ദൈവോദ്ദേശ്യത്തിലെ യേശുവിന്റെ നിസ്‌തുലപങ്ക് വിലമതിക്കുക
ദൈവോദ്ദേശ്യത്തിലെ യേശുവിന്റെ നിസ്‌തുലപങ്ക് വിലമതിക്കുക
“ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല.”—യോഹ. 14:6.
1, 2. ദൈവോദ്ദേശ്യത്തിൽ യേശു വഹിക്കുന്ന പങ്കിൽ നമുക്ക് താത്‌പര്യം ഉണ്ടായിരിക്കേണ്ടത് എന്തുകൊണ്ട്?
മറ്റുള്ളവരിൽനിന്നു വ്യത്യസ്‌തരായിരിക്കാൻ നൂറ്റാണ്ടുകളിലുടനീളം അനേകർ ശ്രമിച്ചിട്ടുണ്ട്. എന്നാൽ അതു സാധിച്ചതോ ചുരുക്കം ചിലർക്കും. അതിൽത്തന്നെ കുറച്ചുപേർക്കേ തികച്ചും വ്യത്യസ്‌തമായി എന്തെങ്കിലും ചെയ്‌തു എന്നവകാശപ്പെടാൻ കഴിയൂ. എന്നാൽ ദൈവപുത്രനായ യേശുക്രിസ്‌തു പലവിധങ്ങളിൽ തികച്ചും വ്യത്യസ്‌തനാണ്.
2 യേശു വഹിക്കുന്ന നിസ്‌തുലപങ്കിൽ നമുക്കു താത്‌പര്യം ഉണ്ടായിരിക്കേണ്ടത് എന്തുകൊണ്ട്? സ്വർഗീയ പിതാവായ യഹോവയുമായുള്ള ബന്ധമാണ് ഉൾപ്പെട്ടിരിക്കുന്നത്! യേശു പറഞ്ഞു: “ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല.” (യോഹ. 14:6; 17:3) യേശുവിനെ അതുല്യനാക്കുന്ന ചില കാര്യങ്ങൾ നമുക്കിപ്പോൾ പരിശോധിക്കാം. അങ്ങനെ ചെയ്യുന്നത് ദൈവോദ്ദേശ്യത്തിൽ അവനുള്ള പങ്ക് വിലമതിക്കാൻ നമ്മെ സഹായിക്കും.
“ഏകജാതപുത്രൻ”
3, 4. (എ) ഏകജാതപുത്രൻ എന്ന നിലയിൽ യേശു അതുല്യനാണെന്നു പറയാനാകുന്നത് എന്തുകൊണ്ട്? (ബി) സൃഷ്ടിയിലെ അവന്റെ പങ്ക് അനുപമമായിരിക്കുന്നത് എന്തുകൊണ്ട്?
3 യേശുവിനെ പരീക്ഷിക്കുമ്പോൾ സാത്താൻ അവനെ “ദൈവപുത്രൻ” എന്ന് സംബോധനചെയ്‌തുവെങ്കിലും, അനേക ദൈവപുത്രന്മാരിൽ ഒരുവൻ മാത്രമല്ലായിരുന്നു അവൻ. (മത്താ. 4:3, 6) അവൻ ‘ദൈവത്തിന്റെ ഏകജാതനായ പുത്രൻ’ ആണ്. (യോഹ. 3:16, 18) ‘ഏകജാതൻ’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കു വാക്കിന് “ഒരു കുലത്തിലെയോ വർഗത്തിലെയോ സമാനതകളില്ലാത്ത ഒരേയൊരു അംഗം,” “അതുല്യനായ” എന്നൊക്കെയാണ് അർഥം. കോടിക്കണക്കിന് ആത്മപുത്രന്മാർ യഹോവയ്‌ക്കുണ്ട്. യേശു എങ്ങനെയാണ് ഇവരിൽനിന്നെല്ലാം വ്യത്യസ്‌തനായിരിക്കുന്നത്?
4 ദൈവം നേരിട്ട് സൃഷ്ടിച്ച ഏകവ്യക്തി യേശുവാണ്. അവനാണ് ആദ്യജാതപുത്രൻ, വാസ്‌തവത്തിൽ “സർവ്വസൃഷ്ടിക്കും ആദ്യജാതനും” അവൻതന്നെ. (കൊലൊ. 1:15) ‘ദൈവസൃഷ്ടിയുടെ ആരംഭവുമാണവൻ.’ (വെളി. 3:14) ഈ ഏകജാതപുത്രൻ സൃഷ്ടിയിൽ വഹിച്ച പങ്കും അതുല്യമാണ്. അവനല്ല സ്രഷ്ടാവ് അല്ലെങ്കിൽ സൃഷ്ടിക്കു കാരണമായവൻ; പക്ഷേ, മറ്റെല്ലാം സൃഷ്ടിക്കാൻ യഹോവ അവനെ തന്റെ ഏജന്റായി ഉപയോഗിച്ചു. (യോഹന്നാൻ 1:3 വായിക്കുക.) അപ്പൊസ്‌തലനായ പൗലൊസ് എഴുതി: “പിതാവായ ഏകദൈവമേ നമുക്കുള്ളൂ; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്‌തു എന്ന ഏകകർത്താവും നമുക്കു ഉണ്ടു; അവൻമുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു.”—1 കൊരി. 8:6.
5. യേശു അതുല്യനാണെന്ന് തിരുവെഴുത്തുകൾ എടുത്തുകാട്ടുന്നത് എങ്ങനെ?
5 എന്നാൽ മറ്റു പലവിധങ്ങളിലും യേശു അതുല്യനാണ്. ദൈവോദ്ദേശ്യത്തിലെ അവന്റെ അനന്യമായ പങ്കിനെ വർണിക്കുന്ന നിരവധി സ്ഥാനപ്പേരുകൾ തിരുവെഴുത്തുകളിൽ നാം കാണുന്നു. ക്രിസ്‌തീയ ഗ്രീക്കു തിരുവെഴുത്തുകളിൽ കാണുന്ന അത്തരം അഞ്ചു പദവിനാമങ്ങൾക്കൂടെ നമുക്കു പരിശോധിക്കാം.
“വചനം”
6. യേശുവിനെ “വചനം” എന്നു വിളിക്കുന്നത് ഉചിതമായിരിക്കുന്നത് എന്തുകൊണ്ട്?
6 യോഹന്നാൻ 1:14 വായിക്കുക. യേശുവിനെ “വചനം” അഥവാ ലോഗോസ് എന്നു വിളിച്ചിരിക്കുന്നത് എന്തുകൊണ്ടാണ്? ബുദ്ധിശക്തിയുള്ള മറ്റു സൃഷ്ടികൾ അസ്‌തിത്വത്തിൽ വന്നതിനുശേഷം അവൻ നിർവഹിച്ച പങ്ക് വെളിവാക്കുന്നതാണ് ഈ പേര്. മറ്റ് ആത്മപുത്രന്മാർക്ക് നിർദേശങ്ങൾ നൽകാൻ യഹോവ പുത്രനായ യേശുവിനെ ഉപയോഗിച്ചു. മനുഷ്യർക്കു സന്ദേശങ്ങൾ കൈമാറാനും യഹോവ അവനെ ഉപയോഗിച്ചു. യേശു വചനം അഥവാ ദൈവത്തിന്റെ വക്താവാണെന്ന വസ്‌തുതയ്‌ക്ക് അടിവരയിടുന്നതാണ് യഹൂദന്മാരോടുള്ള അവന്റെ ഈ വാക്കുകൾ: “എന്റെ ഉപദേശം എന്റേതല്ല, എന്നെ അയച്ചവന്റേതത്രേ. അവന്റെ ഇഷ്ടം ചെയ്‌വാൻ ഇച്ഛിക്കുന്നവൻ ഈ ഉപദേശം ദൈവത്തിൽനിന്നുള്ളതോ ഞാൻ സ്വയമായി പ്രസ്‌താവിക്കുന്നതോ എന്നു അറിയും.” (യോഹ. 7:16, 17) സ്വർഗീയ മഹത്ത്വത്തിലേക്ക് തിരികെ എത്തിയതിനുശേഷവും “ദൈവവചനം” എന്ന പദവി അവൻ വഹിക്കുന്നു.—വെളി. 19:11, 13, 16.
7. ‘വചനമായ’ യേശുവിന്റെ താഴ്‌മ നമുക്ക് എങ്ങനെ അനുകരിക്കാം?
യോഹ. 12:50) നമുക്ക് അനുകരിക്കാനാകുന്ന എത്ര നല്ല മാതൃക! ‘നന്മ സുവിശേഷിക്കാനുള്ള’ മഹത്തായ പദവി നമ്മെയും ഭരമേൽപ്പിച്ചിരിക്കുന്നു. (റോമ. 10:15) താഴ്‌മ കാണിക്കുന്നതിൽ യേശുവിന്റെ മാതൃക അനുകരിക്കുന്നെങ്കിൽ സ്വന്തം ആശയങ്ങൾ പ്രചരിപ്പിക്കുന്നത് നമുക്ക് ഒഴിവാക്കാനാകും. തിരുവെഴുത്തുകളിലെ ജീവദായക സന്ദേശം മറ്റുള്ളവർക്കു പകർന്നുകൊടുക്കുമ്പോൾ ‘എഴുതിയിരിക്കുന്നതിന്നു അപ്പുറം ഭാവിക്കാതിരിപ്പാൻ’ നാം ശ്രദ്ധിക്കും.—1 കൊരി. 4:6.
7 ഈ പേര് എന്താണ് അർഥമാക്കുന്നത്? യഹോവയുടെ സകലസൃഷ്ടികളിലുംവെച്ച് ഏറ്റവും ബുദ്ധിമാനാണെങ്കിലും അവൻ സ്വന്തജ്ഞാനത്തിൽ ആശ്രയിക്കുന്നില്ല. തന്റെ പിതാവ് നിർദേശിക്കുന്നതാണ് അവൻ സംസാരിക്കുന്നത്. തന്നിലേക്കല്ല, പിതാവിലേക്കാണ് അവൻ എപ്പോഴും ആളുകളുടെ ശ്രദ്ധ തിരിച്ചുവിടുന്നത്. (“ആമേൻ”
8, 9. (എ) “ആമേൻ” എന്ന പദത്തിന്റെ അർഥമെന്താണ്, യേശുവിനെ “ആമേൻ” എന്നു വിളിക്കുന്നത് എന്തുകൊണ്ടാണ്? (ബി) ആ പേരിനു ചേർച്ചയിൽ യേശു പ്രവർത്തിച്ചത് എങ്ങനെ?
8 വെളിപ്പാടു 3:14 വായിക്കുക. യേശുവിനെ “ആമേൻ” എന്നു വിളിച്ചിരിക്കുന്നത് എന്തുകൊണ്ട്? ആമേൻ എന്നത് ഒരു എബ്രായ പദമാണ്, അതിന്റെ അർഥം “അങ്ങനെതന്നെയാകട്ടെ” അല്ലെങ്കിൽ “തീർച്ചയായും” എന്നാണ്. “വിശ്വസ്‌തനായ” അല്ലെങ്കിൽ “ആശ്രയയോഗ്യനായ” എന്ന അർഥമുള്ള എബ്രായ മൂലപദത്തിൽനിന്നാണ് ആമേൻ എന്ന പദം ഉരുത്തിരിഞ്ഞത്. യഹോവയുടെ വിശ്വസ്‌തതയെ കുറിക്കാനും ഈ മൂലപദമാണ് ഉപയോഗിച്ചിരിക്കുന്നത്. (ആവ. 7:9, പി.ഒ.സി. ബൈബിൾ; യെശ. 49:7) “ആമേൻ” എന്ന സ്ഥാനപ്പേര് യേശുവിനെ അതുല്യനാക്കുന്നത് എങ്ങനെ? 2 കൊരിന്ത്യർ 1:19, 20 ഉത്തരം നൽകുന്നു: “നിങ്ങളുടെ ഇടയിൽ പ്രസംഗിച്ച ദൈവപുത്രനായ യേശുക്രിസ്‌തു ഒരിക്കൽ ഉവ്വു എന്നും മറ്റൊരിക്കൽ ഇല്ല എന്നും ആയിരുന്നില്ല; അവനിൽ ഉവ്വു എന്നത്രേയുള്ളു. ദൈവത്തിന്റെ വാഗ്‌ദത്തങ്ങൾ എത്ര ഉണ്ടെങ്കിലും അവനിൽ ഉവ്വു എന്നത്രേ; അതുകൊണ്ടു ഞങ്ങളാൽ ദൈവത്തിന്നു മഹത്വം ഉണ്ടാകുമാറു അവനിൽ ആമേൻ എന്നും തന്നേ.”
9 യേശുവിന്റെ ത്യാഗപൂർണമായ മരണം ഉൾപ്പെടെ അവന്റെ കളങ്കരഹിതമായ ഭൗമിക ജീവിതം, ദിവ്യവാഗ്‌ദാനങ്ങളെക്കുറിച്ച് ഉറപ്പുനൽകുകയും അവയുടെ നിവൃത്തി സാധ്യമാക്കിത്തീർക്കുകയും ചെയ്‌തു. അങ്ങനെ എല്ലാ ദിവ്യവാഗ്‌ദാനങ്ങൾ സംബന്ധിച്ചും യേശു “ആമേൻ” ആണ്. വിശ്വസ്‌തനായിരുന്നുകൊണ്ട് യേശു സാത്താന്റെ അവകാശവാദം—ഇല്ലായ്‌മകളുടെയും കഷ്ടപ്പാടുകളുടെയും പരിശോധനകളുടെയും മധ്യേ മനുഷ്യർ ദൈവത്തെ തള്ളിക്കളയുമെന്ന വാദം—തെറ്റാണെന്നു തെളിയിച്ചു. (ഇയ്യോ. 1:6-12; 2:2-7) സകലസൃഷ്ടികളിലുംവെച്ച് ഇത് തെളിയിക്കാൻ ഏറ്റവും യോഗ്യനായ വ്യക്തി ദൈവത്തിന്റെ ആദ്യജാതപുത്രനാണ്. എന്നാൽ ഇതിലുപരിയായി, യഹോവയുടെ പരമാധികാരം ചോദ്യം ചെയ്‌ത വിവാദത്തിൽ യഹോവയുടെ പക്ഷത്ത് ഈടുറ്റ തെളിവ് പ്രദാനംചെയ്‌തതും യേശുവാണ്.
10. “ആമേൻ” എന്ന പേരിനു ചേർച്ചയിൽ യേശു പ്രവർത്തിച്ച വിധം നമുക്ക് എങ്ങനെ അനുകരിക്കാം?
10 “ആമേൻ” എന്ന പേരിനു ചേർച്ചയിൽ യേശു പ്രവർത്തിച്ച വിധം നമുക്ക് എങ്ങനെ അനുകരിക്കാം? യഹോവയുടെ പരമാധികാരത്തെ പിന്തുണച്ചുകൊണ്ട് അവനോട് വിശ്വസ്‌തരായിരിക്കുന്നതിലൂടെ. ഇങ്ങനെ ചെയ്യുകവഴി, “മകനേ, എന്നെ നിന്ദിക്കുന്നവനോടു ഞാൻ ഉത്തരം പറയേണ്ടതിന്നു നീ ജ്ഞാനിയായി എന്റെ ഹൃദയത്തെ സന്തോഷിപ്പിക്ക” എന്ന സദൃശവാക്യങ്ങൾ 27:11-ലെ അഭ്യർഥനയ്‌ക്കു ചേർച്ചയിൽ പ്രവർത്തിക്കുകയായിരിക്കും നാം.
“പുതിയ നിയമത്തിന്റെ മദ്ധ്യസ്ഥൻ”
11, 12. മധ്യസ്ഥൻ എന്ന യേശുവിന്റെ സ്ഥാനം അനന്യമായിരിക്കുന്നത് എങ്ങനെ?
11 1 തിമൊഥെയൊസ് 2:5, 6 വായിക്കുക. ‘ദൈവത്തിനും മനുഷ്യർക്കും മധ്യസ്ഥനായി ഒരുവൻ,’ യേശു; അവൻതന്നെയാണ് ‘പുതിയ നിയമത്തിന്റെ മധ്യസ്ഥനും.’ (എബ്രാ. 9:15; 12:24) എന്നാൽ മോശെയെയും ഒരു മധ്യസ്ഥൻ എന്നു വിളിച്ചിരിക്കുന്നു, ന്യായപ്രമാണ ഉടമ്പടിയുടെ. (ഗലാ. 3:19) അങ്ങനെയെങ്കിൽ മധ്യസ്ഥൻ എന്ന യേശുവിന്റെ സ്ഥാനം അതുല്യമാണെന്നു പറയാനാകുന്നത് എന്തുകൊണ്ട്?
12 “മധ്യസ്ഥൻ” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന മൂലപദം നീതിന്യായകാര്യങ്ങളോടു ബന്ധപ്പെട്ട പദമാണ്. ‘ദൈവത്തിന്റെ യിസ്രായേൽ’ എന്ന പുതിയ ജനത രൂപംകൊള്ളാൻ ഇടയാക്കിയ പുതിയ ഉടമ്പടിയുടെ നിയമാനുസൃത മധ്യസ്ഥനാണ് യേശു. (ഗലാ. 6:16) സ്വർഗത്തിൽ ‘രാജകീയപുരോഹിതവർഗം’ ആയിത്തീരുന്ന ആത്മാഭിഷിക്ത ക്രിസ്‌ത്യാനികൾ അടങ്ങുന്നതാണ് ഈ ജനത. (1 പത്രൊ. 2:9; പുറ. 19:6) മോശെ മധ്യസ്ഥനായിരുന്ന ന്യായപ്രമാണത്തിന് അത്തരമൊരു ജനതയ്‌ക്കു രൂപം കൊടുക്കാൻ സാധിക്കില്ലായിരുന്നു.
13. മധ്യസ്ഥൻ എന്ന പദവിയിൽ യേശു ഏതൊക്കെ ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നു?
13 മധ്യസ്ഥൻ എന്ന പദവിയിൽ യേശു ഏതൊക്കെ ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നു? പുതിയ ഉടമ്പടിയിൽ കക്ഷികളാകുന്നവർക്ക് യഹോവ യേശുവിന്റെ രക്തത്തിന്റെ മൂല്യം ബാധകമാക്കുകയും അവരെ നീതിമാന്മാരെന്നു പ്രഖ്യാപിക്കുകയും ചെയ്യുന്നു. (റോമ. 3:24; എബ്രാ. 9:15) അപ്പോൾ സ്വർഗീയ രാജകീയപുരോഹിതവർഗം ആകാനുള്ള പ്രത്യാശ നൽകിക്കൊണ്ട് ദൈവത്തിന് അവരെ പുതിയ ഉടമ്പടിയിൽ കക്ഷിചേർക്കാനാകും. ദൈവമുമ്പാകെ ശുദ്ധമായനില കാത്തുസൂക്ഷിക്കാൻ മധ്യസ്ഥനായ യേശു അവരെ സഹായിക്കും.—എബ്രാ. 2:16.
14. പ്രത്യാശ ഏതായിരുന്നാലും ക്രിസ്‌ത്യാനികൾ മധ്യസ്ഥനായ യേശുവിനെ വിലമതിക്കേണ്ടത് എന്തുകൊണ്ട്?
14 സ്വർഗീയ പ്രത്യാശയില്ലാത്ത, ഭൂമിയിൽ നിത്യം ജീവിക്കാൻ ആഗ്രഹിക്കുന്ന, പുതിയ ഉടമ്പടിയിൽ കക്ഷികൾ അല്ലാത്തവരെ സംബന്ധിച്ചെന്ത്? പുതിയ ഉടമ്പടിയിൽ കക്ഷികളല്ലെങ്കിലും അവർ അതിന്റെ ഗുണഭോക്താക്കളാണ്. അവരുടെ പാപങ്ങൾക്കു ക്ഷമ ലഭിക്കുന്നു, നീതിമാന്മാരും ദൈവത്തിന്റെ സ്‌നേഹിതരുമെന്ന് അവർ വിളിക്കപ്പെടുന്നു. (യാക്കോ. 2:23; 1 യോഹ. 2:1, 2) നമ്മുടെ പ്രത്യാശ സ്വർഗീയമോ ഭൗമികമോ ആകട്ടെ, നമുക്കോരോരുത്തർക്കും പുതിയ ഉടമ്പടിയുടെ മധ്യസ്ഥൻ എന്ന യേശുവിന്റെ സ്ഥാനത്തെ വിലമതിക്കാൻ നല്ല കാരണമുണ്ട്.
‘മഹാപുരോഹിതൻ’
15. മറ്റെല്ലാ മഹാപുരോഹിതന്മാരിൽനിന്നും യേശുവിനെ വ്യത്യസ്‌തനാക്കുന്നത് എന്ത്?
15 മുൻകാലങ്ങളിൽ പലരും മഹാപുരോഹിതന്മാരായി സേവിച്ചിട്ടുണ്ടെങ്കിലും, മഹാപുരോഹിതൻ എന്ന യേശുവിന്റെ സ്ഥാനം അതുല്യമാണ്. എങ്ങനെ? പൗലൊസ് പറയുന്നു: “ആ മഹാപുരോഹിതന്മാരെപ്പോലെ ആദ്യം സ്വന്തപാപങ്ങൾക്കായും പിന്നെ ജനത്തിന്റെ പാപങ്ങൾക്കായും ദിനംപ്രതി യാഗംകഴിപ്പാൻ ആവശ്യമില്ലാത്തവൻ തന്നേ. അതു അവൻ തന്നെത്താൻ അർപ്പിച്ചുകൊണ്ടു ഒരിക്കലായിട്ടു ചെയ്‌തുവല്ലോ. ന്യായപ്രമാണം ബലഹീനമനുഷ്യരെ മഹാപുരോഹിതന്മാരാക്കുന്നു; ന്യായപ്രമാണത്തിന്നു പിമ്പുള്ള ആണയുടെ വചനമോ എന്നേക്കും തികെഞ്ഞവനായിത്തീർന്ന പുത്രനെ പുരോഹിതനാക്കുന്നു.”—എബ്രാ. 7:27, 28. *
16. യേശുവിന്റെ യാഗം അനന്യമായിരിക്കുന്നത് എന്തുകൊണ്ട്?
16 യേശു ഒരു പൂർണമനുഷ്യനായിരുന്നു, പാപം ചെയ്യുന്നതിനു മുമ്പുണ്ടായിരുന്ന ആദാമിനു തുല്യൻ. (1 കൊരി. 15:45) അതുകൊണ്ടുതന്നെ പൂർണതയുള്ള, തികഞ്ഞ, ഒരിക്കലും ആവർത്തിക്കപ്പെടേണ്ടതില്ലാത്ത യാഗം അർപ്പിക്കാൻ യോഗ്യനായ ഒരേയൊരു മനുഷ്യൻ യേശുവായിരുന്നു. മോശൈകന്യായപ്രമാണത്തിൻ കീഴിൽ ദിവസേന യാഗങ്ങൾ അർപ്പിച്ചിരുന്നു. ആ യാഗങ്ങളും പുരോഹിതശുശ്രൂഷയുമെല്ലാം യേശു നിറവേറ്റാനിരുന്നതിന്റെ ഒരു നിഴൽ മാത്രമായിരുന്നു. (എബ്രാ. 8:5; 10:1) അതുകൊണ്ട് ഫലപ്രാപ്‌തിയിലും സ്ഥിരതയിലും മഹാപുരോഹിതൻ എന്ന യേശുവിന്റെ പദവി അനന്യമാണ്.
17. മഹാപുരോഹിതനായ യേശുവിന്റെ സ്ഥാനം നാം അംഗീകരിക്കേണ്ടത് എന്തുകൊണ്ട്, നമുക്കത് എങ്ങനെ ചെയ്യാനാകും?
17 ദൈവമുമ്പാകെ നീതിനിഷ്‌ഠമായ നിലയുള്ളവരായിരിക്കാൻ നമുക്ക് മഹാപുരോഹിതനായ യേശുവിന്റെ സേവനം ആവശ്യമാണ്. എത്ര ശ്രേഷ്‌ഠനായ ഒരു മഹാപുരോഹിതനാണു നമുക്കുള്ളത്! പൗലൊസ് എഴുതി: “നമുക്കുള്ള മഹാപുരോഹിതൻ നമ്മുടെ ബലഹീനതകളിൽ സഹതാപം കാണിപ്പാൻ കഴിയാത്തവനല്ല; പാപം ഒഴികെ സർവ്വത്തിലും നമുക്കു തുല്യമായി പരീക്ഷിക്കപ്പെട്ടവനത്രേ നമുക്കുള്ളത്.” (എബ്രാ. 4:15) ഈ വസ്‌തുത, മേലാൽ നമുക്കുവേണ്ടിയല്ല ‘നമുക്കുവേണ്ടി മരിച്ചു ഉയിർത്തവന്നായിട്ടു തന്നേ ജീവിക്കേണ്ടതിന്’ നമ്മെ പ്രേരിപ്പിക്കണം.—2 കൊരി. 5:14, 15; ലൂക്കൊ. 9:23.
വാഗ്‌ദത്ത സന്തതി
18. ആദാം പാപംചെയ്‌തശേഷം ഏതു പ്രവചനം ഉച്ചരിക്കപ്പെട്ടു, ഈ പ്രവചനം സംബന്ധിച്ച് എന്തു വെളിവായി?
18 ദൈവവുമായുണ്ടായിരുന്ന സംശുദ്ധബന്ധം, നിത്യജീവൻ, സന്തോഷം, പറുദീസ എന്നിങ്ങനെ എല്ലാം ഏദെനിൽവെച്ച് നഷ്ടമായി എന്ന അവസ്ഥ വന്നപ്പോൾ യഹോവയാം ദൈവം ഒരു വിമോചകനെ വാഗ്‌ദാനം ചെയ്‌തു. ഈ വിമോചകനെയാണ് “സന്തതി” എന്നു പരാമർശിച്ചിരിക്കുന്നത്. (ഉല്‌പ. 3:15) നൂറ്റാണ്ടുകളിലുടനീളം അനേകം ബൈബിൾ പ്രവചനങ്ങളുടെ വിഷയമായിരുന്നു ഈ സന്തതി. അബ്രാഹാമിന്റെയും യിസ്‌ഹാക്കിന്റെയും യാക്കോബിന്റെയും പിൻഗാമി ആയിരിക്കണമായിരുന്നു അവൻ. ദാവീദ് രാജാവിന്റെ വംശത്തിലാണ് അവൻ ജനിക്കേണ്ടിയിരുന്നത്.—ഉല്‌പ. 21:12; 22:16-18; 28:14; 2 ശമൂ. 7:12-16.
19, 20. (എ) ആരാണ് വാഗ്‌ദത്ത സന്തതി? (ബി) വാഗ്‌ദത്ത സന്തതിയിൽ യേശു മാത്രമല്ല ഉള്ളത് എന്നു പറയാനാകുന്നത് എന്തുകൊണ്ട്?
19 ആരായിരുന്നു ആ വാഗ്‌ദത്ത സന്തതി? ഗലാത്യർ 3:16 അതിനുള്ള ഉത്തരം നൽകുന്നു. (ഗലാത്യർ 3:16 വായിക്കുക.) എന്നാൽ അതേ അധ്യായത്തിൽ അപ്പൊസ്‌തലനായ പൗലൊസ് അഭിഷിക്ത ക്രിസ്‌ത്യാനികളോടായി ഇങ്ങനെ പറയുന്നു: “ക്രിസ്‌തുവിന്നുള്ളവർ എങ്കിലോ നിങ്ങൾ അബ്രാഹാമിന്റെ സന്തതിയും വാഗ്‌ദത്തപ്രകാരം അവകാശികളും ആകുന്നു.” (ഗലാ. 3:29) യേശു വാഗ്‌ദത്ത സന്തതിയായിരിക്കെ മറ്റുള്ളവരും അതിൽ ഉൾപ്പെടുന്നത് എങ്ങനെ?
20 ലക്ഷക്കണക്കിന് ആളുകൾ അബ്രാഹാമിന്റെ പിൻമുറക്കാരെന്ന് അവകാശപ്പെടുന്നു, ചിലർ പ്രവാചകന്മാരാണെന്നുപോലും. തങ്ങളുടെ പ്രവാചകന്മാർ അബ്രാഹാമിന്റെ പിൻഗാമികളാണെന്ന കാര്യത്തിന് ചില മതങ്ങൾ വളരെ പ്രാധാന്യം കൽപ്പിക്കുന്നു. എന്നാൽ ഇവരെല്ലാമാണോ വാഗ്‌ദത്ത സന്തതിയിൽ ഉൾപ്പെടുന്നത്. അല്ല. ദിവ്യനിശ്വസ്‌തതയിൽ അപ്പൊസ്‌തലനായ പൗലൊസ് ചൂണ്ടിക്കാണിച്ചതുപോലെ അബ്രാഹാമിന്റെ എല്ലാ സന്തതികൾക്കും വാഗ്‌ദത്ത സന്തതി എന്ന് അവകാശപ്പെടാനാവില്ല. മനുഷ്യവർഗത്തെ അനുഗ്രഹിക്കുന്നതിനായി അബ്രാഹാമിന്റെ മറ്റു പുത്രന്മാരുടെ മക്കളെ ദൈവം ഉപയോഗിച്ചില്ല. ആ സന്തതി യിസ്‌ഹാക്കിലൂടെമാത്രം വരണമായിരുന്നു. (എബ്രാ. 11:18) ആത്യന്തികമായി, ഒരേയൊരു മനുഷ്യൻ, യേശുക്രിസ്‌തു, അവനാണ് ആ സന്തതിയുടെ മുഖ്യഭാഗം. * അബ്രാഹാം മുതലുള്ള അവന്റെ വംശാവലി ബൈബിളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പിൽക്കാലത്ത് അബ്രാഹാമിന്റെ സന്തതിയുടെ ഉപഭാഗമായി മാറിയ എല്ലാവരും അങ്ങനെ ആയിത്തീർന്നത് അവർ “ക്രിസ്‌തുവിനുള്ളവർ” ആയിരുന്നതുകൊണ്ടാണ്. അതേ, വാഗ്‌ദത്ത സന്തതിയെക്കുറിച്ചുള്ള പ്രവചനം നിവർത്തിക്കുന്നതിൽ യേശു വഹിച്ച പങ്ക് നിസ്‌തുലമാണ്.
21. ദൈവോദ്ദേശ്യത്തിൽ യേശു വഹിച്ച അതുല്യമായ പങ്കിനെ നിങ്ങൾ എങ്ങനെ വീക്ഷിക്കുന്നു?
21 യഹോവയുടെ ഉദ്ദേശ്യനിവൃത്തിയിൽ യേശു വഹിച്ച പങ്കിനെക്കുറിച്ചുള്ള ഈ ചർച്ചയിൽനിന്ന് നമ്മൾ എന്താണു പഠിച്ചത്? സൃഷ്ടിക്കപ്പെട്ടതുമുതൽ ദൈവത്തിന്റെ ഏകജാതപുത്രൻ എല്ലാ അർഥത്തിലും അതുല്യനായിരുന്നു. എന്നിരുന്നാലും യേശുവായിത്തീർന്ന ദൈവത്തിന്റെ ഈ ശ്രേഷ്‌ഠപുത്രൻ എല്ലായ്‌പോഴും തന്റെ പിതാവിന്റെ ഹിതത്തിനു ചേർച്ചയിൽ താഴ്‌മയോടെ പ്രവർത്തിച്ചു, സ്വന്തമഹത്ത്വം ഒരിക്കലും അന്വേഷിച്ചില്ല. (യോഹ. 5:41; 8:50) എത്ര മഹത്തായ ഒരു മാതൃകയാണവൻ! യേശുവിനെപ്പോലെ “എല്ലാം ദൈവത്തിന്റെ മഹത്വത്തിന്നായി” ചെയ്യാം; അതായിരിക്കട്ടെ നമ്മുടെ ലക്ഷ്യം!—1 കൊരി. 10:31.
[അടിക്കുറിപ്പുകൾ]
^ ഖ. 15 ഒരു ബൈബിൾ പണ്ഡിതന്റെ അഭിപ്രായത്തിൽ, “ഒരിക്കലായിട്ട്” എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന മൂലപദം ഒരു സുപ്രധാന ബൈബിൾ ആശയം ധ്വനിപ്പിക്കുന്നു. അതായത്, ക്രിസ്‌തുവിന്റെ മരണത്തിനു തുല്യമായി വേറൊന്നില്ല, അത് ആവർത്തിക്കപ്പെടേണ്ടതില്ലാത്തതും തർക്കമറ്റതുമാണ്.
^ ഖ. 20 ഒന്നാം നൂറ്റാണ്ടിലെ യഹൂദർ, അവർ അബ്രാഹാമിന്റെ മക്കൾ അല്ലെങ്കിൽ പിൻഗാമികൾ എന്നനിലയിൽ അനുഗൃഹീത ജനമായി സ്വയം കരുതിയിരുന്നെങ്കിലും മിശിഹാ അല്ലെങ്കിൽ ക്രിസ്‌തുവായി ഒരു വ്യക്തിയെ അവർ പ്രതീക്ഷിച്ചിരുന്നു.—യോഹ. 1:25; 7:41, 42; 8:39-41.
നിങ്ങൾ ഓർമിക്കുന്നുവോ?
• യേശു അലങ്കരിച്ച പദവികളിൽനിന്ന് അഥവാ ദൈവോദ്ദേശ്യത്തിൽ അവൻ വഹിച്ച പങ്കിൽനിന്ന് നിങ്ങൾ എന്തു പഠിച്ചു? (ചതുരം കാണുക.)
• യഹോവയുടെ ശ്രേഷ്‌ഠനായ പുത്രന്റെ മാതൃക നിങ്ങൾക്ക് എങ്ങനെ അനുകരിക്കാം?
[അധ്യയന ചോദ്യങ്ങൾ]
[15-ാം പേജിലെ ചതുരം/ചിത്രം]
ദൈവോദ്ദേശ്യത്തിലെ യേശുവിന്റെ അതുല്യ പങ്ക് വെളിപ്പെടുത്തുന്ന ചില സ്ഥാനപ്പേരുകൾ
▪ ഏകജാതപുത്രൻ. (യോഹ. 1:3) യഹോവ നേരിട്ടു സൃഷ്ടിച്ച ഏക വ്യക്തി യേശുവാണ്.
▪ വചനം. (യോഹ.1:14) മറ്റു സൃഷ്ടികൾക്കു വിവരങ്ങളും നിർദേശങ്ങളും കൈമാറുന്നതിന് യഹോവ തന്റെ പുത്രനെ ഒരു വക്താവായി ഉപയോഗിക്കുന്നു.
▪ ആമേൻ. (വെളി. 3:14) യേശുവിന്റെ ത്യാഗപൂർണമായ മരണം ഉൾപ്പെടെ അവന്റെ കളങ്കരഹിതമായ ഭൗമിക ജീവിതം, ദിവ്യവാഗ്‌ദാനങ്ങളെക്കുറിച്ച് ഉറപ്പുനൽകുകയും അതിന്റെ നിവൃത്തി സാധ്യമാക്കിത്തീർക്കുകയും ചെയ്‌തു.
▪ പുതിയ നിയമത്തിന്റെ മധ്യസ്ഥൻ. (1 തിമൊ. 2:5, 6) ‘ദൈവത്തിന്റെ യിസ്രായേൽ’ എന്ന പുതിയ ജനത രൂപംകൊള്ളാൻ ഇടയാക്കിയ പുതിയ ഉടമ്പടിയുടെ നിയമാനുസൃത മധ്യസ്ഥനാണ് യേശു. സ്വർഗത്തിൽ ‘രാജകീയപുരോഹിതവർഗം’ ആയിത്തീരുന്ന ആത്മാഭിഷിക്ത ക്രിസ്‌ത്യാനികൾ അടങ്ങുന്നതാണ് ഈ ജനത.—ഗലാ. 6:16; 1 പത്രൊ. 2:9.
▪ മഹാപുരോഹിതൻ. (എബ്രാ. 7:27, 28) പൂർണതയുള്ള, തികഞ്ഞ, ഒരിക്കലും ആവർത്തിക്കപ്പെടേണ്ടതില്ലാത്ത യാഗം അർപ്പിക്കാൻ യോഗ്യനായ ഒരേയൊരു മനുഷ്യൻ യേശുവായിരുന്നു. അവനു പാപംപോക്കി നമ്മെ ശുദ്ധീകരിക്കാനും പാപത്തിന്റെ ഫലമായ മരണത്തിൽനിന്ന് നമ്മെ സ്വതന്ത്രരാക്കാനും കഴിയും.
▪ വാഗ്‌ദത്ത സന്തതി. (ഉല്‌പ. 3:15) ഒരേയൊരു മനുഷ്യൻ, യേശുക്രിസ്‌തു, അവനാണ് ആ സന്തതിയുടെ മുഖ്യഭാഗം. അബ്രാഹാം മുതലുള്ള അവന്റെ വംശാവലി ബൈബിളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പിൽക്കാലത്ത് അബ്രാഹാമിന്റെ സന്തതിയുടെ ഉപഭാഗമായി മാറിയ എല്ലാവരും ‘ക്രിസ്‌തുവിനുള്ളവർ’ ആണ്.—ഗലാ. 3:29.