വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബഹുമാനിക്കുന്നതിൽ നിങ്ങൾ മുന്നിട്ടുനിൽക്കുന്നുവോ?

ബഹുമാനിക്കുന്നതിൽ നിങ്ങൾ മുന്നിട്ടുനിൽക്കുന്നുവോ?

ബഹുമാനിക്കുന്നതിൽ നിങ്ങൾ മുന്നിട്ടുനിൽക്കുന്നുവോ?

‘ബഹുമാനിക്കുന്നതിൽ മുന്നിട്ടുകൊൾവിൻ.’—റോമ. 12:10.

1. ലോകത്തിന്റെ പല ഭാഗങ്ങളിലും അന്യമായിക്കൊണ്ടിരിക്കുന്ന സ്വഭാവഗുണം ഏതാണ്‌?

മുതിർന്നവരോടുള്ള ബഹുമാനാർഥം കുട്ടികൾ അവരുടെ മുമ്പാകെ മുട്ടുമടക്കി ഇരിക്കുന്നത്‌ ചില സംസ്‌കാരങ്ങളിൽ പതിവാണ്‌. മൂത്തവരെക്കാൾ തലപ്പൊക്കം തോന്നിക്കാതിരിക്കാനാണ്‌ അങ്ങനെ ചെയ്യുന്നത്‌. കുട്ടികൾ മുതിർന്നവരുടെ മുന്നിൽ പുറംതിരിഞ്ഞുനിൽക്കുന്നതും ഈ സമൂഹങ്ങൾ അനാദരവായി കണക്കാക്കുന്നു. പല സംസ്‌കാരങ്ങൾക്കും ആദരവു കാണിക്കാൻ ഓരോരോ രീതികളുണ്ട്‌. മോശൈക ന്യായപ്രമാണത്തിലും അത്തരമൊരു രീതി നാം കാണുന്നു. പിൻവരുന്ന കൽപ്പന ശ്രദ്ധിക്കുക: ‘നരച്ചവന്റെ മുമ്പാകെ എഴുന്നേല്‌ക്കയും വൃദ്ധന്റെ മുഖം ബഹുമാനിക്കയും വേണം.’ (ലേവ്യ. 19:32) പക്ഷേ ഇന്നു പല സ്ഥലങ്ങളിലും ആളുകളോടു ബഹുമാനം കാണിക്കുന്നത്‌ അത്യപൂർവമായിത്തീർന്നിരിക്കുന്നു എന്നതാണ്‌ ദുഃഖകരമായ വസ്‌തുത. ആദരവില്ലായ്‌മയാണ്‌ ഇന്നത്തെ ലോകത്തിന്റെ മുഖമുദ്ര.

2. ആരെയൊക്കെ ബഹുമാനിക്കാൻ ദൈവവചനം കൽപ്പിക്കുന്നു?

2 ദൈവവചനം വളരെ വിലകൽപ്പിക്കുന്ന ഒരു സംഗതിയാണ്‌ മറ്റുള്ളവരെ ബഹുമാനിക്കുകയെന്നത്‌. യഹോവയെയും യേശുവിനെയും ബഹുമാനിക്കാൻ അതു നമ്മോടു പറയുന്നു. (യോഹ. 5:23) കുടുംബാംഗങ്ങളോടും സഹവിശ്വാസികളോടും പുറത്തുള്ളവരോടും നാം ബഹുമാനം കാണിക്കേണ്ടതുണ്ട്‌. (റോമ. 12:10; എഫെ. 6:1-3; 1 പത്രൊ. 2:17) യഹോവയെ ആദരിക്കാൻ കഴിയുന്ന ചില വിധങ്ങളേവ? ക്രിസ്‌തീയ സഹോദരങ്ങളോട്‌ ബഹുമാനം കാണിക്കാൻ നമുക്കെങ്ങനെ കഴിയും? ഇവയും ഇതിനോടു ബന്ധപ്പെട്ട മറ്റു ചില ചോദ്യങ്ങളും നമുക്കിപ്പോൾ പരിചിന്തിക്കാം.

യഹോവയെയും അവന്റെ നാമത്തെയും ആദരിക്കുക

3. യഹോവയെ ആദരിക്കാൻ കഴിയുന്ന ഒരു പ്രധാനവിധമേത്‌?

3 യഹോവയെ ആദരിക്കാനുള്ള ഒരു പ്രധാനവിധമാണ്‌ അവന്റെ നാമത്തെ ആദരിക്കുക എന്നത്‌. “ദൈവം തന്റെ നാമത്തിന്നായി” എടുത്തിരിക്കുന്ന ഒരു ജനമാണു നാം. (പ്രവൃ. 15:14) സർവശക്തനായ യഹോവയുടെ നാമം വഹിക്കാനാകുക എന്നതുതന്നെ നമുക്കൊരു ബഹുമതിയാണ്‌. മീഖാ പ്രവാചകൻ പറഞ്ഞു: “സകല ജാതികളും താന്താങ്ങളുടെ ദേവന്മാരുടെ നാമത്തിൽ നടക്കുന്നുവല്ലോ; നാമും നമ്മുടെ ദൈവമായ യഹോവയുടെ നാമത്തിൽ എന്നും എന്നെന്നേക്കും നടക്കും.” (മീഖാ 4:5) നാം വഹിക്കുന്ന ആ നാമത്തിനു മഹത്ത്വംകരേറ്റുന്ന വിധത്തിലായിരിക്കട്ടെ ഓരോ ദിവസത്തെയും നമ്മുടെ ജീവിതം. അങ്ങനെ നമുക്ക്‌ “യഹോവയുടെ നാമത്തിൽ” നടക്കാം. റോമിലെ ക്രിസ്‌ത്യാനികളോട്‌ പൗലൊസ്‌ പറഞ്ഞതുപോലെ, നാം പ്രസംഗിക്കുന്ന സുവാർത്തയ്‌ക്ക്‌ അനുസൃതമായല്ല നാം ജീവിക്കുന്നതെങ്കിൽ ദൈവനാമത്തിനു കളങ്കമേൽക്കും, അതു ‘ദുഷിക്കപ്പെടും.’—റോമ. 2:21-24.

4. യഹോവയ്‌ക്കു സാക്ഷ്യം വഹിക്കുക എന്ന പദവിയെ നാം എങ്ങനെ കാണുന്നു?

4 സാക്ഷ്യവേലയിലൂടെയും നാം യഹോവയെ ബഹുമാനിക്കുന്നു. പുരാതനകാലത്ത്‌, തന്റെ സാക്ഷികളായിരിക്കാൻ യഹോവ ഇസ്രായേൽ ജനതയെ തിരഞ്ഞെടുക്കുകയുണ്ടായി. എന്നാൽ അവർ ആ പദവി കളഞ്ഞുകുളിച്ചു. (യെശ. 43:1-12) പലപ്പോഴും അവർ യഹോവയ്‌ക്കു പുറംതിരിഞ്ഞു. “യിസ്രായേലിന്റെ പരിശുദ്ധനെ” അവർ ദുഃഖിപ്പിച്ചു. (സങ്കീ. 78:40, 41) ഒടുവിൽ ആ ജനതയെ യഹോവ പാടേ തള്ളിക്കളഞ്ഞു. എന്നാൽ നാം ഇന്ന്‌ ഹൃദയം നിറഞ്ഞ വിലമതിപ്പോടെ യഹോവയ്‌ക്കു സാക്ഷ്യം വഹിക്കുകയും അവന്റെ നാമം പ്രസിദ്ധമാക്കുകയും ചെയ്യുന്നു. അത്രമാത്രം നാം അവനെ സ്‌നേഹിക്കുന്നു, അവന്റെ നാമം വിശുദ്ധീകരിക്കപ്പെട്ടു കാണാൻ ആഗ്രഹിക്കുന്നു. ആ സ്ഥിതിക്ക്‌, നമ്മുടെ സ്വർഗീയ പിതാവിനെക്കുറിച്ചും അവന്റെ ഉദ്ദേശ്യങ്ങളെക്കുറിച്ചുമുള്ള സത്യം മറ്റുള്ളവരോടു പറയാതിരിക്കാൻ നമുക്കെങ്ങനെ കഴിയും! ഇക്കാര്യത്തിൽ പൗലൊസിന്റെ അതേ മനോഭാവമാണു നമുക്കും. “നിർബന്ധം എന്റെ മേൽ കിടക്കുന്നു. ഞാൻ സുവിശേഷം അറിയിക്കുന്നില്ല എങ്കിൽ എനിക്കു അയ്യോ കഷ്ടം” എന്നാണ്‌ അവൻ പറഞ്ഞത്‌.—1 കൊരി. 9:16.

5. യഹോവയിലുള്ള വിശ്വാസവും അവനെ ബഹുമാനിക്കുന്നതും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നത്‌ എങ്ങനെ?

5 സങ്കീർത്തനക്കാരനായ ദാവീദ്‌ പറഞ്ഞു: “നിന്റെ നാമത്തെ അറിയുന്നവർ നിങ്കൽ ആശ്രയിക്കും; യഹോവേ, നിന്നെ അന്വേഷിക്കുന്നവരെ നീ ഉപേക്ഷിക്കുന്നില്ലല്ലോ.” (സങ്കീ. 9:10) യഹോവയെ അടുത്തറിയുകയും ആ നാമത്തിന്റെ അർഥം മനസ്സിലാക്കിക്കൊണ്ട്‌ അതിനെ ആദരിക്കുകയും ചെയ്യുന്നെങ്കിൽ പുരാതനകാലത്തെ ദൈവദാസന്മാരെപ്പോലെ നാമും അവനിൽ ആശ്രയിക്കും. ഇങ്ങനെ യഹോവയിൽ ആശ്രയിക്കുകയും അവനിൽ വിശ്വസിക്കുകയും ചെയ്യുമ്പോൾ നാം അവനെ ബഹുമാനിക്കുകയാണ്‌. യഹോവയിൽ ആശ്രയിക്കുന്നതും അവനെ ബഹുമാനിക്കുന്നതും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നുവെന്ന്‌ തിരുവെഴുത്തുകൾ വ്യക്തമാക്കുന്നുണ്ട്‌. ഇസ്രായേൽ ജനത യഹോവയിൽ ആശ്രയിക്കാതിരുന്നപ്പോൾ അവൻ മോശെയോട്‌ ഇങ്ങനെ ചോദിച്ചു: “ഈ ജനം എത്രത്തോളം എന്നെ നിരസിക്കും [“നിന്ദിക്കും,” ഓശാന ബൈബിൾ]? ഞാൻ അവരുടെ മദ്ധ്യേ ചെയ്‌തിട്ടുള്ള അടയാളങ്ങളൊക്കെയും കണ്ടിട്ടും അവർ എത്രത്തോളം എന്നെ വിശ്വസിക്കാതിരിക്കും?” (സംഖ്യാ. 14:11) മറ്റുവാക്കുകളിൽ പറഞ്ഞാൽ, നാം ദൈവത്തെ ബഹുമാനിക്കുന്നെങ്കിൽ അവനിൽ വിശ്വാസമർപ്പിക്കും. അതേ, പരിശോധനയിന്മധ്യേ നമ്മെ സംരക്ഷിക്കാനും പുലർത്താനുമുള്ള യഹോവയുടെ കഴിവിൽ ആശ്രയിക്കുമ്പോൾ നാം അവനെ ബഹുമാനിക്കുകയാണ്‌.

6. യഹോവയെ ബഹുമാനിക്കാൻ നമ്മെ പ്രചോദിപ്പിക്കുന്നത്‌ എന്താണ്‌?

6 യഹോവയോടുള്ള ബഹുമാനം ഒരുവന്റെ ഉള്ളിൽനിന്നു വരേണ്ടതാണെന്ന്‌ യേശു പറഞ്ഞു. അതുകൊണ്ടാണ്‌ കപടഭക്തരോടു സംസാരിച്ചപ്പോൾ യഹോവയുടെ പിൻവരുന്ന വാക്കുകൾ അവൻ ഉദ്ധരിച്ചത്‌: “ഈ ജനം അധരംകൊണ്ടു എന്നെ ബഹുമാനിക്കുന്നു; എങ്കിലും അവരുടെ ഹൃദയം എന്നെ വിട്ടു അകന്നിരിക്കുന്നു.” (മത്താ. 15:8) യഹോവയോടുള്ള ഹൃദയംഗമമായ സ്‌നേഹത്തിൽനിന്നാണ്‌ അവനോടുള്ള യഥാർഥ ബഹുമാനം ഉത്ഭവിക്കുന്നത്‌. (1 യോഹ. 5:3) “എന്നെ മാനിക്കുന്നവരെ ഞാൻ മാനിക്കും” എന്ന യഹോവയുടെ വാക്കുകൾ എല്ലായ്‌പോഴും നമുക്കു മനസ്സിൽപ്പിടിക്കാം.—1 ശമൂ. 2:30.

മറ്റുള്ളവരെ ആദരിക്കുന്ന മേൽവിചാരകന്മാർ

7. (എ) ഉത്തരവാദിത്വസ്ഥാനത്തുള്ളവർ മറ്റു സഹോദരങ്ങളെ ബഹുമാനിക്കേണ്ടത്‌ എന്തുകൊണ്ട്‌? (ബി)  പൗലൊസ്‌ സഹവിശ്വാസികളെ മാനിച്ചത്‌ എങ്ങനെയാണ്‌?

7 ‘ബഹുമാനിക്കുന്നതിൽ മുന്നിട്ടുകൊൾവിൻ’ എന്ന്‌ അപ്പൊസ്‌തലനായ പൗലൊസ്‌ സഹക്രിസ്‌ത്യാനികളെ ഉദ്‌ബോധിപ്പിച്ചു. (റോമ. 12:10) സഭയിൽ ഉത്തരവാദിത്വം വഹിക്കുന്ന സഹോദരന്മാർ തങ്ങളുടെ മേൽവിചാരണയിലുള്ളവരെ ബഹുമാനിക്കുന്നതിൽ മാതൃക വെക്കേണ്ടതുണ്ട്‌ അഥവാ ‘മുന്നിട്ടുനിൽക്കേണ്ടതുണ്ട്‌.’ ഇക്കാര്യത്തിൽ അവർക്കു പൗലൊസിന്റെ ദൃഷ്ടാന്തം അനുകരിക്കാനാകും. (1 തെസ്സലൊനീക്യർ 2:7, 8 വായിക്കുക.) തനിക്കു ചെയ്യാൻ പറ്റാത്ത ഒരു കാര്യം മറ്റുള്ളവരോട്‌ ചെയ്യാൻ പൗലൊസ്‌ ആവശ്യപ്പെടില്ലെന്ന്‌ അവൻ സന്ദർശിച്ച സഭകളിലുള്ളവർക്ക്‌ അറിയാമായിരുന്നു. അവൻ മറ്റുള്ളവരെ മാനിച്ചു. ഫലമോ, അവരും അവനെ ആദരിച്ചു. ഒരു ഉത്തമ മാതൃകയായിരുന്ന പൗലൊസ്‌, “എന്റെ അനുകാരികൾ ആകുവിൻ എന്നു” പറഞ്ഞപ്പോൾ അനേകരും മനസ്സോടെ അങ്ങനെ ചെയ്‌തു എന്നതിൽ സംശയമില്ല.—1 കൊരി. 4:16.

8. (എ) ശിഷ്യന്മാരെ യേശു ബഹുമാനിച്ചത്‌ എങ്ങനെ? (ബി) മേൽവിചാരകന്മാർക്ക്‌ യേശുവിന്റെ മാതൃക എങ്ങനെ അനുകരിക്കാം?

8 ഒരു മേൽവിചാരകന്‌ തന്റെ മേൽവിചാരണയിലുള്ളവരെ ആദരിക്കാനാകുന്ന മറ്റൊരു വിധത്തെക്കുറിച്ചു നമുക്കു ചിന്തിക്കാം. അദ്ദേഹം സഹോദരങ്ങളോട്‌ ഒരു കാര്യം ചെയ്യാൻ ആവശ്യപ്പെടുകയോ ഒരു നിർദേശം നൽകുകയോ ചെയ്യുമ്പോൾ അതിന്റെ കാരണംകൂടി വ്യക്തമാക്കുന്നത്‌ ഉചിതമായിരിക്കും. അങ്ങനെ ചെയ്യുകവഴി അദ്ദേഹം യേശുവിനെ അനുകരിക്കുകയാണ്‌. ഉദാഹരണത്തിന്‌, “കൊയ്‌ത്തിലേക്കു വേലക്കാരെ അയക്കേണ്ടതിന്നു യാചിപ്പിൻ” എന്ന്‌ യേശു ശിഷ്യന്മാരോടു പറഞ്ഞപ്പോൾ അവൻ അതിന്റെ കാരണവും വ്യക്തമാക്കി. അവൻ പറഞ്ഞു: “കൊയ്‌ത്തു വളരെ ഉണ്ടു സത്യം, വേലക്കാരോ ചുരുക്കം.” (മത്താ. 9:37, 38) “ഉണർന്നിരിപ്പിൻ” എന്നു പറഞ്ഞപ്പോഴും യേശു അതിന്റെ കാരണം വ്യക്തമാക്കി: “നിങ്ങളുടെ കർത്താവു ഏതു ദിവസത്തിൽ വരുന്നു എന്നു നിങ്ങൾ അറിയായ്‌കകൊണ്ടു ഉണർന്നിരിപ്പിൻ.” (മത്താ. 24:42) പലപ്പോഴും, എന്തു ചെയ്യണം എന്നുമാത്രമല്ല എന്തുകൊണ്ടതു ചെയ്യണം എന്നുകൂടി യേശു പറയുമായിരുന്നു. അങ്ങനെ അവൻ അവരെ മാനിച്ചു. ക്രിസ്‌തീയ മേൽവിചാരകന്മാർക്ക്‌ അനുകരിക്കാവുന്ന എത്ര നല്ല മാതൃക!

യഹോവയുടെ സഭയെയും അതിന്റെ നിർദേശങ്ങളെയും ആദരിക്കുക

9. ലോകവ്യാപക ക്രിസ്‌തീയ സഭയെയും അതിന്റെ പ്രതിനിധികളെയും ബഹുമാനിക്കുമ്പോൾ നാം ആരെയാണ്‌ ആദരിക്കുന്നത്‌? വിശദീകരിക്കുക.

9 ലോകവ്യാപക ക്രിസ്‌തീയ സഭയെയും അതിന്റെ പ്രതിനിധികളെയും ആദരിക്കുമ്പോൾ നാം യഹോവയെ ആദരിക്കുകയാണ്‌. അടിമവർഗത്തിൽനിന്നുള്ള തിരുവെഴുത്തു ബുദ്ധിയുപദേശങ്ങൾ അനുസരിച്ചുകൊണ്ട്‌, യഹോവ വെച്ചിരിക്കുന്ന ആ ക്രമീകരണത്തെ നാം ആദരിക്കുന്നു. ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌തീയ സഭയിൽ നിയമിത പുരുഷന്മാരോട്‌ അനാദരവു കാണിച്ചവരുണ്ടായിരുന്നു. അവരെ ശാസിക്കേണ്ടതിന്റെ ആവശ്യം യോഹന്നാൻ അപ്പൊസ്‌തലൻ തിരിച്ചറിഞ്ഞു. (3 യോഹന്നാൻ 9-11 വായിക്കുക.) അങ്ങനെയുള്ളവർ മേൽവിചാരകന്മാരെ ആദരിച്ചില്ലെന്നു മാത്രമല്ല അവരുടെ ഉപദേശങ്ങളും നിർദേശങ്ങളും മാനിച്ചില്ലെന്നും യോഹന്നാന്റെ വാക്കുകൾ സൂചിപ്പിക്കുന്നു. എന്നാൽ ക്രിസ്‌ത്യാനികളിൽ നല്ലൊരുപങ്കും അങ്ങനെയായിരുന്നില്ല. അപ്പൊസ്‌തലന്മാരുടെ ജീവകാലത്ത്‌ പൊതുവെ സഹോദരങ്ങളെല്ലാംതന്നെ നേതൃത്വമെടുക്കുന്നവരോടു ബഹുമാനം കാണിച്ചിരുന്നു എന്നതു ശ്ലാഘനീയമാണ്‌.—ഫിലി. 2:12.

10, 11. ക്രിസ്‌തീയ സഭയിൽ ചിലർക്ക്‌ ഒരളവോളം അധികാരം ഉണ്ടായിരിക്കുന്നത്‌ ഉചിതമാണെന്ന വസ്‌തുതയെ തിരുവെഴുത്തുകൾ പിന്താങ്ങുന്നത്‌ എങ്ങനെ?

10 ക്രിസ്‌തീയ സഭയിൽ അധികാരസ്ഥാനങ്ങളൊന്നും ഉണ്ടായിരിക്കാൻ പാടില്ലെന്ന്‌ ചിലർ വാദിച്ചിട്ടുണ്ട്‌. “നിങ്ങളോ എല്ലാവരും സഹോദരന്മാർ” എന്ന യേശുവിന്റെ പ്രസ്‌താവനയാണ്‌ അവർ അതിനൊരു കാരണമായി ചൂണ്ടിക്കാട്ടുന്നത്‌. (മത്താ. 23:8) എന്നാൽ ദൈവദത്ത അധികാരം പ്രയോഗിച്ച നിരവധി പുരുഷന്മാരെക്കുറിച്ച്‌ എബ്രായ-ഗ്രീക്കു തിരുവെഴുത്തുകളിൽ പലയിടത്തും കാണാനാകും. എബ്രായ ഗോത്രപിതാക്കന്മാരെയും ന്യായാധിപന്മാരെയും രാജാക്കന്മാരെയും കുറിച്ചുള്ള വിവരണങ്ങളിൽനിന്ന്‌, യഹോവ തന്റെ പ്രതിനിധികളായി മനുഷ്യരെ ഉപയോഗിക്കുകയും അവരിലൂടെ നിർദേശങ്ങൾ കൈമാറുകയും ചെയ്‌തിരുന്നുവെന്നു മനസ്സിലാക്കാം. അങ്ങനെയുള്ള പുരുഷന്മാർക്ക്‌ അർഹമായ ബഹുമാനം കൊടുക്കാതിരുന്നവരെ യഹോവ ശിക്ഷിക്കുകയും ചെയ്‌തിട്ടുണ്ട്‌.—2 രാജാ. 1:2-17; 2:19, 23, 24.

11 ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികൾ അപ്പൊസ്‌തലന്മാരുടെ അധികാരത്തെ ആദരിച്ചിരുന്നു. (പ്രവൃ. 2:42) പൗലൊസിന്റെ ദൃഷ്ടാന്തംതന്നെയെടുക്കുക. സഹക്രിസ്‌ത്യാനികൾക്ക്‌ അവൻ നിർദേശങ്ങൾ നൽകിയിരുന്നു. (1 കൊരി. 16:1; 1 തെസ്സ. 4:2) എങ്കിലും തന്റെമേൽ അധികാരമുള്ളവർക്ക്‌ അവൻ മനസ്സോടെ വിധേയനായിരിക്കുകയും ചെയ്‌തു. (പ്രവൃ. 15:22; ഗലാ. 2:9, 10) ക്രിസ്‌തീയ സഭയ്‌ക്കുള്ളിലെ അധികാരങ്ങൾ സംബന്ധിച്ച്‌ പൗലൊസിന്‌ ഉചിതമായൊരു കാഴ്‌ചപ്പാടുണ്ടായിരുന്നുവെന്നു വ്യക്തം.

12. അധികാരത്തെക്കുറിച്ചുള്ള ബൈബിൾ ദൃഷ്ടാന്തങ്ങളിൽനിന്ന്‌ നാം ഏതു രണ്ടു കാര്യങ്ങൾ പഠിക്കുന്നു?

12 ഇതിൽനിന്നു നാം രണ്ടു കാര്യങ്ങൾ പഠിക്കുന്നു. ഒന്ന്‌, വിശ്വസ്‌തനും വിവേകിയുമായ അടിമ ഭരണസംഘം മുഖേന ഉത്തരവാദിത്വസ്ഥാനങ്ങളിൽ പുരുഷന്മാരെ നിയമിക്കുന്ന ക്രമീകരണത്തിന്‌ തിരുവെഴുത്തുകളുടെ പിൻബലമുണ്ട്‌; അധികാരസ്ഥാനങ്ങളിലുള്ളവരുടെമേലും ചിലർക്ക്‌ അധികാരം നൽകിയിരിക്കുന്നു. (മത്താ. 24:45-47; 1 പത്രൊ. 5:1-3) രണ്ട്‌, നിയമിത പുരുഷന്മാരുൾപ്പെടെ എല്ലാവരും തങ്ങളുടെമേൽ അധികാരമുള്ളവരെ ബഹുമാനിക്കണം. അങ്ങനെയെങ്കിൽ ലോകവ്യാപക ക്രിസ്‌തീയ സഭയിൽ മേൽവിചാരണ നടത്തുന്നവരെ ബഹുമാനിക്കാൻ കഴിയുന്ന ചില പ്രായോഗിക വിധങ്ങൾ ഏതൊക്കെയാണ്‌?

സഞ്ചാരമേൽവിചാരകന്മാരെ ബഹുമാനിക്കുക

13. ക്രിസ്‌തീയ സഭയുടെ പ്രതിനിധികളെ നമുക്കെങ്ങനെ ബഹുമാനിക്കാം?

13 “സഹോദരന്മാരേ, നിങ്ങളുടെ ഇടയിൽ അദ്ധ്വാനിക്കയും കർത്താവിൽ നിങ്ങളെ ഭരിക്കയും പ്രബോധിപ്പിക്കയും ചെയ്യുന്നവരെ അറിഞ്ഞു അവരുടെ വേലനിമിത്തം ഏറ്റവും സ്‌നേഹത്തോടെ വിചാരിക്കേണം എന്നു നിങ്ങളോടു അപേക്ഷിക്കുന്നു. തമ്മിൽ സമാധാനമായിരിപ്പിൻ” എന്നു പൗലൊസ്‌ എഴുതി. (1 തെസ്സ. 5:12, 13) കഠിനമായി ‘അദ്ധ്വാനിക്കുന്ന’വരിൽ നമ്മുടെ സഞ്ചാരമേൽവിചാരകന്മാരും ഉൾപ്പെടുന്നു. അതുകൊണ്ട്‌ നാം അവരെ ‘ഏറ്റവും സ്‌നേഹത്തോടെ വിചാരിക്കണം.’ അവരുടെ ബുദ്ധിയുപദേശങ്ങളും നിർദേശങ്ങളും മറ്റും മനസ്സോടെ സ്വീകരിച്ചുകൊണ്ട്‌ നമുക്കങ്ങനെ ചെയ്യാൻ കഴിയും. അടിമവർഗത്തിൽനിന്നുള്ള നിർദേശങ്ങൾ ഈ മേൽവിചാരകന്മാർ നമുക്കു കൈമാറുമ്പോൾ അവ മടികൂടാതെ ‘അനുസരിക്കാൻ’ ‘ഉയരത്തിൽനിന്നുള്ള ജ്ഞാനം’ നമ്മെ പ്രചോദിപ്പിക്കും.—യാക്കോ. 3:17.

14. സഞ്ചാരമേൽവിചാരകന്മാരെ സഭ മനസ്സോടെ ബഹുമാനിക്കുന്നുവെന്നു തെളിയിക്കുന്നത്‌ എങ്ങനെ, അതിന്‌ എന്തു ഫലമുണ്ട്‌?

14 എന്നാൽ ചെയ്‌തു പരിചയിച്ച രീതിയിൽനിന്നു ഭിന്നമായി കാര്യങ്ങൾ ചെയ്യാൻ നമുക്കൊരു നിർദേശം ലഭിക്കുന്നുവെങ്കിലോ? “അത്‌ ഇവിടത്തെ രീതിയല്ല,” “മറ്റുള്ളിടത്ത്‌ കുഴപ്പമില്ലായിരിക്കും, പക്ഷേ ഞങ്ങളുടെ സഭയിൽ ഇത്‌ അത്ര പ്രായോഗികമല്ല” എന്നൊക്കെ പറഞ്ഞ്‌ എതിർക്കാനുള്ള ഒരു പ്രവണത ചിലപ്പോൾ ഉണ്ടായേക്കാം. എന്നാൽ അങ്ങനെ ചെയ്യാതെ നിർദേശങ്ങളെ മാനിക്കാൻ, അവ അനുസരിക്കാൻ നാം മനസ്സൊരുക്കം കാണിക്കണം. സഭ യഹോവയുടേതാണെന്നും യേശുവാണ്‌ അതിന്റെ ശിരസ്സെന്നും മനസ്സിൽപ്പിടിക്കുക. സഞ്ചാരമേൽവിചാരകൻ നൽകുന്ന നിർദേശം സഭ സസന്തോഷം സ്വീകരിച്ചു നടപ്പാക്കുന്നത്‌ അദ്ദേഹത്തിനു ഹൃദയംഗമമായ ബഹുമാനം നൽകുന്നുവെന്നതിന്റെ തെളിവാണ്‌. മൂപ്പനായ തീത്തൊസ്‌ കൊരിന്ത്യസഭ സന്ദർശിച്ചപ്പോൾ നൽകിയ നിർദേശങ്ങൾ സഭ ആദരപൂർവം അനുസരിച്ചു; അതിനെപ്രതി പൗലൊസ്‌ അപ്പൊസ്‌തലൻ അവരെ അഭിനന്ദിക്കുകയുണ്ടായി. (2 കൊരി. 7:13-16) ഇന്ന്‌ സഞ്ചാരമേൽവിചാരകന്മാർ നൽകുന്ന മാർഗനിർദേശങ്ങൾ സ്വീകരിച്ച്‌ പ്രയോഗത്തിൽ വരുത്താനുള്ള മനസ്സൊരുക്കം പ്രസംഗവേലയിലുള്ള നമ്മുടെ സന്തോഷം വർധിപ്പിക്കും.—2 കൊരിന്ത്യർ 13:11 വായിക്കുക.

“എല്ലാവരെയും ബഹുമാനിപ്പിൻ”

15. സഹവിശ്വാസികളെ ബഹുമാനിക്കാനുള്ള ചില മാർഗങ്ങളേവ?

15 “മൂത്തവനെ ഭർത്സിക്കാതെ അപ്പനെപ്പോലെയും ഇളയവരെ സഹോദരന്മാരെപ്പോലെയും മൂത്ത സ്‌ത്രീകളെ അമ്മമാരെപ്പോലെയും ഇളയ സ്‌ത്രീകളെ പൂർണ്ണനിർമ്മലതയോടെ സഹോദരികളെപ്പോലെയും പ്രബോധിപ്പിക്ക. സാക്ഷാൽ വിധവമാരായിരിക്കുന്ന വിധവമാരെ മാനിക്ക” എന്നു പൗലൊസ്‌ എഴുതി. (1 തിമൊ. 5:1-3) അതേ, ക്രിസ്‌തീയ സഭയിലുള്ള എല്ലാവരെയും ബഹുമാനിക്കണമെന്ന്‌ ദൈവവചനം പറയുന്നു. എന്നാൽ നിങ്ങളുമായി സഭയിലെ ഒരു സഹോദരനോ സഹോദരിക്കോ ചില അഭിപ്രായ ഭിന്നതകൾ ഉണ്ടെങ്കിലോ? സഹക്രിസ്‌ത്യാനിയെ ബഹുമാനിക്കണമെന്നുള്ള ക്രിസ്‌തീയ ഉത്തരവാദിത്വം നിറവേറ്റാൻ നിങ്ങൾക്ക്‌ അതൊരു തടസ്സമായിരിക്കുമോ? അതോ സത്യാരാധകനായ ആ വ്യക്തിയുടെ ആത്മീയ ഗുണങ്ങൾ തിരിച്ചറിഞ്ഞ്‌ നിങ്ങൾ സ്വന്തം ചിന്താഗതിക്കു മാറ്റം വരുത്തുമോ? അധികാരസ്ഥാനത്തുള്ളവർ എല്ലായ്‌പോഴും മറ്റു സഹോദരങ്ങളെ ബഹുമാനത്തോടെ കാണേണ്ടത്‌ വിശേഷാൽ പ്രധാനമാണ്‌, അവർ ഒരിക്കലും ആട്ടിൻകൂട്ടത്തിന്മേൽ ‘കർത്തൃത്വം നടത്തുന്നവർ’ ആയിരിക്കരുത്‌. (1 പത്രൊ. 5:3) സ്‌നേഹധനരായ ആളുകൾ ചേർന്നതാണ്‌ ക്രിസ്‌തീയ സഭ. സഭയെ തിരിച്ചറിയിക്കുന്നതും ആ കറയറ്റ സ്‌നേഹമാണ്‌. അവിടെ നമുക്ക്‌ അന്യോന്യം ആദരിക്കാനുള്ള എത്രയോ അവസരങ്ങളുണ്ട്‌!—യോഹന്നാൻ 13:34, 35 വായിക്കുക.

16, 17. (എ) നാം സുവാർത്ത അറിയിക്കുന്നവരോടും എതിരാളികളോടും ബഹുമാനം കാണിക്കേണ്ടത്‌ എന്തുകൊണ്ട്‌? (ബി) “എല്ലാവരെയും” ബഹുമാനിക്കാൻ നമുക്കെങ്ങനെ കഴിയും?

16 ‘അവസരം കിട്ടുംപോലെ നാം എല്ലാവർക്കും നന്മചെയ്‌ക’ എന്നു പൗലൊസ്‌ ഉദ്‌ബോധിപ്പിച്ചു. (ഗലാ. 6:10) അതുകൊണ്ട്‌ ക്രിസ്‌തീയ സഭയ്‌ക്കു പുറത്തുള്ളവർക്കും നാം ബഹുമാനം കൊടുക്കുന്നു. എന്നാൽ കൂടെ ജോലിചെയ്യുന്ന ഒരാളോ സഹപാഠിയോ നമ്മോട്‌ മര്യാദയില്ലാതെ പെരുമാറുന്ന സാഹചര്യത്തിൽ ഈ തത്ത്വം അനുസരിക്കുന്നത്‌ അത്ര എളുപ്പമായിരിക്കില്ല. അങ്ങനെയുള്ളവരോടുപോലും ബഹുമാനത്തോടെ ഇടപെടാൻ പിൻവരുന്ന തിരുവെഴുത്തു നമ്മെ സഹായിക്കും: “ദുഷ്‌പ്രവൃത്തിക്കാരുടെ നിമിത്തം നീ മുഷിയരുത്‌.” (സങ്കീ. 37:1) ഇനി, വയൽസേവനത്തിലായിരിക്കുമ്പോൾ എല്ലാവരോടും ‘സൗമ്യതയോടെയും ഭയഭക്തിയോടെയും’ ഉത്തരം പറയാൻ താഴ്‌മ എന്ന ഗുണം നമ്മെ സഹായിക്കും. (1 പത്രൊ. 3:15) പ്രസംഗവേലയിലായിരിക്കുമ്പോഴുള്ള നമ്മുടെ വസ്‌ത്രധാരണവും ചമയവും ആളുകളോടുള്ള ബഹുമാനം വിളിച്ചോതുന്നതായിരിക്കണം.

17 സഹോദരങ്ങളോടും പുറത്തുള്ളവരോടും ഇടപെടുമ്പോൾ പിൻവരുന്ന ഉദ്‌ബോധനം അനുസരിക്കാൻ നാം ആഗ്രഹിക്കുന്നു: “എല്ലാവരെയും ബഹുമാനിപ്പിൻ; സഹോദരവർഗ്ഗത്തെ സ്‌നേഹിപ്പിൻ; ദൈവത്തെ ഭയപ്പെടുവിൻ; രാജാവിനെ ബഹുമാനിപ്പിൻ.”—1 പത്രൊ. 2:17.

നിങ്ങളുടെ ഉത്തരം എന്താണ്‌?

എങ്ങനെ ആദരവ്‌ കാണിക്കാം:

• യഹോവയോട്‌

• സഭയിലെ മൂപ്പന്മാരോടും സഞ്ചാരമേൽവിചാരകന്മാരോടും

• സഭയിലെ ഓരോ അംഗങ്ങളോടും

• പ്രസംഗവേലയിലായിരിക്കെ

[അധ്യയന ചോദ്യങ്ങൾ]

[23-ാം പേജിലെ ചിത്രം]

ആദിമക്രിസ്‌ത്യാനികൾ ഭരണസംഘത്തെ ആദരിച്ചിരുന്നു

[24-ാം പേജിലെ ചിത്രം]

ഭരണസംഘം നിയമിച്ചിരിക്കുന്ന സഞ്ചാരമേൽവിചാരകന്മാരെ എല്ലായിടത്തുമുള്ള മൂപ്പന്മാർ ബഹുമാനിക്കുന്നു