വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കൊറിയയിലെ വളർച്ച ഞാൻ കണ്ടിരിക്കുന്നു

കൊറിയയിലെ വളർച്ച ഞാൻ കണ്ടിരിക്കുന്നു

കൊറിയയിലെ വളർച്ച ഞാൻ കണ്ടിരിക്കുന്നു

മിൽട്ടൺ ഹാമിൽട്ടൺ പറഞ്ഞപ്രകാരം

“മിഷനറിമാരായ നിങ്ങളുടെ സേവനം രാജ്യത്തിനാവശ്യമില്ലെന്നു സൂചിപ്പിച്ചുകൊണ്ട്‌ കൊറിയ ഗവണ്മെന്റ്‌ നിങ്ങളുടെ വിസകൾ റദ്ദാക്കിയിരിക്കുന്നു എന്ന്‌ അറിയിക്കുന്നതിൽ ഞങ്ങൾക്കു വിഷമമുണ്ട്‌. . . . അതുകൊണ്ട്‌ താത്‌കാലികമായി നിങ്ങളെ ജപ്പാനിൽ നിയമിച്ചിരിക്കുന്നു.”

ന്യൂയോർക്കിലെ ബ്രുക്ലിനിൽനിന്നു ഞങ്ങൾക്ക്‌ ഈ കത്ത്‌ ലഭിക്കുന്നത്‌ 1954-ന്റെ ഒടുവിലാണ്‌. ആ വർഷം നടന്ന ഗിലെയാദ്‌ സ്‌കൂളിന്റെ 23-ാം ക്ലാസ്സിൽനിന്ന്‌ ബിരുദം നേടിയ ഞാനും ഭാര്യയും ഇന്ത്യാനയിലെ ഇന്ത്യാനാപൊളീസിൽ സേവിക്കുകയായിരുന്നു.

ഹൈസ്‌കൂളിൽ എന്റെ സഹപാഠി ആയിരുന്ന ലിസ്സിനെ (ലിസ്‌ സെമൊക്‌) 1948-ൽ ഞാൻ വിവാഹം കഴിച്ചു. മുഴുസമയസേവനം പ്രിയപ്പെട്ടിരുന്നെങ്കിലും ഐക്യനാടുകൾവിട്ട്‌ വിദേശത്തു സേവിക്കുന്നതിനെക്കുറിച്ച്‌ അവൾക്ക്‌ ആശങ്കയുണ്ടായിരുന്നു. അവളുടെ മനസ്സു മാറ്റിയത്‌ എന്തായിരുന്നു?

1953-ലെ വേനൽക്കാലത്ത്‌ യാങ്കീ സ്റ്റേഡിയത്തിൽ നടന്ന അന്താരാഷ്‌ട്ര കൺവെൻഷനോട്‌ അനുബന്ധിച്ച്‌ ഗിലെയാദ്‌ സ്‌കൂളിൽ ചേരാൻ ആഗ്രഹിക്കുന്നവർക്കായി ഒരു യോഗം നടത്തുകയുണ്ടായി. അതിൽ സംബന്ധിക്കുന്നതിന്‌ ലിസ്‌ എന്നോടൊപ്പം വന്നു. പ്രോത്സാഹജനകമായിരുന്നു ആ യോഗം, അതിനൊടുവിൽ ഞങ്ങൾ ഗിലെയാദ്‌ സ്‌കൂളിൽ ചേരുന്നതിനുള്ള അപേക്ഷ നൽകി. 1954 ഫെബ്രുവരിയിൽ ആരംഭിക്കാനിരുന്ന അടുത്ത ക്ലാസിലേക്കു ക്ഷണം ലഭിച്ചത്‌ തീർത്തും അപ്രതീക്ഷിതമായിരുന്നു.

ഞങ്ങൾക്കു കൊറിയയിൽ നിയമനം ലഭിച്ചു. കനത്തനാശം വിതച്ചുകൊണ്ട്‌ മൂന്നുവർഷത്തോളം നീണ്ടുനിന്ന യുദ്ധം 1953-ലെ വേനൽക്കാലത്ത്‌ അവസാനിച്ചതേ ഉണ്ടായിരുന്നുള്ളൂ. നിയമനക്കത്തിൽ നിർദേശിച്ചിരുന്നതുപോലെ ഞങ്ങൾ ആദ്യം ജപ്പാനിലേക്കു പോയി. കടൽമാർഗം 20 ദിവസം സഞ്ചരിച്ച്‌ ഞങ്ങൾ 1955 ജനുവരിയിൽ അവിടെയെത്തി. കൊറിയയിൽ നിയമനം ലഭിച്ചിരുന്ന മറ്റ്‌ ആറ്‌ മിഷനറിമാരും ഒപ്പമുണ്ടായിരുന്നു. രാവിലെ ആറുമണിയോടെ എത്തിയ ഞങ്ങളെ സ്വീകരിക്കാൻ ജപ്പാൻ ബ്രാഞ്ചിന്റെ ചുമതലയുണ്ടായിരുന്ന ലോയ്‌ഡ്‌ ബാരി സഹോദരൻ കാത്തുനിൽപ്പുണ്ടായിരുന്നു. യോക്കഹാമയിലെ മിഷനറിഹോമിലേക്ക്‌ പോയ ഞങ്ങൾക്ക്‌ അന്നുതന്നെ വയൽസേവനത്തിനും പോകാൻ കഴിഞ്ഞു.

ഒടുവിൽ കൊറിയയിൽ

വൈകാതെ ഞങ്ങൾക്ക്‌ കൊറിയയിൽ പ്രവേശിക്കാനുള്ള വിസ ലഭിച്ചു. 1955 മാർച്ച്‌ 7-ന്‌ ടോക്കിയോയിലെ ഹാനെഡ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽനിന്ന്‌ ഞങ്ങളുടെ വിമാനം സോളിലെ യോയിഡോ ലക്ഷ്യമാക്കി പറന്നുയർന്നു. മൂന്നു മണിക്കൂറായിരുന്നു യാത്ര. ഞങ്ങളെ സ്വീകരിക്കാൻ 200-ലധികം സഹോദരങ്ങൾ കാത്തുനിൽപ്പുണ്ടായിരുന്നു. സന്തോഷംകൊണ്ടു ഞങ്ങളുടെ കണ്ണുകൾ ഈറനണിഞ്ഞു. മൊത്തം 1,000 സാക്ഷികളേ അന്ന്‌ കൊറിയയിൽ ഉണ്ടായിരുന്നുള്ളൂ. പൗരസ്‌ത്യദേശക്കാർക്കെല്ലാം ഒരേ രൂപവും സ്വഭാവവും ആണെന്നായിരുന്നു മറ്റെല്ലാ പാശ്ചാത്യരെയുംപോലെ ഞങ്ങളും കരുതിയിരുന്നത്‌. എന്നാൽ അത്‌ അങ്ങനെയല്ലെന്നു മനസ്സിലാക്കാൻ ഏറെ വൈകിയില്ല. കൊറിയക്കാർക്ക്‌ സ്വന്തം ഭാഷയും അക്ഷരമാലയും മാത്രമല്ല തനതായ പാചകരീതിയും രൂപഭാവവും പരമ്പരാഗത വേഷവിധാനങ്ങളും ഉണ്ട്‌. പ്രത്യേകതരത്തിൽ ഡിസൈൻ ചെയ്‌ത കെട്ടിടങ്ങളുൾപ്പെടെ അവർക്കു സ്വന്തമെന്ന്‌ അവകാശപ്പെടാൻ പലതുമുണ്ട്‌.

ഭാഷ പഠിക്കുക എന്നതായിരുന്നു ആദ്യത്തെ കടമ്പ. കൊറിയൻഭാഷ പഠിക്കുന്നതിനുള്ള പുസ്‌തകങ്ങളൊന്നും ലഭ്യമല്ലായിരുന്നു അന്ന്‌. ഇംഗ്ലീഷ്‌ ഉച്ചരിക്കുന്ന അതേവിധത്തിൽ കൊറിയൻഭാഷ കൃത്യമായി ഉച്ചരിക്കുക അസാധ്യമാണെന്ന്‌ തിരിച്ചറിയാൻ അധികം വൈകിയില്ല. കൊറിയൻ അക്ഷരമാല പഠിക്കാത്ത ഒരാൾക്ക്‌ ശരിയായ ഉച്ചാരണം പഠിക്കാനാവില്ല.

ഞങ്ങൾക്ക്‌ പല അമളികളും പറ്റിയിട്ടുണ്ട്‌. ഒരിക്കൽ ലിസ്‌ ഒരു വീട്ടുകാരിയോട്‌ അവരുടെ കൈയിൽ ബൈബിളുണ്ടോ എന്നു ചോദിച്ചു. വീട്ടുകാരിയുടെ മുഖത്ത്‌ ഒരു വല്ലായ്‌മ! അവർ അകത്തുപോയി ഒരു തീപ്പെട്ടി എടുത്തുകൊണ്ടുവന്നു. സങ്‌ക്യുങ്‌ (ബൈബിൾ) എന്നു പറയുന്നതിനുപകരം ലിസ്‌ പറഞ്ഞത്‌ സങ്‌യാങ്‌ (തീപ്പെട്ടി) എന്നാണ്‌!

ഏതാനും മാസങ്ങൾക്കുശേഷം, കൊറിയയിലെ ഒരു തുറമുഖനഗരമായ പുസാനിൽ മിഷനറിഹോം ആരംഭിക്കാൻ ഞങ്ങളെ ചുമതലപ്പെടുത്തി. ഞങ്ങൾക്കും കൂടെയുള്ള രണ്ടു സഹോദരിമാർക്കുമായി ചെറിയ മൂന്നു മുറികളാണ്‌ വാടകയ്‌ക്കു കിട്ടിയത്‌. പൈപ്പോ ഫ്‌ളഷ്‌ ടോയ്‌ലറ്റോ ഇല്ലായിരുന്നു. പകൽസമയത്ത്‌ പൊതുപൈപ്പിലെ വെള്ളത്തിനു മർദം കുറവായിരുന്നതിനാൽ രാത്രിയിൽമാത്രമേ വെള്ളം ഹോസിലൂടെ മൂന്നാംനിലയിൽ എത്തിക്കാൻ കഴിഞ്ഞിരുന്നുള്ളൂ. അതുകൊണ്ട്‌ ഞങ്ങൾ ഊഴമനുസരിച്ച്‌ അതിരാവിലെതന്നെ വെള്ളം ശേഖരിച്ചിരുന്നു. വെള്ളം കുടിക്കണമെങ്കിൽ അതു തിളപ്പിക്കുകയോ ക്ലോറിൻ കലർത്തുകയോ ചെയ്യണമായിരുന്നു.

പിന്നെയുമുണ്ടായിരുന്നു ഒരുപാട്‌ ബുദ്ധിമുട്ടുകൾ. വാഷിങ്‌ മെഷിനോ തേപ്പുപെട്ടിയോ ഒന്നും ഉപയോഗിക്കാൻ കഴിഞ്ഞിരുന്നില്ല, അത്ര കുറച്ചേ വൈദ്യുതി ലഭിച്ചിരുന്നുള്ളൂ. ഇടനാഴിയിലായിരുന്നു അടുക്കള, ഒരു മണ്ണെണ്ണ സ്റ്റൗ ആയിരുന്നു ഏക ആശ്രയം. ഉള്ള സൗകര്യത്തിൽ, ഓരോരുത്തരും മാറിമാറിയാണ്‌ ഭക്ഷണമുണ്ടാക്കിയിരുന്നത്‌. മൂന്നുവർഷം കഴിഞ്ഞ്‌ എനിക്കും ലിസ്സിനും ഹെപ്പറ്റൈറ്റിസ്‌ പിടിപെട്ടു. അക്കാലത്ത്‌ മിഷനറിമാരിൽ അനേകരെയും ഇതു ബാധിച്ചു. ഭേദമാകാൻ മാസങ്ങളെടുത്തു, മറ്റ്‌ ആരോഗ്യപ്രശ്‌നങ്ങളും ഞങ്ങളെ അലട്ടിയിരുന്നു.

പ്രതിസന്ധികളെ നേരിടാൻ സഹായിക്കുന്നു

55 വർഷമായി നിലനിൽക്കുന്ന രാഷ്‌ട്രീയ അസ്ഥിരത കൊറിയൻ ഉപദ്വീപിനെ ലോകശ്രദ്ധയിൽ കൊണ്ടുവന്നു. സൈന്യനിരോധിത മേഖല (demilitarized zone) ഈ ഉപദ്വീപിനെ വിഭാഗിക്കുന്നു. തലസ്ഥാനമായ സോളിന്‌ 55 കിലോമീറ്റർ വടക്കാണ്‌ ഈ മേഖല. 1971-ൽ ബ്രുക്ലിൻ ഹെഡ്‌ക്വാർട്ടേഴ്‌സിൽനിന്ന്‌ ഫ്രഡെറിക്‌ ഫ്രാൻസ്‌ സഹോദരൻ കൊറിയ സന്ദർശിച്ചു. ലോകത്തിലെ ഏറ്റവും ശക്തമായ സുരക്ഷാക്രമീകരണമുള്ള ആ അതിർത്തിയിലേക്ക്‌ ഞാനും അദ്ദേഹത്തോടൊപ്പം പോയി. രണ്ടു ഗവണ്മെന്റുകളുടെയും പ്രതിനിധികളുമായി കൂടിക്കാഴ്‌ച നടത്താനായി ഐക്യരാഷ്‌ട്രസഭയുടെ പ്രതിനിധികൾ പലവട്ടം ഇവിടെ എത്തിയിരുന്നു.

ലോകത്തിലെ രാഷ്‌ട്രീയ കാര്യങ്ങളിൽ നാം നിഷ്‌പക്ഷരാണ്‌. (യോഹ. 17:14) സഹമനുഷ്യർക്കു നേരെ ആയുധമെടുക്കാൻ വിസമ്മതിച്ച 13,000-ലധികംവരുന്ന കൊറിയൻ സഹോദരങ്ങൾ മൊത്തം 26,000 വർഷമാണ്‌ ജയിൽവാസം അനുഭവിച്ചത്‌. (2 കൊരി. 10:3, 4) സമാനമായ സാഹചര്യത്തെ നേരിടേണ്ടിവരുമെന്ന്‌ കൊറിയയിലെ എല്ലാ യുവസഹോദരന്മാർക്കും അറിയാം, പക്ഷേ അവർ പേടിച്ചു പിന്മാറുന്നില്ല. ക്രിസ്‌തീയ നിഷ്‌പക്ഷത മുറുകെപ്പിടിക്കുന്നു എന്ന ഒരേയൊരു “കുറ്റം” മാത്രം ചെയ്യുന്ന ക്രിസ്‌തീയ ശുശ്രൂഷകരെ ഗവണ്മെന്റ്‌ “കുറ്റവാളികൾ” എന്നു മുദ്രകുത്തുന്നത്‌ തികച്ചും ഖേദകരമാണ്‌.

മുമ്പ്‌, 1944-ൽ സൈനികസേവനത്തിനു വിസമ്മതിച്ചതിന്റെ പേരിൽ ഞാനും രണ്ടരവർഷം പെൻസിൽവേനിയയിലെ ലൂയിസ്‌ബെർഗിൽ തടവിൽ കഴിഞ്ഞിട്ടുണ്ട്‌. തടവിൽ കഴിയേണ്ടിവന്ന കൊറിയയിലെ സഹോദരന്മാർക്ക്‌ അതിലും പ്രയാസമേറിയ സാഹചര്യങ്ങളെ നേരിടേണ്ടിവന്നെങ്കിലും ആ യുവസാക്ഷികളുടെ അവസ്ഥ എനിക്കു മനസ്സിലാകുമായിരുന്നു. കൊറിയയിലുള്ള മിഷനറിമാരായ ഞങ്ങളിൽ ചിലർ ഇതുപോലുള്ള സാഹചര്യങ്ങളിൽക്കൂടി കടന്നുപോയിട്ടുണ്ടെന്ന്‌ അറിഞ്ഞത്‌ പലർക്കും പ്രോത്സാഹനം പകർന്നിട്ടുണ്ട്‌.—യെശ. 2:4.

ഒരു വെല്ലുവിളി നേരിടുന്നു

ഞങ്ങളുടെ നിഷ്‌പക്ഷത പരിശോധിച്ച ഒരു പ്രശ്‌നം 1977-ൽ ഉണ്ടായി. ആയുധമെടുക്കുന്നതിനും സൈന്യത്തിൽ ചേരുന്നതിനും വിസമ്മതിക്കാൻ കൊറിയയിലെ ചെറുപ്പക്കാരെ ഞങ്ങൾ സ്വാധീനിക്കുകയാണെന്ന്‌ അധികാരികൾ ചിന്തിച്ചു. അതുകൊണ്ട്‌ രാജ്യത്തിനു പുറത്തുപോകുന്ന മിഷനറിമാർക്ക്‌ തിരികെ പ്രവേശിക്കാനുള്ള അനുമതി ഗവണ്മെന്റ്‌ നിഷേധിച്ചു. 1977 മുതൽ 1987 വരെ ഈ നിരോധനം തുടർന്നു. അന്ന്‌ ഞങ്ങൾ കൊറിയയ്‌ക്കു പുറത്തുപോയിരുന്നെങ്കിൽ പിന്നീടൊരിക്കലും ഞങ്ങൾക്ക്‌ അവിടെ കാലുകുത്താനാകുമായിരുന്നില്ല. അതുകൊണ്ട്‌ ആ വർഷങ്ങളിൽ, വീട്ടിലുള്ളവരെ കാണാൻപോലും ഞങ്ങൾ പോയില്ല.

ക്രിസ്‌ത്യാനികളെന്ന നിലയിലുള്ള ഞങ്ങളുടെ നിഷ്‌പക്ഷ നിലപാട്‌ പലതവണ അധികാരികളുടെ മുമ്പിൽ വ്യക്തമാക്കി. ഒടുവിൽ, ഞങ്ങൾ ഭീഷണികൾക്കു വഴങ്ങുന്നവരല്ലെന്നു മനസ്സിലാക്കിയ അധികാരികൾ നിരോധനം നീക്കംചെയ്‌തു, പത്തുവർഷത്തിനുശേഷം. അനാരോഗ്യംപോലുള്ള കാരണങ്ങൾനിമിത്തം അക്കാലത്ത്‌ ചില മിഷനറിമാർക്ക്‌ കൊറിയ വിടേണ്ടിവന്നെങ്കിലും അവിടെ തുടരാനായതിൽ ഞങ്ങൾക്ക്‌ അതിയായ സന്തോഷമുണ്ട്‌.

1980-കളുടെ മധ്യത്തോടെ കൊറിയയിലെ സാക്ഷികളുടെ നിയമാനുസൃത കോർപ്പറേഷന്റെ ഡയറക്ടർമാർക്കെതിരെ എതിരാളികൾ രംഗത്തുവന്നു. സൈന്യത്തിൽ ചേരുന്നതിൽനിന്ന്‌ യുവാക്കളെ തടയുന്നു എന്നതായിരുന്നു ആരോപണം. ഡയറക്ടർമാരായ ഞങ്ങളെയെല്ലാം ചോദ്യംചെയ്‌തു. 1987 ജനുവരി 22-ന്‌ കുറ്റാരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നു പ്രോസിക്യൂട്ടറുടെ ഓഫീസ്‌ വിധിയെഴുതി. ഭാവിയിൽ ഒരു പ്രശ്‌നം ഉണ്ടാകാതിരിക്കാൻ അതൊരു സഹായമായി.

യഹോവ അനുഗ്രഹിക്കുന്നു

നമ്മുടെ നിഷ്‌പക്ഷതനിമിത്തം പ്രസംഗവേലയ്‌ക്കുനേരെയുള്ള എതിർപ്പ്‌ കൊറിയയിൽ അടിക്കടി വർധിച്ചുവന്നുകൊണ്ടിരുന്നു. അതുകൊണ്ട്‌ വലിയ സമ്മേളനങ്ങൾക്ക്‌ അനുയോജ്യമായ സ്ഥലം കണ്ടെത്തുക എന്നത്‌ ദുഷ്‌കരമായിത്തീർന്നു. പരിഹാരമെന്നോണം സഹോദരങ്ങൾ പുസാനിൽ സ്വന്തമായി ഒരു സമ്മേളനഹാൾ പണിതു, പൗരസ്‌ത്യദേശത്തെ ആദ്യത്തെ സമ്മേളനഹാൾ! 1976 ഏപ്രിൽ 5-ന്‌ 1,300 പേരടങ്ങുന്ന സദസ്സിനുമുമ്പാകെ അതിന്റെ സമർപ്പണ പ്രസംഗം നടത്താൻ എനിക്ക്‌ അവസരം ലഭിച്ചു.

1950 മുതൽ, ഐക്യനാടുകളിൽനിന്നുള്ള പതിനായിരക്കണക്കിന്‌ സൈനികരെ കൊറിയയിൽ നിയമിച്ചിരുന്നു. സ്വദേശത്തേക്കു മടങ്ങിപ്പോയ അവരിൽ പലരും സജീവ സാക്ഷികളായിത്തീർന്നു. അവർ ഞങ്ങൾക്ക്‌ കൂടെക്കൂടെ കത്തുകളയയ്‌ക്കാറുണ്ട്‌. ആത്മീയമായി അവരെ സഹായിക്കാനായത്‌ വളരെ വലിയ ഒരു അനുഗ്രഹമായാണ്‌ ഞങ്ങൾ കാണുന്നത്‌.

2006 സെപ്‌റ്റംബർ 26-ന്‌ എന്റെ പ്രിയപ്പെട്ട ലിസ്‌ മരണമടഞ്ഞു. അവളുടെ അഭാവം ഞാൻ ശരിക്കും അറിയുന്നു. ഇവിടെ ചെലവഴിച്ച 51 വർഷവും അവൾ സന്തോഷത്തോടെ മാത്രമേ ഏതു നിയമനവും സ്വീകരിച്ചിട്ടുള്ളൂ, ഒരിക്കലും പരാതിപറഞ്ഞിട്ടില്ല. താൻ ഒരിക്കലും വിട്ടുപോരാൻ ആഗ്രഹിക്കാഞ്ഞ ആ നാട്ടിലേക്ക്‌, ഐക്യനാടുകളിലേക്ക്‌, തിരികെപ്പോകുന്നതിനെക്കുറിച്ച്‌ അവൾ പറഞ്ഞിട്ടേയില്ല, ഒന്നു സൂചിപ്പിച്ചിട്ടുപോലുമില്ല!

ഞാൻ ഇപ്പോൾ കൊറിയ ബെഥേലിൽ സേവിക്കുന്നു. ഏതാനും പേർ മാത്രമായിരുന്ന ബെഥേൽ കുടുംബത്തിൽ ഇന്ന്‌ ഏതാണ്ട്‌ 250 പേരുണ്ട്‌. ഈ രാജ്യത്തെ വേലയുടെ ചുമതല വഹിക്കുന്ന ഏഴംഗ ബ്രാഞ്ച്‌ കമ്മിറ്റിയിലെ ഒരംഗമായി സേവിക്കാൻ കഴിയുന്നതിൽ ഞാൻ അതീവ സന്തുഷ്ടനാണ്‌.

കൊറിയയിൽ ഞങ്ങൾ കാലുകുത്തിയപ്പോൾ അതൊരു ദരിദ്ര രാജ്യമായിരുന്നു. എന്നാൽ ഇപ്പോൾ ലോകത്തിലെതന്നെ വികസിതരാജ്യങ്ങളിൽ ഒന്നായി മാറിയിരിക്കുന്നു അത്‌. 95,000-ലധികം സാക്ഷികളുണ്ട്‌ ഇന്നു കൊറിയയിൽ. അവരിൽ 40 ശതമാനത്തോളം പേർ സാധാരണ പയനിയർമാരോ സഹായ പയനിയർമാരോ ആണ്‌. ഇവിടെ ദൈവസേവനത്തിൽ തുടരാൻ ഇതെല്ലാം എന്നെ പ്രേരിപ്പിക്കുന്നു. ദൈവത്തിന്റെ ആട്ടിൻകൂട്ടത്തിന്റെ വർധന കാണാനുള്ള അനുഗ്രഹം എനിക്കു ലഭിച്ചിരിക്കുന്നു.

[24-ാം പേജിലെ ചിത്രം]

മറ്റു മിഷനറിമാർക്കൊപ്പം കൊറിയയിലെത്തുന്നു

[24-ാം പേജിലെ ചിത്രം]

പുസാനിൽ സേവിക്കുന്നു

[25-ാം പേജിലെ ചിത്രം]

സൈന്യനിരോധിത മേഖലയിൽ ഫ്രാൻസ്‌ സഹോദരനൊപ്പം, 1971-ൽ

[26-ാം പേജിലെ ചിത്രം]

ലിസ്സിനോടൊപ്പം, അവൾ മരിക്കുന്നതിനു തൊട്ടുമുമ്പ്‌

[26-ാം പേജിലെ ചിത്രം]

കൊറിയ ബ്രാഞ്ച്‌, ഒരു ബെഥേലംഗമായി ഞാൻ ഇവിടെ സേവിക്കുന്നു