്ടുപ്രാവശ്യം പ്രത്യക്ഷനായ യഹോവയെ വിട്ട്‌ ഹൃദയം തിരിച്ചുകളഞ്ഞ അവൻ ദൈവകൽപ്പനകൾ പ്രമാണിക്കാതെയായി. യഹോവ ശലോമോനോട്‌ അരുളിച്ചെയ്‌തു: “എന്റെ നിയമവും ഞാൻ നിന്നോടു കല്‌പിച്ച കല്‌പനകളും നീ പ്രമാണിച്ചില്ല എന്നുള്ള സംഗതി നിന്റെ പേരിൽ ഇരിക്കകൊണ്ടു ഞാൻ രാജത്വം നിങ്കൽനിന്നു നിശ്ചയമായി പറിച്ചു നിന്റെ ദാസന്നു കൊടുക്കും.”—1 രാജാ. 11:9-11.

7. ശലോമോനെ തള്ളിക്കളഞ്ഞെങ്കിലും യഹോവ തന്റെ വിശ്വസ്‌തരെ പരിപാലിച്ചത്‌ എങ്ങനെ?

7 ഒരു വിമോചകനെ അഭിഷേകം ചെയ്യാനായി യഹോവ അഹീയാ പ്രവാചകനെ അയച്ചു. യൊരോബെയാമായിരുന്നു ആ വിമോചകൻ. ശലോമോന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന കഴിവുറ്റ ഒരു വ്യക്തിയായിരുന്നു അവൻ. ദാവീദുമായി ചെയ്‌ത രാജകീയ ഉടമ്പടിയെ യഹോവ ആദരിച്ചിരുന്നെങ്കിലും ഇസ്രായേൽ ഗോത്രങ്ങളുടെ വിഭജനത്തിന്‌ അവൻ അനുമതി നൽകി, യൊരോബെയാമിന്‌ പത്തു ഗോത്രങ്ങളും ദാവീദിന്റെ വംശാവലിയിൽപ്പെട്ടവർക്കു രണ്ടു ഗോത്രങ്ങളും. രണ്ടുഗോത്ര യെഹൂദാ രാജ്യത്തിന്റെ രാജാവായി രെഹബെയാമിനെയും നിയമിച്ചു. (1 രാജാ. 11:29-37; 12:16, 17, 21) യഹോവ യൊരോബെയാമിനോട്‌ അരുളിച്ചെയ്‌തു: “ഞാൻ നിന്നോടു കല്‌പിക്കുന്നതൊക്കെയും നീ കേട്ടു എന്റെ വഴികളിൽ നടന്നു എന്റെ ദാസനായ ദാവീദ്‌ ചെയ്‌തതുപോലെ എന്റെ ചട്ടങ്ങളും കല്‌പനകളും പ്രമാണിച്ചുകൊണ്ടു എനിക്കു പ്രസാദമായുള്ളതു ചെയ്‌താൽ ഞാൻ നിന്നോടുകൂടെ ഇരിക്കും; ഞാൻ ദാവീദിന്നു പണിതതുപോലെ നിനക്കു സ്ഥിരമായോരു ഗൃഹം പണിതു യിസ്രായേലിനെ നിനക്കു തരും.” (1 രാജാ. 11:38) അങ്ങനെ ദുസ്സഹമായ ആ സാഹചര്യത്തിൽനിന്നുള്ള മോചനത്തിനു വഴിയൊരുക്കിക്കൊണ്ട്‌ യഹോവ തന്റെ ജനത്തിന്റെ രക്ഷയ്‌ക്കെത്തി.

8. ദൈവജനത്തിന്റെ ജീവിതം ദുസ്സഹമാക്കുന്ന ചില പരിശോധനകൾ ഏവ?

8 അനീതിയും അടിച്ചമർത്തലും ഇന്നും അരങ്ങുവാഴുകയാണ്‌. ‘മനുഷ്യൻ മനുഷ്യന്റെമേൽ അവന്റെ ദോഷത്തിന്നായി അധികാരംനടത്തുന്നു’ എന്ന്‌ സഭാപ്രസംഗി 8:9 പറയുന്നു. അത്യാർത്തിപൂണ്ട വാണിജ്യലോകവും അഴിമതിനിറഞ്ഞ ഭരണകൂടങ്ങളും പലപ്പോഴും സാമ്പത്തിക പ്രതിസന്ധിക്കു വഴിവെക്കുന്നു. ഭരണകർത്താക്കളും വാണിജ്യ-മത രംഗങ്ങളിലെ നായകന്മാരും മിക്കപ്പോഴും ധാർമിക മൂല്യങ്ങൾക്കു വിലകൽപ്പിക്കുന്നില്ല. “അധർമ്മികളുടെ ഇടയിൽ വസിച്ചിരിക്കുമ്പോൾ നാൾതോറും അധർമ്മപ്രവൃത്തി കണ്ടും കേട്ടും” നീതിമാനായ ലോത്തിന്റെ മനസ്സു വേദനിച്ചു. അതേ അവസ്ഥയാണ്‌ ഇന്നത്തെ വിശ്വസ്‌ത ദൈവദാസരുടേതും. (2 പത്രൊ. 2:7) ദൈവിക നിലവാരങ്ങളനുസരിച്ച്‌ മര്യാദയായി ജീവിക്കുമ്പോൾപ്പോലും ഗർവിഷ്‌ഠരായ ഭരണാധികാരികളുടെ വിദ്വേഷത്തിനു നാം ഇരകളാകാറുണ്ട്‌.—2 തിമൊ. 3:1-5, 12.

9. (എ) തന്റെ ജനത്തെ വിടുവിക്കാനായി ഇതിനോടകം യഹോവ എന്തു ചെയ്‌തിരിക്കുന്നു? (ബി) യേശു എന്നെന്നും ദൈവത്തോടു വിശ്വസ്‌തനായിരിക്കുമെന്ന്‌ നമുക്ക്‌ ഉറപ്പുണ്ടായിരിക്കാവുന്നത്‌ എന്തുകൊണ്ട്‌?

9 യഹോവ തന്റെ വിശ്വസ്‌തദാസരെ ഒരുനാളും ഉപേക്ഷിക്കുകയില്ല എന്ന അടിസ്ഥാനസത്യം എന്നും നമ്മുടെ മനസ്സിലുണ്ടായിരിക്കട്ടെ. അഴിമതിക്കാരായ ഭരണാധികാരികളെ തൂത്തെറിയാൻ അവൻ ഇതിനോടകം കൈക്കൊണ്ടിരിക്കുന്ന നടപടികളെക്കുറിച്ചൊന്നു ചിന്തിക്കുക. ക്രിസ്‌തുയേശു ഭരണാധികാരിയായുള്ള ദൈവത്തിന്റെ മിശിഹൈകരാജ്യം സ്വർഗത്തിൽ സ്ഥാപിതമായിരിക്കുന്നു. അവൻ ഭരണം തുടങ്ങിയിട്ട്‌ ഏതാണ്ട്‌ നൂറു വർഷമായി. ദൈവനാമത്തെ ഭയപ്പെടുന്ന ഭക്തന്മാർക്ക്‌ അവൻ പെട്ടെന്നുതന്നെ ആശ്വാസം കൈവരുത്തും. (വെളിപ്പാടു 11:15-18 വായിക്കുക.) മരണപര്യന്തം ‘വിശ്വസ്‌തത’ തെളിയിച്ചവനാണ്‌ യേശു. അതുകൊണ്ടുതന്നെ അവൻ ഒരിക്കലും ശലോമോനെപ്പോലെ തന്റെ പ്രജകളെ ‘നിരാശപ്പെടുത്തുകയില്ല.’—എബ്രാ. 7:26, NW; 1 പത്രൊ. 2:6, NW.

10. (എ) ദൈവരാജ്യത്തോടു കൂറുപുലർത്തുന്നുവെന്ന്‌ നമുക്കെങ്ങനെ തെളിയിക്കാം? (ബി) പരിശോധനകൾ നേരിടുമ്പോഴും നമുക്ക്‌ എന്ത്‌ ഉറപ്പുണ്ടായിരിക്കണം?

10 എല്ലാവിധ അടിച്ചമർത്തലുകൾക്കും അന്തംകുറിക്കുന്ന യഥാർഥ ഗവൺമെന്റാണ്‌ ദൈവരാജ്യം. നാം കൂറുപുലർത്തുന്നത്‌ യഹോവയോടും അവന്റെ രാജ്യത്തോടുമാണ്‌. ദൈവരാജ്യത്തിൽ പൂർണവിശ്വാസം അർപ്പിച്ചുകൊണ്ട്‌ നാം ലോകത്തിന്റെ അഭക്തമാർഗങ്ങൾ വർജിക്കുകയും സത്‌പ്രവൃത്തികളിൽ ശുഷ്‌കാന്തിയുള്ളവരായിരിക്കുകയും ചെയ്യുന്നു. (തീത്തൊ. 2:12-14) ഈ ലോകത്താലുള്ള കളങ്കംപറ്റാതിരിക്കാൻ നാം ശ്രമിക്കുന്നു. (2 പത്രൊ. 3:14) നമുക്ക്‌ ഇന്ന്‌ എന്തൊക്കെ പരിശോധനകൾ നേരിട്ടാലും ആത്മീയഹാനി സംഭവിക്കാതെ യഹോവ നമ്മെ സംരക്ഷിക്കുമെന്ന്‌ ഉറപ്പുണ്ടായിരിക്കാം. (സങ്കീർത്തനം 97:10 വായിക്കുക.) കൂടാതെ, ഒരു കൂട്ടമെന്ന നിലയിലുള്ള തന്റെ ഭക്തന്മാരുടെ മരണം യഹോവ ഒരുപ്രകാരത്തിലും അനുവദിച്ചുകൊടുക്കുകയില്ല, അവർ അവന്‌ അത്രയ്‌ക്കു വിലപ്പെട്ടവരാണ്‌.—സങ്കീ. 116:15.

വിശ്വാസത്യാഗത്തിന്റെ സ്വാധീനങ്ങളിന്മധ്യേ

11. യൊരോബെയാം അവിശ്വസ്‌തനായിത്തീർന്നത്‌ എങ്ങനെ?

11 യൊരോബെയാമിന്റെ ഭരണം ദൈവജനത്തിന്‌ ആശ്വാസം കൈവരുത്തുന്നതിനു പകരം അത്‌ അവർക്ക്‌ വിശ്വാസത്തിന്റെ മറ്റൊരു പരിശോധനയായിത്തീർന്നു. തനിക്കു ലഭിച്ച മഹത്തായ പദവിയിൽ തൃപ്‌തനാകാതെ അവൻ തന്റെ സ്ഥാനമുറപ്പിക്കുന്നതിനുള്ള വഴികൾ തേടാൻ തുടങ്ങി. “ഈ ജനം യെരൂശലേമിൽ യഹോവയുടെ ആലയത്തിൽ യാഗംകഴിപ്പാൻ ചെന്നാൽ ഈ ജനത്തിന്റെ ഹൃദയം യെഹൂദാരാജാവായ രെഹബെയാം എന്ന തങ്ങളുടെ യജമാനങ്കലേക്കു തിരികയും അവർ എന്നെ കൊന്നു യെഹൂദാരാജാവായ രെഹബെയാമിന്റെ പക്ഷം ചേരുകയും ചെയ്യും” എന്ന്‌ അവൻ ചിന്തിച്ചു. അതുകൊണ്ട്‌ അവൻ രണ്ടു സ്വർണക്കാളക്കുട്ടികളെ കേന്ദ്രീകരിച്ചുള്ള ഒരു പുതിയ മതം സ്ഥാപിച്ചു. “ഒന്നിനെ ബേഥേലിലും മറ്റേതിനെ ദാനിലും പ്രതിഷ്‌ഠിച്ചു. ഈ കാര്യം പാപഹേതുവായിത്തീർന്നു; ജനം ഒന്നിന്റെ മുമ്പിൽ നമസ്‌കരിപ്പാൻ ദാൻവരെ ചെന്നു. അവൻ പൂജാഗിരിക്ഷേത്രങ്ങളും ഉണ്ടാക്കി സർവ്വജനത്തിൽനിന്നും ലേവ്യരല്ലാത്തവരെ പുരോഹിതന്മാരായി നിയമിച്ചു.” എന്തിന്‌, “യിസ്രായേൽമക്കൾക്കു ഒരു ഉത്സവം”പോലും അവൻ നിയമിച്ചുകൊടുത്തു. യാഗപീഠത്തിനരികെച്ചെന്നു ധൂപംകാട്ടാനും അവൻ മുതിർന്നു.—1 രാജാ. 12:26-33.

12. യൊരോബെയാം ഇസ്രായേലിൽ കാളക്കുട്ടിയാരാധന സ്ഥാപിച്ചപ്പോൾ അവിടെയുണ്ടായിരുന്ന വിശ്വസ്‌താരാധകർ എന്തു ചെയ്‌തു?

12 വടക്കേ രാജ്യത്തെ വിശ്വസ്‌തരായ ദൈവജനം ഇനി എന്തു ചെയ്യും? വിശ്വസ്‌തരായ പൂർവപിതാക്കന്മാരെപ്പോലെ, വടക്കേ രാജ്യത്തു താമസിച്ചിരുന്ന ലേവ്യരും സത്യാരാധനയ്‌ക്കായി നിലപാടെടുക്കുന്നതിൽ ഒട്ടും താമസംവരുത്തിയില്ല. (പുറ. 32:26-28; ആവ. 33:8, 9) തങ്ങൾക്ക്‌ അവിടെയുണ്ടായിരുന്ന അവകാശങ്ങളെല്ലാം ഉപേക്ഷിച്ച്‌, സ്വതന്ത്രമായി യഹോവയെ ആരാധിക്കാൻ സാധിക്കുമായിരുന്ന യെഹൂദായിലേക്ക്‌ അവർ കുടുംബസമേതം പോയി. (സംഖ്യാ. 35:6-8; 2 ദിന. 11:13-15) താത്‌കാലികമായി യെഹൂദായിൽ താമസിച്ചിരുന്ന ഇസ്രായേല്യർ സ്വദേശത്തേക്കു മടങ്ങിപ്പോകാതെ അവിടെത്തന്നെ സ്ഥിരമായി താമസിക്കാൻ തീരുമാനിച്ചു. (2 ദിന. 10:17) വരുംതലമുറകളിൽ ആർക്കുവേണമെങ്കിലും കാളക്കുട്ടിയാരാധന ഉപേക്ഷിച്ച്‌ യെഹൂദായിലേക്കു മടങ്ങിവരാനും അങ്ങനെ സത്യാരാധനയിൽ പങ്കെടുക്കാനും അവസരം ലഭിക്കുന്നുവെന്ന്‌ യഹോവ ഉറപ്പുവരുത്തി.—2 ദിന. 15:9-15.

13. ആധുനിക കാലത്ത്‌ വിശ്വാസത്യാഗികളുടെ സ്വാധീനം സത്യാരാധകർക്ക്‌ ഒരു പരിശോധനയായിരിക്കുന്നത്‌ എങ്ങനെ?

13 വിശ്വാസത്യാഗികളുടെ സ്വാധീനം ഇന്നും സത്യാരാധകർക്കു ഭീഷണിയാകാറുണ്ട്‌. ചില ഭരണാധികാരികൾ തങ്ങളുടേതായ ദേശീയമതം സ്ഥാപിച്ച്‌ അതു ജനങ്ങളുടെമേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നു. ക്രൈസ്‌തവലോകത്തിലെ പുരോഹിതന്മാരും ഗർവിഷ്‌ഠരായ മറ്റു ചിലരും തങ്ങൾ ആത്മീയ പുരോഹിതവർഗമാണെന്നു ഭാവിക്കുന്നു. എന്നാൽ സത്യക്രിസ്‌ത്യാനികളുടെ ഇടയിൽ മാത്രമേ യഥാർഥ ‘രാജകീയപുരോഹിതവർഗം’ ആയ അഭിഷിക്തരെ നമുക്കു കണ്ടെത്താനാകൂ.—1 പത്രൊ. 2:9; വെളി. 14:1-5.

14. വിശ്വാസത്യാഗപരമായ ആശയങ്ങളോടു നാം എങ്ങനെ പ്രതികരിക്കണം?

14 ബി.സി. പത്താം നൂറ്റാണ്ടിലെ വിശ്വസ്‌തരായ ലേവ്യരെപ്പോലെ ഇന്നത്തെ ദൈവദാസരും വിശ്വാസത്യാഗപരമായ ആശയങ്ങളാൽ വഞ്ചിതരാകുന്നില്ല. അത്തരം ആശയങ്ങൾ ഒഴിവാക്കാനും തള്ളിക്കളയാനും അഭിഷിക്തരും അവരുടെ ക്രിസ്‌തീയ സഹകാരികളും ഒട്ടും അമാന്തിക്കുന്നില്ല. (റോമർ 16:17 വായിക്കുക.) ലൗകിക കാര്യങ്ങളിൽ ഭരണാധികാരികളെ അനുസരിക്കാൻ നാം മടികാണിക്കില്ലെങ്കിലും ലോകത്തിന്റെ പോരാട്ടങ്ങളിൽ നിഷ്‌പക്ഷരായിരുന്നുകൊണ്ട്‌ നാം കൂറുപുലർത്തുന്നത്‌ ദൈവരാജ്യത്തോടായിരിക്കും. (യോഹ. 18:36; റോമ. 13:1-8) ദൈവത്തെ സേവിക്കുന്നുവെന്ന്‌ പറയുകയും അതേസമയം പ്രവൃത്തികളാൽ അവനെ അപമാനിക്കുകയും ചെയ്യുന്നവരുടെ പൊള്ളയായ അവകാശവാദങ്ങൾ നാം തള്ളിക്കളയുന്നു.—തീത്തൊ. 1:16.

15. വിശ്വസ്‌തനും വിവേകിയുമായ അടിമയോട്‌ നാം വിശ്വസ്‌തരായിരിക്കേണ്ടത്‌ എന്തുകൊണ്ട്‌?

15 ആത്മാർഥഹൃദയർക്ക്‌ ഈ ദുഷ്ടലോകത്തിൽനിന്നു പുറത്തുവരാനും താൻ സൃഷ്ടിച്ചിരിക്കുന്ന ആത്മീയ പറുദീസയിൽ കടക്കാനുമുള്ള അവസരം യഹോവ പ്രദാനംചെയ്‌തിരിക്കുന്നു എന്ന വസ്‌തുതയെക്കുറിച്ചും ചിന്തിക്കുക. (2 കൊരി. 12:1-4) ‘യജമാനൻ തന്റെ വീട്ടുകാർക്കു തൽസമയത്തു ഭക്ഷണം കൊടുക്കേണ്ടതിന്നു അവരുടെ മേൽ ആക്കിവെച്ച വിശ്വസ്‌തനും ബുദ്ധിമാനും ആയ ദാസനോട്‌’ നാം ഹൃദയപൂർവം പറ്റിനിൽക്കുന്നു. ക്രിസ്‌തു അവരെ “തനിക്കുള്ള സകലത്തിന്മേലും യജമാനൻ” ആക്കിവെച്ചിരിക്കുന്നു. (മത്താ. 24:45-47) അതുകൊണ്ട്‌ അടിമവർഗം സ്വീകരിച്ചിരിക്കുന്ന ചില നിലപാടുകൾ വ്യക്തികളെന്ന നിലയിൽ നമുക്കു പൂർണമായി മനസ്സിലായില്ലെങ്കിലും അവ തള്ളിക്കളഞ്ഞിട്ടു സാത്താന്റെ ലോകത്തിലേക്കു തിരിച്ചുപോകുന്നത്‌ ബുദ്ധിയായിരിക്കില്ല. യഹോവ കാര്യങ്ങൾ വെളിപ്പെടുത്തിത്തരുന്ന സമയത്തിനായി താഴ്‌മയോടെ കാത്തിരിക്കാൻ വിശ്വസ്‌തത നമ്മെ പ്രേരിപ്പിക്കും.

ദൈവദത്ത നിയമനങ്ങൾ നിർവഹിക്കുമ്പോൾ

16. യെഹൂദായിൽനിന്നുള്ള ഒരു പ്രവാചകന്‌ എന്തു നിയമനം ലഭിച്ചു?

16 യൊരോബെയാമിന്റെ വിശ്വാസത്യാഗപരമായ പ്രവർത്തനങ്ങളെ യഹോവ കുറ്റംവിധിച്ചു. യാഗപീഠത്തിൽ ധൂപംകാട്ടാനൊരുങ്ങുന്ന യൊരോബെയാമിന്റെ അടുക്കൽച്ചെല്ലാനായി യെഹൂദായിൽനിന്ന്‌ ഒരു പ്രവാചകനെ യഹോവ ബേഥേലിലേക്ക്‌ അയയ്‌ക്കുന്നു. ശക്തമായ ഒരു ന്യായവിധിദൂത്‌ അവന്‌ യൊരോബെയാമിനെ അറിയിക്കാനുണ്ടായിരുന്നു. നിസ്സംശയമായും വെല്ലുവിളിനിറഞ്ഞ ഒരു നിയമനമായിരുന്നു അത്‌.—1 രാജാ. 13:1-3.

17. യഹോവ തന്റെ പ്രവാചകനെ സംരക്ഷിച്ചത്‌ എങ്ങനെ?

17 യഹോവയിൽനിന്നുള്ള ന്യായവിധിദൂതു കേട്ട യൊരോബെയാം കോപംകൊണ്ടു ജ്വലിച്ചു. ദൈവപുരുഷനുനേരെ കൈചൂണ്ടിക്കൊണ്ട്‌ “അവനെ പിടിപ്പിൻ” എന്ന്‌ അടുത്തുനിന്നവരോട്‌ അവൻ ആജ്ഞാപിച്ചു. ആർക്കെങ്കിലും എന്തെങ്കിലും ചെയ്യാനാകുന്നതിനുമുമ്പ്‌ പ്രവാചകനുനേരെ നീട്ടിയ രാജാവിന്റെ “കൈ വരണ്ടുപോയിട്ടു തിരികെ മടക്കുവാൻ കഴിവില്ലാതെ ആയി. . . . യാഗപീഠം പിളർന്നു ചാരം യാഗപീഠത്തിൽനിന്നു തൂകിപ്പോയി.” രാജാവ്‌ പ്രവാചകനോട്‌ ഇങ്ങനെ യാചിക്കാൻ നിർബന്ധിതനായി: “യഹോവയോടു കൃപെക്കായി അപേക്ഷിച്ചു എന്റെ കൈ മടങ്ങുവാൻ തക്കവണ്ണം എനിക്കുവേണ്ടി പ്രാർത്ഥിക്കേണം.” പ്രവാചകൻ പ്രാർഥിക്കുകയും കൈ സുഖപ്പെടുകയും ചെയ്‌തു. അങ്ങനെ യഹോവ തന്റെ പ്രവാചകനെ ആപത്തിൽനിന്നു രക്ഷിച്ചു.—1 രാജാ. 13:4-6.

18. നാം നിർഭയം യഹോവയെ ആരാധിക്കുമ്പോൾ അവൻ നമ്മെ സംരക്ഷിക്കുന്നതെങ്ങനെ?

18 പ്രസംഗ-ശിഷ്യരാക്കൽവേലയിൽ ഏർപ്പെടുമ്പോൾ സുവാർത്തയോട്‌ ഒട്ടും താത്‌പര്യംകാണിക്കാത്തവരെ നാം കണ്ടുമുട്ടിയേക്കാം; ചിലപ്പോഴൊക്കെ കടുത്ത എതിർപ്പുകൾപോലും നേരിടേണ്ടിവരാറുണ്ട്‌. (മത്താ. 24:14; 28:19, 20) എന്നാൽ ഇതൊന്നും ശുശ്രൂഷയിലുള്ള നമ്മുടെ തീക്ഷ്‌ണതയെ കെടുത്തിക്കളയരുത്‌. യൊരോബെയാമിനെ ന്യായവിധി അറിയിച്ച പ്രവാചകനെപ്പോലെ, ‘ഭയം കൂടാതെ യഹോവയെ വിശുദ്ധിയിലും നീതിയിലും ആരാധിപ്പാൻ നമുക്കും കൃപ’ ലഭിച്ചിരിക്കുന്നു. * (ലൂക്കൊ. 1:74, 75) ഇന്ന്‌ നമ്മുടെ കാര്യത്തിൽ യഹോവ അത്ഭുതകരമായി ഇടപെട്ടെന്നു വരില്ല; എങ്കിലും തന്റെ സാക്ഷികളായ നമ്മെ അവൻ പരിശുദ്ധാത്മാവിനെയും ദൂതന്മാരെയും ഉപയോഗിച്ച്‌ സംരക്ഷിക്കുകയും പിന്തുണയ്‌ക്കുകയും ചെയ്യുന്നു. (യോഹന്നാൻ 14:15-17; വെളിപ്പാടു 14:6 വായിക്കുക.) തന്റെ വചനം നിർഭയം ഘോഷിക്കുന്നവരെ ദൈവം ഒരുനാളും കൈവിടില്ല.—ഫിലി. 1:14, 27.

യഹോവ തന്റെ വിശ്വസ്‌തരെ സംരക്ഷിക്കും

19, 20. (എ) യഹോവ നമ്മെ ഒരിക്കലും ഉപേക്ഷിക്കില്ലെന്നതിനു നമുക്ക്‌ എന്തുറപ്പുണ്ട്‌? (ബി) അടുത്ത ലേഖനത്തിൽ നാം എന്തു പരിചിന്തിക്കും?

19 തന്റെ ദാസന്മാരോടു വിശ്വസ്‌തത പുലർത്തുന്ന ദൈവമാണ്‌ യഹോവ. (വെളി. 15:4, NW; 16:5, NW) അവൻ “തന്റെ സകലപ്രവൃത്തികളിലും ദയാലു,” അല്ലെങ്കിൽ വിശ്വസ്‌തൻ ആണ്‌. (സങ്കീ. 145:17) അവൻ “തന്റെ വിശുദ്ധന്മാരുടെ [“വിശ്വസ്‌തരുടെ,” NW] വഴിയെ സൂക്ഷിക്കുന്നു” എന്നും ബൈബിൾ ഉറപ്പുനൽകുന്നു. (സദൃ. 2:8) പരിശോധനകൾ നേരിടുമ്പോഴും വിശ്വാസത്യാഗം ഭീഷണി ഉയർത്തുമ്പോഴും വെല്ലുവിളിനിറഞ്ഞ നിയമനം നിർവഹിക്കേണ്ടിവരുമ്പോഴുമൊക്കെ യഹോവ തന്റെ വിശ്വസ്‌തദാസന്മാർക്ക്‌ മാർഗനിർദേശവും പിന്തുണയും നൽകുകതന്നെ ചെയ്യും.

20 ഇപ്പോൾ നമ്മിൽ ഓരോരുത്തരുടെയും മുമ്പിലുള്ള ചോദ്യമിതാണ്‌: പരിശോധനകളും പ്രലോഭനങ്ങളും നേരിട്ടാലും യഹോവയോടു വിശ്വസ്‌തത പുലർത്താൻ, അവനോടുള്ള വിശ്വസ്‌തത കൂടുതൽ ശക്തമാക്കാൻ എനിക്കെങ്ങനെ കഴിയും?

[അടിക്കുറിപ്പ്‌]

^ ഖ. 18 പ്രവാചകൻ യഹോവയെ തുടർന്നും അനുസരിച്ചോ ഇല്ലയോ എന്നും പിന്നീട്‌ അവന്‌ എന്തു സംഭവിച്ചു എന്നും അടുത്ത ലേഖനത്തിൽ ചർച്ചചെയ്യുന്നതായിരിക്കും.

ഉത്തരം പറയാമോ?

• തന്റെ വിശ്വസ്‌തർ അടിച്ചമർത്തപ്പെടുമ്പോൾ അവരെ ഉപേക്ഷിക്കുകയില്ലെന്ന്‌ യഹോവ തെളിയിച്ചത്‌ എങ്ങനെ?

• വിശ്വാസത്യാഗികളുടെ ആശയങ്ങളോടു നാം എങ്ങനെ പ്രതികരിക്കണം?

• ക്രിസ്‌തീയ ശുശ്രൂഷയിൽ ഏർപ്പെടുന്ന തന്റെ വിശ്വസ്‌തരെ യഹോവ സംരക്ഷിക്കുന്നത്‌ എങ്ങനെ?

[അധ്യയന ചോദ്യങ്ങൾ]

[5-ാം പേജിലെ മാപ്പ്‌/ചിത്രം]

(പൂർണരൂപത്തിൽ കാണുന്നതിന്‌ പ്രസിദ്ധീകരണം നോക്കുക)

വടക്കേ രാജ്യം (യൊരോബെയാം)

ദാൻ

ശേഖേം

ബേഥേൽ

തെക്കേ രാജ്യം (രെഹബെയാം)

യെരൂശലേം

[ചിത്രം]

യൊരോബെയാം കാളക്കുട്ടിയാരാധന സ്ഥാപിച്ചപ്പോൾ യഹോവ തന്റെ വിശ്വസ്‌തരെ ഉപേക്ഷിച്ചില്ല

[3-ാം പേജിലെ ചിത്രം]

ശലോമോനും പ്രജകളും ആസ്വദിച്ചിരുന്ന അനുഗ്രഹങ്ങൾ വ്യവസ്ഥകൾക്കു വിധേയമായിരുന്നു