വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പരിജ്ഞാനത്തിൽ വളരുക ആകാംക്ഷാഭരിതമായ മനസ്സോടെ

പരിജ്ഞാനത്തിൽ വളരുക ആകാംക്ഷാഭരിതമായ മനസ്സോടെ

പരിജ്ഞാനത്തിൽ വളരുക ആകാംക്ഷാഭരിതമായ മനസ്സോടെ

യഹോവയുടെ എല്ലാ ദാസന്മാരും അവന്റെ അംഗീകാരം കാംക്ഷിക്കുന്നു. ആ അംഗീകാരത്തിനായി നമ്മുടെ വിശ്വാസത്തിന്റെ ഗുണമേന്മ മെച്ചപ്പെടുത്താനും തീക്ഷ്‌ണതയോടെ വിശുദ്ധസേവനം അനുഷ്‌ഠിക്കാനും നാം ആകാംക്ഷയുള്ളവരാണ്‌. എന്നിരുന്നാലും, തന്റെ നാളിലെ ചില യഹൂദന്മാർക്കു സംഭവിച്ചതുപോലുള്ള ഒരപകടത്തിലേക്ക്‌ ശ്രദ്ധക്ഷണിച്ചുകൊണ്ട്‌ അപ്പൊസ്‌തലനായ പൗലൊസ്‌ ഇങ്ങനെ പറയുന്നു: “അവർ ദൈവത്തെ സംബന്ധിച്ചു തീക്ഷ്‌ണതയുള്ളവരെന്നു ഞാൻ സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ അത്‌ പരിജ്ഞാനപ്രകാരമുള്ളതല്ല.” (റോമ. 10:2, NW) നമ്മുടെ വിശ്വാസവും ആരാധനയും കേവലം വികാരങ്ങളിൽ അധിഷ്‌ഠിതമായിരിക്കരുത്‌ എന്നാണ്‌ അതിനർഥം. സ്രഷ്ടാവിനെയും അവന്റെ ഉദ്ദേശ്യത്തെയും സംബന്ധിച്ച്‌ നാം പരിജ്ഞാനം നേടേണ്ടതുണ്ട്‌.

മറ്റു ചില ഭാഗങ്ങളിലും പൗലൊസ്‌, ദൈവാംഗീകാരത്തിനു യോഗ്യമായ പ്രവർത്തനങ്ങളെ പരിജ്ഞാനം നേടുന്നതുമായി ബന്ധപ്പെടുത്തി സംസാരിക്കുന്നു. ‘സകല സൽപ്രവൃത്തിയിലും ഫലം കായിച്ചു ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ വളരവേ,’ ക്രിസ്‌തുവിന്റെ അനുഗാമികൾ യഹോവയുടെ ‘പൂർണ്ണപ്രസാദത്തിന്നായി അവനു യോഗ്യമാകുംവണ്ണം നടക്കേണ്ടതിന്‌’ ദൈവഹിതത്തെക്കുറിച്ചുള്ള “പരിജ്ഞാനംകൊണ്ടു നിറഞ്ഞുവരേണം” എന്ന്‌ അവൻ പ്രാർഥിച്ചു. (കൊലൊ. 1:9, 10) നാം “പരിജ്ഞാനം” സമ്പാദിക്കേണ്ടത്‌ ഇത്ര പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ടാണ്‌? ആ പരിജ്ഞാനം നാം വർധിപ്പിക്കേണ്ടത്‌ എന്തുകൊണ്ട്‌?

വിശ്വാസത്തിന്റെ രഹസ്യം

ദൈവത്തെയും അവന്റെ ഹിതത്തെയും സംബന്ധിച്ച്‌ തിരുവെഴുത്തുകൾ വെളിപ്പെടുത്തുന്ന പരിജ്ഞാനമാണ്‌ നമ്മുടെ വിശ്വാസത്തിന്‌ ആധാരം. ആശ്രയയോഗ്യമായ അത്തരം പരിജ്ഞാനമില്ലെങ്കിൽ യഹോവയിലുള്ള നമ്മുടെ വിശ്വാസം, ഊതിയാൽ തകർന്നുവീഴുന്ന ഒരു ചീട്ടുകൊട്ടാരംപോലെയായിരിക്കും. “കാര്യബോധത്തോടെ” (NW) ദൈവത്തിനു വിശുദ്ധസേവനം അനുഷ്‌ഠിക്കാനും ‘മനസ്സു പുതുക്കി രൂപാന്തരപ്പെടാനും’ പൗലൊസ്‌ നമ്മെ പ്രോത്സാഹിപ്പിക്കുന്നു. (റോമ. 12:1, 2) ക്രമമായ ബൈബിൾപഠനം അതിനു നമ്മെ സഹായിക്കും.

പോളണ്ടിലെ ഒരു സാധാരണ പയനിയറായ ഈവ പറയുന്നു: “ക്രമമായി ദൈവവചനം പഠിക്കാത്തപക്ഷം യഹോവയെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ എനിക്കു വളരാനാവില്ല. എന്റെ ക്രിസ്‌തീയ വ്യക്തിത്വത്തിനു പെട്ടെന്നുതന്നെ മങ്ങലേൽക്കുമെന്നും ദൈവത്തിലുള്ള എന്റെ വിശ്വാസം ക്ഷയിക്കുമെന്നും അങ്ങനെ ആത്മീയദാരിദ്ര്യത്തിലേക്കു ഞാൻ കൂപ്പുകുത്തുമെന്നും എനിക്കറിയാം.” നമ്മുടെ കാര്യത്തിൽ ഒരിക്കലും അങ്ങനെ സംഭവിക്കാതിരിക്കട്ടെ! യഹോവയെക്കുറിച്ചുള്ള പരിജ്ഞാനം വർധിപ്പിക്കുകയും അതുവഴി ദിവ്യാംഗീകാരത്തിനു പാത്രമാകുകയും ചെയ്‌ത ഒരു വ്യക്തിയുടെ അനുഭവം നമുക്കിപ്പോൾ പരിചിന്തിക്കാം.

“നിന്റെ ന്യായപ്രമാണം എനിക്കു എത്രയോ പ്രിയം”

119-ാം സങ്കീർത്തനം യഹോവയുടെ നിയമങ്ങൾ, സാക്ഷ്യങ്ങൾ, കൽപ്പനകൾ, ന്യായവിധികൾ എന്നിവയോടുള്ള സങ്കീർത്തനക്കാരന്റെ വികാരങ്ങൾ നന്നായി പ്രതിഫലിപ്പിക്കുന്നു. “ഞാൻ നിന്റെ ചട്ടങ്ങളിൽ രസിക്കും . . . നിന്റെ സാക്ഷ്യങ്ങൾ എന്റെ പ്രമോദ”മാകുന്നു എന്നും “നിന്റെ ന്യായപ്രമാണം എനിക്കു എത്രയോ പ്രിയം; ഇടവിടാതെ അതു എന്റെ ധ്യാനമാകുന്നു” എന്നും അവനെഴുതി.—സങ്കീ. 119:16, 24, 47, 48, 77, 97.

“രസിക്കും,” “ധ്യാനമാകുന്നു” എന്നീ പ്രയോഗങ്ങൾ ദൈവവചനത്തെക്കുറിച്ചുള്ള ധ്യാനം ആനന്ദപ്രദമായ ഒരനുഭവമാണെന്നതിന്റെ സൂചനയാണ്‌. ന്യായപ്രമാണത്തിന്റെ പഠനം സങ്കീർത്തനക്കാരൻ എത്രകണ്ട്‌ പ്രിയപ്പെട്ടിരുന്നു എന്നതിന്‌ അവ അടിവരയിടുന്നു. ആ സ്‌നേഹം സങ്കീർത്തനക്കാരന്റെ ഹൃദയവികാരത്തിന്റെ വെറുമൊരു തിരത്തള്ളലായിരുന്നില്ല; യഹോവയുടെ വചനത്തിന്റെ ആഴമായ ഗ്രാഹ്യം നേടുന്നതിന്‌, അവന്റെ ന്യായപ്രമാണത്തെക്കുറിച്ചു ധ്യാനിക്കാൻ അവൻ അതിയായി വാഞ്‌ഛിച്ചിരുന്നു. ദൈവത്തെയും അവന്റെ ഉദ്ദേശ്യങ്ങളെയുംകുറിച്ച്‌ കഴിയുന്നത്ര സൂക്ഷ്‌മമായി അറിയാൻ അവൻ ആഗ്രഹിച്ചിരുന്നുവെന്ന്‌ അവന്റെ മനോഭാവം വ്യക്തമാക്കുന്നു.

ദൈവവചനത്തോടുള്ള സങ്കീർത്തനക്കാരന്റെ സ്‌നേഹം ഹൃദയത്തിന്റെ ആഴങ്ങളിൽനിന്നുള്ളതായിരുന്നു. ‘എന്റെ കാര്യത്തിൽ അത്‌ അങ്ങനെതന്നെയാണോ? ദിവസവും ദൈവവചനത്തിലെ ഒരു ഭാഗം വായിച്ച്‌ അവലോകനം ചെയ്യുന്നത്‌ എനിക്ക്‌ ആനന്ദം പകരുന്നുണ്ടോ? ഉത്സാഹത്തോടെയും പ്രാർഥനാമനോഭാവത്തോടെയുമാണോ ഞാൻ ദൈവവചനം വായിക്കുന്നത്‌?’ എന്ന്‌ നമുക്കു നമ്മോടുതന്നെ ചോദിക്കാം. ആ ചോദ്യങ്ങൾക്ക്‌ ‘ഉവ്വ്‌’ എന്ന്‌ ഉത്തരം നൽകാൻ കഴിയുന്നുണ്ടെങ്കിൽ “ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ” നാം വളരുകയാണെന്നതിന്റെ തെളിവായിരിക്കാം അത്‌.

ഈവ പറയുന്നു: “വ്യക്തിപരമായ പഠനത്തിന്റെ ഗുണമേന്മ മെച്ചപ്പെടുത്താൻ ഞാൻ നിരന്തരം ശ്രമിക്കാറുണ്ട്‌. കാണ്മിൻ! ആ ‘നല്ല ദേശം’ എന്ന ലഘുപത്രിക ലഭിച്ചതിൽപ്പിന്നെ പഠിക്കുമ്പോഴെല്ലാം ഞാനത്‌ ഉപയോഗിക്കുന്നു. തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്‌ച (ഇംഗ്ലീഷ്‌) എന്ന പുസ്‌തകവും മറ്റു പ്രസിദ്ധീകരണങ്ങളും ഞാൻ പരിശോധിക്കാറുണ്ട്‌.”

ഭാരിച്ച കുടുംബ ഉത്തരവാദിത്വങ്ങളുള്ള വോയ്‌ഷെക്‌-മൗഗൊഷാറ്റാ ദമ്പതികളുടെ ദൃഷ്ടാന്തവും നോക്കുക. തിരക്കേറിയ ജീവിതത്തിനിടയിൽ വ്യക്തിപരമായ ബൈബിൾപഠനത്തിന്‌ അവർ എങ്ങനെയാണു സമയം കണ്ടെത്തുന്നത്‌? “വ്യക്തിപരമായ ബൈബിൾപഠനത്തിന്‌ ഞങ്ങളോരോരുത്തരും സാധ്യമാകുന്നത്ര സമയം നീക്കിവെക്കുന്നു. എന്നിട്ട്‌, കണ്ടെത്തിയ രസകരവും പ്രയോജനകരവുമായ ആശയങ്ങൾ കുടുംബാധ്യയനവേളയിലും സാധാരണ സംഭാഷണസമയത്തും പരസ്‌പരം പങ്കുവെക്കുന്നു.” ദൈവവചനത്തിന്റെ ആഴമായ പഠനം അവർക്ക്‌ അതിയായ സന്തോഷം പകരുന്നു, ‘പരിജ്ഞാനത്തിൽ വളർന്നുവരാൻ’ അവരെ സഹായിക്കുകയും ചെയ്യുന്നു.

തുറന്ന മനസ്സോടെ പഠിക്കുക

“സകലമനുഷ്യരും രക്ഷപ്രാപിപ്പാനും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തുവാനും” ദൈവം ആഗ്രഹിക്കുന്നുവെന്ന്‌ ക്രിസ്‌ത്യാനികളായ നമുക്കറിയാം. (1 തിമൊ. 2:3, 4) ബൈബിൾ വായിക്കുകയും അതു ‘ഗ്രഹിക്കുകയും’ ചെയ്യേണ്ടതിന്റെ പ്രാധാന്യത്തിന്‌ ഇത്‌ അടിവരയിടുന്നു. (മത്താ. 15:10) തുറന്ന മനസ്സോടെ പഠിക്കുക എന്നതാണ്‌ ഗ്രാഹ്യം നേടുന്നതിനുള്ള ഒരു മാർഗം. അത്തരമൊരു മനോഭാവമാണ്‌ ഒന്നാം നൂറ്റാണ്ടിലെ ബെരോവക്കാർ പ്രകടമാക്കിയത്‌. പൗലൊസ്‌ സുവിശേഷം അറിയിച്ചപ്പോൾ, “അവർ വളരെ താൽപര്യത്തോടെ വചനം കൈക്കൊള്ളുകയും പൗലൊസ്‌ പ്രസ്‌താവിച്ചതു ശരിയോ എന്നറിയുവാൻ ദിനംപ്രതി തിരുവെഴുത്തുകൾ പരിശോധിക്കുകയും ചെയ്‌തുപോന്നു.”—പ്രവൃ. 17:11, ന്യൂ ഇൻഡ്യാ ബൈബിൾ ഭാഷാന്തരം.

ബെരോവക്കാരെപ്പോലെ വളരെ താത്‌പര്യത്തോടെ അഥവാ ആകാംക്ഷാഭരിതമായ മനസ്സോടെയാണോ നിങ്ങൾ ബൈബിൾ പഠിക്കുന്നത്‌? പഠനവേളയിൽ മനസ്സ്‌ അനാവശ്യകാര്യങ്ങളിൽ അലഞ്ഞുതിരിയാതിരിക്കാൻ നിങ്ങൾ ശ്രദ്ധിക്കാറുണ്ടോ? പഠനം അത്ര സന്തോഷപ്രദമായി തോന്നിയിട്ടില്ലാത്തവർക്കും ബെരോവക്കാരുടെ ദൃഷ്ടാന്തം പിൻപറ്റാവുന്നതാണ്‌. പ്രായമാകുന്നതോടെ പലർക്കും വായിക്കാനും പഠിക്കാനുമൊക്കെയുള്ള താത്‌പര്യം കുറയാറുണ്ട്‌. എന്നാൽ പ്രായം എന്തുതന്നെയായാലും മനസ്സിനെ ഏകാഗ്രമാക്കിനിറുത്തുക സാധ്യമാണ്‌. വായിക്കുമ്പോൾ, മറ്റുള്ളവരുമായി പങ്കുവെക്കാനാകുന്നതരം വിവരങ്ങൾ കണ്ടുപിടിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഉദാഹരണത്തിന്‌, പഠനവേളയിൽ വായിച്ചതോ പഠിച്ചതോ ആയ കാര്യങ്ങൾ ഇണയോടോ സഹോദരങ്ങളോടോ നിങ്ങൾക്കു പറയാനാവില്ലേ? അപ്രകാരം ചെയ്യുമ്പോൾ അക്കാര്യങ്ങൾ നിങ്ങളുടെതന്നെ മനസ്സിലും ഹൃദയത്തിലും നന്നായി പതിയും, ഒപ്പം അത്‌ മറ്റുള്ളവരുടെമേൽ ഗുണകരമായ ഫലമുളവാക്കുകയും ചെയ്യും.

ഇക്കാര്യത്തിൽ എസ്രായുടെ ദൃഷ്ടാന്തവും പിൻപറ്റാവുന്നതാണ്‌. പുരാതനകാലത്തെ ആ ദൈവദാസൻ, ‘യഹോവയുടെ ന്യായപ്രമാണം പരിശോധിക്കാൻ മനസ്സുവെച്ചു [അഥവാ തന്റെ ഹൃദയത്തെ അതിനായി ഒരുക്കി].’ (എസ്രാ 7:10) നിങ്ങൾക്ക്‌ അതെങ്ങനെ ചെയ്യാനാകും? ആദ്യമായി പഠനത്തിനനുയോജ്യമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുക. തുടർന്ന്‌ യഹോവയുടെ മാർഗനിർദേശത്തിനും ജ്ഞാനത്തിനുമായി പ്രാർഥിക്കുക. (യാക്കോ. 1:5) ‘ഈ പഠനത്തിലൂടെ എന്തു നേടാനാണ്‌ ഞാനുദ്ദേശിക്കുന്നത്‌?’ എന്ന്‌ നിങ്ങളോടുതന്നെ ചോദിക്കുക. വായിക്കവെ മുഖ്യാശയങ്ങൾ കണ്ടെത്താൻ പ്രത്യേകം ശ്രമിക്കുക. അവ കുറിച്ചുവെക്കുകയോ വിശേഷാൽ ഓർത്തിരിക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ അടയാളപ്പെടുത്തുകയോ ചെയ്യുക. വയൽസേവനത്തിലോ തീരുമാനങ്ങളെടുക്കുമ്പോഴോ സഹവിശ്വാസികളെ പ്രോത്സാഹിപ്പിക്കുമ്പോഴോ പ്രസ്‌തുത വിവരങ്ങൾ എങ്ങനെ ഉപയോഗിക്കാമെന്നു ചിന്തിക്കുക. പഠനത്തിന്റെ അന്ത്യത്തിൽ പഠിച്ചതത്രയും പുനരവലോകനം ചെയ്യുക. അക്കാര്യങ്ങൾ മനസ്സിൽ സൂക്ഷിക്കാൻ ഇതു നിങ്ങളെ സഹായിക്കും.

താൻ ചെയ്യുന്നത്‌ എന്താണെന്ന്‌ ഈവ പറയുന്നു: “ബൈബിൾ വായിക്കുമ്പോൾ ഒത്തുവാക്യങ്ങളും വാച്ച്‌ടവർ പ്രസിദ്ധീകരണ സൂചികയും (ഇംഗ്ലീഷ്‌) സിഡി-റോമിലുള്ള വാച്ച്‌ടവർ ലൈബ്രറിയും ഞാൻ നന്നായി പ്രയോജനപ്പെടുത്തുന്നു. ശുശ്രൂഷയിൽ ഉപയോഗിക്കേണ്ടതിന്‌ കുറിപ്പുകളും തയ്യാറാക്കുന്നു.”

ആത്മീയ കാര്യങ്ങൾ പഠിക്കുന്നതിനുവേണ്ടി വളരെയധികം സമയം ചെലവഴിച്ചിരുന്നവരാണ്‌ ചിലർ, അവർ അത്‌ നന്നായി ആസ്വദിക്കുകയും ചെയ്‌തിരുന്നു. (സദൃ. 2:1-5) എന്നാൽ ഇപ്പോൾ ഉത്തരവാദിത്വങ്ങൾ ഏറിയതിനാൽ അവർക്ക്‌ അത്രത്തോളം ചെയ്യാനാകുന്നില്ല. ഇങ്ങനെയൊരു സാഹചര്യമാണ്‌ നിങ്ങളുടേതെങ്കിൽ എന്തു ചെയ്യാനാകും?

എങ്ങനെ സമയം കണ്ടെത്താം?

ഇഷ്ടമുള്ള കാര്യങ്ങൾക്കായി സമയം കണ്ടെത്തുക എളുപ്പമാണെന്ന്‌ നമുക്കറിയാം. ബൈബിൾ മുഴുവനും വായിച്ചുതീർക്കുക എന്നതുപോലുള്ള സാധ്യമായ ലക്ഷ്യങ്ങൾ വെക്കുന്നത്‌, വ്യക്തിപരമായ പഠനത്തിൽ മുഴുകാൻ സഹായിക്കുന്നതായി അനേകർ മനസ്സിലാക്കിയിരിക്കുന്നു. ഇന്ന്‌ അത്ര പ്രസക്തമല്ലാത്തവയായി തോന്നിയേക്കാവുന്ന ദീർഘമായ വംശാവലികളും വിശദമായ ആലയവിവരണങ്ങളും സങ്കീർണമായ പ്രവചനങ്ങളും വായിക്കുന്നത്‌ ആയാസകരമായി തോന്നിയേക്കാമെന്നതു ശരിതന്നെ. അതുകൊണ്ട്‌ നിങ്ങളുടെ ലക്ഷ്യത്തിലെത്താൻ ചില പ്രായോഗികപടികൾ സ്വീകരിക്കുക. ഉദാഹരണത്തിന്‌, ബുദ്ധിമുട്ടുള്ളതെന്നു തോന്നിയേക്കാവുന്ന ഒരു ബൈബിൾഭാഗം വായിക്കുന്നതിനുമുമ്പുതന്നെ അതിന്റെ ചരിത്ര പശ്ചാത്തലമോ പ്രായോഗികമൂല്യമോ മനസ്സിലാക്കാൻ ശ്രമിക്കാവുന്നതാണ്‌. ഇപ്പോൾ 50-ഓളം ഭാഷകളിൽ ലഭ്യമായിരിക്കുന്ന, ‘എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്‌തവും പ്രയോജനപ്രദവുമാകുന്നു’ എന്ന പുസ്‌തകത്തിൽ അത്തരം വിവരങ്ങൾ കണ്ടെത്താനാകും.

ബൈബിൾ വായിക്കുമ്പോൾ, ഉൾപ്പെട്ടിരിക്കുന്ന കഥാപാത്രങ്ങളെയും സംഭവങ്ങളെയും ഭാവനയിൽ കാണുന്നത്‌ വായനയുടെ ആസ്വാദ്യത വർധിപ്പിക്കും. ഇത്തരം ചില നിർദേശങ്ങൾ പിൻപറ്റുന്നതിലൂടെ പഠനം ഏറെ രസകരവും പ്രയോജനപ്രദവുമായേക്കാം. അതോടെ പഠിക്കാനുള്ള നിങ്ങളുടെ ഉത്സാഹം വർധിക്കും, ദൈനംദിന ബൈബിൾവായന ഒരു ശീലമായിത്തീരുകയും ചെയ്യും.

മേൽപ്പറഞ്ഞ നിർദേശങ്ങൾ വ്യക്തികളെന്നനിലയിൽ നമുക്കു സഹായകമാണെങ്കിലും തിരക്കുള്ള ഒരു കുടുംബത്തിന്റെ കാര്യത്തിലോ? കുടുംബത്തിലുള്ള എല്ലാവരുംചേർന്ന്‌ ബൈബിൾ പഠിച്ചാലുള്ള പ്രയോജനത്തെക്കുറിച്ച്‌ കൂട്ടായ ഒരു ചർച്ച നടത്തരുതോ? അത്തരം ചർച്ചയിലൂടെ പ്രായോഗികമായി എന്തൊക്കെ ചെയ്യാമെന്നു കണ്ടുപിടിക്കാനാകും. ഉദാഹരണത്തിന്‌, ബൈബിളിന്റെ ഒരു ഭാഗം പരിചിന്തിക്കാനായി ഒരുപക്ഷേ എല്ലാ ദിവസവും അല്ലെങ്കിൽ ചില ദിവസങ്ങളിലെങ്കിലും അൽപ്പം നേരത്തേ ഉണരാനാകും. അതല്ലെങ്കിൽ, പഠനത്തിനായുള്ള കുടുംബ പട്ടികയിൽ ചില പൊരുത്തപ്പെടുത്തലുകൾ വരുത്തേണ്ടതുണ്ടെന്ന്‌ ആ ചർച്ചയിലൂടെ മനസ്സിലായേക്കാം. കുടുംബം ഒത്തൊരുമിച്ചു ഭക്ഷണം കഴിച്ചശേഷം മറ്റുകാര്യങ്ങളിലേക്കു തിരിയുന്നതിനുമുമ്പ്‌ ദിനവാക്യമോ ബൈബിളിലെ ഒരു ഭാഗമോ ചർച്ചചെയ്യുന്നതിനു പത്തോ പതിനഞ്ചോ മിനിട്ട്‌ ഉപയോഗിക്കുന്നത്‌ പ്രയോജനകരമാണെന്ന്‌ ചിലർ തിരിച്ചറിഞ്ഞിരിക്കുന്നു. ആദ്യമൊക്കെ ബുദ്ധിമുട്ടാണെന്നു തോന്നിയേക്കാമെങ്കിലും പെട്ടെന്നുതന്നെ അതു രസകരമായ ഒരു ദിനചര്യയായിത്തീർന്നേക്കാം.

വോയ്‌ഷെക്‌-മൗഗൊഷാറ്റാ ദമ്പതികൾ തങ്ങളുടെ കുടുംബത്തെക്കുറിച്ചു പറയുന്നു: “മുമ്പൊക്കെ ഞങ്ങൾ ധാരാളം സമയം അനാവശ്യ കാര്യങ്ങൾക്കായി ചെലവഴിച്ചിരുന്നു. ഇ-മെയിൽ അയയ്‌ക്കാനും വിനോദങ്ങൾക്കും മറ്റുമായി ഉപയോഗിക്കുന്ന സമയം വെട്ടിച്ചുരുക്കാൻ ഞങ്ങൾ നിശ്ചയിച്ചു. ആഴമായ പഠനത്തിനായി കൃത്യമായ ഒരു ദിവസവും സമയവും മാറ്റിവെക്കുകയും ചെയ്‌തു.” ഇത്തരം പൊരുത്തപ്പെടുത്തലുകൾ വരുത്തിയതിൽ ഈ കുടുംബത്തിനു തെല്ലും ഖേദമില്ല. നിങ്ങൾക്കും അതൊന്നു പരീക്ഷിച്ചുനോക്കരുതോ?

പരിജ്ഞാനത്തിൽ വളരുന്നതു പ്രയോജനപ്രദം

‘സകല സൽപ്രവൃത്തിയിലും ഫലം കായ്‌ക്കാൻ’ ദൈവവചനത്തിന്റെ ആഴമായ പഠനം സഹായിക്കും. (കൊലൊ. 1:10) അങ്ങനെ നിങ്ങളുടെ അഭിവൃദ്ധി എല്ലാവർക്കും ദൃശ്യമായിത്തീരും. നിങ്ങൾ ബൈബിൾസത്യങ്ങളുടെ ആഴമായ ഗ്രാഹ്യമുള്ള ഒരു ആത്മീയ വ്യക്തിയായിത്തീരും. സമനിലയോടെ തീരുമാനങ്ങളെടുക്കാനും മെച്ചമായി മറ്റുള്ളവരെ സഹായിക്കാനും അതു നിങ്ങളെ പ്രാപ്‌തരാക്കും. എല്ലാറ്റിലുമുപരി, നിങ്ങൾ യഹോവയോട്‌ കൂടുതൽ അടുത്തുചെല്ലും; അവന്റെ ഗുണങ്ങളെ ഏറെ വിലമതിക്കാനും ഇടയാകും. അവനെക്കുറിച്ചുള്ള നിങ്ങളുടെ സംസാരത്തിലെല്ലാം ആ വിലമതിപ്പ്‌ പ്രതിഫലിക്കുകയും ചെയ്യും.—1 തിമൊ. 4:15; യാക്കോ. 4:8.

പ്രായമോ അനുഭവപരിചയമോ ഗണ്യമാക്കാതെ തുടർന്നും ദൈവവചനത്തിൽ സന്തോഷിക്കാനും തുറന്ന മനസ്സോടെ അത്‌ ആഴമായി പഠിക്കാനും സകല ശ്രമവും ചെയ്യുക. യഹോവ അതൊരിക്കലും മറന്നുകളയില്ല. (എബ്രാ. 6:10) അവൻ നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കുകയും ചെയ്യും.

[13-ാം പേജിലെ ചതുരം]

പരിജ്ഞാനം വർധിക്കുമ്പോൾ . . .

ദൈവത്തിലുള്ള നമ്മുടെ വിശ്വാസം ബലപ്പെടും; യഹോവയ്‌ക്കു യോഗ്യമാം വിധം നാം നടക്കും.—കൊലൊ. 1:9, 10

നാം കൂടുതൽ ഉൾക്കാഴ്‌ചയുള്ളവരായിത്തീരും; വിവേകപൂർവം ശരിയായ തീരുമാനങ്ങളെടുക്കാൻ അതു നമ്മെ സഹായിക്കും.—സങ്കീ. 119:99.

ദൈവത്തോട്‌ അടുത്തുചെല്ലാൻ മറ്റുള്ളവരെ സഹായിക്കുന്നതിൽ നാം അതിയായ സന്തോഷമുള്ളവരായിരിക്കും.—മത്താ. 28:19, 20.

[14-ാം പേജിലെ ചിത്രങ്ങൾ]

പഠനത്തിനു പറ്റിയ ഒരു സ്ഥലം കണ്ടെത്തുക

[15-ാം പേജിലെ ചിത്രം]

ഭക്ഷണശേഷം ബൈബിൾ വായിക്കുന്ന ഒരു കുടുംബം