വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സമാധാനത്തിന്‌ ഉതകുന്ന കാര്യങ്ങൾ പിന്തുടരുക

സമാധാനത്തിന്‌ ഉതകുന്ന കാര്യങ്ങൾ പിന്തുടരുക

സമാധാനത്തിന്‌ ഉതകുന്ന കാര്യങ്ങൾ പിന്തുടരുക

പുതുതായി നിർമിച്ച ഒരു റോഡ്‌ നല്ല ഉറപ്പുള്ളതായും പൊട്ടിപ്പൊളിഞ്ഞുപോകാൻ സാധ്യതയില്ലാത്തതായും കാണപ്പെട്ടേക്കാം. എന്നാൽ കുറച്ചുനാൾ കഴിയുമ്പോൾ അതിൽ വിള്ളൽവീണേക്കാം, കുഴികളും ഉണ്ടായെന്നുവരാം. റോഡ്‌ നന്നാക്കിയാൽ മാത്രമേ യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനും റോഡ്‌ നശിച്ചുപോകാതെ സൂക്ഷിക്കാനും സാധിക്കൂ.

മറ്റുള്ളവരുമായുള്ള നമ്മുടെ ബന്ധവും ഏതാണ്ട്‌ ഇതുപോലെയാണ്‌, ഇടയ്‌ക്കൊക്കെ പ്രശ്‌നങ്ങളുണ്ടായേക്കാം, ചിലപ്പോൾ അതിൽ വിള്ളൽവീണെന്നും വരാം. റോമിലെ ക്രിസ്‌ത്യാനികളുടെ ഇടയിൽ അഭിപ്രായഭിന്നതകൾ ഉണ്ടായിരുന്നതായി അപ്പൊസ്‌തലനായ പൗലൊസ്‌ അംഗീകരിക്കുന്നു. “നാം സമാധാനത്തിന്നും അന്യോന്യം ആത്മികവർദ്ധനെക്കും ഉള്ളതിന്നു ശ്രമിച്ചുകൊൾക” എന്നു സഹക്രിസ്‌ത്യാനികളെ അവൻ ആഹ്വാനം ചെയ്‌തു. (റോമ. 14:13, 19) സമാധാനം സ്ഥാപിക്കുന്നതിനായി നാം ഉറ്റുശ്രമിക്കേണ്ടത്‌ എന്തുകൊണ്ട്‌? സമാധാനം സ്ഥാപിക്കുന്നതിന്‌ മടികൂടാതെ ഫലപ്രദമായി നമുക്കെങ്ങനെ പ്രവർത്തിക്കാം?

സമാധാനം സ്ഥാപിക്കാൻ ശ്രമിക്കേണ്ടത്‌ എന്തുകൊണ്ട്‌?

റോഡിലുണ്ടാകുന്ന ചെറിയ ചെറിയ പൊട്ടലുകൾ യഥാസമയം അടയ്‌ക്കാതെ വിട്ടുകളഞ്ഞാൽ അവ പിന്നീട്‌ അപകടം വിതയ്‌ക്കുന്ന കുഴികളായി മാറിയേക്കാം. ഇതുപോലെയാണ്‌ പരിഹരിക്കാതെ വിടുന്ന അഭിപ്രായ ഭിന്നതകളും, അവ പിന്നീട്‌ ഗുരുതരമായ പ്രശ്‌നങ്ങളിൽ കലാശിച്ചേക്കാം. അപ്പൊസ്‌തലനായ യോഹന്നാൻ എഴുതി: “ഞാൻ ദൈവത്തെ സ്‌നേഹിക്കുന്നു എന്നു പറകയും തന്റെ സഹോദരനെ പകെക്കയും ചെയ്യുന്നവൻ കള്ളനാകുന്നു. താൻ കണ്ടിട്ടുള്ള സഹോദരനെ സ്‌നേഹിക്കാത്തവന്നു കണ്ടിട്ടില്ലാത്ത ദൈവത്തെ സ്‌നേഹിപ്പാൻ കഴിയുന്നതല്ല.” (1 യോഹ. 4:20, 21) അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കാതിരുന്നാൽ ഒരു ക്രിസ്‌ത്യാനി തന്റെ സഹോദരനെ വെറുക്കുന്നതിലേക്ക്‌ അത്‌ നയിക്കും.

നാം മറ്റുള്ളവരുമായി സമാധാനത്തിലല്ലെങ്കിൽ നമ്മുടെ ആരാധന യഹോവ സ്വീകരിക്കില്ലെന്ന്‌ യേശുക്രിസ്‌തു പറയുകയുണ്ടായി. അവൻ ശിഷ്യന്മാരോടായി ഇങ്ങനെ പറഞ്ഞു: “ആകയാൽ നിന്റെ വഴിപാടു യാഗപീഠത്തിങ്കൽ കൊണ്ടുവരുമ്പോൾ സഹോദരന്നു നിന്റെ നേരെ വല്ലതും ഉണ്ടെന്നു അവിടെവെച്ചു ഓർമ്മവന്നാൽ നിന്റെ വഴിപാടു അവിടെ യാഗപീഠത്തിന്റെ മുമ്പിൽ വെച്ചേച്ചു, ഒന്നാമതു ചെന്നു സഹോദരനോടു നിരന്നുകൊൾക; പിന്നെ വന്നു നിന്റെ വഴിപാടു കഴിക്ക.” (മത്താ. 5:23, 24) നാം യഹോവയെ പ്രസാദിപ്പിക്കാൻ ആഗ്രഹിക്കുന്നു; സമാധാനകാംക്ഷികളായിരിക്കാൻ നമ്മെ പ്രേരിപ്പിക്കുന്ന മുഖ്യസംഗതി അതാണ്‌. *

നാം സമാധാനം പിന്തുടരേണ്ടതിന്‌ മറ്റൊരു കാരണംകൂടിയുണ്ട്‌. ഫിലിപ്പ്യ സഭയിലുണ്ടായിരുന്ന ഒരു സാഹചര്യം പരിചിന്തിക്കുക. യുവൊദ്യ, സുന്തുക എന്നീ ക്രിസ്‌തീയ സഹോദരിമാരുടെ ഇടയിലുണ്ടായിരുന്ന ഒരു പ്രശ്‌നം മുഴുസഭയുടെയും സമാധാനം കെടുത്താൻ പോന്നതായിരുന്നു. (ഫിലി. 4:2, 3) വ്യക്തിപരമായ പ്രശ്‌നങ്ങൾ പരിഹരിക്കാതെ വിടുന്നെങ്കിൽ അത്‌ പെട്ടെന്ന്‌ മറ്റുള്ളവരുടെ കാതിലും എത്തിയേക്കാം. സഭയുടെ സ്‌നേഹവും ഐക്യവും പരിരക്ഷിക്കാനുള്ള ആഗ്രഹം സഹോദരങ്ങളുമായി സമാധാനത്തിലായിരിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു.

“സമാധാനം ഉണ്ടാക്കുന്നവർ ഭാഗ്യവാന്മാർ” എന്നാണ്‌ യേശു പറഞ്ഞത്‌. (മത്താ. 5:9) സമാധാനം അന്വേഷിക്കുന്നത്‌ തീർച്ചയായും സന്തോഷവും സംതൃപ്‌തിയും നേടിത്തരും. “ശാന്തമനസ്സു ദേഹത്തിന്നു ജീവൻ” എന്ന്‌ തിരുവെഴുത്തുകൾ പറയുന്നു. (സദൃ. 14:30) അതേ, നല്ല ആരോഗ്യം നിലനിറുത്തുന്നതിൽ സമാധാനം വഹിക്കുന്ന പങ്ക്‌ ചെറുതല്ല. നേരെ മറിച്ച്‌ ഉള്ളിൽ നീരസം വെച്ചുകൊണ്ടിരിക്കുന്നെങ്കിൽ അത്‌ നമ്മുടെ ആരോഗ്യത്തെ ഹാനികരമായി ബാധിച്ചേക്കാം.

സമാധാനം തേടേണ്ടത്‌ ആവശ്യമാണെന്ന്‌ മിക്കവരും സമ്മതിക്കും. പക്ഷേ അതിനായി എന്തു ചെയ്യണം? ചില തിരുവെഴുത്തു തത്ത്വങ്ങൾ നമുക്കിപ്പോൾ പരിചിന്തിക്കാം.

ശാന്തമായി ചർച്ച ചെയ്യുക

റോഡുകളിലുണ്ടാകുന്ന ചെറിയ വിള്ളലുകളും മറ്റും ടാറൊഴിച്ചു റിപ്പയർ ചെയ്യാനും അങ്ങനെ ആ വിള്ളലുകൾ മറയ്‌ക്കാനും സാധിക്കും. നമ്മുടെ സഹോദരങ്ങളുടെ നിസ്സാരമായ പിഴവുകൾ പൊറുക്കാനും മറക്കാനും ഒരർഥത്തിൽ പറഞ്ഞാൽ മറയ്‌ക്കാനും സാധിക്കുന്നെങ്കിൽ അഭിപ്രായ വ്യത്യാസങ്ങൾ പലതും പരിഹരിക്കാൻ എളുപ്പമാണ്‌. അപ്പൊസ്‌തലനായ പത്രൊസ്‌ എഴുതി: ‘സ്‌നേഹം പാപങ്ങളുടെ ബഹുത്വത്തെ മറയ്‌ക്കുന്നു.’—1 പത്രൊ. 4:8.

ചിലപ്പോൾ ഒരു പ്രശ്‌നം വളരെ ഗൗരവമുള്ളതാണെന്നും അതിനുനേരെ കണ്ണടയ്‌ക്കാനാവില്ലെന്നും നമുക്കു തോന്നിയേക്കാം. വാഗ്‌ദത്ത ദേശത്ത്‌ എത്തിയ ഉടനെ ഇസ്രായേല്യർക്കിടയിൽ ഉണ്ടായ ഒരു പ്രശ്‌നത്തെക്കുറിച്ചു ചിന്തിക്കുക. “രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതിഗോത്രവും” യോർദ്ദാന്‌ സമീപത്ത്‌ “കാഴ്‌ച്ചെക്കു വലുതായിരിക്കുന്ന ഒരു യാഗപീഠം പണിതു.” എന്നാൽ ഈ നടപടിയെ ഇസ്രായേലിലെ മറ്റു ഗോത്രങ്ങൾ തെറ്റിദ്ധരിച്ചു. യാഗപീഠം വ്യാജാരാധനയ്‌ക്കുവേണ്ടി നിർമിച്ചതാണെന്നു കരുതിയ അവർ യുദ്ധത്തിനൊരുങ്ങി.—യോശു. 22:9-12.

തെറ്റു ചെയ്‌തുവെന്നതിന്‌ മതിയായ തെളിവുകളുണ്ടെന്നും മുന്നറിയിപ്പൊന്നും കൂടാതെ ഒരു ആക്രമണം നടത്തിയാൽ ആളപായം കുറയ്‌ക്കാമെന്നും ചില ഇസ്രായേല്യർ ചിന്തിച്ചിരിക്കാം. എന്നാൽ ഒരു എടുത്തുചാട്ടം നടത്താതെ യോർദ്ദാനു പടിഞ്ഞാറുള്ള ഗോത്രങ്ങൾ പ്രശ്‌നം അവരുടെ സഹോദരഗോത്രങ്ങളുമായി ചർച്ച ചെയ്യുന്നതിന്‌ പ്രതിനിധികളെ അയയ്‌ക്കുന്നു. അവർ ചോദിച്ചു: “നിങ്ങൾ ഇന്നു യഹോവയോടു മത്സരിക്കേണ്ടതിന്നു ഒരു യാഗപീഠം പണിതു ഇന്നു യഹോവയെ വിട്ടുമാറുവാൻ തക്കവണ്ണം നിങ്ങൾ യിസ്രായേലിന്റെ ദൈവത്തോടു ചെയ്‌തിരിക്കുന്ന ഈ ദ്രോഹം എന്ത്‌?” വാസ്‌തവത്തിൽ ഈ ആരോപണം ശരിയല്ലായിരുന്നു, കാരണം വ്യാജാരാധനയ്‌ക്കുവേണ്ടി ആയിരുന്നില്ല ആ യാഗപീഠം പണിതത്‌. എന്നിട്ടും തങ്ങൾക്കെതിരെ ഉയർന്ന ആരോപണത്തോട്‌ അവർ എങ്ങനെയാണു പ്രതികരിച്ചത്‌? അവർ തട്ടിക്കയറുകയോ സംസാരിക്കാൻ കൂട്ടാക്കാതിരിക്കുകയോ ചെയ്‌തോ? ഇല്ല. അവർ ശാന്തമായി പ്രതികരിച്ചു. യഹോവയെ സേവിക്കാനുള്ള ആഗ്രഹംകൊണ്ടുമാത്രമാണ്‌ യാഗപീഠം പണിതതെന്ന്‌ അവർ വിശദീകരിച്ചു. ആ നല്ല പ്രതികരണം യഹോവയുമായുള്ള അവരുടെ ബന്ധം കാത്തുസൂക്ഷിച്ചെന്നു മാത്രമല്ല വലിയൊരു കൂട്ടക്കൊലയും ഒഴിവാക്കി. അതേ, ശാന്തമായ ആ ചർച്ച പ്രശ്‌നം പരിഹരിക്കാനും സാമാധാനം പുനഃസ്ഥാപിക്കാനും സഹായിച്ചു.—യോശു. 22:13-34.

ഒരു യുദ്ധത്തിലേക്ക്‌ എടുത്തുചാടുന്നതിനുമുമ്പ്‌ ആ ഇസ്രായേല്യ ഗോത്രങ്ങൾ രൂബേന്യരോടും ഗാദ്യരോടും മനശ്ശെയുടെ പാതിഗോത്രത്തോടും സംസാരിക്കാൻ തീരുമാനിച്ചത്‌ ബുദ്ധിയായി. “നിന്റെ മനസ്സിൽ അത്ര വേഗം നീരസം ഉണ്ടാകരുതു; മൂഢന്മാരുടെ മാർവ്വിൽ അല്ലോ നീരസം വസിക്കുന്നത്‌” എന്നു ദൈവവചനം പറയുന്നു. (സഭാ. 7:9) കാര്യങ്ങൾ ശാന്തമായി, തുറന്നമനസ്സോടെ ചർച്ചചെയ്യുന്നതാണ്‌ സാരമായ അഭിപ്രായ ഭിന്നതകൾ പരിഹരിക്കുന്നതിനുള്ള തിരുവെഴുത്തധിഷ്‌ഠിത മാർഗം. നമ്മോടു തെറ്റുചെയ്‌തെന്നു നാം കരുതുന്ന വ്യക്തിയോട്‌ നീരസം വെച്ചുപുലർത്തുകയും പ്രശ്‌നം പരിഹരിക്കാനായി ആ വ്യക്തിയെ സമീപിക്കാതിരിക്കുകയും ചെയ്യുന്നെങ്കിൽ നമുക്ക്‌ യഹോവയിൽനിന്നുള്ള അനുഗ്രഹം പ്രതീക്ഷിക്കാനാകുമോ?

നേരെമറിച്ച്‌ നമ്മുടെ വാക്കോ പ്രവൃത്തിയോ തന്നെ വേദനിപ്പിച്ചുവെന്നു പറഞ്ഞ്‌ ഒരു സഹക്രിസ്‌ത്യാനി നമ്മെ സമീപിക്കുന്നെങ്കിലെന്ത്‌, ഒരുപക്ഷേ ഒരാരോപണംപോലും ഉന്നയിക്കുന്നെങ്കിലോ? “മൃദുവായ ഉത്തരം ക്രോധത്തെ ശമിപ്പിക്കുന്നു” എന്ന്‌ ബൈബിൾ പറയുന്നു. (സദൃ. 15:1) ആരോപണവിധേയരായ ഇസ്രായേല്യ ഗോത്രങ്ങൾ ശാന്തമായും വ്യക്തമായും തങ്ങളുടെ നിലപാടു വിശദീകരിച്ചു. അങ്ങനെ തങ്ങളുടെ സഹോദരങ്ങളുമായി ഉണ്ടാകുമായിരുന്ന വലിയൊരു പ്രശ്‌നം അവർ ഒഴിവാക്കി. ഒരു പ്രശ്‌നം പരിഹരിക്കുക എന്ന ഉദ്ദേശ്യത്തിൽ നാം ഒരു സഹോദരനെ സമീപിച്ചാലും ഇനി അദ്ദേഹം നമ്മെ സമീപിച്ചാലും, നമ്മുടെ മുഖഭാവവും സ്വരവും വാക്കുകളുമെല്ലാം സമാധാനം ഉന്നമിപ്പിക്കുന്നതിന്‌ ഉതകുന്നതായിരിക്കണം.

നാവിനെ ജ്ഞാനപൂർവം ഉപയോഗിക്കുക

നമ്മെ അലട്ടുന്ന കാര്യങ്ങൾ ആരോടെങ്കിലും തുറന്നു പറയുന്നത്‌ സ്വാഭാവികമാണെന്ന്‌ യഹോവയ്‌ക്കറിയാം. ഒരു വ്യക്തിയുമായുള്ള പ്രശ്‌നം നാം പരിഹരിക്കുന്നില്ലെങ്കിൽ മറ്റാരോടെങ്കിലും നാം അതേക്കുറിച്ച്‌ പറയാനിടയുണ്ട്‌. ഇനി നീരസം വെച്ചുകൊണ്ടിരുന്നാൽ അദ്ദേഹത്തെ കുറ്റപ്പെടുത്തി സംസാരിക്കുന്നതിലേക്കും അത്‌ നയിച്ചേക്കാം. നാവിന്റെ ദുരുപയോഗത്തെക്കുറിച്ച്‌ സദൃശവാക്യങ്ങൾ 11:11 പറയുന്നു: “നേരുള്ളവരുടെ അനുഗ്രഹംകൊണ്ടു പട്ടണം അഭ്യുദയം പ്രാപിക്കുന്നു; ദുഷ്ടന്മാരുടെ വായ്‌കൊണ്ടോ അതു ഇടിഞ്ഞു പോകുന്നു.” ഒരു സഹക്രിസ്‌ത്യാനിയെക്കുറിച്ച്‌ ചിന്താശൂന്യമായി സംസാരിക്കുന്നതു സഭയുടെ കെട്ടുറപ്പിനെയും സമാധാനത്തെയും ബാധിച്ചേക്കാം.

ഇതിനർഥം സഹോദരങ്ങളുടെ ഒരു കാര്യവും നാം പറയരുത്‌ എന്നല്ല. പൗലൊസ്‌ അപ്പൊസ്‌തലൻ ഉപദേശിക്കുന്നു: ‘കേൾക്കുന്നവർക്കു കൃപ ലഭിക്കേണ്ടതിന്നു ആവശ്യംപോലെ ആത്മികവർദ്ധനെക്കായി നല്ല വാക്കല്ലാതെ ആകാത്തതു ഒന്നും നിങ്ങളുടെ വായിൽനിന്നു പുറപ്പെടരുതു. നിങ്ങൾ തമ്മിൽ ദയയും മനസ്സലിവുമുള്ളവരായി അന്യോന്യം ക്ഷമിപ്പിൻ.’ (എഫെ. 4:29-32) നിങ്ങളുടെ വാക്കോ പ്രവൃത്തിയോ തന്നെ വ്രണപ്പെടുത്തിയെന്നും അതേക്കുറിച്ചു സംസാരിക്കാൻ ആഗ്രഹിക്കുന്നുവെന്നും ഒരു സഹോദരൻ നിങ്ങളോടു പറയുന്നെങ്കിലെന്ത്‌? അദ്ദേഹം ഒരിക്കൽപ്പോലും നിങ്ങളെക്കുറിച്ചു മോശമായി സംസാരിച്ചിട്ടില്ലെങ്കിൽ ക്ഷമാപണം നടത്താനും സമാധാനം സ്ഥാപിക്കാനും എളുപ്പമായിരിക്കില്ലേ? സഹക്രിസ്‌ത്യാനികളെക്കുറിച്ചു നല്ലതു പറയുന്നവരെന്ന ഖ്യാതി നമുക്കുണ്ടെങ്കിൽ ഒരു പ്രശ്‌നം പരിഹരിക്കുന്നത്‌ എളുപ്പമാക്കിത്തീർക്കുന്ന ഘടകമായിരിക്കും അത്‌.—ലൂക്കൊ. 6:31.

ഏകമനസ്സോടെ” ദൈവത്തെ സേവിക്കുക

നമ്മെ നീരസപ്പെടുത്തിയവരിൽനിന്ന്‌ അകന്നുമാറി സ്വയം ഒറ്റപ്പെടുത്തുന്നത്‌ ഒരു മാനുഷിക പ്രവണതയാണ്‌. എന്നാൽ അത്‌ ബുദ്ധിയല്ല. (സദൃ. 18:1) യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്ന ഏകീകൃതജനം എന്നനിലയിൽ അവനെ “ഏകമനസ്സോടെ” സേവിക്കാൻ ദൃഢനിശ്ചയം ചെയ്‌തവരാണു നാം.—സെഫ. 3:9.

മറ്റുള്ളവരുടെ അനുചിതമായ വാക്കുകളോ പെരുമാറ്റമോ സത്യാരാധനയിലുള്ള നമ്മുടെ തീക്ഷ്‌ണതയെ ബാധിക്കാൻ നാം അനുവദിക്കരുത്‌. ഒരിക്കൽ ദരിദ്രയായ ഒരു വിധവ “തനിക്കുള്ള ഉപജീവനം ഒക്കെയും” ആലയഭണ്ഡാരത്തിൽ ഇടുന്നത്‌ യേശു നിരീക്ഷിച്ചു. യേശുവിന്റെ യാഗം ആലയക്രമീകരണത്തെ നീക്കാൻ അൽപ്പദിവസംകൂടി മാത്രമേ അപ്പോൾ അവശേഷിച്ചിരുന്നുള്ളൂ, അവൻ ശാസ്‌ത്രിമാരെ നിശിതമായി വിമർശിച്ചിട്ടും അധികനേരമായിരുന്നില്ല. എന്നാൽ വഴിപാട്‌ ഇടുന്നതിൽനിന്ന്‌ അവളെ തടയുന്നതിനുപകരം സത്യാരാധനയ്‌ക്ക്‌ അവൾ നൽകിയ വിശ്വസ്‌ത പിന്തുണയെ അഭിനന്ദിക്കുകയാണ്‌ യേശു ചെയ്‌തത്‌. (ലൂക്കൊ. 21:1-4) യഹോവയുടെ ആരാധനയെ പിന്തുണയ്‌ക്കാനുള്ള കടപ്പാടിൽനിന്ന്‌ മറ്റുള്ളവരുടെ അന്യായപ്രവൃത്തികൾ അവളെ ഒഴിവാക്കിയില്ല.

ഒരു ക്രിസ്‌തീയ സഹോദരനോ സഹോദരിയോ അനുചിതമായോ അന്യായമായിപ്പോലുമോ പെരുമാറിയതായി നമുക്കു തോന്നുന്നെങ്കിൽ നമ്മുടെ പ്രതികരണം എന്തായിരിക്കും? മുഴുദേഹിയോടെയുള്ള നമ്മുടെ ദൈവസേവനത്തെ ബാധിക്കാൻ നാം അതിനെ അനുവദിക്കുമോ? അഭിപ്രായ ഭിന്നതകളേതും പരിഹരിക്കാനും ദൈവത്തിന്റെ സഭയുടെ അമൂല്യമായ സമാധാനം കാത്തുസൂക്ഷിക്കാനും നാം മടികൂടാതെ പ്രവർത്തിക്കുമോ?

“കഴിയുമെങ്കിൽ നിങ്ങളാൽ ആവോളം സകലമനുഷ്യരോടും സമാധാനമായിരിപ്പിൻ” എന്ന്‌ തിരുവെഴുത്തുകൾ ബുദ്ധിയുപദേശിക്കുന്നു. (റോമ. 12:18) ഈ ഉപദേശം പിൻപറ്റാൻ നമുക്ക്‌ ദൃഢനിശ്ചയം ചെയ്യാം, അങ്ങനെ ജീവനിലേക്കുള്ള പാതയിലാണ്‌ നാമെന്ന്‌ ഉറപ്പുവരുത്താം.

[അടിക്കുറിപ്പ്‌]

^ ഖ. 6 മത്തായി 18:15-17-ലെ യേശുവിന്റെ ബുദ്ധിയുപദേശത്തെക്കുറിച്ചുള്ള ഒരു ചർച്ചയ്‌ക്ക്‌ 1999 ഒക്ടോബർ 15 വീക്ഷാഗോപുരത്തിന്റെ 17-22 പേജുകൾ കാണുക.

[17-ാം പേജിലെ ചിത്രം]

യുവൊദ്യയും സുന്തുകയും സമാധാനത്തിൽ ആകേണ്ടതുണ്ടായിരുന്നു

[18-ാം പേജിലെ ചിത്രം]

നമ്മുടെ മുഖഭാവവും സ്വരവും വാക്കുകളുമെല്ലാം സമാധാനം പുനഃസ്ഥാപിക്കുന്നതിന്‌ ഉതകുന്നതായിരിക്കണം