വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദാമ്പത്യം ഒരു മുപ്പിരിച്ചരടായിരിക്കട്ടെ!

ദാമ്പത്യം ഒരു മുപ്പിരിച്ചരടായിരിക്കട്ടെ!

ദാമ്പത്യം ഒരു മുപ്പിരിച്ചരടായിരിക്കട്ടെ!

“മുപ്പിരിച്ചരടു വേഗത്തിൽ അറ്റുപോകയില്ല.”—സഭാ. 4:12.

1. ആദ്യ മനുഷ്യജോടിയെ വിവാഹത്തിലൂടെ ഒന്നിപ്പിച്ചത്‌ ആരാണ്‌?

സസ്യമൃഗാദികളെ സൃഷ്ടിച്ചശേഷം യഹോവ ആദ്യ മനുഷ്യനായ ആദാമിനെ സൃഷ്ടിച്ചു. പിന്നെ ദൈവം ആദാമിനു ഗാഢനിദ്ര വരുത്തിയിട്ട്‌ അവന്റെ വാരിയെല്ലുകളിൽ ഒന്നെടുത്ത്‌ അവനു തക്കതായൊരു തുണയെ ഉണ്ടാക്കിക്കൊടുത്തു. തന്റെ മുന്നിൽനിൽക്കുന്ന സ്‌ത്രീയെ കണ്ട്‌ ആദാം പറഞ്ഞു: “ഇതു ഇപ്പോൾ എന്റെ അസ്ഥിയിൽനിന്നു അസ്ഥിയും എന്റെ മാംസത്തിൽനിന്നു മാംസവും ആകുന്നു.” (ഉല്‌പ. 1:27; 2:18, 21-23) ആ ആദ്യ മനുഷ്യജോടിയെ വിവാഹത്തിലൂടെ ഒന്നിപ്പിക്കുകയും അവരെ അനുഗ്രഹിക്കുകയും ചെയ്‌തുകൊണ്ട്‌ യഹോവ ദാമ്പത്യക്രമീകരണത്തിനു തുടക്കമിട്ടു.—ഉല്‌പ. 1:28; 2:24.

2. ആദാമിന്റെയും ഹവ്വായുടെയും ബന്ധത്തിന്‌ സാത്താൻ വിള്ളൽ വീഴ്‌ത്തിയത്‌ എങ്ങനെ?

2 എന്നാൽ ഏറെക്കഴിയുംമുമ്പ്‌ വിവാഹമെന്ന ആ ദിവ്യ ക്രമീകരണത്തിന്മേൽ കരിനിഴൽവീണു. എന്താണു സംഭവിച്ചത്‌? സാത്താനായിത്തീർന്ന ദുഷ്ടദൂതന്റെ പ്രലോഭനത്തിൽവീണ ഹവ്വാ ദൈവം വിലക്കിയിരുന്ന വൃക്ഷത്തിന്റെ ഫലം ഭക്ഷിച്ചു. തുടർന്ന്‌ ആദാമും ഭാര്യയുടെ പക്ഷംചേർന്നു. ദൈവത്തിന്റെ നീതിനിഷ്‌ഠമായ ഭരണത്തോടും ഉത്തമമായ മാർഗദർശനത്തോടുമുള്ള മത്സരമായിരുന്നു അത്‌. (ഉല്‌പ. 3:1-7) അവർ ചെയ്‌തത്‌ എന്താണെന്നു യഹോവ ചോദിച്ചപ്പോൾ ആദാം നൽകിയ മറുപടി ശ്രദ്ധിക്കുക: “എന്നോടു കൂടെ ഇരിപ്പാൻ നീ തന്നിട്ടുള്ള സ്‌ത്രീ വൃക്ഷഫലം തന്നു; ഞാൻ തിന്നുകയും ചെയ്‌തു.” അവരുടെ ബന്ധത്തിൽ അതിനോടകംതന്നെ വിള്ളൽ വീണിരുന്നുവെന്ന്‌ ഭാര്യയെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള ആദാമിന്റെ മറുപടിയിൽനിന്നു വ്യക്തമാണ്‌.—ഉല്‌പ. 3:11-13.

3. ചില യഹൂദന്മാർ വികലമായ ഏതു മനോഭാവം വെച്ചുപുലർത്തിയിരുന്നു?

3 അന്നുമുതൽ ഇന്നോളം ദാമ്പത്യബന്ധത്തെ ശിഥിലമാക്കാൻ സാത്താൻ പല തന്ത്രങ്ങളും പ്രയോഗിച്ചിരിക്കുന്നു. വിവാഹം സംബന്ധിച്ച ദൈവനിയമത്തെ തുച്ഛീകരിക്കുന്ന മനോഭാവം ആളുകൾക്കിടയിൽ വളർത്താൻ അവൻ മതനേതാക്കളെ ഉപയോഗിച്ചിട്ടുണ്ട്‌. ഉദാഹരണത്തിന്‌, ‘ഭക്ഷണത്തിന്‌ ഉപ്പുകൂടി’ എന്നതുപോലുള്ള നിസ്സാരകാര്യങ്ങളെച്ചൊല്ലി ഭാര്യമാരെ ഉപേക്ഷിക്കാൻ അനുവാദം നൽകിക്കൊണ്ട്‌ ചില യഹൂദ മതനേതാക്കന്മാർ ദൈവത്തിന്റെ നിലവാരങ്ങളെ താഴ്‌ത്തിമതിച്ചു. എന്നാൽ യേശു പറഞ്ഞത്‌, “പരസംഗം നിമിത്തമല്ലാതെ ഭാര്യയെ ഉപേക്ഷിച്ചു മറ്റൊരുത്തിയെ വിവാഹം കഴിക്കുന്നവൻ വ്യഭിചാരം ചെയ്യുന്നു” എന്നാണ്‌.—മത്താ. 19:9.

4. ദാമ്പത്യക്രമീകരണം ഇന്ന്‌ ഏത്‌ അപകടം നേരിടുന്നു?

4 ഭാര്യാഭർതൃബന്ധത്തിന്റെ പവിത്രതയെ താഴ്‌ത്തിമതിക്കാൻ സാത്താൻ ഇന്നും തിരക്കിട്ടു പ്രവർത്തിക്കുകയാണ്‌. ഒരേ ലിംഗവർഗത്തിൽപ്പെട്ടവർ തമ്മിലുള്ള വിവാഹബന്ധങ്ങൾ, വിവാഹം കഴിക്കാതെ ഒരുമിച്ചു താമസിക്കൽ, അനായാസം സാധ്യമാകുന്ന വിവാഹമോചനങ്ങൾ എന്നിവയൊക്കെ സാത്താൻ അതിൽ വിജയിച്ചിരിക്കുന്നു എന്നതിന്റെ തെളിവാണ്‌. (എബ്രായർ 13:4 വായിക്കുക.) വിവാഹത്തെക്കുറിച്ച്‌ ഇന്നു നിലവിലിരിക്കുന്ന വികലമായ വീക്ഷണങ്ങൾ ക്രിസ്‌ത്യാനികളെ സ്വാധീനിക്കരുത്‌, അതിന്‌ നമുക്ക്‌ എന്തു ചെയ്യാനാകും? ഒരു ദാമ്പത്യത്തെ സന്തുഷ്ടമാക്കുന്ന ചില ഘടകങ്ങൾ ഏതൊക്കെയെന്ന്‌ നമുക്കു പരിചിന്തിക്കാം.

ദാമ്പത്യത്തിൽ യഹോവയെ ഉൾപ്പെടുത്തുക

5. ദാമ്പത്യത്തിൽ മുപ്പിരിച്ചരട്‌ എന്തിനെ അർഥമാക്കുന്നു?

5 ദാമ്പത്യം സന്തോഷനിർഭരമാകണമെങ്കിൽ അതിൽ യഹോവയെയും ഉൾപ്പെടുത്തണം. “മുപ്പിരിച്ചരടു വേഗത്തിൽ അറ്റുപോകയില്ല” എന്നു ദൈവവചനം പറയുന്നു. (സഭാ. 4:12) ‘മുപ്പിരിച്ചരട്‌’ എന്നത്‌ ഒരു ആലങ്കാരിക പ്രയോഗമാണ്‌. വിവാഹബന്ധത്തിൽ ഇതിന്റെ അർഥം എന്താണെന്നു നോക്കാം. ഭാര്യയും ഭർത്താവുമാണ്‌ രണ്ട്‌ ഇഴകൾ. മൂന്നാമത്തെ ഇഴ യഹോവയാം ദൈവവും. ഈ ഇഴയുമായി പിണഞ്ഞിരുന്നാൽ മാത്രമേ അഥവാ ദമ്പതികൾക്ക്‌ യഹോവയുമായി അടുത്തബന്ധം ഉണ്ടായിരുന്നാൽ മാത്രമേ പ്രശ്‌നങ്ങളെ നേരിടാനുള്ള ആത്മീയബലം അവർക്കു ലഭിക്കൂ. സന്തുഷ്ട ദാമ്പത്യത്തിന്റെ താക്കോൽ അതാണ്‌.

6, 7. (എ) ദാമ്പത്യത്തിൽ യഹോവയും ഉണ്ടെന്ന്‌ ക്രിസ്‌തീയ ദമ്പതികൾക്ക്‌ എങ്ങനെ ഉറപ്പാക്കാം? (ബി) ഭർത്താവിനെക്കുറിച്ച്‌ ഒരു സഹോദരി മതിപ്പോടെ എന്തു പറഞ്ഞു?

6 തങ്ങളുടെ ദാമ്പത്യം ഇതുപോലെയുള്ള ഒരു മുപ്പിരിച്ചരടാണെന്ന്‌ ദമ്പതികൾക്ക്‌ എങ്ങനെ ഉറപ്പുവരുത്താം? സങ്കീർത്തനക്കാരനായ ദാവീദ്‌ ഇങ്ങനെ പാടി: “എന്റെ ദൈവമേ, നിന്റെ ഇഷ്ടം ചെയ്‌വാൻ ഞാൻ പ്രിയപ്പെടുന്നു; നിന്റെ ന്യായപ്രമാണം എന്റെ ഉള്ളിൽ ഇരിക്കുന്നു.” (സങ്കീ. 40:8) ദാവീദിനെപ്പോലെ, ദൈവത്തോടുള്ള സ്‌നേഹം അവനെ മുഴുഹൃദയത്തോടെ സേവിക്കാൻ നമുക്കും പ്രചോദനമേകുന്നു. അതുകൊണ്ട്‌ ഇണകൾ ഓരോരുത്തരും യഹോവയുമായി ഉറ്റബന്ധം വളർത്തുകയും അവന്റെ ഇഷ്ടം ചെയ്യുന്നതിൽ താത്‌പര്യമെടുക്കുകയും വേണം. ഇതിന്‌ ദമ്പതികൾ പരസ്‌പരം സഹായിക്കേണ്ടതുണ്ട്‌.—സദൃ. 27:17.

7 ദൈവത്തിന്റെ ന്യായപ്രമാണം അഥവാ നിയമം നമ്മുടെ ഉള്ളിലുണ്ടെങ്കിൽ നാം വിശ്വാസം, പ്രത്യാശ, സ്‌നേഹം എന്നീ ഗുണങ്ങൾ പ്രതിഫലിപ്പിക്കും. അങ്ങനെ നമ്മുടെ വിവാഹബന്ധം കരുത്തുറ്റതായിത്തീരും. (1 കൊരി. 13:13) 50 വർഷത്തെ വിവാഹജീവിതത്തിലെ അനുഭവത്തിൽനിന്ന്‌ സാൻഡ്ര എന്ന സഹോദരി പറയുന്നു: “എന്റെ ഭർത്താവു നൽകുന്ന ആത്മീയ മാർഗനിർദേശം, ഉപദേശങ്ങൾ, യഹോവയോടുള്ള അദ്ദേഹത്തിന്റെ സ്‌നേഹം, ഇവയൊക്കെയാണ്‌ എനിക്ക്‌ അദ്ദേഹത്തോട്‌ ഏറ്റവും ബഹുമാനം തോന്നാൻ ഇടയാക്കുന്ന കാര്യങ്ങൾ. എന്നോടുള്ള സ്‌നേഹത്തെക്കാൾ ശക്തമാണ്‌ അദ്ദേഹത്തിന്‌ യഹോവയോടുള്ള സ്‌നേഹം.” ഭർത്താക്കന്മാരേ, നിങ്ങളുടെ ഭാര്യമാർക്കും നിങ്ങളെക്കുറിച്ച്‌ ഇങ്ങനെ പറയാനാകുമോ?

8. വിവാഹജീവിതത്തിൽ “നല്ല പ്രതിഫലം” ലഭിക്കാൻ എന്ത്‌ ആവശ്യമാണ്‌?

8 ദമ്പതികളായ നിങ്ങൾ ആത്മീയ കാര്യങ്ങൾക്കും രാജ്യതാത്‌പര്യങ്ങൾക്കും ജീവിതത്തിൽ പ്രഥമസ്ഥാനം നൽകുന്നുണ്ടോ? ജീവിതസഖിയെ ദൈവസേവനത്തിലെ നിങ്ങളുടെ കൂട്ടാളിയായിട്ടാണോ നിങ്ങൾ കരുതുന്നത്‌? (ഉല്‌പ. 2:24) ജ്ഞാനിയായ ശലോമോൻ രാജാവിന്റെ വാക്കുകൾ ശ്രദ്ധിക്കുക: “ഒരുവനെക്കാൾ ഇരുവർ ഏറെ നല്ലതു; അവർക്കു തങ്ങളുടെ പ്രയത്‌നത്താൽ നല്ല പ്രതിഫലം കിട്ടുന്നു.” (സഭാ. 4:9) ദൈവാനുഗ്രഹമുള്ള, സ്‌നേഹനിർഭരവും നിലനിൽക്കുന്നതുമായ ദാമ്പത്യം—അതാണ്‌ ആ പ്രതിഫലം. ആ “നല്ല പ്രതിഫലം” ലഭിക്കാൻ ഭാര്യയും ഭർത്താവും കഠിനമായി യത്‌നിക്കണം.

9. (എ) ഭർത്താവിന്‌ എന്ത്‌ ഉത്തരവാദിത്വമുണ്ട്‌? (ബി) കൊലൊസ്സ്യർ 3:19 അനുസരിച്ച്‌ ഭർത്താവു ഭാര്യയോട്‌ എങ്ങനെ പെരുമാറണം?

9 ഭാര്യയും ഭർത്താവും ദൈവത്തിന്റെ നിലവാരങ്ങൾക്ക്‌ അനുസൃതമായി ജീവിക്കാൻ ശ്രമിക്കുമ്പോൾ അവരുടെ വിവാഹജീവിതത്തിൽ ദൈവത്തിനു സ്ഥാനമുണ്ടെന്നു തെളിയുന്നു. കുടുംബത്തിന്റെ ഭൗതികവും ആത്മീയവുമായ ആവശ്യങ്ങൾക്കായി കരുതാനുള്ള മുഖ്യ ഉത്തരവാദിത്വം ഭർത്താവിനാണ്‌. (1 തിമൊ. 5:8) ഭാര്യയുടെ വൈകാരിക ആവശ്യങ്ങളും അദ്ദേഹം കണക്കിലെടുക്കേണ്ടതുണ്ട്‌. “ഭർത്താക്കന്മാരേ, നിങ്ങളുടെ ഭാര്യമാരെ സ്‌നേഹിപ്പിൻ; അവരോടു കൈപ്പായിരിക്കയുമരുത്‌” എന്നു കൊലൊസ്സ്യർ 3:19 പറയുന്നു. ‘കൈപ്പായിരിക്കുക’ എന്ന പ്രയോഗത്തിന്റെ അർഥം ഭാര്യമാരെ “അവഹേളിക്കുകയോ അധിക്ഷേപിക്കുകയോ ചെയ്യുന്നതരത്തിൽ സംസാരിക്കുക, അവർക്ക്‌ ആവശ്യമായ സ്‌നേഹവും കരുതലും സഹായവും സംരക്ഷണവും പിന്തുണയും നൽകാതിരിക്കുക” എന്നതാണെന്ന്‌ ഒരു ബൈബിൾ പണ്ഡിതൻ പറയുന്നു. ഇത്തരം പെരുമാറ്റരീതികൾ ഒരു ക്രിസ്‌തീയ കുടുംബത്തിനു ചേർന്നതല്ല. സ്‌നേഹപൂർവം ശിരസ്ഥാനം പ്രയോഗിക്കുന്ന ഭർത്താവിനു കീഴ്‌പെടാൻ ഏതു ഭാര്യയാണു മടിക്കുക?

10. ക്രിസ്‌തീയ ഭാര്യമാർക്ക്‌ എന്തു മനോഭാവം ഉണ്ടായിരിക്കണം?

10 വിവാഹജീവിതത്തിൽ യഹോവയ്‌ക്കു സ്ഥാനം നൽകാൻ ആഗ്രഹിക്കുന്ന ക്രിസ്‌തീയ ഭാര്യമാരും ദൈവിക നിലവാരങ്ങൾ അനുസരിക്കേണ്ടതുണ്ട്‌. പൗലൊസ്‌ അപ്പൊസ്‌തലൻ എഴുതി: “ഭാര്യമാരേ, കർത്താവിന്നു എന്നപോലെ സ്വന്ത ഭർത്താക്കന്മാർക്കു കീഴടങ്ങുവിൻ. ക്രിസ്‌തു ശരീരത്തിന്റെ രക്ഷിതാവായി സഭെക്കു തലയാകുന്നതുപോലെ ഭർത്താവു ഭാര്യെക്കു തലയാകുന്നു.” (എഫെ. 5:22, 23) ദൈവത്തെവിട്ടുള്ള സ്വതന്ത്രമായ ജീവിതം സന്തുഷ്ടി കൈവരുത്തുമെന്നു പറഞ്ഞ്‌ സാത്താൻ ഹവ്വായെ വഞ്ചിച്ചു. അവൻ അതേ നുണ ഇന്നും പ്രചരിപ്പിക്കുന്നു. അത്തരം സ്വാതന്ത്ര്യത്തിന്റെ ആത്മാവ്‌ ഇന്ന്‌ പല ദാമ്പത്യബന്ധങ്ങളിലും ദൃശ്യമാണ്‌. എന്നാൽ ദൈവഭക്തിയുള്ള ഭാര്യക്ക്‌ സ്‌നേഹധനനായ ഭർത്താവിന്റെ ശിരസ്ഥാനത്തിനു കീഴടങ്ങിയിരിക്കുക എന്നത്‌ മടുപ്പുളവാക്കുന്ന ഒരു കാര്യമേയല്ല. യഹോവ ഹവ്വായെ അവളുടെ ഭർത്താവിന്‌ ഒരു “തുണ” ആയിരിക്കാനാണു സൃഷ്ടിച്ചതെന്നും അതു ദൈവദൃഷ്ടിയിൽ ആദരണീയമായ ഒരു സ്ഥാനമാണെന്നും ക്രിസ്‌തീയ ഭാര്യമാർക്കറിയാം. (ഉല്‌പ. 2:18) ദൈവം ചെയ്‌ത ആ ക്രമീകരണവുമായി മനസ്സോടെ സഹകരിച്ചുപോകുന്ന ഭാര്യ തന്റെ ഭർത്താവിന്‌ ഒരു “കിരീട”മാണ്‌.—സദൃ. 12:4.

11. തന്റെ ദാമ്പത്യത്തെ വിജയപ്രദമാക്കിയത്‌ എന്താണെന്നാണ്‌ ഒരു സഹോദരൻ പറഞ്ഞത്‌?

11 ദൈവവചനം ഒരുമിച്ചിരുന്നു പഠിക്കുക എന്നതാണ്‌ വിവാഹജീവിതത്തിൽ ദൈവത്തെ ഉൾപ്പെടുത്താനുള്ള ഒരു മാർഗം. 55 വർഷമായി സന്തുഷ്ട ദാമ്പത്യജീവിതം നയിക്കുന്ന ജെറാൾഡ്‌ പറയുന്നു: “ദാമ്പത്യം സന്തുഷ്ടമായിരിക്കാൻ വേണ്ട ഏറ്റവും പ്രധാന സംഗതിയാണ്‌ ഒരുമിച്ചുള്ള ബൈബിൾ വായനയും പഠനവും. കാര്യങ്ങൾ ഒരുമിച്ചു ചെയ്യുന്നത്‌, വിശേഷിച്ചും ആത്മീയ പ്രവർത്തനങ്ങളിൽ ഒരുമിച്ച്‌ ഏർപ്പെടുന്നത്‌ ഇണകളെ പരസ്‌പരം അടുപ്പിക്കും. യഹോവയുമായി ഒരു ഉറ്റബന്ധം വളർത്തിയെടുക്കാനും അത്‌ അവസരമേകും.” ഒരുമിച്ചു ബൈബിൾ പഠിക്കുന്നത്‌ യഹോവയുടെ നിലവാരങ്ങൾ മനസ്സിലടുപ്പിച്ചു നിറുത്താനും ആത്മീയമായി വളരാനും പുരോഗതി നേടാനും കുടുംബത്തെ സഹായിക്കും.

12, 13. (എ) ദമ്പതികൾ ഒരുമിച്ചു പ്രാർഥിക്കേണ്ടത്‌ അതിപ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌? (ബി) വിവാഹബന്ധത്തെ സുദൃഢമാക്കുന്ന മറ്റ്‌ ആത്മീയ പ്രവർത്തനങ്ങൾ ഏവ?

12 സന്തുഷ്ട ദാമ്പത്യം നയിക്കുന്നവർ ഒരുമിച്ചു പ്രാർഥിക്കുന്നവരുമാണ്‌. തങ്ങളുടെ പ്രത്യേക ആവശ്യങ്ങൾ എടുത്തുപറഞ്ഞു പ്രാർഥിച്ചുകൊണ്ട്‌ ഒരു ഭർത്താവ്‌ യഹോവയുടെ മുമ്പാകെ തന്റെ ‘ഹൃദയം പകരുന്നെങ്കിൽ’ അത്‌ വിവാഹബന്ധം ശക്തമാക്കുകതന്നെ ചെയ്യും. (സങ്കീ. 62:8) ഇണയുമായി അഭിപ്രായവ്യത്യാസം ഉണ്ടാകുന്ന സാഹചര്യത്തിൽ വഴിനടത്തിപ്പിനും സഹായത്തിനുമായി സർവശക്തനായ ദൈവത്തോടു പ്രാർഥിക്കുക. അങ്ങനെ ചെയ്‌തുകഴിയുമ്പോൾ രമ്യതപ്പെടാൻ എളുപ്പമായിരിക്കും. (മത്താ. 6:14, 15) പ്രാർഥനയ്‌ക്കു ചേർച്ചയിൽ, ഇണകൾ പരസ്‌പരം സഹായിക്കുകയും “അന്യോന്യം പൊറുക്കയും . . . തമ്മിൽ ക്ഷമിക്കയും” ചെയ്യുന്നത്‌ എത്ര ഉചിതമാണ്‌! (കൊലൊ. 3:13) ദൈവത്തിൽ ആശ്രയിക്കുന്നു എന്നതിന്റെ തെളിവാണ്‌ നിങ്ങളുടെ പ്രാർഥന. “എല്ലാവരുടെയും കണ്ണു നിന്നെ നോക്കി കാത്തിരിക്കുന്നു” എന്ന്‌ ദാവീദ്‌ രാജാവു പറഞ്ഞു. (സങ്കീ. 145:15) പ്രാർഥനയിൽ സകലതും ദൈവത്തിൽ അർപ്പിച്ച്‌ പ്രത്യാശയോടെ കാത്തിരിക്കുമ്പോൾ നമ്മുടെ ഉത്‌കണ്‌ഠകൾ ശമിക്കുന്നു. എന്തുകൊണ്ടെന്നാൽ ‘അവൻ നമുക്കായി കരുതുന്നുവെന്ന്‌’ നമുക്കറിയാം.—1 പത്രൊ. 5:7.

13 വിവാഹജീവിതത്തിൽ യഹോവയ്‌ക്കു സ്ഥാനം നൽകാനുള്ള മറ്റൊരു മാർഗമാണ്‌ യോഗങ്ങളിൽ സംബന്ധിക്കുന്നതും ഒരുമിച്ചു ശുശ്രൂഷയിൽ ഏർപ്പെടുന്നതും. കുടുംബങ്ങളെ ശിഥിലമാക്കാനായി സാത്താൻ പ്രയോഗിക്കുന്ന ‘തന്ത്രങ്ങളെ’ എങ്ങനെ നേരിടാമെന്ന്‌ ദമ്പതികൾ യോഗങ്ങളിൽനിന്നു പഠിക്കുന്നു. (എഫെ. 6:11) ശുശ്രൂഷയിൽ ക്രമമായി ഒരുമിച്ച്‌ ഏർപ്പെടുന്നത്‌ തങ്ങളുടെ ബന്ധം ‘ഉറപ്പുള്ളതാക്കാൻ’ അവരെ സഹായിക്കും.—1 കൊരി. 15:58.

പ്രശ്‌നങ്ങൾ തലപൊക്കുമ്പോൾ

14. ഏതെല്ലാം ഘടകങ്ങൾ വിവാഹജീവിതത്തെ സമ്മർദത്തിലാക്കിയേക്കാം?

14 മേൽപ്പറഞ്ഞ നിർദേശങ്ങൾ കേട്ടുപഴകിയതായിരിക്കാം. എങ്കിലും നിങ്ങളുടെ ഇണയോടൊത്ത്‌ അവയൊന്നുകൂടി പരിശോധിച്ചുകൂടേ? അപ്പോൾ ഏതെങ്കിലും വശങ്ങൾക്ക്‌ കൂടുതൽ ശ്രദ്ധനൽകേണ്ടതുണ്ടെന്നു നിങ്ങൾ കണ്ടേക്കാം. വിവാഹജീവിതത്തിൽ യഹോവയ്‌ക്കു സ്ഥാനം നൽകുന്നവർക്കുപോലും “ജഡത്തിൽ കഷ്ടത ഉണ്ടാകും” എന്നു ബൈബിൾ പറയുന്നു. (1 കൊരി. 7:28) മനുഷ്യന്റെ അപൂർണതയും ഈ ദുഷിച്ച ലോകത്തിന്റെ സ്വാധീനവും പിശാചിന്റെ കെണികളും വിശ്വസ്‌ത ദൈവദാസരുടെപോലും ദാമ്പത്യജീവിതത്തെ കടുത്ത സമ്മർദത്തിലാക്കിയേക്കാം. (2 കൊരി. 2:11) എന്നാൽ അത്തരം സമ്മർദങ്ങളിൽ സഹിച്ചുനിൽക്കാൻ യഹോവ നമ്മെ പ്രാപ്‌തരാക്കുന്നു. അതേ, സഹിച്ചുനിൽക്കാൻ നമുക്കു തീർച്ചയായും കഴിയും. വിശ്വസ്‌ത ദാസനായ ഇയ്യോബിന്‌ ആടുമാടുകളും ദാസീദാസന്മാരും സ്വന്തം മക്കളും നഷ്ടപ്പെട്ടു. എങ്കിലും “ഇതിലൊന്നിലും ഇയ്യോബ്‌ പാപം ചെയ്‌കയോ ദൈവത്തിന്നു ഭോഷത്വം ആരോപിക്കയോ ചെയ്‌തില്ല.”—ഇയ്യോ. 1:13-22.

15. സമ്മർദത്തിൻകീഴിൽ ആളുകൾ എങ്ങനെ പ്രതികരിച്ചേക്കാം, ഇണകൾക്ക്‌ അത്തരം സാഹചര്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യാനാകും?

15 എന്നാൽ ഇയ്യോബിന്റെ ഭാര്യ അവനോട്‌, “നീ ഇനിയും നിന്റെ ഭക്തി മുറുകെ പിടിച്ചുകൊണ്ടിരിക്കുന്നുവോ? ദൈവത്തെ ത്യജിച്ചുപറഞ്ഞു മരിച്ചുകളക” എന്നു പറഞ്ഞു. (ഇയ്യോ. 2:9) ജീവിതത്തിൽ ദുരന്തങ്ങളോ മറ്റു പ്രയാസസാഹചര്യങ്ങളോ ഉണ്ടാകുമ്പോൾ കഠിനമായ മനോവ്യഥ നിമിത്തം ചിലപ്പോൾ ആളുകൾ ഒന്നും ചിന്തിക്കാതെ പെരുമാറിയെന്നുവരാം. “പീഡനം ജ്ഞാനിയെ ഭ്രാന്തനാക്കുന്നു” എന്ന്‌ സഭാപ്രസംഗി പറഞ്ഞത്‌ അതുകൊണ്ടാണ്‌. (സഭാ. 7:7, വിശുദ്ധ സത്യവേദപുസ്‌തകം, മോഡേൺ മലയാളം വേർഷൻ) സമ്മർദപൂരിതമായ ഒരു സാഹചര്യം നിമിത്തമോ കടുത്ത മനോവ്യഥയാലോ ഇണ പൊട്ടിത്തെറിക്കുന്നെങ്കിൽ നിങ്ങൾ ശാന്തത പാലിക്കുക. നിങ്ങളും അതേ വിധത്തിൽ പ്രതികരിച്ചാൽ എരിതീയിൽ എണ്ണ ഒഴിക്കുന്നതിനു തുല്യമാകും. (സങ്കീർത്തനം 37:8 വായിക്കുക.) നിരാശയാലോ മനസ്സുമടുത്തിട്ടോ ഇണ ‘വാക്കിൽ തെറ്റിപ്പോയാൽ’ അതു വിട്ടുകളയുന്നതല്ലേ നല്ലത്‌?—ഇയ്യോ. 6:3.

16. (എ) മത്തായി 7:1-5-ലെ യേശുവിന്റെ വാക്കുകൾ വിവാഹജീവിതത്തിൽ ബാധകമാകുന്നതെങ്ങനെ? (ബി) ദാമ്പത്യത്തിൽ സമനില പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

16 ഇണയെക്കുറിച്ച്‌ ന്യായമായ പ്രതീക്ഷകളേ വെച്ചുപുലർത്താവൂ. ഇണയുടെ ചില പ്രത്യേക സ്വഭാവരീതികൾ കണ്ടിട്ട്‌ ‘ഞാൻ ഇതൊക്കെ മാറ്റിയെടുക്കും’ എന്നു നിങ്ങൾ മനസ്സിൽ വിചാരിച്ചേക്കാം. സ്‌നേഹത്തോടെയും ക്ഷമയോടെയും ഇണയെ സഹായിക്കുന്നെങ്കിൽ ഒരുപക്ഷേ ക്രമേണ കാര്യങ്ങൾ മെച്ചപ്പെട്ടേക്കാം. എന്നാൽ മറ്റുള്ളവരുടെ നിസ്സാര പിഴവുകൾ നോക്കിനടക്കുന്നവരെ, സ്വന്തകണ്ണിൽ “കോൽ” ഇരിക്കുമ്പോൾ സഹോദരന്റെ കണ്ണിലെ “കരടു” നോക്കുന്നവരോടാണ്‌ യേശു ഉപമിച്ചതെന്നകാര്യം മനസ്സിൽപ്പിടിക്കുക. യേശു ഇങ്ങനെ പറഞ്ഞു: “നിങ്ങൾ വിധിക്കപ്പെടാതിരിക്കേണ്ടതിന്നു വിധിക്കരുത്‌.” (മത്തായി 7:1-5 വായിക്കുക.) എന്നാൽ ഗുരുതരമായ പിഴവുകൾ കണ്ടില്ലെന്നു നടിക്കണമെന്നല്ല ഇതിനർഥം. വിവാഹിതനായി നാലു ദശകങ്ങൾ പിന്നിട്ട റോബർട്ട്‌ പറയുന്നു: “കാര്യങ്ങൾ പരസ്‌പരം തുറന്നു സംസാരിക്കുമ്പോൾ മാറ്റം വരുത്തേണ്ട വശങ്ങൾ ഇണ ചൂണ്ടിക്കാണിക്കുന്നെങ്കിൽ അവ മനസ്സോടെ സ്വീകരിച്ച്‌ വേണ്ടതു ചെയ്യാൻ തയ്യാറാകണം.” സമനിലയോടെ കാര്യങ്ങളെ വീക്ഷിക്കുക. നിങ്ങൾ ആഗ്രഹിക്കുന്ന ചില ഗുണങ്ങൾ ഇണയിൽ കണ്ടെന്നുവരില്ല. അതേപ്പറ്റി വ്യാകുലപ്പെടുന്നതിനു പകരം നിങ്ങളുടെ ഇണയ്‌ക്ക്‌ ഇപ്പോഴുള്ള നല്ല ഗുണങ്ങളെ വിലമതിക്കാനും അതിൽ സന്തോഷിക്കാനും പഠിക്കുക.—സഭാ. 9:9.

17, 18. ജീവിതം പ്രശ്‌നപൂരിതമാകുമ്പോൾ സഹായത്തിനായി നമുക്ക്‌ എവിടേക്കു തിരിയാം?

17 മാറുന്ന ജീവിതസാഹചര്യങ്ങളിൽ പല പരിശോധനകളും ഉയർന്നുവരാനിടയുണ്ട്‌. ഉദാഹരണത്തിന്‌, കുട്ടികളുള്ള മാതാപിതാക്കൾക്ക്‌ പല പ്രശ്‌നങ്ങളും നേരിടേണ്ടിവരുന്നു. ചിലപ്പോൾ ഇണയ്‌ക്കോ കുട്ടിക്കോ ഗുരുതരമായ ഒരു രോഗം ബാധിച്ചേക്കാം. പ്രായമായ മാതാപിതാക്കൾക്ക്‌ പ്രത്യേക പരിചരണം നൽകേണ്ടിവരുന്ന ഒരു സാഹചര്യം ഉടലെടുത്തെന്നുവരാം. മുതിർന്ന മക്കൾ ദൂരേക്കു താമസം മാറിയേക്കാം. ഇനി ദിവ്യാധിപത്യ പദവികളും ഉത്തരവാദിത്വങ്ങളും മറ്റും ലഭിക്കുമ്പോൾ അതും നിറവേറ്റേണ്ടതുണ്ട്‌. ഇവയെല്ലാം ദാമ്പത്യത്തിൽ ഉത്‌കണ്‌കൾക്കും പിരിമുറുക്കത്തിനും കാരണമാകാറുണ്ട്‌.

18 ദാമ്പത്യത്തിലെ പിരിമുറുക്കങ്ങൾ നിമിത്തം ഇനി മുന്നോട്ടുപോകുക വയ്യ എന്നു നിങ്ങൾക്കു തോന്നുന്നെങ്കിലോ? (സദൃ. 24:10) മടുത്തുപോകരുത്‌! ഒരു ദൈവദാസനെങ്കിലും സത്യാരാധന ഉപേക്ഷിച്ചാൽ സാത്താൻ സന്തോഷിക്കും. ദമ്പതികൾ അങ്ങനെ ചെയ്‌താൽ അവന്‌ ഏറെ സന്തോഷമായിരിക്കുമെന്നു പറയേണ്ടതില്ലല്ലോ. അതുകൊണ്ട്‌ നിങ്ങളുടെ ദാമ്പത്യം ഒരു മുപ്പിരിച്ചരടായി കാത്തുസൂക്ഷിക്കാൻ നിങ്ങളാലാവതു ചെയ്യുക. കഠിനപരിശോധനകൾ നേരിട്ടപ്പോഴും വിശ്വസ്‌തരായി നിന്ന നിരവധിപ്പേരെക്കുറിച്ചുള്ള വിവരണങ്ങൾ ബൈബിളിലുണ്ട്‌. ഉദാഹരണത്തിന്‌ ദാവീദ്‌ ഒരു സന്ദർഭത്തിൽ യഹോവയുടെ മുമ്പാകെ ഹൃദയം പകർന്നുകൊണ്ട്‌ ഇങ്ങനെ അപേക്ഷിച്ചു: “ദൈവമേ, എന്നോടു കൃപയുണ്ടാകേണമേ; മനുഷ്യർ . . . ഇടവിടാതെ പൊരുതു എന്നെ ഞെരുക്കുന്നു.” (സങ്കീ. 56:1) മറ്റുള്ളവർ നിങ്ങളെ ഞെരുക്കുന്നതായി നിങ്ങൾക്കു തോന്നിയിട്ടുണ്ടോ? അത്തരമൊരവസ്ഥയ്‌ക്കു പിന്നിൽ നിങ്ങളുടെ ഉറ്റവർതന്നെയാകാം, അല്ലെങ്കിൽ മറ്റാരെങ്കിലുമാകാം. എന്നാൽ ദാവീദിനെപ്പോലെ നിങ്ങൾക്കും സഹിച്ചുനിൽക്കാനുള്ള ശക്തിയാർജിക്കാനാകും. ദാവീദിന്റെ വാക്കുകൾ ശ്രദ്ധിക്കുക: “ഞാൻ യഹോവയോടു അപേക്ഷിച്ചു; അവൻ എനിക്കു ഉത്തരമരുളി എന്റെ സകലഭയങ്ങളിൽനിന്നും എന്നെ വിടുവിച്ചു.”—സങ്കീ. 34:4.

കൂടുതലായ അനുഗ്രഹങ്ങൾ

19. സാത്താന്റെ ആക്രമണങ്ങളെ നമുക്ക്‌ എങ്ങനെ ചെറുക്കാൻ കഴിയും?

19 ഈ അന്ത്യനാളുകളിൽ ദമ്പതികൾ ‘അന്യോന്യം പ്രബോധിപ്പിക്കുകയും [“ആശ്വസിപ്പിക്കുകയും,” പി.ഒ.സി. ബൈബിൾ] തമ്മിൽ ആത്മികവർദ്ധന’ വരുത്തുകയും ചെയ്യേണ്ടതുണ്ട്‌. (1 തെസ്സ. 5:11) ഓർക്കുക, നാം യഹോവയെ സേവിക്കുന്നത്‌ സ്വാർഥലക്ഷ്യങ്ങളോടെയാണെന്നാണ്‌ സാത്താൻ വാദിക്കുന്നത്‌. ദൈവത്തോടുള്ള നമ്മുടെ നിർമലത തകർക്കാൻ അവൻ ഏത്‌ അടവും പയറ്റും, ദാമ്പത്യത്തിൽ വിള്ളൽ വീഴ്‌ത്തുന്നതുൾപ്പെടെ. സാത്താന്റെ ആക്രമണങ്ങളെ ചെറുക്കാൻ നാം യഹോവയിൽ പൂർണമായി ആശ്രയിക്കേണ്ടതുണ്ട്‌. (സദൃ. 3:5, 6) “എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം ഞാൻ സകലത്തിന്നും മതിയാകുന്നു” എന്നാണ്‌ പൗലൊസ്‌ അപ്പൊസ്‌തലൻ എഴുതിയത്‌.—ഫിലി. 4:13.

20. വിവാഹജീവിതത്തിൽ യഹോവയ്‌ക്കു സ്ഥാനം നൽകുന്നത്‌ എന്ത്‌ അനുഗ്രഹങ്ങളിൽ കലാശിക്കും?

20 ദാമ്പത്യത്തിൽ ദൈവത്തിനു സ്ഥാനം നൽകുമ്പോൾ അനുഗ്രഹങ്ങൾ നിരവധിയാണ്‌. 51 വർഷത്തെ ദാമ്പത്യം ആസ്വദിച്ച ജോയലിന്റെയും ഭാര്യയുടെയും അനുഭവം അതു സാക്ഷ്യപ്പെടുത്തുന്നു. അദ്ദേഹം പറയുന്നു: “എനിക്ക്‌ ഇങ്ങനെയൊരു ഭാര്യയെ തന്നതിനും ഞങ്ങളുടെ സുഹൃദ്‌ബന്ധത്തിനും ഞാൻ എന്നും യഹോവയ്‌ക്കു നന്ദി പറയും. അവൾ എനിക്കൊരു ഉത്തമ കൂട്ടാളിയാണ്‌.” അവരുടെ സന്തുഷ്ടിയുടെ രഹസ്യമെന്താണ്‌? “ദയയും ക്ഷമയും കാണിക്കാനും പരസ്‌പരം സ്‌നേഹിക്കാനും എപ്പോഴും ഞങ്ങൾ ശ്രദ്ധിക്കുന്നു.” ഇത്തരം ഗുണങ്ങൾ തികവോടെ പ്രതിഫലിപ്പിക്കാൻ ഈ വ്യവസ്ഥിതിയിൽ നമുക്കാവില്ല. എന്നിരുന്നാലും ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കാൻ നമ്മാലാവതു ശ്രമിക്കാം. അങ്ങനെ നമ്മുടെ ദാമ്പത്യത്തിൽ യഹോവയ്‌ക്കു സ്ഥാനം നൽകാം. അപ്രകാരം ചെയ്യുന്നെങ്കിൽ ‘വേഗത്തിൽ അറ്റുപോകയില്ലാത്ത മുപ്പിരിച്ചരടു’പോലെ ആയിരിക്കും നമ്മുടെ ദാമ്പത്യം.—സഭാ. 4:12.

നിങ്ങൾ ഓർമിക്കുന്നുവോ?

• വിവാഹജീവിതത്തിൽ യഹോവയ്‌ക്കു സ്ഥാനം നൽകുക എന്നതിന്റെ അർഥമെന്ത്‌?

• പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോൾ ദമ്പതികൾ എന്തു ചെയ്യണം?

• ദാമ്പത്യത്തിൽ നാം യഹോവയെ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന്‌ എങ്ങനെ അറിയാം?

[അധ്യയന ചോദ്യങ്ങൾ]

[18-ാം പേജിലെ ചിത്രങ്ങൾ]

ഒരുമിച്ചു പ്രാർഥിക്കുന്നത്‌ വെല്ലുവിളിനിറഞ്ഞ സാഹചര്യങ്ങൾ നേരിടാൻ ദമ്പതികളെ സഹായിക്കും