വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യേശുവിനെപ്പോലെ പിശാചിനോട്‌ എതിർത്തുനിൽപ്പിൻ

യേശുവിനെപ്പോലെ പിശാചിനോട്‌ എതിർത്തുനിൽപ്പിൻ

യേശുവിനെപ്പോലെ പിശാചിനോട്‌ എതിർത്തുനിൽപ്പിൻ

“പിശാചിനോടു എതിർത്തുനില്‌പിൻ; എന്നാൽ അവൻ നിങ്ങളെ വിട്ടു ഓടിപ്പോകും.”—യാക്കോ. 4:7.

1. ആരുടെ എതിർപ്പ്‌ നേരിടേണ്ടിവരുമെന്ന്‌ യേശുവിന്‌ അറിയാമായിരുന്നു, ഒടുവിൽ എന്തു സംഭവിക്കും?

പിശാചിന്റെ ശത്രുതയ്‌ക്ക്‌ താൻ ഇരയാകേണ്ടിവരുമെന്ന്‌ യേശുക്രിസ്‌തുവിന്‌ അറിയാമായിരുന്നു. ഏദെനിൽവെച്ചു പാമ്പിനോടും പാമ്പിലൂടെ സംസാരിച്ച മത്സരിയായ ദുഷ്ടദൂതനോടും ദൈവം ഉച്ചരിച്ച വാക്കുകളിൽനിന്ന്‌ ആ ശത്രുതയെക്കുറിച്ച്‌ മനസ്സിലാക്കാനാകും: “ഞാൻ നിനക്കും സ്‌ത്രീക്കും [യഹോവയുടെ സംഘടനയുടെ സ്വർഗീയ ഭാഗം] നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ [യേശുക്രിസ്‌തു] നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും.” (ഉല്‌പ. 3:14, 15; വെളി. 12:9) ‘കുതികാൽ തകർക്കും’ എന്ന പ്രസ്‌താവം സൂചിപ്പിക്കുന്നത്‌ സാത്താൻ യേശുവിന്‌ ശാശ്വതമായ പ്രഹരം ഏൽപ്പിക്കുമായിരുന്നില്ലെന്നാണ്‌. ഭൂമിയിൽവെച്ച്‌ കൊല്ലപ്പെട്ടെങ്കിലും യേശുവിനെ യഹോവ സ്വർഗീയ മഹത്ത്വത്തിലേക്ക്‌ ഉയിർപ്പിച്ചു. സർപ്പത്തിന്റെ ‘തല തകർക്കും’ എന്നത്‌ അവൻ എന്നെന്നേക്കുമായി നശിപ്പിക്കപ്പെടുന്ന വിധത്തിൽ ശക്തമായ പ്രഹരം ഏൽക്കേണ്ടിവരും എന്നു സൂചിപ്പിച്ചു.—പ്രവൃത്തികൾ 2:31, 32; എബ്രായർ 2:14 വായിക്കുക.

2. യേശു പിശാചിനെ എതിർത്തുനിൽക്കുന്നതിൽ വിജയിക്കുമെന്ന്‌ യഹോവയ്‌ക്ക്‌ ഉറപ്പുണ്ടായിരുന്നത്‌ എന്തുകൊണ്ട്‌?

2 ഭൂമിയിലായിരിക്കെ യേശു തന്റെ നിയമനം വിജയകരമായി പൂർത്തിയാക്കുമെന്നും പിശാചിനോട്‌ എതിർത്തുനിൽക്കുമെന്നും യഹോവയ്‌ക്ക്‌ ഉറപ്പുണ്ടായിരുന്നു. അവന്‌ അത്ര ഉറപ്പുണ്ടായിരുന്നത്‌ എന്തുകൊണ്ട്‌? യുഗങ്ങൾക്കുമുമ്പ്‌ സ്വർഗത്തിൽ യേശുവിനെ സൃഷ്ടിച്ചതുമുതൽ യഹോവയ്‌ക്ക്‌ അവനെ അടുത്തറിയാമായിരുന്നു. വിദഗ്‌ധ ‘ശില്‌പിയും’ “സർവ്വസൃഷ്ടിക്കും ആദ്യജാതനും” ആയവൻ വിശ്വസ്‌തനും അനുസരണമുള്ളവനും ആണെന്ന്‌ യഹോവ മനസ്സിലാക്കി. (സദൃ. 8:22-31; കൊലൊ. 1:15) അതുകൊണ്ട്‌ അവനെ ഭൂമിയിലേക്ക്‌ അയയ്‌ക്കാനും മരണപര്യന്തം അവനെ പരീക്ഷിക്കാൻ സാത്താനെ അനുവദിക്കാനും തീരുമാനിച്ചപ്പോൾ തന്റെ ഏകജാതപുത്രൻ വിജയിക്കും എന്ന കാര്യത്തിൽ യഹോവയ്‌ക്കു യാതൊരു സംശയവുമില്ലായിരുന്നു.—യോഹ. 3:16.

യഹോവ തന്റെ ദാസന്മാരെ പരിരക്ഷിക്കുന്നു

3. ദൈവദാസന്മാരോടുള്ള പിശാചിന്റെ മനോഭാവം എന്താണ്‌?

3 യേശു പിശാചിനെ “ഈ ലോകത്തിന്റെ പ്രഭു” എന്നു വിശേഷിപ്പിച്ചു. തന്റെ കാര്യത്തിലെന്നപോലെ ശിഷ്യന്മാർക്കും ഉപദ്രവം സഹിക്കേണ്ടിവരുമെന്ന്‌ അവൻ മുന്നറിയിപ്പു നൽകി. (യോഹ. 12:31; 15:20) നീതിപ്രസംഗികളായി യഹോവയെ സേവിക്കുന്നതിനാൽ പിശാചായ സാത്താന്റെ അധീനതയിലുള്ള ലോകം സത്യക്രിസ്‌ത്യാനികളെ പകയ്‌ക്കുന്നു. (മത്താ. 24:9; 1 യോഹ. 5:19) സ്വർഗരാജ്യത്തിൽ ക്രിസ്‌തുവിനോടൊപ്പം ഭരിക്കാൻ പ്രത്യാശയുള്ള അഭിഷിക്തശേഷിപ്പിനെയാണ്‌ പിശാച്‌ മുഖ്യമായും ലക്ഷ്യമിട്ടിരിക്കുന്നത്‌. ഭൂമിയിലെ പറുദീസയിൽ നിത്യംജീവിക്കാൻ പ്രത്യാശിക്കുന്ന യഹോവയുടെ മറ്റ്‌ അനേകം സാക്ഷികളെയും അവൻ ഉന്നംവെക്കുന്നു. ദൈവവചനം ഈ മുന്നറിയിപ്പു നൽകുന്നു: “നിങ്ങളുടെ പ്രതിയോഗിയായ പിശാചു അലറുന്ന സിംഹം എന്നപോലെ ആരെ വിഴുങ്ങേണ്ടു എന്നു തിരഞ്ഞു ചുറ്റിനടക്കുന്നു.”—1 പത്രൊ. 5:8.

4. ദൈവജനം പിശാചിനെതിരെ വിജയംവരിച്ചിരിക്കുന്നുവെന്ന്‌ എന്തു തെളിയിക്കുന്നു?

4 യഹോവയുടെ പിന്തുണയുള്ള സംഘടന എന്നനിലയിൽ സാത്താനെ എതിർക്കുന്നതിൽ നാം വിജയിക്കുന്നു. ചരിത്രം അതാണു തെളിയിക്കുന്നത്‌. കഴിഞ്ഞ നൂറു വർഷത്തിനിടയിൽ നിഷ്‌ഠുരന്മാരായ ഏകാധിപതികൾ യഹോവയുടെ സാക്ഷികളെ തുടച്ചുനീക്കാൻ ശ്രമിച്ചതായി നാം കാണുന്നു. എന്നാൽ ലോകമെമ്പാടുമുള്ള സാക്ഷികളുടെ എണ്ണം ഇന്ന്‌ 70,00,000-ത്തോളമായിരിക്കുന്നു; സഭകളുടെ എണ്ണമാകട്ടെ 1,00,000 കവിഞ്ഞിരിക്കുന്നു. യഹോവയുടെ ജനത്തെ നിർദയം പീഡിപ്പിച്ച ആ സ്വേച്ഛാധിപതികൾ ഇന്ന്‌ ചരിത്രത്താളുകളിൽ മാത്രം ജീവിക്കുന്നു!

5. യഹോവയുടെ ദാസന്മാരുടെ കാര്യത്തിൽ യെശയ്യാവ്‌ 54:17 സത്യമായിത്തീർന്നിരിക്കുന്നത്‌ എങ്ങനെ?

5 പുരാതന ഇസ്രായേലിനു ദൈവം ഈ വാഗ്‌ദാനം നൽകി: “നിനക്കു വിരോധമായി ഉണ്ടാക്കുന്ന യാതൊരു ആയുധവും ഫലിക്കയില്ല; ന്യായവിസ്‌താരത്തിൽ നിനക്കു വിരോധമായി എഴുന്നേല്‌ക്കുന്ന എല്ലാ നാവിനെയും നീ കുറ്റം വിധിക്കും; യഹോവയുടെ ദാസന്മാരുടെ അവകാശവും എന്റെ പക്കൽനിന്നുള്ള അവരുടെ നീതിയും ഇതു തന്നേ ആകുന്നു.” (യെശ. 54:17) ഈ “അന്ത്യകാലത്ത്‌” ലോകമെങ്ങും യഹോവയുടെ ജനത്തിന്റെ കാര്യത്തിൽ പ്രസ്‌തുത വാഗ്‌ദാനം സത്യമെന്നു തെളിഞ്ഞിരിക്കുന്നു. (2 തിമൊ. 3:1-5, 13) നാം പിശാചിനോട്‌ എതിർത്തുനിൽക്കുകതന്നെ ചെയ്യും; യഹോവ നമ്മോടൊപ്പമുള്ളതിനാൽ ദൈവജനത്തെ നിർമൂലമാക്കാനായി അവൻ ഉപയോഗിക്കുന്ന യാതൊരു ആയുധവും ഫലിക്കില്ല.—സങ്കീ. 118:6, 7.

6. സാത്താന്യ ഭരണത്തിന്റെ ഭാവിയെക്കുറിച്ച്‌ ദാനീയേൽ എന്തു പ്രവചിച്ചു?

6 ഈ ദുഷ്ടവ്യവസ്ഥിതിയുടെ ആസന്നമായ അന്ത്യത്തിൽ സാത്താന്റെ ഭരണം അതിന്റെ എല്ലാ ഘടകങ്ങളും സഹിതം തുടച്ചുനീക്കപ്പെട്ടിരിക്കും. ദിവ്യനിശ്വസ്‌തതയിൽ ദാനീയേൽ പ്രവാചകൻ എഴുതി: “[നമ്മുടെ നാളിലുള്ള] ഈ രാജാക്കന്മാരുടെ കാലത്തു സ്വർഗ്ഗസ്ഥനായ ദൈവം ഒരുനാളും നശിച്ചുപോകാത്ത ഒരു രാജത്വം [സ്വർഗത്തിൽ] സ്ഥാപിക്കും; ആ രാജത്വം വേറെ ഒരു ജാതിക്കു ഏല്‌പിക്കപ്പെടുകയില്ല; അതു [ഇപ്പോഴുള്ള] ഈ രാജത്വങ്ങളെ ഒക്കെയും തകർത്തു നശിപ്പിക്കയും എന്നേക്കും നിലനില്‌ക്കയും ചെയ്യും.” (ദാനീ. 2:44) അതു സംഭവിക്കുമ്പോൾ സാത്താന്റെ ഭരണവും അപൂർണമനുഷ്യരുടെ ഭരണകൂടങ്ങളും അപ്രത്യക്ഷമാകും. സാത്താന്റെ മുഴുവ്യവസ്ഥിതിയും എന്നേക്കുമായി പൊയ്‌പോയിരിക്കും. ദൈവരാജ്യം മുഴുഭൂമിയിലും ഭരിക്കുമ്പോൾ എതിർപ്പിന്റെ ഒരു ശബ്ദംപോലും എങ്ങും കേൾക്കില്ല.—2 പത്രൊസ്‌ 3:7, 13 വായിക്കുക.

7. വ്യക്തികൾ എന്നനിലയിൽ ദൈവദാസർക്കു പിശാചിനെ വിജയകരമായി എതിർത്തുനിൽക്കാനാകുമെന്ന്‌ നാം എങ്ങനെ അറിയുന്നു?

7 യഹോവ തന്റെ സംഘടനയെ സംരക്ഷിക്കുകയും സമൃദ്ധമായി അനുഗ്രഹിക്കുകയും ചെയ്യുമെന്ന കാര്യത്തിൽ സംശയമേതുമില്ല. (സങ്കീർത്തനം 125:1, 2 വായിക്കുക.) എന്നാൽ നമ്മുടെ ഓരോരുത്തരുടെയും കാര്യമോ? യേശുവിനെപ്പോലെ പിശാചിനോട്‌ എതിർത്തുനിൽക്കുന്നതിൽ നമുക്കും വിജയിക്കാനാകുമെന്ന്‌ ബൈബിൾ വ്യക്തമാക്കുന്നു. ഭൂമിയിലെ നിത്യജീവന്റെ പ്രത്യാശയുള്ള “ഒരു മഹാപുരുഷാരം” സാത്താന്റെ എതിർപ്പുകളെ മറികടന്ന്‌ ഈ വ്യവസ്ഥിതിയുടെ അന്ത്യത്തെ അതിജീവിക്കുമെന്ന്‌ അപ്പൊസ്‌തലനായ യോഹന്നാനിലൂടെ യേശു വെളിപ്പെടുത്തി. “രക്ഷ എന്നുള്ളതു സിംഹാസനത്തിൽ ഇരിക്കുന്നവനായ നമ്മുടെ ദൈവത്തിന്റെയും കുഞ്ഞാടിന്റെയും [യേശുക്രിസ്‌തു] ദാനം എന്നു അവർ അത്യുച്ചത്തിൽ ആർത്തുകൊണ്ടിരുന്നു” എന്ന്‌ തിരുവെഴുത്തുകളിൽ നാം വായിക്കുന്നു. (വെളി. 7:9-14) അഭിഷിക്തർ സാത്താനെ ജയിച്ചിരിക്കുന്നതായി പറഞ്ഞിരിക്കുന്നു, അവരുടെ സഹകാരികളായ ‘വേറെ ആടുകളും’ അവനെ എതിർക്കുന്നതിൽ വിജയിക്കുകതന്നെ ചെയ്യും. (യോഹ. 10:16; വെളി. 12:10, 11) എന്നാൽ ഇത്‌ സാധ്യമാകുന്നതിന്‌ നല്ല ശ്രമവും “ദുഷ്ടങ്കൽനിന്നു ഞങ്ങളെ വിടുവിക്കേണമേ” എന്ന ആത്മാർഥമായ പ്രാർഥനയും ആവശ്യമാണ്‌.

പിശാചിനെ എതിർത്തുനിന്നതിന്റെ കിടയറ്റ മാതൃക

8. മരുഭൂമിയിൽവെച്ച്‌ പിശാചു കൊണ്ടുവന്നതായി രേഖപ്പെടുത്തിയിരിക്കുന്ന ആദ്യത്തെ പരിശോധന ഏതാണ്‌, യേശു പ്രതികരിച്ചത്‌ എങ്ങനെ?

8 യേശുവിന്റെ വിശ്വസ്‌തത തകർക്കാൻ പിശാച്‌ കിണഞ്ഞു പരിശ്രമിച്ചെങ്കിലും അവനോട്‌ എതിർത്തുനിൽക്കുന്നതിൽ യേശു ഒരു ഉത്തമ മാതൃകയായിരുന്നു. മരുഭൂമിയിൽവെച്ച്‌, യഹോവയോട്‌ അനുസരണക്കേടു കാണിക്കാൻ സാത്താൻ അവനെ പ്രേരിപ്പിച്ചു. 40 രാവും 40 പകലും ഉപവസിച്ചശേഷം യേശുവിന്‌ നല്ല വിശപ്പു തോന്നിയിരിക്കാൻ ഇടയുണ്ട്‌. ‘നീ ദൈവപുത്രൻ എങ്കിൽ ഈ കല്ല്‌ അപ്പമായ്‌തീരുവാൻ കല്‌പിക്ക’ എന്ന്‌ സാത്താൻ അവനോടു പറഞ്ഞു. എന്നാൽ തനിക്കു ദൈവദത്തമായി ലഭിച്ച പ്രാപ്‌തികൾ സ്വാർഥ താത്‌പര്യങ്ങൾക്കായി ഉപയോഗിക്കാൻ യേശു വിസമ്മതിച്ചു. യേശുവിന്റെ മറുപടി ഇതായിരുന്നു: ‘“മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്റെ വായിൽകൂടി വരുന്ന സകലവചനംകൊണ്ടും ജീവിക്കുന്നു” എന്നു എഴുതിയിരിക്കുന്നു.’—മത്താ. 4:1-4; ആവ. 8:3.

9. മനുഷ്യസഹജമായ ആഗ്രഹങ്ങളെ മുതലെടുക്കാനുള്ള സാത്താന്റെ ശ്രമങ്ങളെ നാം ചെറുത്തുനിൽക്കേണ്ടത്‌ എന്തുകൊണ്ട്‌?

9 മനുഷ്യസഹജമായ ആഗ്രഹങ്ങളെ മുതലെടുക്കാൻ പിശാച്‌ ഇന്നും ശ്രമിക്കുന്നു. ഈ ദുഷിച്ച ലോകത്തിൽ സർവസാധാരണമായിരിക്കുന്ന അധാർമിക ലൈംഗിക പ്രലോഭനങ്ങളെ ചെറുത്തുനിൽക്കാൻ യഹോവയുടെ ദാസരായ നാം ദൃഢചിത്തരായിരിക്കണം. ദൈവവചനം ശക്തമായ ഭാഷയിൽ ഇങ്ങനെ പറയുന്നു: “അന്യായം ചെയ്യുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു അറിയുന്നില്ലയോ? നിങ്ങളെത്തന്നേ വഞ്ചിക്കാതിരിപ്പിൻ; ദുർന്നടപ്പുകാർ, വിഗ്രഹാരാധികൾ, വ്യഭിചാരികൾ, സ്വയഭോഗികൾ, പുരുഷകാമികൾ . . . എന്നിവർ ദൈവരാജ്യം അവകാശമാക്കുകയില്ല.” (1 കൊരി. 6:9, 10) അതുകൊണ്ട്‌ അധാർമിക ജീവിതം നയിക്കുകയും അത്‌ ഉപേക്ഷിക്കാൻ കൂട്ടാക്കാതിരിക്കുകയും ചെയ്യുന്ന ആരും ദൈവത്തിന്റെ പുതിയലോകത്തിൽ ഉണ്ടായിരിക്കില്ല.

10. യേശുവിന്റെ വിശ്വസ്‌തത തകർക്കാൻ സാത്താൻ വേറെ ഏതു പരിശോധന കൊണ്ടുവന്നു?

10 മരുഭൂമിയിൽവെച്ച്‌ യേശുവിനു നേരിട്ട മറ്റൊരു പരിശോധനയെക്കുറിച്ച്‌ തിരുവെഴുത്തുകൾ ഇങ്ങനെ പറയുന്നു: ‘പിന്നെ പിശാചു അവനെ വിശുദ്ധ നഗരത്തിൽ കൊണ്ടുപോയി ദൈവാലയത്തിന്റെ അഗ്രത്തിന്മേൽ നിറുത്തി അവനോടു: നീ ദൈവപുത്രൻ എങ്കിൽ താഴത്തോട്ടു ചാടുക; “നിന്നെക്കുറിച്ചു അവൻ തന്റെ ദൂതന്മാരോടു കല്‌പിക്കും; അവൻ നിന്റെ കാൽ കല്ലിനോടു തട്ടാതവണ്ണം നിന്നെ കയ്യിൽ താങ്ങിക്കൊള്ളും” എന്നു എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.’ (മത്താ. 4:5, 6) യേശു മിശിഹായാണെന്നതിന്റെ ഒന്നാന്തരം തെളിവായിരിക്കും അതെന്നു പറയാനാണ്‌ സാത്താൻ ഇവിടെ ശ്രമിച്ചത്‌. എന്നാൽ വാസ്‌തവം അതായിരിക്കില്ലായിരുന്നു, അത്‌ ദൈവത്തിന്റെ അംഗീകാരമോ പിന്തുണയോ ലഭിക്കില്ലാത്ത അനുചിതവും ഗർവിഷ്‌ഠവുമായ ഒരു പ്രവൃത്തി ആയിരിക്കുമായിരുന്നു. ഒരിക്കൽക്കൂടി യേശു യഹോവയോടുള്ള തന്റെ വിശ്വസ്‌തത തെളിയിക്കുന്നു. ഒരു തിരുവെഴുത്ത്‌ ഉദ്ധരിച്ചുകൊണ്ട്‌ അവൻ സാത്താനോട്‌ പറഞ്ഞു: ‘“നിന്റെ ദൈവമായ കർത്താവിനെ [യഹോവയെ] പരീക്ഷിക്കരുതു” എന്നും കൂടെ എഴുതിയിരിക്കുന്നു.’—മത്താ. 4:7; ആവ. 6:16.

11. സാത്താൻ ഏതു പ്രലോഭനം കൊണ്ടുവന്നേക്കാം, അവയ്‌ക്കു വഴിപ്പെടുന്നെങ്കിൽ എന്തു സംഭവിച്ചേക്കാം?

11 സ്വന്തം മഹത്ത്വം തേടാൻ പല വിധങ്ങളിൽ സാത്താൻ നമ്മെ പ്രലോഭിപ്പിച്ചേക്കാം. വസ്‌ത്രധാരണത്തിലും ചമയത്തിലും ലൗകിക ഭ്രമങ്ങൾക്കു പിന്നാലെപോകാനോ ചോദ്യംചെയ്യത്തക്ക വിനോദങ്ങളിൽ ഏർപ്പെടാനോ അവൻ നമ്മെ പ്രേരിപ്പിച്ചേക്കാം. എന്നാൽ ബൈബിൾ തത്ത്വങ്ങൾ മറന്ന്‌ ലോകത്തെ അനുകരിക്കാൻ ശ്രമിച്ചാൽ അതിന്റെ ദൂഷ്യഫലങ്ങളിൽനിന്നു ദൂതന്മാർ നമ്മെ സംരക്ഷിക്കുമെന്നു പ്രതീക്ഷിക്കുന്നത്‌ ന്യായമാണോ? ബത്ത്‌-ശേബയോടുള്ള ബന്ധത്തിൽ താൻ ചെയ്‌ത പാപങ്ങളെപ്രതി ദാവീദ്‌ അനുതപിച്ചെങ്കിലും അതിന്റെ പരിണതഫലങ്ങളിൽനിന്ന്‌ അവൻ സംരക്ഷിക്കപ്പെട്ടില്ല. (2 ശമൂ. 12:9-12) ലോകത്തോട്‌ സൗഹൃദം വളർത്തിയെടുക്കുന്നതുപോലുള്ള അനുചിതമായ കാര്യങ്ങൾ ചെയ്‌തുകൊണ്ട്‌ നമുക്ക്‌ യഹോവയെ പരീക്ഷിക്കാതിരിക്കാം.—യാക്കോബ്‌ 4:4; 1 യോഹന്നാൻ 2:15-17 വായിക്കുക.

12. യേശു അഭിമുഖീകരിച്ച അടുത്ത പ്രലോഭനം ഏതായിരുന്നു, അവന്റെ പ്രതികരണം എന്തായിരുന്നു?

12 രാഷ്‌ട്രീയ അധികാരം വാഗ്‌ദാനം ചെയ്‌തുകൊണ്ട്‌ സാത്താൻ മരുഭൂമിയിൽവെച്ച്‌ യേശുവിനെ വീണ്ടും പരീക്ഷിച്ചു. ലോകത്തിലെ സകല രാജ്യങ്ങളും അവയുടെ മഹത്ത്വവും കാണിച്ചുകൊണ്ട്‌ അവൻ പറഞ്ഞു: “വീണു എന്നെ നമസ്‌കരിച്ചാൽ ഇതൊക്കെയും നിനക്കു തരാം.” (മത്താ. 4:8, 9) യഹോവയ്‌ക്കു മാത്രം അവകാശപ്പെട്ട ആരാധന തട്ടിയെടുക്കാനും യേശുവിന്റെ വിശ്വസ്‌തത തകർക്കാനുമുള്ള എത്ര കുടിലമായ ശ്രമം! ആരാധിക്കപ്പെടാനുള്ള ആഗ്രഹത്തെ തലോലിച്ചതുമൂലം, ഒരിക്കൽ വിശ്വസ്‌തനായിരുന്ന ദൂതൻ, പാപിയും അതിമോഹിയും പരദ്രോഹവ്യഗ്രനുമായ പിശാചും സാത്താനുമായിത്തീർന്നു. (യാക്കോ. 1:14, 15) എന്നാൽ യേശുവിന്റെ മനോഭാവം ഇതിനു നേർവിപരീതമായിരുന്നു. തന്റെ സ്വർഗീയ പിതാവിനോട്‌ വിശ്വസ്‌തനായിരിക്കാൻ ഉറച്ചിരുന്ന യേശു സാത്താനോട്‌ പറഞ്ഞു: ‘സാത്താനേ, എന്നെ വിട്ടുപോ; “നിന്റെ ദൈവമായ കർത്താവിനെ [യഹോവയെ] നമസ്‌കരിച്ചു അവനെ മാത്രമേ ആരാധിക്കാവു” എന്നു എഴുതിയിരിക്കുന്നുവല്ലോ.’ ഇപ്രാവശ്യവും യേശു പിശാചിനെ എതിർത്തുനിന്നു. അവന്റെ നിലപാട്‌ പകൽപോലെ വ്യക്തമായിരുന്നു. സാത്താന്റെ ലോകത്തിന്റെ ഒരു കണികപോലും ദൈവപുത്രൻ ആഗ്രഹിച്ചില്ല, അവൻ ആ ദുഷ്ടനെ ഒരിക്കലും ആരാധിക്കുകയുമില്ലായിരുന്നു.—മത്താ. 4:10; ആവ. 6:13; 10:20.

“പിശാചിനോടു എതിർത്തുനില്‌പിൻ; എന്നാൽ അവൻ നിങ്ങളെ വിട്ടു ഓടിപ്പോകും”

13, 14. (എ) ലോകത്തിലെ സകലരാജ്യങ്ങളും കാണിക്കുകവഴി പിശാച്‌ എന്താണ്‌ യേശുവിന്‌ വാഗ്‌ദാനം ചെയ്‌തത്‌? (ബി) സാത്താൻ നമ്മെ ദുഷിപ്പിക്കാൻ ശ്രമിക്കുന്നത്‌ എങ്ങനെ?

13 യേശുവിനെ ലോകത്തിലുള്ള സകല രാജ്യങ്ങളും കാണിച്ചതിലൂടെ അന്നോളം ഒരു മനുഷ്യനും ലഭിച്ചിട്ടില്ലാത്ത അധികാരം വാഗ്‌ദാനം ചെയ്യുകയായിരുന്നു പിശാച്‌. താൻ കണ്ടകാര്യങ്ങളിൽ യേശു മതിമറന്നുപോകുമെന്നും അതവനെ ഭൂമിയിലെ ഏറ്റവും ശക്തനും അധികാരമുള്ളവനുമായ ഭരണാധികാരിയായിത്തീരാൻ പ്രേരിപ്പിക്കുമെന്നും സാത്താൻ പ്രതീക്ഷിച്ചു. പിശാച്‌ ഇന്ന്‌ നമുക്ക്‌ രാജ്യാധികാരങ്ങളൊന്നും വാഗ്‌ദാനം ചെയ്യുന്നില്ല, പക്ഷേ നാം കാണുകയും കേൾക്കുകയും ചിന്തിക്കുകയും ചെയ്യുന്ന കാര്യങ്ങളിലൂടെ നമ്മുടെ ഹൃദയങ്ങളെ ദുഷിപ്പിക്കാൻ അവൻ പരമാവധി ശ്രമിക്കുന്നു.

14 ഈ ലോകത്തിന്റെ കടിഞ്ഞാൺ സാത്താന്റെ കയ്യിലാണ്‌. അതുകൊണ്ട്‌ മാധ്യമങ്ങളും അവന്റെ കൈപ്പിടിയിലാണ്‌. ഈ ലോകം കാണുന്നതും കേൾക്കുന്നതും വായിക്കുന്നതുമെല്ലാം അധാർമികതയും അക്രമവുംകൊണ്ടു നിറഞ്ഞിരിക്കുന്നതിൽ അത്ഭുതപ്പെടേണ്ടതില്ല. നമുക്കാവശ്യമില്ലാത്ത ഉപഭോഗവസ്‌തുക്കളിൽ താത്‌പര്യം ജനിപ്പിക്കാൻ പരിശ്രമിക്കുകയാണ്‌ പരസ്യലോകം. ഇത്തരം മാധ്യമങ്ങളിലൂടെ നമ്മുടെ കണ്ണുകളെയും കാതുകളെയും മനസ്സിനെയും ആകർഷിക്കുന്ന ഭൗതികകാര്യങ്ങളാൽ പിശാച്‌ നമ്മെ നിരന്തരം പ്രലോഭിപ്പിക്കുന്നു. എന്നാൽ തിരുവെഴുത്തുവിരുദ്ധമായ കാര്യങ്ങൾ കാണാനോ കേൾക്കാനോ വായിക്കാനോ വിസമ്മതിക്കുമ്പോൾ “സാത്താനേ, എന്നെ വിട്ടുപോ” എന്നു പറയുകയാണ്‌ യഥാർഥത്തിൽ നാം. അങ്ങനെ നമുക്കും സാത്താന്റെ അശുദ്ധലോകത്തെ തിരസ്‌കരിക്കുന്നതിൽ യേശുവിനെപ്പോലെ നിശ്ചയദാർഢ്യമുള്ളവരാണെന്നു തെളിയിക്കാം. നാം യഹോവയുടെ സാക്ഷികളും ക്രിസ്‌തുവിന്റെ അനുഗാമികളുമാണെന്ന്‌ സഹപ്രവർത്തകരും സഹപാഠികളും അയൽക്കാരും ബന്ധുക്കളുമൊക്കെ അറിയട്ടെ! നമുക്കത്‌ ധൈര്യത്തോടെ അവരോട്‌ പറയാം, അങ്ങനെ സാത്താന്റെ ലോകത്തിന്റെ ഭാഗമല്ലെന്നു നമുക്ക്‌ തെളിയിക്കാം.—മർക്കൊസ്‌ 8:38 വായിക്കുക.

15. സാത്താനെ എതിരിടുന്നതിൽ നാം സദാ ജാഗ്രതയുള്ളവരായിരിക്കേണ്ടത്‌ എന്തുകൊണ്ട്‌?

15 ദൈവത്തോടുള്ള യേശുവിന്റെ വിശ്വസ്‌തത തകർക്കാനുള്ള വിഫലശ്രമങ്ങളുടെ ഒടുവിൽ “പിശാചു അവനെ വിട്ടുപോയി.” (മത്താ. 4:11) എന്നാൽ യേശുവിനെ പരീക്ഷിക്കുന്നതു നിറുത്തിക്കളയാൻ സാത്താൻ ഉദ്ദേശിച്ചിരുന്നില്ല. തിരുവെഴുത്തുകളിൽ നാം വായിക്കുന്നു: “അങ്ങനെ പിശാചു [മരുഭൂമിയിലെ] സകലപരീക്ഷയും തികെച്ചശേഷം കുറെ കാലത്തേക്കു അവനെ വിട്ടുമാറി.” (ലൂക്കൊ. 4:13) പിശാചിനെ എതിർത്തുനിൽക്കുന്നതിൽ വിജയിക്കുമ്പോഴെല്ലാം നാം യഹോവയ്‌ക്കു നന്ദി പറയണം. എന്നാൽ തുടർന്നും നാം ദൈവത്തിന്റെ സഹായം തേടേണ്ടതുണ്ട്‌, കാരണം പിശാച്‌ തനിക്ക്‌ അനുയോജ്യമായ സമയത്ത്‌ നമ്മെ പ്രലോഭിപ്പിക്കാൻ മടങ്ങിയെത്തും, അത്‌ നാം പ്രതീക്ഷിക്കുന്ന ഒരു സമയത്തായിരിക്കണം എന്നില്ല. അതുകൊണ്ട്‌ നാം സദാ ജാഗ്രതയുള്ളവരും പരിശോധനകൾ ഗണ്യമാക്കാതെ യഹോവയുടെ വിശുദ്ധസേവനത്തിൽ നിലനിൽക്കാൻ ദൃഢചിത്തരുമായിരിക്കണം.

16. പ്രബലമായ ഏതു ശക്തി യഹോവ നമുക്കു നൽകുന്നു, നാം അതിനുവേണ്ടി പ്രാർഥിക്കേണ്ടത്‌ എന്തുകൊണ്ട്‌?

16 പിശാചിനെ എതിർക്കാനുള്ള നമ്മുടെ ശ്രമങ്ങളിൽ സഹായിക്കുന്നതിനായി പ്രപഞ്ചത്തിലെ ഏറ്റവും വലിയ ശക്തിയായ പരിശുദ്ധാത്മാവിനുവേണ്ടി നാം പ്രാർഥിക്കണം, അതു ലഭിക്കുകയും ചെയ്യും. നമ്മുടെ സ്വന്തം ശക്തികൊണ്ട്‌ സാധിക്കാത്ത കാര്യങ്ങൾ ചെയ്യാൻ അതു നമ്മെ സഹായിക്കും. ദൈവാത്മാവിന്റെ ലഭ്യതയെക്കുറിച്ചു ശിഷ്യന്മാർക്ക്‌ ഉറപ്പുകൊടുത്തുകൊണ്ട്‌ യേശു പറഞ്ഞു: ‘[അപൂർണരും താരതമ്യേന] ദോഷികളുമായ നിങ്ങൾ നിങ്ങളുടെ മക്കൾക്കു നല്ല ദാനങ്ങളെ കൊടുപ്പാൻ അറിയുന്നു എങ്കിൽ സ്വർഗ്ഗസ്ഥനായ പിതാവു തന്നോടു യാചിക്കുന്നവർക്കു പരിശുദ്ധാത്മാവിനെ എത്ര അധികം കൊടുക്കും.’ (ലൂക്കൊ. 11:13) പരിശുദ്ധാത്മാവിനായി യഹോവയോടു നമുക്ക്‌ ഇടവിടാതെ പ്രാർഥിക്കാം. പിശാചിനെ എതിർക്കാനുള്ള ദൃഢനിശ്ചയത്തിന്‌ പരിശുദ്ധാത്മാവിന്റെ പിന്തുണകൂടിയാകുമ്പോൾ നമ്മുടെ വിജയം സുനിശ്ചിതമായിരിക്കും. ‘പിശാചിന്റെ തന്ത്രങ്ങളോട്‌ എതിർത്തുനിൽക്കുന്നതിന്‌’ ഇടവിടാതെ, ഉള്ളുരുകി പ്രാർഥിക്കുന്നതിനു പുറമേ ദൈവത്തിന്റെ ആത്മീയ സർവായുധവർഗം ധരിക്കുകയും വേണം.—എഫെ. 6:11-18.

17. പിശാചിനെ എതിർത്തുനിൽക്കാൻ യേശുവിനെ സഹായിച്ച സന്തോഷം ഏതാണ്‌?

17 പിശാചിനെ എതിർത്തുനിൽക്കാൻ മറ്റൊന്നുകൂടി യേശുവിനെ സഹായിച്ചു, അതു നമ്മെയും സഹായിക്കും. ബൈബിൾ പറയുന്നു: “തന്റെ മുമ്പിൽ വെച്ചിരുന്ന സന്തോഷം ഓർത്തു അവൻ [യേശു] അപമാനം അലക്ഷ്യമാക്കി ക്രൂശിനെ സഹിക്കയും ദൈവസിംഹാസനത്തിന്റെ വലത്തുഭാഗത്തു ഇരിക്കയും ചെയ്‌തു.” (എബ്രാ. 12:2) യഹോവയുടെ പരമാധികാരത്തിനുവേണ്ടി നിലകൊള്ളുകയും അവന്റെ വിശുദ്ധനാമത്തെ ആദരിക്കുകയും നിത്യജീവനാകുന്ന സമ്മാനത്തിൽ ദൃഷ്ടിപതിപ്പിക്കുകയും ചെയ്യുന്നെങ്കിൽ നമുക്കും സമാനമായ സന്തോഷം അനുഭവിക്കാനാകും. സാത്താനും അവന്റെ പ്രവൃത്തികളും എന്നെന്നേക്കുമായി ഇല്ലാതാകുകയും ‘സൗമ്യതയുള്ളവർ ഭൂമിയെ കൈവശമാക്കി സമാധാനസമൃദ്ധിയിൽ ആനന്ദിക്കുകയും’ ചെയ്യുമ്പോൾ ഉണ്ടാകുന്ന സന്തോഷത്തെക്കുറിച്ച്‌ ഒന്നു ചിന്തിച്ചുനോക്കൂ! (സങ്കീ. 37:11) അതുകൊണ്ട്‌ യേശുവിനെപ്പോലെ നമുക്കും പിശാചിനോട്‌ എതിർത്തുനിൽക്കാം.—യാക്കോബ്‌ 4:7, 8 വായിക്കുക.

ഉത്തരം പറയാമോ?

• യഹോവ തന്റെ ജനത്തെ സംരക്ഷിക്കുന്നുവെന്ന്‌ എന്തു തെളിയിക്കുന്നു?

• സാത്താനെ എതിർക്കുന്നതിൽ യേശു മാതൃകവെച്ചത്‌ എങ്ങനെ?

• ഏതെല്ലാം വിധങ്ങളിൽ നിങ്ങൾക്കു പിശാചിനെ ചെറുക്കാനാകും?

[അധ്യയന ചോദ്യങ്ങൾ]

[29-ാം പേജിലെ ചിത്രം]

ലോകവുമായുള്ള സൗഹൃദം നമ്മെ ദൈവത്തിന്റെ ശത്രുക്കളാക്കും

[31-ാം പേജിലെ ചിത്രം]

സകല രാജ്യങ്ങളും അവയുടെ മഹത്ത്വവും നൽകാമെന്നുള്ള സാത്താന്റെ വാഗ്‌ദാനം യേശു നിരസിച്ചു